Story written by ANJALI ANJU
“ഡീ എനിക്ക് പറ്റുന്നില്ല അവളെ മറക്കാൻ. അവളുടെ ഓരോ മെസ്സേജ് കാണുമ്പോളും നെഞ്ച് പൊട്ടുവാ.”
“എന്നാൽ നീ കല്യാണം കഴിഞ്ഞ അവളെ വിളിച്ച് ഇറക്കി കൊണ്ട് വാ. അവളോട് റെഡി ആയി നിൽക്കാൻ പറ.”
ഓഫീസിൽ വെച്ചാണ് കൂട്ടുകാരന്റെ മെസ്സേജ് കാണുന്നത്. തിരക്കുകൾക്ക് ഇടയിലും അവനുള്ള മറുപടി ഞാൻ ടൈപ്പ് ചെയ്തു.
“നീ എന്നതൊക്കെയാ ഈ പറയുന്നത്?”
“പിന്നല്ലാതെ ഞാൻ എന്ത് പറയാനാ. നിങ്ങൾ രണ്ടാളും കൂടെയല്ലേ പിരിയാൻ തീരുമാനിച്ചത്. എന്നിട്ട് അവളാണെങ്കിൽ വേറെ കല്യാണവും കഴിച്ചു. കെട്ടി ഒരാഴ്ച്ച കഴിഞ്ഞപ്പോളാണോ നിനക്കൊക്കെ ബോധം വന്നത്? ഇത് ഏതായാലും നടക്കില്ല. രണ്ടു വള്ളത്തിൽ കാലു വെച്ചാൽ എന്നായാലും വെള്ളത്തിൽ വീഴും. രണ്ടിനും പറ്റുന്നില്ലെങ്കിൽ അവളോട് ഒരുങ്ങി നിൽക്കാൻ പറ. എന്നിട്ട് നീ പോയി വിളിച്ചോണ്ട് വാ.”
അവിടുന്ന് മറുപടി കാണാഞ്ഞപ്പോളെ ആള് സെന്റി ആയെന്ന് മനസ്സിലായിരുന്നു.
“ഡാ എനിക്ക് മനസിലാവും. ആർക്കും ആരുടേയും സ്ഥാനം നികത്താനാവില്ല. പക്ഷെ സമയം എടുത്താലും മറക്കാനാവും. അവളുടെ നല്ല ലൈഫിന് നീ അവളെ ബ്ലോക്ക് ചെയ്യുന്നതാവും നല്ലത്. അല്ലെങ്കിൽ മുന്നും പിന്നും നോക്കാത്തൊരു തീരുമാനത്തിൽ നിങ്ങൾ എത്തണം. പിന്നീടൊരിക്കലും തെറ്റായി പോയെന്ന് ഒരിക്കലും തോന്നാത്ത തീരുമാനത്തിൽ..! ഞാൻ പറയുന്നത് നിനക്ക് മനസിലാവുന്നുണ്ടോ?”
“ഡീ എനിക്ക് അവളുടെ ജീവിതം നശിപ്പിക്കണമെന്നില്ല. അവൾ അയക്കുന്ന മെസ്സേജ് കാണുമ്പോൾ സഹിക്കാഞ്ഞിട്ടാ.”
“അവളെ നീ നിർബന്ധിച്ചു കല്യാണം കഴിപ്പിച്ചതല്ലല്ലോ? അവളും കൂടെയല്ലേ തീരുമാനിച്ചത്? നിന്റെ പ്രതികരണം ഇല്ലാതിരുന്നിട്ടും അവൾ നിന്നെ തേടി എത്തുമെങ്കിൽ മാത്രം എന്ത് ചെയ്യണമെന്ന് നമുക്ക് ആലോചിക്കാം. തൽക്കാലത്തേക്ക് നീ തിരക്ക് ആണെന്ന് പറഞ്ഞ് അവളിൽ നിന്ന് ഒഴിഞ്ഞു മാറു. ഇതിപ്പോൾ നിങ്ങളെ കൂടാതെ മൂന്നാമതൊരാൾ കൂടെ ഒന്നും അറിയാതെ ഇതിനിടയിൽ പെട്ട് പോയിട്ടുണ്ട് അത് കൊണ്ടാണ് ഞാൻ ഇങ്ങനെ പറയുന്നത്. വിവാഹത്തിന് മുന്നേ ആയിരുന്നെങ്കിൽ ഞാൻ നിങ്ങളോട് ഒരിക്കലും പിരിയണം എന്ന് പറയില്ലായിരുന്നു.”
“എനിക്ക് അറിയാമെടി. അപ്പോൾ ആ ഒരു സാഹചര്യം ആയിരുന്നു. മറക്കാൻ പറ്റുമായിരിക്കും അല്ലേ?”
“പറ്റും. നീ ആലോചിച്ചു തീരുമാനിക്ക്.”
ഫോൺ താഴെ വെച്ച് വീണ്ടും ഫയലുകളിലേക്ക് ശ്രദ്ധ പതിപ്പിക്കാൻ ശ്രമിക്കുമ്പോളും “സമയമെടുത്തായാലും മറക്കാനാവും” എന്ന് ഞാൻ പറഞ്ഞ ആ നുണയിൽ കുരുങ്ങി കിടക്കുകയായിരുന്നു മനസ്. ആത്മാർത്ഥമായി പ്രണയിച്ചവർക്ക് മറക്കാനാവുമോ? മറന്നതായി ഭാവിക്കാം എന്നെപോലെ.. സന്തോഷത്തിന്റെ ചായം പൂശാം. പക്ഷെ ഉള്ളിൽ കിനിയുന്ന രക്തം കണ്ണുനീരായി ആരും കാണാതെ തലയണ കുതിർക്കുമ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട് എന്തിനാണ് ആർക്ക് വേണ്ടിയാണ് ഇങ്ങനെ മരിച്ചു ജീവിക്കുന്നതെന്ന്. എന്റെ മരണം പോലും നിന്നെ വേദനിപ്പിക്കരുതെന്നാണ് ഞാൻ ആഗ്രഹിക്കുന്നത് അല്ലെങ്കിൽ എന്നേ ഞാൻ ജീവിതത്തിൽ നിന്ന് രക്ഷപ്പെട്ടു പോയേനെ..
കണ്ണുകൾ നിറയാൻ തുടങ്ങിയപ്പോളാണ് റസ്റ്റ് റൂമിലേക്ക് നടന്നത്. എപ്പോളും ഇങ്ങനെയാണ് മറവിയുടെ മൂടുപടം നീക്കി ഓരോ തവണ അവന്റെ ഓർമ്മകൾ പുറത്ത് കടക്കുമ്പോളും എന്നോടുള്ള വാശിയെന്ന പോലെ മിഴികൾ തോരാതെ പെയ്യും.
എത്രയോ വർഷം കഴിഞ്ഞിരിക്കുന്നു. ഓർമ്മകൾ വീഞ്ഞ് പോലെയാണ് പഴകുംതോറും വീര്യം കൂടുകയാണ്. നേടാനുള്ള ലക്ഷ്യങ്ങളുടെ പേരിൽ ഇന്നും ഒറ്റയ്ക്ക് ജീവിക്കുമ്പോളും നീ അകന്നതിന് ശേഷമാണ് എന്നിലെ ലക്ഷ്യബോധം ഉണർന്നതെന്ന് മറ്റാർക്കും അറിയില്ല. എന്തൊക്കെ ലക്ഷ്യങ്ങൾ കൈവരിച്ചാലും നിനക്ക് അരികിൽ തല കുനിച്ച് നിൽക്കുമ്പോളുള്ള സന്തോഷം ഇനിയൊരിക്കലും എന്നെ തേടിയെത്തില്ല.
ഋതുക്കൾ മാറി മാറി വന്നെങ്കിലും ഇന്നും നിന്നെ പിരിഞ്ഞ നിമിഷത്തിൽ നിന്ന് മുന്നോട്ട് ചലിക്കാൻ എനിക്കായിട്ടില്ല. എന്റെ പ്രണയം അത് എന്നിൽ തന്നെ കിടന്നു കൊള്ളട്ടെ.. മറ്റാരും അറിയാതെ നീ പോലും അറിയാതെ എനിക്ക് മാത്രം താലോലിക്കാൻ.. എന്റെ ഹൃദയത്തേക്കാൾ നിന്നെ സ്നേഹിച്ചത് മിഴികൾ ആണെന്ന് പലപ്പോഴും തോന്നാറുണ്ട് അല്ലെങ്കിൽ എന്തിനാണിങ്ങനെ നീരുറവ പോലെ ഒഴുകുന്നത്?
പലപ്പോഴും ആലോചിക്കാറുണ്ട് എന്നെങ്കിലും നിന്നെ എനിക്ക് മറക്കാനാവുമോ എന്ന്.. അറിയില്ല ! ഇന്നലെകളെ തിരുത്തി എഴുതാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിക്കാറുണ്ട്. എന്തിനാണ് എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കാതെ നീ കടന്നു വന്നത്? പക്ഷെ നീ വന്നതിനാലാണ് ഒന്നും പ്രതീക്ഷിക്കാതെ ഭ്രാന്തമായി ഒരാളെ പ്രണയിക്കുന്നതിന്റെ ലഹരി ഞാൻ അറിഞ്ഞത്. അതേ ഇന്നും ഞാൻ നിന്നെ പ്രണയിക്കുകയാണ്.. ഞാൻ എന്റെ പ്രണയത്തെ ആസ്വദിക്കുകയാണ്..
“ഇനി നീ വരില്ലെന്നറിഞ്ഞിട്ടുമെന്തിനോ ഇവിടെ നിനക്കായ് ഞാൻ കാത്തിരിക്കും..” (കടപ്പാട് :നിമിഷങ്ങൾ )
കണ്ണുകൾ അമർത്തി തുടച്ചു പുറത്തേക്ക് ഇറങ്ങുമ്പോൾ വീണ്ടും പുഞ്ചിരിയുടെ മൂടുപടം അണിഞ്ഞിരുന്നു ?