ഞാൻ എന്റെ പ്രണയത്തെ ഓർത്തു ആദ്യമായി ഒന്നു വിഷമിച്ചു. പ്രണയം തോന്നുമ്പോൾ ആരും ആളുടെ സ്വത്തും സമ്പാദ്യവും ഒന്നും അന്വേഷിക്കില്ലല്ലോ….

തന്റേടി

Story written by GAYATHRI GOVIND

ഇന്ന് വീട്ടിൽ എല്ലാവരും വലിയ സന്തോഷത്തിൽ ആണ്.. കാരണം എന്റെ വീട്ടിലെ ആദ്യത്തെ കല്യാണം നടക്കാൻ പോകുന്നതിന്റെ ആദ്യ പടിയായ പെണ്ണുകാണൽ ചടങ്ങ് നടക്കുന്നത് ഇന്നാണ്.. മറ്റാരുടെയും അല്ലകേട്ടോ എന്റെ പെണ്ണുകാണൽ തന്നെ ആണ് ഇന്ന് നടക്കുന്നത്..

ഞാൻ ആരെന്നല്ലേ??

എന്റെ പേര് അമല ദാസ്.. അച്ഛൻ ദാസ് ഒരു കർഷകൻ ആണ്.. അമ്മ മീര വീട്ടമ്മയാണ്.. എന്നെ കൂടാതെ രണ്ടു അനിയത്തിമാരും ഉണ്ട് വീട്ടിൽ.. അച്ഛന്റെ ആകെയുള്ള സമ്പാദ്യം ആണ് ഞങ്ങൾ മൂന്നു പെണ്മക്കൾ.. ഞാൻ ഒരു നേഴ്സ് ആണ്.. എന്റെ ഒരു അനിയത്തി ഡിഗ്രിക്കും മറ്റെയാൾ പ്ലസ് വണിനും പഠിക്കുന്നു..

പെണ്ണുകാണേണ്ട ആൾ ഒരു ചടങ്ങിന് വേണ്ടി വരുന്നു എന്നെ ഉള്ളൂ.. ഞങ്ങൾ തമ്മിൽ പത്തു വർഷത്തെ പരിചയം ഉണ്ട്.. ആൾ എന്റെ കൂടെ സ്കൂളിൽ പഠിച്ചതാണ്.. ഇപ്പോൾ വീട്ടിൽ കല്യാണ ആലോചന തുടങ്ങിയപ്പോൾ മനു എന്റെ കാര്യം വീട്ടിൽ അവതരിപ്പിച്ചു.. ഞങ്ങളും അവരും തമ്മിൽ ഒരുപാട് അന്തരം ഉണ്ടെങ്കിലും മനു അവരുടെ ഒറ്റ മകൻ ആയതുകൊണ്ട് അവർ സമ്മതിച്ചു..

ഇന്നലെ മനു ഇവിടെവന്ന് അച്ഛനോട് പറഞ്ഞു.” വീട്ടിൽ നിന്നും വരുമ്പോൾ എത്ര സ്വർണം ഇടണമെന്ന് പറഞ്ഞാലും അച്ഛൻ സമ്മതിക്കണം.. ഞാൻ ഇട്ടുകൊള്ളാം ഇവൾക്ക് കല്യാണത്തിന് വേണ്ട പൊന്ന്. “

അച്ഛന്റെ കണ്ണുകൾ നിറഞ്ഞു.. കാരണം അച്ഛൻ കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല.. അച്ഛന്റെ ഉള്ള സമ്പാദ്യം എടുത്തും ഭൂമി ലോൺ വച്ചുമാണ് എന്നെ പഠിപ്പിച്ചത്.. അതിന്റെ കടങ്ങൾ ഒക്കെ ഞാൻ ജോലി കിട്ടി ഒതുക്കി വരുന്നതേയുള്ളൂ..

കണ്ണു നിറയുന്നത് കണ്ടപ്പോൾ ഞാൻ എന്റെ പ്രണയത്തെ ഓർത്തു ആദ്യമായി ഒന്നു വിഷമിച്ചു.. പ്രണയം തോന്നുമ്പോൾ ആരും ആളുടെ സ്വത്തും സമ്പാദ്യവും ഒന്നും അന്വേഷിക്കില്ലല്ലോ.. ഞാനും മനുവും അങ്ങനെ തന്നെ ആയിരുന്നു..

അങ്ങനെ മനുവിന്റെ അച്ഛനും അമ്മയും അമ്മാവനും അമ്മാവിയും മനുവും കൂടി പെണ്ണുകാണാൻ വന്നു.. അവരുടെ ഇരുപ്പും ഭാവങ്ങളും കണ്ടപ്പോൾ തന്നെ മനസ്സിലായി.. അവർക്ക് വീടും പരിസരവും ഒന്നും ഇഷ്ടമായില്ല എന്ന്.. ചായ കുടിക്കുന്നതിനിടയിൽ അമ്മാവൻ പറഞ്ഞു.. ഞങ്ങളുടെ അന്തസ്സ് വച്ചു കുറഞ്ഞത് 100 പവൻ സ്വർണം എങ്കിലും പെണ്ണിന് ഇടണം എന്നു പറയാതെ തന്നെ അറിയാമല്ലോ..

അച്ഛൻ തല കുനിച്ചു വച്ചു തലയാട്ടി.. മനു എന്നെ നോക്കി കണ്ണുകൾ ചിമ്മി കാട്ടി..

“കുട്ടി എന്താണ് പഠിച്ചത് മനുവിന്റെ അമ്മ ചോദിച്ചു..”

“ഞാൻ വർക്ക്‌ ചെയ്യുകയാണ് അമ്മേ.. നേഴ്സ് ആണ് “

“ആഹാ അത് ഇവൻ പറഞ്ഞില്ലല്ലോ.. കല്യാണത്തിന് മുൻപേ പറയാലോ.. ഞങ്ങൾ കുടുംബപരമായി ബിസിനെസ്സ്കാരാണ്.. ഞങ്ങളുടെ കുടുംബത്തിലെ സ്ത്രീകൾ ഒന്നും ജോലിക്ക് പോകാറില്ല.. വീട്ട്കാര്യങ്ങൾ നോക്കി വീട്ടിൽ കഴിയാറേയുള്ളൂ”

ഞാൻ മനുവിനെ നോക്കിയപ്പോൾ അവൻ എന്നെ നോക്കാതെ ഇരിക്കുകയാണ്.. അച്ഛൻ തല താഴ്ത്തി തന്നെ ഇരിക്കുകയാണ്..

അവർ സംഭാഷണം തുടരുന്നതിനിടയിൽ ഞാൻ ഇടയ്ക്കു കയറി സംസാരിച്ചു..

“എന്നോട് ക്ഷമിക്കണം എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്”

എല്ലാവരുടെയും കണ്ണുകൾ എന്നിലേക്ക് നീണ്ടു..

“ഞാൻ എന്റെ അച്ഛന്റെയും അമ്മയുടെയും മൂത്ത മകളാണ്.. എനിക്ക് രണ്ടു അനിയത്തിമാര് ഉണ്ട്.. രണ്ടാളും പഠിക്കാൻ നല്ല മിടുക്കികൾ.. എന്റെ അച്ഛൻ അച്ഛന്റെ മുഴുവൻ സമ്പാദ്യവും എടുത്താണ് എന്നെ പഠിപ്പിച്ചത്.. അത് ഞാൻ എന്റെ അനിയത്തിമാരെ ഒരു നിലക്ക് എത്തിക്കുമെന്ന പ്രതീക്ഷയിൽ ആണ്. ഇനിയും അങ്ങനെ അല്ലെങ്കിൽ തന്നെ അവർ ഒരു കരക്ക് എത്തുന്നത് വരെ എനിക്ക് അവരെ നോക്കണം.. എന്റെ സുഖ ജീവിതത്തിനും സന്തോഷത്തിനും വേണ്ടി.. ജോലിയും കളഞ്ഞു ഇവരുടെ കാര്യങ്ങളും നോക്കാതെ നിങ്ങളുടെ വീട്ടിൽ വന്നു പൂട്ടി അകത്തു ഇരിക്കാൻ എനിക്ക് പറ്റില്ല.. അതുമാത്രമല്ല ഞാൻ 4 വർഷം കഷ്ടപ്പെട്ട് പഠിച്ചത് വീട്ടിൽ അടച്ചിരിക്കാൻ അല്ല.. “

അച്ഛൻ മോളേ എന്നുവിളിച്ചു എഴുന്നേറ്റു..

ഞാൻ അച്ഛനെ അവിടെ പിടിച്ചു ഇരുത്തി..

“എന്തൊരു തന്റേടിയാടാ ഈ പെണ്ണ്.. നിനക്ക് ഇതിനെ കിട്ടിയുള്ളോ പ്രേമിക്കാൻ.. ഒരു ഗതിയും ഇല്ലാ നാക്ക് ആണെങ്കിലോ?? “
അമ്മായി കലി തുള്ളി..

“എന്റെ നാക്കും തന്റേടവും കണ്ടു തന്നെയാണ് ഇവൻ എന്റെ പുറകെ നടന്നത് “

അവർ മനുവിനെയും വിളിച്ചു കലി തുള്ളി അവിടുന്ന് ഇറങ്ങി..അവൻ എന്നെ ദയനീയമായി ഒന്നു നോക്കി..

പക്ഷേ പിന്നീട് അവൻ വിളിച്ചതെ ഇല്ലാ.. അവനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല അച്ഛന്റെയും അമ്മയുടെയും ഏക മകൻ. അവനും എന്നെപോലെ അവർക്കു വേണ്ടിയാകും ജീവിക്കുന്നത്.. കുറച്ചു നാൾ കഴിഞ്ഞു ഞാൻ അറിഞ്ഞു അവന്റെ കല്യാണം കഴിഞ്ഞെന്ന്.. സത്യം പറഞ്ഞാൽ കേട്ടപ്പോൾ ഉള്ളൊന്ന് പിടഞ്ഞു.. എങ്കിലും എല്ലാവരുടെയും മുൻപിൽ ചരിച്ചു തന്നെ നിന്നു.. തന്റേടി ആയി പോയില്ലേ..

അവസാനിച്ചു..