Story written by ജിഷ്ണു രമേശൻ
പല്ലുന്തിയ കുഴിഞ്ഞ കണ്ണുള്ള കറുത്തു മെലിഞ്ഞ പെണ്ണിനെ നിലവിളക്ക് കൊടുത്ത് വീട്ടിലേക്ക് കയറ്റിയപ്പോ കൂടി നിന്നവരിൽ ഒരു സ്ത്രീ അടക്കം പറഞ്ഞു,…
” ഈ ചെക്കന് ഇതിലും നല്ലൊരു പെണ്ണിനെ കിട്ടിയേനെ..”
ആദ്യ രാത്രി നെറ്റിയിലൊരു നേർത്ത ചുംബനം കൊടുത്ത അയാള് പറഞ്ഞു,
“അമ്പലത്തിലെ കൂനുള്ള സ്ത്രീ കല്ലിൽ അരയ്ക്കുന്ന ചന്ദനത്തിന്റെ രുചി..”
നെറ്റിയിലെ ചന്ദനം തുടച്ചുകൊണ്ട് ആ പെണ്ണ് ചിരിച്ച് കാണിച്ചു..
പാട അരിച്ച പാൽചായ ഇട്ടു കൊടുത്തപ്പോ അയാള് ചിരിച്ചിരുന്നു. അവളുടെ കയ്യും പിടിച്ച് വഴിയിലൂടെ നടന്നപ്പഴും ചിലര് ചിരിച്ചു, ആ പെണ്ണത് കണ്ടു, അവളുമൊന്ന് ചിരിച്ചിട്ട് അയാളുടെ പെരുവിരലിൽ പിടുത്തം മുറുക്കി..
കുളി കഴിഞ്ഞ് രാസനാധി തേച്ച് പിടിപ്പിച്ചപ്പോ അയാള് പറഞ്ഞു, “എന്റെ അമ്മ ഇങ്ങനെയാ, അത് പോലെയാ നീയും..”
അവള് വീണ്ടും ചിരിച്ചു മനസ്സ് നിറഞ്ഞ് ചിരിച്ചു..
പനി പിടിച്ച് ചുരുണ്ടു കൂടിയ അയാളെ അവള് കമ്പിളി കൂട്ടി പൊതിഞ്ഞു പിടിച്ചപ്പോ അയാള് അമ്മയെ ഓർത്തൊന്ന് വിതുമ്പി…
കർക്കിടകത്തിൽ മുറ്റത്ത് വെള്ളം പൊന്തിയപ്പോ അയാള് അവളോട് പറഞ്ഞു, “തെക്ക് വശത്ത് മൂന്നടി മാറി ചതുപ്പ് മണ്ണാണ്… അങ്ങ്ട്ട് പോകണ്ട..”
ആ പെണ്ണ് അത്ഭുതത്തോടെ അയാളെ നോക്കി…
കലിതുള്ളി പെയ്യണ കർക്കിടക രാത്രിയിൽ അവളുടെ മുഖത്ത് വിരലുകൾ പരതികൊണ്ട് അയാളവളോട് ചോദിച്ചു, “എല്ലാരും പറയാ നീ കറുത്തതാണെന്ന്..അതെന്താ..?”
‘ നിങ്ങടെ കണ്ണിലിപ്പോ എന്ത് നിറമാ കാണാൻ കഴിയുന്നത്..?’
” ജന്മനാ എനിക്ക് ഒരേ നിറമാണ് കണ്ണിൽ കാണാൻ കഴിയുന്നത്..അത് നിറമാണോ എന്നൊന്നും എനിക്കറിയില്ല.. അമ്മ ഒരിക്കൽ പറഞ്ഞിട്ടുണ്ട് അതാണ് ഇരുട്ടെന്ന്..എനിക്ക് വേറെ ഒന്നും കാണാൻ കഴിയില്ല എന്ന്..”
‘ അമ്മ പറഞ്ഞ ആ ഇരുട്ടാണ് എന്റെ നിറം..എല്ലാരും പറയാറുള്ള കറുപ്പ്…മോശം നിറമാണ്, എല്ലാരും കളിയാക്കും..’
അയാള് വീണ്ടും അവളുടെ മുഖത്ത് പരതികൊണ്ട് പറഞ്ഞു,
” എനിക്ക് ചെറുപ്പം മുതൽ കണ്ണിൽ കാണാൻ കഴിയുന്നതാണ് നിന്റെ നിറമെങ്കിൽ എനിക്കതാണ് ഇഷ്ടം.. മറ്റൊന്നിനെയും ഇത് പോലെ ഞാൻ നോക്കി കണ്ടിട്ടില്ല..എന്റെ ലോകം അമ്മ പറഞ്ഞ ഈ ഇരുട്ടാണ്..അപ്പൊ ഇനി എന്റെ ലോകം നീയും കൂടിയാണ് പെണ്ണേ…”
അയാളുടെ ലോകം ഇരുട്ടായിരുന്നു..ഇപ്പൊ അവളും..മറ്റൊന്നിനും അവര് ചെവി കൊടുത്തില്ല.. അവരങ്ങനെ ജീവിച്ചു, ഇരുട്ടെന്ന വെളിച്ചമുള്ള സുന്ദരമായ ലോകത്ത്…