അവൻ പാർവ്വതിയെ തന്റെ മുന്നിലേക്ക് നിർത്തി. രാധിക പതിയെ സെല്ലിന്റെ അഴികളിലൂടെ കൈ പുറത്തേക്കിട്ട് പാർവ്വതിയുടെ കൈപ്പിടിച്ചു. ഞാൻ അവനിൽ നിന്നും കൊതിച്ച സിന്ദൂരവും താലിയും അവളിൽ അങ്ങനെ നിറഞ്ഞ് നിൽക്കാണ്…

Story written by NAYANA SURESH

കാമുകനും അവന്റെ ഭാര്യയും കൂടിയാണ് അവളെ ഭ്രാന്താശുപത്രിയിലേക്ക് കാണാൻ വന്നത് . അവർ വരുബോൾ മുന്നിലെ അഴികളോട് ചേർന്ന് അവളങ്ങനെ ചാരിയിരിക്കായിരുന്നു . എന്തോ ഒന്നിൽ മാത്രം ചിന്തയറപ്പിച്ച് നോക്കിയിരിക്കുന്ന അവളെ എങ്ങനെ വിളിക്കണമെന്നറിയാതെ അവനൊന്ന് പതറി ….

രാധിക എന്നാണ് പേര് അവൻ അമ്മുയെന്നാണ് വിളിക്കാറ്

ഭാര്യയുടെ മുഖത്തേക്ക് അവനൊന്ന് നോക്കി അവൾ നിൽക്കുമ്പോൾ രാധികയെ അമ്മുയെന്നു വിളിക്കാൻ അവന്റെ മനസ്സനുവദിച്ചില്ല .ഒരു പക്ഷേ അവൾ ചിന്തിച്ചു കൊണ്ടിരിക്കുന്നത് തന്നെക്കുറിച്ചായിരിക്കാം …. അതിനപ്പുറം ഒരു ലോകം അവൾക്കില്ലായിരുന്നല്ലോ !

‘രാധികാ …. രാധികാ’

അവൾ പതിയെ തല ചെരിച്ച് അവനെ നോക്കി നിശ്ചലമായനോട്ടം കുറച്ചു നേരം നീണ്ടു പിന്നെ പതിയെ ചിരിച്ചു. എന്തൊരു കോലമാണവൾടെ…കവിളൊട്ടി പല്ല് പുറത്തേക്ക് ഉന്തിയതുപോലെ , കണ്ണിലും നെറ്റിയിലും പടർന്ന കറുപ്പു നിറം , കഴുത്തിനോട് ചേർത്ത് വെച്ച് വെട്ടിയ മുടി അതിനുമപ്പുറം ചിരിക്കാൻ മറന്ന മുഖം

‘രാധികക്ക് ഞാനൊരാളെ കാണിച്ച് തരട്ടെ… നോക്ക് ഇതാണ് പാർവ്വതി’

അവൻ പാർവ്വതിയെ തന്റെ മുന്നിലേക്ക് നിർത്തി …രാധിക പതിയെ സെല്ലിന്റെ അഴികളിലൂടെ കൈ പുറത്തേക്കിട്ട് പാർവ്വതിയുടെ കൈപ്പിടിച്ചു..ഞാൻ അവനിൽ നിന്നും കൊതിച്ച സിന്ദൂരവും താലിയും അവളിൽ അങ്ങനെ നിറഞ്ഞ് നിൽക്കാണ് ..

എന്തോ വല്ലാത്തൊരു പേടിയുണ്ട് പാർവ്വതിയുടെ മുഖത്ത് ഭ്രാന്തിയല്ലെ മുന്നിൽ

‘പേടിക്കണ്ട ഞാനൊന്നും ചെയ്യില്ല ‘

‘നിനക്കെന്നോട് വെറുപ്പാണോ രാധികെ … നിന്റെ മുന്നിൽ വന്ന് നിൽക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു … എല്ലാം എന്റെ തെറ്റാ ….എനിക്കുള്ള ശിക്ഷയാണ് നിനക്കു മുന്നിലെ ഈ അഴികൾ ….. ഉറങ്ങീട്ട് ഒരു പാട് നാളായി … കണ്ണടച്ചാൽ നീയാണ് … വിവാഹം കഴിഞ്ഞ ഞാൻ നിന്നെ ഓർക്കാൻ പാടില്ലെന്നറിയാതെയല്ല ഒരു കുറ്റബോധം .. അവസാനം നിന്നെ കാണണമെന്ന് ഉറപ്പിച്ചു. പറ എന്നോട് ക്ഷമിച്ചൂന്ന് ഇല്ലെങ്കിൽ ഇനി ഞാനാകും ഇവിടെ നിനക്ക് പകരം കിടക്കേണ്ടി വരാ ‘

അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി

കോളേജിൽ വെച്ചാണ് നീരജിനെ രാധിക കാണുന്നത് .. സീനിയറാണ് … ഒരിക്കൽ കോളേജ് ഡേയുടെ ആഘോഷം പ്രമാണിച്ച് ഒരു നാടകമുണ്ടായിരുന്നു അങ്ങനെ കുട്ടുകാരായി മാറിയ അവർ പിന്നിടറിയതെ എപ്പോഴോ പരസ്പരം സ്നേഹിച്ച് തുടങ്ങി .

പരസ്പരം പിരിയില്ലെന്ന് ഉറപ്പായിരുന്നു ….രാധികക്ക് അച്ഛനില്ല അവളുടെ നന്നേ ചെറുപ്പത്തിൽ മരിച്ചതാണ്… കൂലിപ്പണി ചെയ്താണ് അമ്മയവളെ വളർത്തിയത് .. അവർക്കിടയിൽ രഹസ്യങ്ങളില്ലായിരുന്നു ….

നീരജ് വലിയ തറവാട്ടിലെ അംഗമാണ് പാരമ്പര്യമായിത്തന്നെ പണക്കാർ …

പറ്റുബോഴൊക്കെ നീരജ് രാധികയുടെ അമ്മയെ കാണും അവർക്കും അവൻ മകനാണ് ..

കണക്ക് കൂട്ടലുകൾ തെറ്റിയ തെവിടെയെന്നറിയില്ല ….

വിവാഹത്തിന് ആദ്യം എതിർത്തത് നീരജിന്റെ അമ്മയായിരുന്നു …. സ്റ്റാറ്റസിനു ചേരാത്ത ഒന്നിനും നീ നിൽക്കരുതെന്നായിരുന്നു താക്കീത് , എതിർത്തപ്പോൾ അത് വലിയ പ്രശ്നങ്ങളിൽ കൊണ്ടെത്തിച്ചു ….

വിവാഹത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ ആത്മഹത്യ ഭീഷണി വരെയായി…

ഹലോ അമ്മു

ഇതേതാ നമ്പർ എത്ര വിളിച്ചു നിന്നെ എന്താ എടുക്കാത്തെ

മോളേ നീ ക്ഷമിക്ക് …. നമുക്ക് ഒക്കെ ഇവിടെ നിർത്താം ,,,, ഇല്ലെങ്കിലെനിക്ക് എന്റെ അമ്മയില്ലാതാവും

അമ്മയെ വിഷമിപ്പിച്ച് നീ എന്നെ സ്വീകരിക്കരുത്

വെറുപ്പാണോ എന്നോട്

ഇല്ല ,,, നീ എന്നെ എത്ര സ്നേഹിക്കുന്നെന്ന് എനിക്കറിയാം

അമ്മു

ഉം

ഇരുപതാം തിയതി എന്റെ കല്യാണമാണ്

അവളതിന് മറുപടിയൊന്നും പറഞ്ഞില്ല … പിന്നീടുള്ള രാത്രികൾ ഉറങ്ങിയില്ല…ഇരുപതിനോട് വല്ലാത്ത പേടിയായിരുന്നു … നഷ്ടപ്പെട്ടു പോവുന്ന ജീവിതത്തിന്റെ വില അനുഭവിക്കുന്നവർക്കെ അറിയൂ ..പിന്നീടെപ്പോഴോ അവൾ അവളല്ലാതായി ..

ചേച്ചീക്കെന്നോട് ദേഷ്യണോ…. നീരജേട്ടനെ വിവാഹം കഴിക്കുമ്പോ എനിക്കിതൊന്നും അറിയില്ലാരുന്നു …

എന്തിനാ പാർവ്വതി എനിക്ക് ദേഷ്യം …. നീ വന്നില്ലെ എന്നെ കാണാൻ… എനിക്കിപ്പോ അസുഖമില്ല …അതികം വൈകാതെ ഞാൻ പോകും പക്ഷേ തിരികെ ചെല്ലുമ്പോ അവിടെയാരുമില്ല അമ്മ മരിച്ചു…

നിന്റെ കാല് പിടിച്ച് കരയണമെന്ന് പലപ്പോഴും തോന്നി … ഞാനൊന്ന് തൊടോട്ടെ

എന്തിനാടാ എനിക്ക് ഒരു ദുഖും ഇല്ല ….

അവരുടെ കൈകൾ അവൾ ചേർത്ത് വെച്ചു

നന്നായി ജീവിക്കണം രണ്ടാളും …. ഇനി പൊക്കോളു, കൂടുതലൊന്നും പറയാതെ അവൻ തിരിഞ്ഞു നടന്നു ….

രാധിക അവരെ നോക്കി നിന്നു …

ഈ സെല്ലിനപ്പുറത്ത് ഇനിയെന്ത് …. ഇതിനു പുറത്തുള്ള മണ്ണിൽ എന്നോ വീണ് ഞാൻ മരിച്ചതല്ലെ … വീണ്ടും എന്തിലേക്കോ നോക്കി കണ്ണുകൾ ചിമ്മാതവളിരുന്നു…