ഇഷ്ടം ❤
Story written by BINDHYA BALAN
“പൊന്നുവേ…നീയിന്നലെ എഴുതിയ പോസ്റ്റ് വായിച്ചപ്പോ നിന്നോടൊരു കാര്യം ചോദിക്കണമെന്ന് കരുതിയതാ….ഇപ്പോ ഓർമ്മ വന്നു.. ചോദിക്കട്ടെ “
അടുക്കളയിൽ പുട്ടിന് പൊടി നനച്ച് നിൽക്കുന്ന എന്റെയടുത്ത്, തേങ്ങ ചിരവി നിൽക്കുമ്പോഴാണ് ഇച്ഛൻ പെട്ടന്ന് ചോദിച്ചത്.
“ഇച്ഛനു സംശയം ചോദിക്കാൻ മാത്രം ആ പോസ്റ്റിൽ എന്നതാ ഉള്ളേ അതിന്? “
ഇച്ഛന്റ ചോദ്യം കേട്ട്, പൊടിയിലേക്ക് കുറച്ചു വെള്ളം കൂടി തളിച്ച് വീണ്ടും നനച്ചു കൊണ്ട് ഞാൻ ചോദിച്ചു. ചിരവിയ തേങ്ങ എനിക്കരുകിലേക്ക് നീക്കി വച്ച്, കിച്ചൺസ്ളാബിലേക്ക് കയറിയിരുന്നിട്ട്
“നീയാദ്യം ചോദ്യം കേൾക്ക് പൊന്നുവേ.. ന്നിട്ടല്ലേ ബാക്കി ” എന്ന് പറഞ്ഞ് ഇച്ഛനൊന്നു ചിരിച്ചു.. എന്നിട്ട് ചോദിച്ചു
“കുഞ്ഞുനാളിൽ നിനക്ക് ഏറ്റവും ഇഷ്ട്ടമുള്ള കാര്യം എന്തായിരുന്നു… “
“അതോ… അച്ഛൻ വാങ്ങി വരണ ജിലേബി.. “
ഞാൻ ഇച്ഛനെ നോക്കിയൊന്നു കണ്ണിറുക്കി. എന്നിട്ട് തുടർന്ന് പറഞ്ഞു
“പിന്നെ ഇഷ്ടം അമ്മയുണ്ടാക്കണ പപ്പിയുണ്ട…പിന്നെ ഇഷ്ടം അച്ചമ്മേടെ പാട്ട്…. പിന്നെ ഇഷ്ടം ഏട്ടന്റെ കൂടെയുള്ള തല്ലുപിടുത്തം…. “
“ഇത്രേയുള്ളൂ….. ഇതിൽ തന്നെ നിനക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം എന്തായിരുന്നു? “
ദേ വരുന്നു വീണ്ടും ചോദ്യം.
“എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള കാര്യം ഞാൻ ഇപ്പോ പറഞ്ഞ കൂട്ടത്തിൽ ഇല്ല ഇച്ഛാ… “
“പറയെടി… ഇച്ഛൻ കേൾക്കട്ടെ അതെന്താന്ന്” പാതകത്തിൽ ഒന്നൂടെ എന്റെയടുത്തേക്ക് ചേർന്നിരുന്ന് ഇച്ഛൻ പറഞ്ഞു.
“അതോ… നടക്കാൻ തുടങ്ങിയ കാലം മുതൽ ഏറ്റവും ഇഷ്ട്ടമുള്ള കാര്യം, അച്ഛന്റെ പിന്നാലെ വാല് പോലെ നടക്കാൻ ആയിരുന്നു. എവിടെപ്പോയാലും അച്ഛന്റെ കൂടെപ്പോകാൻ..പിന്നെ വളർന്നു വലുതായി പെണ്ണായപ്പോഴും ടീനേജിൽ എത്തിയപ്പോഴും, കോളേജിൽ പോകുന്ന പ്രായം ആയപ്പോഴും, പിന്നെ ജോലി കിട്ടി മുതിർന്നപ്പോഴും ഒരു മാറ്റവുമില്ലാതെ എന്നിൽ ബാക്കി നിന്നത് ആ ഇഷ്ടം മാത്രമായിരുന്നു…. അച്ഛന്റെ വിരലിൽ തൂങ്ങിയങ്ങനെ….. അച്ഛൻ പോയി…പക്ഷെ ഇപ്പോഴും ആ ഇഷ്ടം മാത്രം മായാതങ്ങനെ…”
എന്തോ…. പറഞ്ഞു മുഴുവനാക്കാതെ ഒരു വിതുമ്പൽ വന്ന് കണ്ണും മനസും നിറച്ചു.
“അയ്യേ… ഇച്ഛന്റ കൊച്ച് ഇപ്പോ എന്നാത്തിനാ കരയണേ.. ഇച്ഛൻ ചുമ്മാ ഒന്നറിയാൻ വേണ്ടി ചോദിച്ചതല്ലേ… അച്ചോടാ.. സങ്കടം വന്നോടി നിനക്ക്…സാരമില്ല… അച്ഛൻ എപ്പോഴും കൊച്ചിന്റെ കൂടെയുണ്ടല്ലോ പിന്നെന്നാ “
എന്റെ കണ്ണ് കൈകൾ കൊണ്ട് അമർത്തി തുടച്ച് ചിരിച്ചു കൊണ്ട് ഇച്ഛനെന്നെ സമാധാനിപ്പിച്ചു.മെല്ലെ ഇച്ഛന്റ കയ്യിലൊന്നു തടവി ഞാൻ പറഞ്ഞു
“ശരിയാണ്.. അച്ഛൻ എപ്പോഴും കൂടെയുണ്ട്… ദേ എന്റെ ഇച്ഛന്റെ രൂപത്തില്…ഞാൻ ഇച്ഛന്റെ കൂടെ ജീവിക്കാൻ തുടങ്ങിയിട്ടിപ്പോ ഒരു വർഷം ആയില്ലേ…ഒരു ജോലിക്ക് ട്രൈ ചെയ്യാൻ ടൈം ആയി എന്ന് എല്ലാരും പറഞ്ഞിട്ടും അതൊന്നും മൈൻഡ് ചെയ്യാത്തത് എന്തോണ്ടാണെന്നറിയോ ഇച്ഛാ…പണ്ട് അച്ഛന്റെ പിന്നാലെ നടക്കൽ ആയിരുന്നു ഏറ്റവും ഇഷ്ടം…ഇപ്പോ ഇച്ഛന്റെ പിന്നാലെയിങ്ങനെ ഇച്ഛാ ഇച്ഛാ എന്ന് വിളിച്ച് നടക്കാനാണ് ഇഷ്ടം…ഇച്ഛന്റെ കാര്യങ്ങൾ ഒക്കെ നോക്കി ഇച്ഛനു ഇഷ്ട്ടപ്പെട്ട ഫുഡ് ഒക്കെയുണ്ടാക്കി തന്ന് എപ്പോഴും ഇച്ഛനെ ചുറ്റിയങ്ങനെ ജീവിക്കാൻ…..അതിലും വലിയ ഒരു സന്തോഷവും ഇന്നെന്റെ ലൈഫിൽ ഇല്ല…ഇനിയൊട്ട് ഉണ്ടാവുകയുമില്ല… “
“നീയിങ് മാറിയേ.. ഇന്ന് പുട്ട് ഞാനുണ്ടാക്കാം “
ഞാൻ പറഞ്ഞത് കേട്ട് ഇമോഷണലായിപ്പോയത് കൊണ്ടാവാം, എനിക്ക് മുഖം തരാതെ കഴുത്തിൽ ചുറ്റിയിട്ടിരുന്ന തോർത്തെടുത്ത് തലയിൽ ചുറ്റിക്കെട്ടി പാതകത്തിൽ നിന്ന് ചാടിയിറങ്ങിയിട്ട് എന്നെയെടുത്ത് പാതകത്തിലേക്കിരുത്തിയിട്ട് ഇച്ചായൻ ഗ്യാസ് ഓൺ ചെയ്തു. അത് കണ്ട്, ഒന്നും മിണ്ടാതെ നിൽക്കുന്ന ഇച്ഛന്റെ പിന്നിലൂടെ ചെന്ന് അരക്കെട്ടിലൂടെ കൈകൾ ചുറ്റി ചേർന്ന് നിന്നിട്ട് ഞാൻ പറഞ്ഞു
“ദേ ഈ ചേർന്ന് നിൽപ്പിലാണ് രാവണാ എന്റെ സ്വർഗം…..ഇനി ഇച്ഛൻ പറഞ്ഞേ, ഇച്ഛനു കുട്ടിക്കാലത്തു എന്താരുന്നു ഏറ്റവും ഇഷ്ടം? “
ഇച്ഛനെ ചുറ്റിയിരുന്ന എന്റെ കൈകൾ മെല്ലെ വിടുവിച്ച് എനിക്ക് നേരെ നിന്ന് ഇച്ഛൻ എന്റെ കണ്ണുകളിലേക്കുറ്റു നോക്കി.. ഒരു ചെറു നനവിലും ചിരിത്തിളക്കമുള്ള ആ കണ്ണുകൾ ചിമ്മിയടച്ച്
“കുട്ടിക്കാലത്ത് ഏറ്റവും ഇഷ്ടം ഒന്നിനോടും തോന്നിയിട്ടില്ല. പക്ഷെ ഇപ്പോ അങ്ങനെയൊരിഷ്ടം ഉണ്ട്… ” എന്ന് പറഞ്ഞോന്നു നിർത്തിയിട്ട്, ആ ഇഷ്ടം എന്തായിരിക്കും എന്നറിയാനുള്ള എന്റെ ആകാംഷ നിറഞ്ഞ മുഖത്തേക്ക് ചിരിയോടെ നോക്കി എന്റെ രാവണൻ പറയുവാ
“ആ ഇഷ്ടം ന്താന്ന് ചോദിച്ചാൽ, ജോലി കഴിഞ്ഞു മടങ്ങുമ്പോ ശിവേട്ടന്റെ കടയിൽ നിന്നോരോ പാക്കറ്റ് ചീറ്റോസും ഒറിയോ ബിസ്ക്കറ്റും നൂഡിൽസും വാങ്ങാൻ….കൊച്ചിനാണോടാ രഘൂട്ടാ എന്ന് ആരെങ്കിലും ചോദിച്ചാൽ ചോദിക്കുന്നവരോട്, മൂന്ന് വയസുള്ള കുഞ്ഞിനെപ്പോലൊരു പെണ്ണൊരുത്തി വീട്ടിലൊണ്ട്…അവൾക്ക് വേണ്ടിയാണ് എന്ന് പറയാൻ… “
ഇച്ഛൻ പറഞ്ഞത് കേട്ടിട്ട് ഒന്നും മിണ്ടാനില്ലാതെ കണ്ണുകൾ നിറച്ച് ഇച്ഛനോട് ചേർന്ന് നിൽക്കുമ്പോൾ എപ്പോഴത്തെയുമെന്നപോലെ അപ്പോഴും എന്നെ സ്നേഹം കൊണ്ട് തോൽപ്പിച്ച ഇച്ഛനോട് ആരാധന തോന്നുകയായിരുന്നു മനസിൽ…