Story written by NAYANA SURESH
ഭർത്താവ് മരിച്ചിട്ട് ഇന്നേക്ക് നാലുമാസം തികയുന്നു … ഇന്നുതന്നെയാണ് അനിയത്തിയുടെ കല്യാണവും …
ഒട്ടും ആർഭാടം കുറച്ചില്ല
നഷ്ടം തനിക്ക് മാത്രമല്ലെ എന്തിന് മറ്റൊരാളുടെ സ്വപ്നങ്ങൾ ഇല്ലാതാക്കണം ? അതു കൊണ്ട് ത്തന്നെ എല്ലാം മുറപോലെ നടത്തണമെന്നത് തന്റെ നിർബന്ധമായിരുന്നു .
തലേന്ന് രാത്രി ഉറങ്ങിയില്ല …. ഉള്ളിൽ വല്ലാത്തൊരു പൊള്ളല് …ഇതു പോലെ ഒരു രാത്രി തന്നിലൂടെ കടന്നു പോയിട്ട് രണ്ടു കൊല്ലം കഴിഞ്ഞെയുള്ളു .. പിറ്റേന്ന് രാവിലെ കുളിമുറിയിൽ കയറിയപ്പോഴാണ് ഒന്നു പൊട്ടിക്കരഞ്ഞത് . ഒരിക്കലും നികത്താൻ കഴിയാത്ത ഒറ്റപ്പെടൽ …
കുളി കഴിഞ്ഞ് പുറത്തു വന്നപ്പോൾ അമ്മ’ ഒരു കോട്ടൻസാരി കൊണ്ടുവന്നു തന്നു ..
നീയിത് ഉടുത്തോ … പുതിയത് തന്നെയാണ് പക്ഷേ ഞാനിത് ഒന്ന് വെള്ളത്തിൽ മുക്കിയിട്ടുണ്ട് … ഒരു കൊല്ലാവാതെ പുതിയും പട്ടുസാരി യൊന്നും ഉടുക്കരുത്
അവളാ സാരിയിലേക്ക് നോക്കി …. ആരുടെയും കണ്ണിൽ ഉടക്കാത്ത ഒരു നിറം … പണ്ട് കല്യാണസ്വപ്നങ്ങളെക്കുറിച്ച് പറയുബോൾ വർണിച്ചിരുന്ന ഒരു നിറവും സാരിയിലില്ല…
നിനക്ക് കല്യാണ സാരി ചുവപ്പ് … എനിക്ക് അതേ സിസൈനിൽ പച്ച എങ്ങനീ ണ്ട്
അത് കലക്കും ചേച്ചി
നിന്റെ അത്ര തന്നെ ഞാനും പൂവെക്കും
ചേച്ചിടെ ആണോ എന്റെ യാണോ കല്യാണം
അയ്യടി മോളേ എന്റെ കല്യാണത്തിന് നീ അനിയത്തിയാണെന്നും പറഞ്ഞ് വിലസില്ലാരുന്നോ
പെട്ടെന്ന് ആരോ കതകിൽ മുട്ടിയപ്പോഴാണ് അവൾ ചിന്തയിൽ നിന്നും ഉണർന്നത്
ആരാ മുറീല്
ഞാനാ … വിദ്യ
വേഗം പുറത്ത് കടക്ക്
ദാ വരണു
അമ്മ തന്ന ആ സാരി വെറുതെ ഉടുത്തു … കണ്ണാടിയിൽ നോക്കി ഒരു പാത്രത്തിലിരുന്നിരുന്ന ചന്ദനമെടുത്ത് നെറ്റിയിൽ തൊട്ടു …
മുറിയുടെ പുറത്തിറങ്ങി
അപ്പോഴെക്കും അത്യാവശ്യം ആളുകൾ എത്തിയിരുന്നു … എല്ലാവരുടെ നോട്ടവും തന്നിലേക്കാണ് …ചിരിക്കുന്നുണ്ടോ…കരയുന്നുണ്ടോ….പുതിയ സാരിയാണോ….താലിയിട്ടിട്ടുണ്ടോ….പൊട്ട് വെച്ചിട്ടുണ്ടോ….അങ്ങനെ എന്തൊക്കെയോ…
വീട് മുഴുവൻ മുല്ല പൂവിന്റെ മണമാണ് . കല്യാണപ്പെണ്ണ് ഒരുങ്ങുന്ന മുറി അടച്ചിരിക്കുന്നു. എല്ലാവരും മുടിയിൽ പൂവെക്കണ തിരക്കിലാണ് .. ആ പൂവിൽ നിന്നും കുറച്ചെടുത്ത് അവൾ മണത്തു നോക്കി
വിദ്യ നീ പൂവ് വെക്കരുത് ട്ടോ
ഏയ് ഇല്ല ഏടത്തി… ഞാൻ മണത്തു നോക്കീതാ
നീ കോടിയാണോ ഉടുത്തെ
അല്ല … ഒന്ന് മുക്കിയ താ
ആ … കോടിയൊന്നും നീ ഉടുക്കാൻ പാടില്ല …
ഫോട്ടോഗ്രാഫർമാരും ആളുകളുമായി ആകെ ബഹളാണ് …
ആരെങ്കിലും ആ വിളക്കൊന്ന് കത്തിക്കു …വിഡിയോ എടുക്കാനാ
അവൾ മുന്നോട്ടാഞ്ഞപ്പോൾ അമ്മായി കയ്യിൽ പിടിച്ചു … നിനക്ക് കത്തിക്കാൻ പാടില്ല .. അവൾ പതിയെ നീങ്ങി നിന്നു
അനിയത്തി മുറി തുറന്ന് പുറത്തു വന്നു … എന്തൊരു തിളക്കമാണ് .. അവൾ നിത്യയെ നോക്കി
ഒരു തവണയെ നിത്യ ചേച്ചിയെ നോക്കീട്ടുള്ളു … തന്റെ കല്യാണത്തിന് പച്ച സാരിയും മുല്ലപ്പവും സ്വപ്നം കണ്ടവളാണ് നിറം മങ്ങി നിൽക്കുന്നത് …
എന്തോ പെട്ടെന്നവളുടെ കണ്ണ് നിറഞ്ഞു. എല്ലാവരും ഇറങ്ങ് നേരത്തിന് എത്തണം
വിദ്യ നിത്യക്കൊപ്പം നടന്നു
നീയെങ്ങോട്ടാ
അമ്പലത്തിലിക്ക്
അമ്പലത്തിലിക്കോ
നല്ല കാര്യം നടക്കുബോൾ വിധവകൾ വന്നൂടാ … അതും ഒരു കൊല്ലം കഴിയാതെ, മാത്രല്ല ആൾക്കാർ എന്ത് കരുതും ? വീട്ടിൽ കയറിയിരിക്കു
അവൾ തിരിഞ്ഞ് നടന്നു … പാതിയില്ലെങ്കിൽ അവൾ പകുതിയാണ് … നിറങ്ങളോടും സ്വപ്നങ്ങളോടും , ആഘോഷങ്ങളോടും വിട പറയേണ്ടവളാണ് …
കണ്ണിൽ നിന്നും മൂക്കിൽ നിന്നും വെള്ളമൊഴുകി
പെട്ടെന്ന് കയ്യിലാരോ പിടിച്ചു
ചേച്ചി അമ്പലത്തിൽ വരണില്ലെങ്കിൽ ചേച്ചി ഉള്ളിടത്താണ് എന്റെ കല്യാണം
വിദ്യ ഒന്നും പറയാതെ നിന്നു
വാ .. ഇങ്ങോട്ട് …. വല്ലോരും വല്ലതും പറയുബോഴെക്കും തിരിഞ്ഞ് നടക്കല്ല വേണ്ടത്
എന്റെ കഴുത്തിൽ ഒരാൾ താലികെട്ടുമ്പോൾ ചേച്ചി വേണ്ടെ അവിടെ
കണ്ട സ്വപ്നങ്ങളൊക്കെ മരിച്ചെങ്കിലും നീയപ്പോഴുമില്ലേ ചേച്ചീ
അവളുടെ കയ്യും പിടിച്ച് അമ്പലത്തിലോട്ട് കയറുബോൾ ഒരു വിധവയൊന്നുമല്ല ഒരു ഭാര്യ തന്നെയായിരുന്നു അപ്പോഴും
(മുഴുവനാക്കപ്പെടാത്ത കഥകൾ )