ഓണസദ്യ
എഴുത്ത്: അനീഷ് പെരിങ്ങാല
അവൾ തിരക്കിട്ട ജോലിയിലാണ്. ഓണത്തിന് ബന്ധുക്കളും സുഹൃത്തുക്കളും എല്ലാവരും എത്തിച്ചേരും. ആകപ്പാടെ ഒരു ഉത്സവ പ്രതീതിയാണ് അപ്പോൾ വീട്ടിൽ. എല്ലാ ജോലിയും ചെയ്യാൻ അവൾ മാത്രം.
ഭർത്താവിനെയും കുട്ടികളുടെയും മടക്കം ആ വീട്ടിലെ മുഴുവൻ കാര്യങ്ങളും നോക്കണം. അതിനൊന്നും അവൾക്ക് യാതൊരു പരിഭവവുമില്ല. ഇത്തവണയെങ്കിലും ഓണത്തിന് വീട്ടിൽ പോയി അച്ഛനെയും അമ്മയെയും കാണണം. അവർക്ക് ഒരു പിടി ചോറ് തന്റെ കൈകൊണ്ട് വെച്ചു കൊടുക്കണം. ജോലി ചെയ്യുന്നതിനിടയിൽ അവൾ ആലോചിച്ചു.
എല്ലാ ഓണത്തിനും താനും ഹരിയേട്ടൻ ഉം കുട്ടികളും അച്ഛനും അമ്മയ്ക്കും ഉള്ള ഓണക്കോടി കളുമായി തിരുവോണത്തിന് വീട്ടിൽ പോകുമായിരുന്നു. ഏക മകളായ തന്നെയും ഭർത്താവിനെയും പേരകുട്ടികളെയും നോക്കി അച്ഛനുമമ്മയും ഓണസദ്യ ഒരുക്കി കാത്തിരിക്കുമായിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി ഓണത്തിന് വീട്ടിൽ പോകാൻ കഴിഞ്ഞിട്ടില്ല.
അങ്ങനെ തിരുവോണ ദിവസം വന്നെത്തി. വെളുപ്പിനെ നാലുമണിക്ക് എഴുന്നേറ്റ് ജോലി ചെയ്യാനാരംഭിച്ചു. സദ്യവട്ടങ്ങൾ എല്ലാമൊരുക്കി. ഉച്ചയ്ക്ക് എല്ലാവർക്കും സദ്യ കൊടുത്തിട്ട് വേണം വീട്ടിൽ പോയി അച്ഛനെയും അമ്മയെയും കാണാൻ.
ഉച്ചയൂണിനു ശേഷം അവൾ വീട്ടിലേക്ക് പോയി. ഓണത്തിന് വീട്ടിലേക്ക് ചെല്ലുമ്പോൾ തങ്ങളെ കാത്തു അച്ഛനുമമ്മയും സിറ്റൗട്ടിൽ ഉണ്ടാകുമായിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി ഓണത്തിന് ചെല്ലാത്ത തിന്റെ പിണക്കത്തിൽ ആയിരിക്കാം രണ്ടുപേരെയും വെളിയിൽ കണ്ടില്ല.
പരിഭവങ്ങൾ എല്ലാം പറഞ്ഞു തീർത്തതിനുശേഷം നല്ലയൊരു സദ്യ ഉണ്ടാക്കി. ഉണ്ണാനുള്ള ഇല തൊടിയിൽ നിന്നും മുറിച്ചെടുത്തു. തറയിൽ പായ വിരിച്ചു തൂശനില ഇട്ടു. പിന്നീട് ഭിത്തിയിൽ തറച്ചു മാലയിട്ടു വച്ചിരിക്കുന്ന അച്ഛന്റെയും അമ്മയുടെയും ഫോട്ടോയിലേക്ക് നോക്കി നിറകണ്ണുകളോടെ അവൾ ഓണ സദ്യ വിളമ്പി.