ഓണക്കോടിയുടെ ഇഷ്ടപ്പെട്ട നിറവുമെല്ലാം അവൾ പറഞ്ഞേൽപ്പിക്കുമായിരുന്നു. ചേട്ടനും ചേച്ചിയും ഞാനും തൊടിയിൽ പൂ പറിക്കാൻ നടന്നതും..

എഴുത്ത്: ഷെഫി സുബൈർ

തിരുവോണത്തിന്റെയന്നു ഉച്ചയ്ക്ക് ശേഷം വീട്ടിൽ പോകണമെന്ന ചിന്ത മാത്രമേ അവൾക്കുണ്ടായിരുന്നുള്ളു. അതിനു ഒരാഴ്ച്ച മുമ്പേ എന്നോടു സമ്മതവും വാങ്ങി വെയ്ക്കുമായിരുന്നു.

ഏട്ടാ…തിരുവോണ ദിവസം ഉച്ചയ്ക്ക് ശേഷം നമ്മൾക്കു വീട്ടിൽ പോകണം ട്ടോ…..!

നീ മക്കളെയും കൂട്ടി പൊക്കോ. ഞാനങ്ങു വന്നേക്കാം.

പിന്നീടുള്ള ദിവസങ്ങളിൽ അവൾ അമ്മയെ വിളിച്ചു ഓരോ ആവശ്യങ്ങളും വിശേഷങ്ങളും പറഞ്ഞുക്കൊണ്ടേയിരിക്കുമായിരുന്നു.

അമ്മേ, നമ്മുടെ വീടിന്റെ മുൻവശത്തുള്ള മാവിൽത്തന്നെയല്ലേ ഊഞ്ഞാല് കെട്ടിയിരിക്കുന്നത് ? ചെറിയമ്മയും മക്കളും വരില്ലേ അമ്മേ ? നമ്മുടെ ക്ലബ്ബിൽ വടംവലിയും, ഉറിയടിയുമൊക്കെ ഈ വട്ടവും ഇല്ലേ ?

എനിക്ക് ഇഷ്ടപ്പെട്ട അടപ്രഥമനും, പുളിയിഞ്ചിയുമൊക്കെ ഉണ്ടാക്കി വെയ്ക്കണം. അങ്ങനെ നൂറു കൂട്ടം കാര്യങ്ങൾ ദിവസവും അവൾ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു.

ഓണക്കോടിയുടെ ഇഷ്ടപ്പെട്ട നിറവുമെല്ലാം അവൾ പറഞ്ഞേൽപ്പിക്കുമായിരുന്നു.
ചേട്ടനും ചേച്ചിയും ഞാനും തൊടിയിൽ പൂ പറിക്കാൻ നടന്നതും, അപ്പുറത്തെ വീട്ടിൽ നിന്നു ആരും കാണാതെ പു പറിച്ചതും, അത്തപ്പൂക്കളമുണ്ടാക്കിയതും. അമ്മ ഉപ്പേരി വറുത്തു ഭരണിയിലിടുമ്പോൾ കാണാതെ ചെന്നു വാരിയെടുക്കുന്നതും ,വീടിന്റെ പിന്നിലെ വലിയ പ്ലാവിന്റെ തണലിലിരുന്നു തിന്നതും. ഊഞ്ഞാലിൽ നിന്നു വീണതിന് അച്ഛൻ ഏട്ടനെ തല്ലിയതും. അങ്ങനെ പഴയ ക്കാലമെല്ലാം ഓർത്തെടുത്തു അവൾ ഈ ഓണനാളുകളിൽ എന്നോടു പറയുമായിരുന്നു.

ഈ വട്ടവും അമ്മ കാണാതെ ഉപ്പേരി കട്ടെടുക്കണം. ഊഞ്ഞാലിലാടാൻ ഏട്ടനുമായി വഴക്കിടണം…

ഹോ…എത്രയും പെട്ടെന്നു തിരുവോണമിങ്ങു വന്നാൽ മതിയായിരുന്നു.

തിരുവോണ ദിവസം രാവിലെ എത്രയും പെട്ടെന്നു ജോലികളൊതുക്കുന്ന തിരക്കിലായിരിക്കും അവൾ. കളിച്ചു നടക്കുന്ന മക്കളെ ഇടയ്ക്കിടയ്ക്ക് വഴക്കു പറയുന്നതും കേൾക്കാമായിരുന്നു.

ദേ, ഇങ്ങനെ കളിച്ചു നടക്കാതെ അവിടെ പോയിട്ടു ഇടാനുള്ള ഡ്രസ്സൊക്കെ എടുത്തു വെയ്ക്ക്. അവിടെ ചെന്നാൽ അമ്മയ്ക്ക് നിങ്ങളെ നോക്കാനുള്ള സമയമൊന്നും കാണില്ല ട്ടോ…! രണ്ടു കൈയ്യും കൂടി അവൾക്ക് അധികമുള്ളതുപോലെ തോന്നും അവളുടെ അന്നത്തെ ജോലിയുടെ വേഗത കണ്ടാൽ.

പിന്നീട് ഉച്ചയ്ക്കുള്ള സദ്യയും കഴിഞ്ഞു ഇറങ്ങാൻ നേരം തിരക്കിനിടയിലും എന്നോടും പല കാര്യങ്ങളും ഓർമ്മപ്പെടുത്തുമായിരുന്നു.

ഏട്ടാ…

ഇന്നു ത്തന്നെ വരണം. ഞാനില്ലാന്നും കരുതി കൂട്ടുക്കാരുമൊത്തു വല്ലാതെ ആഘോഷിക്കാൻ നിൽക്കണ്ട. അങ്ങനെ തുടങ്ങി അടുക്കള വാതില് പൂട്ടുന്നതു മുതൽ ഗ്യാസ് സിലിണ്ടറു പൂട്ടുന്ന കാര്യം വരെ മറക്കാതെ പറഞ്ഞേൽപ്പിക്കും.

വീട്ടിലേക്കുള്ള ആ യാത്രയിൽ അവളുടെ മനസ്സിൽ മുഴുവൻ കഴിഞ്ഞു പോയ കാലത്തിലെ നിറമുള്ള ഓണനാളുകളായിരിക്കും.