നൈർമല്യം ~ ഭാഗം 13 ~ എഴുത്ത് : NIDHANA S DILEEP

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

പേഷ്യന്റിന് ഇതിന് മുൻപ് ഫിക്സ് വന്നിട്ടുണ്ടോ….

മോളുടെ അമ്മ മരിച്ച സമയത്ത് മോളന്ന് നാലിൽ പഠിക്ക്വാ…പിന്നെ ഉണ്ടായിട്ടില്ല…

ഹെഡ് ഇഞ്ച്വറിയുടെ കൂടെ ഫിക്സും വന്നതാണ് കോപ്ലിക്കേഷൻ ആയത്…പേഷ്യന്റ് ഇപ്പോൾ ഓക്കെയാണ്.ട്വന്റി ഫോർ അവേർസ് ഒബ്സർവേഷനിൽ കിടക്കട്ടേ…എന്നിട്ട് നോക്കിയിട്ട് റൂമിലേക്ക് മാറ്റാം…കാലും ഫ്രാക്ചറായിട്ടുണ്ട്.മറ്റ് കുഴപ്പങ്ങളൊന്നുമില്ല…..

എടത്തേക്കാലിനും ഇനി മുടന്ത് വര്വോ ചിറ്റേ…..

വെള്ളത്തുണിയോണ്ട് പൊതിഞ്ഞ കാല് നോക്കി കൊണ്ട് ചിറ്റയോട് ചോദിച്ചു.

അതൊക്കെ മാറും…അമ്മാളു പേടിക്കണ്ടാട്ടോ…

തല മരവിച്ച പോലെ….വേദന അറീന്നില്ല…

വീണപ്പോ തല ഇടിച്ചു അതോണ്ടാ…അത് മാറിക്കോളും.

നിങ്ങളെപ്പോഴാ വന്നേ…

അർജു വിളിച്ചപ്പോ തന്നെ വിഷ്ണൂന്റെ കാറിൽ ഇങ്ങോട്ട് വന്നു.

അച്ഛൻ പറഞ്ഞു…

വിഷ്ണു എവ്ടെ ….

ഇപ്പോ വരും…

അർജുവേട്ടനെ കണ്ടതും കണ്ണുകൾ അടച്ചു കിടന്നു.

അമ്മേ….

എനിക്ക് അമ്മാളൂനോട് ഒന്നു സംസാരിക്കണം…..

സാന്ദ്ര പോവും മുൻപ് നിന്നെ കാണാൻ വന്നതാ….അല്ലാതെ ഞങ്ങൾ….

എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു…..

എനിക്ക് തിരിച്ച് വീട്ടിൽ പോവണം അർജുവേട്ടാ…..

സത്യായിട്ടും ഞങ്ങൾ….

എനിക്കറിയാം അർജുവേട്ടാ…ഇന്നലെ അവിടെ ഒന്നും സംഭവിച്ചില്ലാന്നു. പക്ഷേ നിങ്ങളുടെ സ്നേഹത്തിന്റെ അസ്ഥിത്തറേൽ എനിക്ക് ഒരു ജീവിതം ഉണ്ടാക്കിത്തരണ്ട.അല്ലേലും അർജുവേട്ടനോട് ഉള്ള സ്നേഹമെല്ലാം ഇനി ഒരിക്കലും ചേർത്‌തു വെക്കാൻ പറ്റാത്ത വിധം അന്നു പിന്നിപ്പോയി.

അർജുവേട്ടൻ മുഖം പൊത്തിയിരുന്നു.

കുറ്റബോധത്തിന്റെ പുറത്ത് വച്ച് നീട്ടുന്ന ജീവിതം എനിക്ക് വേണ്ട.അത് എന്നെ ശ്വാസം മുട്ടിക്കും.നിങ്ങളുടെ കൂടെ ജീവിക്കുന്ന ഓരോ നിമിഷവും ആ ദിവസവും പിന്നെ നിങ്ങളുടെ രണ്ടു പേരുടേം കണ്ണീരും എന്നെ ഓർമിപ്പിക്കും.വയ്യ……

അച്ഛനോടും ചിറ്റയോടും ഞാൻ പറഞ്ഞോളാം

പറയായിരുന്നു നിങ്ങൾക്ക് സാന്ദ്രേടെ കാര്യം….പറഞ്ഞിരുന്നേൽ ഒരിക്കലും ഈ കല്യാണം നടക്കില്ലായിരുന്നു.ഒന്നൂല്ലേലും മറ്റുള്ളോർക്ക് വേണ്ടി ജീവിക്കണ അച്ഛനും ചിറ്റേം വളർത്തിയത് അല്ലേ എന്നെ…

കണ്ണുകൾ മുറുകെ അടച്ചു പിടിച്ചാണ് പറഞ്ഞതൊക്കെ.ഇപ്പോ…ഒഴുകുന്ന കണ്ണീർ മനസിനെ തണുപ്പിക്കുന്ന പോലെ.

കഴിഞ്ഞോ സംസാരിച്ചിട്ട്….

കണ്ണുകൾ തുറന്നു.മുഖം അമർത്തി തുടച്ചു.അർജുവേട്ടനും .

നീ എപ്പോ വന്നു…

ജാൻവീടെ കൂടെ വിഷ്ണുവേട്ടനും ചിറ്റേം അച്ഛനും ഉണ്ടായിരുന്നു.

കുറച്ച് സമയായി…..

×××××××××××××××××××××××××××

ജനലിൽ ചാരി പുറത്തേക്ക് നോക്കിയിരുന്നു.ശരീരത്തിലെ മുറിവുകൾ കരിഞ്ഞിട്ടും മനസിലെ മുറിവുകൾ ഉണങ്ങിയില്ല

അർജൂ..നീ ഇനി എന്നെ അമ്മാന്നു വിളിക്കര്ത്…ഞാൻ വരുംന്നു വെച്ച് ഇവ്ടെ നിക്കണ്ട…എപ്പോഴും പറയുന്നതേ നിന്നോട് പറയാനുള്ളൂ ഈ വീടും ഇവ്ടെ ഉള്ളോരേം വിട്ട് ഞാൻ എങ്ങോട്ടും ഇല്ല.

പുറത്ത് ചിറ്റേടെ ഉച്ചത്തിലുള്ള ശബ്ദം.അച്ഛന്റെ ശബ്ദം കേൾക്കുന്നില്ല.എല്ലാം കേട്ട് ഉമ്മറത്ത് ചാരു കസേരയിൽ ചാരി ഇരിക്കുന്നുണ്ടാവും.

നിന്നെ വെറുത്തതും സാന്ദ്രയോടുള്ള സ്നേഹം മറന്ന് നിന്നെ കല്യാണ്‌ കഴിച്ചതുമെല്ലാം എന്റെ അമ്മയ്ക്ക് വേണ്ടിയാ…എനിക്കെന്റെ അമ്മെ വേണം.നീ പറഞ്ഞാൽ അമ്മ കേൾക്കും

അർജുവേട്ടന്റെ ശബ്ദം കേട്ട് നോക്കിയപ്പോൾ നിലത്ത് മുട്ടു കുത്തിയിരുന്ന് കട്ടിലിൽ തല പൂഴ്ത്തി അർജുവേട്ടൻ.

ചിറ്റേ……

അമ്മാളൂ വേണ്ടാ…..അവനു വേണ്ടി നീ സംസാരിക്കണ്ടാ….എനിക്ക്.കേൾക്കണ്ടാ ..ഒന്നും…

ചിറ്റ പോവണം…അർജുവേട്ടൻ ആഗ്രഹിച്ച ജീവിതം പോലും വേണ്ടാന്നു വെച്ചത് ചിറ്റയ്ക്ക് വേണ്ടിയാ..എന്നെ വെറുത്തത് പോലും ചിറ്റേടെ സ്നേഹത്തിന് വേണ്ടിയാ….

ചിറ്റേടെ അടുത്തിരുന്നു കൊണ്ട് പറഞ്ഞു.

എന്ത് പറഞ്ഞാലും ഞാൻ പോവില്ല

ചിറ്റ അർജുവേട്ടന്റെ കൂടെ പോവാതെ ഞാൻ ഒരു തുള്ളി വെള്ളം പോലും കുടിക്കില്ല….

അമ്മേടെ മുറിയിൽ കേറി വാതിലടച്ചു.ആരു വിളിച്ചിട്ടും വാതിൽ തുറക്കാതെ നിലത്ത് ചുമരിൽ ചാരി ഇരുന്നു.മുഖം കാൽമുട്ടിൽ ഒളിപ്പിച്ചു..

അമ്മാളൂവേ….വാതിൽ തുറക്ക്….ചിറ്റ പോവാണ്…..

വാതിലിൽ ശക്തിയിൽ തട്ടി കൊണ്ട് ചിറ്റ ഇടറുന്ന ശബ്ദത്തിൽ വിളിച്ചു.

ഡോർ തുറന്ന് ചിറ്റേ കെട്ടിപ്പിടിച്ചു…

ഇതാണ് ശരി…ചിറ്റ അർജുവേട്ടന്റെ അമ്മയാ….

പുറത്തേക്ക് കരച്ചിൽ വന്നപ്പോൾ പല്ലുകൾ കടിച്ചമർത്തി.

ചിറ്റ തന്നെ ഭക്ഷണം വാരി തന്നു.കണ്ണീരിന്റെ ഉപ്പും അതിലുണ്ടായിരുന്നു.

ജയിച്ചവർക്ക് സമ്മാനം തരേണ്ടേ അർജുവേട്ടാ….

താലിയും വിവാഹ മോതിരവും അർജുവേട്ടന്റെ കൈയിൽ വെച്ച് കൊടുത്തു.

ഇത് അർജുവേട്ടന് കൊടുക്കാൻ മറന്ന് പോയി…

കാലിലെ മിഞ്ചി ഊരുന്നതിനിടയിൽ അച്ഛനോട് പറഞ്ഞു.

പിന്നെപ്പോഴെങ്കിലും കൊടുക്കാ…അല്ലേ….

അച്ഛൻ നോക്കി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.കുഞ്ഞു പാദസരം വെച്ച പെട്ടിയിൽ മിഞ്ചിയും വെച്ചു.

××××××××××××××××××××××××××××

അമ്മാളൂസേ……

ജാൻവീ….നീ എങ്ങനെ …ഇവിടെ….

റൂമിൽ പെട്ടന്ന് ജാൻവിയെ കണ്ട് അത്ഭുതത്തോടെ ചോദിച്ചു

ചോദിച്ചു ചോദിച്ചു വന്നു.നീ പറഞ്ഞു തന്നതു വെച്ച് ഒരു ഐഡിയ ഉണ്ടായിരുന്നു.പിന്നെ നമ്മൾടെ ആകാശവാണിയോട് ചോദിച്ചു..

എനിക്ക് നിന്റെ നാടൊക്കെ കാണണം.വാ…

ജാൻവിയോടൊപ്പം നാട് മുഴുവൻ നടന്നു.

അമ്മാളൂ ഞാനൊരു കഥ പറയട്ടെ…

വയലിന്റെ വരമ്പിൽ ഇരിക്കവേ ജാൻവി ചോദിച്ചു.എന്ത്..എന്ന അർത്ഥത്തിൽ അവളെ നോക്കി…

നീ അറിയാതെ പോയ നിന്റെ ജീവിതത്തിലെ ഒരു കഥ….

തുടരും….