പിണങ്ങി തന്നിൽ നിന്നും മാറി കട്ടിലിന്റെ മറു വശം ചേർന്ന് തിരിഞ്ഞു കിടക്കുന്നവളെ ഒരു നിമിഷം എല്ലാം മറന്നു കെട്ടിപ്പിടിക്കുമ്പോഴേക്കും….

എഴുത്ത്: അമ്മാളു

കല്യാണം കഴിഞ്ഞു രണ്ട് വർഷമേ ആയുള്ളൂവെങ്കിലും ഒത്തിരി വർഷങ്ങൾ ആയതുപോലെ ആയിരുന്നു അരുണിന്റേയും ഗായത്രിയുടെയും ജീവിതം.

ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ മേലാത്തൊരവസ്ഥ അവനിലുമുപരി അവൾക്കായിരുന്നു. കുട്ടിക്കളി മാറാത്ത അവളിലെ കളിചിരികളും തല്ലുകൊള്ളിത്തരവും എന്നും അവനിൽ അവൾക്ക് ഭാര്യ എന്നതിലുപരി ഒരു മകളുടെ സ്ഥാനം ആയിരുന്നു.

ആഴ്ചയിൽ ഏഴ് ദിവസം ഒന്ന് വീതം രണ്ട് നേരം മുട്ടിനു മുട്ടിന് അവളവനോട് വഴക്കിട്ടുകൊണ്ടേയിരിക്കും.പലപ്പോഴും കാര്യം നിസ്സാരമായിരിക്കും എങ്കിൽ കൂടിയും അവൾക്ക് അവനോടുള്ള സ്നേഹം ഭ്രാന്തമാവുമ്പോൾ ആണ് ഓരോ തല്ലുകൊള്ളിത്തരവുമായി അവളവനരികിൽ എത്തുന്നത്.

പല ദിവസങ്ങളിലും പണി കേറി മടുത്തു വരുന്ന അരുണിന് ചിലപ്പോഴൊക്കെ അവളുടെ സ്വഭാവം അരോചകമായി തോന്നാറുണ്ടെങ്കിലും പിന്നെയും അവനതെല്ലാം പോട്ടെന്ന് വയ്ക്കും.. കാരണം, അവൾക്ക് തല്ല് പിടിക്കാനും വഴക്കിടാനുമൊക്കെ താൻ മാത്രമല്ലെ ഉള്ളു എന്ന ചിന്ത അവനെ അവളുടെ ആ പ്രവൃത്തികളെ നിസ്സാരവൽക്കരിക്കാൻ കഴിയുന്നവയായിരിക്കും.

പിണങ്ങി തന്നിൽ നിന്നും മാറി കട്ടിലിന്റെ മറു വശം ചേർന്ന് തിരിഞ്ഞു കിടക്കുന്നവളെ ഒരു നിമിഷം എല്ലാം മറന്നു കെട്ടിപ്പിടിക്കുമ്പോഴേക്കും തീരാവുന്ന പിണക്കങ്ങൾ മാത്രമേ അവൾക്ക് തന്നോട് ഉണ്ടാവാറുള്ളു എന്ന തിരിച്ചറിവ് അവനിൽ ഉണരുന്നത് അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കിടക്കുമ്പോഴുള്ള അവളുടെ ഏങ്ങലടികൾ കേൾക്കുമ്പോഴാണ്.

പ്രായം ഇരുപത്തഞ്ച് ആണെങ്കിലും പ്രവൃത്തിയിൽ പതിനഞ്ചിന്റെ പക്വത പോലും കാണിക്കാത്ത അവളെ കാണുമ്പോൾ എന്തോ കുഞ്ഞുങ്ങളോടുള്ള വാത്സല്യമാവും അരുണിന് തോന്നുക. അതുകൊണ്ട് തന്നെയും കണ്ണ് പൊട്ടണ ചീത്ത പറയുമ്പോഴും ഒരു തവണ പോലും വാക്കുകളുടെ പ്രഹരം അവളിൽ ആഴത്തിലുള്ള മുറിവേൽപ്പിക്കരുതേ എന്നവൻ ഉള്ളിലൊരായിരം വട്ടം ഉരുവിട്ടുകൊണ്ടേയിരിക്കും.

ഓരോ വഴക്കുകളുടെയും പര്യവസാനം രാത്രിയിൽ അവളുടെ മുടിയിഴകളിലൂടെ ഓടിക്കളിക്കുന്ന തന്റെ കൈവിരലുകൾ അവളുടെ കുഞ്ഞുടലിൽ കുസൃതി കാട്ടി തുടങ്ങുമ്പോൾ ഒരു വേള താൻ അവൾക്ക് അച്ഛനായും അമ്മയായും ഒപ്പം മകനായും മാറുന്ന നിമിഷം മകനോടുള്ള വാത്സല്യം അവളിൽ തനിക്കനുഭവപ്പെടുമ്പോൾ അവൾ തനിക്കമ്മയായും മാറിയിരിക്കും.. അപ്പോൾ അവളിൽ നിന്നുമുതിരുന്ന മാതൃസ്നേഹത്തിന്റെ ആഴങ്ങളിൽ നിന്നും ഒരുവേള സ്നേഹാർദ്രമായ വികാരം പ്രണയാർദ്രമായ വികാരത്തിലേക്ക് ചേക്കേറുമ്പോൾ വീണ്ടും അവൾ തന്നിൽ ഒരു കുഞ്ഞു പൈതലായി മാറിത്തുടങ്ങും.

ദിനരാത്രങ്ങളോരൊന്നും കൊച്ചു കൊച്ചിണക്കങ്ങളും പിണക്കങ്ങളുമായി അങ്ങനെ കൊഴിഞ്ഞു പോകുമ്പോൾ,, അവൻ അവളിൽ കൂടുതൽ കൂടുതൽ കുസൃതി കാട്ടിത്തുടങ്ങുമ്പോൾ…ആ നിമിഷങ്ങൾ അവനിലെ ഭ്രാന്തമായ വികാരത്തിന്റെ വേലിയേറ്റങ്ങളിലേക്ക് അവളെ എത്തിക്കുക പതിവായിരുന്നു.

ഒടുവിലൊരുനാൾ മുടങ്ങാതെ എത്തുന്ന മാസമുറയെ കാണാതായപ്പോൾ…അവളുടെ കുഞ്ഞുടൽ അവനിലെ “കുഞ്ഞുടലി”നായി ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു എന്ന ബോധം ഇരുവരെയും തങ്ങളിലെ പ്രണയത്തിന്റെ പരിപൂര്ണതയിൽ എത്തിച്ചു.

ദിനരാത്രങ്ങൾ എണ്ണി അവനവൾക്ക് കാവലാളായപ്പോഴും ഒരു പനിച്ചൂടിനുപോലും അവളെ തളർത്തരുതേ എന്നവൻ മനം നൊന്തു പ്രാർത്ഥിച്ചു. കല്യാണം കഴിഞ്ഞുള്ള ആദ്യ നാളുകളിൽ തൊട്ട് ഇന്നുവരെയുള്ള ദിവസങ്ങളിലോരോന്നിലും കറിക്കരിയുമ്പോൾ കൈവിരലിലൊരിത്തിരി ചുവപ്പ് പടർന്നാൽ വാവിട്ടുകരയാറുള്ള അവളിൽ നിന്നും തന്റെ ജീവനെ വേര്തിരിച്ചെടുക്കുമ്പോൾ എല്ലുകൾ നുറുങ്ങുന്ന വേദന താങ്ങാനുള്ള ശേഷി അവളിൽ ആർജിച്ച കരുത്ത് ഭാര്യയിൽ നിന്നും അമ്മയിലേക്കുള്ള പ്രയാണമാണെന്ന തിരിച്ചറിവ് അവനെ പോലെ തന്നെ അവളിലും അത്ഭുതം സൃഷ്ടിക്കുകയായിരുന്നു.

അവിടെ പതിനഞ്ചുകാരിയെന്നോ ഇരുപത്തിയഞ്ചുകാരിയെന്നോ വ്യത്യാസമില്ലാത്ത ഒരേയൊരേടാണ് ഏതൊരു പെണ്ണിലും ഒളിഞ്ഞിരിക്കുന്ന അമ്മ എന്ന വികാരം.

ഒൻപത് മാസം തന്നിൽ ലയിച്ചിരുന്ന ജീവന്റെ തുടിപ്പിനെ പത്താം മാസം തന്നിൽ നിന്നും വേർതിരിക്കുമ്പോഴുണ്ടാകുന്ന വേദന മരണതുല്യമായിരിക്കുമെങ്കിൽ പോലും സഹനത്തിന്റെ പര്യായമായവളിൽ അത് എന്നുമൊരു കരുത്തായിരുന്നു..ജീവന്റെ ജീവനെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയെന്നുള്ള കരുത്ത്.

❤️

നാളുകൾക്കു ശേഷമുള്ള എഴുത്താണ് പൂർണമായോ എന്നറിയില്ല.. എങ്കിലും നിങ്ങളുടെ വിമർശനങ്ങളും തിരുത്തലുകളും പ്രതീക്ഷിക്കുന്നു..