പൊടിമീശക്കാരി
എഴുത്ത്: സനൽ SBT (നങ്ങേലി )
“അമ്മേ ഇനി മുതൽ ഞാൻ സ്ക്കൂളിൽ പോകുന്നില്ല.”
“അതെന്താ നീ സ്ക്കൂളിൽ പോകാത്തത് .”
“എല്ലാവരും എന്നെ കളിയാക്കുവാ മീശക്കാരി മീശക്കാരി എന്ന് വിളിച്ചു കൊണ്ട്.”
അടുക്കളയിൽ പാത്രം കഴുകിക്കൊണ്ടിരിക്കുന്ന സുഭദ്രയുടെ സാരിയിൽ തൂങ്ങിക്കൊണ്ട് അമ്മു ചിണുങ്ങിക്കരയാൻ തുടങ്ങി. അവർ സാരിത്തുമ്പു കൊണ്ട് അമ്മുവിന്റെ കണ്ണുകൾ തുടച്ചു.
” അയ്യേ ഇതിനാണോ മോള് സ്ക്കൂളിൽ പോകുന്നില്ല എന്ന് പറഞ്ഞത്. “
” എനിക്ക് വയ്യമ്മേ എല്ലാവരും എന്നെ കളിയാക്കുന്നു ബാക്കിയുള്ള കുട്ടികൾക്ക് ഒന്നും മീശയില്ല, എനിക്ക് മാത്രം എന്താമ്മേ ഇങ്ങനെ.”
അമ്മുവിന്റെ നിഷ്കളങ്കമായ ചോദ്യത്തിനു മുന്നിൽ സുഭദ്ര മറുപടിയില്ലാതെ നിന്നു.
” അതോ അത് ഇപ്പോ മനസ്സിലായോ അമ്മു മറ്റു കുട്ടികളെ പൊലെയല്ല എന്ന് .പണ്ട് കാലത്തെ രാജാക്കൻമാർക്കൊക്കെ ഇല്ലേ വലിയ മീശ അതുപൊലെ അവരുടെ രാജ്ഞിമാർക്കും പൊടിമീശ ഉണ്ടായിരുന്നു നമ്മൾ എല്ലാവരും രാജകുടുംബത്തിൽ പെട്ടതുകൊണ്ടാണ് അമ്മുവിനും പൊടിമീശ വന്നത്.”
സുഭദ്ര ഒരു വിധത്തിൽ അവളെ പറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിച്ചു.
” എന്തിട്ടെന്താ അന്മയ്ക്ക് മീശ മുളയ്ക്കാത്തത് .”
അമ്മുവിന്റെ ചോദ്യത്തിന് മുന്നിൽ വീണ്ടും അവർ ചൂളിപ്പോയി.
” എനിക്ക് ഉണ്ടായിരുന്നു മോളെ മീശ നിന്റെ അച്ഛനെ വിവാഹം കഴിച്ചപ്പോൾ ഉണ്ടായിരുന്ന മീശയെല്ലാം പോയി. മോളും വലുതായി ഒരു വിവാഹം ഒക്കെ കഴിക്കുമ്പോൾ ഈ പൊടിമീശ പോകും കേട്ടോ അത് പറഞ്ഞ് സ്ക്കൂളിൽ പോകാതിരിക്കരുത് മോൾക്ക് പഠിച്ച് വലിയ ഡോക്ടർ ആവണ്ടേ.”
വേണം എന്ന മട്ടിൽ അമ്മു തലയാട്ടി.
” ആ എന്നാൽ ഈ പാല് കുടിച്ചിട്ട് മോള് പോയി കളിച്ചോട്ടോ? “
” ഉം. ശരിയമ്മേ. “
ഓഫീസിൽ നിന്ന് വന്ന രവിയെ സുഭദ്ര ബെഡിൽ പിടിച്ച് ഇടുത്തി.
” രവിയേട്ടാ രവിയേട്ടാ “
” ഉം, എന്താ “
” ഇന്ന് നമ്മുടെ മോള് പറയുവാ അവൾ ഇനി മുതൽ സ്ക്കൂളിൽ പോണില്ല എന്ന്.”
“ങ്ങേ അതെന്ത് പറ്റി. “
” അവളുടെ പൊടി മീശ തന്നെ കാരണം കുട്ടികൾ എല്ലാവരും അവളെ കളിയാക്കുവാന്ന്. ഞാൻ അന്നേ പറഞ്ഞതല്ലേ നല്ലൊരു ഡോക്ടറെ കൊണ്ടുപോയി കാണിക്കാൻ . “
” എന്റെ സുഭദ്ര ഞാൻ നിന്നോട് പറഞ്ഞതല്ലേ അത് ഹോർമോണിന്റെ പ്രശ്നം ആണെന്ന്. “
” ഹോ അത് ഹോർമോണിന്റെ പ്രശ്നമാണെന്ന് എനിക്കും അറിയാം പക്ഷേ ഈ പ്രായത്തിൽ ഞാനത് എങ്ങനെ എന്റെ മോളെ പറഞ്ഞ് മനസ്സിലാക്കും. “
” അവൾ ഇപ്പോൾ ചെറിയ പ്രായമല്ലേ. ചിലപ്പോൾ വല്ല ഓപ്പറേഷനോ മറ്റോ വേണ്ടി വന്നാലോ അതാ ഞാൻ കുറച്ചു കൂടി കഴിയട്ടെ എന്ന് പറഞ്ഞത്. “
” എന്നാലും മൂത്ത രണ്ട് ആൺമക്കൾക്കും ഇല്ലാത്ത മീശ ഇവൾക്ക് എങ്ങനെ വന്നു എന്താണ് ഞാൻ ചിന്തിക്കുന്നത്. “
” ആ മൂത്തത് രണ്ടും ആണല്ലേ ചിലപ്പോൾ ദൈവം ഇതും ആ അച്ചിൽ തന്നെ അങ്ങു വാർത്തതാവും.”
” ഒന്നു പോ രവിയേട്ടാ വൃത്തികേട് പറയാതെ .”
” സ്വഭാവം ഇനി വളർന്നു വരുമ്പോൾ ആണുങ്ങളുടെ പൊലെ ആവുമോ എന്നാ എന്റെ പേടി. “
” ഉം, നീയെന്തായാലും പോയി ചായ എടുക്ക്. എന്നിട്ട് അമ്മു എവിടെ ?”
” അവൾ അപ്പുറത്ത് കളിക്കുന്നുണ്ട്.”
” ആരുടെ കൂടെ . “
” നന്മുടെ കണ്ണന്റെ കൂടെ “
” ഹാ സേതുവും ലക്ഷ്മിയും പോയില്ലേ ?”
” അവർ രണ്ടു പേരും തിരിച്ച് പോയി കണ്ണൻ ഇനി മുത്തശ്ശീടെ കൂടെ നിന്നാത്ര പഠിക്കണത്. അമ്മുവിന്റെ സ്ക്കൂളിൽ കണ്ണനെ ചേർത്തിട്ടാ അവർ തിരിച്ച് പോയത്, “
” അതേതായാലും നന്നായി. അല്ലെങ്കിലും ഈ പ്രായത്തിൽ കുട്ടികൾ വളരേണ്ടത് നമ്മുടെ നാടിന്റെ ഹരിതാപവും പച്ചപ്പും ഒക്കെ കണ്ടു കൊണ്ടാ അല്ലാതെ ആ മരുഭൂമിയിൽ കിടന്നല്ല എന്നാലെ കുട്ടികൾക്ക് ആ സ്നേഹവും ഗ്രാമത്തിന്റെ വിശുദ്ധിയും മനസ്സിൽ എന്നും ഉണ്ടാവൂ. “
” ഉം. അത് രവിയേട്ടൻ പറഞ്ഞത് നേരാ .”
” നീ എന്തായാലും പോയി ചായ എടുക്ക്. “
” ആ .”
” കണ്ണേട്ടാ ഇത് നോക്കിയെ പരൽ മീനുകൾ ഓളംതള്ളി കളിക്കുന്നത് കണ്ടോ? “
അമ്മു കുളത്തിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
” എന്തോരം മീനുകളാ അല്ലേ അമ്മൂ ഇവിടെ ?”
” ആ കണ്ണേട്ടൻ ഇതിന് മുൻപ് ഇങ്ങനെ മീനുകളെ കണ്ടിട്ടില്ലേ? “
” മം ഉണ്ട് ചില്ലു കൂട്ടിൽ നിറയെ വർണ്ണ നിറമുള്ള മീനുകൾ ഓടിക്കളിക്കുന്നത് കണ്ടിട്ടുണ്ട്.”
അപ്പോഴാണ് ആ താമരക്കുളത്തിന്റെ നടുക്ക് വിരിഞ്ഞ് നിൽക്കുന്ന നീലത്താമര അമ്മുവിന്റെ ശ്രദ്ധയിൽപ്പെട്ടത്
” കണ്ണേട്ടാ എനിക്ക് ആ കുളത്തിന്റെ നടുക്ക് നിക്കന്ന നീലത്താമര വേണം. “
” ഒന്നു പോയേ അമ്മു അത് ഒത്തിരി ആഴമുള്ള കുളമാണ് മുത്തശ്ശി പറഞ്ഞിട്ടുണ്ട് അതിൽ ഉറങ്ങാൻ പാടില്ലാന്ന്.”
“എന്താട്ടോ കണ്ണേട്ടാ എനിക്ക് അത് വേണം ?”
“എന്നാൽ ഞാൻ നിനക്ക് കുളത്തിന്റെ ഓരത്തുള്ള ഈ താമര പൊട്ടിച്ച് തരട്ടെ, “
” അത് വേണ്ട എനിക്ക് ആ നീലത്താമര തന്നെ വേണം. “
” ഇങ്ങനെ വാശി പിടിക്കല്ലേ അമ്മൂ .എനിക്ക് നീന്താൻ അറിയില്ല. “
” അയ്യേ ഈ കണ്ണേട്ടന് നീന്താനും അറിയില്ലേ. “
” എന്നാൽ ഞാൻ പോയി പറിച്ച് വരാം. “
” അമ്മൂ ദേ വേണ്ടാ ട്ടോ അത് അപകടമാണ് നിന്റെ അച്ഛൻ അറിഞ്ഞാൽ പിന്നെ അത് മതി . “
” അതിന് അച്ഛൻ അറിയിലല്ലോ കണ്ണേട്ടൻ പറയാതിരുന്നാൽ മതി. “
” എന്നാലും വേണ്ട അമ്മൂ എനിക്ക് പേടിയാ .”
” ഇങ്ങനെ ഒരു പേടിത്തൊണ്ടൻ. “
അവൾ അതും പറഞ്ഞ് കുളത്തിലേക്ക് എടുത്തു ചാടി. കുഞ്ഞിക്കാലുകൾ അവൾ വെള്ളത്തിലിട്ടടിക്കാൻ തുടങ്ങി കുഞ്ഞികൈകൾ കൊണ്ട് ഓളങ്ങൾ തള്ളി നീക്കി. കണ്ണൻ കുളത്തിലേക്ക് ആകാംഷയോടെ നോക്കി നിന്നു. ഒരു മൽസ്യകന്യക വെള്ളത്തിൽ നീന്തിത്തുടിക്കുന്ന പൊലെയാണ് അമ്മുവിനെ കണ്ടപ്പോൾ അവന് തോന്നിയത് . നൂറു കണക്കിന് ചുവന്ന താമരപ്പൂവുകൾക്കിടയിലുള്ള ആ കൊച്ചു നീലത്താമര അവൾ ഞെട്ടോടെ പിഴുത് എടുത്ത് തിരിച്ച് നീന്തി.
“അമ്മൂ വേഗം കരയ്ക്ക് കയറ് ആരേലും കാണും .”
കണ്ണൻ അമ്മുവിന്റെ കൈകൾ പിടിച്ച് കൽപടവുകൾ ഓരോന്നായി വലിഞ്ഞു കയറി.
“കണ്ണേട്ടന് ഈ നീലത്താമരയുടെ കഥ അറിയുമോ ?”
“ഇല്ല്യ അമ്മൂ ബാക്കിയെല്ലാം ചുവന്ന നിറത്തിൽ ഈ ഒന്ന് മാത്രം എന്താ നീല നിറത്തിൽ .”
“ഇത് ഒരു പ്രത്യേക തരം താമരയാണ് വർഷത്തിൽ ഒന്ന് മാത്രമേ ഇത് പൂക്കൂ അതും ഈ അമ്പലക്കുളത്തിന്റെ നടുക്ക് മാത്രം .ഈ നീലത്താമര പറിച്ച് ദേവിയുടെ തിരുനടയിൽ വെച്ച് പ്രാർത്ഥിച്ചാൽ നന്മൾ പ്രാർത്ഥിച്ച കാര്യം ഉറപ്പായും നടക്കും എന്ന് എന്റെ അമ്മ പറയാറുണ്ട്. “
” ആഹാ എന്നിട്ട് അമ്മു എന്താ പ്രാർത്ഥിക്കാൻ പോകുന്നത്. “
” എന്റെ ഈ പൊടി മീശ മറന്നേ എന്ന്. എല്ലാവരും കളിയാക്കുവാ കണ്ണേട്ടാ എന്നെ മീശക്കാരി എന്ന് വിളിച്ച് . “
” അവന്റെ അവളുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി ശരിയാണ് നല്ല സ്വർണ നിറത്തിലുള്ള പൊടിമീശ എന്തോ അത് കണ്ടപ്പോൾ അവനിൽ കൗതുകം ഉണർന്നു. “
” അമ്മൂനെ ഈ മീശയോടെ കാണാനാ ഭംഗി ഇതും പറഞ്ഞ് ഞാൻ ഒരിക്കലും കളിയാക്കില്ല ട്ടോ. “
അവൾ പുഞ്ചിരിച്ചതും ആ കവിളിൽ നുണക്കുഴികൾ വിടർന്നതും ഒരുമിച്ചായിരുന്നു.
പിന്നീടങ്ങോട്ട് അമ്മുവിന്റെ മാത്രം കണ്ണേട്ടൻ ആയിരുന്നു അവൻ. ഓരോ മഴയും മഞ്ഞും വർഷവും വേനലും ശിശരവും പെട്ടെന്ന് കടന്നു പോയി . അവൾ അരപ്പാവാട മാറ്റി മുഴു പാവാട ഉടുക്കാൻ തുടങ്ങിയ കാലം ആ ബന്ധം സൗഹൃദത്തിൽ നിന്നും വഴിമാറി പ്രണയത്തിലേക്ക് വഴുതി വീണു.
രണ്ടു പേർക്കും പരസ്പരം ഇഷ്ട്ടമാണെങ്കിലും അത് തുറന്ന് പറയാൻ ധൈര്യം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.
അങ്ങിനെ ഒരു തുലാവർഷക്കാലത്ത് കണ്ണൻ അത് തുറന്ന് പറയാൻ തീരുമാനിച്ചു.
“അമ്മൂ ഒന്ന് ഇന്നോട്ട് വരുമോ ?”
“എന്താ കണ്ണേട്ടൻ ഈ ആലയിൽ നിൽക്കുന്നത്.”
“മഴ പെയ്തപ്പോൾ കയറി നിന്നതാ .”
അവൾ തലയ്ക്ക് മീതെ ചൂടിയ ചേമ്പിലത്താള് മാറ്റിക്കൊണ്ട് ആലയ്ക്കുള്ളിലേക്ക് ഓടിക്കയറി.
“നീ എവിടെ പോയതാ”
“പറമ്പിൽ കെട്ടിയ പശുവിനെ അഴിക്കാൻ പോയതാ അപ്പോഴേക്കും മഴ പെയ്തു. കണ്ണേട്ടൻ എന്താ പറയാനുണ്ടെന്ന് പറഞ്ഞത് .”
” ആ ഞാൻ പറയാം .”
” വേഗം പറ കണ്ണേട്ടാ അമ്മ തിരക്കുന്നുണ്ടാവും.”
“ഈ പൊടി മീശക്കാരിയെ ഞാൻ എന്റെ സ്വന്തമാക്കിക്കോട്ടെ.”
അവൻ അവളുടെ നക്ഷത്ര കണ്ണുകളിലേക്ക് നോക്കി. പൊടിമീശയിൽ നിറയെ നേർത്ത വെള്ളത്തുള്ളികൾ അത് പവിഴ മണിമുത്തുകൾ പൊലെ തിളങ്ങി. അവളുടെ നനവാർന്ന ചുണ്ടുകൾ ചെന്താമര പൊലെ വിടർന്നിരിക്കുന്നു. കണ്ണന്റെ ഹൃദയമിടിപ്പിന്റെ താളം കൂടി, അവൻ അവളുടെ അരികിലേക്ക് ചേർന്ന് നിന്നു. അമ്മുവിന്റെ മുഖം അവൻ കൈക്കുമ്പിളിൽ വാരിയെടുത്തു. അവൻ അവളുടെ ചെന്താമര ചുണ്ടിലെ തേൻ നുകർന്നു. നാണം കൊണ്ട് അവളുടെ മുഖം ചുവന്നു തുടുത്തു കൺപീലികൾ കൂമ്പിയടഞ്ഞു. രണ്ടു പേരും ഒരു നേർത്ത മഴത്തുള്ളിയായി ആ മായാനദിയിൽ അലിഞ്ഞ് ചേർന്ന് നിന്നു.
ഡാ…. അമ്മുവിന്റെ അച്ഛന്റെ അലർച്ചകേട്ട് രണ്ടു പേരും ഞെട്ടിയുണർന്നു.
“നീ എന്ത് ചെയ്തെടാ നായേ.”
അയാൾ ശരവേഗത്തിൽ കണ്ണന് നേരെ പാഞ്ഞടുത്തു. കഴുത്തിന് കുത്തിപ്പിടിച്ച് ആലയിൽ നിന്നും മഴവെള്ളത്തിലേക്ക് അവനെ എടുത്തെറിഞ്ഞു. പുൽത്തക്കിടയിൽ കിടന്നിരുന്ന വടിയെടുത്ത് അവനെ പൊതിരെ തല്ലാൻ തുടങ്ങി’
“അഛാ വേണ്ട കണ്ണേട്ടനെ തല്ലല്ലേ നിർത്ത് അഛാ ….”
” മിണ്ടിപ്പോകരുത് നീ ഇനി ഒരക്ഷരം മിണ്ടിയാൽ അടുത്ത അടി നിന്റെ കരണത്താവും”
“അമ്മേ കണ്ണേട്ടനെ തല്ലല്ലേ എന്ന് പറ അമ്മേ.”
അവൾ വാവിട്ട് കരയാൻ തുടങ്ങി.
അയാളുടെ കലി അടങ്ങും വരെ അവനെ അവിടെയിട്ട് തല്ലിച്ചതച്ചു.
” ഇങ്ങനെയാണോ മക്കളെ വളർത്തുന്നത് അതിന് എങ്ങനാ തന്തയും തള്ളയും ചെറുപ്പത്തിൽ ഇട്ടിട്ട് പോയതല്ലേ പിന്നെ മക്കള് നന്നാവുമോ ?”
അയാൾ അവന്റെ കൈയ്യും പിടിച്ച് വലിച്ച് കൊണ്ട് നടന്നു.
“എവിടാ ടാ നിന്റെ മുത്തശ്ശി തള്ള ? ഇന്ന് രണ്ടിലൊന്ന് അറിഞ്ഞിട്ട് തന്നെ കാര്യം.”
” എന്താ അയ്യോ ന്റെ കുട്ടിക്ക് ഇത് എന്താ പറ്റിയെ. “
” മക്കളെ മര്യാദയ്ക്ക് വളർത്തണം ഇല്ലെങ്കിൽ ചിലപ്പോൾ നാട്ടുകാര് കൈ വെച്ചെന്നിരിക്കും .പിന്നെ ഇവന്റെ തന്തയേയും തള്ളയെയും വിളിച്ച് പറഞ്ഞേക്ക് എത്രയും പെട്ടെന്ന് ഇവനെ കൂടി കൊണ്ടുപോകാൻ ഇല്ലെങ്കിൽ ചെക്കൻ നാട്ടുകാരുടെ കൈ കൊണ്ട് തീരും.”
അത് പറഞ്ഞയാൾ കണ്ണനെ ആ പൂമഖത്തേക്ക് വലിച്ചെറിഞ്ഞു.
” മുത്തശ്ശീ…”
അവൻ മുത്തശ്ശിയുടെ മടിയിൽ കിടന്ന് മുഖം പൊത്തി കരഞ്ഞു.
വിഷയം കാട്ടുതീ പൊലെ കണ്ണന്റെ അച്ഛനും അമ്മയും അറിഞ്ഞു. അവർ അവനെ തിരിച്ചു കൊണ്ടുപോകാൻ തന്നെ തീരുമാനിച്ചു. ഒരു വെള്ള അംബാസിഡർ കാറിൽ കണ്ണൻ എയർപോർട്ടിലേക്ക് പോകുന്നത് ദൂരെ പാടവരമ്പത്തു നിന്നും അമ്മു നിറകണ്ണുകളോടെ നോക്കി നിന്നു.
അവസാനമായി വീട്ടുകാർ ഒരു നോക്ക് കാണാൻ പോലും ഇരുവരെയും സമ്മതിച്ചില്ല. കാത്തിരിക്കണോ അതോ ഇനി കാത്തിരുന്നാൽ കണ്ണൻ തന്നെ വിവാഹം ചെയ്യാൻ തിരിച്ച് വരുമോ എന്ന് പോലും അമ്മുവിന് ഉറപ്പുണ്ടായിരുന്നില്ല
വർഷങ്ങൾ കടന്നു പോയി. മുത്തശ്ശിയുടെ മരണത്തോടെ മാണിക്കോത്ത് തറവാട് നിലം പൊത്തി. പഴയ ഓർമ്മകൾ എല്ലാം അമ്മു ഇന്ന് മറന്നിരിക്കുന്നു. കാരണം ഇപ്പോൾ അവൾ അടുത്തുള്ള സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പറ്റലിലെ പീഡിയാട്രീഷൻ ആണ്.
“ഡോക്ടർ ഒരു പേഷ്യന്റ് കൂടി ഉണ്ട്.”
“ആ വരാൻ പറയൂ.”
“അച്ചോടാ അമ്മേടെ ചക്കര മുത്ത് കരയല്ലേടാ വാവോ വാവോ.”
“ഇരിയ്ക്കൂ”
“ന്താ മോൾക്ക് പനിയാണോ?”
“അതെ ഡോക്ടർ ചെറിയ ജലദോഷവും ചുമയും ഉണ്ട്.”
“അത് ഇപ്പോഴത്തെ കാലാവസ്ഥയുടെ പ്രശ്നമാണ്. സാരല്ലാ ഞാൻ ഒന്ന് നോക്കട്ടെ, “
” അതെ ഡോക്ടർ ഞങ്ങൾ രണ്ടു ദിവസമായിട്ടൊള്ളൂ ഇവിടെ വന്നിട്ട് കാനഡയിൽ ആണ് മോള് ആദ്യമായിട്ടാണ് കേരളത്തിൽ അതിന്റെ പ്രശ്നമാണ്. “
” ആഹാ അപ്പോ വെറുതെയല്ല .മോൾക്ക് ഇവിടുത്തെ കാലാവസ്ഥ തീരെ പിടിച്ചില്ല എന്ന് തോന്നുന്നു. നിങ്ങൾ ഒറ്റയ്ക്കാണോ വന്നത്. “
” അല്ല ഹസ് പുറത്ത് നിൽപ്പുണ്ട് ഞാൻ വിളിക്കാം. “
” കിച്ചേട്ടാ .”
അയാൾ വാതിൽ തുറന്ന് റൂമിന്റെ അകത്ത് കയറി.
ഇരുന്ന കസേരയിൽ നിന്നും അമ്മു ചാടി എഴുന്നേറ്റു.
” കണ്ണേട്ടൻ. “
കണ്ണേട്ടനോ അതാരാ ഡോക്ടർ.? “
മിഴി രണ്ടു പേരെയും മാറി മാറി നോക്കി.
“അമ്മൂ അല്ലേ ഇത്. എനിക്ക് കണ്ടിട്ട് മനസ്സിലായില്ല.”
“പക്ഷേ എനിക്ക് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലായി കണ്ണേട്ടനെ കണ്ടപ്പോൾ .”
” ആ ഞാൻ പരിചയപ്പെടുത്താൻ മറന്നു. ഇത് മിഴി എന്റെ വൈഫ്.”
“മിഴി ഇത് അമ്മു സോറി ഇപ്പോൾ ഡോക്ടർ അഭിരാമി എന്റെ പഴയ കളിക്കൂട്ടുകാരി. ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ എന്റെ ടീനേജ് വരെ കേരളത്തിൽ മുത്തശ്ശിയുടെ കൂടെ ആയിരുന്നു എന്ന്. “
” ആ അറിയാം നിങ്ങൾ എന്നാൽ സംസാരിക്ക് കുഞ്ഞിന് ഉറക്കം വരുന്നുണ്ട് ഞാൻ കാറിൽ ഉണ്ടാവും കിച്ചേട്ടൻ വന്നാൽ മതി. “
” ഉം, “
” പിന്നെ അമ്മു നിന്റെ വിശേഷം പറ ഹോസ്പിറ്റൽ അല്പം ചാരിറ്റബിൾ പ്രവർത്തനം അങ്ങനെ ഒക്കെയായി ഒരു ചെറിയ തിരക്ക് പിടച്ച ജീവിതം. “
” അപ്പോൾ വിവാഹം ?”
” ഉം കഴിഞ്ഞു. 6 വർഷം മുമ്പ് ഹസ്ബന്റ് ഡോക്ടർ ആണ് ഈ ഹോസ്പിറ്റലിൽ തന്നെ ഒരു മോനുണ്ട് നിരൺ .”
” അപ്പോൾ സുഖം സന്തോഷം അല്ലേ. “
” ഉം അങ്ങിനെ പറയാം. “
” എന്നാ ഇനി തിരിച്ച് . “
” മറ്റന്നാൾ പോകും. അമ്മുവിനെ ഇനി ജീവിതത്തിൽ കണ്ടു മുട്ടും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. “
” പക്ഷേ എനിക്ക് അറിയാമായിരുന്നു. നമ്മൾ എവിടേയെങ്കിലും ഒക്കെ വെച്ച് കണ്ടുമുട്ടുമെന്ന് . “
ഇരുവരും ഒരിക്കൽ കൂടി ആ പഴയ കാലത്തിലേക്ക് തിരിച്ച് പോയി മഴയും മഞ്ഞും കൂത്തും കൂടിയാട്ടവും ചേർന്നിരുന്നു കണ്ട ആ പഴയ കാലത്തേക്ക് .ആ കാലത്തെ പഴയ പൊടിമീശക്കാരിയും അവളുടെ സ്വന്തം കണ്ണേട്ടനും ആയി മാറുകയായിരുന്നു അവർ.
” കിച്ചേട്ടാ മോൾ ഉറങ്ങി നമ്മുക്ക് പോകാം. “
“ആ ഇതാ വരുന്നു.”
“അപ്പോ ശരി അമ്മൂ വീണ്ടും എവിടേയെങ്കിലും വെച്ച് കണ്ടു മുട്ടാം.”
“ബൈ”
‘
“ഒക്കെ ബൈ”
“എന്താണ് മാഷേ പഴയ കാമുകിയോട് വിശേഷം. പറഞ്ഞിട്ട് തീരണില്ല ല്ലേ ?”
“ഒന്ന് പോയേടോ ഇത് എല്ലാവരുടേയും ജീവിതത്തിൽ ഉണ്ടാവും ആ ടീനേജ് പ്രായത്തിൽ ഒരു പൊടിമീശക്കാരിയും ഒരു പൊടിമീശക്കാരനും അത്രയേ ഇതും ഉള്ളൂ പിന്നെ കാലത്തിന് മായ്ക്കാൻ കഴിയാത്ത മുറിവുകൾ ഉണ്ടോ? ആ പ്രായത്തിൽ അങ്ങിനെ സംഭവിച്ചില്ലായിരുന്നെങ്കിൽ അവൾ ഇന്ന് ഡോക്ടറും ആവില്ല ഞാൻ ഇന്ന് കാനഡയിലെ ഒരു ബിസിനസ്സ്മാനും ആവില്ല. ഇതിനെയാണ് നമ്മൾ ചുരുക്കി വിളിക്കുന്നത് വിധി എന്ന് മനസ്സിലായോ . “
” ഉം. മനസ്സിലായി എല്ലാവരുടേയും ജീവിതത്തിൽ ഉണ്ടാവും ഇതുപൊലെ എത്ര സ്വന്തമാക്കാൻ ശ്രമിച്ചിട്ടും നന്മെ വിട്ട് പിരിഞ്ഞ് ദൂരേയ്ക്ക് പോയ ഒരാൾ അല്ലേ. “
” ഉം. അതുണ്ടാവും അത് മനസ്സിന്റെ നെല്ലിപടിയിൽ അങ്ങിനെ മൂടി കിടക്കട്ടെ, അതിനെന്താ നമ്മൾ ഇപ്പോഴും ഹാപ്പിയായല്ലേ ജീവിക്കുന്നത് അത് പോരെ. “
” ഉം. അത് മതി എനിക്ക് കിച്ചേട്ടനും കിച്ചേട്ടന് ഞാനും മാത്രം മതി. “
കണ്ണൻ മിഴിയെ ഒന്നു കൂടി ചേർത്ത് പിടിച്ച് ആ വരാന്തയിലൂടെ നടന്നു പുറകിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കി അപ്പോഴും ആ വരാന്തായുടെ തൂണിൽ ചാരി നിന്ന് ആ പൊടിമീശക്കാരി ചിരിക്കുന്നുണ്ടായിരുന്നു.