പിറ്റേന്ന് രാവിലെ വെള്ളത്തുണിയിൽ പൊതിഞ്ഞു കൊണ്ടുവന്നു കിടത്തിയിരുന്നു ഞങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും മുന്നിൽ നിന്നു നയിച്ച മനുഷ്യനെ…

ഓപ്പ

Story written by GAYATHRI GOVIND

അച്ഛനും അമ്മയും ഓപ്പയും (ഏട്ടൻ )ആയിരുന്നു എന്റെ ലോകം…നാല് വർഷം മുൻപ് വരെ.

അതുകഴിഞ്ഞു അവിടേക്ക് എന്റെ അഭിയേട്ടൻ കടന്നുവന്നു. അച്ഛനും ഓപ്പയും കൂടി കണ്ടെത്തി തന്ന എന്റെ പാതി…അഭിയേട്ടന്റെ വീട്ടിൽ എല്ലാവർക്കും എന്നെ വലിയ സ്നേഹമായിരുന്നു, അച്ഛനും അമ്മയ്ക്കും അനിയനും എല്ലാം…

എനിക്ക് ഒരിക്കലും എന്റെ വീട് മിസ്സ്‌ ചെയ്യാതെ അവർ എന്നെ സ്നേഹിച്ചു..ഞാനും അഭിയേട്ടനും ഒരിക്കൽ പോലും വഴക്ക് ഉണ്ടാക്കിയിട്ടില്ല..അങ്ങനെയിരിക്കെ ഞങ്ങൾക്കിടയിലേക്ക് വളരെ പെട്ടന്നു ഒരാൾ കൂടി കടന്നുവന്നു…ഞങ്ങളുടെ കുഞ്ഞാവ എന്റെ വയറ്റിൽ ജന്മംകൊണ്ടു..

എനിക്ക് ഇന്നും ഓർമ്മയുണ്ട്. വിവരം അറിഞ്ഞു എന്റെ ഓപ്പ ജോലി കഴിഞ്ഞു എനിക്ക് ഇഷ്ടം ഉള്ളത് എല്ലാം വാങ്ങി എനിക്ക് അരികിലേക്ക് ഓടി വന്നത്. സന്തോഷമുള്ള ദിനങ്ങൾ ആയിരുന്നു അങ്ങോട്ട്…പ്രസവസമയത്തു ഞാൻ എന്റെ വീട്ടിൽ ആയിരുന്നു. അഭിയേട്ടൻ ബാംഗ്ലൂർ കമ്പനി ട്രെയിനിങ്ങിന് പോയിരിക്കുക്കായായിരുന്നു ആ സമയം…

വീടിനടുത്തുള്ള ഒരു ഹോസ്പിറ്റലിൽ സുഖപ്രസവമായിരുന്നു എന്റെ.. ഞങ്ങളുടെ പൊന്നുമോൾ ഞങ്ങൾക്ക് ഇടയിലേക്ക് കടന്നു വന്നു.. എന്റെ ഓപ്പയുടെ കയ്യിലേക്ക് ആണ് അവളെ ആദ്യമായി കിട്ടിയത്.. രണ്ടു ദിവസത്തിനു ശേഷം അഭിയേട്ടൻ വന്നു…ഓടിവന്നു കുഞ്ഞിപ്പെണ്ണിനെ വാരിപ്പുണർന്നു.. മോള് വന്നതിൽ പിന്നെ ഞങ്ങളുടെ സന്തോഷം ഇരട്ടിയായി.. ദിവസങ്ങൾ കടന്നുപോയി.. മോളുടെ ഒന്നാം പിറന്നാളും എല്ലാവരും കൂടി ആഘോഷമാക്കി..

രണ്ടാഴച്ച കഴിഞ്ഞു…

അന്ന്…എല്ലാം അവസാനിച്ച ദിവസം ആയിരുന്നു…

എന്റെ അഭിയേട്ടൻ രാത്രി വന്ന ബൈക്ക് മഴകാരണം സ്ലിപ് ആയി എന്നു മാത്രം വീട്ടിൽ അറിഞ്ഞു.. ഞങ്ങൾ എല്ലാം ഉടനെ ഹോസ്പിറ്റലിൽ എത്തി.. എന്റെ ഓപ്പയുണ്ടായിരുന്നു അവിടെ.. ഓടി വന്നു എന്നെ പുണർന്നു പൊട്ടി കരഞ്ഞു..

അപ്പോഴേ എനിക്ക് മനസിലായി എന്തോ വലിയ പ്രശ്നം ഉണ്ടെന്ന്.. പിന്നെ ആരും എന്നെ അവിടെ നിർത്തിയില്ല..വീട്ടിൽ വന്നു.. എന്തൊക്കെയോ പിച്ചുംപെയ്യും പറഞ്ഞ് ഞാൻ അവിടെയിരുന്നു.. മോള് എന്തിയെ എന്നുപോലും എനിക്കറിയിലായിരുന്നു. അന്വേഷിക്കാനും തോന്നിയില്ല…പിറ്റേന്ന് രാവിലെ വെള്ളത്തുണിയിൽ പൊതിഞ്ഞു കൊണ്ടുവന്നു കിടത്തിയിരുന്നു ഞങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും മുന്നിൽ നിന്നു നയിച്ച മനുഷ്യനെ.. വാവിട്ടു പൊട്ടി കരയാനെ കഴിഞ്ഞുള്ളു.. അമ്മയും ഓപ്പയും അച്ഛനും ചേർത്തു നിർത്തി സമാധാനിപ്പിക്കുന്നുണ്ടായിരുന്നു.. എല്ലാം വളരെ പെട്ടന്ന് കഴിഞ്ഞു..ഒരാഴ്ച്ച കഴിഞ്ഞു ഓപ്പയും അച്ഛനും അമ്മയും വന്നു എന്നെ വീട്ടിലേക്ക് വിളിച്ചു..

ഞാൻ വരില്ല എന്നു ശഠിച്ചു.. എന്റെ അഭിയേട്ടന്റെ ഓർമ്മകൾ ഉള്ള വീടാണ് ഞാൻ എങ്ങോട്ടും വരില്ല എന്ന് പറഞ്ഞു കരഞ്ഞു.. അവർ ഒന്നും പറയാതെ തിരികെ പോയി…

ഒരു മാസം പെട്ടന്നു കഴിഞ്ഞു പോയി…

പക്ഷേ അഭിയേട്ടന്റെ അച്ഛനും അമ്മയ്ക്കും അനിയനും എന്തൊക്കെയോ മാറ്റങ്ങൾ വരാൻ തുടങ്ങി.. മോളേ ഒന്ന് എടുക്കുക പോലും ചെയ്യാതെ ആയി.. പയ്യെ പയ്യെ അവർ വാക്കുകൾ ശരം ആക്കാൻ തുടങ്ങി.. ഞങ്ങളുടെ പൊന്നുമോളുടെ ജാതക ദോഷം കൊണ്ടാണ് അഭിയേട്ടൻ മരിച്ചതെന്ന് വരെ അവർ പറഞ്ഞു..

ഒരു ദിവസം അവർ അവളെ തന്തയെകൊല്ലി എന്നു വിളിച്ചു.. അത് ഞാൻ ചോദ്യം ചെയ്തു അവർ ഏതോ ജോത്സ്യനെ കണ്ടപ്പോൾ പറഞ്ഞെന്ന് മകളുടെ നാളിന്റെ ദോഷം കൊണ്ടാണ് അഭിയേട്ടൻ മരിച്ചതെന്ന്..

പിന്നെ അവിടെ നിക്കാൻ തോന്നിയില്ല.. അച്ഛനെ വിളിച്ചു.. ഓപ്പ വന്നു ഞങ്ങളെ കൂട്ടി..നിറകണ്ണുകളോടെ എന്റെ അഭിയേട്ടന്റെ വീട്ടിൽ നിന്നും മോളെയും കൊണ്ടു ഞാൻ ഇറങ്ങി.. അവർ ആരും ഒരു നല്ല വാക്ക് പോലും പറഞ്ഞില്ല..

വീട്ടിൽ എത്തി കുറച്ചു നാളുകൾക്ക് ശേഷം ഞാൻ അച്ഛനോട് പറഞ്ഞു എന്റെ സ്വർണ്ണം എല്ലാം കൊടുത്തു എനിക്ക് ഒരു വീട് വച്ചു തരണം, ഓപ്പയുടെ ഉറപ്പിച്ചു വച്ച കല്യാണത്തിന് മുൻപ് എന്ന്.. എനിക്ക് ഒരു ചെറിയ ജോലിയും കിട്ടിയിരുന്നു..

അപ്പോഴാണ് അച്ഛൻ പറയുന്നത് ഓപ്പ കല്യാണം വേണ്ട എന്ന് വച്ചെന്ന്.. അത് എനിക്ക് വലിയൊരു ഞെട്ടൽ ആണ് ഉണ്ടാക്കിയത്.. വർഷങ്ങൾ പ്രണയിച്ച കുട്ടിയുമായി ഉറപ്പിച്ച കല്യാണം വേണ്ട എന്നുവച്ചെന്നോ.. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല..

ഞാൻ ഒപ്പയുടെ അരികിലേക്ക് പോയി.. ഓപ്പ മോളേ എടുത്തു കളിപ്പിച്ചോണ്ടിരിയ്ക്കുകയാണ് ഞാൻ ചെന്നപ്പോൾ…..

ഓപ്പെ എന്താ ഞാൻ കേൾക്കുന്നത് കല്യാണം വേണ്ടന്നു വച്ചോ?? എത്ര നാളത്തെ സ്വപ്നമായിരുന്നു അത്.. എന്താ പറ്റിയത്??

ഒന്നുമില്ലടാ.. ഞാൻ വേണ്ട എന്നറിയിച്ചതാണ്.. അവർക്ക് തിരക്ക് കല്യാണം പെട്ടന്നു നടത്താൻ.. പിന്നെ നിന്നെയും മോളെയും കുറിച്ച് ഞങ്ങൾക്കില്ലാത്ത ആശങ്ക..

ഞങ്ങൾ ഇവിടുന്ന് മാറാം അതാണ് അതിന്റെ ശരി അവരെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല..

നിങ്ങൾ എങ്ങോട്ട് മാറാൻ.. ഞാൻ ജീവനോടെയുള്ള കാലം വരെ നിങ്ങൾ ഇവിടെ കാണും.. എനിക്ക് അങ്ങനെ ഒരു കല്യാണവും വേണ്ട.. നമ്മുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരാൻ നമ്മുടെ അച്ഛനുണ്ടായിരുന്നു.. ഇവൾക്ക് ഞാൻ ഉണ്ടാവും..അച്ഛൻ ഇല്ലാത്ത ഒരു കുറവും ഉണ്ടാവില്ല ഇവൾക്ക്.. ഇനിയും നിന്നെ വേറൊരാളെകൊണ്ടു കെട്ടിച്ചാലും എനിക്ക് വിശ്വാസമില്ല ഞാനും നമ്മുടെ അച്ഛനും അമ്മയും ഇവളെ നോക്കുന്നത് പോലെ വേറൊരാളും നോക്കുമെന്ന് അങ്ങനെയുള്ളവർ കാണും എങ്കിലും…സ്വന്തം അച്ഛന്റെ അമ്മയും അച്ഛനും അല്ലേ ഇവളെ അവിടുന്ന് ഇറക്കി വിട്ടത്…മോളേ എടുത്ത് കൊണ്ടു ഓപ്പ അവിടുന്ന് പോയി..

ഞങ്ങൾ എല്ലാവരും മാറി മാറി പറഞ്ഞുനോക്കി എന്നും ഓപ്പയുടെ കൂടെ മോള് കാണില്ല എന്നൊക്കെ.. പക്ഷേ ഓപ്പ തീരുമാനത്തിൽ ഉറച്ചുനിന്നു..”അത് അങ്ങനെയൊരു ജന്മം”…

അവസാനിച്ചു..