വയസ്സ് 30 ആയിട്ടും കല്യാണം കഴിയാതിരുന്ന എനിക്ക് പെണ്ണ് കിട്ടാൻ വേണ്ടി അമ്മ പറഞ്ഞ വഴിപാടുകൾ ആയിരുന്നു അതൊക്കെ…

ചെക്കൻ ആള് കലിപ്പനാണ്

എഴുത്ത്: സനൽ SBT

മുഖം നിറയെ നല്ല കട്ടത്താടിയും മീശയും പിരിച്ച് വെച്ച് കൊണ്ട് കല്ല്യാണപന്തലിലേക്ക് കയറി വന്ന നവ വരനെ ഞാൻ അന്തം വിട്ട് നോക്കി നിന്നു.

ഇതെന്താപ്പോ ഇങ്ങനെ,. വിവാഹ നിശ്ചയം കഴിഞ്ഞ് അന്ന് തുടങ്ങിയതാ ചെറുക്കന്റെ ഫോട്ടോ കണ്ടവരെല്ലാം ഒരൊറ്റ അഭിപ്രായം മാത്രമേ പറഞ്ഞൊള്ളൂ ചെക്കൻ ആള് കഞ്ചാവാണെന്നാ തോന്നണേ .

ഈ താടിയൊക്കെ ഇപ്പോഴോത്തെ ഒരു ഫാഷൻ അല്ലേ പിന്നെ കോളേജിൽ പഠിക്കുന്ന കാലം തൊട്ടെ എനിക്ക് ഈ താടി വെച്ച കലിപ്പൻന്മാരെ ഒത്തിരി ഇഷ്ട്ടാ അത് കൊണ്ട് ഞാൻ അത് അത്ര കാര്യമാക്കിയില്ല. പക്ഷേ ഇതിപ്പോ ഈ രൂപത്തിൽ കതിർ മണ്ഡപത്തിലേക്ക് കയറി വരും എന്നിപ്പോൾ ഞാൻ അറിഞ്ഞോ !

ദൈവമേ പണി പാളിയോ.

കൊട്ടും കുരവയും ഏഴുതിരിയിട്ട നിലവിളക്കിനെയും സാക്ഷിയാക്കി മാഷ് എന്റെ കഴുത്തിൽ താലി ചാർത്തി .

കൈയ്യോട് കൈ ചേർത്ത് പിടിച്ച് കതിർ മണ്ഡപം വലം വെയ്ക്കുമ്പോഴും നാട്ടുകാർ എന്തോ പന്തം കണ്ട പെരുച്ചാഴിയെ പൊലെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. എല്ലാവരുടെ മുഖം നോക്കി ഞാൻ ഒരു വളിച്ച ചിരി ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തു.

ഇതിലും വലുത് എന്തോ വരാനിരുന്നതാ ഇതിപ്പോ ഇങ്ങനെയായത് ഭാഗ്യം ഞാൻ മനസ്സിൽ പറഞ്ഞു.

സദ്യ കഴിക്കാനായി ഓഡിറ്റോറിയത്തിലേക്ക് മുണ്ടും മടക്കി കുത്തി നടക്കുന്നത് കണ്ടപ്പോൾ എന്തോ ക്യാമ്പസില് അടിയുണ്ടാക്കാനാണോ ഇയാള് പോണ് എന്ന് ഞാൻ വിചാരിച്ചു.

“മാഷേ. അതെ മാഷേ മുണ്ട്. എല്ലാവരും ശ്രദ്ധിക്കുന്നു.”

ഹോ. സോറി ഞാനത് ഓർത്തില്ല…

കൈ കഴുകി ടേബിളിന്റെ അടുത്തേക്ക് ചെന്നപ്പോഴാണ് അടുത്ത പണി . ഞങ്ങൾക്ക് രണ്ടു പേർക്കും കൂടി കഴിക്കാൻ ഒരു വലിയ വാഴയില മാത്രം എന്റെ കസിൻസ് പിള്ളേര് ഒപ്പിച്ച പണിയാണ്. വലിയ വാഴയിലയ്ക്ക് ചുറ്റും നിന്ന് കറികൾ ഓരോന്നായി വിളമ്പുന്ന തിരക്കിലാണ് അവർ .

ഹലോ…

എന്താ ചേട്ടാ…

ഇത് കല്ല്യാണവീടല്ലേ മരണവീട് അല്ലല്ലോ? പിന്നെ എന്താ ഈ വലിയ ഒറ്റ വാഴയില .

അത് പിന്നെ ചേട്ടാ കല്യാണമൊക്കെയല്ലേ ഒന്ന് കളർ ആയിക്കോട്ടെ എന്ന് വിചാരിച്ച് ഞങ്ങൾ ചെയ്തതാ.

അതെ ഈ ഇല മാറ്റിയിട്ട് രണ്ട് നാക്കില കൊണ്ട് വന്ന് ഇട് ഞാൻ അതിൽ കഴിച്ചോളാം ഭക്ഷണം പിന്നെ ഒരു കല്യാണം കഴിക്കുമ്പോൾ തന്നെ ജീവിതം കളറാവുമെന്ന് നിങ്ങളോടാരാ പറഞ്ഞത് ഉള്ള കളറ് പോവാതിരുന്നാൽ മതി പുള്ളി എന്നെ നോക്കി പറഞ്ഞു.

എവിടുന്ന് കിട്ടിയെടീ ഈ മൊതലിനെ എന്ന രീതിയിൽ അവന്മാർ എന്നെ രൂക്ഷമായി ഒന്ന് നോക്കി അപ്പോഴും എന്റെ മുഖത്ത് നിന്ന് ആ വളിച്ച ചിരി മാഞ്ഞിട്ടുണ്ടായിരുന്നില്ല.

മാഷേ

ഉം. എന്താ

അവര് ചുമ്മാ ഒരു രസത്തിന് വേണ്ടി ചെയ്തതാവും.

ആ ഇത്തരം തമാശയൊന്നും എനിക്ക് ഇഷ്ട്ടമല്ല. അവരോട് പറഞ്ഞേക്ക്.

അല്ല എന്താ ഈ താടി

അതിനെന്താ താടി വെച്ച് കല്യാണം കഴിക്കാൻ പാടില്ലാന്ന് വല്ല നിയമം ഉണ്ടോ?

അതില്ലാ എന്നാലും .ഇത് ഇച്ചിരി ഓവറല്ലേ.

ഉം ഇത് ഇവിടെ തന്നെ കാണും തത്ക്കാലം കളയാൻ ഉദ്ദേശം ഇല്ല.

ദൈവമേ പണി വീണ്ടും പാളിയോ .കഴുത്തിൽ കിടക്കുന്ന അഞ്ചര പവന്റെ മാലയിലേക്ക് ഞാൻ ഒന്ന് നോക്കി .താലി ഒരു കുരിശിന്റെ രൂപത്തിലാണ് എനിക്ക് തോന്നിയത് പണ്ടാരം ഇതിപ്പോ കഴിഞ്ഞും പോയല്ലേ. ആ വരുന്നന്നോടത്ത് വെച്ച് കാണാം എന്ന മട്ടിൽ ഞാനും സദ്യ കഴിച്ച് എണീറ്റു.

റിസപ്ഷനും ഫോട്ടോ ഷൂട്ടും എല്ലാം കഴിഞ്ഞു. ഒരു പത്തിരുന്നൂറ് ഫോട്ടോ പിടിച്ചെങ്കിലും മാഷ് ചിരിച്ചു കൊണ്ട് ഒരു ഫോട്ടോയ്ക്ക് പോലും പോസ് ചെയ്യുന്നത് ഞാൻ കണ്ടില്ല .

ഇയാള് ഈ മസിലും പിടിച്ച് നിക്കണത് എന്താന്ന് എനിക്ക് ഇത് വരെ മനസ്സിലായിട്ടില്ല.

സ്റ്റേജിന്റെ ബാക്ക് സൈഡിൽ നിൽക്കുന്ന മാഷിന്റെ കൈയിൽ കൂട്ടുകാരൻ ഒരു പൊതി കൊണ്ടു കൊടുത്തു. അത് കണ്ടതും ഞാൻ ഉറപ്പിച്ചു. ഇത് മറ്റേത് തന്നെ കഞ്ചാവ് .

അങ്ങേരുടെ ഇത് വരെയുള്ള പെരുമാറ്റത്തില് എന്തോക്കെയോ ഒരു പന്തികേട് ഉണ്ട് അപ്പോൾ എന്റെ സംശയം ശരിയാണ് എന്ന് വേണം പറയാൻ, വിവാഹത്തിന്റെ സകല ആവേശവും അതോടു കൂടി തീർന്നു .എന്റെ മനസ്സാകെ വല്ലാത്തൊരു അവസ്ഥ .

രാത്രി കുളിയും കഴിഞ്ഞ് നൈറ്റി ഇടണോ അതോ സെറ്റ് സാരി ഉടുക്കണോ എന്ന കൺഫ്യൂഷനിലായിരുന്നു ഞാൻ . എന്തായാലും സെറ്റി സാരി മതി അതാണല്ലോ പതിവ്. വാനോളം പ്രതീക്ഷകളുമായി ഞാൻ ഒരു ക്ലാസ് പാലുമായി മണിയറയിലേക്ക് കയറി.

മേശക്കരികിൽ ഇരുന്ന് ഒരു വെള്ളപ്പേപ്പറിൽ എന്തൊക്കൊയൊ കുത്തിക്കുറിക്കുകയാണ് മാഷ്, കല്യാണ ചിലവൊക്കെ കണക്കു കൂട്ടി നോക്കുവായിരിക്കും എന്ന് ഞാനും വിചാരിച്ചു.

മാഷേ .

ഉം. താൻ ഇത്ര പെട്ടെന്ന് വന്നോ .അതിന് കിടക്കാൻ സമയം ആയോ?

അത് പിന്നെ അമ്മ പറഞ്ഞു.

ആ ആ ഇരിക്ക്.

ഉം ഇതാ പാല് .

പാലോ കിടക്കുന്നതിന് മുൻപ് എനിക്ക് പാല് കുടിക്കുന്ന ശീലം ഇല്ല. നിനക്ക് വേണേൽ കുടിച്ചോ?

ഇതാ കിടക്കുന്നു കടുകും കറിവേപ്പിലയും കഞ്ചാവടിച്ച് കിളി പോയതാവും ഇല്ലേൽ പിന്നെ ആദ്യ രാത്രി എന്തിനാ പാല് എന്ന് ഈ പൊട്ടനറിയില്ലേ.

പാലും വേണ്ട ഒരു കോപ്പും വേണ്ട ഞാനും കുടിച്ചില്ല. അപ്പോഴാണ് റൂമില് ചുറ്റും ഞാൻ കണ്ണോടിച്ചത് .ഒരു വലിയ ചില്ല് അലമാര നിറയെ പുസ്തകങ്ങൾ സാധാരണ ലൈബ്രറിയിലോ വക്കീലോഫീസിലോ മാത്രമേ ഞാൻ ഇത്രം പുസ്തകങ്ങൾ കണ്ടിട്ടുള്ളൂ.

മാഷ് എഴുതാറുണ്ടോ?

ഉം. എന്തേ

ഇത്രയും പുസ്തകങ്ങൾ കണ്ടതുകൊണ്ട് ചോദിച്ചതാ .

നാളെ ഒരു മാസികയ്ക്ക് ഒരു ലേഖനം കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട് ഞാൻ അത് എഴുതുവായിരുന്നു.

ഉം,

അപ്പോൾ കഞ്ചാവ് മാത്രമല്ല അതിനേക്കാൾ വലിയ ലഹരിയായ എഴുത്തുകൂടി ഉണ്ട് എന്നർത്ഥം. ഈ എഴുത്തുകാരെല്ലാം താടിയും മുടിക്കും നീട്ടി വളർത്തി ഒരു കഞ്ചാവ് ലുക്ക് ആണ് അല്ലേലും .

പിന്നെ നീ കിടന്നോ എനിക്ക് കുറച്ച് കൂടി എഴുതാനുണ്ട്, ഞാൻ പയ്യേ കിടന്നോളാം

ഫസ്റ്റ് നൈറ്റിന്റെ സകല പ്രതീക്ഷയും അതോടു കൂടി തീർന്നു. ജഗ്ഗിൽ ഇരിക്കുന്ന കുറച്ച പച്ച വെള്ളം കുടിച്ച് ഞാനും കമഴ്ന്ന് കിടന്നുറങ്ങി.

പിറ്റേ ദിവസം രാവിലെ ഞാൻ ആദ്യം നോക്കിയത് ആ പുസ്തകങ്ങൾക്കിടയിൽ കാമസൂത്രം വല്ലതും ഇരിപ്പുണ്ടോ എന്നാണ് എന്നാൽ അതൊന്ന് വായിക്കാൻ കൊടുക്കാൻ കുറെ നോക്കി അവസാനം കയ്യിൽ കിട്ടിയത് മാധവിക്കുട്ടിയുടെ എന്റെ കഥയാണ്. കുളി കഴിഞ്ഞത് ഞാൻ ആ പല പോസിലും നിന്ന് നോക്കി പുള്ളിക്കാരൻ മൈന്റ് ചെയ്തില്ല.

പിറ്റേ ദിവസം രാവിലെ വിരുന്നിന് വിളമ്പിയ വിഭവങ്ങൾ വേണ്ട എന്ന് പറഞ്ഞപ്പോഴാണ് ചെക്കൻ വെജിറ്റേറിയൻ ആണെന്ന കാര്യം ഞങ്ങൾ അറിയുന്നത്,

അയ്യോ മോനെ ഇനി എന്താ ചെയ്യുക ഇവിടെയെല്ലാം നോൺ വെജ് ആണല്ലോ ഉണ്ടാക്കിയിരിക്കുന്നത് എന്ന് എന്റെ അമ്മ പറഞ്ഞപ്പോൾ ഇന്നലത്തെ പുളിച്ച പഴങ്കഞ്ഞി എടുത്ത് ആ വായ്ക്കകത്തേക്ക് തട്ടിക്കൊടുക്കാനാണ് എനിക്ക് തോന്നിയത്.

അയൽപക്കത്തുനിന്നും കുറച്ച് ഭക്ഷണം കടം മേടിച്ച് രംഗം വഷളാക്കാതെ പിടിച്ചു നിന്നു.

വീണ്ടും കണ്ണീർ സീരിയലുപൊലെ രണ്ടു മൂന്നു ദിവസം തള്ളി നീക്കി. നാലാം നാൾ പെട്ടിയും കിടക്കയും എടുത്ത് ഒരുങ്ങിക്കോളാൻ പറഞ്ഞപ്പോൾ മനസ്സിൽ ലഡു പൊട്ടി, ഒന്നല്ല ഒരഞ്ചാരെണ്ണം ഇത് ഹണിമൂൺ ആഘോഷിക്കാനുള്ള പോക്കു തന്നെ .

റയിൽവേ സ്റ്റേഷനിൽ ചെന്ന് നിന്നപ്പോൾ ഉടൻ തന്നെ അനൗൺസ്മെന്റ് വന്നു ഗോവയ്ക്കുള്ള ലോകമാന്യതിലക് എക്സ്പ്രസ്സ് അൽപസമയത്തിനകം നാലാം നമ്പർ പ്ലാറ്റ് ഫോമിൽ വന്നുച്ചേരും എന്ന്. ചെറുപ്പം മുതൽ ഉള്ള ആഗ്രഹമാണ് ഗോവ എന്ന സ്വപ്നം അത് സഫലമാകാൻ പോകുവാണെന്നോർത്തപ്പോൾ ഞാൻ ദ്രിദംഗ പുളകിതയായി.

വാ നന്മുടെ ട്രെയിൻ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലാ

രണ്ടോ നാലല്ലോ ?

അല്ല കോയമ്പത്തൂരിലേക്കുള്ള ട്രെയിൻ രണ്ടിലാ .അവിടെ നിന്ന് നമുക്ക് ബസ്സിൽ പോകാം.

അല്ല ഇത് എങ്ങോട്ട് പോണ കാര്യമാണ് മാഷ് പറയുന്നത്. ?

പഴനിയിലേക്ക്.

പഴനിയിലോ ഹണിമൂണോ?

അതിന് ഹണിമൂണിനാണ് പോകുന്നത് എന്ന് നിന്നോട് ആരാ പറഞ്ഞേ?

ഹോ . വെള്ളത്തിൽ വീണ പാറ്റയെ പൊലെ ഞാൻ അങ് വല്ലാണ്ടായി. ഇനിയുള്ള ജീവിതം പഴനിയിലും തിരുപ്പതിയിലും ഒക്കെ ആവുമെന്ന് ഏറെക്കുറെ തീരുമാനമായി.

പഴനിയിൽ ചെന്ന് ആദ്യം ചെയ്തത് ആ താടിയും മുടിയും ഒക്കെ ഒന്ന് വെട്ടി, ഇപ്പോൾ തന്നെ കാണാൻ കുറച്ച് വെട്ടവും വെളിച്ചവും ഒക്കെ ഉണ്ട് .

മാഷിനെ കാണാൻ പഴയതിലും ഭംഗി ഇപ്പോഴാട്ടോ “

ഞാൻ ഒന്ന് പൊക്കിയടിച്ചു.

ഉം, നീ വാ കുറച്ച് വഴിപാട് കൂടി ഉണ്ട്.

ആ ഇനി എന്റെ നാക്കിൽ ശൂലം വല്ലതും കയറ്റുമോ എന്നായിരുന്നു എന്റെ പേടി.

അവിടെ നിന്ന് നേരെ പോയത് ചൈന്നൈയ്ക്കാണ് വൈകുന്നേരം മറീന ബീച്ചിൽ ഒന്ന് കറങ്ങി.

ഹോ ഇതിപ്പോ ഹണിമൂൺ എന്ന് പറഞ്ഞപ്പോൾ എന്നെ സമാധാനിപ്പിക്കാൻ അല്ലാണ്ട് എന്താ? ഞാൻ വല്ല്യ മൈന്റ് കൊടുത്തില്ല.

പിറ്റേ ദിവസം രാവിലെ ടാക്സിയിൽ എയർപോർട്ടി ലേക്ക് പുറപ്പെട്ടു. ഇങ്ങോട്ട് വന്നത് ട്രൈയിനിൽ അല്ലേ അങ്ങോട്ടും അങ്ങിനെ പോയാൽ പോരെ എന്ന് ചോദിക്കണമെന്നുണ്ട് പക്ഷേ ഇനി അതിന്റെ വായിൽ ഇരിക്കുന്നത് കേൾക്കണ്ട എന്ന് വിചാരിച്ച് ഞാൻ ഒന്നും മിണ്ടാൻ പോയില്ല.

ഫ്ലയ്റ്റിൽ കയറി നെരെ ചെന്നിറങ്ങിയത് കൊച്ചിയിൽ ആയിരുന്നില്ല. പന്താ നഗർ എയർ പോർട്ടിൽ ആയിരുന്നു അവിടെ നിന്ന് ടാക്സിയിൽ നേരെ നൈനിറ്റാളിലേക്ക് സത്യം പറഞ്ഞാൽ എനിക്ക് എന്റെ കണ്ണുകളെ തന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല .

നീ ഇതിന് മുൻപ് ഇവിടെ വന്നിട്ടുണ്ടോ?

ഇല്ല.

ഉം. MT യുടെ മഞ്ഞ് വായിച്ച അന്ന് മുതൽ തുടങ്ങിയതാണ് ഈ ഒരു ആഗ്രഹം അത് മാത്രമല്ല എപ്പോഴും ഇവിടെ 0 ഡിഗ്രി തണുപ്പാണ് ഹണിമൂൺ ആഘോഷിക്കാൻ പറ്റിയ സ്ഥലം .

അല്ല മാഷിന് ഇത് എന്ത് പറ്റി.

നീ എന്താ വിചാരിച്ചത് താടി നീട്ടി വളർത്തി കഞ്ചാവും വലിച്ച് ചുമ്മാ എഴുതിക്കൊണ്ടിരിക്കുന്ന ഒരു ബുദ്ധിജീവി ആണെന്നോ ഞാൻ എന്നാൽ നിനക്ക് തെറ്റി. വയസ്സ് 30 ആയിട്ടും കല്യാണം കഴിയാതിരുന്ന എനിക്ക് പെണ്ണ് കിട്ടാൻ വേണ്ടി അമ്മ പറഞ്ഞ വഴിപാടുകൾ ആയിരുന്നു അതൊക്കെ. നല്ല പൊലെ മട്ടനും ചിക്കനും പോർക്കും ഒക്കെ തിന്ന് തന്നാ ഞാൻ വളർന്നത്

അപ്പോൾ ഇത് വരെ എന്നോട് പെരുമാറിയതൊക്കെ.

മാഷ് പൊട്ടിച്ചിരിച്ചു.

അതെ ഈ വഴിപാട് നൊയമ്പ് എന്നൊക്കെ പറയുമ്പോൾ അതിൽ സ്ത്രീ വിഷയവും പാടില്ല അത് കൊണ്ടാ .കാരണം നീ എന്റെ അടുത്തു വരുമ്പോഴോക്കെ എനിക്ക് എന്നെ തന്നെ പേടിയായിരുന്നു അതു കൊണ്ട് ഞാൻ ചുമ്മാ കലിപ്പിട്ടതല്ലേ.

പൊന്നു മാഷേ ഇപ്പോഴാണ് എന്റെ ശ്വാസം ഒന്ന് നേരെ വീണത്. പേടിപ്പിച്ചു കളഞ്ഞു ദുഷ്ടൻ .എന്തൊക്കൊ നാടകം ആയിരുന്നു നോൺ വെജ് കഴിക്കില്ല പാല് കുടിക്കില്ല എന്ത് ചോദിച്ചാലും തർക്കുത്തരം മാത്രം .ഞാനും വിചാരിച്ചു കല്യാണ നിശ്ചയം കഴിഞ്ഞ് 24 മണിക്കൂറും ഫോണിലൂടെ ഒലിപ്പിച്ചോണ്ടിരുന്ന ഇങ്ങേർക്ക് ഇത് എന്ത് പറ്റിയെന്ന് .

ഇങ്ങ് വാ പെണ്ണെ മാഷ് എന്റെ കൈ പിടിച്ച് ബെഡിലേക്ക് വലിച്ചിട്ടു. കാര്യങ്ങളൊക്കെ ഇനി നമുക്ക് പിന്നെ പറയാം ആദ്യം ഞാൻ നിന്നെ ശരിക്കും ഒന്ന് കാണട്ടെ.

ഇനിയിപ്പോ രാത്രിയാവാൻ നിക്കണ്ട ഐശ്വര്യമായിട്ട് ഫൈസ്റ്റ് പകൽ അങ്ങ് ആഘോഷിക്കാം അല്ലേ.

ഉം…വൈദ്യൻ കൽപിച്ചതും പാല് രോഗി ഇഛിച്ചതും പാല് .അങ്ങിനെ ഹണിമൂൺ ഒരാഴ്ച അടിച്ചു പൊളിച്ച് വീട്ടിൽ തിരിച്ചെത്തി മാഷ് വീണ്ടും നനഞ്ഞ കോഴിയെ പൊലെയായി എന്നാണ് ഞാൻ വിചാരിച്ചത്. എന്നാൽ എന്റെ എല്ലാ പ്രതീക്ഷകളും വീണ്ടും തെറ്റിച്ചു കൊണ്ട് പിന്നങ്ങോട്ടുള്ള ഒരു രാത്രിയും മാഷ് എന്നെ കിടത്തി ഉറക്കിയിട്ടില്ല എന്നതാണ് സത്യം .

ശുഭം.