അവൾക്ക് നാളെ മുതല് നൈറ്റാന്ന്, ഒരാഴ്ച്ച ഇങ്ങോട്ട് വരൂല്ലാന്ന്, എന്നോട് കൊച്ചിനെ നോക്കണോന്ന്…

On-line Special Duty (part 02) ~ Writter : Alfin Jose

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ബസിൽ നിന്നിറങ്ങി കവലയിലൂടെ നടന്നു നീങ്ങിയപ്പോൾ ചെറിയ മഴ ചാറുന്നുണ്ടായിരുന്നു..ബിൻസി കൈയ്യിലിരുന്ന കുട നിവർത്തി ചുറ്റുമൊന്ന് കണ്ണോടിച്ചു നോക്കി…ശേഷം വീണ്ടും നടത്തം തുടർന്നു..

രാവിലെ കണ്ട പോലെയല്ല ചുറ്റുമെല്ലാം വിജനമായിരുന്നു. ആ കവല കഴിഞ്ഞ് ഇടവഴിയിലേക്ക് കേറുന്ന മുന്നേ ഒരു പലചരക്ക് കടയുണ്ട്, ആ കട അടയ്ക്കുന്ന തിരക്കിലാണ് പാപ്പൻ ചേട്ടൻ. “എന്നതാ പാപ്പൻ ചേട്ടാ നേരത്തേ പൂട്ടുവാണോ” ?. തിരക്കിട്ടടയ്ക്കുന്നതിനിടയിൽ പുള്ളി വിളികേട്ട് തിരിഞ്ഞു.

“ബിൻസി കൊച്ചാരുന്നോ”, “അതേ, നമ്മുടെ ഇന്ദിരാ നഗറ് കോളനിയിലെ മറ്റത്തിലെ ജയ്സണില്ലേ”?.

“നമ്മുടെ ജോസേട്ടന്റെ, കഴിഞ്ഞ ഞായറാഴ്ച്ച ഗൾഫിന്ന് വന്ന”? ബിൻസി സംശയത്തോടെ ചോദിച്ചു.

“അത് തന്നെ കൊച്ചേ, പുള്ളിക്കാരന് കോവിഡാണെന്ന്, ആമ്പുലൻസും പഞ്ചായത്ത് വണ്ടീം അങ്ങോട്ട് പോയിട്ടുണ്ട്”.

“അതിന് ചേട്ടനെന്തിനാ അടയ്ക്കുന്നേ”.

“എന്നെ നമ്മുടെ വാർഡ് മെമ്പറ് ബിന്ദു ഇല്ലേ, പുള്ളിക്കാരി വിളിച്ചു പറഞ്ഞു. ഇനി എന്ന് തുറക്കാനാവുവോ എന്തോ”?. ബിൻസി മറുപടി ഒന്നും കൊടുക്കാതെ നടത്തം തുടർന്നു. ഇടക്കെപ്പഴോ ഒരാമ്പുലൻസ് ബിൻസിയുടെ എതിർ വശം കൂടി വന്നു അവൾ റോഡിനരിക് ചേർന്ന് അതിന് വഴിയൊരുക്കി നിന്നു.

“അതേ മനുഷ്യാ മോന് വന്നാ എന്നാ ചെയ്യും, ഗർഫീന്ന് വരുന്ന എല്ലാത്തിനും രോഗമാന്നാ കേക്കണേ” … വീട്ടിലെ ഒച്ചത്തിലുള്ള സംസാരം വരുന്ന വഴിക്കേ ബിൻസിക്ക് കേക്കാമായിരുന്നു ..” ഇന്നും ലേശം സൗര്യം തരത്തില്ല തള്ള, ഇന്ന് അതിയാനാണ് ‘ വിഷയം”.

നനഞ്ഞ കുട നടയ്ക്ക് ഒരരിക് ചേർത്ത് മടക്കി വെയ്ച്ച് ഉളളിലേയ്ക്ക് കേറുന്നതിന് മുന്നേ തള്ളയുടെ ചോദ്യം വന്നു. എടീ ബിൻസി മോനെങ്ങാനും നിന്നെ വിളിച്ചോ ? “എന്നെയോ ഇല്ലല്ലോ.. കുഞ്ഞ് എന്തിയേ അമ്മേ?, “അവൻ നല്ല ഒറക്കത്തില്ലാ” .. വേറൊന്നും പറയാതെ ബിൻസി ഉള്ളിലേക്ക് കയറുന്നതിന് മുന്നേ അപ്പനെ നോക്കി ഒരു പുഞ്ചിരി തൂകി. നേരെ കുളിമുറിയിൽ കയറി കുളീം കഴിഞ്ഞായിരുന്നു കുഞ്ഞിനെ കാണാൻ ബിൻസി ചെന്നത് . ഉറങ്ങി കിടന്ന അവന്റെ നെറുകിലൊരു ഉമ്മകൊടുത്ത് റൂമിൽ നിന്നും അടുക്കളയിലേക്ക് നടന്നു

“അമ്മേ എനിക്ക് നാളെ മുതല് നൈറ്റാ. കുഞ്ഞിന്റെ കാര്യം” ബിൻസി ലേശം ദയനീയതയോടെ അമ്മയോട് സംസാരിച്ചു. “എന്നേം കൊണ്ട് ഒറ്റയ്ക്ക് നോക്കാൻ പറ്റൂല്ല, “അമ്മേ അത്”. ഞാൻ കൊച്ചുണ്ടായ അന്നേ പറഞ്ഞതാ, ഇതിനെ നോക്കി ഇവിടിരുന്നാ മതീന്ന്, അതിന് നിന്റെ തലയ്ക്കാത്തോട്ട് അതൊന്നും കേറത്തില്ലല്ലോ” ? “ഒരാഴ്ചയല്ലേ”? അല്ല ഒരാഴ്ച ഡ്യൂട്ടി ഒരാഴ്ച ക്വാറന്റീൻ . അതെന്നാ സാധനം അത്.. ഓ എന്നെ വിളിച്ചോ? “എന്നതാടി കൊച്ച് വന്ന് കേറിയ പാടെ നിന്റെ പിരി കേറിയോ”?.

“അവൾക്ക് നാളെ മുതല് നൈറ്റാന്ന്, ഒരാഴ്ച്ച ഇങ്ങോട്ട് വരൂല്ലാന്ന്, എന്നോട് കൊച്ചിനെ നോക്കണോന്ന്”. അമ്മ അപ്പൻ കേക്കുന്ന രീതിയിൽ ഒച്ചത്തിൽ സംസാരിച്ചു.”നിനക്കെന്നാ പണി”, “ബീൻസി, ആ പൈപ്പ് ഓഫ് ചെയ്തേ കേക്കണില്ല”. അമ്മ ബിൻസിയോട് പറഞ്ഞു. “കേട്ടില്ല മനുഷ്യാ എന്നാ പറഞ്ഞേ”?, അമ്മ അപ്പനോട് ചോദിച്ചു. “നിനക്കെന്നാ പണീന്ന്, കൊച്ചിനെ നോക്കത്തില്ലെ”? .”എന്നാ നിങ്ങള് അടുക്കള പണി എടുത്തോ, ഞാൻ കൊച്ചിനെ നോക്കിക്കോളാം”. മറുഭാഗത്ത് നിന്ന് മറുപടിയൊന്നും വന്നില്ല. ബിൻ സിയുടെ മുഖത്ത് ചമ്മിയ ചിരി വിടർന്നു.

അടുക്കളയിലെ പണിയെല്ലാം ഒരുക്കിഒതുക്കി റൂമിലേക്ക് ചെന്ന് നാളത്തേയ്ക്ക് പായ്ക്ക് ചെയ്ത് വെയ്ക്കണ്ട തുണി കുഞ്ഞ് കിടന്ന കട്ടിലിന്റെ കാല് ഭാഗത്ത് വെച്ച് അടുക്കിയെടുത്ത് ഒരു വലിയ ബാഗിൽ വെച്ചു . ലൈറ്റും അണച്ച് കുഞ്ഞിന്റെ അരിക് ചേർന്ന് തല ചായ്ച്ചപ്പോൾ ലാമ്പ് ടേബിളിലിരുന്ന ഫോൺ കൈയെത്തിച്ച് പിടിച്ച് കൈക്കുള്ളിലാക്കി. നെറ്റ് ഒന്ന് ഓൺ ചെയ്ത് വാട്ട്സാപ്പ് മെസേജ് നോക്കുന്നതിനിടയിൽ Duty Shedule ഗ്രൂപ്പിലൊന്ന് കണ്ണോടിച്ചു പ്രതിക്ഷിച്ച പോലെ തന്നെ Special Duty .

ഇടക്കെങ്കിലും ക്ഷേമാന്വേഷണം ഉണ്ടായിരുന്ന കെട്യോന്റെ മെസ്സേജ് ഒന്നും അവൾ കണ്ടില്ല. “ഇച്ചായാ” എന്ന് മാത്രം ടൈപ്പ് ചെയ്ത് മൂന്നാല് കുത്തും ഇട്ട് ഫോൺ ഇരുന്നിടത്ത് തന്നെ തിരികെ വച്ചു കുഞ്ഞിനോട് തല ചേർത്തവൾ കിടന്നു.

തുടരും….