മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
ഇനി ഞാൻ എന്നല്ല ആര് എത്ര വർഷം പിറകെ നടന്നാലും വിഷ്ണുവിന്റെ മനസിൽ അവന്റെ തൃപ്തയ്ക്ക് മാത്രേ സ്ഥാനമുണ്ടാവൂ.
ദൂരെ അച്ഛന്റെ കൂടെ കാത്ത് നിൽക്കുന്ന വിഷ്ണുവേട്ടനെ നോക്കി ജാൻവി പറഞ്ഞു.
അമ്മാളൂ….ഞാനെവിടെയോ വായിച്ചതാണ് നമ്മൾ അവസാനിച്ചൂന്നു കരുതിന്നിടത്തു നിന്നവാം മനോഹരമായ ജീവിതത്തിന്റെ തുടക്കം
എന്തിനാ വിഷ്ണുവേട്ടാ എന്റെ സ്നേഹിച്ചത്…
ഞാനും ആലോചിക്കാറുണ്ട് തൃപ്ത അത്…കണ്ട മാത്രയിൽ നീ ഏങ്ങനെ എന്റെ ചങ്കിൽ കയറിപ്പറ്റിന്ന്…
തൃപ്താ..ഇപ്പോഴും നിനക്കെന്റെ പ്രണയത്തിൽ വിശ്വാസമില്ലേ…
വിശ്വാസം ഇല്ലാത്തത് എന്റെ പ്രണയത്തിലാണ് വിഷ്ണുവേട്ടാ…ഇത്രയും കാലം പ്രണയിച്ചയാൾ പ്രണയമില്ലാതെ ശരീരം കവർന്നു….താലി കെട്ടീട്ടോ ശരീരം ഒന്നായിട്ടോ ഇത്തിരി പ്രണയം മാത്രം ആ കണ്ണിൽ കാണാൻ പറ്റിയില്ല
ആദ്യം തൊട്ട സ്തീയെ പുരുഷൻ മറക്കില്ലാന്നു പറയുന്നത് സത്യമാണോ…വിഷ്ണുവേട്ടാ…
വേണ്ട…ഓർക്കേണ്ടാ….
ഒരു ദീർഘ നിശ്വാസത്തിൽ പതച്ച് പൊന്തിയ വികാരങ്ങളൊക്കെ അടക്കി.
എനിക്ക് വിശ്വസമുണ്ട് തൃപ്താ…ഒരിക്കൽ ഈ വിഷ്ണു നിന്റെ കണ്ണിൽ പതിയും. അന്ന് ഈ കൺമഷി ചിന്തിയ കണ്ണിൽ തെളിമയോടെ എന്നെ മാത്രമേ കാണൂ…
ദൂരേക്ക് കണ്ണും നട്ടിരുന്ന വിഷ്ണുവേട്ടനെ തന്നെ നോക്കി.പിന്നെ കണ്ണുകൾ ചുറ്റും പരതി നടന്നു.മൗനത്തിന്റെ ഒരു കടൽ തന്നെ രണ്ട് പേർക്കിടയിൽ ഒഴുകി.
അച്ഛാ… ചിറ്റ വിളിച്ചിരുന്നു അർജുവേട്ടനും ചിറ്റേം സാന്ദ്രേടെ കൂടെ ഓസ്ട്രേലിയയിലേക്ക് പോവ്വാണ്ന്നു.
നെഞ്ച് തടവി കസേരയിൽ ചാരി ഇരുന്നതല്ലാതെ ഒന്നും പറഞ്ഞില്ല
ഉമ്മറത്ത് പോയിരുന്നു.ആകാശത്ത് പടക്കങ്ങൾ പല വർണങ്ങളായി പൊട്ടിത്തെറിക്കുന്നു.
വാസുമാമേ…തെയ്യം കാണാൻ പോവാ….
ആ…റെഡി ആയിക്കോളൂ…
സാധിരണ രാത്രി പോവാൻ വാസുമാമ സമ്മതിക്കില്ല.കള്ളുകുടിയൻമാര് കുറേ എണ്ണമുണ്ടാവുംന്നു പറഞ്ഞ്.
അലമാരയിലെ അടുക്കി വെച്ച സാരിയിലേക്ക് പോയ കൈ പിൻവലിച്ചു.അമ്മേടെ മുറിയിലെ പഴയ ഷെൽഫിൽ വെച്ച ധാവണി എടുത്ത് ഉടുത്തു.
എന്നും അമ്മ കൂടെ ഉണ്ട്
.ദൈവത്താർ തന്ന ഇത്തിരി തുളസി ഇലയിലും ചെക്കിപ്പൂവിലും ഒരു നുള്ള് അരിയിലും വിശ്വസിച്ച് ബാക്കി ഉണ്ടായിരുന്ന സങ്കടമെല്ലാം ആ മടിയിൽ ഇറക്കി വെച്ചു.
മനയ്ക്കലെ പെണ്ണിനെ സ്വപ്നം കാണാൻ പോലുമുള്ള അർഹത അവ്ടത്തെ പുറം പണിക്കാരന്റെ മോന് ഇല്ലാ അല്ലേ തൃപ്ത…
ധാവണി തുമ്പിൽ വിരലുകൾ കൊണ്ട് തെരുപ്പിടിപ്പിക്കാൻ ശേഷിയുള്ള സ്വരം.
അങ്ങനെയല്ല വിഷ്ണുവേട്ടാ ….എനിക്കാ അർഹത ഇല്ലാത്തത്…രണ്ടാം കെട്ട്കാരി….കാലിന് സുഖമില്ലാത്തവൾ…
നിന്നെ ഞാൻ സ്നേഹിക്കുന്നു തൃപ്താ…അതാ നിന്റെ അർഹത…എന്റെ ജീവനും ജീവിതത്തിനും നിനിക്ക് മാത്രമാ അവകാശം…ഒന്ന് മനസിലാക്കി കൂടെ…
എന്ത് പറയണമെന്ന് അറിയാതെ നിന്നു.
കാത്തിരിന്നോളാം ഞാൻ…..
അതും പറഞ്ഞ് വിഷ്ണുവേട്ടൻ ബഹളങ്ങൾക്കുള്ളിലേക്ക് പോയി.
ഈറൻ മേഘം പൂവും കൊണ്ട്
പൂജയ്ക്കായ് ക്ഷേത്രത്തിൽ പോകുമ്പോൾ
പൂക്കാരീ…നിന്നെ കണ്ടു ഞാൻ….
പാടുമ്പോൾ കണ്ണുകൾ എന്നിലാണെന്ന് മനസിലായതോടെ വാസുമാമേടെ പിറകിൽ ഒളിച്ചു.
ആദ്യമായിട്ടാണ് വിഷ്ണുവേട്ടൻ പാടുന്നത് കാണുന്നത്.ഉമ്മറത്തിരുന്ന് ചിറ്റയോടപ്പം ഗാന മേള കേൾക്കും.
വീട്ടിലെത്തുമ്പോൾ അച്ഛൻ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു
അച്ഛാ…..
ഞാനിവ്ടെ ഉണ്ട്….
അച്ഛനെന്തിനാ അമ്മേടെ റൂമിൽ വന്നിരിക്കുന്നേ…
വെറ്തേ ….
അച്ഛന്റെ അടുത്ത് പോയിരുന്നു.
വല്ലാത്തൊരു പേടി ഇപ്പോ….മോളെ ഒറ്റക്കാക്കി പോവേണ്ടി വര്വോന്നു….
എന്തിനാ അച്ഛാ..അങ്ങനെയൊക്കെ ചിന്തിക്ക്ന്നേ….
ഓരോ ചിന്താ….കൊറച്ച് ദിവസായി മോളെ അമ്മേ സ്വപ്നം കാണുന്നു….മോൾക്ക് ഒരു നല്ല ജീവിതം പോലും ഉണ്ടാക്കി കൊടുക്കാൻ പറ്റിയില്ലാലോന്നു അവൾ കുറ്റപ്പെടുത്തും പോലെ…
നെഞ്ച് തടവി കൊണ്ട് പറഞ്ഞു.
അച്ഛാ….വിഷ്ണുവേട്ടനുമായ്ള്ള കല്ല്യാണത്തിന് എനിക്ക് സമ്മതാ…അവരോട് വരാൻ പറഞ്ഞോളൂ…..
അതും പറഞ്ഞ് മുറിക്ക് പുറത്തേക്ക് നടന്നു.
മനസ് വരണ്ടിരിക്കുവാണ് വിഷ്ണുവേട്ടാ….വിഷ്ണുവേട്ടൻ ആഗ്രഹിക്കും പോലൊരു ഭാര്യ ആവ്വോന്നറിയില്ല…ശ്രമിക്കാം…
എന്നിലേക്ക് നീ എത്തായിരുന്നു ഇതെല്ലാംന്നു കരുതിയാ മതി…
അതും പറഞ്ഞ് ദേവ്മ്മയോടൊപ്പം നടന്നു പോയി
താലി പൊന്നിന്റെ തണുപ്പ് കഴുത്തിൽ തട്ടിയപ്പോൾ മുഖമുയർത്തി വിഷ്ണുവേട്ടനെ നോക്കി.കണ്ണുകൾ ചിമ്മി കൊണ്ട് ചിരിച്ചപ്പോൾ തിരിച്ച് ചിരിക്കാതിരിക്കാൻ ആയില്ല.
വിഷ്ണുവേട്ടന് ഞാൻ കാരണം ഒരു സങ്കടവും വരുത്തല്ലേന്നു പ്രാർത്ഥിച്ചു.
പ്രസാദം വാങ്ങിക്ക്…..
വിഷ്ണുവേട്ടൻ വിളിച്ചപ്പോഴാണ് കണ്ണു തുറന്നത്.
വെള്ളപ്പൂവുണ്ടോന്നു നോക്കുന്നില്ലേ…
വേണ്ട….അറിയേണ്ട
ഇലകീറിൽ നോക്കാതെ വിഷ്ണുവേട്ടനെ ഏൽപ്പിച്ചു.
അമ്പലത്തിൽ നിന്നും ഇറങ്ങുമ്പോഴും വിഷ്ണുവേട്ടന്റെ കൈകൾ എന്റെ കൈകളോട് കോർത്ത് തന്നെയിരുന്നു.
കുറച്ച് പേർ മാത്രം പങ്കെടുത്ത ആരവങ്ങളോ ആഘോഷമോ ഒന്നുമില്ലാത്ത ചടങ്ങ്.കണ്ണന്റെ നടയിൽ വെച്ച് താലി കെട്ടി അത്ര മാത്രം.
ദേവ്മ്മ നിറ പുഞ്ചിരിയോടെ നിലവിളക്കുമായ് സ്വീകരിച്ചു.വേറെ ഒരു വീട്ടിൽ….അതിന്റെ എല്ലാ അങ്കലാപ്പും ഉണ്ടായിരുന്നു.വൈകുന്നേരമായപ്പോൾ ഞങ്ങൾ മൂന്നു പേരും മാത്രമായി.
പാൽ ഗ്ലാസുമായി മുറിയിലേക്ക് കയറുമ്പോൾ വല്ലാത്തൊരു വീർപ്പുമുട്ടൽ.എത്ര ഓർക്കേണ്ടാന്നു വെച്ചിട്ടും പലതും മനസിലേക്ക് വന്നു.
പാൽ അവ്ടെ വച്ചേക്ക്….
പാൽ ഗ്ലാസ് മേശയിൽ വച്ച് മേശയിൽ ചാരി നിന്നു.
ശ്വസമൊന്ന് വിടടോ….
എന്റെ അവസ്ഥ മനസിലാക്കിയിട്ടെന്ന പോലെ ചിരിയോടെ വിഷ്ണുവേട്ടൻ പറഞ്ഞു.
എനിക്കറിയാം തനിക്ക് എല്ലാറ്റിനും സമയം വേണമെന്ന്…അന്ന് താനത് പറഞ്ഞതുമല്ലേ…പിന്നെന്തിനാ ഇങ്ങനെ വിരണ്ടു നിൽക്കുന്നേ…
ഒന്നു ചിരിച്ചു.
താനിവിടെ വന്നിരിക്ക്….
വിഷ്ണുവേട്ടനിൽ നിന്നും കുറച്ച് മാറിയിരുന്നു.
ഏതായാലും പാലു കുടിക്കാം.ആ ചടങ്ങെങ്കിലും നടന്നോട്ടെ..അല്ലെ…ബാക്കി പാൽ കുടിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടോ…
ഇല്ല……
കണ്ണടച്ച് കിടക്കുന്ന വിഷ്ണുവേട്ടനെ നോക്കി കിടന്നു.പൂർണ ചന്ദ്രന്റെ അരണ്ട വെളിച്ചം മുറിയിലേക്ക് അരിച്ചിറങ്ങുന്നുണ്ട്.
സന്തോഷത്തേക്കാൾ സമാധാനമാണ് തൃപ്താ…
മലർന്നു കിടന്ന് കണ്ണടച്ചാണ് സംസാരം.
നിന്നെ നഷ്ടപ്പെട്ട തോന്നൽ എന്റെ ഉറക്കം കെടുത്തിയിരുന്നു.നിന്നെ ആദ്യമായി കണ്ട ദിവസവും ഞാനുറങ്ങിയിട്ടില്ല….നിന്നെ അന്ന് കണ്ടപ്പോൾ പുമ്പാറ്റയെ പോലെയാ തോന്നിയത്.മനയ്ക്കലെ ഒരു കോണിൽ നിന്നും മറ്റൊരു കോണിലേക്ക് പറന്നു നടക്കുന്ന ശരിക്കുമൊരു പൂമ്പാറ്റ….പ്രണയത്തെക്കാൾ കൗതുകമാ അന്ന് നിന്നെ കണ്ടപ്പോൾ തോന്നിയത്….
വിഷ്ണുവേട്ടന്റെ ഓരോ വാക്കിനും കാതോർത്തു.പക്ഷെ ഒന്നും തിരിച്ച് പറഞ്ഞില്ല.കുറച്ച് കഴിഞ്ഞപ്പോൾ വിഷ്ണുവേട്ടന്റെ ശ്വാസഗതി സാവധാനമായി.
എന്തിന് ഇങ്ങനെ സ്നേഹിക്കുന്നു വിഷ്ണുവേട്ടാ….
വിഷ്ണുവേട്ടന്റെ മുടിയിൽ പതിയെ തലോടി.
രാവിലെ അടുക്കളയിലെത്തുമ്പോൾ ദേവ്മ്മ പണികൾ തുടങ്ങിയിരുന്നു.
ആഹാ…രാവിലെ കുളിച്ചോ….
കുളിച്ചു.പണ്ടേ ഉള്ള ശീലാ..ചിറ്റ പഠിപ്പിച്ചതാ….ഞാനെന്താ ചെയ്യേണ്ടേ…
പ്രത്യേകിച്ച് ഒന്നൂല്ല…എനിക്ക് ചെയ്യാനേ ഉള്ളൂ…തേങ്ങ ചിരവി തന്നോ…വിഷ്ണുവാ സാധാരണ ചെയ്യാറ്….
വിഷ്ണൂന്റെ അച്ഛനുള്ളപ്പോൾ മൂന്നു പേരും കൂടിയാ അടുക്കള പണിയൊക്കെ…
തേങ്ങ ചിരവി കൊണ്ടിരിക്കെ വിഷ്ണുവേട്ടൻ വന്ന് അടുത്തായി സ്ലാബിൽ കേറിയിരുന്നു.ചിരവിയ തേങ്ങ എട്ത്തു തിന്നാൻ തുടങ്ങി.
ദേവ്മ്മേ…ദേ..വിഷ്ണുവേട്ടൻ ചിരവിയ തേങ്ങ മുഴുവൻ തിന്നുന്നു…
അവന്റെ കൈക്ക് ഒന്ന് കൊടുക്ക്…അവൻ ചിരവിയാലും പകുതി തേങ്ങയേ കിട്ടൂ..ബാക്കി പകുതി അവന്റെ വയറ്റിലായിരിക്കും…
വിഷ്ണുവേട്ടൻ പിന്നെയും കൈ നീട്ടിയപ്പോൾ അടിക്കാനെന്ന പോലെ ആഗ്യം കാണിച്ചു.
അമ്മാളൂ പേടിക്കണ്ടാട്ടോ ഇവ്ടെ ആരും മീനോ ഇറച്ചിയോ ഒന്നും കൂട്ടില്ല.പണ്ട് വിഷ്ണു കൂട്ടുമായിരുന്നു.ഒരു ദിവസം പറഞ്ഞു ഇനി മുതൽ വെറും പച്ചക്കറിയേ കഴിക്കൂന്നു.വിഷ്ണൂന്റെ അച്ഛന് ഉള്ളപ്പോ നിർബന്ധായിരുന്നു.പിന്നെ എനിക്ക് മാത്രായിട്ട് വെക്കണ്ടോണ്ട് ഞാനും നിർത്തി.
വിഷ്ണുവേട്ടനെ നോക്കിയപ്പോ ചിരിച്ച് കൊണ്ട് എഴുന്നേറ്റ് പോയി.
എന്തേ മീനും ഇറച്ചി ഒക്കെ ഒഴിവാക്കിയെ…
കണ്ണാടിയിൽ നോക്കി മുടി ചീകി കൊണ്ടിരിക്കുകയായിരുന്നു വിഷ്ണുവേട്ടൻ.
ഒരു നമ്പൂതിരി പെണ്ണോട് ഇഷ്ടം തോന്നി.അവളെ കെട്ടിയാ അവൾക്ക് ബുദ്ധിമുട്ടാവരുതല്ലോ…
ചിരിയോടെ തന്നെ മുടി ചീകലിൽ ശ്രദ്ധിച്ചു.
അമ്മാളൂനും ഉണ്ടോ ഈ ശീലം .വിഷ്ണൂനോം ഉണ്ട്..എപ്പോഴും രാവിലെ മുല്ലപ്പൂ പൊറുക്കി വയ്ക്കും.അവൻ നട്ടതാ ഈ മുല്ല വള്ളിയൊക്കെ…
ചിറ്റേടെ ശീലാ..പിന്നെ അമ്മ കണ്ണനു മുല്ലമാല കെട്ടിക്കോളാന്നു നേർന്നിരുന്നു.മിക്കപ്പഴും എനിക്ക് മുന്നേ വാസുമാമ പറിച്ച് വെക്കും..
വിഷ്ണുവേട്ടനോടൊപ്പം അമ്പലത്തിൽ പോയി.പ്രാർത്ഥിച്ചത് വിഷ്ണുവേട്ടന്റെ സന്തോഷത്തിന് വേണ്ടിയായിരുന്നു.
വിഷ്ണുവേട്ടനോടപ്പം എന്തൊക്കെയോ സംസാരിച്ച് നടന്നു.ഇടക്ക് വിഷ്ണുവേട്ടൻ പാട്ട് മൂളും.
ഓഫീസിൽ പോവുമ്പോ വിഷ്ണുവേട്ടന് വേണ്ടതൊക്കെ എട്ത്തു വെച്ച് കൊടുത്തു.ചിലപ്പോ ഇങ്ങോട്ട് തന്നെ ഓരോന്ന് ചെയ്ത് തരാൻ പറയും.എങ്കിലും സുതാര്യമായ ഒരു മറ രണ്ട് പേർക്കിടയിലുമുണ്ടായിരുന്നു.
എന്നും വിഷ്ണുവേട്ടന്റെ ചുണ്ടിൽ മൂളിപ്പാട്ടുണ്ടാവും.പിന്നെ ആ ശീലം എനിക്കും വന്നും. മൂളിപ്പാട്ടു പാടി കൊണ്ട് ജോലി ചെയ്യും.മിക്കപ്പോഴും വിഷ്ണുവേട്ടൻ പാടി കൊണ്ട് നടന്ന പാട്ടായിരിക്കും നാവിൽ വരിക.
വിഷ്ണുവേട്ടൻ പോയാൽ ദേവ്മ്മയോടൊപ്പം ഓരോ സാധനങ്ങൾ ഉണ്ടാക്കും.ദേവ്മ്മ ഓരോ അഭിപ്രായം പറയും അത് ശരിയായില്ല..ഇത് ശരിയായില്ലാന്നൊക്കെ..ഇടക്ക് ദേവ്മ്മയും എന്തേലും ഉണ്ടാക്കാൻ ശ്രമിക്കും.
ദേവ്മ്മ ഞാൻ കുറച്ച് ദിവസം വീട്ടിൽ പോയി നിന്നോട്ടേ…
പോയിക്കോ…കുറേ ആയില്ലേ പോയിട്ട്…അമ്മാളൂന്റെ അച്ഛൻ വിചാരിക്കുന്നുണ്ടാവും…
വീട്ടിൽ എത്തിയ പാടെ അച്ഛന്റെ മടിയിൽ തല വെച്ചിരുന്നു.അച്ഛന്റെ കൈകൾ മുടിയിൽ തഴുകി കൊണ്ടിരുന്നു…
വാസുമാമയോടും അച്ഛനോടുമെല്ലാം സംസാരിച്ചിരുന്നു.അച്ഛനും വാസുമാമയ്കും ഭക്ഷണം വിളമ്പിക്കൊടുത്തു.
ഉറങ്ങാനായി കിടന്നപ്പോൾ മുറിയിൽ എന്തൊക്കെയോ കുറവ് പോലെ.തൃപ്താന്നു നീട്ടിയുള്ള വിളി കേൾക്കാൻ പറ്റാത്തതിൽ വല്ലാത്തൊരു നഷ്ട ബോധം തോന്നുന്നു.കണ്ണടച്ചുള്ള പഴംകഥകൾ…ഉറങ്ങി കഴിഞ്ഞുള്ള ആ മുടിയിൽ തലോടൽ…എല്ലാം..എല്ലാം …വേണം
വിഷ്ണുവേട്ടാ…….
അറിയാതെ വിളിച്ചു പോയി…
രാവിലെ വരെ തിരിഞ്ഞും മറിഞ്ഞും കിടന്നു.രാവിലെ തന്നെ ഫോൺ വിളിച്ചു. ദേവ്മ്മയാ എട്ത്തേ.
വിഷ്ണു കുളിക്കുവാ…
കുളി കഴിഞ്ഞാ വിളിക്കാൻ പറയണേ….
ഫോൺ പിടിച്ച് കുറേ സമയം നിന്നു.അടുക്കളയിലായിരുന്നപ്പോഴും ഫോൺ അടുത്ത് വെച്ചു.ഇടക്ക് നോക്കി കൊണ്ടിരുന്നു.
പിറകിൽ നിന്നാരോ പെട്ടെന്ന് കണ്ണ് പൊത്തി.
തുടരും…..