എഴുത്ത്: ഭദ്ര
വീർത്തുന്തിയ തന്റെ വയറും താങ്ങി പിടിച്ചു ആ മുഷിഞ്ഞ പെണ്ണ് നഗരത്തിന്റെ തിരക്കിലൂടെ അലഞ്ഞു നടന്നു…..
ആളിക്കത്തുന്ന വിശപ്പടക്കാനായി ആർക്കൊക്കെയോ മുൻപിലേക്ക് അവൾ തന്റെ ചെളി പുരണ്ട കൈകൾ നീട്ടിയെങ്കിലും അവരെല്ലാം ഈർഷ്യയോടെ മുഖം തിരിച്ചു
വാശിയോടെ കത്തുന്ന വെയിലിന്റെ കാഠിന്യം താങ്ങാനാവാതെ അവൾ ഒരു മരത്തണലിൽ ചാരിയിരുന്നു കിതച്ചു…. കറുത്തിരുണ്ട അവളുടെ കഴുത്തിലൂടെ വിയർപ്പുമണികൾ ചാലിട്ടൊഴുകി….
വയറ്റിലെ ജീവന്റെ തുടിപ്പ് അവൾക്ക് അസ്വസ്ഥതകൾ സൃഷ്ട്ടിച്ചു കൊണ്ട് കുതിച്ചു ചാടി….അവൾ ദേഷ്യത്തിൽ എന്തോ പിറുപിറുത്തു കൊണ്ട് വയറിൽ വിരലുകൾ കൊണ്ട് ആഞ്ഞു കുത്തി
അനവധി ബസുകൾ അവൾക്ക് മുൻപിലൂടെ കടന്നു പോയി… സ്ത്രീകളും പുരുഷന്മാരും ഒരു വിചിത്രജീവിയെന്ന കണക്കെ അവളെ ഒരു നിമിഷം നോക്കിയ ശേഷം നിർവികാരതയോടെ നടന്നുപോയി
മരത്തണലിൽ ബസ് കാത്തു നിൽക്കുകയായിരുന്ന ഒരു സ്ത്രീയിലേക്കും അവരുടെ കയ്യിലിരുന്ന കുഞ്ഞിലേക്കും ഒരുനിമിഷം അവളുടെ നോട്ടം പാളിവീണു… ആ കുഞ്ഞിന്റെ കയ്യിലെ ഇളം മഞ്ഞ നിറമുള്ള കോലുമിട്ടായിലേക്ക് നോക്കവേ അവളുടെ കടവായിലൂടെ കൊഴുത്ത വെള്ളം ഒഴുകിയിറങ്ങി….അവൾ കൈ കുത്തി എണീറ്റ് കുഞ്ഞിന്റെ കയ്യിൽ നിന്നും കോലുമിട്ടായി ബലമായി പറിച്ചെടുത്തു ഏന്തി വലിഞ്ഞോടി
ഏതോ പിച്ചക്കാരി ഭ്രാന്തി പെണ്ണാണ്…. ആരോ വയറ്റിൽ ഒന്നിനെ കൊടുത്തു പോയി..കുറച്ചു മാസങ്ങളായി ഇവിടെ അലഞ്ഞു നടപ്പുണ്ട് ശവം…..
മിട്ടായി നഷ്ട്ടപെട്ടു അലറി കരയുന്ന കുഞ്ഞിന്റെ ശബ്ദത്തിനും അവളെ നെഞ്ച് തല്ലി പ്രാകുന്ന അമ്മയുടെ ബഹളങ്ങൾക്കുമിടയിൽ ആരുടെയോ ഒച്ചയവിടെ ഉയർന്നു പൊങ്ങി…..
പൊട്ടിപൊളിഞ്ഞ ഒരു മാടക്കടയുടെ പുറകിലായി പതുങ്ങിയിരുന്ന് ആ കോലുമിട്ടായി അവൾ ആർത്തിയോടെ നക്കി… നക്കി നക്കി കൊതിതീരാതെ മിട്ടായി കൊഴുപ്പ് നിറഞ്ഞ കറുത്ത വിരലുകൾ അവൾ വായിലിട്ട് ഉറുഞ്ചി വലിച്ചു
അതേയ് വരുന്നോ??
പുറം തിരിഞ്ഞിരുന്ന അവളുടെ തോളിലൊരു കയ്യമർന്നു….
അവൾ നീരസത്തോടെ ആ കൈകൾ തട്ടിമാറ്റി വീണ്ടും വീണ്ടും വിരലുകൾ നക്കി കൊണ്ടിരുന്നു
വന്നവന്റെ കഴുകൻ കണ്ണുകൾ പുറം തിരിഞ്ഞിരിക്കുന്ന അവളുടെ കീറിയ ബ്ലൗസിന്റെ വിടവിലൂടെ കാണുന്ന അഴുക്ക് നിറഞ്ഞതെങ്കിലും കൊഴുത്ത മുതുകിലും നിറഞ്ഞ പിൻഭാഗത്തും ഓടിനടന്നു
വന്നാൽ വയറ് നിറയെ അപ്പോം എറച്ചിയും വാങ്ങിത്തരാം…ഇത്തവണ കൈകൾ കുറച്ചു കൂടി ശക്തിയിൽ ദേഹത്ത് അമർന്നിരുന്നു
അവൾ കൊതിയോടെ ഉമിനീരിറക്കി ബുദ്ധിമുട്ടി എണീറ്റു…. അപ്പോൾ മാത്രം വീർത്ത അവളുടെ ഉദരം കണ്ട വന്നവർ ഒന്ന് ഞെട്ടി പിന്നോക്കം മാറി….
അളിയാ ഇത് വള്ളിക്കെട്ടു കേസാ…. വാ പോയേക്കാം…
വായിലിരുന്ന പുകയിലയുടെ തരികൾ കാർക്കിച്ചു തുപ്പി വന്നവർ കളമൊഴിഞ്ഞു….
അവൾ വീണ്ടും എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് തറയിൽ കൂട്ടം കൂടി പോവുന്ന ഉറുമ്പുകളെ കാലുകൾ കൊണ്ട് ചവിട്ടിയരച്ചു
…..പകൽ രാത്രിയ്ക്ക് വഴി മാറി…..അവൾ പിന്നെയും തെരുവിലൂടെ അലയാൻ തുടങ്ങി…നഗരത്തിന്റെ തിരക്കുകൾ ഏറെക്കുറെ ഒഴിഞ്ഞു തുടങ്ങിയിരിക്കുന്നു….പട്ടിണിയും ക്ഷീണവും അവളുടെ ശരീരത്തെ തളർത്തി തുടങ്ങിയിരുന്നു….നീര് വന്ന് ചീർത്ത കാലുകൾ വലിച്ചു വലിച്ചു അവളൊരു ബാർബർ ഷോപ്പിന്റെ തിണ്ണയിലേക്ക് ചെന്നു കേറി….
അവൾക്ക് മുൻപേ അവിടെ സ്ഥാനം പിടിച്ചിരുന്ന ഒരു മുറിവാലൻ പാണ്ടൻനായ അവളെ നോക്കിയൊന്നു മുരണ്ടു… പിന്നെ പല്ലിളിച്ചു കൊണ്ട് തറയിലേക്ക് വാലും ചുരുട്ടി കിടന്നു..
അവൾ നിലത്ത് കാലുകൾ നീട്ടിവെച്ചു അമർന്നിരുന്നു….ചേറ് നിറഞ്ഞ വിരലുകൾ കൊണ്ട് അവൾ അതിശക്തിയായി തല ചൊറിഞ്ഞു…..തടിച്ചുരുണ്ട രണ്ട് പേനുകളെ അവൾ വലിച്ചെടുത്തു… അവയെ കൈ വെള്ളയിലിട്ട് ഉരുട്ടിയ ശേഷം ഇരുളിലേക്ക് അവൾ വലിച്ചെറിഞ്ഞു….
ചെളിയും അഴുക്കും നിറഞ്ഞ തറയിൽ അവൾ മലർന്നു കിടന്നു കണ്ണടച്ചു…..അവളുടെ ശ്വാസനിശ്വാസങ്ങൾക്കൊപ്പം വീർത്ത വയറും ഉയർന്നു താണു
അന്തരീക്ഷം അതിവേഗം ഇരുണ്ടുകൂടി….. ദൈവത്തിന്റെ കണ്ണുനീർ കണക്കെ വലിയ മഴതുള്ളികൾ ഭൂമിയിലേക്ക് അടർന്നു വീണു…. മേഘങ്ങൾ പരസ്പരം കലഹിച്ചു വലിയ ശബ്ദത്തോടെ ഇടിമുഴക്കങ്ങൾ അവിടെയാകെ നിറഞ്ഞു…. ആ പെണ്ണ് ഞെട്ടലോടെ പിടഞ്ഞെണീറ്റു…..
ബാർബർ ഷോപ്പിന്റെ മേൽക്കൂരയിൽ നിന്നും തണുത്ത വെള്ളത്തുള്ളികൾ അവളുടെ ജഡ പിടിച്ച മുടി കെട്ടിൽ വീണു കുതിർന്നു…..
കണ്ണ് പുളിക്കുന്ന ഒരു മിന്നലിനൊപ്പം പെട്ടന്ന് വലിയൊരു ഇടിമുഴങ്ങി…… അവളുടെ അടിവയറിലൂടെ ഒരു അഗ്നിഗോളം നെഞ്ചിലേക്ക് പാഞ്ഞു കയറി…. തുടയിടുക്കിലൂടെ കൊഴുത്ത ഇളം ചൂടുള്ള ദ്രാവകം തറയിൽ പരന്നൊഴുകി
അവൾ വയറ്റിൽ അള്ളിപ്പിടിച്ചു കാലുകൾ അകത്തി മലർന്നു കിടന്നു പിടഞ്ഞു…..അവളുടെ വിളറിയ കണ്ണുകൾ പുറത്തേക്ക് തുറിച്ചുന്തി….. കഴുത്തിലെയും നെറ്റിയിലെയും ഞരമ്പുകൾ വലിഞ്ഞു മുറുകി….
സുഖകരമായ തന്റെ ഉറക്കത്തിന് തടസം നേരിട്ടതും പാണ്ടൻ നായ മുഷിച്ചിലോടെ മൂരി നിവർത്തി എണീറ്റ് വന്ന് അവൾക്ക് ചുറ്റും മൂക്ക് വിടർത്തി മണം പിടിച്ചു….
അവൾ കുത്തി പറിക്കുന്ന വേദനയോടെ തന്റെ മുടിയിഴകൾ വലിച്ചു പറിച്ചു….തുടയിലും വയറിലും അവളുടെ നീണ്ട വിരലുകൾ പോറി ചോരപാടുകൾ തെളിഞ്ഞു….പാണ്ടൻ നായ വിറളി പിടിച്ചത് പോലെ നിർത്താതെ ഓരിയിട്ട് അവൾക്ക് ചുറ്റും ഓടി നടന്നു….
ആ പെണ്ണ് നടുകുത്തി പുളഞ്ഞു….കാലുകൾ കൂടുതൽ അകത്തി പിടിച്ചു അവൾ കിതച്ചു…. ചോരയിൽ കുതിർന്ന പാവാടയ്ക്കടിയിൽ നിന്നും വഴുവഴുപ്പോടെ ഒരു കുഞ്ഞിക്കാൽ വെളിയിലേക്ക് നീണ്ടു വന്നു……
അവൾ പാവാട പൊക്കി വെച്ചിരുന്നു ശ്വാസം ആഞ്ഞു വലിച്ചു. പൊക്കിൾകൊടിയിൽ കുരുങ്ങി കിടക്കുന്ന കുഞ്ഞിനെ അവൾ കൈ കൊണ്ട് വെറുപ്പോടെ തട്ടിനീക്കി…. ആ കുഞ്ഞൊന്ന് അനങ്ങി ചുണ്ട് പിളർന്നു അലറി കരഞ്ഞു…..
അവൾ ഭീതിയോടെ ചെവികൾ അമർത്തിപൊത്തി…..ഇരുന്ന ഇരുപ്പിൽ തന്നെ തപ്പി പിടിച്ചെടുത്തൊരു തുരുമ്പ് പിടിച്ച മുറിബ്ലേഡിനാൽ അവൾ പൊക്കിൾകൊടി അറുത്തുമാറ്റി…..
പാണ്ടൻ നായ ഇരുളിലേക്ക് നോക്കി വീണ്ടും ഉച്ചത്തിൽ കുരച്ചു….. അവൾ കിതപ്പോടെ ഭിത്തിയിൽ ചാരിയിരുന്നു….അവളുടെ കാലുകൾ കിലുകിലാ വിറച്ചു കൊണ്ടിരുന്നു
അവൾ വന്യത നിറഞ്ഞ മുഖഭാവത്തോടെ നിലത്തു വീണു കിടക്കുന്ന കുരുന്നിനെ വാരിയെടുത്തു….
അവളുടെ കൈകൾ കുഞ്ഞിന്റെ കഴുത്തിലേക്ക് ക്രൂരതയോടെ നീണ്ടു…..ആ കുരുന്നിന്റെ കണ്ണുകൾ മെല്ലെയൊന്നനങ്ങി….ചുണ്ടുകൾ പിളർന്നു കുഞ്ഞ് തന്റെ കൈകൾ മുകളിലേക്ക് ഉയർത്തി വാശിയോടെ ചിണുങ്ങി
അവൾ ഞെട്ടലോടെ കൈ വലിച്ചു…. ബ്ലൗസിനകത്ത് നഗ്നമായ മാറിടങ്ങൾ അവളറിയാതെ തന്നെ ചുരന്നു…ഉള്ളിൽ തികട്ടി വന്നൊരു ആകാംക്ഷയാൽ അവൾ കുഞ്ഞിന്റെ കവിളിൽ വിരലുകൾ കൊണ്ട് ചെറുതായി തലോടി….അവളുടെ സ്പർശനം തിരിച്ചറിഞ്ഞ കുഞ്ഞ് ഒന്ന് പുളഞ്ഞു….അവൾ ഒരു ആന്തലോടെ കുഞ്ഞിനെ വാരി നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് എന്തിനെന്നറിയാതെ വാവിട്ട് കരഞ്ഞു
മഴയൊതുങ്ങി…… മാനത്ത് അമ്പിളി തെളിഞ്ഞു നിന്നു…പ്രാഞ്ചി പ്രാഞ്ചി ആ ഭ്രാന്തിപെണ്ണ് വഴി വിളക്കിന്റെ ചുവട് പിടിച്ചു എങ്ങോട്ടെന്നറിയാതെ നടന്നു…. അവളുടെ മാറിൽ അമ്മയുടെ ചൂടേറ്റ് ആ കുഞ്ഞ് മയങ്ങുന്നുണ്ടായിരുന്നു….. അവൾക്ക് മുൻപിലായി വാലാട്ടി കൊണ്ട് ആ മുറിവാലൻ പാണ്ടൻ നായയും…
—––—
എഴുത്ത് അപൂർണ്ണമാണ് തെറ്റുകൾ ക്ഷമിക്കുക ?
ചിത്രം കടപ്പാട്