നിനവ് ~ പാർട്ട് 03 ~ എഴുത്ത്: NIDHANA S DILEEP

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

ഇനി അരുൺ വിളിക്കുമ്പോ പോവാൻ നിക്കേണ്ടാ…ഇവ്ടെ ഒരുപാട് ജോലികളുണ്ടല്ലോ അതൊക്കെ ചെയ്യാൻ നോക്ക്…..

ശ്രീജേച്ചി താക്കീത് പോലെ പറഞ്ഞു

അക്കൂ…..

അപ്പോഴേക്കും അരുണേട്ടന്റെ വിളി വന്നു

നീ അത് ശ്രദ്ധിക്കേണ്ട… പണി എന്താന്നു വെച്ചാ നോക്ക്…

അടുക്കള വാതിലിലേക്ക് കണ്ണു പോയപ്പോൾ ശ്രീജേച്ചി പറഞ്ഞു

അക്കൂ….

നിന്നെ എത്ര സമയായി വിളിക്കുന്നു…നിനക്ക് വിളി കേട്ടാലെന്താ…

മറുപടി പറയാതെ ശ്രീജേച്ചിയെ നോക്കി.കണ്ണുകൾ കൊണ്ട് പോവര്ത് ന്നു പറഞ്ഞു

ഞാൻ കുറച്ച് കഴിഞ്ഞ് വന്നാ മതിയോ…

പറ്റില്ല….ഇപ്പോ വരണം…

ശ്രീജേച്ചിയെ ഒന്നു നോക്കുക കൂടി ചെയ്യാതെ പിടിച്ചു വലിച്ചു

എവ്ടേക്കാ പിടിച്ച് വലിച്ചു കൊണ്ട് പോവുന്നേ…എനിക്ക് അടുക്കളേൽ പണി ഉള്ളതാ….

നീ വാ…..

കൈയിൽ പിടിച്ച് വലിച്ച് കുളത്തിന്റെ കൽപടവിൽ പിടിച്ചിരുത്തി.എന്നിട്ട് മടിയിൽ കിടന്നു.തല മടിയിലാവാതിരിക്കാൻ തലയ്ക്ക് പിറകിൽ കൈകൾ വെച്ചു.

അക്കൂ…കൈ മാറ്റ്…..

കൈകൾ ബലമായി എടുത്തു.വലതു കൈയിൽ വിരൽ കോർത്ത് പിടിച്ച് നഖത്തിന്റെ ഭംഗി നോക്കാൻ തുടങ്ങി.

അക്കൂ…..എന്താ നീ ഇങ്ങനെ അകലുന്നത്….എന്റെ കൂടെ ഇരിക്കാൻ നിനക്ക് ഇപ്പോ ഇഷ്ടല്ലേ…

ഞാനെന്ത് പറയാനാണ്.എങ്ങനെ രക്ഷപ്പെടും അതാണ് ചിന്ത മുഴുവൻ.

കൈകളിൽ ഉമ്മ വച്ചതും വലിക്കാൻ നോക്കി.

എത്രയായി നീ എന്നെ അരുണേട്ടാന്നു വിളിച്ചിട്ട്…ഒന്നു വിളിക്ക്….

അരുണേട്ടാ…..

ഒത്തിരി കഷ്ടപെട്ടു വിളിച്ചു

ഞാൻ..പോക്കോട്ടേ…എന്നെ അവ്ടെ അന്വേഷിക്കും…

എന്നെ ഇഷ്ടം ഇല്ലേ…എന്റെ കൂടെ ഇരിക്കാൻ ഇഷ്ടം ഇല്ലേ ..പോയ്ക്കോ…

ഈശ്വരാ…എന്തിനാണീ പരീക്ഷണം.

മടിയിൽ നിന്നും എഴുന്നേറ്റു

കുറച്ച് സമയം മിണ്ടാതിരുന്നു.

അക്കൂ…നിനക്കെന്താ പറ്റിയേ….എന്തിനാ ഇങ്ങനെ ഒഴിഞ്ഞു മാറുന്നേ….എന്നോടെന്തെങ്കിലും ഇഷ്ടക്കേട്ണ്ടോ…..

ഇല്ല…….ആൾക്കാരെന്ത് വിചാരിക്കോംന്നു വെച്ചാ…

മുഖത്ത് നോക്കാതെ പറഞ്ഞു

ആര് എന്ത് വിചാരിക്കാൻ….നീ എന്റെ പെണ്ണല്ലേ….ആദ്യായിട്ടാണോ ഇങ്ങനെ വന്നിരിക്കണേ….ആണോ…

അല്ലാന്നു തലയാട്ടി

നീ എന്റെയാ..ഞാൻ നിന്റേം…ബാക്കി ആരെന്ത് പറഞ്ഞാലും എനിക്ക് വിഷയല്ല…മനസിലായോ…നിനക്ക്…

മനസിലായി….

അരുണേട്ടൻ കൈകളിൽ മുറകേ പിടിച്ച് ദൂരേക്ക് നോക്കിയിരുന്നു

മുഖത്തേക്ക് നോക്കിയപ്പോൾ അരുണേട്ടന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു

അത് കണ്ടപ്പോൾ വല്ലാത്ത നോവ് തോന്നി.

എന്തിനാ കരയുന്നേ….

അങ്കലാപ്പോടെ ചോദിച്ചു

നോവുന്നു അക്കൂ…വല്ലാണ്ട് നോവുന്നു ….നീ ഇങ്ങനെ ഒഴിഞ്ഞു മാറുമ്പോൾ….

ഇനി ഞാൻ ഒഴിഞ്ഞ് മാറില്ല…കണ്ണുകൾ തുടക്ക്….

കണ്ണുകൾ തുടച്ച് കൊടുത്തു. കുറച്ച് സമയം കൂടെ ഇരുന്നു.എന്തൊക്കെയോ പറയുന്നു.പലതും ശ്രദ്ധിച്ചില്ല.ഒക്കേത്തിനും വെറ്തേ മൂളി.വിരൽ കോർത്തു പിടിച്ചു.ഇടക്ക് വിരൽ കുസൃതി കാണിക്കാൻ തുടങ്ങിയപ്പോൾ തടഞ്ഞു.

അക്കൂ…എന്നോട് എന്തെങ്കിലും പറയ്…

അരുണേട്ടന് അക്കൂനെ അത്രയ്ക്ക് ഇഷ്ടാണോ…

എനിക്ക് എത്ര ഇഷ്ടം ഉണ്ടെന്ന് നിനക്ക് മനസിലാവുന്നില്ലേ…

അരുണേട്ടനിൽ കണ്ണു പതിപ്പിച്ച് ഇരുന്നു

എന്നും നിന്റെ കൂടെ ഇങ്ങനെ ഇരിക്കണം.പറഞ്ഞാലും പറഞ്ഞാലും തീരാത്ര വിശേഷങ്ങൾ പറയണം.ഒരു പൊട്ടും പൊടിയും പോലും ബാക്കി വെക്കാതെ നിന്നിലേക്ക് ഇങ്ങനെ ഒഴുകണം.ഇടക്ക് മൗനം ഭാഷയാവണം..ഇടക്ക് വാക്കുകൾ കൊണ്ട് കൊട്ടാരം കെട്ടണം…എല്ലാം നിന്നോട് പങ്കു വയ്ക്കണം.അങ്ങനെ ഉള്ള പങ്ക് വെയ്പാണ് എന്റെ ജീവിതം.

ഇപ്പോ മനസിലായോ ഞാൻ എത്ര സ്നേഹിക്കുന്നുണ്ടെന്ന്..

മ്ച്…

തോള് പൊക്കി കൊണ്ട് പറഞ്ഞു.ആഗ്യം കാണിക്കുന്നത് കണ്ട് അരുണേട്ടൻ പൊട്ടിച്ചിരിച്ചു.

മനസിലാവുന്ന ഭാഷേല് പറയ്യോ..

അക്കുവാ എന്റെ ജീവിതം..അക്കുവിനാ എന്റെ ജീവിതം.ഇപ്പോ മനസിലായോ

മ്ം…മനസിലായി

പണ്ടത്തെ പോലെ അക്കു എന്താ സംസാരിക്കാത്തെ..പണ്ട് എപ്പോഴും അരുണേട്ടാന്നു വിളിച്ച് നടക്കുമായിരുന്നല്ലോ….ആ അക്കു എവ്ടെ പോയി…എന്തിനാ ഇങ്ങനെ പേടിച്ചും വിറച്ചും ഇരിക്കണേ..

എനിക്ക് പേടി ഇല്ലാലോ…അരുണേട്ടന് തോന്നുന്നതാ…

ആണോ…എന്നാ ഞാൻ പേടിപ്പിക്കട്ടെ…

കൈയിൽ പിടിച്ച് അടുപ്പിച്ച് കണ്ണിൽ നോക്കി.പിടപ്പോടെ മാറാൻ നോക്കിയതും കൈകളിൽ പിടിച്ചു വെച്ചു.

അരുണേട്ടാ…വേണ്ടാ..

വിറയലോടെ പറഞ്ഞതും പിടി വിട്ടു.അകന്ന് തല കുനിഞ്ഞ് മാറിയിരുന്നു

ഇപ്പോ പേടിച്ചില്ലേ….

ചെറിയ ചിരിയോടെ ചോദിച്ചു.

അടുക്കളയിലെത്തിയപ്പോഴാണ് ശ്വാസം നേരെ വീണത്

അക്കു എവ്ടേ…

ആഞ്ജ സ്വരമായതിനാൽ ദേവകീയേച്ചി പേടിച്ച് ഞാൻ ഒളിച്ചിരിക്കുന്നത് കാണിച്ചു കൊടുത്തു

ഇങ്ങ് വാ….അക്കൂ….

പിടിച്ച് വലിച്ച് തൊടീലെ മാവിന്റെ ചോട്ടിൽ ഇരുത്തിച്ചു.

ഇവ്ടെ ഇരിക്ക്….ഞാൻ പറയുന്നത് വരെ അനങ്ങരുത്…

അരുണേട്ടാ… എന്താ ഇത്….

പറഞ്ഞത് അനുസരിക്ക് അക്കൂ…

പിന്നെ കഥ പറയൽ തുടങ്ങി

അക്കൂന് അറിയോ എന്താ എനിക്ക് റോസ് നിറം കൂടുതൽ ഇഷ്ടംന്നു

അടുത്ത് ഒട്ടിയിരുന്നു ഒരു റോസ് കളർ കാട്ടുപൂ കൈകളിലിട്ട് കറക്കി കൊണ്ട് ചോദിച്ചു

ഇല്ല……

റോസ് നിറത്തിലുള്ള പൂക്കൾക്ക് പ്രത്യേക ഭംഗിയാ…അതാ….

കൈയിലെ പൂവിനെ നോക്കി കൊണ്ട് പറഞ്ഞു

ശവംനാറി പൂവിന്റെ നിറവും റോസാ…..

അമർഷത്തോടെ പറഞ്ഞു.അമർഷത്തിന് പലതായിരുന്നു കാരണങ്ങൾ. ഒരാളുടെ ഭ്രാന്തിന് പാവയെ പോലെ നിന്നു കൊടുക്കേണ്ടി വരുന്ന അടിച്ചുതളിക്കാരിയുടെ നിവർത്തികേട്.അരുണേട്ടൻ പ്രണയിക്കുന്നത് അക്കുവിനെ ആയിരിക്കാം പക്ഷേ ഓരോ സ്പർശനവും ഏൽക്കുന്നത് കൃഷ്ണേടെ ദേഹത്താണ്.ചിലപ്പോൾ മനസിനേയും .അപ്പോഴൊക്കെ ‘അയാൾ’ എന്നത് ‘അരുണേട്ടൻ’ എന്നാവുന്നു.

ഒരു കുഞ്ഞിനെ പോലെ പരിഭവിച്ച് മുഖം തിരിച്ചിരിക്കുന്നത് കണ്ടപ്പോൾ പരിഭവങ്ങളെല്ലാം അലിഞ്ഞ് പോയി.്.

എന്തായാലും ശവംനാറി പൂവിനെ കാണാനും ഭംഗീണ്ട്….എന്തിനാ അരുണേട്ടാ…അതിനെ ശവംനാറി പൂവെന്നു വിളിക്കുന്നേ….

കൗതുകത്തോടെ ചോദിച്ചതും ചിരിച്ചു കൊണ്ടു മുഖത്തേക്ക് നോക്കി

അതിന്റെ മണം കൊണ്ടാവും

ഇങ്ങനെയാണ് അരുണേട്ടൻ.ചിലപ്പോൾ അരുണേട്ടൻ അരുണിന്റേയും അക്കുവിന്റെയും ബാല്യകാലത്തായിരിക്കും.ചിലപ്പോൾ പ്രണയത്തത്തുടിപ്പിൽ വിറയ്ക്കുന്ന ഹൃദയവും വിരലുകളുമുള്ള കൗമാരത്തിലായിരിക്കും.മറ്റു ചിലപ്പോൾ പ്രണയം തീ പോലെ ജ്വലിക്കുന്ന യൗവനത്തിലും.അല്ലാത്തപ്പോൾ കൃഷ്ണ അപരിചിതയാണ്.

തുടരും…