നിനവ് ~ പാർട്ട് 09 ~ എഴുത്ത്: NIDHANA S DILEEP

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ആരോ മുടിയിൽ പിടിച്ചു വലിച്ച് ഉയർന്നു പോവുമ്പോഴേക്കും ബോധാവസ്ഥയുടെ സീമകൾ കടന്നിരുന്നു.

കൃഷ്ണാ…….

ആരോ കുലുക്കി വിളിച്ചു

കാഴ്ചകൾ മങ്ങിയ കാഴ്ചകൾ തെളിഞ്ഞപ്പോൾ ആദ്യം കണ്ടത് അരുണേട്ടനെ ആയിരുന്നു

പേടിച്ചു പോയല്ലോ…കുട്ടീ….അരുൺ കണ്ടില്ലായിരുന്നെങ്കിലോ….

അരുണേട്ടന്റെ അമ്മ അത് പറയുമ്പോഴും എന്റെ കണ്ണുകൾ അടുത്ത് മുട്ടു കുത്തിയിരുന്ന അരുണേട്ടനിൽ തന്നെ ഉടക്കി കിടന്നു.

ആദ്യം കൈകൾ പോയത് വയറ്റിലായിരുന്നു.ക്ഷീണം കാരണം തല ഉയർത്താൻ പോലും പറ്റുന്നില്ല

എന്റെ കുഞ്ഞ്….

ഹോസ്പിറ്റലിൽ കൊണ്ടു പോവാം…

ആരോ പറഞ്ഞു

അരുണേട്ടൻ എഴുന്നേറ്റ് രണ്ടു കൈയും ഒന്നു കുടഞ്ഞു മുഖത്തു കൂടി ഒഴുകിയിരുന്ന വെള്ളം തുടച്ച് ഈറൻ വേഷത്തോടെ തന്നെ കൈകളിലെടുത്തു.

കാറിൽ അരുണേട്ടന്റെ അമ്മേടെ അടുത്തായി ഇരുത്തി അരുണേട്ടൻ ഫ്രണ്ടിൽ കയറി.പുറകോട്ടേക്ക് ഇടക്ക് നോക്കുന്നുണ്ടായിരുന്നു.

കുട്ടിക്ക് അറിയില്ലായിരുന്നോ പ്രഗ്നന്റാണെന്ന്.രണ്ട് മാസം വളർച്ച ഉണ്ട്.എന്തായാലും കുട്ടിക്ക് അത് അറിയില്ലാന്നു പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.

അറിയാം….

ഭാഗ്യം കൊണ്ടാണ് കുഞ്ഞിനൊന്നും പറ്റാഞ്ഞത്.ഇത് പോലുള്ള കാര്യം ചെയ്യുമ്പോ ആ കുഞ്ഞിനെയെങ്കിലും ഓർക്കേണ്ടേ…..

തിരിച്ചൊന്നും പറഞ്ഞില്ല

സൂയ്സൈഡ് അറ്റംപ്റ്റ് പോലീസിൽ അറീക്കേണ്ടതാണ്.നിങ്ങളെയൊക്കെ അറിയുന്നതു കൊണ്ട് ചെയ്യുന്ന ഫേവറാണ്…

ഡോക്ടർ അത് പറഞ്ഞപ്പോൾ ആരെയും നോക്കാൻ ത്രാണിയില്ലാതെ കണ്ണുകടച്ചു കിടന്നു.കണ്ണുനീർ ഇരു വശത്ത് കൂടിയും ഒഴുകിയിറങ്ങി.കണ്ണുകൾ തുറന്നപ്പോൾ കണ്ടത് എന്നെ തന്നെ നോക്കി നിൽക്കുന്ന അരുണേട്ടനേം അരുണേട്ടന്റെ അച്ഛനെയും അമ്മയേയുമാണ്.

?????????

എന്താ കുട്ടി ഞങ്ങൾ ഈ കേൾക്കുന്നത്….

ഇപ്പോ ഒന്നും ചോദിക്കേണ്ടാ അമ്മേ…വീട്ടിലെത്തിയിട്ട് ആവാം..

ഒരു അപരിചിതനെ പോലെ അരുണേട്ടനത് പറഞ്ഞു.

കുട്ടി ആള് ആരാന്നു വെച്ചാ പറയ്…ഞങ്ങൾ ആളോട് സംസാരിക്കാം…

ഇവ്ടെ വെച്ച് എന്തെങ്കിലും പറ്റിയിരുന്നേ ഈ വീട്ടിലുള്ളവരല്ലായിരുന്നില്ലേ സമാധാനം പറയേണ്ടത്….മരിക്കാൻ പോവുമ്പോ അതോർത്തോ….അതും പോട്ടേ..വയറ്റിലുള്ള കുഞ്ഞിനെ പറ്റി ഓർത്തോ…ഇവ്ടെ ഒരോരുത്തർക്ക് ജീവിക്കാൻ ആശ ഉണ്ടായിട്ടും ആയുസില്ലാണ്ട് മരിച്ചു പോവുന്നു.അപ്പോഴാ ഓരോരുത്തർ മരിക്കാൻ നടക്കുന്നത്. എന്ത് പ്രശ്നമാണേലും ഇവ്ടെ ഉള്ള ആരെയെങ്കിലും പറഞ്ഞാൽ പോരെ

ആരുണേട്ടന്റെ സംസാരം കാതിൽ വന്ന് അലയടിച്ചു കൊണ്ടിരുന്നു.മുറീടെ വാതിക്കൽ എല്ലാവരും കൂടി നിൽക്കുന്നുണ്ട്

കൈയിലേം കാലിലേം വിറയല് ഇപ്പോഴും മാറീട്ടില്ല….എന്ത് മണ്ടത്തരാ കുട്ടി കാണിച്ചേ….

കുട്ടിയോട് ഞാൻ ചോദിക്കുന്നത് കേട്ടില്ലേ…ആരാ ആള്….

കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു.ശരീരത്തിന് തളർച്ച ബാധിച്ചു.അരുണേട്ടന്റെ ശബ്ദം കാതങ്ങൾക്കപ്പുറത്തെന്ന പോലെ കേൾക്കുന്നു.

അരുണേ..നീ ആളെ ചോദിക്കാനൊന്നും നിക്കണ്ട…അതിന്റെ ആവിശ്യം എന്താ….പറഞ്ഞു വിട്ടേക്കാം..വെറ്തേ അതിന്റെ പെറകേ നടന്ന് തറവാടിന്റെ പേരു കൂടി ചീത്തയാക്കണ്ടാ….

അങ്ങനെയല്ലല്ലോ…ചിറ്റേ…ഈ വീട്ടിൽ നിക്കുന്ന കുട്ടിയല്ലേ..അപ്പോ നമ്മൾ അറിയേണ്ടേ…ഇനീം ഇതു പോലുള്ളത് എന്തേലും കാട്ടിയാ..ഈ വീടിന് തന്നെയല്ലേ മോശം…

അതോടെ ശ്രീജേച്ചി മിണ്ടാതായി.

കുട്ടി പറയ്….ചോദ്യം മനസിലാവാഞ്ഞിട്ടാണോ ഇങ്ങനെ മിണ്ടാതിരിക്കണത്…..

കരയാതെ കാര്യം പറയ് കുട്ടീ…

മാറി..മാറി ചോദിച്ചിട്ടും അവൾ പറഞ്ഞോ…അതാ ഞാൻ പറഞ്ഞത് പറഞ്ഞു വിടാംന്നു

ശ്രീജേച്ചി പിന്നെയും പറഞ്ഞു

ചിറ്റ പറയുന്ന പോലെ ഇവ്ടുന്ന് ഇറക്കി വിടേണ്ടേൽ പറയ് …..ആരാ ആള്ന്നു….

മതി…അരുണേട്ടാ…മതിയാക്ക്…ഇനി ഒരു വട്ടം കൂടി എന്റെ കുഞ്ഞിന്റെ അവകാശിയെ അരുണേട്ടൻ ചോദിക്കര്ത്….അതിലും നല്ലത് ഞാൻ ചാവുന്നതാ…..

അരുണേട്ടന് ഒന്നും ഓർമയില്ലേ…ഒന്നും മറക്കില്ലാന്നു പറഞ്ഞതല്ലേ….എന്റെ കഴുത്തിൽ ഈ താലി കെട്ടിയത് പോലും ഓർമയില്ലേ…..

വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച താലി ഉയർത്തി കാണിച്ച് കൊണ്ട് ചോദിച്ചു.

ഈ…താലി…ഇതെവിടുന്നാ നിനക്ക് കിട്ടിയേ…..അതാരുടേതാന്നു നിനക്ക് അറിയാമോ….ചോദിക്കാതെ എടുത്തതും പോരാ..ഞാൻ കെട്ടിയതാണെന്നു കള്ളം പറയുന്നോ..ഇത് കഴുത്തിലിടാൻ എന്ത് അർഹതയാ നിനക്കുള്ളേ…

അരുണേട്ടൻ ഭ്രാന്തെടുത്ത പോലെ അലറി കൊണ്ട് ചോദിച്ചു

അതിങ്ങ് ഊരി താ…ഊരി തരാനാ പറഞ്ഞത്….

എന്റെ താലിയിൽ തൊട്ടു പോവര്ത്….

അത് വലിച്ച് പൊട്ടിക്കാൻ നോക്കിയപ്പോൾ അരുണേട്ടനെ സർവ ശക്തിയുമെടുത്ത് തള്ളി.

അവളെടുത്തതായിരിക്കും…പഠിച്ച കള്ളിയാ അവൾ…ഒരോന്നു ഒപ്പിച്ചു വെച്ചത് നോക്ക്….ഇനി വയറ്റിലെ കൊച്ചും നിന്റേതാണെന്നു പറയും..

ശ്രീജേച്ചി ദേഷ്യത്തിൽ പറഞ്ഞു

നിന്നോടാ…അത് ഊരാൻ പറഞ്ഞത്….മറ്റൊരാളുടെ താലി കഴുത്തിലിടാൻ നിനക്ക് നാണമില്ലേ…

അരുണേട്ടന്റെ ഒരോ വാക്കും ചങ്കിൽ വന്നു തറച്ചു.ചെവിയിൽ വാക്കുകൾ ആവർത്തിച്ച് അലയടിച്ചു കൊണ്ടിരുന്നു..അലറി കരയാൻ തോന്നി. എവിടെയെങ്കിലും ഓടി ഒളിക്കാൻ പറ്റിയെങ്കിൽ.എന്റെ പ്രണയത്തിന്റെ അലകാശി എന്നു ചെവിയിൽ കിന്നാരം പറഞ്ഞ് ചേർത്ത് പിടിച്ച ആൾ തന്നെ ഇപ്പൊ യോഗ്യത അളക്കുന്നു

നിർത്ത് അരുൺ…അവൾടെ കഴുത്തിൽ ആ താലി ഉണ്ടേൽ അത് നീ തന്നെ കെട്ടിയതായിരിക്കും. അതെ പോലെ അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അവകാശീം നീ തന്നെയാ……

വെറ്തേ…പറയര്ത്…രാവുണ്ണി മാമാ…ഞാനല്ല…അക്കു അല്ലാതെ വേറെ ഒരു പെണ്ണും എന്റെ ജീവിതത്തിൽ ഉണ്ടാവില്ല…ഇവള് കള്ളം പറയുന്നതാ…

സത്യാ…ഞാൻ പറഞ്ഞത്…ഒരു പ്രാവീശ്യം കുളത്തിനടുത്ത് വെച്ച് നിങ്ങളെ രണ്ടാളെയും കണ്ട അന്ന് ഇവളെ ഞാൻ ഉപദേശിച്ചതാ…കേട്ടില്ല..എനിക്ക് മാത്രല്ല ശ്രീജ കുഞ്ഞിനും അറിയാം.. എല്ലാം…

രാവുണ്ണി നായര് പറയുന്ന കേട്ട് അരുണേട്ടൻ തറഞ്ഞു നിന്നു പോയി.

എല്ലാരും ക്ഷമിച്ചേക്ക്….നന്ദി കേട് കാണിച്ചതല്ല ഒരു പെണ്ണിന്റേം കുഞ്ഞിന്റേം ശാപം വാങ്ങിച്ചു കൂട്ടാൻ വയ്യാത്തോണ്ടാ…

ശ്രീജേച്ചിയെ നോക്കിയായിരുന്നു രാവുണ്ണി നായരത് പറഞ്ഞത്.

രാവുണ്ണിയേട്ടൻ പറയണതിൽ എന്തേലും സത്യമുണ്ടോ ശ്രീജേ….കള്ളം പറയര്ത്…നിനക്കെന്നെ അറിയാലോ….

അരുണേട്ടന്റെ അച്ഛനത് പറഞ്ഞപ്പോൾ ശ്രീജേച്ചി മിണ്ടാതെ നിന്നു

നിന്നോടാ ചോദിച്ചത്….

അരുണേട്ടന്റെ അച്ഛന്റെ ശബ്ദം പിന്നെയും ഉയർന്നു

സത്യാണ്….അരുണിന് സുഖമില്ലാത്ത സമയത്താ…അഖില മോളാണെന്ന് വെച്ച്…

ശ്രീജേച്ചി മുഴുവിക്കാതെ നിർത്തി.

നിർത്ത് ചിറ്റേ….ഇനി ഒരക്ഷരം മിണ്ടര്ത്….

അതു വരെ ഉണ്ടായിരുന്ന മുറുമുറപ്പുകളും ബഹളങ്ങളുമെല്ലാം ആ ശബ്ദത്തിൽ നിലച്ചു. പിന്നെ ഒന്നും പറയാതെ അരുണേട്ടൻ അവ്ടെ നിന്നും പോയി.

തുടരും