അപ്പോഴാണ് പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ പെറ്റു പെരുകാൻ വേണ്ടി പുസ്തകത്തിൽ ഒളിപ്പിച്ച ഒരു തുണ്ടു മയിൽപ്പീലിയെ ഓർമ വന്നത്…

മയിൽപ്പീലി കുഞ്ഞുങ്ങൾ (കഥ)

എഴുത്ത്: അനിത അമ്മാനത്ത്

രാത്രിയിലെ പാർട്ടിയും കഴിഞ്ഞ് അതിവേഗത്തിൽ കാറും ഓടിച്ച് വരുമ്പോൾ ഉറക്കത്തിലേക്ക് ഒന്നു രണ്ടു തവണ വഴുതി വീണപ്പോഴാണ് ആകാശ് പാട്ട് വെയ്ക്കാൻ ശ്രമിച്ചത്. പകുതി ബോധത്തിൽ ഓൺ ആയത് റേഡിയോ ആയിരുന്നു. നൊസ്റ്റാൾജിയ പാട്ടുകളുടെ നേരം ആണല്ലോ.

“ഓ.. ഇനി ഇതിലെ വാചകമടി കേട്ടാൽ വീണ്ടും ഉറക്കം തൂങ്ങി വല്ലവരുടേയും നെഞ്ചത്ത് പോയി വണ്ടി നിർത്തും “

മാറ്റാൻ ശ്രമിക്കുമ്പോഴാണ് അവതാരകന്റെ മയിൽപീലിയെക്കുറിച്ചുള്ള വർണ്ണന കേട്ടത്.

പിന്നെ വന്ന പാട്ട് മയിൽപ്പീലിക്കാവിലെ മനോഹരമായ “മയിലായ് പറന്നു വാ..”

അതിനിടയിൽ കാറ് വീട്ടിലെ കാർപോർച്ചിൽ എത്തിയെങ്കിലും ആ പാട്ട് മുഴുവൻ കേട്ടിട്ടേ അതിൽ നിന്നും ഇറങ്ങിയുള്ളു.

“അമ്മ ഇതുവരെ ഉറങ്ങിയില്ലേ “

” ഞാൻ മാത്രമല്ല അച്ഛനും ഉറങ്ങിയിട്ടില്ല. നീ വന്നിട്ട് കിടക്കാമെന്ന് കരുതി. നിന്റെ രാത്രിയിലുള്ള പാർട്ടിയും കൂട്ടുകെട്ടും നിർത്താൻ എത്ര പറഞ്ഞാലും കേൾക്കില്ല”

“ശരി അമ്മേ .. ബാക്കി പിന്നെ പറയാം. എനിക്ക് ഉറക്കം വരുന്നു”

അമ്മയുടെ പിണക്കം മാറ്റാൻ ഭക്ഷണം പേരിന് കഴിച്ചെന്നും വരുത്തി ആകാശ് മുറിയിലേക്ക് കടന്നു വാതിൽ അടച്ചു.

ആകെ ഒരു അസ്വസ്ഥത.. മനസ്സിനെ എന്തോ ബാധിച്ച പോലെ. പക്ഷേ എന്താണെന്ന് ഒരു എത്തും പിടിയുമില്ല.

കിടന്നപ്പോൾ വീണ്ടും ആ റേഡിയോയിലെ പാട്ട് മനസ്സിലേക്ക് തിരയടിക്കും പോലെ വീണ്ടും വരുന്നു.

പുലർച്ചെ മൂന്ന് മണി വരെ യൂട്യൂബിൽ ഇതേ പാട്ട് തന്നെ കേട്ടു കൊണ്ടിരുന്നു.

“എന്താ എനിക്ക് പറ്റിയത് ഭഗവാനേ”

അപ്പോഴാണ് പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ പെറ്റു പെരുകാൻ വേണ്ടി പുസ്തകത്തിൽ ഒളിപ്പിച്ച ഒരു തുണ്ടു മയിൽപ്പീലിയെ ഓർമ വന്നത്.

എട്ടാം ക്ലാസിൽ അച്ഛനൊപ്പം ഡെൽഹിയിലേക്ക് വരുമ്പോൾ അത് സമ്മാനമായി തന്നത് വഴക്കാളി ജാനകിയാണ്. ബാങ്ക് ഉദ്യോഗസ്ഥരായിരുന്ന അച്ഛന്റെയും അമ്മയുടേയും ഏക മകൾ.അവളെ എന്തോ പണ്ടു മുതലേ എനിക്കിഷ്ടമല്ല. എപ്പോഴും കരയും. എല്ലാവരുമായും വഴക്കിടും. പല തവണ അവൾ കൂട്ടു കൂടാൻ വന്നെങ്കിലും ഞാൻ മിണ്ടാൻ പോയില്ല. എന്നിട്ടും സ്കൂളിൽ നിന്നും പോകുന്നു എന്നറിഞ്ഞപ്പോൾ അവൾ തന്നതാണ്. പിന്നീട് അമ്മ അത് കണ്ടപ്പോൾ എടുത്ത് ലിവിങ്ങ് റൂമിൽ ഫ്രെയിം ചെയ്ത് വെച്ചു .

പിന്നീട് ആ നാടുമായോ കൂട്ടുകാരുമായോ ഒരു ബന്ധവും ഉണ്ടായിട്ടില്ല.

“ഇനി ഇപ്പോൾ എന്തിനാ പിണക്കം? അവരെ എല്ലാം ഒന്നു കണ്ടുപിടിച്ചാലോ. ചില പേരുകൾ ഓർമയുണ്ട്. ചില മുഖങ്ങളും. ഒരാൾക്ക് എങ്കിലും സോഷ്യൽ മീഡിയയിൽ അക്കൗണ്ട് ഇല്ലാതിരിക്കില്ലല്ലോ. എന്തായാലും ഇന്നിനി ഉറങ്ങണ്ട. ജാനകിയെ കണ്ടു പിടിച്ചിട്ടു തന്നെ കാര്യം”

തിരച്ചിലുകൾക്കിടയിൽ ഉച്ചയുടെ മുമ്പ് തന്നെ ഫെയ്സ് ബുക്കിൽ നിന്നും അഖിലിനെ കണ്ടു പിടിച്ചു. അങ്ങനെ പെട്ടെന്ന് തന്നെ പഴയ അഞ്ച് സുഹൃത്തുക്കളെ കൂടി കണ്ടുപിടിച്ചു.

സംസാരം വാട്സ് ആപ്പിലേക്കും കോളിലേക്കും വീഡിയോ കോളിലേക്കും കടന്നു.

വീണ്ടും കാണാൻ ഉള്ള പരിപാടിയുമായി ഇരിക്കെ അഖിലിനോട് ജാനകിയെക്കുറിച്ച് ചോദിച്ചു.

ജാനകിയുടെ അച്ഛൻ ഹൃദയസ്തംഭനം വന്ന് മരിച്ചെന്നും പിന്നെ അവളുടെ അമ്മയുടെ നാട്ടിലേക്ക് ട്രാൻസ്ഫർ വാങ്ങിച്ച് പോയെന്നും പറഞ്ഞു.

വീണ്ടും എല്ലാവരേയും കാണണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ അച്ഛനും അമ്മയ്ക്കും അത്ഭുതം.

“മലയാളം പാട്ട് ടിവിയിൽ കാണാൻ സമ്മതിക്കാത്തവനാണ്. എന്നിട്ടിപ്പോ റേഡിയോയിൽ ഏതോ ഒരു പാട്ട് കേട്ടെന്നും പറഞ്ഞ് നൊസ്റ്റാൾജിയ തലയ്ക്ക് പിടിച്ച് പഴയ കൂട്ടുകാരെ കണ്ടു പിടിച്ചിരിക്കുന്നു.രാജേട്ടൻ അറിയുന്നുണ്ടോ ഇവിടെ നടക്കുന്ന വല്ലതും ?”

” എല്ലാം കാണുന്നും ഉണ്ട്. അറിയുന്നും ഉണ്ട്. അവന്റെ ചാട്ടം എവിടേയ്ക്കാണെന്നും മനസിലായി ലക്ഷ്മി ” ..

“ദേ.. പപ്പയും മമ്മിയും അറിയാതെ ഞാൻ ഒന്നും ചെയ്തിട്ടില്ല . എങ്ങും പോകുകയുമില്ല. ഉണ്ടായത് എല്ലാം പറഞ്ഞതാണല്ലോ പപ്പാ “

” നിന്റെ കൂട്ടുകാരെ കാണാൻ പോകാൻ നീ എന്തിനാ ഇവിടെ തൂക്കിയിട്ടിരുന്ന മയിൽപ്പീലി എടുത്തത് കണ്ണാ .. സത്യം പറ അമ്മയോട്”.

“ജാനകി എന്നെ തിരിച്ചറിഞ്ഞില്ലെങ്കിലോ എന്ന് കരുതി എടുത്തതാണ്. ചിലപ്പോൾ എന്നെ ഓർമ്മയേ കാണില്ല”

ഉം.. ശരി. മോൻ പോയി കിടന്നോ. രാവിലെ ഫ്ലൈറ്റിന് പോകാൻ ഉള്ളതല്ലേ. നീ അമ്മാവന്റെ വീട്ടിൽ പോയി രണ്ടാഴ്ച കഴിയുമ്പോഴേക്കും ഞങ്ങളും എത്താം . ഒരുമിച്ച് തിരിച്ചു വരാം.

“ശരി അച്ഛാ”

*********************

രണ്ട് ദിവസം കഴിഞ്ഞ്…..

അഖിലിനേയും കൂട്ടി മലനിരകളിലൂടെ ഹെയർപിൻ താണ്ടി ബൈക്കിൽ പോകുമ്പോൾ ആ പഴയ ജാനൂട്ടിയുടെ കരയുന്ന മുഖം മാത്രം മനസിൽ..

എന്തോ ആലോചിച്ച് ഇരുന്ന് സ്ഥലം എത്തിയത് അറിഞ്ഞില്ല.

“ഡാ.. ഇതാണ് ആ സ്കൂൾ. അവൾ ഇവിടെ ടീച്ചർ ആണ്. ഒരു കാര്യം നിന്നോട് പ്രത്യേകം പറയാം. ഇത് പഴയ ജാനു അല്ല. ജാനകി ടീച്ചർ ആണ്. കുറേ നേരം സംസാരിച്ച് അവരെ പ്രശ്നങ്ങളിൽ കൊണ്ട് ചെന്ന് എത്തിക്കരുത്. അതെല്ലാം അവരുടെ കുടുംബത്തിനെ ബാധിക്കും. പരിചയം പുതുക്കുക. പിന്നെ സ്ഥലം വിടുക. മനസിലായോ നിനക്ക്?”

“അയ്യോ .. ഞാൻ ആരുടേയും കുടുംബം തകർക്കാൻ ഒന്നും ഇല്ല. നീ വാ.. നമുക്ക് അവളെ കണ്ടിട്ട് വരാം..

പ്രിൻസിപ്പലിന്റെ റൂമിൽ കയറി ജാനകി ടീച്ചറെ അന്വേഷിച്ചപ്പോൾ വെയ്റ്റിംഗ് റൂമിൽ ഇരിക്കാൻ പറഞ്ഞു.

നല്ല കറുത്ത കട്ടി കണ്ണടയും പ്രതീക്ഷിച്ചിരുന്ന കണ്ണന്റെ മുമ്പിലേക്ക് ഒരു സുന്ദരി വന്നു നിന്നതും അവനാകെ വായും പൊളിച്ച് അന്തം വിട്ട് നിന്നു.

അഖിലും ഏതാണ്ട് ആ അവസ്ഥയിൽ തന്നെ..

രണ്ടു പേർക്കും കണ്ണുകളെ വിശ്വസിക്കാൻ പറ്റില്ല. അവരുടെ മനസ്സിൽ ഉള്ളത് കരഞ്ഞ് മൂക്കും ഒലിപ്പിച്ച് നടക്കുന്ന ഗുണ്ടുമണി ജാനകിയാണ്. മുമ്പിൽ നിൽക്കുന്നത് ഒരു ബന്ധവും ഇല്ലാത്ത രൂപവും .

” ഞങ്ങൾ ജാനകി ടീച്ചറെ കാണാൻ വന്നതാണ്. ടീച്ചറെ ഒന്നു വിളിക്കുമോ” അഖിൽ പറഞ്ഞു.

ഞാൻ തന്നെയാണ് ജാനകി. നിങ്ങൾ ആരാണ് ? എന്ത് വേണം.

“ഞാൻ ആകാശ്. എന്നെ ഓർമയുണ്ടോ അറിയില്ല. ഞാൻ ഏഴിൽ പഠിക്കുമ്പോഴാണ് ജാനകി അഞ്ചിൽ വന്ന് ചേരുന്നത്. എന്റെ അമ്മ ശ്രീലക്ഷ്മി ടീച്ചർ ആയിരുന്നു ജാനകിയുടെ ക്ലാസ് ടീച്ചർ “

കണ്ണേട്ടാ … ഞാൻ മറക്കാനോ. ഇത് നല്ല കഥ..

ഞാനും അമ്മയും നിങ്ങളുടെയെല്ലാം കാര്യങ്ങൾ ഇടയ്ക്കിടെ പറയാറുണ്ട്. ഞങ്ങൾ ഇങ്ങോട്ട് പോന്ന ശേഷം ആരുമായും ബന്ധവുമില്ലാതെ പോയി.

കണ്ണേട്ടൻ തിരക്കില്ലാച്ചാൽ കുറച്ച് നേരം ഇവിടെ വെയ്റ്റ് ചെയ്യുമോ. അടുത്ത പിരീഡ് ക്ലാസ് ഉണ്ട്‌. അത് കഴിഞ്ഞ് വരാം. കുറേ സംസാരിക്കാൻ ഉണ്ട്.

“സ്കൂളിൽ പഠിക്കുമ്പോൾ ലുക്ക് ഇല്ലാത്ത പെൺപിള്ളേരെല്ലാം വലുതായാൽ വല്ല്യ ഗ്ലാമറാണ് പറയുന്നത് വെറുതെയല്ല ലേ കണ്ണാ “..

” മിണ്ടാതിരിയെടാ.. തോന്നിവാസം പറയാതെ “

“ഓ.. ഞാൻ പറയുന്നില്ല. ഇനി കണ്ണനും രാധയും കൂടെ ഗതകാലസ്മരണകൾ എല്ലാം അയവിറക്കി കഴിയുമ്പോൾ എന്നെ വിളിക്ക്. ഞാൻ പുറത്ത് കാത്ത് നിൽക്കാം” ..

ജാനു തിരിച്ച് വന്ന ഉടനെ അവളുടെ മുമ്പിലേക്ക് മയിൽപ്പീലി വെച്ചു കൊണ്ട് “ഓർമ്മയുണ്ടോ ആ ദിവസം “

ചിരിച്ചുകൊണ്ട് “മറന്നിട്ടില്ല” ..

ഞാൻ അമ്മയെ വിളിച്ച് പറഞ്ഞിട്ടുണ്ട് കണ്ണേട്ടൻ വന്ന കാര്യം. വീട്ടിലേക്ക് കൂട്ടിക്കൊണ്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്. ഇവിടെ നിന്നും നടക്കാവുന്ന ദൂരമേയുള്ളു. അഖിൽ ബൈക്കിൽ ഫോളോ ചെയ്തോട്ടെ. നമുക്ക് നടക്കാം.

പത്ത് മിനിറ്റിൽ നടന്നാൽ എത്താവുന്ന വീട്ടിലേയ്ക്ക് അവർ പലയിടങ്ങളിലായി നിന്നും വർത്തമാനം പറഞ്ഞും രണ്ട് മണിക്കൂറിൽ ജാനുവിന്റെ വീടിന്റെ ഗെയ്റ്റിൽ എത്തി.

ജാനു ഗെയ്റ്റു തുറന്നതും കണ്ണൻ പിന്നിൽ നിന്നും വിളിച്ചു , “ജാനു ” ..

“എന്താ കണ്ണേട്ടാ “

“നിന്റെ വിവാഹം ” ? ചോദ്യം പാതിയിൽ നിർത്തി..

” കഴിഞ്ഞിട്ടില്ല. ആലോചനകൾ നടക്കുന്നുണ്ട് ” ..

അതിന്റെ മറുപടികൾ പിന്നെ പറഞ്ഞത് അവരുടെ കണ്ണുകൾ ആയിരുന്നു.

മാസങ്ങൾക്കിപ്പുറം ജനുവരി 2020 ൽ ഇരു വീട്ടുകാരുടേയും ബന്ധുക്കളുടേയും സമ്മതത്തോടെ ആകാശിന്റെ വധുവായി ജാനകി എത്തുന്നതോടെ പ്രണയ കഥ കഴിഞ്ഞു കരുതേണ്ട.

മയിൽപ്പീലി കുഞ്ഞുങ്ങൾക്കായ് വാശി പിടിച്ചിരുന്ന ജാനു ഇപ്പോൾ മസാല ദോശയ്ക്കും പുളിമാങ്ങയ്ക്കും വാശി പിടിക്കുന്ന തിരക്കിലാണ്..