നിനവ് ~ പാർട്ട് 06 ~ എഴുത്ത്: NIDHANA S DILEEP

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

അക്കൂ…റൂമിലേക്ക് ഭക്ഷണം കൊണ്ടു തന്നേക്ക്…

മോളിൽ നിന്നും അരുണേട്ടൻ വിളിച്ചു പറഞ്ഞു. ഇടക്കുള്ള ശീലമാണ് ഭക്ഷണം റൂമിൽ നിന്നും കഴിക്കുന്നത്.വേറെ ഒന്നുമല്ല..എന്നെ റൂമിൽ വരുത്തിക്കാനുള്ള അടവാണ്

കൃഷ്ണേ….അരുൺ മോന് ഞാൻ കൊടുത്തോളാം…നീ അടുക്കളയിലെ ജോലി നോക്കിക്കോളൂ….

രാവുണ്ണി നായർ കൈയിലെ പാത്രം വാങ്ങി.

ഞാനും പറയാറുള്ളതാ…അരുണിന്റെ അടുത്ത് ഇവളെ ഇങ്ങനെ വിടര്ത് ന്നു…കേൾക്കേണ്ടേ…ആരെങ്കിലും..

ശ്രീജേച്ചി തുറിച്ച് നോക്കി കൊണ്ട് പറഞ്ഞു

മോളിൽ നിന്നും ബഹളങ്ങൾ കേട്ടു.പാത്രം തട്ടിയിടുന്ന ശബ്ദം.വിലക്കുകൾ വക വയ്ക്കാതെ മോളിലേക്ക് ഓടി.പാത്രങ്ങൾ നിലത്ത് കിടക്കുന്നു.രാവുണ്ണി നായർ വാതിക്കലിൽ നിക്കുന്നു.

എന്താ….അരുണേട്ടാ….

അരുണേട്ടൻ ദേഷ്യം കൊണ്ട് വിറക്കുന്നു

നിന്നോടല്ലേ ഞാൻ ഭക്ഷണം കൊണ്ട് തരാൻ പറഞ്ഞത്. ഭക്ഷണം കൊണ്ട് തരാൻ പറ്റില്ലേ നീ അത് പറഞ്ഞാ മതി….

അതിനെന്താ ഇപ്പോ…രാവുണ്ണി മാമന് അരുണേട്ടനോട് ഇഷ്ടം ഉള്ളോണ്ടാ ഭക്ഷണം കൊണ്ട് തന്നേ….

അപ്പോ…അപ്പോ…നിനക്ക് എന്നോട് സ്നേഹമില്ലേ….

ദേഷ്യത്തിൽ കൈകളിൽ പിടിച്ച് ഉലച്ചു കൊണ്ട് ചോദിച്ചു

പറയെടീ….നിനക്ക് ഇഷ്ടല്ലേ….നിനക്ക് പറ്റില്ലേ…പറഞ്ഞാ മതി..

നിനക്ക് ഇപ്പോ എന്റെ വേണ്ട അല്ലേ…എനിക്ക് ഭക്ഷണം തരാൻ വയ്യാ അല്ലേ…ഇത്ര പെട്ടെന്ന് നിനക്ക് എന്നെ വേണ്ടാതായോ…..പറയെടീ….

അങ്ങനെ ഒന്ന്വല്ല അരുണേട്ടാ…എങ്ങനെയാ അരുണേട്ടാ എനിക്ക് അരുണേട്ടനെ വേണ്ടാതാവ്വോ…

അല്ല നിനക്കെന്നെ വേണ്ടാതായി.അല്ലേ നീ എനിക്ക് ഭക്ഷണം കൊണ്ടു തന്നേനെ…

കൈകൾ തട്ടി മാറ്റി കൊണ്ട് പറഞ്ഞു

അങ്ങനെ അരുണേട്ടനെ മടുക്കുന്ന ആളാണോ അരുണേട്ടന്റെ അക്കു….അങ്ങനെയാണോ അരുണേട്ടൻ എന്നെ കരുതിയേ…

അരുണേട്ടന്റെ മുഖം രണ്ടു കൈകളിലും എട്ത്ത് കൊണ്ട് ചോദിച്ചു.

എനിക്ക് വേണം അക്കൂ നിന്നെ…ഇങ്ങനെ അകന്നു പോവല്ലെടീ….

കെട്ടിപ്പിടിച്ചും മുഖം കൈയിലെടുത്തുമെല്ലാം പിറുപിറുക്കാൻ തുടങ്ങി.

അരുണേട്ടാ…ഒരു പ്രാവിശ്യം രാവുണ്ണിയേട്ടൻ ഭക്ഷണം കൊണ്ടു തന്നതിനാണോ ഇങ്ങനെ പറയണത്…

കല്യാണത്തിന് മുൻപ് അഖില മോള് ഇങ്ങനെ വരുന്നതൊക്കെ തെറ്റാ…അതാ ഞാൻ കൊണ്ട് വന്നേ….

കല്യാണത്തിന് മുൻപ് ഭക്ഷണം കൊണ്ടു തന്നാ എന്താ…അങ്ങനെ ആരെങ്കിലും എന്തെങ്കിലും വിചാരിക്കുവാണേ വിചാരിക്കട്ടെ..

അക്കൂ…നിനക്ക് ഭക്ഷണം തരാൻ വയ്യേ…പറഞ്ഞാ മതി ഞാൻ പട്ടിണി കിടന്നോളാം…അതോ നിനക്ക് അതൊക്കെ ബുദ്ധിമുട്ടാണോ…

അങ്ങനെയല്ല മോനെ…ഞാൻ പറഞ്ഞിട്ടാ മോള് കൊണ്ടു തരാതിരുന്നേ…

രാവുണ്ണിയേട്ടൻ പറഞ്ഞത് ശരിയാണോ എന്ന അർഥത്തിൽ എന്നെ നോക്കിയപ്പോൾ അതെ എന്നു തലയാട്ടി.അപ്പോൾ ഒന്നടങ്ങി

ഇപ്പോ എന്താ അരുണേട്ടന് വേണ്ടേ ഞാൻ ഭക്ഷണം കൊണ്ടു വരണം അത്രയല്ലേ ഉള്ളൂ…ഞാൻ പോയി ഭക്ഷണം എട്ത്തു വരാം….

വേഗത്തിൽ ഭക്ഷണം എടുത്തു കൊണ്ടു വന്നു

അക്കൂ…വാരിത്താ….

കട്ടിലിൽ അരുണേട്ടന് അടുത്തായി ഇരുന്നു.അരുണേട്ടന് വായിൽ വെച്ചു കൊടുത്തു.ഇടക്ക് കൈയിൽ കടിച്ചു.

അരുണേട്ടാ…എനിക്ക് നോവുന്നുണ്ടേ….

സോറീ…ഇനി കടിക്കില്ലാട്ടോ…

അക്കൂ….ഇന്ന് മുഴുവൻ എന്റെ കൂടെ ഇരിക്കാമോ….

ഇരിക്കാം…

നോക്കിയേ മുറീടെ കോലം…ഇതെങ്ങനെയാ അരുണേട്ടാ വൃത്തിയിക്കുവാ…

ഇടുപ്പിൽ കൈ വെച്ച് മുറി ആകെ ഒന്നു നോക്കി കൊണ്ട് ചോദിച്ചു

വാ…രണ്ടാൾക്കും കൂടി വൃത്തിയാക്കാം…

അരുണേട്ടനൊപ്പം മുറി വൃത്തിയാക്കി.

അരുണേട്ടാ…ഈ ക്ലോക്ക് പൊട്ടിയിട്ടില്ല…നന്നായൊന്ന് എറിയാമായിരുന്നു…

അരുണേട്ടൻ ഒന്നു ചിരിച്ചു

അടുത്ത പ്രാവിശ്യം നോക്കാട്ടോ…

ആഹാ…ഇത് ഒരു ശീലമാക്കാൻ പോവാണോ…അടുത്ത പ്രാവിശ്യം ഒറ്റക്ക് വൃത്തിയാക്കിക്കോ..എന്നെ നോക്കണ്ടാ…

പൊട്ടിയ സാധനങ്ങൾ മാറ്റിയിട്ടു.

ഇതൊന്നും ഇനി ഒന്നിനും കൊള്ളില്ലാലോ അരുണേട്ടാ…എന്ത് ഭംഗിയായിരുന്നു ഇതൊക്കെ കാണാൻ …ഒക്കെ എത്ര വേഗാ നശിപ്പിച്ചേ…

പൊട്ടിയ ഷോ കേസ് ഐറ്റങ്ങൾ മാറ്റവേ പറഞ്ഞു.

ഇനിയും വാങ്ങാലോ അത് പോലത്തേത്….

എല്ലാറ്റിനും ഉത്തരമുണ്ടാവും അരുണേട്ടന്.

മടുത്തു അക്കൂ..

ഇടുപ്പിൽ കൈ വെച്ച് അരുണേട്ടൻ പറഞ്ഞു.

ആ…ഇതൊക്കെ വലിച്ചെറിയുമ്പോ ഓർക്കണായിരുന്നു….

നിർത്തി മോളേ…നിർത്തി.വാ…ഇവ്ടെ ഇരിക്ക്….

കട്ടിലിൽ ഇരുന്നു.അരുണേട്ടൻ മടിയിൽ തല വെച്ചു കിടന്നു.മുടിയിൽ തലോടി കൊണ്ടു നിന്നു.

നിർത്തല്ലേ…അക്കൂ..നീ ഇങ്ങനെ തലോടുമ്പോൾ നല്ല സുഖം…

മുടിയിൽ തലോടുന്നത് നിർത്തിയതും കൈ പിടിച്ച് വീണ്ടും തലയിൽ വെച്ചു.

ആണോ…എനിക്ക് അത്ര സുഖമില്ലാട്ടോ…എണീറ്റേ…

എഴുന്നേൽപ്പിക്കാൻ നോക്കിയതും കാലുകളിൽ ചുറ്റിപ്പിടിച്ച് കണ്ണുകളടച്ച് കമഴ്ന്നു കിടന്നു.

അടങ്ങി ഇരിക്ക് അക്കൂ…

അടച്ചു പിടിച്ച കണ്ണുകൾ ബലമായി തുറന്നപ്പോൾ ശാസിക്കും പോലെ പറഞ്ഞു. പിന്നെ അരുണേട്ടൻ എന്നും ചെയ്യാറുള്ള പോലെ കണ്ണുകൾക്ക് മോളിൽ വീണു കിടക്കുന്ന മുടിയിഴകൾ ഊതി.

അപ്പോ നീ എന്നെ ഉറങ്ങാൻ സമ്മതിക്കില്ലാ….

കണ്ണുകൾ തുറന്ന് തല ഉയർത്തി കൊണ്ട് ചോദിച്ചു

ഇല്ലാ…

എന്നാ വാ..രണ്ടാൾക്കും കൂടി കിടക്കാം…

എഴുന്നേറ്റിരുന്നു കിടക്കയിലേക്ക് തള്ളി ഇട്ടു

എന്തിനാ അരുണേട്ടാ…ഇങ്ങനെ വേണ്ടാത്തിനൊക്കെ ദേഷ്യം പിടിക്കുന്നേ…

അരികിൽ കിടന്നു അരുണേട്ടന്റെ നെറ്റിയിലെ മുടിയിഴകൾ ഒതുക്കി കൊണ്ട് ചോദിച്ചു.

അറിഞ്ഞോണ്ടല്ലാ….പെട്ടെന്ന് ദേഷ്യപ്പെട്ട് പോന്നതാ…നീ അകലുന്നുന്നു തോന്നുമ്പോ….ദേഷ്യോം സങ്കടവും നിയന്ത്രിക്കാൻ പറ്റുന്നില്ലാ….

അതിന് ഞാനെപ്പോഴാ അകലുന്നേ..എന്നും കൂടെ ഇല്ലേ…ഇനി ദേഷ്യപ്പെടര്ത് കെട്ടോ…കാണുമ്പോ തന്നെ പേടിയാവുന്നു..

നോക്കാം….

????????

പിന്നീടും രാവുണ്ണി നായർ ഞങ്ങളെ അകലങ്ങളിൽ നിർത്താൻ എന്നും ശ്രദ്ധിച്ചു.

അക്കൂ….പണ്ട് നമ്മൾ ഇവ്ടെ വന്നിരിക്കുന്നത് ഓർമ ഉണ്ടോ…

തോളിൽ ചാരി ഇരുന്നതല്ലാതെ ഒന്നും പറഞ്ഞില്ല.

പണ്ട് ഇവ്ടെ ഒക്കെ ഒരുപാട് മുള്ളിക്ക ഉണ്ടായിരുന്നു.നമ്മൾ എത്ര പറിച്ചു തിന്നിട്ട്ണ്ട്…..

മറ്റൊരാൾക്കായി കാത്തു വെച്ച സ്നേഹം തട്ടിയെടുക്ക്വുണോ ഞാൻ ചെയ്യുന്നത്.

അക്കൂ…..നീ എന്താ…ഈ അലോചിച്ചിരിക്കുന്നേ…

ആഹ്…..ഒന്നൂല….

എന്താ മുഖം വല്ലാതിരിക്കുന്നേ…..

തലവേദന…….

നെറ്റിയിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു.

തല വേദന ഞാൻ മാറ്റിത്തരട്ടേ……

കൈകളിൽ കിടത്തി.നെറ്റിയിൽ വീണ കുറുനിരകൾ ഊതി മാറ്റി.കണ്ണുകൾ അടച്ചു കിടന്നു.നെറ്റിയിൽ അമർത്തി മുത്തി.

ഇപ്പോ…മാറിയോ….

മ്ം…മ്ം…..

പിന്നെയും ഉമ്മ വച്ചു.നെറ്റിയിൽ പതിയെ വിരൽ കൊണ്ട് തടവി കൊണ്ടിരുന്നു

എന്നെങ്കിലും ഞാൻ അക്കു അല്ലാതാവ്വോ….

ഇല്ലാ…….എന്നും നീ എന്റെ അക്കു ആയിരിക്കും.എന്റെ മാത്രം അക്കു….എന്റെ മാത്രം

എന്നെങ്കിലും ഞാൻ….

ശ്ശൂ….നീ എന്റേയാ….എന്റെ അക്കു…എന്റെ മാത്രം അക്കു…മറ്റൊരാൾക്കും അവകാശമില്ലാതെ…എനിക്ക് മാത്രം അവകാശപ്പെട്ടവൾ…എന്റെ സ്വത്ത്…എന്റെ ജീവൻ…എന്നും എപ്പോഴും അത് അങ്ങനെ തന്നെ ആയിരിക്കും.ഒരിക്കലും അങ്ങനെ അല്ലാണ്ടാവില്ല…

ചുണ്ടിൽ വിരൽ വെച്ച് തടഞ്ഞു

പേടിയാവുന്നു അരുണേട്ടാ…ഈ നിമിഷവും അരുണേട്ടൻ ഓർത്ത് വെക്ക്വോ….ഇതൊക്കെ അരുണേട്ടൻ മറന്നു പോവ്വോ…

വെക്കും….കുഞ്ഞു നാൾ മുതലുള്ള എല്ലാ കാര്യവും ഞാൻ ഓർത്തു വെച്ചില്ലേ…അതു പോലെ ഇതും ഓർത്തു വെക്കും…

ഇല്ലാ….അരുണേട്ടൻ ഇത് മറക്കും….

നിനക്ക് എന്നിൽ വിശ്വാസമില്ലേ….

പറയ്…..

കണ്ണുകളടച്ചു കിടന്നപ്പോൾ കവിളിൽ പിടിച്ച് കുലുക്കി ചോദിച്ചു

വിശ്വാസമാ……..

അരുണേട്ടനെയല്ല അരുണേട്ടന്റെ രോഗത്തെയാ വിശ്വാസമില്ലാത്തത്…പക്ഷേ അരുണേട്ടന്റെ രോഗം മാറണം..ആരും അരുണേട്ടനെ ഭ്രാന്തനെന്ന് മുദ്ര കുത്തണ്ട. എനിക്കു വേണ്ടി..എന്റെ പ്രണയത്തിന് വേണ്ടി അരുണേട്ടൻ ഭ്രാന്തനായിരിക്കേണ്ട..

തലവേദന ഇപ്പോ മാറിയോ…

നെറ്റിയിൽ വിരലോടിച്ചു കൊണ്ട് ചോദിച്ചു.

മ്ം….മാറി…

അക്കു എന്തിനാ ഇങ്ങനെ പേടിക്കണേ…ഈ അരുൺ എപ്പോഴും അക്കുവിന്റെ മാത്രാ…വേറെ ആർക്കും അവകാശല്ല…അരുണിന്റെ ശരീരത്തിന്റേം മനസിന്റേം ഏക അവകാശി അത് അക്കുവാ..

അല്ല അരുണേട്ടാ ഞാൻ അരുണേട്ടന്റെ പ്രണയത്തിന്റെ കാവൽക്കാരി മാത്രമാണ് .

????????

അരുൺ മോന്റെ അസുഖം ഭേദമാവ്ന്നുണ്ടല്ലേ…..

ദേവകിയേച്ചി ചോദിച്ചു

ശരിയാണ്…..കണ്ണിൽ അപരിചിതത്വം നിറയുന്ന സമയത്തിന്റെ ദൈർഘ്യം കൂടുകയും അക്കുവിനെ പ്രണയിക്കുന്ന സമയം കുറയുകയും ചെയ്തിരിക്കുന്നു. ഒരിക്കലും തിരിച്ചു കിട്ടാത്ത വിധം അതില്ലാവും.ഇല്ലാതാവട്ടെ….

തുടരും….