പെണ്ണിന്റെ ശക്തി
എഴുത്ത്: സമീർ ചെങ്ങമ്പള്ളി
“ഡീ ആ ശരത്ത് നിന്റെ മുഖത്ത് ആസിഡൊഴുക്കുമെന്ന് പറഞ്ഞോ?? “
“അതെ, നാളെ വരുമ്പോൾ അവനോട് ഞാൻ ഐ ലവ് യു പറയണമത്രേ, ഇവനൊക്കെ ഭ്രാന്താണെന്നാ തോന്നുന്നത് “
” നീ അവന്റെ ഭീഷണി അത്ര നിസ്സാരമായി കാണേണ്ടാ, അവൻ പറഞ്ഞത് അതേപടി ചെയ്ത് കാണിച്ചിട്ടുള്ളതാ, പോരാത്തതിന് നിന്നോട് അടങ്ങാത്ത പ്രേമവും ഉണ്ട് അവന്, നിന്നെ കിട്ടിയില്ലെങ്കിൽ നിന്നെ മറ്റാർക്കും കൊടുക്കാതിരിക്കാനുള്ള വഴി അവനറിയാമെന്നാ അവൻ കൊമേഴ്സിലെ ആരിഫിനോട് പറഞ്ഞത്, ആരിഫത് നിന്നോട് പറയാൻ പറഞ്ഞു “
നിമ്മി അവളെ പേടിപ്പിക്കാൻ വേണ്ടി ചുമ്മാ പറഞ്ഞതായിരിക്കാമെന്നാണ് അമ്പിളി ആദ്യം കരുതിയത്. പക്ഷേ ശരത്തിന്റെ ഭൂതകാലത്തെ കുറിച്ചോർത്തപ്പോൾ അവളുടെ ഉള്ളൊന്ന് പിടഞ്ഞു.
സസ്പെൻഷനിലായ ഉറ്റ സുഹൃത്തിനെ തിരിച്ചെടുക്കാൻ കോളേജ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചത് മുതൽ കോളേജ് കലാമേളക്കിടയിലുണ്ടായ അടിപിടിയിൽ ഒരുത്തനെ കത്തികൊണ്ട് കുത്തി മുറിവേൽപ്പിച്ചതുമുൾപ്പെടെ അവന്റെ ഭ്രാന്തൻ സ്വഭാവത്തിന് ഉദാഹരണങ്ങൾ ധാരാളമുണ്ട്.
അമ്പിളിയുടെ ഹൃദയമിടിപ്പിന്റെ വേഗതകൂടി. തൊണ്ടക്കുഴികൾ വരണ്ടതുപോലെ, മുൻപൊരിക്കലും അനുഭവിക്കാത്തവിധത്തിൽ ഭയം അവളെ കീഴ്പ്പെടുത്താൻ തുടങ്ങിയിരുന്നു.
ഒരു വേള ഇത് അച്ഛനോട് പറഞ്ഞാലോ എന്ന് അവൾക്ക് തോന്നി, പക്ഷേ സുഹൃത്തുക്കളെല്ലാം ഒരു തമാശക്ക് വേണ്ടി ഒപ്പിച്ച വേലയാണ് ഇതെങ്കിൽ സംഭവം കയ്യീന്ന് പോകും, പിന്നെ കോളേജിൽ കാലുകുത്താൻ പോലും പറ്റില്ല.
എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ.
വീട്ടിലെത്തിയതും അവൾ വാതിലടച്ചു, കുറേ നേരം റൂമിനുള്ളിൽ തലങ്ങും വിലങ്ങും ഉലാത്തിക്കൊണ്ടിരുന്നു. സമയം സന്ധ്യയായതും അമ്മ വന്നു വാതിലിൽ മുട്ടി.
“ഡീ അമ്പിളി, നിനക്കെന്താടീ അകത്ത് പണി, കുറേ നേരായല്ലോ വാതിലും അടച്ച് ഇരിക്കുന്നു “
“എനിക്ക് നാളെ ഒരു പരീക്ഷയുണ്ട്, അമ്മയൊന്ന് പോയിതരാവോ “
“വല്ലതും തിന്നിട്ട് മതി ഇനി പഠിത്തം, യൂണിവേഴ്സിറ്റി പരീക്ഷയുടെ തലേന്ന് വരെ ഐപിഎൽ കണ്ടുകൊണ്ടിരുന്ന നീയെന്ന് മുതലാടീ ഇത്ര പഠിത്തക്കാരിയായത്, ഇതതൊന്നുമല്ല, വേറെ എന്തോ ഉണ്ട് “
സഹികെട്ടതും അവൾ വാതിൽ തുറന്ന് ബാത്റൂമിലേക്ക് നടന്നു.കൈ കഴുകിയതും തീന്മേശയ്ക്ക് മുന്പിലിരുന്ന് ആരോടും ഒന്നും സംസാരിക്കാൻ കൂട്ടാക്കിയില്ല, എന്തോ തിന്നുന്നതുപോലെ അഭിനയിച്ചു വീണ്ടും റൂമിലേക്ക് മടങ്ങി.
അവളിലെ സ്വഭാവ വിത്യാസം കണ്ട് അമ്പരന്നുപോയ അച്ഛനും അമ്മയും മുഖത്തോട് മുഖം നോക്കിയിരുന്നു.
അടുത്ത ദിവസം പ്രഭാതമായതും അവൾ പതിവുപോലെ സന്തോഷവതിയായി കാണപ്പെട്ടു. അവൾ നേരത്തെ എഴുന്നേറ്റു, കുളിച്ചു ഭക്ഷണവും കഴിച്ചതിന് ശേഷം കോളജിലേക്കുള്ള നടത്തം ആരംഭിച്ചു.
കോളേജിൽ എത്താൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ ഒരു ബൈക്ക് അവളെ ഫോള്ളോ ചെയ്യുന്നതുപോലെ അവൾക്ക് തോന്നി. അവൾ പിന്നിലേക്ക് പലവട്ടം നോക്കിയപ്പോഴെല്ലാം ഹെല്മെറ്റിനുള്ളിലെ ആ ചുവന്ന കണ്ണുകൾ അവളെ തന്നെ രൂക്ഷമായി നോക്കുകയായിരുന്നു.
കവലയിൽ നിന്ന് അടുത്ത വളവിലേക്ക് എത്തിയതും ബൈക്ക് അവളെ ഓവർടേക്ക് ചെയ്തു മുന്നിൽ വന്നു നിന്നു. ബൈക്കിൽ നിന്നും റോഡിലേക്ക് ഇറങ്ങിയ ആ ചെറുപ്പക്കാരൻ ഹെൽമെറ്റ് ഊരിയതും അവൾ ഞെട്ടിത്തരിച്ചു….
“ശരത്ത്??? ….. “
“എന്തായി നിന്റെ തീരുമാനം, നീയില്ലാതെ എനിക്ക് ഒരു നിമിഷംപോലും ജീവിക്കാൻ പറ്റാതെയായി, ഉണ്ണാനും ഉറങ്ങാനും പറ്റാത്ത അവസ്ഥ, എന്നെ ഇഷ്ടാണെന്ന് മാത്രം പറഞ്ഞാൽ മതി, പ്ലീസ്, ഇല്ലെങ്കിൽ എനിക്ക് കിട്ടാത്ത നിന്നെ മറ്റാർക്കും ഞാൻ കൊടുക്കില്ല, ഈ ശരത്ത് ഒന്നും തമാശക്ക് പറയാറില്ല…. “
എന്തുചെയ്യണമെന്നറിയാതെ അമ്പിളി വിറച്ചു നിന്നു. ശരത്ത് ഭ്രാന്തമായ ആവേശത്തോടെ അവളുടെ മറുപടിയെ പ്രതീക്ഷിച്ചുകൊണ്ട് നിൽക്കുകയാണ്. അയാളുടെ കോട്ടിനുള്ളിൽ നിന്നും പുറത്തേക്ക് തള്ളി നിൽക്കുന്ന ആ കുപ്പി അവൾ കെമിസ്ട്രി ലാബിൽ നിന്ന് പലവട്ടം കണ്ടിട്ടുണ്ട്.
“സൾഫ്യൂറിക്കാസിഡ്… “
പെട്ടെന്നാണ് ശരത്തിനെ ഞെട്ടിച്ചുകൊണ്ട് അവൾ അവന് നേരെ അത് നീട്ടിയത്…
“തോക്കോ… ഡീ “
അയാൾ ദേഷ്യത്തോടെ അവൾക്ക് നേരെ അലറിയതും അവൾ തോക്ക് കൂടുതൽ ശക്തിയോടെ മുറുക്കിപ്പിടിച്ചു….
“അതെ ഡാ, എന്റെ അണ്ണൻ പട്ടാളത്തിലാണെന്ന് അറിയാലോ, ഇത് നിന്റെ നേരെ ഉപയോഗിച്ചാൽ ഒരാളും എന്നെ ഒന്നും ചെയ്യില്ല, സ്വയരക്ഷയ്ക്ക് വേണ്ടി കൊന്നതാണെന്നേ വരൂ “
നടുറോഡിലെ നാടകീയ രംഗങ്ങൾ ദൂരെ നിന്ന് കണ്ടതും നാട്ടുകാർ മുഴുവൻ അവരുടെ അടുത്തേക്ക് ഓടിക്കൂടാൻ തുടങ്ങി. പകച്ചുപോയ ശരത്ത് നേരെ വേഗത്തിൽ ബൈക്കിനടുത്തേക്ക് ഓടി.
“ഡീ നിന്നെ കാണിച്ചു തരാമെടീ “
“നീ ഒന്ന് ഒലത്തും, പോടാ “
ശരത് പോയതും ആരോ വിളിച്ചു പറഞ്ഞ പ്രകാരം പോലീസെത്തി, അവർ അമ്പിളിയോട് പലകാര്യങ്ങളും ചോദിച്ചറിഞ്ഞു. ശരത്തിനെ അറസ്റ്റ് ചെയ്യാനുള്ള എല്ലാം നടപടികളും അവർ തയ്യാറാക്കുകയിരുന്നു.
മടങ്ങാൻ തുടങ്ങുന്നതിനിടെ ഇൻസ്പെക്ടർ അമ്പിളിയോട് കൗതുകത്തോടെ ചോദിച്ചു.
“ഈ തോക്കെടുത്തത് നിന്റെ ചേട്ടനറിയുമോ, പുള്ളീടെ പണി തെറിക്കും കേട്ടോ “
“അതിനിത് ഒറിജിനൽ തോക്കുമല്ല, എനിക്ക് ഒരു അണ്ണനുമില്ല, ചേച്ചീടെ ഭർത്താവ് കുട്ടികൾക്ക് കളിക്കാൻ ഗൾഫിൽ നിന്നും കൊണ്ടുവന്ന ടോയ് പിസ്റ്റളാണ്, കണ്ടാൽ ഒറിജിനലാണെന്നേ തോന്നൂ,എന്റെ കയ്യിൽ തോക്ക് കണ്ടതുകൊണ്ടല്ല അവൻ ശെരിക്കും പേടിച്ചുപോയത്, എന്നിൽ നിന്നും അവനിങ്ങനെയൊരു മറുപടി പ്രതീക്ഷിച്ചുകാണില്ല,
പെൺകുട്ടികൾ ഒന്ന് രൂക്ഷമായി നോക്കിയാൽപോലും വേട്ടക്കാർ വിറച്ചു നിൽക്കും, അതിനും കഴിവില്ലാത്തത്കൊണ്ടാണ് സാറേ എതിരാളിയുടെ മാനസിക ശക്തി കൂടുന്നത് “