വെയിൽചായും നേരം…..
Story written by VIJAYKUMAR UNNIKRISHNAN
വൈകുന്നേരം. പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം..
സിദ്ധാർഥ് ബസ്‌റ്റോപ്പിൽ ഇറങ്ങി..നാലും കൂടിയ കവലയാണ്..
സിദ്ധാർഥ് വലത്തോട്ടുള്ള റോഡിലേയ്ക്ക് കടന്നു.. .. റോഡരികിൽ നിന്ന ഒരാളോട് തിരക്കി…..
ചേട്ടാ ഈ കൃഷ്ണമംഗലം തറവാട്ടിലേക്കുള്ള പോകാനുള്ള വഴിയേതാണ്..?
അയാൾ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ടു പറഞ്ഞു.. എനിക്കറിയില്ല കേട്ടോ ദാ ആ വരുന്ന ആളോട് ചോദിച്ചോളൂ.. അയാൾ നടന്നു നീങ്ങി..
ഞാൻ അയാൾ ചൂണ്ടിക്കാണിച്ച ആളുടെ അടുത്തേയ്ക്ക് നടന്നു ചെന്നു…..
ചേട്ടാ ഈ കൃഷ്ണമംഗലം തറവാട്ടിലേക്കുള്ള വഴിയേതാണ്..
എനിക്ക് അങ്ങനെയൊരു വീട് അറിയില്ല കുഞ്ഞേ ഒരു പക്ഷെ ചായക്കടക്കാരൻ മാധവന് അറിയാമായിരിക്കും..
അതാണ് കട അങ്ങോട്ട് ചെന്നോളൂ ഇതും പറഞ്ഞു എന്നെയൊന്നു ഗൗരവത്തിൽ നോക്കിയിട്ട് അയാളും പോയി…
എനിക്കാകെ വിഷമമായി. ഇതെന്താ ഇവിടെയെല്ലാരും ഇങ്ങനെ പെരുമാറുന്നത്. ഇവിടെയാർക്കും കൃഷ്ണമംഗലം വീടിനെപ്പറ്റി അറിയില്ല എന്നുണ്ടോ..
ഞാൻ നേരെ ആ ചായക്കടയിലേക്ക് നടന്നു. ബാഗ് മേശയിൽ വെച്ചിട്ട് കസേരയിൽ ഇരുന്നു…..
ചേട്ടാ ഒരു ചായ . ..
മാധവേട്ടനും എന്നെയൊന്നു സൂക്ഷിച്ചു നോക്കി .. ചോദിച്ചു…. സാറെവിടുന്നാണ്..?
ഞാൻ തൃശ്ശൂർ നിന്നും വരുകയാണ്. ഇവിടെ വില്ലേജ് ഓഫീസിലേയ്ക്ക് മാറ്റം കിട്ടി. പക്ഷേ ഞാൻ ഇങ്ങോട്ട് വന്നത് ഇവിടെ അടുത്തൊരു കൃഷ്ണമംഗലം തറവാട് അന്വേഷിച്ചാണ്.
അതേയോ അവിടെ ആരെക്കാണാനാണ്..?
അവിടെ ഒരു ശാരദ ടീച്ചർ.. ടീച്ചറിനെക്കാണാൻ വന്നതാണ് വഴിയിൽ പലരോടും ചോദിച്ചു ആർക്കും അറിയില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി..
ശാരദ ടീച്ചറിന്റെ വീട്ടിലേയ്ക്കാണോ. പോകേണ്ടത് അതാണ് ആരും വഴി പറഞ്ഞു തരാഞ്ഞത്… അങ്ങോട്ടുള്ള യാത്ര എല്ലാവർക്കും പേടിയാണ് .. കുറെ ദോഷങ്ങളുള്ള തറവാടാണ് അത്…
ചേട്ടന് അങ്ങോട്ടുള്ള വഴി അറിയാമോ..
വഴി അറിയാം പക്ഷേ. ഞാൻ അങ്ങോട്ട് വരില്ല ട്ടോ..
സാരമില്ല ചേട്ടൻ വഴി പറഞ്ഞു തന്നാൽ മതി കൂടെ വരണമെന്നില്ല ഞാൻ പൊയ്ക്കോളാം..
സാർ ഒരു കാര്യം ചെയ്യൂ അല്പം നേരം ഇവിടെയിരിയ്ക്കൂ കൃഷ്ണമംഗലത്തെ കാര്യസ്ഥൻ ഗോവിന്ദൻ അമ്പലത്തിൽ നിന്നും ഇപ്പോൾ ഈ വഴി വരും അയാളുടെ കൂടെ പൊയ്ക്കോളൂ….വഴി തെറ്റില്ല..
അത്രടം വരെ ഒറ്റയ്ക്ക് പോകേണ്ട. നേരം ഇരുട്ടി തുടങ്ങുന്നു..
അങ്ങനെ ആയിക്കോട്ടെ ചേട്ടാ…
കുറച്ചു നേരം കഴിഞ്ഞപ്പോൾ ദൂരെ നിന്നും ഒരാൾ നടന്നു വരുന്നത് കണ്ടു..
കാവി മുണ്ടും ജുബ്ബയും കഴുത്തിൽ ഒരു രുദ്രാക്ഷവുമായി ഒരു മധ്യവയസ്സ്കൻ… കണ്ടാൽ തന്നെ അറിയാം ആളൊരു ഗൗരവക്കാരനാണ് എന്ന്….
ആ വരുന്നതാണോ ചേട്ടാ കാര്യസ്ഥൻ ഗോവിന്ദൻ..?
അതേ സാർ…
അതേ ഗോവിന്ദാ ദാ ഇത്രയിടം വരെ ഒന്ന് വന്നിട്ട് പോകൂ…
എന്താ വിശേഷിച്ചു മാധവാ.. ഞാൻ തറവാട്ടിലേക്ക് പോകുകയാണ് ടീച്ചർ ഇപ്പോൾ അന്വേഷിയ്ക്കുന്നുണ്ടാകും….
ദാ ഈ സാറിനെക്കൂടി തറവാട്ടിലേക്ക് കൂട്ടിക്കോളൂ..അങ്ങോട്ടുള്ള വഴി അന്വേഷിച്ചു വന്നു കയറിയതാണ് ഇവിടെ… തൃശൂരൂന്നു വന്നതാ..
എന്തായാലും താൻ ഈ വഴി വന്നത് രക്ഷയായി….. ഇനിയിപ്പോൾ തനിക്കും അങ്ങോട്ടൊരു കൂട്ടായല്ലോ..
എന്നാൽ പോന്നോട്ടെ.. എന്നും പറഞ്ഞു അയാൾ മുൻപേ നടന്നു….
ഞാൻ മാധവേട്ടനോട് നന്ദി പറഞ്ഞു അയാൾക്കൊപ്പം കൂടി..
ഇതെന്തൊരു മനുഷ്യൻ ഞാൻ ഒരു അപരിചിതനല്ലേ എന്തെങ്കിലും സംസാരിക്കാൻ അതാവും മടി…. കൂടെ നടക്കുക തന്നെ….
കുറച്ചു ദൂരം നടന്ന ശേഷം അയാൾ ഒന്ന് നിന്നു.. അല്ല കൃഷ്ണമംഗലത്തു തറവാട്ടിലേക്ക് തന്നെയല്ലേ പോകേണ്ടത്….?
അതേ ചേട്ടാ . .. എന്താ അങ്ങനെ ചോദിയ്ക്കാൻ.. !
അല്ല അവിടെയിപ്പോൾ ശാരദ ടീച്ചറും കൊച്ചു മോളും ഒരു വാല്യക്കാരി പെണ്ണും പിന്നെ ഞാനുമാത്രമേയുള്ളൂ….
എനിക്ക് ടീച്ചറെയാണ് കാണേണ്ടത്…
ടീച്ചറുമായി എന്താ ഇയാൾക്ക് ബന്ധം ടീച്ചറിന്റെ ശിഷ്യനാകാനുള്ള പ്രായം ഇല്ല ഏറിയാൽ കൊച്ചുമകളുടെ പ്രായം കാണും…
തൃശ്ശൂർ നിന്നും അല്ലേ വന്നതെന്ന് പറഞ്ഞത്…..
അതേ.. എന്താ ചേട്ടാ..
അല്ല അവിടെ ടീച്ചർക്ക് ബന്ധുക്കളൊന്നുമില്ല.. പിന്നെ കുട്ടിയേതാണ്..ഇതിനു മുൻപ് ഇവിടെ വന്നു കണ്ടിട്ടില്ല അതാണ് ചോദിച്ചത്..
ഞാൻ ആരാണെന്ന് അറിയണം അല്ലേ…
അതേ അറിഞ്ഞാൽ ധൈര്യമായി മുന്നോട്ട് പോകാല്ലോ അതുമല്ല ഒരു അപരിചിതനെ തറവാട്ടിലേക്ക് കയറ്റുന്നത് ടീച്ചർക്കും ഇഷ്ടമല്ല..
ചേട്ടൻ ഒട്ടും പേടിയ്‌ക്കേണ്ട ഞാൻ ഇപ്പോൾ ടീച്ചർക്ക് ഒരു അപരിചിതൻ ആകാം പക്ഷേ എന്റെ അച്ഛന്റെ പ്രിയപ്പെട്ട ടീച്ചറായിരുന്നു ശാരദ ടീച്ചർ …
അച്ഛന്റെ പേരെന്താ..?
ബാലകൃഷ്ണൻ…. ടീച്ചർ ആദ്യമായി ജോലിക്ക് വന്നത് ഞങ്ങളുടെ നാട്ടിലായിരുന്നു.. അന്ന് മുതൽ തുടങ്ങിയതായിരുന്നു അച്ഛനും ടീച്ചറുമായുള്ള ആത്മബന്ധം..
അച്ഛൻ ടീച്ചർക്ക് വെറും ശിഷ്യൻ മാത്രമായിരുന്നില്ല മകനായിരുന്നു….
പാവപ്പെട്ട കുടുംബത്തിൽ ജനിച്ച അച്ഛന് പഠിക്കാനുള്ള സഹായങ്ങളെല്ലാം ടീച്ചർ നൽകി.. വർഷങ്ങൾ കഴിഞ്ഞെങ്കിലും ആ ബന്ധം അങ്ങനെ നില നിന്നു…
.അച്ഛൻ ടീച്ചർക്കും ടീച്ചർ തിരിച്ചും കത്തുകളെഴുതിയിരുന്നു…. ആറു മാസം മുൻപ് വരെ അങ്ങനെ കത്തുകൾ പതിവായിരുന്നു……
പിന്നെ ടീച്ചറിന്റെ കത്തുകൾ പെട്ടെന്ന് വരാതായി.. അത് അച്ഛന്
വിഷമമുണ്ടാക്കി……
അപ്പോൾ ആ കത്തുകൾ എഴുതിയിരുന്ന ബാലകൃഷ്ണന്റെ മോനായിരുന്നോ ഇയാൾ…?
അതേ ചേട്ടാ… “
ഇപ്പോൾ തന്റെ അച്ഛൻ എന്തെടുക്കുന്നു…?
അച്ഛൻ കഴിഞ്ഞ മാസം മരിച്ചു മരിയ്ക്കും മുമ്പേയാണ് അച്ഛൻ ടീച്ചറെക്കുറിച്ചു എന്നോട് എല്ലാം പറഞ്ഞത്.. ടീച്ചറുടെ വിവരങ്ങൾ അന്വേഷിയ്ക്കാൻ ഈ അഡ്രസ്സും തന്നു..
സത്യം പറഞ്ഞാൽ ഇങ്ങോട്ട് ജോലിക്ക് മാറ്റം വാങ്ങിയതിന് മറ്റൊരു ഉദ്ദേശ്യം കൂടിയുണ്ട്
എന്താത്….
ടീച്ചറിനെക്കുറിച്ചും പിന്നെ പെട്ടെന്ന് ടീച്ചറിന്റെ കത്തുകൾ വരാതായതിനു കാരണവും അറിയണം..
ഇവിടെ താമസിച്ചു ടീച്ചറെ അന്വേഷിച്ചു കണ്ടെത്തണമെന്നായിരുന്നു ആഗ്രഹം..
പക്ഷേ ഇത്ര പെട്ടെന്ന് അത് സാധിയ്ക്കുമെന്ന് കരുതിയില്ല…
ഞങ്ങൾ അങ്ങനെ ചെമ്മൺ നിറഞ്ഞ പാതയിലൂടെ നടക്കുകയാണ്.. ഇരു വശത്തും നിറയേ കരിമ്പനകൾ… കുലച്ചു കിടക്കുന്നു
ഞങ്ങൾ നടന്നു പാടത്തിനു അടുത്തെത്തി…….
ഗോവിന്ദേട്ടൻ ഒന്ന് നിന്നു.. എന്നിട്ട് പറഞ്ഞു…… .
ഈ പാടം തറവാട്ട് വകയാണ്. ഇപ്പോൾ കൃഷിയൊക്കെ പാട്ടത്തിനു കൊടുത്തിരിയ്ക്കുവാണ്…
എല്ലാം കൂടി നോക്കി നടത്താൻ എനിക്ക് ഒറ്റയ്ക്ക് പറ്റില്ല……
അല്ല ഗോവിന്ദേട്ടാ ടീച്ചറിന്റെ കുടുംബത്തിലുള്ള ബാക്കിയുള്ളവരൊക്കെ എവിടെപ്പോയി..
അതാണ് ഞാൻ പറയാൻ പോകുന്നത്..
..എന്താ കാര്യം… ചേട്ടാ..
ഇയാളുടെ അച്ഛന് ടീച്ചർ കത്തെഴുതുമായിരുന്നുവെന്ന് പറഞ്ഞിരുന്നില്ലേ…
ഉവ്വ് …
കഴിഞ്ഞ ആറുമാസം മുൻപ് വരെ ആ കത്തുകളായിരുന്നു അച്ഛന്റെ ജീവിതത്തിൽ ഏറ്റവും വിലപിടിപ്പുള്ള വസ്തു..
അതിന് ശേഷം ഒന്നും വന്നില്ല..അത് അച്ഛനെ തളർത്തി അച്ഛൻ ആകെ സങ്കടത്തിലായി. ആരോടും മിണ്ടാതെ അങ്ങനെ വീട്ടിൽ ഒരിടത്തു ഒതുങ്ങിക്കൂടി…
അതിനൊരു കാരണമുണ്ട് കുഞ്ഞേ.. ആറുമാസങ്ങൾക്ക് മുൻപ് വരെ ടീച്ചറിന്റെ ജീവിതത്തിൽ സന്തോഷം മാത്രമായിരുന്നു നിറഞ്ഞു നിന്നിരുന്നത്…
പക്ഷേ പെട്ടെന്നായിരുന്നു ആ ദുരന്തം ടീച്ചറെ തേടി വന്നത്….
എന്തായിരുന്നു ആ ദുരന്തം….?
.ടീച്ചറിന് ഒരേയൊരു മോനായിരുന്നു.. അയാൾ അങ്ങ് ഡൽഹിയിൽ വലിയ ജോലിക്കാരനായിരുന്നു. ഇക്കാണുന്ന സ്വത്തിന്റെയെല്ലാം ഒരേ ഒരു അവകാശി..
ആറു മാസങ്ങൾക്കു മുൻപ് അയാളും ഭാര്യയും നാട്ടിലേയ്ക്കുള്ള വരവിൽ ഒരു അപകടത്തിൽപ്പെട്ടു മരിച്ചു..
. മകളുടെ കല്യാണം നാട്ടിലെ ഒരു പയ്യനുമായി ഉറപ്പിച്ചിരുന്നു അത് നടത്തുവാനുള്ള വരവായിരുന്നു…
അവർ രണ്ടു പേരും പോയി ആ അപകടത്തിന്റെ ഷോക്കിൽ കൊച്ചുമോളുടെ മനസ്സ് താളം തെറ്റി.. അത് ടീച്ചർക്ക് വലിയ ദുഃഖമായി ഇന്നും തുടരുന്നു….
എന്നിട്ട് ആ കുട്ടി…?
അത് ഇപ്പോൾ ടീച്ചറിന് ഒപ്പം തറവാട്ടിലുണ്ട്..
ഇടയ്ക്ക് അച്ഛനെയും അമ്മയെയും കുറിച്ച് ഓർമ്മകൾ വരുമ്പോൾ എന്തൊക്കെയാ കാട്ടിക്കൂട്ടുക എന്ന് ചിന്തിയ്ക്കാൻ കൂടി പറ്റില്ല…..
എന്താ ചെയ്യുക ടീച്ചറിന്റെ വിധി..അല്ലാണ്ട് എന്താ പറയുക….
വേഗം നടന്നോളൂ ഇരുട്ടി തുടങ്ങി, ബാക്കിയുള്ള കഥകൾ അവിടെ ചെന്നു കണ്ടറിയാം…
ഞങ്ങൾ അങ്ങനെ പടിപ്പുര കടന്നു തറവാട് മുറ്റത്തേയ്ക്ക് എത്തി…..
ഗോവിന്ദേട്ടാ.. ഗോവിന്ദേട്ടാ….
അയ്യോ അത് സരസ്വതിയുടെ നിലവിളിയാണല്ലോ അടുക്കള ഭാഗത്ത് നിന്നും…..
ഞാൻ ഒന്ന് പോയി നോക്കിയിട്ട് വരാം..ഇതും പറഞ്ഞു ഗോവിന്ദൻ നായർ അടുക്കള ഭാഗത്തേയ്ക്ക് ഓടി….
…… എന്താകും അവിടെ സംഭവിച്ചത് എന്നറിയാൻ ഒരു ആകാംക്ഷ…….ഞാനും അങ്ങോട്ട് ഓടി……
ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ…