കോൾ വെയിറ്റിങ്ങ്….അനതർ കോളിലേക്ക് ഞാൻ നിറകണ്ണുകളോടെ നോക്കി ഇരുന്നു. അതിലെ അപ്പോഴത്തെ ശബദത്തിന് എൻ്റെ ഹൃദയമിടിപ്പിനേക്കാൾ ശബ്ദം ഇല്ലായിരുന്നു..

എഴുത്ത്: സിറിൾ കുണ്ടൂർ

അവളുടെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങളിൽ നിന്നുമാണ് ചതിക്കപ്പെട്ടു തുടങ്ങിയെന്ന് മനസിലായത്…അവളെ കുറിച്ച് എനിക്കല്ലാതെ മറ്റാർക്കാണ് പഠിക്കുവാൻ സാധിക്കുക.

സ്ഥിരം വിളിക്കാറുള്ള അവളുടെ സമയം അവൾ സ്വയം പരിമിതപ്പെടുത്തി തുടങ്ങി. സാവധാനം അകലം പാലിക്കുന്ന തലത്തിൽ എത്തി. എന്നിൽ നിന്നും അവൾ അകലുന്നില്ല എന്ന് അവൾ എന്നെ ബോധ്യപ്പെടുത്തി കൊണ്ടിരുന്നു. അല്ലങ്കിൽ അതിനവൾ ശ്രമിച്ചു കൊണ്ടിരുന്നു.ആർക്കോ വേണ്ടി, ആരുടെയോ സ്നേഹത്തിന് വേണ്ടി അവൾ എൻ്റെ സ്നേഹത്തെ അല്ല പ്രാണനെയാണ് കൊലപ്പെടുത്തിയത്.

പലപ്പോഴും എന്നെ ഒഴിവാക്കിയിട്ടും അവളുടെ കാലുപിടിച്ച് വീണ്ടും വീണ്ടും ഞാൻ സ്നേഹത്തിനായി യാചിച്ചു. എൻ്റെ ഹൃദയത്തിലെ സ്നേഹം വിശാലമായി പ്രകടിപ്പിക്കാനും ശ്രമിച്ചുകൊണ്ടിരുന്നു.പക്ഷേ, പ്രണയത്തിൽ എന്നു പറയുന്നില്ല അവൾക്ക് വേണ്ടി ഒരുക്കിയ മായവലയത്തിലേക്ക് അവൾ അപ്പോഴേക്കും പ്രവേശിച്ചു കഴിഞ്ഞിരുന്നു. അവളുടെ ചിന്തകൾക്കു മുകളിൽ അവളുടെ പ്രകടമായ മാറ്റത്തിൽ നിന്നും ഞാനത് എന്നേ കണ്ടെത്തിയിരുന്നു. അവൾ അത് സമ്മതിക്കാൻ തയ്യാറായിരുന്നില്ല. മാത്രവുമല്ല എന്നിൽ നിന്നും അവൾ എന്തെല്ലാമോ വ്യക്തമായി ഒളിക്കാൻ ശ്രമിക്കുന്നത് മനസിലാക്കാൻ, അവളെ പ്രാണനെ പോലെ സ്നേഹിക്കുന്ന എനിക്ക് മാത്രമേ കഴിയുമായിരുന്നൊള്ളു.

എല്ലാം എൻ്റെ മനസിൽ വ്യക്തമായി കാണാമായിരുന്നു.അത് സമയമെടുത്ത് തന്നെ ഞാൻ കണ്ടെത്തിയിരുന്നു.എന്നാലും അവളെ എന്നിലേക്ക് കൊണ്ടുവരുവാൻ ശക്തമായി ശ്രമിച്ചു പരാജയപ്പെട്ടവൻ്റെ മുഖഛായ ആണ് എനിക്കെന്ന് വിധിപോലും കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു…

അവൾ തന്നെ സാഹചര്യങ്ങൾ ഒരുക്കി കൊടുത്ത് വിളികൾ നടക്കുമ്പോഴും, ഞാനതെല്ലാം ക്ഷമിക്കാൻ തയ്യാറായിരുന്നു. കോൾ വെയ്റ്റിങ്ങ് സംശയത്തിൽ പലപ്പോഴും അവൾക്ക് പ്രതിരോധിക്കാൻ കഴിയാതെ വന്നതുകൊണ്ടാകണം അവൾ ഫേയ്സ്ബുക്കിൽ പുതിയ fake IDനിർമ്മിച്ചു അതിലൂടെ ആയിരുന്നു പിന്നീട് വിളികൾ നടന്നത്.ഏറെ വിഷമത്തോടെ സത്യങ്ങൾ മനസിലാക്കിയിട്ടും, അവൾ എൻ്റെ മാത്രമായി വരുന്നതും കാത്ത് അവളുടെ മുന്നിൽ ഒരു കോമാളി വേഷം കെട്ടി ഒന്നും അറിയാത്തവനെ പോലെ ആടി തീർക്കുകയായിരുന്നു എൻ്റെ സങ്കടങ്ങൾ അത്രയും….എനിക്ക് ഒരിക്കലും അതിൽ നിന്നും എൻ്റെ കൊച്ചിനെ തിരിച്ചു കൊണ്ടുവരാൻ സാധിച്ചില്ല. ഇപ്പോൾ വാട്ട്സ്ആപ്പിൽ വിളിച്ചാലും കോൾ വെയ്റ്റിങ്ങ് ഇല്ലാ. സുരക്ഷിതമായി അവർ മുന്നേറി. പലപ്പോഴും ഞാൻ ഏറെ പുറകിലായിരുന്നു. പിടിതരാതെ അവൾ എന്നെ പലതും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. സ്നേഹത്തിൻ്റെ മുന്നിൽ അതെല്ലാം വിശ്വസിക്കുക മാത്രമേ എനിക്ക് നിവർത്തി ഉണ്ടായിരുന്നൊള്ളു.

പക്ഷേ, ഇതുപോലെ ഒരാളേയും ഞാൻ പ്രണയിച്ചിട്ടില്ലായിരുന്നു. ഒരുപക്ഷേ, തൻ്റെ ആദ്യത്തേയും അവസാനത്തേയും പ്രണയം ഇതായിരിക്കും. ഇതെല്ലാം അറിയാമായിരുന്നിട്ടും അവൾക്ക് എങ്ങനെ സാധിച്ചു എന്നതിന് മാത്രം എന്നിൽ ഉത്തരം ഉണ്ടായിരുന്നില്ല.

ഒടുവിൽ അവഗണന കൊണ്ട് മനസ് മടുത്തപ്പോൾ അവളുടെ രാത്രി വിളികൾക്ക് കാത്തു നിൽക്കാതെ ഞാൻ പതിനൊന്ന് മണി ആകുമ്പോഴേക്കും കിടക്കൽ പതിവാക്കി.ഒരിക്കൽ അവൾ സംശയത്തോടെ ചോദിച്ചു.

“എട ചെക്കാ നീ ഇനി രാത്രി വല്ല പെൺപിള്ളേരെ വിളിക്കണുണ്ടോ?

“ഉവ്വ കുറെ ഉണ്ട് ലിസ്റ്റിൽ നോക്കി എടുത്ത് വിളിക്കണം .നീ എന്നെ വിളിച്ച് ശല്യം ചെയ്യാതെ ഇരുന്നാൽ മതി.

കാത്തിരിക്കാൻ ഒന്നും ഇല്ലാത്തതിനാൽ പതിവിലും നേരത്തെ, കിടന്നുറങ്ങിയ രാത്രിക്ക് ദൈർഘ്യം ഏറെ ഉണ്ടായതായി തോന്നിയത് സ്വപ്നത്തിൻ്റെ വലിച്ചു നീട്ടലിൻ്റെ വിരസതയിലൂടെ മാത്രമല്ലായിരുന്നു.

അന്ന് രാത്രി അവൾ പന്ത്രണ്ടരയ്ക്ക് പതിവില്ലാതെ വിളിച്ചു. ഫോണിൻ്റെ ഉറക്കെ മുഴങ്ങിയ ശബ്ദം കേട്ട് ഞെട്ടി എഴുന്നേറ്റതും കോൾ എടുത്തതും
ഒരുമിച്ചായിരുന്നു.

ഹലോ ഹലോ, …….

നാല അഞ്ച് സെക്കൻ്റ് അതിനുള്ളിൽ കോൾ കട്ടായി. പിന്നെ തിരിച്ച് വിളിച്ചെങ്കിലും എടുത്തില്ല. 12:45 വരെ വിളിച്ചുകൊണ്ടിരുന്നു. മെസേജ് കുറേ അയച്ചുനോക്കി . എനിക്ക് ഉറപ്പായിരുന്നു അവൾ ഉറങ്ങിയിട്ടില്ലന്ന്, പണ്ട് അവൾ ഞാൻ ഉറങ്ങി പോയാലും കുറെ നേരം വിളിച്ചോണ്ടിരിക്കും ,എത്ര വൈകിയാലും സംസാരിച്ചോണ്ടിരിക്കും. അതവളുടെ പ്രത്യേകതയായിരുന്നു.

കുറെ ശ്രമിച്ചിട്ടും എടുക്കാതെ ആയപ്പോ ഞാൻ കിടന്നു. തിരിഞ്ഞും മറഞ്ഞും കിടന്നിട്ടും പാതി മുറിച്ച സ്വപ്നം എന്നിലെ നിദ്രയെ തൊട്ടു പോലും നോക്കിയില്ല. ഞാൻ വീണ്ടും ഫോണെടുത്ത് അവളെ വിളിച്ചപ്പോൾ സമയം ഒരു മണിക്ക് മൂന്ന് മിനിറ്റ് മാത്രം. ഫോണിൽ നിന്നും കോൾ ചെയ്തതും, എൻ്റെ ഹൃദയത്തിലേക്ക് എന്തോ കനത്തിൽ വന്നു തറച്ചു കയറും പോലെ വേദന തോന്നിയതും കണ്ണുകൾ നിറഞ്ഞൊഴുകിയതും ഒരുമിച്ചായിരുന്നു.

കോൾ വെയിറ്റിങ്ങ്….അനതർ കോളിലേക്ക് ഞാൻ നിറകണ്ണുകളോടെ നോക്കി ഇരുന്നു. അതിലെ അപ്പോഴത്തെ ശബദത്തിന് എൻ്റെ ഹൃദയമിടിപ്പിനേക്കാൾ ശബ്ദം ഇല്ലായിരുന്നു. കണ്ണിലേക്ക് കയറിയ ഇരുട്ടിൽ തല പെരുത്തു .പൊട്ടി കരയണം എന്നു കരുതി എങ്കിലും എന്നിൽ വേദനകളുടെ ഒരു മഹാസമുദ്രത്തെ ഉൾകൊണ്ട് എന്നിൽ വേദനയുടെ വേലിയേറ്റം സൃഷ്ടിച്ചു കൊണ്ടിരുന്നു.

കടൽ തിരമാലകൾ വളരെ ശക്തിയായി ആർത്തലച്ചു ഓർമ്മകളിൽ തല്ലി പിടച്ചു.
കലുഷിതമായ ഒരു കടലായി ഞാൻ സ്വയം മാറി.

കണ്ണുകളിലേക്ക് തുളച്ചു കയറിയ ഇരുട്ട് അപ്പോഴേക്കും എൻ്റെ ഉൾകാഴ്ചയെ കവർന്നെടുത്തിരുന്നു. ബന്ധവും ബന്ധനങ്ങളും വിട്ടെറിഞ്ഞു പാറി പറക്കുന്ന ഒരു കറുത്ത പക്ഷിയെ പോലെ ചിന്തകൾ പോയി മറഞ്ഞു.

ഓളങ്ങളാകുന്ന ഓർമ്മകളെ ഞാൻ കടൽ മധ്യത്തിലേക്ക് വലിച്ചെറിഞ്ഞു. പക്ഷേ, വീണ്ടും വീണ്ടും അവളുടെ പഴയ പ്രണയം തിര പോലെ എൻ്റെ കരയിലേക്ക് അതിക്രമിച്ചു കടന്നു കൊണ്ടിരുന്നു.

അവൾക്കെങ്ങനെ എന്നോട് എങ്ങനെ ചെയ്യാൻ കഴിഞ്ഞു എന്ന്
ചിന്തിക്കുമ്പോഴും അവൾക്കായി വാങ്ങി വെച്ച പിറന്നാൾ സമ്മാനമായ കൃഷ്ണൻ്റെയും രാധയുടേയും ചിത്രം തുന്നിയ പുതിയ സാരിയുടെ ഒരറ്റം ഫാനിലും, മറ്റേ അറ്റം എൻ്റെ കഴുത്തിലും ഇറുകി ചേർന്നു എൻ്റെ പ്രാണനെയോ, പ്രണയത്തേയോ, ഇവ രണ്ടും രണ്ടായി കാണാൻ എനിക്ക് സാധ്യമല്ലായിരുന്നിട്ട് പോലും ഞാൻ സ്വയം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയാണ് . കണ്ണിലേക്ക് കയറിയ ഇരുട്ടിൻ്റെ സ്ഥാനത്ത് വ്യക്തമായ ചില ചിത്രങ്ങൾ, നമ്മൾ ഭൂമിയിൽ കാണാത്ത ചില അപൂർവ്വ കാഴ്ചകൾ മിന്നി മറഞ്ഞു.

പിടച്ചിലിൻ്റെ ഇടയിൽ എൻ്റെ കാല് തട്ടി പെടസ്റ്റൽ ഫാൻ താഴെ വീണ ശബ്ദം കേട്ട് അച്ഛനും അമ്മയും വാതിൽ തട്ടുംമ്പോഴും എൻ്റെ ശബ്ദം അവ്യക്തമായ എന്തോ ഒന്നിൽ തറച്ചിരുന്നു. തുടകളിൽ എൻ്റെ നഖങ്ങളാൽ ആഴത്തിൽ മാന്തി പൊളിച്ചു. എൻ്റെ മുറിയിലെ സിൻ്റെസ്റ്റിക്ക് വാതിൽ ചവിട്ടി തുറന്ന് അച്ഛൻ താങ്ങി പിടിച്ച് ഉറക്കെ കരയുമ്പോൾ അമ്മ….

എൻ്റെ പൊന്നുമോനെ, കരഞ്ഞു തീർക്കാതെ തല കറങ്ങി താഴെ വീണതും ഒരുമിച്ചായിരുന്നു. അടുത്തുള്ളവർ ഓടി കൂടി സാരി മുറിച്ച് താഴെ ഇറക്കി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും എന്നിൽ നിന്നും ഒരു തിരിനാളം കാറ്റിൽ ആടി ഉലയും പോലെ, അത് പതുക്കെ അണയാൻ തയ്യാറായി നിൽക്കുകയാണ്. എത്ര ചില്ലുകൂട്ടിൽ ഇട്ടാലും ആ തിരി അണയും .യന്ത്രങ്ങളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന എന്തോ ഒരു ഊർജ്ജം കരിന്തിരി കത്താത്ത വിധത്തിൽ അണയാതെ എത്ര നാൾ പരിപാലിക്കുമെന്നറിയില്ല.

പക്ഷേ, ഈ ചില്ലുകൂടിന് പുറത്ത് കരഞ്ഞു തളർന്നിരിക്കുന്ന അച്ഛനും അമ്മയും . പിന്നെ എൻ്റെ ജീവൻ തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കുന്ന കൂട്ടുകാരും ബന്ധുക്കളും ,ഞാൻ എല്ലാവരേയും മാറി മാറി നോക്കി, അവർക്ക് എത്രയോ ഇഷ്ടമായിരുന്നു എന്നെ ഒരു നിമിഷം പോലും ഞാൻ ആരേയും ഓർത്തില്ലല്ലോ, അവരുടെ കരച്ചിൽ എനിക്ക് സഹിക്കാവുന്നതിലും അപ്പുറത്താണ്. ഇതെല്ലാം കണ്ട് കൊണ്ട് എനിക്കെങ്ങനെ പോകാൻ സാധിക്കുമെന്ന് മാത്രം അറിയില്ല.

ഒരു നിമിഷം എന്നിൽ ശ്വാസോ ശാസം ഏറി കൊണ്ടിരിക്കുന്നു.പറഞ്ഞു തീർക്കാൻ കഴിയാത്ത എൻ്റെ പ്രണയം പറയാതെ ഒരുപക്ഷേ, ഞാൻ മരിച്ചിരിക്കാം എന്നിലെ പ്രണാൻ്റെ തിരിനാളം കെടാതെ ഇരിക്കുമെങ്കിൽ ഞാൻ നിങ്ങളോട് എൻ്റെ പ്രണാൻ പ്രണയമായ ജീവിതം പറയാം, ഞാൻ മരിച്ചു പോയില്ലെങ്കിൽ മാത്രം .