ഡ്രെസ്സിന്റെ കഴുത്തല്പം ഇറങ്ങിയാൽ, കൈയുടെ നീളം അല്പം കുറഞ്ഞാൽ എല്ലാത്തിനും കുറ്റപ്പെടുത്തലാണ്…കേട്ട് മടുക്കുമ്പോ ഏട്ടൻ കേൾക്കാൻ പാകത്തിൽ അമ്മയോട് പറയും…

ഏട്ടൻ

Story written by MAAYA SHENTHIL KUMAR

ശ്രീക്കുട്ടീ ആ ഷോൾ നിനക്ക് നേരെ ചൊവ്വേ ഇട്ടൂടെ…

ഏട്ടൻ കാണാതെ ഇറങ്ങിയിട്ടും എങ്ങനെ അറിഞ്ഞാവോ..

ഏട്ടാ ഞാൻ കോളേജിലേക്കാ പോകുന്നത്..

ഞാനെന്റെ അനിഷ്ടം അറിയിച്ചു

അതെ നീ കോളേജിലേക്കാ പോകുന്നത് അല്ലാതെ ഫാഷൻ ഷോക്കു അല്ലല്ലോ

ഏട്ടന്റെ ശബ്ദം കനത്തിരുന്നു

അതോടെ ഷോൾ ശരിയാക്കി ഞാൻ നടന്നു…

അല്ലെങ്കിലും ഏട്ടൻ ഇങ്ങനെയാ.. അച്ഛൻ ചമയലാണ് എപ്പോഴും.. ഏട്ടന്റെ അമിതമായ കരുതലും ഇടപെടലും കാണുമ്പോൾ പണ്ടെന്നോ ഒളിച്ചോടിപ്പോയതാണെങ്കിലും അച്ഛൻ എന്നെങ്കിലും തിരിച്ചു വരണം എന്ന് എപ്പോഴും ആഗ്രഹിക്കാറുണ്ട്… അതോടെ തീരുമല്ലോ ഏട്ടന്റെ ഈ അടക്കി ഭരണം.. അമ്മയോട് പരാതി പറഞ്ഞാലും കുടുംബം നോക്കുന്ന ഏട്ടനോട് തന്നെയാണ് അമ്മയ്ക്ക് വാത്സല്യം..

ഡ്രെസ്സിന്റെ കഴുത്തല്പം ഇറങ്ങിയാൽ.. കൈയുടെ നീളം അല്പം കുറഞ്ഞാൽ എല്ലാത്തിനും കുറ്റപ്പെടുത്തലാണ്.. കേട്ട് മടുക്കുമ്പോ ഏട്ടൻ കേൾക്കാൻ പാകത്തിൽ അമ്മയോട് പറയും കോളേജിൽ പോകാത്തവർക്കു കോളേജിനെ പറ്റി അറിയാത്തത് കൊണ്ടാണെന്നു..

അപ്പോഴേക്കും, ഞാൻ വീണുപോയതിൽ പിന്നെ പഠിപ്പ് നിർത്തി പാടത്തിറങ്ങി അവനല്ലേ കുടുംബം നോക്കുന്നെന്നു പറഞ്ഞു അമ്മ കരഞ്ഞു തുടങ്ങും..

പത്താം ക്ലാസ്സ്‌ തോറ്റയാൾ പിന്നെ എന്ത് പഠിക്കാനാണെന്നു ചോദിച്ചു അമ്മയുടെ വായടപ്പിക്കും…

എല്ലാം കേട്ടാലും ഒന്നും മിണ്ടാതെ പാടത്തേക്കിറങ്ങി പോകുമ്പോ എന്റെയുള്ളിലൊരു പ്രതികാരം ചെയ്ത സുഖമുണ്ടാവും…

കരഞ്ഞും പട്ടിണി കിടന്നും ജീവിതത്തിലാദ്യമായി കോളേജിൽ നിന്നും ടൂർ പോകാൻ സമ്മതിപ്പിച്ചു.. പോകാൻ നേരം ആയിരത്തിന്റെ നോട്ട് എന്റെ കൈയിൽ തിരുകി തന്നപ്പോൾ പുച്ഛമാണ് തോന്നിയത്…കൂട്ടുകാരെല്ലാം ആഗ്രഹിച്ചതൊക്കെ വാങ്ങുമ്പോൾ ഞാൻ മാത്രം ആയിരം രൂപയ്ക്ക് ഉള്ളിലേക്ക് ആഗ്രഹങ്ങളെ അടക്കിപ്പിടിച്ചു…

കൂട്ടുകാരുടെ കല്യാണങ്ങൾ ദൂരത്തിന്റെ അളവെടുത്തു നിഷേധിക്കപ്പെട്ടു…

വിലകൂടിയതെന്തെങ്കിലും മോഹിച്ചാൽ അച്ഛൻ ഉണ്ടാക്കി വച്ച കടങ്ങളുടെയും, അമ്മയുടെ അസുഖത്തിന്റെയും, കാലം തെറ്റിപ്പെയ്ത മഴയിൽ നശിച്ചുപോയ കൃഷിയുടെയും കണക്കുപുസ്തകം തുറക്കും…

അങ്ങനെ ആഗ്രഹിച്ച പലതും നഷ്ടപ്പെടുമ്പോൾ മുറിയടച്ചിരുന്നു കരയും… അച്ഛനെ തിരിച്ചു തരാൻ പ്രാർത്ഥിക്കും…

പിന്നെ പിന്നെ ആഗ്രഹങ്ങളെല്ലാം ഉള്ളിൽത്തന്നെ കുഴിച്ചുമൂടാൻ പഠിച്ചു…ഒന്നൊഴികെ….നടത്തിത്തരില്ലെന്നറിഞ്ഞിട്ടും തോന്നിയ പ്രണയം…ഏട്ടനറിയാതെ കൊണ്ട് നടന്ന ആ ഇഷ്ടം ഒരു തരത്തിൽ ഏട്ടനെ തോൽപ്പിക്കാൻ കൂടി വേണ്ടിയായിരുന്നു…

ഏട്ടനൊരു പ്രണയമുണ്ടായിരുന്നെന്നും, ആ പെൺകുട്ടി ഇപ്പോഴും ഏട്ടന് വേണ്ടി കാത്തിരിപ്പുണ്ടെന്നും അവരുടെ അച്ഛൻ തന്നെ വീട്ടിൽ വന്നു പറഞ്ഞപ്പോൾ അത്ഭുതമായിരുന്നു എനിക്കും അമ്മയ്ക്കും…കൂടെ എനിക്ക് ഏട്ടനെതിരെ പ്രയോഗിക്കാൻ ഒരായുധം കിട്ടിയതിന്റെ സന്തോഷവും…

ഒറ്റമോളേയുള്ളൂ അതുകൊണ്ട് കല്യാണശേഷം അവരുടെ വീട്ടിൽ നിൽക്കണമെന്ന് അവര് ഏട്ടനോട് പറയുമ്പോൾ അമ്മ മാറി നിന്ന് കരയുന്നുണ്ടായിരുന്നു…എനിക്കാണെങ്കിൽ കരയണോ ചിരിക്കണോ എന്നറിയാതെ ഒരുതരം നിസ്സംഗത ആയിരുന്നു…

എനിക്കു ഒരമ്മയെ ഉള്ളൂ അതുകൊണ്ട് അമ്മയെ വിട്ട് ഞാൻ എങ്ങോട്ടും പോകില്ല എന്നും പറഞ്ഞു തല ഉയർത്തിപ്പിടിച്ചു തന്നെ ഏട്ടൻ തിരിച്ചു നടക്കുമ്പോൾ പക്ഷെ ആ കണ്ണുകളിൽ നനവ് പടർന്നിട്ടുണ്ടായിരുന്നു..

കുറെ നാളുകൾക്കുശേഷം എതിർക്കുമെന്നറിഞ്ഞിട്ടും എന്റെ ഇഷ്ടം വീട്ടിൽ പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയ ഏട്ടൻ എന്റെ ആഗ്രഹം പോലെ എന്റെ കല്യാണം ഉറപ്പിച്ചു തിരിച്ചു വന്നപ്പോൾ ഞാൻ അറിയാതെ പോയ മറുപാതി ഏട്ടനിൽ ഞാൻ തിരിച്ചറിയുകയായിരുന്നു…

അധികം ചെലവാക്കാതെ കൂട്ടിവച്ചതെല്ലാം അച്ഛനില്ലെങ്കിലും ഒരു കുറവും വരാതെ എന്റെ കല്യാണം നടത്താനാണെന്നും പറഞ്ഞു, എനിക്കിഷ്ടമുള്ളതൊക്കെ വാങ്ങിത്തരാൻ അമ്മയുടെ കൈകളിലേക്ക് ആ പണം കൊടുക്കുമ്പോൾ
വാതിലിന്റെ മറവിനിപ്പുറം എന്റെ കണ്ണുകൾ അനുസരണയില്ലാതെ പെയ്യുന്നുണ്ടായിരുന്നു…

പെയിന്റിംഗ് ജോലികൾക്കിടയിൽ എല്ലാം മാറ്റി വയ്ക്കുന്നതിനിടയിലാണ് ഏട്ടന്റെ എസ് എസ് എൽ സി ബുക്ക് കണ്ടത്… ഫസ്റ്റ് ക്ലാസ്സോടെ പാസായിട്ടും എനിക്കും അമ്മയ്ക്കും വേണ്ടിയാണു തോറ്റതെന്നു കള്ളം പറഞ്ഞതെന്ന് മനസ്സിലാക്കാനുള്ള പക്വത ഇപ്പോ കൈവന്നിരിക്കുന്നു.. അതിൽ ഏട്ടന്റെ കണ്ണീർ വീണു മാഞ്ഞുപോയ പല അക്ഷരങ്ങളും എന്റെ ഹൃദയത്തിലേക്കാണ് തറച്ചു കയറിയത്…

ഊണും ഉറക്കവുമില്ലാതെ കല്യാണത്തിന്റെ ഭാരം മുഴുവൻ ചുമലിലേറ്റി ഏട്ടൻ ഓടി നടക്കുമ്പോൾ തിരിച്ചെടുക്കാൻ കഴിയാതെ പറഞ്ഞുപോയ വാക്കുകളുടെ ഭാരവും പേറി തളർന്നു പോയിരിക്കുന്നു ഞാൻ…

ഒന്ന് സംസാരിക്കണമെന്ന് ആഗ്രഹിച്ചിട്ടും ഏട്ടനെ അടുത്തു കിട്ടിയില്ല… തിരക്കിൽ നിന്നും തിരക്കിലേക്ക് ഓടുകയായിരുന്നു… കല്യാണമണ്ഡപത്തിലെത്തും വരെ എന്റെ കണ്ണുകൾ ഏട്ടനെ തിരയുകയായിരുന്നു…

“അച്ഛൻ അടുത്തില്ലാത്ത സ്ഥിതിക്ക് ആരാ കന്യാദാനം നടത്തുന്നത്… “

ആരുടെയോ ചോദ്യം കേട്ടാണ് ചിന്തയിൽ നിന്നും ഞെട്ടിയുണർന്നത്…

വല്യമ്മാമനാണോ കൊച്ചച്ചനാണോ എന്ന ചർച്ചയിലായിരുന്നു എല്ലാരും…

ദൂരെ മാറി നിക്കുന്ന ഏട്ടന്റെ അടുത്തേക്ക് പോയി ഏട്ടൻ കൈപിടിച്ച് കൊടുത്താൽ മതി എന്നെ…ഏട്ടൻ തന്നെയാണ് എന്റെ അച്ഛൻ എന്നും പറഞ്ഞു ആ കൈപിടിച്ച് മണ്ഡപത്തിലേക്ക് നടക്കുമ്പോൾ അമ്മയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിട്ടുണ്ടായിരുന്നു…ഏട്ടന്റെയും…

അല്ലെങ്കിലും കാലം ആർക്കെങ്കിലും വേണ്ടി കാത്തിരിക്കുമോ…..തിരിച്ചറിവെത്തുമ്പോഴേക്കും കാലമേറെ കടന്നുപോയിട്ടുണ്ടാവും…തിരിച്ചുപോയിരുന്നെങ്കിൽ തിരുത്താമായിരുന്നു എന്ന് ആശിക്കാനല്ലാതെ… നടന്നു തീർത്ത ഒറ്റയടിപ്പാതകളിൽ ഇനിയൊരു തിരിച്ചുപോക്ക് സാധ്യമല്ലല്ലോ…