നിനവ് ~ പാർട്ട് 12 ~ എഴുത്ത്: NIDHANA S DILEEP

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

അമ്മയുടെ തലോടലിൽ കണ്ണുകളടഞ്ഞ് വന്നു. ഉണർന്നപ്പോൾ അടുത്തായി അരുണേട്ടൻ എതിർ വശത്ത് കിടന്ന് അമ്മേടെ മടിയിൽ തല വെച്ചു കിടക്കുന്നു. അമ്മ കട്ടിലിൽ ചാരിയിരുന്നു ഉറങ്ങുന്നു.കണ്ണടച്ചു കിടന്ന അരുണേട്ടനെ കുറച്ച് നേരം നോക്കി.കുറച്ച് നാൾ കൊണ്ട് എന്ത് മാറ്റാ ഉണ്ടായേ.രൂപവും ഭാവവുമെല്ലാം മാറി.രണ്ടു പേരെയും ഒന്നു കൂടി നോക്കി.

അടുക്കളയിൽ ദേവകിയേച്ചീടെ കൂടെ ശ്രീജേച്ചീം ഉണ്ട്.

എന്തായാലും ഇങ്ങനെ ഉണ്ടോ സാമർഥ്യം..ദേവകിയേച്ചിയൊക്കെ എത്ര കാലായി ഇവ്ടെ ജോലി ചെയ്യുന്നു.ദേവകിയേച്ചിക്ക് പറ്റിയോ ഇങ്ങനെ ഒരു കാര്യം…പാവത്താനെ പോലെ നടന്നിട്ട് ഒപ്പിച്ചത് കണ്ടില്ലേ..വന്നിട്ട് മാസങ്ങളേ ആയുള്ളൂ..അപ്പോഴേക്കും വയറ്റിലൊരു കൊച്ചുമായി വീട്ടുകാരീം ആയി….

കണ്ടപാടെ ശ്രീജേച്ചി കുത്തി പറയാൻ തുടങ്ങി.ദേവകിയേച്ചി നിസ്സഹയതയോടെ എന്നെ നോക്കി.

നിന്റെ വയറ്റിലുള്ള കുഞ്ഞേ തറവാട്ടിലേതുള്ളൂ..നീ ഇപ്പോഴും അടുക്കളക്കാരി തന്നെയാ….പോയി പാത്രം കഴുകാൻ നോക്ക്….

അത് പുതിയ അറിവാണല്ലോ ശ്രീജേ…മരുമോള് അടുക്കളക്കാരീം വയറ്റിലെ കുഞ്ഞ് തറവാട്ടിലേം.അപ്പോ അരുൺ മാത്രാണോ ഇവ്ടെത്തെ..ഞാൻ ഇവ്ടെത്തെ അല്ലേ….അല്ലാ കൃഷ്ണയെ പോലെ ഇവ്ടെത്തെ മരുമകളാണല്ലോ ഞാനും..

അതിന് ഗൗരിയേട്ത്തി അടുക്കളക്കാരിയായിട്ട് വന്നിട്ട് വീട്ടുകാരി ആയതല്ലലോ…

കൃഷ്ണ പണ്ട് ആരായിരുന്നൂന്നല്ല.ഇപ്പോ ആരാന്നുള്ളതാണ് വിഷയം.കൃഷ്ണ എന്റെ മോന്റെ ഭാര്യാ…ഈ തറവാട്ടിലെ മരുമോള്.കൃഷ്ണ അടുക്കളക്കാരിയാണേ ഞാനും അടുക്കളക്കാരിയാ…കാരണം ഞാനും മരുമോളാണല്ലോ..എനിക്കെന്താണോ സ്ഥാനം അത് തന്നെയാണ് കൃഷ്ണേടെയും..ഇനി മേലാൽ ഇതു പോലുള്ള വർത്താനം ഇവ്ടെ കേട്ട് പോവര്ത്….പിന്നെ നീയീ പറഞ്ഞത് രാജേട്ടനും ദേവേട്ടനും അറിഞ്ഞാലെന്താ ഉണ്ടാവുകാന്നറിയാലോ…

ശ്രീജേച്ചി പിന്നെ ഒന്നും മിണ്ടിയില്ല

കൃഷ്ണെയെ അമ്മ വിളിക്കുന്നുണ്ട്…അതു പറയാനാ ഞാൻ വന്നത്.

???????????

തറവാട്ടമ്മേ….

എന്തോ വായിച്ചു കൊണ്ടിരുന്ന ആച്ഛമ്മ വാതിക്കലേക്ക് നോക്കി

ഇവ്ടെ വാ…

തറവാട്ടമ്മയല്ല ..അച്ഛമ്മ അങ്ങനെ വിളിക്കണം….

വേദനിക്കാത്ത വിധം ചെവിയിൽ പിടിച്ചു.അച്ഛമ്മേടെ അടുത്തിരുത്തി.

സോറീ…..

അച്ഛമ്മ ചിരിച്ചു.

ഡോക്ടറെന്താ പറഞ്ഞത്.

കൊഴപ്പൊന്നൂലന്നു പറഞ്ഞു…മൂന്നു മാസം നന്നായി ശ്രദ്ധിക്കണം.. ദൂരയാത്രകളൊക്കെ പരമിവധി ഒഴിവാക്കാൻ പറഞ്ഞു…

മ്ം…എപ്പോഴാ…ഡൽഹീലേക്ക് പോവുന്നേന്നു അരുൺ പറഞ്ഞോ…

ഇല്ല..ഡോക്ടറെ കണ്ടിട്ട് തീരുമാനിക്കാംന്നാ പറഞ്ഞെ…

രണ്ടാളും ഇവ്ടെ വേണംന്നുണ്ട് ..സാരല്ല..ഇപ്പോ രണ്ടാളും ഇവ്ടുന്നു മാറി നിക്കണത് തന്നെയാ നല്ലത്.വേഗം എന്റെ പേരക്കുട്ടിം ആയി തിരിച്ച് വരണം രണ്ടാളും..ഞാൻ കാത്തിരിക്കും ഇവ്ടെ ..അപ്പോ തരാനായിട്ട് ഒരു സമ്മാനം കാത്തു വെച്ചിട്ടുണ്ട് ഞാൻ…രണ്ടാളും സന്തോഷായിട്ട് ജീവിക്കണം…

ചിരിയോടെ തലയാട്ടി

നല്ല ആരോഗ്യോള്ള പേരക്കുട്ടിയെ തരണോട്ടോ….പേരൊക്കെ ഞാൻ കണ്ടു വെച്ചിട്ടുണ്ട്..ഇപ്പോ പറയില്ല…എന്റെ പേരകുട്ടി ഇങ്ങ് വരട്ടെ…

സന്തോഷായിട്ട് ഇരിക്കണം..

അതും പറഞ്ഞ് നിറുകയിൽ ഉമ്മ വെച്ചു.

?????????????

കണ്ണുകൾക്ക് മുകളിൽ ഒരു കൈ വെച്ച് ഗൗരിയമ്മേടെ മുറിയിൽ കിടക്കുയായിരുന്നു അരുണേട്ടൻ.അടുത്ത് ഇരിക്കുന്നത് അറിഞ്ഞിട്ടാണെന്നു തോന്നുന്നു കണ്ണു തുറന്നു.എന്നിട്ട് എഴുന്നേറ്റിരുന്നു.

അരുണേട്ടാ…സത്യായിട്ടും കുഞ്ഞിനെ വേണ്ടാഞ്ഞിട്ടല്ലാ അങ്ങനെ പറഞ്ഞത്…..അരുണേട്ടൻ ഞങ്ങളെ കാരണാ കരയുന്നേന്നു ഓർത്തു പറഞ്ഞു പോയതാ….അരുണേട്ടൻ ഗൗരിയമ്മോട് കരഞ്ഞു പറയുന്ന കേട്ടിട്ട് എന്തൊക്കെയോ ചിന്തിച്ച് പോയതാ…എന്റേം കൂടിയല്ലേ അരുണേട്ടാ …

വയറിൽ കൈ വെച്ചു കൊണ്ട് പറഞ്ഞപ്പോൾ സ്വരം ഇടറി.

അരുണേട്ടന് തോന്നുന്നുണ്ടോ നല്ല മനസോടെയാ ഞാനത് പറഞ്ഞേന്ന്…ഒന്നൂലേലും ആകെ സ്വന്തമെന്ന് പറയാൻ എനിക്കെന്റെ കുഞ്ഞെല്ലെ ഉള്ളൂ..ഇനീം പിണങ്ങല്ലേ അരുണേട്ടാ…ഞാനിനി ഒരിക്കലും അങ്ങനെ ചിന്തിക്കുവോ പറയുവോ ചെയ്യൂല…എനിക്ക് വേണം ഈ കുഞ്ഞിനെ..അരുണേട്ടൻ എന്നെ വഴക്ക് പറഞ്ഞോ വേണേ തല്ലിക്കോ പക്ഷേ ഇങ്ങനെ മിണ്ടാതെ നടക്കല്ലേ അരുണേട്ടാ.. പ്ലീസ്

സാരല്ല..എനിക്ക് പിണക്കോംന്നുല്ല….പെട്ടെന്ന് കേട്ടപ്പോ സഹിക്കാൻ പറ്റീല…ആ ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു പോയതാ..നീ അത് വിട്ടേക്ക്…നീ ഇങ്ങനെ കരഞ്ഞു അസുഖം വരുത്തി വെക്കല്ലേ…കുഞ്ഞിനെ കൂടിയാ ബാധിക്കുവ..ഡോക്ടറെന്താ പറഞ്ഞേ…നന്നായി ഭക്ഷണം കഴിക്കണം….സന്തോഷായിട്ട് ഇരിക്കണംന്നൊക്കെ അല്ലേ..എന്നിട്ട് ഭക്ഷണോ കഴിക്കാതെ..കരഞ്ഞു നടക്കുവാണോ…. കണ്ണൊക്കെ തൊടക്ക്…

കണ്ണുകൾ രണ്ടും അമർത്തി തുടച്ചു

നീ ഭക്ഷണം കഴിച്ചോ…ശർദിക്കാനൊക്കെ തോന്നും എന്നാലും ഭക്ഷണം കഴിക്കണം…

ഞാൻ കഴിച്ചു…

കള്ളം പറയര്ത്..ഞാൻ അമ്മയോട് ചോദിക്കും…കഴിച്ചില്ലാന്നു അമ്മ പറഞ്ഞാ…പിന്നെ കഴിപ്പിക്കുന്നത് ഞാനായിരിക്കും..

സത്യായിട്ടും ഞാൻ കഴിച്ചു…

ഡോക്ടർ പറഞ്ഞതൊക്കെ അതേ പോലെ ചെയ്യണം..വിറ്റാമിൻ ഗുളികകൾ തന്നിട്ടില്ലെ..സമയാ സമയം അതൊക്കെ കഴിക്കണം.ഒരു ഗർഭിണി ചെയ്യേണ്ട ജോലികൾ മാത്രം ചെയ്താ മതി…വേറെ ഒന്നും ചെയ്യണ്ട…വെറ്തേ ഒരോന്നു ചിന്തിച്ച് മനസ് വിഷമിപ്പിക്കര്ത്…എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുണ്ടേൽ അപ്പോ തന്നെ പറയണം..

ഇടക്ക് ഓർത്തെടുത്ത് കൊണ്ടാണ് പറഞ്ഞത്.എല്ലാറ്റിനും തലയാട്ടി.

തലയാട്ടിയാൽ പോര…പറഞ്ഞ പോലെ ചെയ്യണം…

ചെയ്യാം…

ഇടക്കെപ്പൊഴോ അരുണേട്ടന്റെ കണ്ണുകൾ എന്റെ വയറ്റിലേക്ക് പോവുന്നുണ്ടായിരുന്നു

ഇത്തിരി കൂടീട്ടുണ്ടല്ലേ……വയറ്

പറയണോ..വേണ്ടയോ എന്ന പോലെ കൊറേ സമയം ഇരുന്ന് ആലോചിച്ച ശേഷമാണ് അത് പറഞ്ഞത്

വയറിൽ കൈ വെച്ച് അതേന്നു തലയാട്ടി

ശ്രദ്ധിക്കണം…മൂന്നു മാസം വരെ നല്ല കെയർ വേണംന്നാ ഡോക്ടർ പറഞ്ഞത്..

ചോദിച്ചതിന്റെ ചമ്മൽ മാറ്റാനാണെന്നു തോന്നുന്നു പിന്നെയും അത് പറഞ്ഞത്…

അരുണേട്ടൻ ഇങ്ങനെയൊക്കെ സംസാരിച്ചപ്പോ മനസിന് വല്ലാത്ത സന്തോഷം. അല്ലെങ്കിലും അരുണേട്ടൻ കൃഷ്ണാന്നു മാത്രം വിളിച്ചാ പോലും ആയിരം ചെവി ഉണ്ടായിരുന്നേൽ എന്നു തോന്നും.

കൃഷ്ണാ….

എഴുന്നേറ്റ് പോവാൻ നോക്കവേ അരുണേട്ടൻ വിളിച്ചു

സോറീ…നിന്നെ എവ്ടേം കാണാതായപ്പോ ഞാൻ വല്ലാണ്ട് പേടിച്ചു.നീ അന്നത്തെ പോലെ എന്തേലും ചെയ്തോന്നു ചിന്തിച്ച് പോയി…നിന്നെ വീട്ടിലെവ്ടേം കാണാഞ്ഞപ്പോൾ വല്ലാണ്ട് ടെൻഷനായി. അതാ തല്ലിപ്പോയത്..

മടിച്ചു മടിച്ചാണ് അരുണേട്ടൻ പറഞ്ഞത്

സാരല്ല…അരുണേട്ടാ ഞാൻ പോവുമ്പോ പറഞ്ഞില്ലാലോ.അതോണ്ടല്ലേ..

ആ ആക്സിഡന്റിന് ശേഷം വല്ലാത്തൊരു പേടിയാ..ആക്സിഡന്റിന് തൊട്ടു മുൻപ് വരെ ചിരിച്ച് കളിക്ക്വേം എന്നോട് അടി കൂടുവൊക്കെ ചെയ്തതാ അവള്.രണ്ടാളും എത്ര ഹാപ്പിയായിരുന്നൂന്നോ..ഒരു നിമിഷം കൊണ്ടാ എല്ലാം ഇല്ലാതായത്. അടുത്ത നിമിഷം എന്താണ് എനിക്ക് നഷ്ടപ്പെടുകാന്ന് ഓർത്ത് ഇപ്പോ എപ്പോഴും ഒരു പേടിയാ.എല്ലാരും പറയുന്ന കേട്ടിരുന്നെ അവളിപ്പോഴും ഉണ്ടാകുമായിരുന്നു.ഒരു തിരിച്ച് പോക്ക് ലൈഫിൽ ഉണ്ടായെങ്കിൽന്നു ചിന്തിച്ച് പോവ്വോ…

അരുണേട്ടൻ മുടിയിൽ വിരൽ കോർത്തു കൊണ്ട് മുഖം മറച്ചു

അരുണേട്ടാ….

അന്നവളോട് പറ്റില്ല…പുറത്ത് കറങ്ങാൻ പോവണ്ടാന്നു ഞാൻ പറഞ്ഞാൽ മതിയായിരുന്നു….

അരുണേട്ടൻ മുഖം അമർത്തി തുടച്ചു

സാരല്ല….ഇങ്ങനെയൊക്കെ സംഭവിക്കണംന്നായിരിക്കും വിധി…

ചിരി വരുത്തി കൊണ്ട് അരുണേട്ടൻ പറഞ്ഞു.

നീ നിന്റെ വിഷമം കൊണ്ട് പറഞ്ഞതായിരിക്കാം..പക്ഷേ പേടിയാ ഇപ്പോ കുഞ്ഞിന്റെ കാര്യത്തിൽ…

എനിക്കറിയാം അരുണേട്ടന് ഒരിക്കലും എന്നെ ഭാര്യായ് കാണാൻ പറ്റൂലാന്ന്…അരുണേട്ടൻ പറഞ്ഞ പോലെ വാവ വന്നാ..വാവേ അരുണേട്ടന് തന്നിട്ട് ഞാൻ പോയ്ക്കോളാം…

അതു കേട്ട് അരുണേട്ടൻ വിരലുകൾ കൊണ്ട് നെറ്റി തടവി.

നീ ഇപ്പോ എവ്ടേക്ക് പോവ്വായിരുന്നു….

ഗൗരിയമ്മേടെ അടുത്ത്…

എന്നാ പോയ്ക്കോ…അല്ലേ സംസാരിച്ച് സംസാരിച്ച് നീ അടുത്ത തല്ല് ഇരന്ന് വാങ്ങും..

ഞാൻ കാര്യം പറഞ്ഞതാ..കുഞ്ഞിനെ തന്നിട്ട് ഞാൻ പോവും…

കുഞ്ഞു വന്നിട്ടല്ലേ..കുഞ്ഞ് വരാൻ ഇനീം മാസങ്ങളുണ്ടല്ലോ….അത് അപ്പോ നമുക്ക് ആലോചിക്കാം…

എനിക്ക് നിന്നേം വേണം..നീ എവ്ടേം പോണ്ടാന്നു വെറ്തെയെങ്കിലും അരുണേട്ടന് പറഞ്ഞൂടെ..ഒന്നൂല്ലേലും ഡോക്ടർ പറഞ്ഞതല്ലേ..ഞാൻ സന്തോഷായിട്ടിരിക്കണംന്നു. അങ്ങനെ പറഞ്ഞ എനിക്ക് എത്ര സന്തോഷാവും.കുഞ്ഞു വന്നിട്ട് ആലോചിക്കാംന്നു.നോക്കിക്കോ ഞാൻ പോവും.

നീ …..ഇനീം പോയില്ലേ…

പോവ്വാ…..

തുടരും….