നിനവ് ~ പാർട്ട് 13 ~ എഴുത്ത്: NIDHANA S DILEEP

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അരുൺ..കൃഷ്ണയെ കൂട്ടി തൊടീലൊക്കെ നടന്നിട്ട് വാ…ഈ സമയത്ത് നടക്കുന്നത് നല്ലതാ….

വാ….

ഗൗരിയമ്മ പറഞ്ഞതും അരുണേട്ടൻ എന്നെയും വിളിച്ചു പുറത്തേക്ക് നടന്നു.

വളരെ പതിയെയാണ് നടന്നത്.ചെറിയ കല്ലോ മര കഷ്ണമോ കണ്ടാൽ പോലും സൂക്ഷിച്ച്…എന്ന് ഇടക്ക് ഇടക്ക് പറഞ്ഞോണ്ടിരുന്നു.

ഇവ്ടെ എപ്പോഴും ഒരു തണുപ്പായിരിക്കും..അക്കുവിന് ഇവ്ടെ ഒക്കെ വലിയ ഇഷ്ടാണ്…എനിക്കും ഇഷ്ടാ..ഇവ്ടെ ഒക്കെ വന്നിരിക്കാൻ…മനസൊക്കെ തണുക്കുന്നത് പോലെ തോന്നും….

അക്കുനേയും അരുണേട്ടനെയും പോലെ ഇവ്ടമൊക്കെ ഇപ്പോ എനിക്കും ഇഷ്ടാണ്.എന്റെ മനസിൽ പ്രണയത്തിന് തിരി തെളിഞ്ഞത് ഈ മാവിൻ ചോട്ടിൽ വെച്ചാണ്.

ഇവ്ടെ ഇരിക്കാം….

കുളത്തിന്റെ കൽപ്പടവിൽ അരുണേട്ടൻ കിടന്നു.അരുണേട്ടന് അടുത്തായി ഞാനുമിരുന്നു.രണ്ടു പേരും ഒന്നും സംസാരിച്ചില്ല.അരുണേട്ടൻ അക്കുവിന്റെ ഓർമകളിലാണെന്ന് തോന്നി.ഞാൻ അരുണേട്ടൻ ബഹളം വെച്ച് പിണങ്ങി കരഞ്ഞു പിടിച്ചു വാങ്ങിയ എന്റെ പ്രണയത്തിന്റെ ഓർമകളിലായിരുന്നു.ചെറ്തും വലുതുമായ ഒരുപാട് ഓർമകൾ.ഓരോരോ കള്ളത്തരങ്ങൾ പറഞ്ഞു ചോദിച്ചു വാങ്ങിയ ഉമ്മകൾ..മറക്കാതിരിക്കാനെന്നു പറഞ്ഞു വാങ്ങിയ ഉമ്മകൾ പോലും അരുണേട്ടൻ മറന്നു പോയി

അരുണേട്ടനെ നോക്കിയപ്പോൾ കൈകൾക്കു മീതെ തല വെച്ച് മാനം നോക്കി കിടക്കുന്നു.പാവം എനിക്ക് വേണ്ടി ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്. ഞാൻ വിഷമിക്കാതിരിക്കാനായി എന്തൊക്കെയോ കാട്ടികൂട്ടുന്നു.രാത്രി ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് ഞാൻ അറിയാറുണ്ട്. ഒട്ടും അനുസരണയില്ലാതെ പാറി പറന്ന മുടി ഇപ്പോ തലയോട് ഒട്ടി കിടക്കുന്നത് കണ്ടപ്പോൾ പഴയ അരുണേട്ടനെ ഓർമ വന്നു.

എന്ത് മുടിയാ അരുണേട്ടാ…ഇത്…എണ്ണ കണ്ടിട്ട് നാളെത്രയായി…..

മടിയിൽ കിടന്ന അരുണേട്ടന്റെ മുടിയിൽ തലോടവേ ചോദിച്ചു.

എനിക്ക് ഇഷ്ടല്ല എണ്ണ….മുടി ഒട്ടിക്കിടക്കും….

മുടി കൈ കൊണ്ട് ഒതുക്കി കൊണ്ട് പറഞ്ഞു

അതൊന്നും പറഞ്ഞ പറ്റില്ല…അപ്പൂപ്പൻ താടിയെ തൊടുന്ന പോലുണ്ട്.എണ്ണ തേക്കാതൊണ്ടാ മുടി ഇങ്ങനെ മുഖത്തേക്ക് എപ്പോഴും വീണോണ്ടിരിക്കുന്നേ..എഴുന്നേറ്റേ…ഞാൻ പോയി എണ്ണ എടുത്തിട്ട് വരാം….

എഴുന്നേൽപ്പിക്കാൻ നോക്കി.

വേണ്ട…അക്കൂ..എനിക്കിഷ്ടല്ലാന്നു പറഞ്ഞില്ലേ…വേണേ…പിന്നെ എപ്പോഴെങ്കിലും തേക്കാം…ഇപ്പോ ഞാൻ ഇങ്ങനെ കിടക്കട്ടെ…

കിടന്നത് മതി…എഴുന്നേൽക്ക്…

കിടക്കയിലേക്ക് തള്ളിയിട്ടു മടിയിൽ വന്നു കിടക്കാതിരിക്കാനായി കാൽ ചുരുക്കി വെച്ചു.

അരുണേട്ടാ…മുടീല് എണ്ണ തേക്കാൻ വിട്ടില്ലേ ഇനി മടീല് കെടക്കാൻ വിടില്ല….

എന്നാ ശരി ഞാനിനി മടീല് കിടക്കാൻ വരുന്നില്ല..

എന്നോട് ഇഷ്ടം ഉണ്ടേ സമ്മതിക്കും…

എത്ര പറഞ്ഞും സമ്മതിക്കാതായപ്പോ അവസാന അടവെടുത്തു

എണ്ണ തേക്കാം…പക്ഷേ നീ തേച്ചു തരണം…

ചുണ്ടിലുണ്ടായിരുന്ന കള്ള ചിരീടെ അർഥം മനസിലായത് എണ്ണ എടുത്തു വന്നപ്പോഴാണ്.

എവ്ടെയെങ്കിലും ഇരിക്ക് അരുണേട്ടാ…എന്നാലേ എനിക്ക് എണ്ണ തേച്ച് തരാൻ പറ്റൂ…

അതൊന്നും പറ്റില്ല…

ഇനി പറഞ്ഞിട്ട് കാര്യമില്ലാത്തതു കൊണ്ട് വിരലിലൂന്നി നിന്നു എണ്ണ തേക്കാൻ കൈകളുയർത്തിയതും ഇടുപ്പിൽ കൈകൾ ചുറ്റി.അരുണേട്ടനിനോട് അടുക്കാതിരിക്കാനായി കൈകൾ അരുണേട്ടന്റെ നെഞ്ചിൽ വെച്ചതും കൈയിൽ പുരണ്ടയുടെ അടയാളം അരുണേട്ടന്റെ നെഞ്ചിൽ പതിഞ്ഞു

മുടീല് ഒട്ടും എണ്ണമയമില്ല..അക്കൂ…എണ്ണ തേച്ചുതാ…

പതിഞ്ഞ സ്വരത്തിൽ പറഞ്ഞതും ഒന്നും മിണ്ടാതെ വീണ്ടും അകലാൻ നോക്കി

തേച്ച് താ…അക്കൂ….എണ്ണ തേച്ചാലേ ഇനി ഞാൻ പിടി വിടൂ….

ഇടുപ്പിൽ പിടിച്ചു ചെറുതായൊന്നു ഉയർത്തി.എണ്ണ തേക്കുമ്പോൾ കൈകൾ വിറക്കുന്നുണ്ടായിരുന്നു.വിരലുകൾ കുസൃതി കാണിച്ചതും ഊർന്നിറങ്ങി.ബലമായി അകന്നു മാറി.

മതിയാക്കിയോ ഒട്ടും എണ്ണ ആയിട്ടില്ലാലോ…

കള്ളച്ചിരിയോടെ മുടികളിൽ ചെറുതായി പിടിച്ചു വലിച്ച് കൈ വിരൽ ഉരസി കൊണ്ട് പറഞ്ഞു.

ഇത്ര …മതി…..

തല താഴ്ത്തി പതിയെ പറഞ്ഞു.

ഇത്ര പോരാ….

ഇത്ര മതി…ഇത് അധികാ….

തല ഉയർത്താതെ തന്നെ മറുപടി പറഞ്ഞു.വീണ്ടും ചേർത്തു പിടിച്ച് മുഖം കുനിച്ച് എന്റെ മുഖത്തും കഴുത്തിലുമൊക്കെ തലമുടി ഉരച്ചു.തള്ളിമാറ്റാൻ നോക്കുന്നതിനനസരിച്ച് എന്നെ ചുറ്റിയ കൈകളുടെ മുറുക്കം കൂടി.

ഇപ്പോ…എണ്ണമയം കുറഞ്ഞില്ലേ…

കാതിൽ പതിയെ പറഞ്ഞു.തല ഉയർത്താതെ നെഞ്ചിൽ മുഖമമർത്തി.

ആ ഓർമയിൽ അരുണേട്ടന്റെ മുടിയിൽ തലോടിയതും അരുണേട്ടൻ ഞെട്ടി എഴുന്നേറ്റു.

സോറീ…എന്തോ…പെട്ടെന്ന് ഓർത്ത്…

പതർച്ചയോടെ പറഞ്ഞു.അരുണേട്ടൻ ഒന്നും പറയാതെ മുന്നോട്ട് നോക്കിയിരുന്നു

പോവാം….

കൈ കുത്തി എഴുന്നേൽക്കാൻ ബുദ്ധിമുട്ടുന്നത് കണ്ട് എനിക്ക് നേരെ കൈ നീട്ടി.അരുണേട്ടനെ ഒന്നു നോക്കിയ ശേഷം ആ കൈകളിൽ കൈ ചേർത്തു.

തിരിച്ച് നടക്കുമ്പോഴും രണ്ടു പേരും ഒന്നും സംസാരിച്ചില്ല.അരുണേട്ടന് കുറച്ച് പിറകിലായി നടന്നു.

????????????

കൃഷ്ണാ…സൂക്ഷിച്ച്…

അരുണേട്ടൻ കസേരയിൽ നിന്നും ചാടി എഴുന്നേറ്റു.

പാത്രവുമായി ഡൈനിങ് ടേബിളിലേക്ക് നടക്കവേ കാലെവ്ടെയോ ഉടക്കി വീഴാൻ പോയി.കസേരയിൽ പിടുത്തം കിട്ടിയതോണ്ട് വീണില്ല.പാത്രം താഴെ വീണു പൊട്ടി.

എന്തെങ്കിലും പറ്റിയോ…ഹോസ്പിറ്റൽ പോവണോ…

വേവലാതിയോടെ അരുണേട്ടൻ ചോദിച്ചു.അരുണേട്ടൻ മാത്രല്ല എല്ലാരും പേടിച്ച് പോയിരുന്നു.

ഒന്നും പറ്റീല…അരുണേട്ടാ…

നിനക്കൊന്നു ശ്രദ്ധിച്ചു നടന്നൂടെ കൃഷ്ണാ…ഇപ്പോ വീണിരുന്നേലോ…വയറ്റിലൊരു കുഞ്ഞുള്ളതല്ലേ…..

ആദ്യത്തെ പകപ്പൊന്നു മാറിയതും അരുണേട്ടൻ ദേഷ്യപ്പെട്ടു.

സാരി ഉടക്കീതാ…അരുണേട്ടാ..പാത്രം കൈയിൽ ഉള്ളോണ്ട് കണ്ടില്ല…

അതെങ്ങനെയാ…അവൾക്കാ കുഞ്ഞിനോട് സ്നേഹം വേണ്ടേ…ആ കുഞ്ഞിനോട് വല്ല സ്നേഹോം ഉണ്ടായിരുന്നേ കുളത്തീ ചാടി ചാവാൻ നോക്ക്വോ….

ശ്രീജേ…ഒന്നാമതെ അവളാകെ പേടിച്ച് നിക്കുവാ…അതിന്റെ കൂടെ നീ ഓരോന്നു പറയാൻ നിക്കണ്ടാ…

അച്ഛമ്മ എന്തിനാ ചിറ്റേ തടയണേ….ചിറ്റ പറഞ്ഞതിലെന്താ തെറ്റ്…കുഞ്ഞിനെ പറ്റി ചിന്ത ഉണ്ടായിരുന്നേ ഇങ്ങനെയൊക്കെ ചെയ്യോ…അതെങ്ങനെയാ കുഞ്ഞിനെ വേണ്ടാന്നു വെക്കാംന്നു വരെ നീ പറഞ്ഞിട്ടില്ലേ…

അരുണേട്ടൻ പറഞ്ഞത് ഒരായിരം കനൽക്കട്ടകൾ ഹൃദയത്തിൽ വീഴുന്നത് പോലെ തോന്നി.

അരുണേട്ടാ എന്റെ കുഞ്ഞിനോട് എനിക്ക് സ്നേഹമില്ലാന്നു ഒരിക്കൽ കൂടി പറയര്ത്…എന്റെ കുഞ്ഞിനെ ഓർക്കാഞ്ഞിട്ടല്ല ഞാൻ മരിക്കാൻ തീരുമാനിച്ചേ…എന്റെ കുഞ്ഞു കൂടി നഷ്ടപ്പെടുംന്നു തോന്നിയത് കൊണ്ടാ…അതേറ്റവും നന്നായി അറിയുന്നത് ശ്രീജേച്ചിക്ക് തന്നെയാ….

അവസാനിപ്പിച്ചത് ശ്രീജേച്ചിയെ നോക്കിയായിരുന്നു.

കുഞ്ഞിനെ നഷ്ടപെടുംന്നു തോന്നീന്നോ….കൃഷ്ണാ..നീ ഈ പറഞ്ഞതിന്റെ അർഥമെന്താ…

ഒന്നും മിണ്ടാതെ ശ്രീജേച്ചിയെ നോക്കി.ശ്രജേച്ചി വിളറി വെളുത്ത് വെള്ളില പോലെ ആയി.

കൃഷ്ണാ… നിന്നോടാ ചോദിച്ചത്…

അരുണേട്ടൻ വീണ്ടും ചോദിച്ചിട്ടും മിണ്ടിയില്ല

ശ്രിജേ…കൃഷ്ണ പറഞ്ഞതിന്റെ അർഥം എന്താ…സത്യം പറഞ്ഞോ…നിന്നെ ഞങ്ങൾക്കെല്ലാവർക്കും നന്നായിട്ടറിയാം….

ചിറ്റപ്പൻ ചോദിച്ചപ്പോൾ ശ്രീജേച്ചി ഒന്നും മിണ്ടിയില്ല…

നിന്റെ ഏട്ടനും അമ്മേം ഉണ്ടെന്നൊന്നും ഞാൻ നോക്കില്ല…എന്റെ കൈയീന്ന് കിട്ടെണ്ടേൽ സത്യം പറഞ്ഞോ…..

രാജൻ ചോദിച്ചത് നീ കേട്ടില്ലേ…ഉത്തരം പറയ്…അല്ലേ അവന്റെ കൈയീന്നായിരിക്കില്ല…എന്റെ കൈയീന്നായിരിക്കും നിനക്ക് കിട്ടുവ…

അച്ഛനും കൂടി പറഞ്ഞപ്പോൾ ശ്രീജേച്ചി ശരിക്കും പതറി.

അത്…ഞാൻ തറവാട്ടിന്..മാനക്കേടല്ലേന്നു വെച്ചാ…അലസിപ്പിക്കാൻ പറഞ്ഞു…..

ശ്രീജേച്ചി പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും അരുണേട്ടൻ കൈകൾ വീശിയിരുന്നു.ശ്രീജേച്ചി കവിളിൽ കൈ വെച്ച് തരിച്ചത് പോലെ നിന്നു.

എങ്ങനെ തോന്നിയെടി നിനക്കതിന്…നീയും പ്രസവിച്ചതല്ലെ..രണ്ടെണ്ണത്തിനെ….

ചിറ്റപ്പൻ പറയുമ്പോൾ ശ്രീജേച്ചി മിണ്ടാതെ നിന്നു കേട്ടു

കൃഷ്ണാ..വാ..നമുക്ക് മുറീല് പോവാം…

പിന്നെയും രംഗം വഷളായപ്പോൾ ഗൗരിയമ്മ പറഞ്ഞു

അരുണേട്ടാ…..അരുണേട്ടൻ ആഗ്രഹിക്കുന്ന പോലെ ഈ കുഞ്ഞിനെ ഞാനും ആഗ്രഹിക്കുന്നുണ്ട്.ഒന്നൂലേലും എനിക്ക് ആകെ ഉള്ള രക്ത ബന്ധല്ലേ എന്റെ കുഞ്ഞ്.എന്നിട്ട് പോലും ഞാൻ വേണ്ടാന്നു വെക്കാംന്നു പറഞ്ഞത് അരുണേട്ടനോട് എനിക്ക് അത്രേം ഇഷ്ടുള്ളോണ്ടാ…ഞങ്ങൾ കാരണം അരുണേട്ടൻ സങ്കടപ്പെടര്ത് ന്നു കരുതിയാ…ഇനിയും അരുണേട്ടനത് മനസിലായില്ലേ…

അതും അരുണേട്ടനോടായ് പറഞ്ഞു ഗൗരിയമ്മേടെ കൂടെ മുറീലേക്ക് നടന്നു

????????????

അരുണേട്ടന് ഇപ്പോഴും എന്നെ മനസിലായില്ലേ..അറിഞ്ഞോണ്ട് ഞാൻ അങ്ങനെയൊക്കെ പറയ്യോ…അരുണേട്ടനോട് എല്ലാം ഞാൻ പറഞ്ഞതല്ലേ..എത്ര പറഞ്ഞിട്ടും അരുണേട്ടൻ മനസിലാക്കുന്നില്ലാലോ…

ഒരു കൈ വയറിൽ വെച്ച് കട്ടിലിലേക്ക് ചാഞ്ഞു കിടന്നു.

കൃഷ്ണാ……

അരുണേട്ടന്റെ ശബ്ദം കേട്ട് പതിയെ എഴുന്നേറ്റിരുന്നു

കൃഷ്ണാ….സോറീ….ഞാനാ ദേഷ്യത്തിന്റെ പുറത്ത് പറഞ്ഞു പോയതാ..നീ വീഴാൻ പോയപ്പോ ആകെ പേടിച്ച് പോയി.വീഴ്ചേല് എന്തേലും പറ്റിയിരുന്നേലോ. അങ്ങനെയൊക്കെ ചിന്തിച്ചപ്പോ പറഞ്ഞു പോയതാ…നിനിക്ക് അറിയാവുന്നതല്ലേ …കൃഷ്ണാ എല്ലാം…എല്ലാറ്റിനോടും വല്ലാത്ത പേടിയാ കൃഷ്ണാ..ഇപ്പോഴും ഉള്ളിലെ മുറിവ് ഉണങ്ങീട്ടില്ല…ഇനി ഒന്നും താങ്ങാനുള്ള ശേഷിയില്ല..അതാ….നീ ചെറിയ അശ്രദ്ധ കാണിക്കുമ്പോൾ പോലും ദേഷ്യപ്പെടുന്നെ..

അരുണേട്ടനെ നോക്കാതെ എങ്ങോട്ടോ നോക്കിയിരുന്നു

കൃഷ്ണാ…..എനിക്കൊന്നും മനസിലാവാഞ്ഞിട്ടല്ലാ..പക്ഷേ..വായിലങ്ങനെ വന്നു പോയി..എനിക്കറിയാം ഞാൻ പറഞ്ഞത് നിനക്ക് വിഷമമായീന്ന്..പക്ഷേ….പെട്ടെന്ന് ദേഷ്യത്തിന് എന്തോ പറഞ്ഞു പോയതാ…..കൃഷ്ണാ…പ്ലീസ്….

പിന്നെയും അരുണേട്ടൻ കേഴും പോലെ പറഞ്ഞു

എനിക്കും നോവും അരുണേട്ടാ…..

അതും പറഞ്ഞ് അരുണേട്ടനെ ഒന്നു നോക്കുക കൂടി ചെയ്യാതെ മുറിയിൽ നിന്നും പോയി

?????????????

ഭയങ്കര ചിന്തയിലാണെന്നു തോന്നുന്നു….

അച്ഛനെയും ചിറ്റപ്പനെയും കണ്ടതും എഴുന്നേറ്റു

മോള് ഉച്ചക്ക് ഉണ്ടായതിനെ പറ്റി ആലോചിക്കുവാണോ…

ചിറ്റപ്പനാണ് ചോദിച്ചത്

അല്ല…ഞാൻ വെറ്തേ..ഓരോന്ന്….

ശ്രീജയ്ക്ക് ചെറുപ്പത്തിലേ ഒരു ശീലമുണ്ട്..എന്തെങ്കിലും പറഞ്ഞോ ചെയ്തോ എന്റെ കൈയീന്ന് വാങ്ങിക്കും ..അത് കല്യാണം കഴിഞ്ഞപ്പോൾ ഇവന്റെ കൈയീന്നായി. മാസത്തിൽ ഒരു തല്ല് അതാ അവളുടെ ടാർഗെറ്റ്.ഞങ്ങൾ തല്ലെണ്ടാന്നു വെച്ചാലും അവള് എങ്ങെനേലും അത് ചോദിച്ച് വാങ്ങും.അതവളുടെ ശീലാണ്.എട്ത്ത് ചാട്ടം നല്ലോണം ഉണ്ട്..പിന്നെ ഒരു പൊടിക്ക് കുശുമ്പും…

കേട്ടോ അളിയാ….കൊറച്ച് ദിവസായി അവൾക്ക് ആകെ ഒരോ വെപ്രാളവും വിമ്മിഷ്ടവും..ഞാൻ വിചാരിക്ക്വേം ചെയ്തു ശ്ശെടാ..ഇതെന്തു പറ്റീന്ന്..ഇന്ന് ഉച്ചയ്ക്കാ മനസിലായത് ഈ മാസത്തെ തല്ല് കിട്ടാഞ്ഞിട്ടാന്ന്….

ചിറ്റപ്പൻ പറയുന്ന ശൈലി കേട്ട് ചിരി വന്നു.

മോള് പേടിക്കേണ്ടാ അവളിനി മോളോട് വഴക്കിനൊന്നും വരില്ല…അതൊക്കെ ഞങ്ങൾ ശരിയാക്കീട്ടുണ്ട്.അല്ലേലും ഒരു കാര്യത്തിന് തന്നെ രണ്ട് പ്രാവിശ്യം അവൾ തല്ല് വാങ്ങി അവൾക്ക് ശീലമില്ല…പുതിയ എന്തേലും കണ്ടുപിടിക്കും അടുത്ത തല്ലിന്..

ചിറ്റപ്പൻ സമാധാനിപ്പിക്കാനെന്ന പോലെ പറഞ്ഞു

പിന്നെ പറയാനുള്ളത് അരുണിന്റെ കാര്യാണ്. അരുൺ അഖിലയെ മറന്ന് നിന്നെ സ്നേഹിക്കാൻ വേണ്ടി നീ കാത്ത്നിൽക്കരുത്. അവന്റെ മനസിൽ അഖില ഉണ്ടാക്കിയ ഒരു വിടവുണ്ട്.അത് നീ നികത്തണം. അവനിത്തിരി ദേഷ്യം കൂടുതലാ.ദേഷ്യം വന്നാ പിന്നെ വായിൽ തോന്നിയതൊക്കെ വിളിച്ച് പറയും.ദേഷ്യം തണുത്ത് കഴിഞ്ഞാ സോറി പറഞ്ഞ് പിറകെ നടക്കും. എത്ര പ്രാവിശ്യം എന്നോട് സത്യം ചെയ്തിട്ടുണ്ടെന്നോ ഇനി അങ്ങനെ ഒന്നും പറയൂലാന്ന്. ദേഷ്യം വന്നാ ആ സത്യം ചെയ്തതൊക്കെ അവൻ മറക്കും.അതോണ്ട് അവൻ സോറി പറഞ്ഞ് പെറകെ വന്നാ മൈന്റ് ചെയ്യേണ്ട..കൊറച്ച് നടക്കട്ടെ അവൻ

????????????

അരുണേട്ടൻ പല തവണ സംസാരിക്കാൻ വന്നിട്ടും ഒഴിഞ്ഞു മാറിയതല്ലാതെ ഒന്നും മിണ്ടിയില്ല.

കൃഷ്ണാ…കൊറച്ച് കറി താ…

അരുണേട്ടൻ പ്ലേറ്റ് എനിക്ക് നേരെ നീട്ടിയതും അച്ഛൻ കറി ഒഴിച്ചു കൊടുത്തു.

അളിയാ കൊറച്ച് കറി എനിക്കും തന്നേക്ക്..

ചിറ്റപ്പനും പ്ലേറ്റ് നീട്ടി കൊണ്ട് പറഞ്ഞു.അച്ഛനും ചിറ്റപ്പനും ഇതൊന്നും ശ്രദ്ധിക്കുന്നില്ലാ എന്ന പോലെ ഭക്ഷണം കഴിക്കുന്നു.

നീ മതിയാക്കിയോടാ…

ആ…മതി…

അതും പറഞ്ഞ് അരുണേട്ടൻ എഴുന്നേറ്റ് പോയി.

കൃഷ്ണാ….എത്ര പ്രാവിശ്യായി നിന്നോട് വന്നു സംസാരിക്കുന്നു.നിനക്കൊന്നു സംസാരിച്ചാലെന്താ…ഞാൻ പറഞ്ഞല്ലോ അറിയാതെ പറഞ്ഞു പോയതാ…

അരുണേട്ടൻ പേടിക്കേണ്ട…എന്റെ ജീവൻ കളഞ്ഞിട്ടാണേൽ പോലും ഈ കുഞ്ഞിനെ ഞാൻ അരുണേട്ടന് തരും…

അരുണേട്ടൻ തലയ്ക്ക് കൈയൂന്നി കസേരയിൽ ഇരുന്നു. തണുത്തു വിറച്ചപ്പോൾ അരുണേട്ടൻ പുതപ്പെടുത്ത് പുതപ്പിച്ചു തരുന്നതറിഞ്ഞിട്ടും കണ്ണു തുറന്നില്ല

തുടരും…..