നീയെന്തു തീരുമാനിച്ചാലും എൻ്റെ ജീവിതത്തിൽ മറ്റൊരു പെണ്ണില്ല ശിവാ. ഇനി നിൻ്റെ മനസ്സു മാറിയില്ലെങ്കിലും ഞാൻ വേറൊരാളെ….

അവൾ

Story written by SOUMYA DILEEP

””ശിവാ “”

അഭിലാഷിൻ്റെ വിളി കേട്ട് മുഖം മറച്ച തട്ടം പതിയെ മാറ്റി ശിവന്യ അവനെ നോക്കി.

” ഒറ്റക്കിരുന്നു ബോറടിച്ചോ താൻ, എനിക്ക് കുറച്ചു തിരക്കായിപ്പോയി അതാണ്.”

” സാരമില്ല അഭീ, എനിക്ക് മനസ്സിലാവും. “

” ഉം. എന്നാ ശരി, താൻ കിടന്നോളൂ, ഞാൻ താഴെ കാണും.”

യാത്ര പറഞ്ഞിറങ്ങിയ ശേഷം എന്തോ ഓർത്തെന്നപോലെ അഭിലാഷ് തിരിച്ചു വന്നു .
ചരിഞ്ഞു കിടക്കുന്ന ശിവയുടെ കാലിലെ മുറിവിൽ തലോടി. അവൻ്റെ സാമീപ്യം അറിഞ്ഞ ശിവ പെട്ടന്ന് പിടഞ്ഞെണീറ്റു.

“സോറി, ഞാൻ മുറിവ് നോക്കാൻ വന്നതാ. വേദനയുണ്ടോ ഇപ്പോൾ?”

“കുറവുണ്ട്, അഭിയ്ക്ക് ബുദ്ധിമുട്ടായി ലേ “

“എനിക്കെന്ത് ബുദ്ധിമുട്ട്? നാളെ ഉച്ചക്ക് മുൻപ് ഇവിടന്ന് പോണം. വേറെ ഒരു സ്ഥലം കണ്ടു വച്ചിട്ടുണ്ട്. തൽകാലം താൻ അവിടെ താമസിക്കൂ. നാളെ അച്ഛനും അമ്മയും തിരിച്ചു വരും. അതിനു മുൻപ് നമുക്കു പോണം. ഞാൻ എന്നും വന്നന്വേഷിച്ചോളാം.”

“ശരി അഭി, താൻ എനിക്കൊരു ജോലി ശരിയാക്കിത്തന്നാൽ മതി. “

“അതിനെക്കുറിച്ചൊക്കെ പിന്നീടു സംസാരിക്കാം. ഇപ്പോൾ വിശ്രമിക്കൂ. ഒരു പാട് ഓടിത്തളർന്നതല്ലേ. ശരി എന്നാൽ “

അഭിലാഷ് പോയെന്നുറപ്പാക്കിയ ശേഷം ശിവ പതിയെ എണീറ്റ് വാതിൽ ചേർത്തടച്ചു. കാലിന് നല്ല വേദനയുണ്ട്. ശരിക്ക് നടക്കാൻ പോലും പറ്റുന്നില്ല. കട്ടിലിൽ വന്നു കിടന്നതേ ഓർമയുണ്ടായിരുന്നുള്ളു.പിന്നെ എണിക്കുന്നത് രാവിലെ അഭിവന്നു വിളിക്കുമ്പോഴാണ്.

“എങ്ങനെയുണ്ടായിരുന്നെടോ ഉറക്കം ഒക്കെ “

“ഒരു പാട് നാളായി ഞാൻ ഇതു പോലെ ഉറങ്ങീട്ട്. “

“എങ്കിൽ വേഗം റെഡിയായി വാ. ഭക്ഷണം കഴിച്ച് നമുക്കിറങ്ങാം.”

ഉം ശരി അഭി, ഞാനിപ്പൊ വരാം.

പെട്ടന്ന് തന്നെ കുളിക്കാൻ കയറി. വെള്ളം വീണപ്പോൾ കാലിലെ മുറിവ് നീറുന്നുണ്ടായിരുന്നു. അതിനേക്കാൾ നീറിയത് മനസ്സിലെ മുറിവുകളാണ്. ഇനിയെന്ത് എന്ന ഒരു ചോദ്യം മാത്രം ഉത്തരമില്ലാതെ അവശേഷിക്കുന്നു. കുളി കഴിഞ്ഞ് തല തുവർത്തുമ്പോഴാണ് മുറിയിലെ നിലക്കണ്ണാടിയിൽ സ്വന്തം പ്രതിബിംബം നോക്കിയത്. പാതിയും പൊള്ളിയടർന്ന മുഖം നോക്കി അവൾ നെടുവീർപ്പിട്ടു. ഒപ്പം രണ്ടു തുള്ളി കണ്ണീർ പൊള്ളലിനു മേലെ അരിച്ചിറങ്ങി. കൂടുതൽ ആലോചിക്കാൻ നിൽക്കാതെ ഒരു ഷാളെടുത്ത് തലയിലിട്ട് അവൾ അഭിലാഷിനടുത്തേക്ക് നീങ്ങി.

” ആ വന്നോ, ചായ കുടിക്ക്.” പാത്രത്തിൽ ആവി പറക്കുന്ന പുട്ടും കടലക്കറിയും റെഡിയായിരുന്നു.

“അഭിയാണോ ഇതെല്ലാം ഉണ്ടാക്കീത്”

“അതെ എന്തേ “

“ഒന്നുല്യ വെറുതെ ചോദിച്ചെന്നേയുള്ളു. ” അഭി മനോഹരമായി പുഞ്ചിരിച്ചു.

വേഗം കഴിച്ചെഴുന്നേറ്റ് ഞങ്ങൾ പോകാനായി ഇറങ്ങി. ഷാൾ കൊണ്ട് മുഖം പാതി മറച്ചിരുന്നു. കാറിൻ്റെ ഫ്രൻ്റ് ഡോർ തുറന്ന് അഭി ക്ഷണിച്ചു. ലേശം ചമ്മലോടെയാണെങ്കിലും മുൻ സീറ്റിൽ കയറിയിരുന്നു.നേരം വെളുത്തു വരുന്നേ ഉണ്ടായിരുന്നുള്ളു. കിഴക്ക് ഉദയസൂര്യൻ്റെ പൊൻകിരണങ്ങൾ. വിടവാങ്ങാൻ നിൽക്കുന്ന അസ്തമയ ചന്ദ്രൻ്റെ പൊട്ടും കാണാം. ആകാശത്തിലൂടെ നിരയായി പറക്കുന്ന പറവകൾ. മഞ്ഞുതുള്ളിയെ പുണർന്നു കണ്ണു മിഴിക്കാൻ മടിക്കുന്ന പൂക്കൾ. എല്ലാം കണ്ട് ആസ്വദിച്ചായിരുന്നു ഞാൻ ഇരുന്നത്. ഇത് പോലെ ഒരു യാത്ര പോയിട്ട് കാലം കുറച്ചായിരിക്കുന്നു.

കാർ മെയിൻ റോഡ് കടന്ന് ഒരു പാടത്തിനു നടുവിലൂടെയുള്ള റോഡിലെത്തി. ചുറ്റും പച്ച പട്ടു ചുറ്റി നിൽക്കുന്ന ഞാറുകൾ. തൊട്ടടുത്ത് ഒരു ബണ്ട് അവിടെ നിന്നും പാടത്തേക്ക് വെള്ളം ഒഴുക്കുന്നു. നെൽപ്പാടങ്ങൾക്കപ്പുറം വിശാലമായ തെങ്ങിൻ തോപ്പുകൾ. അതിൽ പണിയെടുക്കുന്ന പരിഷ്കാരം തീണ്ടാത്ത മനുഷ്യർ. കുറച്ചു സമയത്തേക്ക് ഞാൻ എന്നെത്തന്നെ മറന്നു. അത്രയ്ക്ക് ആ യാത്ര ഞാൻ ആസ്വദിച്ചിരുന്നു. പാടവും പറമ്പുമെല്ലാം പിന്നിട്ട് ആ യാത്ര അവസാനിച്ചത് വിശാലമായ ഒരു പറമ്പിൻ്റെ നടുവിലുള്ള ഓടിട്ട വീട്ടിലാണ്. മുറ്റത്ത് നിറയെ പൂച്ചെടികൾ. കാശിത്തുമ്പയും നന്ദ്യാർവട്ടവും മന്ദാരവുമെല്ലാം കണ്ണിന് കുളിർമയൊരുക്കി പൂത്തു നിൽക്കുന്നു. മുറ്റത്ത് ഒരു തുളസിത്തറയുണ്ട്. ഉമ്മറത്ത് ഒരു അരമതിലുണ്ട്. ചെറുതാണെങ്കിലും വൃത്തിയുള്ള ചുറ്റുപാട്. എനിക്കാ വീട് വളരെയേറെ ഇഷ്ടപ്പെട്ടു.

” വീട് ഇഷ്ടായോ ശിവ “

“പിന്നെ ഒത്തിരി ഇഷ്ടായി, താങ്ക്സ് അഭീ”

” ഉം, വാ ഇനിയും കാണാനുണ്ട് ഏറെ.”

വാതിൽ തുറന്ന് അഭിനയന്നെ നേരെ കൂട്ടിക്കൊണ്ടു പോയത് പുറകു വശത്തേക്കാണ്. അവിടെ ഒരു തോട് ഒഴുകുന്നു. ചുറ്റും വിശാലമായ പാടമാണ്. ആകെ മനസിനു കുളിർമയേകുന്ന ഇടം. കുറച്ചു സമയം സ്വയം മറന്ന് നിന്നു പോയി. പിന്നിൽ നിന്ന് അഭിലാഷിൻ്റെ വിളി കേട്ടാണ് തിരിഞ്ഞു നോക്കിയത്.

” സ്വപ്നമൊക്കെ പിന്നെ കാണാം. എനിക്ക് പോണം. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാ മതി. ഞാൻ നാളെ വരാം. അപ്പൊ ശരി. അച്ഛനും അമ്മയും എത്തുന്നേനു മുന്നേ വീട്ടിലെത്തണം. പോട്ടെ”

“ഉം .അഭീ, ഇതാരുടെ വീടാ”

“ഞങ്ങളുടേത് തന്നെയാണ്. ടൗണിലേക്ക് താമസം മാറിയപ്പോൾ ഇവിടെ ഒഴിഞ്ഞു കിടക്കായിരുന്നു. ആരെങ്കിലും ചോദിച്ചാൽ എൻ്റെ ബന്ധുവാണെന്ന് പറഞ്ഞാൽ മതി.”

“ശരി ഞാൻ നാളെ വരാം”

അഭി യാത്ര പറഞ്ഞിറങ്ങിയ ശേഷം ആ ഇളം തിണ്ണയിൽ കുറച്ചു നേരം ഇരുന്നു. തലേ രാത്രിയിലെ സംഭവങ്ങളിലേക്ക് ഊളിയിട്ടു

അത്താഴം കഴിച്ച് കിടക്കാൻ നേരം വാതിലെല്ലാം ശരിക്കും പൂട്ടിയില്ലേ എന്നു നോക്കുന്ന സമയത്താണ് അടുക്കള വാതിലിൽ ഒരു തട്ടുകേട്ടത്. പൂച്ചയോ പട്ടിയോ ആണെന്നാണാദ്യം തോന്നിയത്. കൂടുതൽ ശ്രദ്ധിച്ചപ്പോഴാണ് തട്ടുന്നത് മനുഷ്യൻ തന്നെയാണെന്നു മനസിലായത്. തട്ടലിൻ്റെ കൂടെ കേട്ടാലറക്കുന്ന വാക്കുകളും പതിഞ്ഞ ശബ്ദത്തിൽ കേട്ടു . അതോടെ ആളെ ഉറപ്പിച്ചു.

ശ്രീഹരി, ശ്രീനിലയത്തിലെ ശ്രീദേവി അമ്മയുടെ മകൻ. നാട്ടിലെ പലിശക്കാരിൽ പ്രമുഖൻ. പലിശക്കാശിനു പകരം പെണ്ണിൻ്റെ ശരീരം ഈടാക്കുന്നവൻ. കാലിൽ നിന്നും ഒരു തണുപ്പ് പടർന്ന് കയറി ശരീരമാകെ വ്യാപിക്കുന്നത് ഞാനറിഞ്ഞു. എന്തും സംഭവിക്കാം. കൈയിൽ കിട്ടിയ വടിയെടുത്ത് വാതിലിനു പിറകിൽ ഒളിച്ചു നിന്നു. തൊട്ടടുത്ത നിമിഷം വാതിൽ പൊളിച്ച് അവനകത്തു വന്നു. കൈയിൽ വടിയുമായി എന്നെ കണ്ടതും അവനൊന്നട്ടഹസിച്ചു.

“മോളെന്നെ കൊല്ലാനാണോ? നിൻ്റെ കെട്ടിയോൻ വിചാരിച്ചിട്ടു നടന്നില്ല. എന്നിട്ടാ നീ “

“എന്നെ ഒന്നും ചെയ്യരുത്”

കൈകൂപ്പി യാചിച്ച എന്നെ മുടിക്കു കുത്തിപ്പിടിച്ചയാൾ വലിച്ചിഴച്ചു. രക്ഷിക്കണേ എന്ന് സർവ്വശക്തിയുമെടുത്തലറിയിട്ടും പുറത്തു നിൽക്കുന്ന ഗുണ്ടകളെ പേടിച്ചാരും വീടിനു പുറത്തിറങ്ങിയില്ല. കിടപ്പുമുറിയിലെ കട്ടിലിലേക്കെടുത്തെറിഞ്ഞെന്നിലേക്കയാൾ ആവേശത്തോടെ പടരാൻ തുടങ്ങുമ്പോഴാണ് അമ്മേ എന്ന അലർച്ചയോടെ മറിഞ്ഞു വീണത്.

ഇരു കൈകൾ കൊണ്ടും മുഖം പൊത്തിയിരുന്ന ഞാൻ ഞെട്ടിത്തരിച്ചെഴുന്നേറ്റപ്പോൾ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന ശ്രീഹരിയും അവനെ അടിച്ച വടിക്കഷണവുമായി നിൽക്കുന്ന അഭിലാഷിനേയുമാണ്. അടുത്ത നിമിഷം അകത്തേക്കു പാഞ്ഞെത്തിയ ഗുണ്ടകൾക്കിടയിലൂടെ അഭിലാഷിൻ്റെ കൈയും പിടിച്ചോടുമ്പോൾ മനസിൽ എങ്ങനേയും സ്വന്തം മാനം രക്ഷിക്കണമെന്ന ചിന്ത മാത്രമേയുണ്ടായിരുന്നുള്ളു.

ഓട്ടത്തിനിടക്ക് എവിടെയൊക്കെയോ തട്ടിമറിഞ്ഞു വീണ് കാലും മുറിഞ്ഞു. രാത്രി ആയതു കൊണ്ടാവാം ഇന്നലെ അഭിയുടെ വീട്ടിൽ പോയത്. ചേച്ചിയുടെ വീട്ടിൽ പോയ അച്ഛനും അമ്മയും ഇന്നു തിരിച്ചെത്തുമെന്ന് പറഞ്ഞിരുന്നു. അവർ ഇങ്ങനൊരവസ്ഥയിൽ എന്നെ കണ്ടാൽ എങ്ങനെ പ്രതികരിക്കും എന്നറിയില്ല. കാണാത്തത് നന്നായി. അല്ലെങ്കിലേ എന്നോട് വെറുപ്പാണ് എല്ലാവർക്കും. ഇനി ഈ അവസ്ഥ കൂടി അറിഞ്ഞാൽ അത് ഓർക്കാൻ വയ്യ. ഒരിക്കൽ വേണ്ടെന്നു വച്ച് പോയതാണ് അഭിയെ. പക്ഷേ ഇപ്പോൾ വീണ്ടും അയാളുതന്നെ വേണ്ടി വന്നു അപകടത്തിൽപ്പെട്ടപ്പോൾ. എന്നും കൂടെയുണ്ടാവും എന്നും പറഞ്ഞവരൊന്നും കൂട്ടിനില്ല ഇന്ന്. ഓരോന്നോർത്തിരുന്നു സമയം പോയതറിഞ്ഞില്ല.

സന്ധ്യയ്ക്ക് വിളക്കു വച്ച് പ്രാർത്ഥിക്കുമ്പോഴാണ് വണ്ടിയുടെ ശബ്ദം കേട്ടത്. അഭിയാണ്.

“നാളെ വരുള്ളുന്ന് പറഞ്ഞിട്ട് അഭി വീണ്ടും വന്നോ?”

”നിന്നെ ഇവിടെ ഒറ്റക്കാക്കി പോകാൻ മനസ്സുണ്ടായിട്ടല്ല. പോയിട്ട് കുറച്ചു കാര്യം ഉണ്ടായിരുന്നു. അതാ പിന്നെ നിൽക്കാഞ്ഞേ “

കൂടുതലൊന്നും ചോദിക്കാൻ നിൽക്കാതെ അകത്തേക്കു കയറിപ്പോയി. ഒരിക്കൽ തിരസ്കരിച്ചവൻ്റെ കരുതൽ ഏറ്റു വാങ്ങുമ്പോൾ സ്വയം പുച്ഛം തോന്നുന്നു. താഴേക്കൊഴുകിയിറങ്ങിയ നീർമുത്തുകൾ പൊള്ളിയടർന്ന മുഖത്തു നിന്നും തുടച്ചു മാറ്റപ്പെട്ടപ്പോഴാണ് സ്വബോധത്തിലേക്കു വന്നത്. മുന്നിൽ എന്നെ തന്നെ നോക്കി നിൽക്കുന്നു അഭി. ആ മുഖത്തേക്ക് നോക്കാനുള്ള ശക്തിയില്ലാതെ ഞാൻ തിരിഞ്ഞു നിന്നു. അഭിലാഷ്,അഭി എൻ്റെ മുറക്കച്ചറുക്കൻ ഞങ്ങളുടെ കല്യാണം നിശ്ചയിച്ചുറപ്പിച്ചിരുന്നു വർഷങ്ങൾക്ക് മുൻപേ.

ഒരു കൃഷിക്കാരനായിരുന്നു അഭി. പട്ടണത്തിൽ പഠിക്കാൻ പോയ എനിക്ക് എപ്പോഴാണ് അഭിയോട് വെറുപ്പ് തോന്നിത്തുടങ്ങിയതെന്നറിയില്ല. ദിവസവും ആഡംബര കാറുകളിൽ വന്നിറങ്ങുന്ന സുമുഖനായ ചെറുപ്പക്കാരൻ മനസിലിടം പിടിച്ചപ്പോഴാണെന്ന് തോന്നുന്നു. രൂപേഷ്. അവൻ എൻ്റെ എല്ലാമായി മാറാൻ അധികനാളൊന്നും വേണ്ടി വന്നില്ല. അവനു വേണ്ടി ഞാൻ വീട്ടിൽ ഒരു പാട് വാശി പിടിച്ചു നോക്കി. നടക്കില്ല എന്നായപ്പോൾ അവനൊപ്പം ഒളിച്ചോടി. പക്ഷേ ആ ബന്ധത്തിന് അധികം ആയുസുണ്ടായിരുന്നില്ല.” ശിവാ ” വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അഭി അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു.

“എന്താ ശിവാ, എന്താ നിനക്കു പറ്റിയേ? ഞാൻ ചിലതൊക്കെ അറിഞ്ഞു. അത് ശരിയാണോ?”

“എന്താ അഭി അറിഞ്ഞത്?”

“അതു നീ തന്നെ പറയുന്നതല്ലേ നല്ലത്. എനിക്കറിയേണ്ടത് നിൻ്റെ ജീവിതമാണ്. “

“ഉം . ഞാൻ പറയാം അഭി, എല്ലാം പറയാം.”

“അന്ന് രൂപേഷിനൊപ്പം വീട് വിട്ടിറങ്ങിയപ്പോൾ നിറമുള്ള ഒരു ജീവിതം മാത്രമായിരുന്നു മനസ്സിൽ. കുറച്ചു നാളൊക്കെ അങ്ങനെ തന്നെയായിരുന്നു. പക്ഷേ എപ്പോഴൊക്കെയോ അതിലെ വർണങ്ങളെല്ലാം വ്യർത്ഥമായിരുന്നെന്ന് ഞാൻ തിരിച്ചറിഞ്ഞു. അയാളുടെ ആഡംബരം നിറഞ്ഞ ജീവിതം വെറും പുറംമോടി മാത്രമായിരുന്നു. ലക്ഷങ്ങളുടെ കടക്കാരനായിരുന്നു അയാൾ. എന്നെ ഉപദ്രവിക്കാൻ വന്ന ശ്രീഹരിക്ക് അയാൾ ലക്ഷങ്ങൾ കൊടുക്കാനുണ്ട്. ഒരു വിധത്തിലും പിടിച്ചു നിൽക്കാനാവാതെ വന്നപ്പോൾ അയാൾ തീ കൊളുത്തി ആത്മഹത്യ ചെയ്തു. അയാളെ രക്ഷിക്കാൻ ശ്രമിച്ച ഞാൻ പാതി കത്തിയ ഒരു പേക്കോലമായി. ആരൊക്കെയോ ചേർന്നെന്നെ ആശുപത്രിയിലാക്കി. മരണ വേദനയുടെ നാളുകളായിരുന്നു പിന്നീട്. ശരീരത്തിൻ്റെ ഓരോ അണുവിലും ഒരായിരം സൂചികൾ ഒരുമിച്ചു കുത്തുന്ന പോലെ. മുറിവു പഴുത്തൊലിക്കുമ്പോൾ അതു വൃത്തിയാക്കി വീണ്ടും മരുന്നു വെക്കുമ്പോൾ മരിച്ചു പോയിരുന്നെങ്കിലെന്ന് ചിന്തിച്ചിട്ടുണ്ട്. അഭിയോടു ചെയ്തതിനൊക്കെ പകരമായി ഒരു പാട് സഹിച്ചു. മരണത്തിൻ്റെ അറ്റത്തോളം ഉള്ള വേദന സഹിക്കുമ്പോൾ പ്രിയപ്പെട്ടവർ ആരും അടുത്തുണ്ടായിരുന്നില്ല. അത് ഞാൻ അർഹിക്കുന്നുമില്ല. എങ്കിലും അഭി എന്നോട് ക്ഷമിക്കണം. ചെയ്തതിനൊക്കെ.”

പൊട്ടിക്കരഞ്ഞുകൊണ്ടാ കാൽക്കൽ വീണ് മാപ്പു ചോദിച്ച എന്നെ പിടിച്ചുയർത്തി നെഞ്ചോടു ചേർത്തു അഭി.

“നിന്നെ വെറുക്കാനെനിക്കാവില്ല ശിവാ, ഒരിക്കലും. കാരണം നിന്നെ ഞാനെൻ്റെ ഹൃദയത്തിലാണ് പ്രതിഷ്ഠിച്ചത്. വീട്ടിൽ പോയി അച്ഛൻ്റേയും അമ്മയുടേയും സമ്മതം വാങ്ങാനാണ് പോയത്. പെട്ടന്നു നിന്നെ കൂട്ടിക്കൊണ്ടു വരാൻ പറഞ്ഞു വിട്ടതാ എന്നെ. ഇനി നീ അവിടെ താമസിച്ചാൽ മതി എൻ്റെ പെണ്ണായിട്ട്. ” ചൂടുള്ളതെന്തോ ദേഹത്തു വീണ പോലെ ഞാൻ അടർന്നു മാറി.

“ഇല്ല അഭീ, എനിക്ക് പറ്റില്ല.ഞാൻ നിനക്കിനി ചേരില്ല. പാതിയും കത്തിത്തീർന്ന എന്നെ നിനക്കിനി വേണ്ട. “

” പാതി കത്തിയ ശരീരമാങ്കിലും എന്നെ മനസിലാക്കുന്നൊരു മനസുണ്ട് നിനക്കിപ്പോൾ. അത് തന്നാൽ മതി എനിക്ക്.”

“ഇല്ല അഭീ, ഒരിക്കലും അഭിയുടെ ജീവിതത്തിലേക്ക് ഇനിയൊരു തിരിച്ചുവരവില്ല. നിന്നോടുള്ള സ്നേഹം കൊണ്ടു തന്നെയാണത്. പുറംമോടിയിൽ ഭ്രമിച്ച് നിൻ്റെ മനസ്സിൻ്റെ നന്മ തിരിച്ചറിയാതെ പോയി. അതിന് ദൈവം എനിക്കു തന്ന ശിക്ഷയാണ് ഈ ജീവിതം.ഇത് ഞാൻ ഒറ്റക്കനുഭവിച്ചു തീർത്തോളാം.”

“നീയെന്തു തീരുമാനിച്ചാലും എൻ്റെ ജീവിതത്തിൽ മറ്റൊരു പെണ്ണില്ല ശിവാ. ഇനി നിൻ്റെ മനസ്സു മാറിയില്ലെങ്കിലും ഞാൻ വേറൊരാളെ ജീവിതത്തിലേക്കു ക്ഷണിക്കില്ല. അതൊക്കെ പോട്ടെ. ഇപ്പൊ എൻ്റെ കൂടെ വരില്ലേ, അമ്മ കാത്തിരിക്കുന്നു.”

” വരാം. എല്ലാരേം കണ്ട് മാപ്പ് പറയണം എനിക്ക്. പക്ഷേ അഭി തീരുമാനം മാറ്റണം.”

“ഇല്ല ശിവാ, എനിക്കൊരു വാക്കേയുള്ളു. ശിവ സമ്മതിച്ചാലും ഇല്ലെങ്കിലും.”

കൂടുതൽ പറയാനെനിക്കാവില്ലായിരുന്നു. അഭിയുടെ ജീവിതം ഞാൻ കാരണം ഇല്ലാതാവുന്നതെനിക്ക് ചിന്തിക്കാൻ കഴിയില്ലായിരുന്നു.

പതുക്കെ അഭിയുടെ മനസ് മാറ്റിയെടുക്കാൻ കഴിയുമെന്ന വിശ്വാസത്തോടെ ശിവയും, ആത്മാർത്ഥ പ്രണയം എന്നെങ്കിലും പൂവണിയും എന്ന പ്രതീക്ഷയോടെ അഭിയും വീട്ടിലേക്ക് യാത്ര തിരിച്ചു. അവരെ പിന്തുടർന്നു കൊണ്ട് പൂർണ ചന്ദ്രനും…

അവസാനിച്ചു…

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എനിക്കായി കുറിക്കു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു.