മഞ്ഞൾക്കുറി വരച്ച മാലാഖ
Story written by ADARSH MOHANAN
ഇടതൂർന്ന നീണ്ട കേശഭാരത്തെ ഉടു തോർത്തുകൊണ്ട് തലോടിക്കൊണ്ടവൾ ചോദിച്ചു . അമ്മേ അജി എണീറ്റില്ലേ അവനിന്ന് എക്സാം ഉള്ളതാ, നേരം തീരെ വൈകി ഞാനും ഇറങ്ങയാണ്
മഞ്ഞുതുള്ളികളുടെ കനത്തിൽ ഊയലാടുന്ന പച്ചപ്പുൽത്തകിടുകളാൽ നിറഞ്ഞ വയൽ വരമ്പ് അവളുടെ പാദസ്പർശത്തെ കാത്തു കിടക്കയാണ് ഇളം കാറ്റിൽ ആടി കളിക്കുന്ന നെൽക്കതിരുകളെ തൊട്ടും തലോടിയും അവൾ നടന്നു നീങ്ങി. പതിവായി പരാധി പറയാറുള്ള ദേവിയുടെ തിരുസന്നിധിയിൽ അവൾ വന്നു നിന്നു ,അവളുടെ മുഖതേജസിന്റെ പ്രതിഫലനത്തിലായിരിക്കണം ദേവീ വിഗ്രഹത്തിന് മാറ്റ് കൂടി വരുo പോലെ തോന്നി.
മീനാക്ഷിക്കുട്ടി ഇന്ന് വൈകിയല്ലോ മേൽശാന്തി ചോദിച്ചു…
അവൾ മറുപടി ഒരു ചെറുപുഞ്ചിരിയിലൊതുക്കി തിരിഞ്ഞു നടന്നു. കൽ വിളക്കിന്റെ പടിയിലിരുന്ന പ്രസാദത്തിൽ നിന്നുo വരമഞ്ഞൾ ക്കുറി തിരുനെറ്റിയിൽ ചാർത്തി , ചുടിയ തുളസിക്കതിരിനാൽ അവളുടെ കാർക്കുന്തലിന് അഴകേറിയത് പോലെ
പതിവുപോലെ കിഷോർ അവളെയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു, അവൾ നടത്തത്തിനു വേഗത കൂട്ടി പതിവു പല്ലവി കേൾക്കാനുള്ള താൽപര്യം ഇല്ലാത്ത പോലെ നടന്നു. അവൻ നിരന്തരം അവളോട് എന്തൊക്കെയോ കേണപേക്ഷിക്കുന്നുണ്ടായിരുന്നു.
അവന്റെ വാക്കുകൾക്ക് കാതോർക്കാതെ അവൾ ബസ് കയറി . കവലയിലെ അദ്യ വളവ് തിരിയും മുൻപേ അവൾ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നു അവന്റെ ദയനീയമായ ആ മുഖത്തേ, മനസ്സിൽ വല്ലാത്ത കുറ്റബോധവും . ഇന്നു കൂടെ ക്ഷമിക്കണം നാളെ എന്തായാലും ഈ കാര്യത്തിന് ഒരു തീർപ്പുണ്ടാക്കണം…
മാതാ ഹോസ്പിറ്റലിന്റെ മുൻപിൽ അവൾ ബസ്സിറങ്ങി തിടുക്കത്തോടെ നടന്നു നേരെ ഡോക്ടർ കുരുവിളയുടെ ക്യാബിനിലേക്ക്…
സർ, എന്റെ മെഡിക്കൽ ചെക്കപ്പിന്റെ റിസൾട്ട്???
മീനാക്ഷി, അല്ലേ??? ഇരിക്കൂ, ഇതാണ് തന്റെ റിസൾട്ട്…
ദീർഘസമയം നീണ്ടു നിന്ന സംഭാഷണത്തിനു ശേഷം അവൾ ഹോസ്പിറ്റലിന്റെ പടിയിറങ്ങി..
അവളുടെ കരിനീലക്കണ്ണുകൾ കലങ്ങിത്തുളുമ്പി കവിൾത്തടങ്ങളിലൂടെ ഇഴഞ്ഞു നീങ്ങിയ കണ്ണീർ തുള്ളികളെ തുടച്ചു മാറ്റി, അവളുടെ ചെഞ്ചുണ്ട് വിറക്കുന്നുണ്ടായിരുന്നു, ചുരുട്ടിക്കൂട്ടിയ മെഡിക്കൽ റിപ്പോർട്ട് അവൾ ബാഗിന്റെ ഏതോ ഒരു മൂലയിൽ പൂഴ്ത്തിവെച്ചു.
കമ്പനിയിലേക്ക് ലീവ് വിളിച്ചു പറഞ്ഞിട്ടവൾ നേരേ പോയത് ബാങ്കിലെ അക്കൗണ്ട് ക്ലോസ് ചെയ്യുവാനാണ് .അച്ഛനും അമ്മയ്ക്കും കിട്ടാവുന്നതിൽ ഏറ്റവും വില കൂടിയ വസ്ത്രങ്ങൾ വാങ്ങി അവൾ വീട്ടിലേക്ക് മടങ്ങി
എന്തു പറ്റി മോളെ ???? ഇന്ന് ജോലിക്ക് പോയില്ലേ? ഇതെന്തിനാ ഇപ്പോൾ ഈ ഡ്രസ്സ് ഒക്കെ വാങ്ങിയത് ??????
ഞാൻ പറഞ്ഞിരുന്നില്ലെ അമ്മേ എന്റെ യു.എസ്സ് ലേക്കുളള ജോലിയുടെ അപ്ലിക്കേഷന്റെ കാര്യം അത് അവർ അപ്രൂവ് ചെയ്തു വിസ വന്നിട്ടുണ്ട് രണ്ട് ആഴ്ചക്ക് ശേഷം പോകണം അമ്മേ. ജോലി റിസൈൻ ചെയ്ത് പോരുന്ന വഴിയാണ്
കള്ളം പറയുമ്പോഴും കരിനീലക്കണ്ണിൽ നിന്നും ഉണ്ടായ നീരൊഴുക്ക് ആനന്ദാശ്രു ആണെന്ന് അമ്മയും കരുതി
അജി എക്സാം കഴിഞ്ഞെത്തി വിവരങ്ങൾ കേട്ടപ്പോൾ അവനും സന്തോഷിച്ചു. അച്ഛനും അമ്മക്കും സമ്മാനങ്ങൾ വാങ്ങിക്കൊടുത്തു എനിക്കൊന്നും ഇല്ലേ ചേച്ചി??
നീ എന്റെ തങ്കക്കുടമല്ലേ നിനക്ക് ഞാൻ എന്തേലും തരാതിരിക്കുമോ? അവൾ ബാഗിൽ നിന്നും 500 ന്റെ 2 കെട്ട് നോട്ടെടുത്ത് കൊടുത്തിട്ട് അവനോട് പറഞ്ഞു…
നിന്റെ പലനാളായുള്ള സ്വപ്നമല്ലേ സ്വന്തമായ് ഒരു ബൈക്ക് എങ്കിൽ അത് തന്നെ നടക്കട്ടെ . അവന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. ആഹ്ലാദ പ്രകടനത്തിന്റെ കാഴ്ച്ചയിൽ അവൾ സ്വന്തം വേദനകളെ ഒരു നിമിഷത്തേക്ക് ഒന്നു മറന്നു
അജിമോനെ നീ എനിക്കൊരു ഉപകാരം ചെയ്യണം നാളെ കവലയിലേക്ക് പോകുമ്പോൾ ഈ കത്ത് ഒന്ന് പോസ്റ്റ് ചെയ്യണം. അവൻ കത്ത് വാങ്ങി തിരിച്ചും മറിച്ചും ഒന്നു നോക്കി . പരിചിതമല്ലാത്ത അഡ്രസ്സ് , അവൻ അത് ബാഗിലേക്കിട്ടു
വീട്ടിൽ ദിവസങ്ങർ കഴിച്ച് കൂട്ടുന്നതിൽ അവൾക്ക് വെറുപ്പൊന്നും തോന്നിയിരുന്നില്ല. മനസ്സിന്റെ പ്രതികരണ ശേഷിയെ താങ്ങാനാവാത്ത വേളകളിൽ അവൾ അച്ഛനെയും അമ്മയേയും ക്രമമായ ഇടവേളകളിൽ മാറി മാറി വാരിപ്പുണർന്നു. വിതുമ്പുന്നുണ്ടായിരുന്നു. താൽക്കാലികമായി തങ്ങളെ പിരിയുന്ന വേദനയാകുമെന്ന് അവരും കരുതി
പിറ്റേന്ന് രാവിലെ തന്നെ അവൾ അമ്പലത്തിൽ പോയി, നാലുനാൾ കാണാത്തതിന്റെ പരിഭവം അവൾ ദേവീ വിഗ്രഹത്തിൽ ദർശിച്ചിരുന്നു. ഇക്കുറി അവൾക്ക് പറയാൻ പരാധികൾ ഒന്നുമില്ലായിരുന്നു. സ്വർഗ്ഗതുല്യമായ ഭൂതകാലത്തിന് അവൾ ദേവിയോട് നന്ദി പറഞ്ഞു. തിരുനെറ്റിയിൽ മഞ്ഞൾക്കുറി ചാർത്തി അവൾ വീട്ടിലേക്ക് മടങ്ങി
പതിവില്ലാത്ത കഠിനമായ ക്ഷീണം തലേന്നാൾ മൂക്കിൽ നിന്നും തറയിലേക്ക് പതിച്ച രക്തക്കറ അവളുടെ ശ്രദ്ധയിൽപ്പെട്ടു . അവൾ കീറത്തുണികൊണ്ട് ആരും കാണാതെയത് തുടച്ച് മാറ്റിയതിനു ശേഷം മെല്ലെ ഒന്നു മയങ്ങി.
(അതേ സമയം കിഷോറിന്റെ വീട്ടിൽ) സർ, ഒരു പോസ്റ്റ് ഉണ്ട്. ഹെസൽ എൻജിനിയറിങ്ങിൽ നിന്നാകും ഇന്നു തന്നേക്ക്. അവൻ അത് പൊട്ടിച്ച് വായിച്ചു തുടങ്ങി, അവന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു, പല്ലുകൾ കൂട്ടിയിടിച്ചു, കണ്ണിൽ നിന്നും കുടുകുടാ നീരൊഴുകി. കത്തിൽ എഴുതിയിരിക്കുന്നത് ഇങ്ങനെ ആയിരുന്നു.
പ്രിയപ്പെട്ട കിഷോറേട്ടന്, ഏട്ടന് എന്നോട് ദേഷ്യമാണെന്ന് അറിയാം ഞാൻ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് ഏട്ടനെ , എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ സമ്മാനിച്ചത് ഏട്ടൻ മാത്രമായിരുന്നു. ഏട്ടനോട് അകൽച്ച കാട്ടിയത് മറ്റൊന്നും കൊണ്ടല്ല , ഒരിക്കൽ ഏട്ടൻ എന്നോട് ചോദിച്ചില്ലേ ഞാൻ ഹൃദയമല്ലത്തവളാണോ എന്ന് , ഒരു പരിധി വരെ അത് ശരിയാണ് കിഷോറേട്ടാ, എനിക്കിപ്പോൾ ഹൃദയം ഉള്ളതും ഇല്ലാത്തതും ഒരുപോലെ തന്നെയാണ് കാരണം അതിൽ നിറയെ സുഷിരങ്ങളാണ് , എന്തിനും ഏതിനും തെളിവുകൾ ചോദിക്കാറുള്ള എന്റെ കാഷോറേട്ടന്, ആരെയും കാണിക്കാത്ത എന്റെ മെഡിക്കൽ ചെക്കപ്പിന്റെ റിസൾട്ടും കത്തിനു കൂടെ വയ്ക്കുന്നു . എന്ന് സ്വന്തം മീനു
ചുക്കിചുളിഞ്ഞ ആ മെഡിക്കൽ റിപ്പോർട്ട് അവൻ ചിന്നഭിന്നമാക്കി. ബൈക്കിൽ ചാടിക്കയറി അവൻ തന്റെ മീനുക്കുട്ടിയെ കാണാനായ് കുതിച്ചു പാഞ്ഞു.
വിതുരതയിൽ നിന്നു തന്നെ അവളുടെ വീട്ടിലെ ജനപ്പെരുപ്പം അവൻ ശ്രദ്ധിച്ചു . അടുത്തേക്ക് എത്തും തോറും നിലവിളി ശബ്ദത്തിന്റെ ഇരമ്പൽ അവന്റെ കാതിൽ മുഴങ്ങി
ഉമ്മറത്തറയിൽ അവന്റെ വരവും കാത്ത് അവൾ വെളള പുതച്ച് കിടക്കുന്നുണ്ടായിരുന്നു അവന്റെ ചുടുകണ്ണീർ അവളുടെ പാദങ്ങളിൽ സ്പർശിച്ചപ്പോൾ അവളുടെ മുഖത്ത് പുഞ്ചിരി വിടരും പോലെ തോന്നി, ഒപ്പം അവന്റെ കണ്ണിൽ മാത്രം മായാതെ കിടക്കുന്ന അവളുടെ തിരുനെറ്റിയിലെ മഞ്ഞൾക്കുറിയും