വാക്കുകൾ മുഴുവിപ്പിക്കാൻ പോലും സമയം തന്നില്ല പെരുവിരലിൽ അവൾ പൊന്തി നിന്നപ്പോൾ അധരങ്ങൾ പരസ്പരം തലോടിത്തഴുകി…

സ്നേഹം

എഴുത്ത്: ആദർശ് മോഹനൻ

പതിവിലും നേരത്തേ തന്നെ അവൾ ചായയുമായി മുറിയിലേക്ക് കടന്നു വന്നു. കാച്ചിയ എണ്ണ പുരട്ടിയ അവളുടെ തുളസിക്കതിരണിഞ്ഞ കാർക്കൂന്നലിന്റെ മണം എന്നെ വല്ലാതെ മത്തുപിടിപ്പിച്ചിരുന്നു

ചായ കയ്യിൽ പിടിപ്പിച്ച് മുഖം തിരിച്ചു നടന്ന അവളെ ബലമായ് മാറോടു ചേർക്കാൻ ശ്രമിച്ചെങ്കിലും അവൾ കുതറി മാറിക്കൊണ്ട് പറഞ്ഞു

” ശിവേട്ട, വിട് ട്ടോ എനിക്ക് പിടിപ്പതും പണിയുള്ളതാ , അമ്മാവൻമാരും പിള്ളേരും ഒക്കെ അപ്പുറത്തുണ്ട് ”

മുറി വിട്ട് പുറത്തേക്ക് പോയ അവളോട് ഞാൻ പുച്ഛഭാവത്തിൽ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു

” ഇന്നും കൂടെ അല്ലേ ഉള്ളൂ നിന്റെ ജാഡ, നാളെയിനി അത് കാണണ്ടല്ലോ”

മുഖം തെല്ലു പോലും തിരിക്കാതെ തന്നെ അവൾ അടുക്കളപ്പടിയിലേക്ക് നടന്നു , വീട്ടിൽ ആകെ ബഹളമയം. കടച്ചക്കയും , പൊതിത്തേങ്ങയും കുത്തി നിറച്ച അട്ടപ്പെട്ടി വിരിഞ്ഞു മുറുക്കിക്കൊണ്ട് അമ്മാവൻ പറഞ്ഞു

“ശിവ, സമയം കുറവാട്ടാ സാധനങ്ങൾ ഒക്കെ പായ്ക്ക് ചെയ്തിട്ടുണ്ട്. നിന്റെ തുണീം, പിന്നെ എടുക്കാനുള്ള അല്ലറ ചില്ലറ സാധനങ്ങളൊക്കെ എടുത്തു വെയ്ച്ചോ, പാസ്സ്പോർട്ട് എടുത്തു വെയ്ക്കാനും മറക്കണ്ട “

മണിനാദം മുഴക്കിയ ആ പഴയ ഘടികാരത്തിലേക്ക് ഇമ ചിമ്മിയൊന്ന് നോക്കി, അറബി നാട്ടിലെ മണലാരണ്യങ്ങളിലെ ചൂടു പേറാനിനി മണിക്കൂറുകൾ മാത്രം, എന്നെ പറഞ്ഞയക്കാൻ ഒരു സദ്യക്കുള്ള ആളുകൾ അണിനിരന്നു ഏവരുടേയും മുഖത്ത് ആഹ്ലാദത്തിന്റെ പൂത്തിരി കത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു

അടുക്കളയുടെ നാലു ചുവരുകൾക്കിടയിലെ ഇടവാതിലിലൂടെ ഞാനവളെ ഒളിക്കണ്ണെറിഞ്ഞു, അമ്മായിമാരുടെ നർമ്മസംഭാഷണത്താലും സുഖിപ്പിക്കലിനിടയിലും വിരിഞ്ഞ അവളുടെ പുഞ്ചിരിച്ചുണ്ടിനേക്കാൾ എന്റെ കണ്ണിലുടക്കിയത് കരിമഷിയെഴുതിയ കൺപോളകൾക്കുള്ളിൽ അവൾ ഒളിച്ചു വെച്ച കണ്ണീർ തുള്ളികളായിരുന്നു

കയ്യിൽ നിന്നും തെന്നി വീണ എണ്ണപ്പാത്രം നിലത്തു വീണു ചിതറിയപ്പോഴും എനിക്ക് തോന്നിയത് അവൾ കരയുവാനായ് മനപ്പൂർവ്വം കാരണം കണ്ടെത്തിയതാണെന്നാണ്

പുലരിക്കോഴി കൂവും മുൻപേ പ്രവർത്തിച്ചു തുടങ്ങിയ ഉരുകുന്ന ആവിയന്ത്രം പോലവൾ പ്രവർത്തിച്ചു കൊണ്ടേയിരുന്നു തിരക്കിനിടയിൽ ഒരിക്കൽ പോലും മുഖം തന്നിരുന്നില്ല

ഊണിനിരിക്കുമ്പോൾ ഇഷ്ടവിഭവങ്ങൾ ഒരോന്നായ് ടേബിളിൽ അണിനിരന്നു. വിങ്ങിപ്പൊട്ടുന്ന മനസ്സുമായ് അവൾ വിഭവങ്ങളെ നിക്ക് വിളമ്പിത്തരുമ്പോൾ അവളുടെ കരങ്ങൾ സെക്കന്റിൽ ആയിരം ആവൃത്തി വിറകൊണ്ടു. വിഭവങ്ങൾ ഓരോന്നായ് രുചിച്ചു കൊണ്ട് അച്ഛനും അമ്മാവൻമാരും ഓരേസ്വരത്തിൽ പറഞ്ഞു

“മരുമോൾടെ കൈപ്പുണ്യം അസ്സലായി, എന്താ രുചി “

കേട്ടിട്ടും കേൾക്കാത്ത മട്ടിൽ ഞാനിരുന്നപ്പോൾ അവൾ എന്റെ മുഖത്തേക്ക് ദയനീയമായൊന്നു നോക്കി . എങ്കിലും മനസ്സിൽ ഞാനവളെ ഒരുപാട് അഭിനന്ദിച്ചു . അതെ എന്റെ ഭാഗ്യമാണ്, ഈ വീടിന്റെ നിലവിളക്ക്, എന്റെ ഭാര്യ

സമയം ഇരട്ടി വേഗത്തിൽ കടന്നു പോകുന്ന പോലെ തോന്നി വീടിന്റെ മുക്കിലും മൂലയിലും ഞാനൊന്ന് കണ്ണോടിച്ചു അവളെ കണ്ടില്ല. പിന്നാമ്പുറത്തേക്ക് നടന്നു ചെന്നപ്പോൾ അവൾ പൈപ്പിൻ ചുവട്ടിൽ തലകുനിച്ചിരുന്ന് പത്രം മോറിക്കൊണ്ടിരിക്കയാണ്

കരിപുരണ്ട അവളുടെ പരുക്കൻ കൈകളിലേക്ക് കണ്ണുനീർ നീർച്ചാലു പോലൊഴുകുന്നത് ഞാൻ ശ്രദ്ധിച്ചു. ദൃഷ്ടി മാറ്റിക്കൊണ്ട് ഞാൻ അവളോടായ് പറഞ്ഞു

” മീനു അതവിടെ ഇട്ടേക്ക് അമ്മായിമാര് ചെയ്തോളും , എനിക്ക് ഇറങ്ങാറായി വേഗം സാധനങ്ങൾ എടുത്ത് വെക്ക് “

വാടിയ മുഖവുമായ് തല കുനിച്ചവൾ എന്നെ പിന്തുടർന്നു . മുറിയുടെ ഉള്ളിലേക്ക് കടന്നപ്പോൾ അവളുടെ കലങ്ങിയ മിഴികളിലെ നീരൊഴുക്കിന്റെ വേഗത ഇരട്ടിച്ചിരുന്നു

ഋതുമതിയാമങ്ങളിലെ വ്രണപ്പെട്ടു പോയ വികാരത്താൽ എന്നെ തൃപ്തിപ്പെടുത്താൻ കഴിയാത്തതിന്റെ വേദന അവളുടെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു എനിക്ക്

എന്റെ ഇടനെഞ്ചിലെ ഇളംചൂടിൽ മുഖം പൊത്തി അവൾ പൊട്ടിക്കരഞ്ഞു , അവൾ സംസാരിച്ചു തുടങ്ങും മുൻപേ ഞാനവളുടെ ചുണ്ടുകൾ പൊത്തി അവളോടായ് പറഞ്ഞു

” ഇന്നലെ രാത്രി ഞാൻ ഉറങ്ങിയെന്നു കരുതി നീ എന്റെ നെറ്റിയിൽ ചുംബിച്ചില്ലേ, കത്തിക്കയറിയ എന്റെ കാ മത്തെ കുത്തിക്കെടുത്താൻ മാത്രം കെൽപ്പുണ്ടായിരുന്നു അതിന്, ഞാൻ ഇന്നും സന്തോഷവാനാണ്, തങ്കച്ചരടിന്റെ കടിഞ്ഞാൺ കുരുക്കിൽ നിന്നെ തളക്കുവാൻ മാത്രം യോഗ്യത എനിക്കുണ്ടായിരുന്നോ ?”

വാക്കുകൾ മുഴുവിപ്പിക്കാൻ പോലും സമയം തന്നില്ല പെരുവിരലിൽ അവൾ പൊന്തി നിന്നപ്പോൾ അധരങ്ങൾ പരസ്പരം തലോടിത്തഴുകി , അവളുടെ ചുണ്ടുകൾക്ക് കണ്ണുനീരിന്റെ രുചിയായിരുന്നു

തടം കെട്ടിയ അവളുടെ കൺപോളകളെ ഞാനെന്റെ കാവിത്തലപ്പു കൊണ്ട് ഒപ്പിയെടുത്തു കൊണ്ട് ഞാൻ പറഞ്ഞു

” അച്ഛനും അമ്മാവനും പറഞ്ഞത് കളവായിരുന്നു എനിക്ക് വിളമ്പിയ ചോറിൽ ഉപ്പ് കൂടുതലായിരുന്നു, നിന്റെ കണ്ണുനീരിന്റെ ഉപ്പ് “

ഇറങ്ങുന്നേരം, മേശയിലിരുന്ന ബുള്ളറ്റിന്റെ താക്കോൽ അനിയന് കൈമാറി, കഴുത്തിൽ കിടന്ന രണ്ടു പവന്റെ കയറുപിരിമാല അമ്മയെ ഏൽപ്പിച്ചു, മുഷ്ടിക്കുള്ളിൽ ചുരുണ്ടു കിടന്ന നാല് അഞ്ഞൂറിന്റെ നോട്ടുകൾ അച്ഛന്റെ കൈകളിലേൽപ്പിച്ചു, വെറും കയ്യോടെ വിദൂരതയിൽ നിന്ന് ഞാനവളെ നോക്കി, കട്ടിളപ്പടിയുടെ മൂലയിലൂടെ അവളുടെ പാതി മുഖം മാത്രമേ ഞാൻ കണ്ടുള്ളോ

വിറയ്ക്കുന്ന ഹൃദയത്തിന്റെ താളം കൂടിക്കൂടി വന്നു, അമ്പാസിഡർ കാറിന്റെ ഡോർ തുറന്ന് ഉള്ളിലേക്ക് കയറി ഇരുന്നപ്പോൾ അറിയാതെയെപ്പോഴോ ഒരിറ്റു നീര് എന്റെ കണ്ണുകളിൽ നിന്നും പുത്തൻ ഷർട്ടിലേക്ക് പതിച്ചപ്പോൾ അച്ഛൻ പറഞ്ഞു പഠിപ്പിച്ച വാചകങ്ങൾ മനസ്സിലൂടെ അറിയാതെ കടന്നു പോയി

“മോനെ ശിവ, കണ്ണുനീർ പെണ്ണുങ്ങളുടെ കുത്തകയാണ്. നമ്മൾ ആണുങ്ങൾ കരയരുത് , കണ്ണീരടക്കിപ്പിടിച്ച് ചിരിക്കണം”

പിൻതിരിഞ്ഞ് നോക്കി യാത്ര പറയുമ്പോൾ കണ്ണുനീർപ്പതിച്ച കവിൾത്തടങ്ങളെ ഉടുവസ്ത്രം കൊണ്ട് തലോടിക്കൊണ്ടിരിക്കുന്ന അമ്മയോടൊപ്പം, സൂര്യതേജസ്സോടെ പുഞ്ചിരി തൂകി നിൽക്കുന്ന അച്ഛനെ ഞാൻ കണ്ടു