ദേവീ
Story written by സനൽ SBT
“ഇന്ന് നേരത്തെ എണീറ്റോ എൻ്റെ കുട്ടി.”
പൂജാമുറിയിൽ നിന്ന് വിളക്ക് തെളിയിക്കുന്നതിനിടയിൽ അവൾ തിരിഞ്ഞ് നിന്ന് കുഞ്ഞാത്തോലയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അപ്പോഴും സൂര്യൻ കിഴക്ക് വെള്ള കീറിത്തുടങ്ങിയിട്ടെ ഉണ്ടായിരുന്നൊള്ളൂ. പൂജാമുറിയിലെ തട്ടിൽ നിന്നും അല്പം ഭസ്മം എടുത്ത് നീട്ടി ഒരു കുറി വരച്ചു. അവിടെ നിന്ന് ഇറങ്ങി വരാന്തയിലെ ഇറയത്ത് ഇരിക്കുന്ന ചെപ്പിൽ നിന്ന് അല്പം രാസനാദിപ്പൊടി എടുത്തവൾ തലയിൽ തടവി. ഉമ്മറത്തെ തൂക്കുവിളക്കിലെ എണ്ണക്കറുപ്പ് കൊണ്ട് ഇരു പീലി കണ്ണുകളും വാലിട്ട് നീട്ടി എഴുതി അടുക്കള ലക്ഷ്യമാക്കി നടന്നു.
“ഏട്ടത്തീ ഞാനെന്തെങ്കിലും ചെയ്യണോ ഇവിടെ.”
“ഒന്നും വേണ്ട ൻ്റെ ദേവിയെ എന്തെങ്കിലും വേണമെങ്കിൽ ഞാൻ അങ്ങോട്ട് കൊണ്ടു വന്ന് തരുമായിരുന്നില്ലേ .”
ചൂളയടുപ്പിൽ നിന്ന് ഓട്ടു ഗ്ലാളിലേക്ക് അല്പം പാൽ പകർന്നു കൊടുത്തുകൊണ്ട് ഏട്ടത്തി പറഞ്ഞു .
“പ്രാതൽ കാലായാൽ മച്ചിനകത്തേക്ക് കൊടുത്തുവിടാം ഇപ്പോ അവിടെ പോയി ഇരുന്നോളൂ വല്ല്യേട്ടൻ ഇവിടെ കുട്ടിയെ കണ്ടാൽ ഇനി അത് മതി .”
ദേവി ഏട്ടത്തിയെ നോക്കി ഒന്ന് ചിരിച്ചു. എന്നിട്ട് അടുക്കളയിൽ നിന്ന് നടുമുറ്റത്തേക്ക് ഇറങ്ങി. തുളസിത്തറയിൽ നിന്ന് ഒരു കതിർ നുള്ളിയെടുത്ത് അവൾ ഈറനണിഞ്ഞ കാർകൂന്തലിൽ ചൂടി. മച്ചി നകത്തെ ജനലഴിയിലൂടെ അവൾ വിജനതയിലേക്ക് നോക്കിയിരുന്നു. ഇളം കാറ്റിൻ്റെ തെന്നലിനോടൊപ്പം പഴയ കുറെ ഓർമ്മകളും അവളെ തഴുകി തലോടിപ്പോയി.
മച്ചിനകത്തെ പഴയ ജീർണിച്ച കലണ്ടറിലേക്ക് അവൾ ഒന്ന് തിരിഞ്ഞ് നോക്കി അരണ്ട വെളിച്ചത്തിൽ കൊല്ലവർഷം ആയിരത്തി എണ്ണൂറ്റി പതിമൂന്ന് എന്ന് എഴുതിയിരിക്കുന്നു. ആറ് വർഷം നീണ്ട ആറു വർഷം കഴിഞ്ഞിരിക്കുന്നു ഇല്ലത്തിൻ്റെ പഠിക്കു പുറത്തോട്ട് ഇറങ്ങിയിട്ട് ദേവി ആയതിൽ പിന്നെ ഈ ഇല്ലത്തിൻ്റെ അകത്തളത്തിലാണ് അവളുടെ ലോകം . മണ്ണും വിണ്ണും തൊട്ടറിഞ്ഞ് വളരേണ്ട ബാല്യവും കൗമാരവും ഈ മച്ചിനകത്ത് കഴിച്ചു കൂട്ടേണ്ടിവന്നതോർത്തപ്പോൾ അവളുടെ ഇടനെഞ്ചൊന്ന് പിടഞ്ഞു.
പഠിപ്പുര കടന്ന് ഇല്ലത്തേക്ക് വരുന്ന പുറം പണിക്കാരെ ദേവി ജനലഴിയിലൂടെ നോക്കി നിന്നു. ഏട്ടത്തി മുറ്റത്തേക്കിറങ്ങി.
“ഹാ! ഇത് എവിടെയായിരുന്നു ന്റെ കാർത്ത്യായനി യെ രണ്ടീസായീലോ ഈ വഴിക്ക് കണ്ടിട്ട്.”
“സ്ക്കൂള് പൂട്ടിതല്ലേ മക്കളും മരോക്കളും ഒക്കെ വന്നിട്ടുണ്ടേ അതാ വരാതിരുന്നത്. “
“ആ നീ പോയി ആദ്യം പത്തായപ്പുരേന്ന് ആ നെല്ലും കൊപ്രയും ഒന്ന് ഉണക്കാനിട് അത് കഴിഞ്ഞ് വേണം തോഴുത്ത് ഒന്ന് വൃത്തിയാക്കാൻ ഇപ്പോൾ വെയിലൊന്ന് പല്ലിളിച്ച് കാണിക്കുന്നുണ്ട് എപ്പോഴാണാവോ അടുത്ത മഴ പൊട്ടിച്ചാടണത്”
” ഉം. ശരി തമ്പ്രാട്ടിയെ.”
ഏട്ടത്തി ഇല്ലത്തിനകത്തേക്ക് കയറി.
” ശൂ. ശൂം”
” കാർത്ത്യാനി ഇവിടെ ഇവിടെ നോക്ക്.”
” ദേവി ജനലഴികളിലൂടെ കൈ വീശി കാണിച്ചു.”
” ഒരു കോപ്രാ കഷ്ണം എടുത്ത് തരുമോ?”
” അയ്യോ ദേവീ തമ്പ്രാട്ടി അറിഞ്ഞാൽ എൻ്റെ ഇല്ലത്തെ പണി കൂടി പോകും. “
” ഇല്ല ആരും അറിയില്ല. വേഗം ഏട്ടത്തി ഇപ്പോൾ വരും’ “
കാർത്ത്യാനി പേടിച്ച് വിറച്ച് ഒരു കോപ്രാ മുറി എടുത്ത് മച്ചിനകത്തേക്ക് എറിഞ്ഞ് കൊടുത്തു.
ദേവി വേഷ്ടിയുടെ തുമ്പിൽ കെട്ടിയ ഒരച്ച് വെല്ലം കൂട്ടി കോപ്രയും കടിച്ചിരുന്നു.
അപ്പോഴാണ് പുറകിൽ നിന്ന് വിളി വന്നത്.
” ദേവീ.”
സത്യത്തിൽ ആ വിളി കേൾക്കുമ്പോഴൊക്കെ സ്വന്തം പേര് പോലും അവൾ മറന്ന് പോവുന്നു. സ്നേഹത്തോടെയും ലാളനയോടെയും നോക്കേണ്ട കണ്ണുകൾ ഇപ്പോ ഭയ ഭക്തിയോടെ അവളെ നോക്കി കാണുന്നു.
“ഹാ എന്താ ഏട്ടത്തി”
“പ്രാതൽ കാലായി കഴിച്ചിട്ട് പാത്രങ്ങൾ ആ വരാന്തക്കകത്തേക്ക് വെച്ചേക്കൂ .”
“ഉം. “
അവൾ ഒന്ന് മൂളി.
വാഴയിലയിട്ട് മൂടിയ വെള്ളി പാത്രങ്ങൾ തുറന്ന് നോക്കി. നാല് കഷ്ണം നേന്ത്രപ്പഴം പുഴുങ്ങിയതും രണ്ട് പപ്പടവും ഒരു ഗ്ലാസ് പാലും. പണ്ട് മുത്തശ്ശി ഉണ്ടാക്കിയിരുന്ന നൂലപ്പവും ചെറുപയറും ശർക്കരും ചേർത്തുണ്ടാക്കുന്ന അടയുടെ രുചിയും ഓർത്തപ്പോൾ ദേവിക്ക് അത് കഴിക്കാൻ തോന്നിയില്ല അവൾ പാല് മാത്രം കുടിച്ച് വീണ്ടും കൊപ്രയെടുത്ത് കടിച്ചു.
“ഏട്ടത്തി ഞാൻ പുറത്തേക്ക് ഒന്ന് ഇറങ്ങിക്കോട്ടെ. “
“ദേവീ ഇന്ന് പുറം പണിക്കാരൊക്കെയുണ്ട് വല്ല്യേട്ടൻ കണ്ടാൽ. “
“വേഗം വരാം ഏട്ടത്തി നന്മുടെ വടക്കേ തൊടിയിലെ ജാതിക്കാമരങ്ങൾ പൂത്തോ എന്ന് നോക്കാനാ മച്ചിനകത്ത് ഇങ്ങനെ അടച്ച് ഇരുന്ന് ശ്വാസം മുട്ടുന്നു എനിക്ക്. “
ദേവി മുഖം താഴ്ത്തി.
” ഉം. വേഗം പോയ് വന്നോളൂ.”
പറയേണ്ട താമസം ദേവി മച്ചിനകത്തുനിന്ന് പുറത്തേക്ക് ഓടി. വെള്ളിക്കൊലുസിൻ്റെ നാദം ഇടനാഴിയുടെ ഇരു ഭിത്തി കളികളും തട്ടി അലയടിച്ചു. ദേവിയെ കണ്ടതും പുറം പണിക്കാരെല്ലാം ഇല്ലത്തിൻ്റെ ഓരോ മൂലയിലേക്കും ഒതുങ്ങി തല താഴ്ത്തി നിന്നു.
ദേവിയെന്ന പട്ടം ചാർത്തിക്കിട്ടിയതുകൊണ്ടാണോ അതോ അവളുടെ വാലിട്ടെഴുതിയ ആ വെള്ളാരം കണ്ണുകൾ കൊണ്ടാണോ എന്നറിയില്ല ഇതുവരെ അതു കൊണ്ട് ആരും അവളുടെ മുഖത്തേക്ക് ഒന്ന് മുഖം ഉയർത്തി നോക്കിയിട്ടില്ല.
ഇല്ലത്തിൻ്റെ കിഴക്കേ അറ്റത്തുള്ള ആമ്പൽക്കുളത്തിൻ്റെ കൽപടവിലിരുന്നവൾ കുറെ സമയം ശുദ്ധവായു ശ്വസിച്ചു. കുളക്കടവിലെ വാസനതൈലത്തിൻ്റെ സുഗന്ധം പഴയ ചില ഓർമ്മകള പൊടി തടിയെടുത്തു. തെച്ചിയും പിച്ചകവും ചെമ്പകവും പൂവിട്ടത് അവൾ കൗതുതത്തോടു കൂടി നോക്കി നിന്നു. തൊടിയിലെ കർപ്പൂര വള്ളി വാഴക്കൂമ്പിൽ നിന്ന് മതിയാവോളം തേൻ കുടിച്ചും പേരയ്ക്കാ പറിച്ചും ഞെട്ടറ്റു വീണ കണ്ണിമാങ്ങ പെറുക്കി തിന്നും അവൾ അവിടമാകെ ഓടി നടന്നു.
സർപ്പക്കാവിൻ്റെ അടുത്ത് ചെന്നതും അവിടമാകെ വീശിയടിക്കുന്ന കാറ്റിൻ്റെ ഗതിക്ക് എന്തോ ഒരു മാറ്റം അവൾക്ക് തോന്നി. മഞ്ഞൾപ്പൊടിയിൽ ആറാടിയിരിക്കുന്ന സർപ്പക്കല്ലുകളിൽ ദേവി ചെറുതായി ഒന്ന് തലോടി പാലപ്പൂക്കൾ കൊണ്ട് അലങ്കൃതമായ സർപ്പക്കാവ് എത്ര കണ്ടാലും മതിവരില്ല. സന്ധ്യാസമയങ്ങളിൽ വിളക്കുതെളിയിക്കാൻ വരുമ്പോഴും ഈ പാലപ്പൂക്കൾക്ക് ഒരു പ്രത്യേക സുഗന്ധമാണ്.
പണ്ടത്തെ മുത്തശ്ശിമാർ പറയുന്നത് ശരിയാണ് ഗന്ധർവ്വൻന്മാരെ വരവേൽക്കാൻ വേണ്ടിയാണ് പാല പൂക്കൾ ഇത്രയും സുഗന്ധം പരത്തുന്നത്. എത്രയോ തവണ ആ ഗന്ധർവ്വനെ കാണാൻ അവൾ തനിച്ച് നിന്നിട്ടുണ്ട് ആ സർപ്പക്കാവിലെ പാലമരത്തിൻ്റെ ചുവട്ടിൽ എന്നിട്ടും നിരാശ മാത്രമായിരുന്നു ഫലം. ഉറക്കം വരാത്ത പല രാത്രികളിലും അവൾ മച്ചിനകത്തെ ജനലഴികളിലൂടെ പുറത്തോട്ട് നോക്കിയിരിക്കും പാതിരാവിലെ ആ പൂർണ്ണചന്ദ്രശോഭയിൽ പഠിപ്പുര കടന്നു വരുന്ന ആ ഗന്ധർവ്വനെ ഒരിക്കിൽ എങ്കിലും ഒന്ന് നേരിട്ട് കാണാൻ കഴിഞ്ഞെങ്കിലോ എന്നോർത്ത് .
“ദേവീ….എന്താ കുട്ടീ ഇവിടിങ്ങനെ സ്വപ്നം കണ്ട് നിക്കണത്.”
ദേവി ചിന്തയിൽ നിന്ന് ഞെട്ടി തിരിഞ്ഞ് നോക്കി.
“അസമയത്ത് ഇവിടങ്ങനെ വന്ന് നിൽക്കരുത് കേട്ടോ വല്ല ഗന്ധർവ്വൻമാരും കണ്ണ് വെയ്ക്കും ൻ്റെ ദേവിയെ “
ഏട്ടത്തി ദേവിയെ ഒന്ന് നോക്കി ചിരിച്ചു.
“ഏട്ടത്തി കണ്ടിട്ടുണ്ടോ ഈ ഗന്ധർവ്വനെ?”
” അതൊക്കെ പഴമക്കാർ ഓരോ കഥകൾ പറയണതല്ലേ . ഞാനും അത്തരം കഥകൾ മാത്രമേ കേട്ടിട്ടൊള്ളൂ നേരിട്ടൊന്നും കണ്ടിട്ടില്ല.”
” ഉം.”
അവൾ ഒന്ന് മൂളി.
” ന്താ ഇപ്പോ അങ്ങിനെ തോന്നാൻ “
” വെറുതെ ചോദിച്ചതാ ഏട്ടത്തി.”
“വേണ്ടാത്ത ചിന്തകൾ ഒക്കെ പിഴുതുകളഞ്ഞേക്കൂ. ദേവി വരൂ നമ്മുക്ക് ഇല്ലത്തേക്ക് പോകാം.”
ദേവി വീണ്ടും തിരിഞ്ഞ് നിന്ന് ആ സർപ്പക്കാവിലേക്ക് ഒന്നു കൂടി നോക്കി ഒരു നെടുവീർപ്പിട്ടു. കോലായിലെ കിണ്ടിയിൽ നിന്ന് വെള്ളമൊഴിച്ച് കല് രണ്ടും നന്നായി കല്ലിൽ തേച്ച് ഉരച്ച് കഴുകി അവർ അകത്തേക്ക് കടന്നു. വീണ്ടും ഇരുട്ടിൻ്റെ ലോകം വല്ലപ്പോഴും വീണു കിട്ടുന്ന ഇത്തരം സന്ദർഭങ്ങളാണ് അവളെയും ഈ ലോകത്തേയും ഒറ്റ നൂലിൽ ബന്ധിപ്പിച്ചിരിക്കുന്നത്. അതല്ലാതെ ആ ഇല്ലത്ത് ഇങ്ങനെ ഒരാൾ ജീവിച്ചിരിപ്പുണ്ടെന്ന് പുറം പണിക്കാർക്കല്ലാതെ മറ്റാർക്കും അറിയില്ല.
ഏതോ മുൻ ജന്മ പാപമോ സുകൃതമോ വന്നേരി ഇല്ലത്തെ ദേവിയാവാൻ തെരെഞ്ഞെടുത്തത് എന്ന് അറിയില്ല. ഇഷ്ട്ടങ്ങളും ആഗ്രഹങ്ങളും എല്ലാം ആ വലിയ മച്ചിനകത്ത് കുഴിച്ച് മൂടാൻ വിധിക്കപ്പെട്ടവളാണ് ഇന്ന് ദേവി .ഈ ഒരു ജന്മം മുഴുവൻ ഇനി പുറം ലോകം കാണില്ല ഈ ഇല്ലത്തിൻ നാലു വരി ചുവരുകളാണ് അവളുടെ ലോകം എന്ന് അവൾക്ക് നല്ല ബോധ്യം ഉള്ളതുകൊണ്ടാവണം മനസ്സിൽ യാതൊരു വിധ പ്രതീക്ഷകളും അവൾ വെച്ചു പുലർത്താത്തത്.
എന്നിരുന്നാലും മുത്തശ്ശിക്കഥയിലെ ആ ഗന്ധർവ്വൻ എന്നെങ്കിലും ഒരിക്കൽ ഇരുട്ടിൻ്റെ മൂടുപടം മാറ്റി തൻ്റെ മുന്നിൽ പ്രത്യക്ഷപ്പെടുമെന്ന പ്രതീക്ഷയോടെ അവൾ ഇടനാഴിയിലൂടെ മച്ചിനകത്തേക്ക് നടന്നു. മനസ്സും ശരീരവും വീണ്ടും ഇരുട്ടിൻ്റെ ആത്മാവിലേക്ക് ഇറങ്ങിച്ചെന്നു. മച്ചിനകത്തെ നാലു ചുവരുകൾക്കുള്ളിൽ മൺമറഞ്ഞു പോയ ദേവികളായ പരേതാത്മാക്കളുടെ ദയനീയ ശബ്ദം അലയടിച്ചുകൊണ്ടെയിരുന്നു.