ഇനിയെന്നും…
Story written by KALYANI NARAYAN
ഒരേ ബെഡിനറ്റത്ത് ഇരുവശത്തേക്കും തിരിഞ്ഞ് പരസ്പരം നോക്കാതെ ഇങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് ആറ് മാസങ്ങളായി. എന്റെയും ശ്രീയേട്ടന്റെയും രണ്ടാം വിവാഹമായിരുന്നു… പക്ഷെ രണ്ടുപേർക്കും രണ്ട് കാരണങ്ങളാണ് ആദ്യ വിവാഹം ഒഴിയാൻ എന്ന് മാത്രം…
??
“അപ്പൂ.. നല്ലൊരു ആലോചന വന്നിട്ടുണ്ട്… നല്ല സാമ്പത്തികോം ആസ്‌തിം ഒക്കെ ഉള്ള കൂട്ടരാ… പോരാത്തേന് ഇവിടന്ന് അധിക ദൂരോം ഇല്ലാ… എപ്പം വേണേലും നിന്നെ വന്ന് കാണേം ചെയ്യാ എനിക്ക്… പക്ഷെ….”
“എന്താച്ഛാ??”
“”കുറച്ചു പ്രായകൂടുതൽ ഉണ്ട്.. അവനിപ്പോ 35വയസ്സായി… നിങ്ങൾ തമ്മിൽ പതിനാറ് വയസ്സിന്റെ വ്യത്യാസം ഉണ്ട്.. അതൊന്നും സാരല്യ കുട്ട്യേ… സൗന്ദര്യവും പ്രായവും ഒക്കെ ജീവിച്ചു തുടങ്ങുമ്പോ മാറും അന്ന് മനസിലാവും പണമില്ലേൽ ജീവിക്കാനാവില്ലാന്ന്… അതോണ്ട് അച്ഛൻ പറയണത് കുട്ടി അനുസരിക്കണം…..”” അച്ഛന്റെ നിർബന്ധമായിരുന്നു , മകളെ എന്നും അടുത്ത് കാണണം എന്ന മോഹമായിരുന്നു മാധവേട്ടനുമായുള്ള ആദ്യവിവാഹത്തിന് കാരണമായത്…
വയസ്സിന്റെ വ്യത്യാസം കൊണ്ടാവാം മാധവേട്ടന് തന്നെ സംശയം ആയിരുന്നു…അദ്ദേഹത്തിന്റെ അനിയനോട് പോലും സംസാരിക്കാൻ പാടില്ലായിരുന്നു…എങ്ങോട്ടും പോവരുത്… ബോഡി ഷേപ്പിൽ ഡ്രസ്സ് ഇടരുത്…. ആരോടെങ്കിലും മിണ്ടിയാൽ ശാരീരിക ഉപദ്രവവും… എല്ലാം കൊണ്ടും മടുത്തിരുന്നു… കിടപ്പറയിലും ഒരു മൃഗത്തെപ്പോലെ തന്റെ ശരീരത്തെ പിച്ചി ചീന്തുമായിരുന്നു…. ഒരിറ്റു സ്നേഹത്തിനെ അപ്പോഴൊക്കെ കൊതിച്ചിട്ടുള്ളു…… ഒത്തിരിനാൾ കാത്തിരുന്നു, ക്ഷമിച്ചു, പ്രാർത്ഥിച്ചു പക്ഷേ ഒരുനുള്ള് സ്നേഹം പോലും കിട്ടിയിട്ടില്ല നിവർത്തി കെട്ടപ്പോളാണ് രണ്ട് വഴിക്ക് പിരിഞ്ഞത്….
പക്ഷെ ശ്രീയേട്ടന്റേത് അങ്ങനായിരുന്നില്ല ഏട്ടനും ഭാര്യയും തമ്മിൽ നല്ല അടുപ്പത്തിൽ തന്നെയായിരുന്നു…. വിവാഹത്തിന് മുൻപുള്ള ഒരടുപ്പം ആ കുട്ടി വിവാഹത്തിന് ശേഷവും തുടർന്നു… ഒരിക്കലും ഒരു ഭർത്താവും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ ശ്രീയേട്ടൻ ദീപ്തിയെ കണ്ടു… അന്ന് അവിടം കൊണ്ട് തീർന്നതാണ് അവരുടെ ദാമ്പത്യം….
ഞാൻ എന്റച്ഛന്റേം ശ്രീയേട്ടൻ ഏട്ടന്റെ വീട്ടിലെ നിര്ബന്ധവും കൊണ്ട് ഇന്ന് ഒരുമിച്ചൊരു ജീവിതം തുടങ്ങിയിട്ട് 6 മാസങ്ങളാകുന്നു….ശ്രീയേട്ടന്റെ താലി തന്റെ കഴുത്തിൽ വീണപ്പോ തൊട്ട് അദ്ദേഹത്തെ സ്നേഹിച്ചു തുടങ്ങിയിരുന്നു…പുതിയൊരു ജീവിതവും സ്വപ്നം കണ്ടു തുടങ്ങിയിരുന്നു….. ആ സ്വപ്നത്തിനു ഒരു രാത്രിയുടെപോലും ആയുസ്സ് ഉണ്ടായിരുന്നില്ല…. ആദ്യരാത്രിയിൽ മനസ്സിലാക്കി ശ്രീയേട്ടൻ തന്നെ ഒരിക്കലും സ്നേഹിക്കാൻ പോണില്ലാന്ന്……. കുറ്റം പറയാനും പറ്റില്ല ഒത്തിരി സ്നേഹിച്ച ഭാര്യ മറ്റൊരുത്തനൊപ്പം കിടക്ക പങ്കിടുന്നത് കാണേണ്ടി വന്നവനാണ്…. പതിയെ മാറും തന്റെ സ്നേഹം മനസിലാക്കുമെന്ന് വെറുതെ മോഹിച്ചു…. വീണ്ടും സ്വപ്നങ്ങൾ കണ്ട് കൂട്ടാൻ തുടങ്ങി ഒരു പൊട്ടിയെപോലെ…..
അദ്ദേഹത്തിന്റെ എല്ലാ കാര്യവും നോക്കുന്നത് താൻ തന്നെയാണ്…. അവിടെ എല്ലാർക്കും താൻ അപ്പുവായിരുന്നു പക്ഷെ ശ്രീയേട്ടനുമാത്രം അപർണ…. അതും വളരെ ചുരുക്കം സമയങ്ങളിൽ മാത്രം എന്തിനെങ്കിലും വിളിക്കും എന്നല്ലാതെ ഇന്നുവരെ ശ്രീയേട്ടൻ തന്നെ സ്നേഹത്തോടെ ഒന്ന് നോക്കിയിട്ട് പോലുമില്ല…….
ശ്രീയേട്ടന്റെ വീട്ടിൽ എത്തിയതിൽ പിന്നെ മുടങ്ങിപ്പോയ പഠനം പൂർത്തിയാക്കി…
റിസൾട്ട് വന്നപ്പോ ഡിഗ്രിയ്ക്ക് 97% മാർക്കുണ്ടായിരുന്നു… റിസൾട്ട് അറിഞ്ഞപ്പോൾ തൊട്ട് കാണണം എന്ന് ആഗ്രഹിച്ചത് ശ്രീയേട്ടന്റെ മുഖമായിരുന്നു…… ഓടിപ്പിടഞ്ഞ് വീട്ടിൽ എത്തിയപ്പോ കണ്ടു മുറ്റത്തു ശ്രീയേട്ടന്റെ വണ്ടി ഒത്തിരി സന്തോഷത്തിൽ മുറിയിലേക്ക് ചെന്നപ്പോ ശ്രീയേട്ടൻ എന്തോ ആലോചിച്ച് ജനലോരത്ത് നില്പായിരുന്നു…അരികിലേക്ക് ഓടിച്ചെന്ന് തിരിച്ചുനിർത്തി ശ്രീയേട്ടനെ വാരി പുണർന്നു തന്റെ സന്തോഷം ആ കവിളിൽ ചുംബനമായും നൽകി….
“ശ്രീയേട്ടാ….. എനിക്ക്……” പറഞ്ഞു മുഴുമിപ്പിക്കാൻ സാധിച്ചില്ല… പിടിച്ചു തള്ളി കവിളത്തു ആഞ്ഞൊരു അടിയായിരുന്നു….. ഒരു നിമിഷം നിശ്ചലമായി നിന്നുപോയി…
ഭൂതകാലത്തിലേക്കും ഓർമ്മകൾ സഞ്ചരിച്ചു…. മാധവേട്ടനും.. എന്നും കിട്ടുന്ന അടിയും… ചവിട്ടും… മുഖത്തേക്കുള്ള കാർക്കിച്ചു തുപ്പലും… ഷൂവിനടിയിൽ ഞെരിഞ്ഞമരുന്ന കൈകളും…. ആ ദിവസങ്ങളൊക്കെ ഓർമകളിൽ നിന്ന് പോയിട്ട് ആറ് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു…. അതാണ് ഇന്ന് ശ്രീയേട്ടന്റെ ഒരടിയിൽ നിന്ന് തന്നിലേക്ക് തിരിച്ചു വന്നത്…. കണ്ണുകൾ നിറഞ്ഞു…. മുന്നിലുള്ള ശ്രീയേട്ടനെപോലും കാണാനാവുന്നില്ല… കണ്ണുനീർ കവിൾത്തടങ്ങളിലൂടെ ഒലിച്ചിറങ്ങി….
“”മോളെ…. അപ്പൂ… നീ വന്നോ…””” താഴെ നിന്ന് അമ്മയായിരുന്നു… പെട്ടന്ന് ഞെട്ടി സ്വബോധത്തിലേക്ക് വന്നു… കണ്ണിലെ കണ്ണുനീർ അമ്മ കാണാതിരിക്കാനായി തുടച്ചു മാറ്റി…
“” മോള് മുറിയിലാണോ…?? എങ്കിൽ ശ്രീമോനേം കൂടെ വിളിച്ചോ ചോർ വിളമ്പി വച്ചിട്ടുണ്ടമ്മ….”” കണ്ണുനീർ കൊണ്ട് നേർത്ത ഒരു പാടയായി മാത്രമേ ശ്രീയേട്ടനെ കാണാൻ സാധിച്ചുള്ളൂ……
“ഞാൻ… അറിയാതെ…” ഇടറിയ ശബ്ദത്തോടെ എങ്ങനെയൊക്കെയോ പറഞ്ഞു…. പതിയെ നടന്നു അരികിലേക്ക് ചെന്ന് നിന്ന് സാരിതുമ്പു പിടിച്ചു നേരത്തെ ചുംബിച്ചിടത്തു തുടച്ചു കൊടുത്തു…
“സോറി…” അത്രേം പറഞ്ഞുകൊണ്ട് പിന്തിരിഞ്ഞു നടന്നു…ഒഴുകിയിറങ്ങുന്ന കണ്ണുനീർ അവൾ തുടരെ തുടരെ തുടയ്ക്കുന്നത് അവനു കാണാമായിരുന്നു….
എന്തോ അവന്റുള്ളിൽ ഒരു കുറ്റബോധം വന്ന് നിറഞ്ഞു….
“വേണ്ട ശ്രീ… ഒരിക്കൽ സ്നേഹിച്ചു വഞ്ചിക്കപെട്ടവനാണ് നീ… ഇനിയും ഒരു വിഡ്ഢിയാവരുത്…” തളിർത്തുവന്ന കുഞ്ഞു സ്നേഹം അവൻ മനസ്സിൽ തന്നെ ഒതുക്കി നിർത്തി…..
താഴേക്ക് ഇറങ്ങുമ്പോ കണ്ടു പ്ലേറ്റിൽ വിരൽകൊണ്ട് കൊത്തിപ്പെറുക്കി ചിത്രം വരയ്ക്കുന്ന അവളെ…. ആ കണ്ണിൽ ഒഴുകി തീർക്കാൻ ഒരു സാഗരം തന്നെയുണ്ട്….
“എന്താ അമ്മേടെ അപ്പുന്റെ മുഖത്തൊരു വാട്ടം…?? തോറ്റോ അപ്പൂസ്…?? സാരല്യാട്ടോ നമ്മക്ക് ഇനീം എഴുതി എടുക്കാം…” അവളൊന്ന് പുഞ്ചിരിച്ചു
“ഞാൻ പാസ്സായി അമ്മേ….”
“ആഹാ… എന്നിട്ടാണോ നിന്റെ മുഖം ഇങ്ങനെ ഇരിക്കണേ???… എന്തെ മാർക്ക് കുറവാണോ…?? എത്ര ശതമാനം ഉണ്ട്…??”
” 97..” വളരെ ശബ്ദം കുറച്ചു തലതാഴ്ത്തിയാണ് അവളത് പറഞ്ഞത്…. ഒരുനിമിഷം എല്ലാവരും ഞെട്ടി… ഒപ്പം ശ്രീയും… ഈൗ സന്തോഷമാണ് തനിക്ക് കിട്ടിയ വാരിപുണർന്നുള്ള ചുംബനം എന്നതവനെ വേദനിപ്പിച്ചുകൊണ്ടിരുന്നു…….താൻ കാരണം അവള്ടെ സന്തോഷമെല്ലാം പോയെന്ന തോന്നൽ വീണ്ടും അവനിൽ കുറ്റബോധം നിറച്ചു…അമ്മയും അച്ഛനും സമ്മാനമായി അവളുടെ നെറ്റിമേൽ ഉമ്മകൾ നൽകുമ്പോഴും നിർത്താതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…
??
വൈകുന്നേരത്തെ കാളിങ് ബെൽ കേട്ടപ്പോഴാണ് ഉമ്മറത്തെ കതക് തുറന്നത്….
“ന്നാ… ഇത് പിടിക്ക്…” ഗൗരവം ഒട്ടും വിടാതെ ശ്രീയേട്ടൻ ഒരു കവർ കയ്യിലേക്ക് വച്ചു തന്ന് അകത്തേക്ക് കയറിപ്പോയി…..
“”എന്താ അപ്പുസേ കവറിൽ???…”” അച്ഛനായിരുന്നു
“”ആവൊ അറിയില്ല നോക്കട്ടേട്ടോ…..”” വെപ്രാളപ്പെട്ട് കവർ തുറന്നുനോക്കി
“”എന്താ അപ്പൂ അതില്??…””
“”ലെഡ്ഡുവും കേക്കുമാ…””
“”ആഹാ… പാസ്സായതിന്റെ ചിലവാണല്ലോ.. നമ്മക്ക് ഇപ്പം തന്നെ അങ്ങ് മുറിച്ചേക്കാം…. അവനെക്കൂടി വിളിക്കാം… ശ്രീ… ഇങ്ങോട്ടിറങ്ങിവായോ…..”” അച്ഛൻ ശ്രീയേട്ടനെ വിളിക്കുമ്പോഴേക്കും കേക്ക് പൊതിഞ്ഞ കാർബോർഡിന്റെ പെട്ടി തുറന്നു നോക്കി…… കേക്കിനു മുകളിലെ അക്ഷരങ്ങൾ കണ്ണിനെ നനയിച്ചു…… ആവർത്തിച്ചാവർത്തിച്ച് കേക്കിലെ അക്ഷരങ്ങൾ കൂട്ടി വായിച്ചു… “കൺഗ്രാറ്റ്സ് അപ്പൂ…”
‘അപ്പു’ എന്ന് എഴുതിയത് വീണ്ടും വീണ്ടും വീണ്ടും വായിച്ചു….
“”അപ്പൂ.. മുറിക്ക് എന്ത് ആലോചിച്ച് നില്കാ…???”” അമ്മ സന്തോഷത്തോടെ പറഞ്ഞു കേട്ടപ്പോൾ ചിരിയോടെ കേക്ക് മുറിച്ചു…ആദ്യത്തെ കഷ്ണം ശ്രീയ്ക്ക് നേരെ നീട്ടി അവനതിൽ നിന്ന് ചെറിയൊരു കഷ്ണം കടിച്ചു ബാക്കി അവൾക്കു കൊടുത്തു. അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു…. കേക്ക് മറ്റുള്ളവർക്ക് കൊടുക്കുമ്പോഴേക്കും ഒന്ന് ചിരിച്ച് അവൻ മുകളിലേക്ക് കയറിപ്പോയിരുന്നു…..
രാത്രി പതിവ്പോലെ ഒരു കിടക്കയിൽ രണ്ടറ്റത്തായി കിടന്നപ്പോ അപ്പുന്റെ മനസ്സ് ശാന്തമായിരുന്നു…
“”തനിക്കെന്നോട് ഒരു ദേഷ്യവും ഇല്ലേ????…”” നീണ്ട മൗനം ബേധിച്ചു ശ്രീ ചോദിച്ചു…
“എന്തിന്??…”” അവളൊന്ന് പുഞ്ചിരിച്ചു…
“”എന്റെ ഈൗ അവഗണന നിന്നെ വേദനിപ്പിക്കുന്നുണ്ടെന്ന് അറിയാമെനിക്ക്…പക്ഷെ….””
“”എനിക്ക് മനസിലാവും… എനിക്ക് ദേഷ്യമൊന്നുല്യാ.. എനിക്കിപ്പോ പേടിക്കാതെ ഉറങ്ങാമല്ലോ… ശരീരത്തിനാണെങ്കിൽ വേദനയും സഹിക്കണ്ട…. ആട്ടും തുപ്പും കേൾക്കണ്ട… പിന്നെ ശ്രീയേട്ടനെന്നെ സംശയവും ഇല്ല… പിന്നെ മാനസിക ദുഃഖം…”” ശബ്ദം ഇടറി തുടങ്ങിയതും അവളൊന്ന് പുഞ്ചിരിച്ചു തിരിഞ്ഞ് കിടന്നു……
“”അധികം വൈകാതെ ഞാൻ കെട്ടിയ താലി ഞാനിങ്ങ് ഊരിയെടുത്ത് നിന്നെ സ്വതന്ത്ര്യയാക്കും….. സന്തോഷായിട്ട് ജീവിക്കണം നീ…. എനിക്കൊരിക്കലും ഇനിയൊരു പെണ്ണിനെ സ്നേഹിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല….. നിന്റെ കണ്ണീര് കാണാനും വയ്യ……”” അവൻ പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും അവളുടെ കണ്ണുനീർ തലയിണയെ നനയ്ക്കുന്നുണ്ടായിരുന്നു….
ദിവസങ്ങളുടെയും മാസങ്ങളുടെയും വേഗതയറിഞ്ഞില്ല….. പിന്നീട് അവൻ എന്ത് സംസാരിക്കാൻ വരുമ്പോഴും ഒരുതരം പേടിയായിരുന്നു… തന്നെ ഉപേക്ഷിച്ചു കളയുമോ എന്ന ഭയം…. അതിനിടയിൽ ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന ക്ഷേത്ര ദർശനത്തിന് അവനും അച്ഛനും അമ്മയ്ക്കും ഒപ്പം പോകാൻ മാസമുറ അനുവദിച്ചില്ല…..
സ്വന്തം വീട്ടിൽ പോയിനിൽക്കുമ്പോൾ ഇനിയവൻ തിരിച്ചുവിളിക്കാൻ വരില്ലേ എന്ന ചിന്തയവളെ അലട്ടിക്കൊണ്ടിരുന്നു…. അപ്പോഴൊക്കെ ചെവിയിൽ താലി ഊരിയെടുത്ത് സ്വതന്ത്രയാക്കാം എന്നവൻ പറഞ്ഞത് തുളഞ്ഞു കയറിക്കൊണ്ടിരുന്നു…… ഒരാഴ്ചക്കപ്പുറവും അവൻ വരാതിരുന്നപ്പോൾ ഉറക്കം പോലും നഷ്ടപ്പെട്ട് കൊണ്ടിരുന്നു…..
പിറ്റേന്ന് കാലത്ത് കുളിച്ചൊരുങ്ങി അമ്പലത്തിലേക്ക് നടന്നു…. ഉള്ളിലെ വിഷമങ്ങൾ കണ്ണന് മുൻപിൽ ഇറക്കി വച്ചു…….തൊഴുതു ഇറങ്ങി റോഡിലൂടെ നടക്കുമ്പോഴായിരുന്നു എതിർവശത്ത് ബൈക്കിൽ ചാരി നിൽക്കുന്ന ശ്രീയെ കണ്ടത്… തലയാട്ടി അടുത്തേക്കവൻ വിളിച്ചപ്പോൾ അധികരിച്ച സന്തോഷത്തിൽ റോഡിലൂടെ ഓടി… ബോധം മറഞ്ഞുവീഴുമ്പോൾ ശ്രീയേട്ടന്റെ ചേർത്തുനിർത്തലും അലർച്ചയും നിലവിളിയും കാതിൽ മുഴങ്ങി….
കണ്ണ് തുറന്നപ്പോൾ അരികിൽ ശ്രീ ഉണ്ടായിരുന്നു…”ശ്രീയേട്ടാ…” പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു…
“”കിടന്നോ… കുഴപ്പൊന്നൂല്യ തെറിച്ചു വീണപ്പോൾ തലയൊന്ന് പൊട്ടിയിട്ടുണ്ട്..”” അവള്ടെ കയ്യിൽ പതിയെ തഴുകി കൊണ്ടവൻ പറഞ്ഞു….. മരുന്നിന്റെ കാഠിന്യം കാരണം അവള് പെട്ടന്ന് തന്നെ മയങ്ങി…കണ്ണ് തുറക്കുമ്പോൾ ഒരു നേഴ്സ് അരികിലുണ്ട്… ചുറ്റിലും നോക്കിയപ്പോ ശ്രീയേട്ടനെ കണ്ടില്ല… എന്തോ കണ്ണിൽ നനവ് പടർന്നു…
“”അപർണാ… ഇത് തന്റെ ഒർണമെന്റ്സാ… 24 മണിക്കൂർ കഴിഞ്ഞ് കുഴപ്പം ഒന്നൂല്യെങ്കിൽ വീട്ടിലേക്ക് പോകാംട്ടോ…”” അതുപറഞ്ഞവർ ഇറങ്ങിപ്പോയി….പതിയെ അവർ തന്ന പൊതി തുറന്നു… രണ്ട് സ്വര്ണവളയ്ക്കും കമ്മലിനും വെള്ളക്കൽ മൂക്കുത്തിക്കും ഇടയിലായി കണ്ടു “ശ്രീ ” എന്നെഴുതിയ ആലിലത്താലി… പതിയെ അതിന് മുകളിലൂടെ ഒന്ന് വിരലോടിച്ചു… മാല കയ്യിലേക്കെടുത്ത് കഴുത്തിനു നേരെ എടുത്തണിയാൻ കൊണ്ട് വന്നു… കൊളുത്തിടാൻ ആഞ്ഞതും ബലിഷ്ഠമായ കൈകൾ അവളുടെ കൈകൾക്കുമേൽ അമർന്നു… തലയുയർത്തി നോക്കുമ്പോൾ കണ്ടു ശ്രീയേട്ടനെ…..
താലി മാല ബലമായി പിടിച്ചു വാങ്ങാൻ ശ്രമിക്കുന്നുണ്ട്… അവളത് കൊടുക്കാതെ ഇറുകെ പിടിച്ചു… ഇത് തനിക്ക് വേണം ശ്രീയേട്ടാ എന്ന് പറയാതെ പറയുകയായിരുന്നു…. അത് ഊരിമാറ്റിയിട്ടൊരു സ്വാതന്ത്ര്യം തനിക്ക് വേണ്ടാ എന്ന് പറയുന്നതുപോലെ…..പക്ഷെ അധികനേരം പിടിച്ചു നിൽക്കാനായില്ല അവനാ താലിമാല പിടിച്ചു വാങ്ങി….അവൾക്കത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു….വീണ്ടും വീണ്ടും ചെവിയിൽ അവൻ താലിമാല ഊരിയെടുത്ത് സ്വതന്ത്രയാക്കാം എന്ന് പറഞ്ഞത് കടന്ന് പൊയ്ക്കൊണ്ടിരുന്നു…… നെഞ്ചിലെ വേദന സഹിക്കാൻ പറ്റാതെ വന്നപ്പോൾ കൈകൾ രണ്ടും പൊത്തിപിടിച്ചു ഉറക്കെ കരഞ്ഞു……
പെട്ടന്നായിരുന്നു കഴുത്തിൽ എന്തോ തടയുന്നപോലെ തോന്നിയത് നോക്കിയപ്പോ ശ്രീയേട്ടൻ തനിക്ക് താലിമാല ചാർത്തി തരുന്നു…. യാന്ത്രികമായി ആ മുഖത്തേക്ക് നോക്കി… ആയിരം സൂര്യനുദിച്ചു നിൽക്കണ പ്രകാശം ഉണ്ടായിരുന്നു ആ മുഖത്തപ്പോൾ…. പതിയെ ആ ചുണ്ടുകൾ തന്റെ നെറ്റിത്തടത്തിൽ അമർത്തി ചുംബിച്ചു….. ജീവിതത്തിലെ ആദ്യ സ്നേഹ ചുംബനം… അവൾ അവന്റെ നെഞ്ചിലേക്ക് മെല്ലെ ചാഞ്ഞു… അവനെ മുറുകെ വാരിപ്പുണർന്നു…
“”അപ്പുസേ…”” കാതിലൊരു നിശ്വാസം പോലെ അവൻ ചേർന്ന് നിന്ന് വിളിച്ചപ്പോൾ തലയുയർത്തി അത്ഭുതത്തോടെ നോക്കി… അവൻ പുഞ്ചിരിച്ച് അവളെ വീണ്ടും നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു….
“””ഐ ലവ് യൂ…ക്ഷേത്ര ദർശനം കഴിഞ്ഞന്ന് രാത്രി കമ്പനിവക ടൂറും ഉണ്ടായിരുന്നു അതാ വിളിക്കാൻ വരാൻ അല്പം വൈകിയത്…… ഇത്രയും ദിവസങ്ങൾ കൊണ്ട് മനസിലായി നീയില്ലാതെ നിന്നെ കാണാതെ ജീവിക്കാൻ ശ്രീഹരിക്കിനി ആവില്ലെന്ന്……അന്ന് വീട്ടിലേക്ക് വരുമ്പോ ദീപ്തിയെയും കാമുകനെയും ബീച്ച് റോഡിൽ ചിരിച്ച് കളിച്ച് വരുന്നത് കാണേണ്ടി വന്നു…… ആ ഓർമകളിൽ നിൽക്കുമ്പഴാ നീ വന്നത് അതാ തല്ലിപോയത് പൊറുത്തേക്കെടി നിന്റെ ശ്രീയേട്ടനല്ലേ…..”””
പ്രണയത്തോടെ പറയുന്ന അവനെ നിറഞ്ഞകണ്ണാലെ നോക്കി അവളവനെ ഇറുകിപ്പുണർന്നു…. ഇനിയൊരിക്കലും അകറ്റി നിർത്തരുതെന്ന് പറയാതെ പറഞ്ഞപോലെ……. ഒരിക്കലും തന്നെ ഇനി നോവിക്കരുതെന്ന് വാശിപിടിച്ചതുപോലെ….. സ്നേഹിച്ച് തന്നെ ശ്വാസം മുട്ടിക്കണം എന്ന് കെഞ്ചിയതുപോലെ…..
അവസാനിച്ചു