കിച്ചണിൽ പോയി ചായയും എടുത്തു കുറച്ച് നാണവും മിക്സ്‌ ചെയ്തു ഹാളിൽ എത്തിയപ്പോ ദേ ഒരു ചുള്ളൻ ചേട്ടനും കൂടെ ഒരു അമ്മാവനും…

എഴുത്ത്: നക്ഷത്ര ബിന്ദു

“അമ്മ ഇതെന്നാ പറയുന്നേ..കാണാൻ കൊള്ളാവുന്ന ന്നെ പോലുള്ള പിള്ളേരെ കാണുമ്പോ നാട്ടുകാരും ബന്ധുക്കാരും ഒക്കെ കല്യാണം ആലോയിക്കും..എന്നും വെച്ച് അത് ഒരു ചെവിയിൽ കൂടെ കേട്ട് മറ്റേതിൽ കൂടി കളഞ്ഞിട്ട് വരാതെ അവരോട് ഇങ്ങട്ട് കാണാൻ വരാൻ പറഞ്ഞേക്കുന്നോ..നിക്ക് ഇപ്പോ കെട്ടാൻ പ്ലാൻ ഒന്നുമില്ല..നിങ്ങടെ പൈസക്ക് ഇനിയും മൂന്നു നാല്‌ കൊല്ലം കൂടി വെട്ടി വിഴുങ്ങീട്ട് നിക്ക് തരാനുള്ളത് എല്ലാം വാങ്ങി കൊണ്ടേ ഞാൻ പോവു..ബുഹഹഹ”

“ദേ കിച്ചു…വെറുതെ കിടന്ന് ഓരോന്ന് പറയാതെ നീ പോയി ഡ്രസ്സ്‌ മാറ്റിയിട്ടു വന്നേ..അവർ ഇപ്പോ ഇങ് എത്തും”

“ആ…വന്നു കണ്ടിട്ട് പോട്ടെ..നിക്ക് എന്നാ…ഞാൻ പറഞ്ഞാ ന്റെ അച്ഛന് മനസിലാവും..പിന്നെ..ഒരു കാര്യം പറയാനുണ്ട്”

“എന്താ..? “

ഹോ കലിപ്പിൽ ആണല്ലോ..

“മിച്ചറും ചിപ്സും എല്ലാം മുഴുവൻ എടുത്ത് അവിടെ കൊണ്ട് വെയ്ക്കല്ലും. എങ്ങനത്തവൻ ആണോ ന്തോ വരുന്നത്..കുഞ്ഞിക്കൂനനിലെ പോലെ ബിസ്ക്കറ്റ് പൊതിഞ്ഞോണ്ട് പോകാൻ വരുന്ന ഏതെങ്കിലും ഐറ്റം ആണെങ്കി പിന്നെ ഞാൻ അവന്റെ വീട്ടിൽ പോയി ബിസ്ക്കറ്റ് തിന്നേണ്ടി വരും”

“തർക്കുത്തരം പറയാതെ പോയി കുളിച്ചിട്ട് ഒരുങ്ങടീ.”

അയ്യടി മനമേ ന്റെ പട്ടി കുളിക്കും..വേറൊരു പണിയും ഇല്ലാതെ ചൊറീം കുത്തി ഇരിക്കുന്ന ആരെങ്കിലും കാണാൻ വരുന്നേന് ഞാൻ ന്തിന് കുളിക്കണം..വിളക്ക് കത്തിക്കാൻ വൈകിട്ട് ന്തായാലും കുളിക്കണം..അപ്പോ ഇപ്പോഴും കൂടി കുളിക്കുന്നത് നഷ്ടം ആണ്..വെള്ളം പാഴാക്കി കൂടാ എന്നാണ് വലിയവർ പറയുന്നത്..നമ്മളെ കൊണ്ട് പറ്റുന്നത് പോലെ അതൊക്കെ ചെയ്യണ്ടേ..ഹിഹി

പോയി ഒന്ന് സ്‌പ്രേയിൽ കുളിച്ചു..നല്ല കാര്യമായിട്ട് പുട്ടിയും ഇട്ടു..മുഖക്കുരു ഒരെണ്ണം കവിളിൽ തന്നെ മുളച്ചു നിപ്പുണ്ട് നാശം..ഇനി അത് കാണിക്കാതിരിക്കാൻ ഹണി ബിയിൽ അജു പറഞ്ഞ ഐഡിയ വല്ലോം ചെയ്തു നോക്കണോ..

ഏയ്‌ വേണ്ട..അയിന് ഇപ്പൊ ഞാൻ ഇതിനെ കെട്ടാൻ ഒന്നും പോണില്ലല്ലോ…പോട്ടെ പുല്ല്..

മുടി ഒക്കെ അഴിച്ചു പറത്തി ഇട്ടു..കണ്ണ് നിറെ കുറെ കരിയും തേച്ചു..മേക്കപ്പ് ബോക്സിലെ ഐറ്റംസ് മുഴുവൻ ന്റെ മുഖത്തുണ്ട്..ആദ്യം ആയിട്ട് അല്ലേ. അത്കൊണ്ട് കാര്യം ആയിട്ട് ഒരുങ്ങണം..ബുഹഹ ഇപ്പോ എന്നെ കണ്ടാൽ ആരും ഒന്ന് പേടിക്കും..ഈശ്വര ഒരു നാടൻ ലുക്ക്‌ ഉള്ള പെണ്ണിനെ താല്പര്യം ഉള്ളവൻ ആയിരിക്കണേ വരുന്നത്..

അപ്പോഴേക്കും മുറ്റത്ത് വണ്ടി വന്നു..ഓ my ഗോഡ്സ് my കന്നി പെണ്ണ് കാണൽ..സേട്ടാ ഞാൻ ദേ വരുന്നു..

കിച്ചണിൽ പോയി ചായയും എടുത്തു കുറച്ച് നാണവും മിക്സ്‌ ചെയ്തു ഹാളിൽ എത്തിയപ്പോ ദേ ഒരു ചുള്ളൻ ചേട്ടനും കൂടെ ഒരു അമ്മാവനും..

കല്യാണത്തിന് വരുമ്പോ ആരെങ്കിലും in-shirt ഒക്കെ ചെയ്യുവോ.. ആ പോട്ടെ ന്തായാലും സംഭവം കളർ ആയിട്ടുണ്ട്…

ചായ കൊടുത്തതും ലവൻ ന്റെ മുഖക്കുരുവിലേക്ക് ഒരു നോട്ടം..ബ്ലഡി തെണ്ടി..വേറൊന്നും നോക്കാൻ കിട്ടിയില്ലേ..

പോയി പോയി ഇമ്പ്രെഷൻ പോയി നിക്ക് ഇവനെ വേണ്ട..

എല്ലാരും പരസ്പരം നോക്കുന്നു ചിരിക്കുന്നു..ചുറ്റും വീക്ഷിക്കുന്നു..what nonsense is this? പെണ്ണിനും ചെക്കനും ന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം ന്ന് പറ..

പാവം ന്റെ അമ്മക്ക് മാത്രേ എന്നോട് സ്നേഹം ഉള്ളു..

ഞാൻ കേൾക്കേണ്ട താമസം പുറത്തോട്ട് നടന്നു..പുള്ളി ന്റെ പിറകേ വന്നു..

വാഴ കൃഷി താല്പര്യമുള്ള വിശ്വനാഥൻ എന്ന ന്റെ പിതാജി വീടിന്റെ ഒരു സൈഡ് നിറെ വാഴ നട്ടു പിടിപ്പിച്ചിട്ടുണ്ട്..നിക്ക് പിറക്കാതെ പോയ ന്റെ ആങ്ങളമാരും പെങ്ങന്മാരും..

നേരെ അവിടെ കൊണ്ട് പോയി നിർത്തി..

അങ്ങേര് വാഴയുടെ സൗന്ദര്യം ആസ്വദിക്കുന്നത് അല്ലാതെ ഒന്നും മിണ്ടുന്നില്ല..ഇത് പഴംവിഴുങ്ങി വല്ലോം ആണോ ഇനി..ആ ഞാൻ തന്നെ തുടങ്ങിയേക്കാം..

“അതേ..”

“ആ പറ കുട്ടി”

കുട്ടിയോ.. പ്ഫാ.. ഈ പന പോലെ വളർന്നു നിക്കുന്ന എന്നെ കുട്ടി എന്ന്..ഹും

“നിക്ക് ഇഷ്ടല്ല”

“ന്തിനാ ഇഷ്ട്ടപ്പെടാതെ ഇരിക്കുന്നെ..ഇതിൽ ഇത്ര കുറച്ചിലൊക്കെ വിചാരിക്കുന്നെ ന്തിനാ..ഇതൊക്കെ ഇപ്പൊ എല്ലാടത്തും ഉള്ളതല്ലേ..”

ഇങ്ങേർക്ക് വട്ടായതാണോ അതോ നിക്ക് വട്ടായതാണോ..

“എന്ത്..?? “

“വാഴ വെയ്ക്കുന്നത്”

ന്റെ പൊന്നും കുരിശ് മുത്തപ്പാ ഇത് ന്ത് ജന്തു ആണ്

“ഞാൻ അതല്ല പറഞ്ഞത്..നിക്ക് നിങ്ങളെ ഇഷ്ടായില്ല എന്നാണ്”

“ഹഹ അത് ഞാൻ അങ്ങോട്ട് പറയാൻ വരുവാരുന്നു…എനിക്ക് നിന്നെ തീരെ പിടിച്ചില്ല..മത്തങ്ങാ പോലെ ഒരു മോന്തയും അതിൽ രണ്ട് തവളകണ്ണും.. പിന്നെ ആ മുഖം ഒന്നിങ്ങോട്ട് കാണിച്ചേ.. കവിളിൽ ഇതെന്നാ ലഡ്ഡു ആണോ..”

നീ പോടാ തെണ്ടി…

“ഓ ഞാൻ അങ്ങ് സഹിച്ചു.. തനിക്ക് ന്താ”

“ഓ നിക്ക് ഒന്നുല്ലേ..ന്തായാലും ഇത്രേക്ക ആയ സ്ഥിതിക്ക്..”

“ആയ സ്ഥിതിക്ക്? “

“അയ്യോ ദേ നോക്കിയേ…”

പെട്ടെന്ന് അങ്ങനെ അങ്ങേര് പറഞ്ഞപ്പോ ഞാൻ പുള്ളി കൈ ചൂണ്ടിയെടുത്തോട്ടു നോക്കി..

“അവിടെ ഒന്നും ഇല്ലല്ലോ “ന്ന് പറഞ്ഞിട്ട് നോക്കിയതും ആ കാലമാടൻ ന്റെ ഫോട്ടോ എടുക്കുന്നു

“ടോ താൻ ന്തിനാ ന്റെ ഫോട്ടോ എടുക്കുന്നെ “

“അല്ല..അതുപിന്നെ…അകത്തു നിന്നപ്പോൾ അത്രേ കൊള്ളില്ലാരുന്നു..പക്ഷേ ഈ വാഴകൂട്ടത്തിന്റെ ഇടയിൽ നിക്കുന്ന നിന്നെ കാണാൻ നല്ല ചന്തം ഉണ്ട്…ഒരു വാഴദേവതയേ പോലെ സുന്ദരി”

വാഴദേവത തന്റെ മറ്റവൾ…ഈശ്വര ഇങ്ങേരെ കെട്ടുന്നവൾ ഒരു പടുവാഴ ആയിരിക്കണേ..

“എന്നാ ഞാൻ പോയി നമ്മുടെ തീരുമാനം പറയട്ടെ “ന്ന് പറഞ്ഞു പുള്ളി കേറി പോയി..

ഞാൻ പിന്നെ ന്റെ ആദ്യത്തെ പെണ്ണ്കാണലിന്റെ ഹാങ്ങോവറിൽ അവിടെ തന്നെ നിന്നു.. കുറച്ച് കഴിഞ്ഞ് അങ്ങേരും അമ്മാവനും കൂടി പോയി… പോകാൻ നേരം എന്നെ നോക്കി ഇളിക്കാൻ അങ്ങേര് മറന്നില്ല..ജന്തു…

ഓ..ഒരു ഫോട്ടോ അല്ലേ..അങ്ങേര് കൊണ്ട് പോയി മാല ഇട്ട് പൂജിക്കട്ടെ അല്ല പിന്നെ..

ഞാൻ ന്റെ മിച്ചർ തിന്നാൻ അടുക്കളയിലേക്ക് ഓടി… വൗ… ഒരു തുള്ളി പോലും ആരും കഴിച്ചിട്ടില്ല.. ഡിങ്ക ചിക്ക..പാത്രത്തോടെ എടുത്തു സ്ലാബിന്റെ പുറത്തിരുന്നു കഴിക്കാൻ തുടങ്ങിയപ്പോ ആണ് അമ്മ..

“രാവിലത്തെ നിന്റെ ഡയലോഗ് ഒക്കെ കേട്ടപ്പോ ഞാൻ ഓർത്തു സീരിയസ് ആണെന്ന്”

“ആണ്..അയിന്..”

“ഓ ഓ…അനന്തുമോൻ എല്ലാം പറഞ്ഞു..കിടന്ന് ഉരുളണ്ട “

ങേ…

“എന്തോന്ന്”

“മോളെ കിച്ചു…നിന്റെ സന്തോഷം കാണുമ്പോ അറിഞ്ഞൂടെ…അവൻ പറഞ്ഞു നിനക്ക് ഇഷ്ടം ആണെന്ന് പറഞ്ഞു ന്ന്…അച്ഛൻ ദേ ജോത്സ്യരെ കാണാൻ പോകാൻ ഇറങ്ങി”

ഉയ്യോ…ഇതെന്നതാ..ഒരു ഒറ്റ ഓട്ടത്തിന് ഉമ്മറത്തു എത്തിയത് വെറുതെ ആയി…അച്ഛൻ പോയി…

അച്ഛൻ വരട്ടെ.. ന്നിട്ട് അച്ഛനോട് പറയാം..അമ്മക്ക് പറഞ്ഞാലും മനസിലാവില്ല..

എന്നാലും അങ്ങേര് ന്തിനാ നുണ പറഞ്ഞതിന്.. ഇതിനിട്ട് ഒരു പണി കൊടുക്കും ഞാൻ..

അച്ഛൻ വന്നപ്പോ സോപ്പ് ഇടാനായിട്ട് റൂമിലോട്ട് ചെന്നതാ… അപ്പോ രണ്ട് പേരും ന്തോ സംസാരിക്കുന്നെ കേട്ട് അവിടെ തന്നെ നിന്നു…ഒളിഞ്ഞു കേക്കുന്നത് അല്ലാട്ടോ ഹിഹി

“ഇപ്പോ ഒരു സമാധാനം ഉണ്ട്..അനന്ദുമോൻ നല്ലവനാ.. ഞാൻ അന്വേഷിച്ചു.. നമ്മടെ കിച്ചുനെ പൊന്നു പോലെ നോക്കും..എനിക്ക് ഉറപ്പാ”

“മ്മ്..നിങ്ങടെ മോൾ അവന്റെ തലയിൽ കേറാഞ്ഞാ മതി “

“ഹഹ പോടീ ന്റെ കൊച്ച് പാവം ആണ്..”

പിന്നെ അങ്ങോട്ട് കേറി ചെന്ന് ഇഷ്ടല്ലന്ന് പറയാൻ തോന്നാത്തത് ആണോ അതോ ആ കനന്ദു മോനോട് ചെറിയൊരു താല്പര്യം ഉള്ളിൽ തോന്നിയിട്ടാണോ ഞാൻ ഒന്നും പറയാൻ പോയില്ല…

നമ്പർ ഒക്കെ കിട്ടിയെങ്കിലും ഞാൻ വിളിക്കാനൊന്നും പോയില്ല..പുള്ളി ഇങ്ങോട്ടും വിളിച്ചില്ല..അതിലൊരു ചെറിയ നിരാശ ഇല്ലാതില്ല..

രണ്ട് മാസം കഴിഞ്ഞപ്പോ ആ കാള ന്റെ കഴുത്തിൽ കയർ കെട്ടി….സാധാരണ മൂക്കിൽ ആണ് കെട്ടാർ…ഇത് കഴുത്തിൽ ആണെന്ന് മാത്രം..

കല്യാണം കഴിഞ്ഞ് പുള്ളിക്കാരന്റെ വീട്ടിൽ വന്നു വൈകിട്ട് ഫ്രഷ് ആവാൻ റൂമിൽ കയറി.വെറുതെ ഫോൺ എടുത്തു വാട്സ്ആപ്പ് നോക്കിയപ്പോ എല്ലാരും ഞങ്ങടെ ഫോട്ടോ ഒക്കെ സ്റ്റാറ്റസ് ഇട്ടേക്കുന്നു..അതിന്റെ ഇടയിൽ ആണ് ഞാൻ അങ്ങേർടെ സ്റ്റാറ്റസ് കണ്ടത്…

എന്റെ കണ്ണ് തള്ളി പോയി..അന്ന് ഞാൻ വാഴക്ക് ഇടയിൽ നിക്കുന്ന ഫോട്ടോ…ന്നിട്ട് ക്യാപ്ഷൻ “ഈ വാഴ ഇന്ന് മുതൽ എനിക്ക് സ്വന്തം”ന്ന്

ഒരു പത്തു നൂറ് തെറി അങ്ങ് മനസ്സിൽ വിളിച്ചു..ഇതിന് ഇങ്ങേര് ഇന്ന് അനുഭവിക്കും..കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ..

രാത്രി റൂമിലേക്ക് പോവുന്നേന് മുൻപ് പാല് വാങ്ങാൻ കിച്ചണിൽ ചെന്നു..

“അതേ അമ്മേ നിക്ക് ഒരു സഹായം വേണാരുന്നു”

“ന്താ മോളെ..”

“അതില്ലേ കുറച്ച് ഗോതമ്പ് മാവ് വേണാരുന്നു”

“ഇപ്പോഴോ..ന്തിനാ”

“അതേ…ആദ്യരാത്രി റൂമിൽ ഒരു പാത്രത്തിൽ മാവ് വെയ്ക്കണം ന്ന് ആണ്..ഞങ്ങടെ കുടുംബത്തിലെ ആചാരം ആണ്.. “

“ആണോ.. നിക്കേ.. അമ്മ ഇപ്പോ തരാട്ടോ”

ഈശ്വര നട്ടാൽ കുരുക്കാത്ത ഈ നുണ പറഞ്ഞതിന് ന്നോട് പൊറുക്കണേ..

അമ്മ ഒരു പാത്രത്തിൽ മാവ് എടുത്ത് തന്നു..

“സൂക്ഷിച് കൊണ്ട് പോട്ടോ…എങ്ങും തട്ടി ഇടണ്ട…”

“ശരി അമ്മേ..gudnyt”

അമ്മയോട് ഗുഡ്നൈറ്റും പറഞ്ഞു റൂമിൽ വന്നു എല്ലാം സെറ്റ് ആക്കിയിട്ട് ബെഡിൽ ഫോണും കുത്തികൊണ്ട് ഇരുന്നു…

ആരോ വരുന്നുണ്ട്…പെട്ടെന്നു ഫോൺ ഒക്കെ സെറ്റ് ആക്കി ഇരുന്നു..കതകിൽ മുട്ടിയപ്പോ പൂട്ടിയിട്ടില്ല കേറി പോരാൻ പറഞ്ഞു..കതക് തുറന്നതും മുകളിൽ ഇരുന്ന മാവ് ആളിന്റെ മേത്തുടെ വീണു…ന്റെ ഫോണിന്ന് ഫ്ലാഷ് വീണുകൊണ്ടേ ഇരുന്നു..

വൗ…കറക്റ്റ് ക്ലിക്ക്…ഇന്ന് ഞാൻ ഒരു കലക്ക് കലക്കും..ഫോട്ടോ ഒക്കെ എടുത്തിട്ട് ചിരിച്ചോണ്ട് നോക്കിയപ്പോ അങ്ങേര് ദേ വാതിലിന്റെ അപ്പറം നിക്കുന്നു…

ഈശോയെ… അപ്പോ ഇതാരാ..നോക്കിയപ്പോ അങ്ങേർടെ അനിയൻ…

ഇവൻ ഇപ്പോ ന്തിനാ ഇങ്ങോട്ട് വന്നേ…

“നന്നായിട്ടുണ്ട് ഏട്ടത്തി..”

“ഈൗ…താങ്ക്യൂ”

“എന്നാ ഞാൻ അങ്ങോട്ട്”

“വോ വോ പൊയ്ക്കോ”

ലങ്ങേര് നിന്ന് നോക്കി ദഹിപ്പിക്കുന്നുണ്ട്…ന്തായാലും പ്ലിങ്ങി ഇനിയിപ്പോ ഉറങ്ങാം..ബെഡിൽ കേറി കിടന്ന് പുതപ്പ് തലയിൽ കൂടി അങ്ങ് മൂടി..

“അതേ എഴുന്നേറ്റെ “

“എന്നതാ”

“ആദ്യം ഈ റൂം വൃത്തിയാക്കിക്കെ”

“പിന്നെ നിക്കൊന്നും വയ്യ വേണോങ്കി വൃത്തി ആക്ക്”

“നീ എഴുന്നേറ്റ് ക്ലീൻ ചെയ്യുന്നുണ്ടോ ഞാൻ അമ്മയെ വിളിക്കണോ “

ദുഷ്ടൻ…എന്നെകൊണ്ട് അതിന്റെ പേരും പറഞ്ഞു ആ റൂം മുഴുവൻ തുടപ്പിച്ചു…

ന്നിട്ട് കുളിക്കേം…വീട്ടിൽ പോലും ഞാൻ ഇങ്ങനെ ഒന്നും ചെയ്തിട്ടില്ല…പ്രിത്യേകിച് രാത്രി ഉള്ള കുളി..

എല്ലാം കഴിഞ്ഞ് നോക്കിയപ്പോ അങ്ങേര് കട്ടിലിൽ പോത്ത് പോലെ കിടന്ന് ഉറങ്ങുന്നു..അറിയാതെ ഒരു ഇഷ്ടം തോന്നുന്നുണ്ടോ…പിന്നെ ഹും..നിനക്ക് ഞാൻ ഇതിന് പണി തന്നിരിക്കും മോനെ കനന്ദു…

ചവിട്ടി തള്ളി താഴെ ഇട്ടാലോ..ഒരു യുദ്ധം ചെയ്യാനുള്ള ശക്തി ഇല്ലാത്തത് കൊണ്ട് ബാക്കി നാളത്തേക്ക് നീക്കി വെച്ച് കട്ടിലിൽ പോയി കിടന്നു ..

കുറച്ച് കഴിഞ്ഞപ്പോ ഒരു കൈ എന്നെ ചുറ്റിപിടിച്ചു…ദേ ഇങ്ങേര്ടെ ശ്വാസം ഒക്കെ ന്റെ കഴുത്തിൽ തട്ടണു…

ഈശ്വരാ വിറയ്ക്കുന്നുണ്ടോ..വായിൽ ആരോ പ്ലാസ്റ്റർ ഒട്ടിച്ച പോലെ..ഇങ്ങേര് ഇത് ന്തിനുള്ള പുറപ്പാടാ…

“കിച്ചുട്ടാ… “

“മ്മ്…”

അറിയാതെ ഞാൻ വിളി കേട്ട് പോയി…

“ഇപ്പോ ഇഷ്ടാണോ ന്നോട് “

“മ്മ്..”

“ശരിക്കും..?? “

“മ്മ്…”

“മൂളിക്കൊണ്ട് കിടക്കാതെ വാ തുറന്ന് പറയെടി കുരുപ്പേ..”

“ഇഷ്ടാ…”

ഈശ്വര…ഇങ്ങേർക്ക് പണി കൊടുക്കാൻ ഇരുന്നിട്ട് ഞാൻ ഇത് ന്തൊക്കെയാ വിളിച്ചു പറയുന്നേ!!!

“അതില്ലേ…എനിക്ക് ഒത്തിരി നാളായിട്ട് ഇഷ്ടാണ്..ഒത്തിരി വർഷങ്ങളായിട്ട്”

“ഏഹ്..എപ്പോ…”

“പണ്ട് നിന്റെ ഈ മുഖം നിറയെ മുഖക്കുരു ഉണ്ടാരുന്നു..ഓർക്കുന്നുണ്ടോ…അന്നൊരിക്കൽ മഴ ഉള്ള ഒരു ദിവസം,പഠിച്ചിട്ട് പോരുമ്പോ ബസ് സ്റ്റോപ്പിൽ ഒരു പെൺകുട്ടി ഇരുന്ന് കരയുന്നു..ഷർട്ടും പാവാടയും ഒക്കെ ഇട്ട് ഒരു കൊച്ച് ഉണ്ടപ്പക്രു..ശ്രെദ്ധിച്ചപ്പോഴല്ലേ കാര്യം മനസ്സിലായെ…ഈ മുഖക്കുരു അവൾക്ക് ഇഷ്ടല്ല..ആരോ കളിയാക്കി ന്നൊക്കെ പറഞ്ഞു വിങ്ങി വിങ്ങി കരയുവാ…സത്യത്തിൽ നിക്ക് അപ്പോ ചിരി വന്നു….പക്ഷേ ന്തോ അപ്പോ അങ്ങ് വെറുതെ തോന്നി പ്രേമിച്ചാലോ ന്ന്…പിന്നെ പിന്നെ അറിയാതെ അങ്ങ് ഇഷ്ടപ്പെട്ടു പോയി…വിട്ട് കളയാൻ പറ്റാത്ത അത്രക്ക്..”

“പിന്നെന്തേ പറയാഞ്ഞേ..”

“ഇങ്ങനെ പറയുമ്പോ അല്ലേ ഒരു സുഖം..ഒരു മുയൽകുഞ്ഞിനെ പോലെ ദേ നീ ന്റെ ഈ നെഞ്ചിൽ ചാഞ്ഞു കിടക്കുമ്പോ നിന്നോട് ന്റെ ഇഷ്ടം പറയണംന്ന് ആയിരുന്നു..”

എന്തിനോ ഇതുവരെ ഇല്ലാത്ത ഒരു വികാരം എന്നിൽ ഉടലെടുത്തു…ആ മാറിലേക്ക് ഞാൻ ഒട്ടിചേർന്നു…

മയങ്ങിപ്പോയി ഞാൻ മയങ്ങിപ്പോയി ന്റെ അനന്ദേട്ടന്റെ വാക്കുകളിൽ ഞാൻ മയങ്ങിപ്പോയി..

അങ്ങനെ ഞങ്ങടെ പ്രണയം അവിടെ പൂത്ത് തളിർക്കാൻ തുടങ്ങി…കാര്യം പുള്ളിക്കാരൻ എന്നെ പ്രേമിച്ചു കെട്ടിയത് ആണെങ്കിലും ഞാൻ അങ്ങേരെ കെട്ടിയിട്ട് പ്രേമിച്ചു..നോട്ട് ദി പോയിന്റ് ‘കെട്ടിയിട്ട് ‘അല്ല ‘കെട്ടി യിട്ട് ‘..എങ്ങനെ പറഞ്ഞാലും രണ്ടും ഒന്ന് തന്നെയാ…

ലുബ് ആണെന്നും പറഞ്ഞു പണി കൊടുക്കാതെ ഒന്നും ഇരുന്നില്ല കേട്ടോ…ഹിഹി…

വർഷങ്ങൾക്ക് ശേഷം വെച്ചത് രണ്ടും വാഴഴേക്കാൾ കഷ്ടം ആണെന്ന് തോന്നിയിട്ട് ഇപ്പോ വാഴകൃഷി ചെയ്യാൻ പ്ലാൻ ഇടുന്നുണ്ട് ന്റെ അനന്ദേട്ടൻ ?

ശുഭം !!!

Nb:വെറുതെ എഴുതിയതാട്ടോ…മാവ് റൂമിൽ വെയ്ക്കുന്ന ആചാരം ഉണ്ട് ന്ന് പറഞ്ഞപ്പോ വിശ്വസിക്കുന്ന അമ്മമാരൊക്കെ കഥയിൽ മാത്രം ആട്ടോ ??