നിനവ് ~ പാർട്ട് 07 ~ എഴുത്ത്: NIDHANA S DILEEP

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അരുണേട്ടന്റെ അലർച്ചയും എല്ലാം തല്ലി തകർക്കുന്ന ശബ്ദം കേട്ട് മുറിയിലേക്ക് ഓടി പോവാൻ നോക്കവേ ശ്രീജേച്ചി പിടിച്ചു വെച്ചു

നീ പോവേണ്ട…ഇങ്ങനെ ഒക്കെ ഉണ്ടാവുംന്നു സ്വാമി പറഞ്ഞിരുന്നു.

കരഞ്ഞു തളർന്ന അരുണേട്ടന്റെ അമ്മയേയും അമ്മയെ ചേർത്തു പിടിച്ച അച്ഛനേം നിസഹായതോടെ നോക്കി.ഏറെ നേരത്തിന് ശേഷം ബഹളങ്ങൾ കെട്ടടങ്ങി.

ഓടി ചെന്നു നോക്കിയപ്പോൾ മുറിയാകെ വലിച്ചു വാരി ഇട്ടിരിക്കുന്നു.അരുണേട്ടൻ നിലത്ത് ചുരുണ്ടു കൂടി കിടക്കുന്നു

അരുണേട്ടാ…..

കുലുക്കി വിളിച്ചപ്പോൾ ഒന്നു ഞെരങ്ങിയതല്ലാതെ മറ്റൊരു പ്രതികരണവുമില്ല. നിലത്തിരുന്നു മുടിയിൽ തലോടി.കുറച്ച് ദിവസം കൊണ്ട് ആകെ ക്ഷീണിച്ചിരിക്കുന്നു. ചുരുണ്ടു കൂടി കിടന്ന അരുണേട്ടന്റെ മോളിൽ തല വെച്ച് ഞാനും ചുരുണ്ടു കൂടി കിടന്നു.

അക്കുവിന് വേണ്ടി ഇങ്ങനെ അരുണേട്ടൻ ഉരുകി ഇല്ലാതാവുമ്പോ കൂടെ ഇല്ലാതാവുന്നത് ഞാൻ കൂടി ആണ്…മനസ് ഉരുകി ഒലിക്കുന്നു അരുണേട്ടാ…..

കൃഷ്ണ…ഇങ്ങ് പോന്നോളൂ…അരുൺ ഇപ്പോഴൊന്നും ഉണരില്ല….

രാവുണ്ണി നായരത് പറഞ്ഞപ്പോൾ കുറച്ച് നേരം കൂടി അവ്ടെ ഇരുന്ന് രാവുണ്ണി നായർക്ക് പിറകെ നടന്നു

????????????

അടുക്കളയിൽ ഗ്ലാസ് വീഴുന്ന ശബ്ദം. ഇരുട്ടിൽ ആരോ പിറകിൽ നിക്കുന്ന പോലെ. പിൻ കഴുത്തിൽ പതിഞ്ഞ നിശ്വാസവും ഗന്ധവും മതിയായിരുന്നു ആളെ മനസിലാക്കാൻ

അരുണേട്ടാ….എന്താ ഇവ്ടേ….

ശ്…മിണ്ടല്ലേ….

വാ പൊത്തി പിടിച്ചു

നീ…വാ……

എന്താ അരുണേട്ടാ…ഇത്..

അരുണേട്ടന്റെ കൂടെ ചെന്ന് നിന്നത് കുളത്തിന്റെ കൽ പടവിലായിരുന്നു

എന്തിനാ അരുണേട്ടാ…ഇപ്പോ ഇവ്ടെ വന്നേ…

എനിക്ക്…പേടിയാവുന്നു..അക്കൂ..ഉറങ്ങാൻ പറ്റുന്നില്ല…നിന്നെ നഷ്ടപ്പെട്വോന്ന്…..നീ…എന്നെ വിട്ട് പോവ്വോ….

വിറങ്ങലിച്ച് നിന്നു.അരുണേട്ടൻ പൂർണമായും സുബോധത്തിലേക്ക് വരുന്നോണ്ടാണോ ഇങ്ങനെ.

പറയ്…അക്കൂ പോവ്വോ..നീ…എന്നെ വിട്ട്….

കവിളിലും മുടിയിലുമെല്ലാം ഭ്രാന്ത് പിടിച്ച പോലെ തലോടി കൊണ്ട് ചോദിച്ചു

ഇല്ല…അരുണേട്ടാ…അരുണേട്ടന് വെറ്തേ ഓരോന്ന് തോന്നുന്നതാ…

അല്ലാ…എന്റെ മനസ് പറയുന്നു…നിന്നെ നഷ്ടപ്പെടുംന്ന്..ആവില്ല….അരുണിനത്….അക്കൂ…വയ്യ..നിന്നെ നഷ്ടപ്പെട്ടാൽ പിന്നെ ഞാനെന്തിനാ…നീ അല്ലേ ഞാൻ…അക്കു ഇല്ലേൽ പിന്നെ അരുണുണ്ടോ…

പകപ്പോടെ അരുണേട്ടനെ നോക്കി

അക്കൂ..പണ്ട് നമ്മൾ ചെറുപ്പത്തിൽ ഇവ്ടുന്ന് കല്യാണം കഴിച്ചത് ഓർമ ഉണ്ടോ…അതു പോലെ കഴിക്കാം ഒന്നൂടി….

കീശയിലെന്തോ തപ്പി കൊണ്ട് ചോദിച്ചു

അരുണേട്ടൻ എന്തൊക്കെയാ ഈ പറണത്…..

നിന്റെ കഴുത്തിൽ കെട്ടാൻ വാങ്ങിച്ചതാ ഈ താലി…എന്താ..ഞാൻ കെട്ടാതിരുന്നെ….ഓർമ കിട്ടുന്നില്ല…നമ്മൾടെ കല്യാണം തീരുമാനിച്ചതല്ലായിരുന്നോ…ഇടക്ക് എന്തോ തലക്കുള്ളിൽ മൂളക്കം പോലെ…നീ ചോര ഒലിച്ച് കിടക്കുന്നതൊക്കെ സ്വപ്നം കാണുന്നു…കണ്ണടച്ചാ നീ പുകമറയിലേക്ക് പോവുന്നതാ കാണുന്നേ…തലയിൽ എന്തൊക്കെയോ വന്നിടിക്കും പോലെ തോന്നുന്നു…നീ എന്നെ വിട്ട് പോവ്വോ അക്കൂ…പറയ്…

ഇല്ല..അരുണേട്ടാ…അരുണേട്ടന്റെ കൂടെ എന്നും ഞാനുണ്ടാവും..ബാക്കി ഒക്കെ വെറ്തേ തോന്നുന്നതാ.. അരുണേട്ടന്…

നമ്മക്ക് കല്യാണം കഴിക്കാം..പിന്നെ നമ്മളെ പിരിക്കാൻ പറ്റില്ലാലോ….

അതൊന്നും വേണ്ടാ അരുണേട്ടാ…നമ്മൾ ഒരിക്കലും പിരിയില്ല….പിന്നെന്തിനാ ഇങ്ങനെ ഒക്കെ…

വേണം…അക്കൂ……എന്റെ സമാധാനത്തിന് വേണ്ടി….സമ്മതിക്ക് അക്കൂ……

എനിക്ക് വേണ്ടി….

വീണ്ടും കേഴും പോലെ പറഞ്ഞപ്പോൾ സമ്മതിച്ചു

താലി കൊട്ടുമ്പോൾ അരുണേട്ടന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.ധൃതി പിടിച്ച് എന്തൊക്കെയോ കാട്ടികൂട്ടി.താലി കെട്ടി കഴിഞ്ഞ് ഒരിക്കലും വിട്ടു കൊടുക്കില്ലാ എന്ന പോലെ മുറുകെ കെട്ടിപ്പിടിച്ചു.

മുഖത്ത് വിരലുകളിൽ എടുത്തു.കണ്ണുകളിൽ പ്രണയത്തിനപ്പുറം മറ്റൊരു ഭാവം.

സ്വന്തമാക്കട്ടേ..ഞാനെന്റെ അക്കൂനെ….

കണ്ണുകളിൽ കണ്ണു തറഞ്ഞു നിന്നു.മറുത്തെന്തെങ്കിലും പറയും മുൻപ് മുഖത്ത് ചുണ്ടുകൾ ഇഴഞ്ഞു തുടങ്ങിയിരുന്നു.അരണേട്ടനിൽ നിന്ന് അകന്നു മാറി.

വേണ്ടാ അരുണേട്ടാ..നമുക്ക് പോവാം….

എന്നെ ഇഷ്ടമല്ലെ…അക്കൂന്…

ഇഷ്ടാണ്…..

ഈ നിമിഷവും ഞാൻ മറക്കില്ല അക്കൂ…..

ചെവിയിൽ മന്ത്രിച്ചു.

അക്കുവിനായ് മിടിക്കുന്ന ഹൃദയ താളവും കേട്ട് നെഞ്ചിൽ തല ചായ്ച്ചു നിന്നു. മുടിയിൽ തലോടി കൊണ്ടിരുന്നു.ആ തലോടലിൽ അലിഞ്ഞു നിന്നു.

വിരലുകളുടെ ഗതി മാറിയപ്പോൾ വിറയലോടെ വീണ്ടും അകന്നു.

കുസൃതി ചിരിയോടെ ചേർത്തു പിടിച്ചു.

ഈ നാണം അക്കുവിന് അഴകാണ്….ഈ നിലാവിനേക്കാൾ ഭംഗിയുണ്ടതിന്.ഈ നാണം ഞാൻ സ്വന്തമാക്കുമ്പോ നിലാവിന് എന്നോട് അസൂയ തോന്നും അല്ലേ അക്കൂ…

പിടച്ചലോടെ അരുണേട്ടനെ നോക്കി.

അക്കൂ …എനിക്ക് ഇവ്ടേ ഉമ്മ തര്വോ…

നെറ്റിയിൽ വിരൽ വെച്ച് ചോദിച്ചപ്പോൾ ആ നെറ്റിയിൽ വീണു കിടക്കുന്ന ഓരോ മുടിയിഴകൾ പ്രണയത്തോടെയും വിറയലോടെയും എടുത്തു മാറ്റി ചുണ്ടുകൾ കൊണ്ട് അവിടെ പ്രണയത്തിന്റെ മുദ്ര പതിപ്പിച്ചു.

എന്തിനാ എപ്പോഴും നെറ്റിയിൽ ഉമ്മ വെക്കാൻ പറയണത്…

പൊതിഞ്ഞു പിടിച്ച കൈകൾക്കുള്ളിൽ ഒതുങ്ങി കൊണ്ട് ചോദിച്ചു.

അതൊരു വാഗ്ദാനമാണ്…ഓർമപെടുത്തലാണ്…എന്നും കൂടെ ഉണ്ട്…എന്നും സംരക്ഷിക്കും…എന്നും നിന്റേതാണ്…നെറ്റിയിലെ ചുംബനത്തിന് അർഥം പലതാണ് പെണ്ണേ….നീ നെറ്റിയിൽ ഉമ്മ വെക്കുമ്പോൾ ഒരു സമാധാനമാ…നീ എന്റെ കൂടെ ഉണ്ട്..ഒരിക്കലും വിട്ട് പോവില്ലാന്നുള്ള സമാധാനം..

ഓരോ വാക്കും അവസാനിച്ചത് ചുംബനത്തിലായിരുന്നു

പ്രണയം ഇടതടവില്ലാതെ ഒഴുകിയ നിമിഷങ്ങൾ.

കണ്ണു തുറന്നപ്പോൾ നിലാവിന്റെ നീലിമയിൽ കണ്ടത് മുഖത്തേക്ക് തന്നെ നോക്കി കിടക്കുന്ന അരുണേട്ടനെയാണ്.കൺപീലികളിൽ നാണത്തിന്റെ തൂക്കം കൂടി.

അക്കൂ… നിമിഷത്തെ ഓർത്ത് വെക്കാൻ നീ എനിക്കെന്താ തരികാ…

മന്ത്രിക്കും പോലെ ചോദിച്ചു.

അരുണേട്ടനിൽ ചേർന്നു കിടന്നു.

ഈ നിമിഷത്തെ തന്നെ….

അരുണേട്ടനിൽ ഒതുങ്ങി കൊണ്ട് പ്രതിവചിച്ചു.

തുടരും….