എഴുത്ത്: ദേവാംശി ദേവ
“ടാ…മനു എഴുന്നേൽക്കേടാ…”
“എന്താ അമ്മേ..ഞായറാഴ്ച ആയിട്ട് ഇന്ന് കിടക്കാൻ കൂടി സമ്മതിക്കില്ലേ.”
“മണി പതിനൊന്ന് ആയി..പാതിരാത്രി വരെ ഫോണിൽ കുത്തിയിരുന്നിട്ടല്ലേ.”
“അമ്മക്ക് ഇപ്പൊ എന്താ വേണ്ടേ..”
“എന്റെ പാവലും പയറുമൊക്കെ പടർന്ന് തുടങ്ങി.. നീ വന്ന് അതിനൊക്കെ വള്ളി കെട്ടി തന്നെ.”
“അതിന് ഏട്ടത്തിയെ വിളിച്ചാൽ പോരെ..”
“ഓ.. അവള് രാവിലെ തന്നെ തയ്ക്കാൻ ആണെന്നും പറഞ്ഞ് കുറച്ച് തുണികളും കൊണ്ട് സുമയുടെ അടുത്തേക്ക് പോയിട്ടുണ്ട്.. ഇനി രണ്ടും ചേർന്ന് തുടങ്ങി കോളും അമ്മായിഅമ്മമാരെ കുറ്റം പറയാൻ.”
ഇപ്പൊ തന്നെ നിങ്ങൾക്ക് മനസ്സിലായി കാണുവല്ലോ അമ്മയും ഏടത്തിയും തമ്മിൽ നല്ല സ്നേഹത്തിൽ ആണെന്ന്.
ഏട്ടൻ കണ്ട് ഇഷ്ടപ്പെട്ട നടന്ന കല്യാണം ആണ് ഏട്ടന്റെയും ഏട്ടത്തിയുടെയും.
ഇന്ന് വരെ അമ്മ ഞങ്ങളുടെ രണ്ട് പേരുടെയും ഇഷ്ടത്തിനൊന്നും എതിരു നിന്നിട്ടില്ല…
വിവാഹം കഴിഞ്ഞ് കുറച്ചു ദിവസം കൊണ്ട് തന്നെ അമ്മയും ഏടത്തിയും തമ്മിൽ പോര് തുടങ്ങി..
പക്ഷെ രണ്ട് പേർക്കും ഏട്ടനെ പേടി ആണ്..അതുകൊണ്ട് തന്നെയാണ് ഏട്ടൻ ദുബായിലേക്ക് പോയിട്ടും വല്യ തട്ടലും മുട്ടലും ഇല്ലാതെ പോകുന്നത്.
“മനു..നീ എഴുന്നേൽക്കുന്നോ അതോ ഞാൻ തലവഴി വെള്ളം കോരി വീഴ്ത്തണോ.”
ഇനി കിടന്നാൽ ശരിയാകില്ല…പെട്ടെന്ന് എഴുന്നേറ്റ് ഞാൻ അമ്മയോടൊപ്പം പുറത്തേക്ക് പോയി.
അടുക്കള തോട്ടം എന്നും പറഞ്ഞ് കുറച്ച് പച്ചക്കറികൾ കൊണ്ട് വന്ന് മുറ്റത്ത് നട്ടുവെച്ചിട്ടുണ്ട്..
“നീ ആഹാരം കഴിക്കുന്നില്ലേ..”
“ഇപ്പൊ വേണ്ട..കുറച്ച് കഴിഞ്ഞ് ചോറുണ്ണാം.” അതും പറഞ്ഞ് അമ്മയോടൊപ്പം പാവലും പയറുമൊക്കെ വള്ളികെട്ടി പടർത്താൻ തുടങ്ങി..
“വീണ മോളെ…മോളെങ്ങോട്ടാ.”
അമ്മയുടെ ചോദ്യം കേട്ടാണ് തിരിഞ്ഞു നോക്കിയത്.
“ഒരു ഫ്രണ്ടിന്റെ വീട് വരെ പോകുവാ ആന്റി.”
വീണ…
അടുത്ത വീട്ടിലെ കുട്ടിയാണ്. P G കഴിഞ്ഞു നിൽക്കുന്നു.അച്ഛന്റെയും അമ്മയുടെയും ഏക മകൾ. അച്ഛൻ വിദേശത്ത് ആണ്..സുന്ദരി,സുശീല, സുമുഖ, സൽസ്വഭാവി…
ആരും നോക്കണ്ട…ഈ വർണനകൾ ഒന്നും എന്റെ വക അല്ല.. എന്റെ അമ്മയുടെ വകയാണ്.
ആൾ ദേ വീണ പോയ ഭാഗത്തേക്ക് നോക്കി നിൽപ്പുണ്ട്..
“ഇങ്ങനെ നിന്ന് വായി നോക്കാതെ ആ കത്തി ഇങ്ങ് എടുത്തെ അമ്മേ.”
“നിനക്ക് കഴിവുണ്ടായിരുന്നെങ്കിൽ എനിക്ക് ഇങ്ങനെ വായി നോക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ.”
“ഞാൻ നോക്കീട്ട് എന്താ അമ്മെ കാര്യം. അതൊക്കെ പുളിങ്കൊമ്പാ…
പണം,വിദ്യാഭ്യാസം, സൗന്ദര്യം…ഒന്നുകൊണ്ടും ചേരില്ല…
മാത്രവും അല്ല ആ കൊച്ചിന് ഉടനെ തന്നെ നലൊരു ജോലി കിട്ടും…അപ്പൊ ഈ കൂലി പണിക്കാരൻ വായി നോക്കിയിട്ട് എന്താ കാര്യം.”
“ഈ റെസിഡൻസിൽ നീ ഒഴിച്ച് നിന്റെ കൂട്ടുകാരനമാർ എല്ലാം ആ കൊച്ചിന്റെ പുറകേയ…പിന്നെ നിനക്ക് മാത്രം എന്താ.”
“എനിക്ക് വേറെ പണിയുണ്ട്.”
അതും പറഞ്ഞ് ഞാൻ അകത്തേക്ക് പോയി.. പല്ലുതേപ്പും കുളിയുമൊക്കെ കഴിഞ്ഞു വന്ന് tv യുടെ മുന്നിൽ ഇരുന്നു..
കുറച്ച് കഴിഞ്ഞതും അമ്മ ഊണ് കഴിക്കാൻ വിളിച്ചു.. ഊണ് കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ് ഏടത്തിയുടെ വരവ്.
“അമ്മേ…..” തേനും പാലും ചേർത്തുള്ള വിളി..എന്തോ ഉദ്യേശം ഉണ്ട്.
“ഓ… എഴുന്നള്ളിയോ…എവിടെ ആയിരുന്നെടി ഇത് വരെ..”
“എന്റെ പൊന്ന് അമ്മേ അമ്മ ഒരു കാര്യം അറിഞ്ഞോ.”
“എനിക്ക് ഒന്നും അറിയണ്ട…”
“”അയ്യോ അമ്മേ ഇത് അമ്മ അറിയേണ്ട കാര്യമാ..നമ്മുടെ വീണയില്ലേ…അമ്മയുടെ പുന്നാര വീണമോള്.. അവൾ ആരുടെയോ കൂടെ ഒളിച്ചോടി പോയി..”
“ദേ കവിതെ ആ കൊച്ചിനെ കുറിച്ച് അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ.”
“ഞാൻ പറഞ്ഞതൊന്നും അല്ല. അപ്പുറത്തെ ദിവാകരൻ ചേട്ടൻ കണ്ടതാ. മൃദുല ചേച്ചി അവിടെ കരഞ്ഞു വിളിക്കുന്നുണ്ട്.”
“എന്റെ ഈശ്വരാ.. ഞാൻ അങ്ങോട്ടേക്ക് ഒന്ന് ചെല്ലട്ടെ.”
കേട്ടപാതി കേൾക്കാത്ത പാതി ‘അമ്മ അങ്ങോട്ടേക്ക് ഓടി.
“എന്നാലും എന്റെ മനു..ആ കൊച്ച് ഇങ്ങനെ ചെയ്തല്ലോ.”
ഏടത്തി സ്നേഹത്തോടെ എന്റെ അടുത്തേക്ക് ഇരുന്ന് ഒരു മീൻ വറുത്തത്
കൂടി എന്റെ പ്ളേറ്റിലേക്ക് വെച്ചു.
“അല്ലേലും ഈ മിണ്ടാപൂച്ചയായിട്ട് ഇരിക്കുന്നവരെ ഒന്നും വിശ്വസിക്കാൻ കൊള്ളില്ല മനു…ഹോ..അമ്മക്ക് അവളെന്ന് പറഞ്ഞാൽ ജീവൻ ആയിരുന്നല്ലോ..അപ്പോഴേ ഞാൻ കരുതിയതാ..”
ഒരു വറുത്ത മീൻ കൂടി എന്റെ പ്ളേറ്റിലേക്ക് വന്നു.
“ഏടത്തിയുടെ അനിയത്തി ഏതോ പയ്യനുമായിട്ട് പ്രേമത്തിൽ ആണെന്ന് കേട്ടല്ലോ…ഉടനെ കല്യാണം ഉണ്ടാവോ..”
അത്രയും കേട്ടതും വാനത്തിലേക്ക് ഉയർന്ന് പറന്ന ഏടത്തി ചിറകറ്റ് താഴേക്ക് വീണു.
“ഞാൻ മൃദുല ചേച്ചിയെ ഒന്ന് കണ്ടിട്ട് വരാം.”
ഏടത്തിയുടെ പോക്ക് കണ്ട് ഞാൻ ഒന്ന് ചിരിച്ചു. ഊണും കഴിഞ്ഞ് ഒന്ന് ഉറങ്ങാൻ ആയി മുറിയിലേക്ക് ചെന്നപ്പോൾ ആണ് ജനൽ വഴി വീണയുടെ വീട്ടിലെ ആൾക്കൂട്ടം കണ്ടത്.
മൃദുല ചേച്ചി കരയുകയാണ്..അമ്മ ഉൾപ്പെടെ ഉള്ള അമ്മായിയമ്മ മാരെല്ലാം ചുറ്റും കൂടി നിന്ന് സമാധാനിപ്പിക്കുന്നുണ്ട്.
ഏടത്തിയുടെ നേതൃത്വതിലുള്ള മരുമക്കൾ സംഘം എല്ലാം ഒരു ഭാഗത്ത്.
രാജേഷ്,ദീപു,വിഷ്ണു,ലാലു,ഷെമീർ, ജോഷി,പ്രദീപ് തുടങ്ങി റെസിഡൻസിലെ കോഴികൾ എല്ലാം വെള്ളത്തിൽ വീണ പോലെ മതിലും ചാരി നിൽപ്പുണ്ട്.
ദിവകരേട്ടൻ മുണ്ടും മടക്കി കുത്തി ഇവർക്കൊക്കെ നടുവിൽ നിന്ന് കാര്യമായി പ്രസംഗിക്കുന്നുണ്ട്. ആൾ അടിച്ച് പാമ്പാണെന്ന് കണ്ടാൽ തന്നെ അറിയാം
ഇനി എന്റെ കുറവായിട്ട് എന്തിനാ.. ഒരു ഷർട്ടും എടുത്തിട്ട് ഞാനും അങ്ങോട്ടേക്ക് പോയി.
“അളിയാ മനു..നമ്മുടെ വീണ..” ദീപു ആണ് ..
കഴിഞ്ഞ മാസം അവന്റെ അമ്മുമ്മ മരിച്ചപ്പോൾ പോലും ഇത്രയും ദുഃഖം കണ്ടിട്ടില്ല.
“നമ്മുടെ വീണയോ..”
“ഓ.. നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല..ഞങ്ങളുടെ വീണ..നീ ഒഴിച്ച് ഞങ്ങൾ എല്ലാവരും എത്ര ആത്മാർഥതയോടെ ആണ് അവളുടെ പുറകെ നടന്നത്…എന്നിട്ടും പുറത്തൂന്ന് ഒരുത്തൻ കൊണ്ട് പോയല്ലോ.” പ്രദീപ് ശബ്ദം താഴ്ത്തി പറഞ്ഞു.
“എന്താ പറ്റിയത്.” ഞാൻ ചോദിച്ചതും ദിവകാരേട്ടൻ എന്റെ മുന്നിലേക്ക് ചാടി വീണു.
“എന്റെ മനു…ഞാൻ ബീബറേജിന്റെ മുന്നില് വളരെ മാന്യമായി വരി നിൽക്കുവായിരുന്നു.”
ആൾ മടക്കികുത്തിയ മുണ്ട് അഴിച്ചിട്ട് മാന്യത അഭിനയിച്ച് കാണിച്ചു.
“അപ്പൊ ദേ നമ്മുടെ വീണകൊച്ച് ഏതോ ഒരുത്തന്റെ ബൈക്കിൽ കേറി പോണു.
ഞാൻ വീണ മോളെ എന്ന് വിളിച്ചിട്ടും നിൽക്കാതെ ഒറ്റപോക്ക്.”
ആൾ വീണ്ടും മുണ്ട് മടക്കിക്കുത്തി.
“ഞാൻ അന്നേ മൃദുല ചേച്ചിയോട് പറഞ്ഞതാ മോളെ വലിയ പഠിപ്പിനൊന്നും വിടാതെ പിടിച്ച് കെട്ടിക്കാൻ…അപ്പൊ അതാരും കേട്ടില്ല. ഇപ്പൊ എന്തായി..കുടുംബത്തിന്റെ മാനം പോയല്ലോ..”
“എന്റെ മനുഷ്യ നിങ്ങളൊന്ന് നിർത്ത്.” ദിവകാരേട്ടന്റെ ഭാര്യ രമ ചേച്ചി പറഞ്ഞു.
“നീ അങ്ങോട്ടേക്ക് മാറെടി..വിജയേട്ടൻ എന്റെ സ്വന്തം ഏട്ടൻ ആണ്..ആ മനുഷ്യനെ അല്ലെ ആ എരണം കെട്ടവള് നാണം കെടുത്തിയത്..
പിഴച്ചവൾ.”
“ഇനി ഒരക്ഷരം മിണ്ടിയാൽ പല്ലടിച്ച് ഞാൻ താഴെ ഇടും…ഇത്രയും നേരം മിണ്ടാത്തത് നിങ്ങളുടെ പ്രായത്തെ ഓർത്താണ്.”
ദിവകാരേട്ടന്റെ ഷർട്ടിന് കുത്തിപിടിച്ചു കൊണ്ട് ചോദിച്ചു.
“അങ്ങേര് കുടിച്ച് ബോധമില്ലാതെ പറയുന്നത് അല്ലെ മനു…”
രമചേച്ചി ഓടിവന്ന് എന്നെ പിടിച്ചുമാറ്റി.
എല്ലാവരും എന്റെ മാറ്റം കണ്ട് അന്തം വിട്ട് നിൽപ്പുണ്ട്.
“മൃദുലേച്ചി അവളെ വിളിച്ചില്ലെ..”
“ഫോൺ സ്വിച്ച് ഓഫ് ആണ് മനു.” കരച്ചിലിനിടയിലും അവർ പറഞ്ഞു.
“ദേ..വീണ വരുന്നു.” ദീപു ആണ് വിളിച്ചു പറഞ്ഞത്.
അവന്റെ മുഖത്ത് ഓണം ബമ്പർ അടിച്ച സന്തോഷം.
വീടിനു മുന്നിലെ ആൾകൂട്ടം കണ്ട് പേടിച്ച് ഓടി വരുകയായിരുന്നു.
“എന്താ ..എന്താ ഇവിടെ.”
“നീ ഇത് വരെ എവിടെ ആയിരുന്നു.” ദേഷ്യത്തോടെ ആണ് അവളോട് ചോദിച്ചത്.
“ഒരു ഫ്രൻഡിന്റെ വീട്ടിൽ പോയതാ.”
“നീ ആരുടെയോ ബൈക്കിൽ കേറി ഒളിച്ചോടി പോയെന്ന് അറിഞ്ഞിട്ട് വന്നവരാ ഇതൊക്കെ.”
“ഒളിച്ചോടി പോകാനോ…വഴിയിൽ വെച്ച് കിഷോറേട്ടനെ കണ്ടു.ഏട്ടന്റെ ബൈക്കിൽ ആണ് പോയത്.”
കിഷോർ അവളുടെ വകയിൽ ഒരു അങ്ങള ആണ്.
“നിന്റെ ഫോൺ എവിടെ.”
“അത് ചാർജ് തീർന്ന് ഓഫ് ആയി.”
“അതെന്താ ഫോൺ ചാർജ് ചെയ്ത് വെക്കാൻ നിന്റെ കയ്യിൽ ചാർജർ ഇല്ലേ.”
“പാതിരാത്രി വരെ സംസാരിച്ചിരുന്നപ്പോൾ ഓർക്കണം ആയിരുന്നു ഫോണിന്റെ ചാർജ് തീരും എന്ന്… പിന്നീട് ഞാൻ മറന്നും പോയി.”
അവള് വിളിച്ചു പറയുന്നത് കേട്ട് ആരുടെയൊക്കെ കിളികൾ എങ്ങോട്ടൊക്കെ പോയെന്ന് ഒരുപിടിയും ഇല്ല.
മൃദുല ചേച്ചി വായും തുറന്ന് ഇരിപ്പുണ്ട്. അറ്റാക്കാണോ എന്തോ.
അമ്മയാണെങ്കിൽ പൊട്ടിയ ലഡ്ഡുവിന്റെ എണ്ണം എടുക്കുന്ന തിരക്കിൽ ആണെന്ന് തോന്നുന്നു.
ഏടത്തി ഏതോ പ്രേത സിനിമ കണ്ട പോലെ നിൽപ്പുണ്ട്.
വീഴാറായ ദീപുവിനെ രാജേഷ് ചേർത്ത് പിടിച്ചിട്ടുണ്ട്.
“അമ്മേ ഞാൻ ആരുടെ കൂടെയും ഒളിച്ച് ഓടിയിട്ടില്ല..ദേ ഈ മനുവേട്ടനും ഞാനും കഴിഞ്ഞ പത്ത് വർഷമായി ഇഷ്ടത്തിലാ.”
പൂർത്തിയായി…
കുറെ നാളായി ഞങ്ങളുടെ കാര്യം വീട്ടിൽ പറയാൻ അവൾ പറയുന്നുണ്ട്. എന്റെ ഏട്ടനും അവളുടെ അച്ഛനും വരട്ടെ എന്ന് പറഞ്ഞു ഞാനാണ് എതിർത്തത്.
എന്തായാലും കിട്ടിയ അവസരം ശരിക്കും മുതലാക്കി കുരുപ്പ്.
ഇനി ഞാൻ ആയിട്ട് മാറി നിൽക്കുന്നത് എന്തിനാ..
“അതേ മൃദുലേചി.. അല്ല അമ്മേ..അവള് പറഞ്ഞത് സത്യം ആണ്..ഇഷ്ടത്തിൽ ആണെന്ന് മാത്രം അല്ല ഞങ്ങളുടെ രെജിസ്റ്റർ മേരെജും കഴിഞ്ഞു.
വീണയുടെ അച്ഛൻ വന്നിട്ട് പറയാൻ ഇരുന്നതാ…”
ആരും ഒന്നും പറയുന്നില്ല.. എങ്ങും നിശബ്ദത..
“വീണേ…”
“എന്താ മനുവേട്ട…”
എന്തൊരു അനുസരണ…ഇന്നലെ രാത്രി ഫോൺ ചെയ്തപ്പോ കൂടി എന്തെല്ലാം വിളിച്ച് പറഞ്ഞതാന്ന് എനിക്കെ അറിയൂ.
“അകത്തേക്ക് പോ..” അത് കേട്ടതും അവൾ അകത്തേക്ക് ഓടി.
“ടി…അമ്മയെ കൂടി വിളിച്ചിട്ട് പോ..”
വീണ മൃദുല ചേച്ചിയുടെ കയ്യും പിടിച്ച് അകത്തേക്ക് നടന്നു.
“ഞാൻ അപ്പോഴേ പറഞ്ഞില്ലെടി ആ പെണ്ണ് പ്രേമിച്ചേ കേട്ടു എന്ന്.. ഇപ്പൊ എന്തായി.”
ദിവകാരേട്ടൻ രമചേച്ചിയോട് പറയുന്നത് കേട്ട് ഞാൻ തുറിച്ചു നോക്കി.
“തല്ല് കൊണ്ട് ചാകാതെ ഇങ്ങോട്ട് വാ മനുഷ്യ..”
രമചേച്ചി ദിവകാരേട്ടനെ വലിച്ച് വീട്ടിലേക്ക് കൊണ്ട് പോയി.
“‘അമ്മ പോണില്ലേ…” ഗൗരവത്തോടെ അമ്മയോട് ചോദിച്ചപ്പോൾ ‘അമ്മ വീട്ടിലേക്ക് ഓടി.
“ഏടത്തി ഇനി ഏട്ടൻ പറഞ്ഞാലേ പോകുള്ളൂ..”
പോക്കെറ്റിൽ നിന്ന് ഫോൺ എടുത്തപ്പോൾ ഏടത്തിയും സ്ഥലം വിട്ടു..
അടുത്തത് എന്നെ അത്ഭുതത്തോടെ നോക്കി നിൽക്കുന്ന ഫ്രണ്ട്സ്…
“അതേ… ഇനി അവളുടെ പുറകെ ഉള്ള നടത്തം വേണ്ട..”
“അത്..ഞങ്ങൾ പെങ്ങൾക്ക് ഒരു കൂട്ടിന്…വഴി തെറ്റാതിരിക്കാൻ.”
“അവള് ജനിച്ചു വളർന്ന നാടണ് ഇത്..ഇവിടുത്ത വഴികളൊക്കെ അവൾക്ക് അറിയാം..ഇനി അഥവാ തെറ്റിയാലും ഞാൻ കാണിച്ചു കൊടുത്തോളം….അളിയൻമാര് ബുദ്ധിമുട്ടണ്ട.”
എല്ലാവരും ഒരുമിച്ച് ശരി എന്ന് തലയാട്ടിയപ്പോൾ സത്യത്തിൽ ചിരിയാണ് വന്നത്…
അതും മറച്ച് പിടിച്ച് ഗൗരവത്തിൽ അവരെ ഒന്ന് നോക്കി വീട്ടിലേക്ക് നടക്കുമ്പോൾ പത്ത് വർഷം മുൻപുള്ള ഒരു രാത്രി ആയിരുന്നു മനസ്സിൽ.
പത്താം ക്ലാസ്സിലെ സെന്റ് ഓഫ് ഫൻക്ഷന് ദാവണിയും ഉടുത്ത് വരുമ്പോൾ ആണ് വീണ ഒരു പ്രണയമായി ഉള്ളിലേക്ക് കടന്നത്.
അന്ന് രാത്രി തന്നെ അവളുടെ വീടിന്റെ മതിലുചാടി…ജനലുവഴി അവളെ വിളിച്ചുണർത്തി “എനിക്ക് തന്നെ ഒരുപാട് ഇഷ്ടം ആണ്. തിരിച്ച് ഇഷ്ടപ്പെട്ടില്ലെങ്കിൽ പിന്നെ ഒരു നിമിഷം ഞാൻ ജീവിച്ചിരിക്കില്ല.” എന്ന് പറഞ്ഞ് കയ്യിലിരുന്ന തേനിന്റെ ലേബൽ ഇളക്കിയ കുപ്പിയും കാണിച്ചു.
അത് വിശ്വസിച്ച ആ പൊട്ടിപ്പെണ്ണ് പിറ്റേന്ന് തന്നെ അമ്പലത്തിൽ വെച്ച് ഇഷ്ടം ആണെന്ന് പറഞ്ഞു..
പിന്നീട് അങ്ങോട്ട് പ്രണയകാലം ആയിരുന്നു..
കൊടുത്ത സ്നേഹത്തിന്റെ ഇരട്ടി തിരിച്ചു കിട്ടി.
ഫോൺ റിങ്ങ് ചെയ്തപ്പോൾ എടുത്തു നോക്കി…
Veena calling..
“എന്താടി..”
“നിങ്ങള് എന്തിനാ മനുഷ്യ രെജിസ്റ്റർ മേരേജ് കഴിഞ്ഞു എന്ന് പറഞ്ഞത്.”
“അത് നിന്റെ അച്ഛനെ പേടിച്ചാടി..
അങ്ങേര് വന്ന് എന്നെ തല്ലി കൊല്ലാൻ ചാൻസ് ഉണ്ട്..ഇപ്പൊ മോള് വിധവ ആകുമെന്ന് കരുതി എങ്കിലും എന്നെ വെറുതെ വിട്ടലോ…”
ഒരു പൊട്ടിച്ചിരിയോടെ ഫോൺ കട്ട് ചെയ്ത് വീട്ടിലേക്ക് കയറുമ്പോൾ എന്നെ അത്ഭുതത്തോടെ നോക്കിനിൽക്കുക ആയിരുന്നു അമ്മയും ഏടത്തിയും.
എന്ന് മനു, ഒപ്പ്…
മനുവിനോടൊപ്പം നിങ്ങളുടെ സ്വന്തം, ദേവ, ഒപ്പ് ❤️❤️