അഖിൽ രാത്രി 2 മണിക്ക് വീടിന്റെ പുറത്തു വരും അപ്പോൾ വിളിക്കാം എന്നാണ് പറഞ്ഞിട്ടുള്ളത്. ഒന്നരക്ക് അലാറം വെച്ചു…

ഒളിച്ചോട്ടം

Story written by അരുൺ നായർ

കല്യാണത്തലേന്നു മൈലാഞ്ചി കല്യാണത്തിന് ഇരുന്നപ്പോൾ അച്ഛനും അമ്മയും ഏട്ടനും ചേച്ചിയുമൊക്കെ എന്റെ കയ്യിൽ മൈലാഞ്ചി കൊണ്ട് കളം വരക്കുമ്പോളും എന്റെ ചിന്തകൾ അഖിലിനെ കുറിച്ച് മാത്രമായിരുന്നു…… അവരുടെയെല്ലാം കണ്ണുകളിൽ എന്നെ നാളെ യോഗ്യനായ ഒരുത്തനെ ഏൽപ്പിക്കുന്നതിന്റെ സന്തോഷം ഉണ്ടായിരുന്നു…. വേറെ ഏതു പെണ്ണും ആടിത്തിമിർത്തു ആർമാദിച്ചു ആഘോഷിക്കേണ്ട നിമിഷങ്ങളിൽ മുഴുവൻ എന്റെ പ്രാർത്ഥന എന്റെ വീട്ടുകാർക്ക് ഞാൻ ചെയ്യാൻ പോകുന്ന തെറ്റുകൾക്ക് എന്നൊടു ക്ഷമിക്കാൻ കഴിയണേ എന്നായിരുന്നു….

അഖിൽ എന്റെ കൂടെ പത്താം ക്ലാസ്സ് വരെ പഠിച്ചതാണ്… പത്താം ക്ലാസ്സ്‌ കഴിഞ്ഞു ചെറിയ എന്തൊക്കെയോ ജോലി ചെയ്തു ജീവിക്കാൻ തുടങ്ങി, എന്തായാലും ഞാൻ കോളേജിൽ പോകുന്ന സമയത്തു അഖിൽ ഞങ്ങളുടെ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുകയാണ്…. ക്ലാസ്സിൽ പഠിച്ചോണ്ടു ഇരുന്നപ്പോൾ എന്തെങ്കിലും അത്യാവശ്യ കാര്യത്തിന് മിണ്ടിയിട്ടുണ്ട് എന്നല്ലാതെ ഞാൻ അവനുമായി അധികം സംസാരിച്ചിട്ടില്ല…. കാണാൻ വലിയ ഭംഗി ഒന്നുമില്ലെങ്കിലും അവനു നല്ലൊരു മനസ്സു ഉണ്ടെന്നു എന്റെ കൂട്ടുകാരി പ്രീതയാണ് എന്നോട് ആദ്യം പറഞ്ഞത്, അവൾ അതു മാത്രമല്ല പറഞ്ഞത് അഖിലിനു എന്നോട് പ്രണയം ഉണ്ടെന്നു കൂടി പറഞ്ഞപ്പോൾ എന്റെ നെഞ്ചിടിപ്പ് ഉയർന്നു പോയി…

പലരും പലപ്പോഴും ഇഷ്ടം ആണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും എനിക്കു ആരോടും ഒന്നും തോന്നിയിരുന്നില്ല…. പക്ഷെ എന്തൊ എനിക്കും ഇവനോടൊരു ഇഷ്ടം മനസ്സിൽ തോന്നി അതിന്റെ കാരണം എന്താണെന്നു എനിക്കു ഇപ്പോളും അറിയില്ല….കൂട്ടുകാരികളുടെയും അവരുടെ കാമുകന്മാരുടെയും കഥകൾ എപ്പോളും കേട്ടു നടക്കാൻ തുടങ്ങിയത് കൊണ്ടു ആവാം എന്റെ മനസ്സു കയ്യിൽ നിന്നും പോയി…. അങ്ങനെ ഞാനും അഖിലും തമ്മിൽ വല്ലാതെ അടുത്തു, അങ്ങനെ അഞ്ചു വർഷം ഞങ്ങൾ ശരിക്കും പ്രണയം ആസ്വദിച്ചു എന്നു തന്നെ പറയാം… അഖിൽ അവന്റെ വീട്ടിലെ അവസ്ഥ നേരത്തെ തന്നെ എന്നോട് മോശമാണെന്നു പറഞ്ഞിരുന്നു അതൊന്നും എനിക്കൊരു പ്രശ്നമേ അല്ലായിരുന്നു…. എന്തായാലും എന്റെ പഠിത്തം കഴിയാൻ വീട്ടുകാർ നോക്കി ഇരിക്കുക ആയിരുന്നു എന്നു തോന്നുന്നു ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയുള്ള എന്റെ വിവാഹം ഉറപ്പിക്കാൻ….. അച്ഛന്റെ മേലുദ്യോഗസ്ഥന്റെ മകൻ ആണ് വരൻ, പേര് ശ്യാം… കാണാനും ആൾ തരക്കേടില്ല പക്ഷെ എന്റെ ഉള്ളു നിറയെ അഖിലിനോടുള്ള അഗാധമായ പ്രണയം മാത്രമായിരുന്നു….

വിവാഹം വീട്ടുകാർ ഉറപ്പിച്ചപ്പോൾ തന്നെ ഞാൻ അഖിലിനോട് വീട്ടിൽ വന്നു എന്നെ ചോദിക്കാൻ പറഞ്ഞതാണ് പക്ഷെ ഒരു പോലീസുകാരൻ ആയ അച്ഛൻ അവനെ വല്ല കള്ള കേസിലും കുടുക്കിയാൽ അത് നമ്മുടെ ജീവിതത്തിനു തന്നെ പണിയാകുമെന്നു പറഞ്ഞു അവൻ ഒഴിഞ്ഞു… ആകെയുള്ള ഒരു മാർഗം വിവാഹ തലേന്ന് കയ്യിൽ കിട്ടുന്നതൊക്കെ എടുത്തു മുങ്ങുക, അടുത്ത ദിവസം തന്നെ കല്യാണം കഴിക്കുക…. നീയും ആയുള്ള കല്യാണം കഴിഞ്ഞാൽ പിന്നെ നിന്റെ വീട്ടുകാർ നിന്നെ ഓർത്തു എങ്കിലും എന്നെ വെറുതെ വിടും…. ഒന്നു മടിച്ചു നിന്ന എന്നോട് നിന്റെ കൂടെ ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ ആത്മഹത്യാ അല്ലാതെ എനിക്കു വേറെ വഴിയില്ലെന്നുള്ള അഖിലിന്റെ സംസാരം കേട്ടപ്പോൾ ഞാൻ എല്ലാത്തിനും സമ്മതിച്ചു…..

അമ്മ മോൾ എന്താണ് സ്വപ്നം കാണുക ആണോന്നു ചോദിച്ചു കുലുക്കി വിളിച്ചപ്പോൾ ആണ് ഞാൻ സ്വപനത്തിൽ നിന്നും ഉണർന്നത്…. ഞെട്ടി ഉണർന്നു ഞാൻ നോക്കിയപ്പോൾ എല്ലാവരും എന്നെ നോക്കി ചിരിക്കുന്നു എന്നിട്ട് ചില ആൾക്കാർ ഒരു ഡയലോഗും പെണ്ണ് ഇപ്പോൾ തന്നെ ചെറുക്കന്റെ വീട്ടിൽ ചെന്നെന്നു തോന്നുന്നു ഗോപാലേട്ട… ഗോപലൻ എന്റെ അച്ഛൻ ആണ്…..

അയണി സദ്യക്ക് ഇരിക്കുമ്പോൾ ഞാൻ എന്റെ അച്ഛനെ ശ്രദ്ധിച്ചു,പോലീസുകാരൻ ആണെങ്കിലും ഇതുവരെ ഒരാളെ കൊണ്ടും കുറ്റം പറയിപ്പിക്കാത്ത ഒരു മനുഷ്യ സ്നേഹി… ഞങ്ങൾ മൂന്നു മക്കൾക്ക്‌ വേണ്ടി മാത്രം ജീവിച്ച മനുഷ്യൻ…. എന്റെ കല്യാണത്തെ കുറിച്ച് ഓർത്തു ആണെന്ന് തോന്നുന്നു അച്ഛന്റെ മുഖം സന്തോഷത്തോടെ പുറത്തു ഉള്ളവർക്ക് തോന്നുമെങ്കിലും ആ മനുഷ്യന്റെ അകം പൊള്ളുക ആണെന്ന് അടുത്ത് അറിയാവുന്നവർക്ക്‌ മനസിലാക്കാൻ പറ്റും… മക്കളെ പൂർണമായും വിശ്വസിക്കുന്ന സ്നേഹിക്കുന്ന അച്ഛനെ ഓർക്കുമ്പോൾ തന്നെ ഞാൻ ചെയ്യാൻ പോകുന്ന തെറ്റു എത്ര വലുതാണെന്ന് മനസിലാകും… മേലുദ്യോഗസ്ഥന്റെ മുൻപിൽ അച്ഛൻ നാളെ ഞാൻ കാരണം തലയും താഴ്ത്തി നിൽക്കുന്നത് ഓർക്കാൻ കൂടി വയ്യ….

ഇടയ്ക്കു ഇടയ്ക്കു അച്ഛന്റെ അടുത്തേക്ക് ഓടി ചെന്നു ഓരോ കാര്യങ്ങൾ പറയുന്ന അമ്മയെ നോക്കി… മോൾ വേറെയൊരു വീട്ടിലേക്കു പോകുകയാണ് അവൾക്കൊരു കുറവും ഉണ്ടാവാതെയിരിക്കാൻ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിച്ചു ചെയ്യുന്നു…. ആ അമ്മയുടെ വയറ്റിൽ കിടന്നു വളർന്നു, ആ അമ്മയുടെ കൈ വിരൽ പിടിച്ചു നടന്നു, ആ അമ്മയുടെ സ്നേഹം അനുഭവിച്ചു ജീവിച്ച ഞാൻ എന്റെ അമ്മയോട് ഈ തെറ്റ് ചെയ്താൽ ഇനി എങ്ങനെ ആശ്വസിപ്പിക്കും, അറിയില്ല….എന്ത് ചെയ്താലും അമ്മ ക്ഷമിക്കും അറിയാം എന്നാലും….

കൂട്ടുകാരുടെ ഒപ്പം ഓടി നടന്നു കാര്യങ്ങൾ ചെയ്യുന്ന ഏട്ടനെ കുറിച്ച് ഓർത്തപ്പോൾ തന്നെയെന്റെ കണ്ണ് നിറഞ്ഞു… പാവം നാളെ ഈ കൂട്ടുകാരുടെ മുഴുവൻ മുൻപിൽ നാണംകെടും ഞാൻ കാരണം….എനിക്കൊരു പേടിയും ഇല്ലാതെയിരിക്കാൻ കുഞ്ഞിലേ തൊട്ടു എന്റെ കൂടെ നടന്ന എന്റെ ഏട്ടൻ…. വഴക്ക് ഉണ്ടാക്കുമ്പോൾ എപ്പോളും എനിക്കു മുൻപിൽ തോറ്റു തരുന്ന എന്റെ ഏട്ടൻ, എന്റെ കുസൃതി ആവോളം ആസ്വദിച്ചു പൊട്ടി ചിരിക്കുന്ന എന്റെ ഏട്ടൻ….. ഓർക്കാൻ വയ്യെനിക്ക്, നാളെ എനിക്കു വേണ്ടി ജീവൻ തരാൻ പോലും ധൈര്യം ഉള്ള എന്റെ ഏട്ടൻ തളർന്നു നിൽക്കുന്നത് കാണാൻ….

പിന്നെ എന്റെ കുശുമ്പി ചേച്ചി, എന്നും എപ്പോളും എന്നോട് വഴക്ക് ഉണ്ടാക്കി ഈ വീട്ടിൽ നടന്നവൾ… കല്യാണം കഴിഞ്ഞു ഇപ്പോൾ വലിയ ഉത്തരവാദിത്തം ഒക്കെ ആയത് പോലെ അഭിനയിക്കുമെങ്കിലും ഇപ്പോളും എന്റെ കൂടെ ഇരിക്കുമ്പോൾ ആ പഴയ തല്ലു കൊള്ളി തന്നെയാണ് എന്റെ ചേച്ചി…. നാളെ ഞാൻ ഇറങ്ങി പോകുന്നത് കൂടി എന്റെ ചേച്ചിക്ക് ഭർത്താവിന്റെ വീട്ടിൽ എന്ത് മോശം പേരായി മാറും… എല്ലാം കൂടി ഓർക്കുമ്പോൾ തലയ്ക്കു ഭ്രാന്ത് പിടിക്കുന്നു…. ഒരുവശത്ത് ഇവരെല്ലാം മറുവശത്തു അഖിൽ, എന്ത് ചെയ്യണം അറിയാതെ ഞാൻ കുഴങ്ങി…. ആഹാരം കഴിച്ചു എഴുന്നേറ്റു ഞാൻ അമ്മയോടും അച്ഛനോടും ഏട്ടനും ചേച്ചിയോടും ഗുഡ് നൈറ്റ് പറഞ്ഞു ഉറങ്ങാൻ മുറിയിൽ കയറി….

അഖിൽ രാത്രി 2 മണിക്ക് വീടിന്റെ പുറത്തു വരും അപ്പോൾ വിളിക്കാം എന്നാണ് പറഞ്ഞിട്ടുള്ളത്… ഒന്നരക്ക് അലാറം വെച്ചു കുറച്ചു പൈസയും സ്വർണവും ഡ്രെസ്സും കരുതി ബാഗ് അടച്ചു വെച്ചു…. ഒരു കത്തും എഴുതി തലയണക്ക് അടിയിൽ വെച്ച് ഞാൻ ഉറങ്ങാൻ കിടന്നു…. വരുന്നത് പോലെ വരട്ടെയെന്നു തീരുമാനിച്ചു….എന്തായാലും എനിക്കു അഖിലിന്റെ കൂടെ ജീവിക്കണമെങ്കിൽ നാളെ പോയെ പറ്റു…. ഇപ്പോൾ വീട്ടുകാരെ കുറിച്ച് ഒത്തിരി ഓർത്താൽ അഖിൽ ആത്മഹത്യാ ചെയ്യും അത് എന്നോടുള്ള ഇഷ്ടക്കൂടുതൽ കാരണം എനിക്കു വയ്യ ആ ശാപവുമെടുത്തു തലയിൽ വെക്കാൻ…. അഖിൽ വിളിക്കുമ്പോൾ പോകാൻ തന്നെ തീരുമാനം എടുത്തു ഞാൻ ഉറങ്ങി……

രാത്രി രണ്ടു മണി ആയപ്പോൾ അഖിൽ എന്നെ വിളിച്ചു… ഞാൻ ബാഗ് എടുത്തുകൊണ്ടു ആരും അറിയാതെ പതുക്കെ ഇറങ്ങി നടന്നു അഖിലിന്റെ അടുത്ത് എത്തി… അടുത്ത് എത്തിയതും അഖിൽ എന്നോട് മെല്ലെ പറഞ്ഞു

“” ഓട്ടോ കുറച്ചു മാറ്റിയാണ് ഇട്ടത്, അല്ലെങ്കിൽ സൗണ്ട് കേൾക്കും… നീ പെട്ടന്ന് വാ… “”

വീടിന്റെ മുൻപിലേക്ക് ഒന്നുകൂടി തിരിഞ്ഞു നോക്കിയപ്പോൾ എൻറെ അച്ഛനും അമ്മയുടെയും ഏട്ടന്റെയും ചേച്ചിയുടെയും കരയുന്ന മുഖം ഒരിക്കൽ കൂടി എന്റെ മനസ്സിലേക്ക് വന്നു…. ആരോ ഉള്ളിൽ ഇരുന്ന് പറയിപ്പിച്ചത് പോലെ ഞാൻ പെട്ടന്ന് പറഞ്ഞു…

“” ഞാൻ വരുന്നില്ല അഖിൽ, എനിക്കു എന്റെ വീട്ടുകാരെ എല്ലാവരുടെയും മുൻപിൽ നാണംകെടുത്താൻ വയ്യാ… അന്ന് പറഞ്ഞത് തന്നെ ഇപ്പോളും പറയുന്നു വീട്ടുകാരോട് സംസാരിക്കു… അവർ സമ്മതിക്കുന്നില്ലെങ്കിൽ ഞാനും നാളത്തേ വിവാഹത്തിന് സമ്മതിക്കില്ല…. പിന്നെ നിന്നെ എന്തെങ്കിലും കേസിൽ പെടുത്തിയാൽ ഞാൻ ജീവനോടെ ഉണ്ടാവില്ല എന്നും പറഞ്ഞേക്കാം… പോരെ അഖിലേ നിനക്ക്… “”

“” നീ എന്താണ് ഇപ്പോൾ എങ്ങനെ പറയുന്നത്, നിന്റെ വാക്ക് വിശ്വസിച്ചു അല്ലേ ഞങ്ങൾ എല്ലാം അറേഞ്ച് ചെയ്തത്…. ഇപ്പോൾ ഇനി വാക്ക് മാറ്റി എന്നെ എല്ലാവരുടെയും മുൻപിൽ നാണംകെടുത്തരുത്…. “”

“” നീ എന്റെ വീട്ടിലേക്കു ഒന്നു നോക്കു അഖിൽ, എന്റെ വാക്ക് വിശ്വസിച്ചു എന്റെ അച്ഛൻ ഒരുക്കിയേക്കുന്ന കാര്യങ്ങൾ നോക്കു… അതിന്റെ 100 ൽ ഒരംശം നീ അറേഞ്ച് ചെയ്തോ… ഇല്ലല്ലോ, അതുകൊണ്ട് ഞാൻ പറഞ്ഞ വാക്കിൽ ഉറച്ചു നിൽക്കുന്നു… നിന്റെ തീരുമാനം അറിഞ്ഞിട്ട് വേണം അച്ഛനെ വിളിക്കണോ അതൊ ആരോടും മിണ്ടാതെ അകത്തേക്ക് പോകണോ എന്നു തീരുമാനിക്കേണ്ടത്…അല്ലെങ്കിൽ തന്നെ ഒരു പ്രശ്നം വരുമ്പോൾ അത് നേരിടാനാണ് ഒരു ആണെന്ന നിലയിൽ നീ കരുത്തു കാണിക്കേണ്ടത് അല്ലാതെ അതിൽ നിന്നും തിരിഞ്ഞു ഓടാനല്ല…. ഞാൻ സ്നേഹിച്ചത് ഒരു ആണിനെ ആണെന്നുള്ള വിശ്വാസത്തിൽ ആണ് ഇപ്പോളും ഞാൻ ഇവിടെ നിൽക്കുന്നത്…. “”

“” മതി നിന്റെ കഥാപ്രസംഗം, ഇനിയും നീ കിടന്നു ഡയലോഗ് അടിച്ചാൽ ഈ അഖിൽ ഇപ്പോൾ അങ്ങ് പോകും പക്ഷെ നിന്റെ ആദ്യരാത്രി തുടങ്ങും മുൻപ് നമ്മൾ ഒന്നിച്ചുള്ള ഫോട്ടോകൾ നിന്നെ കല്യാണം കഴിക്കുന്നവന് കിട്ടും… വെറുതെ എന്നെകൊണ്ട് ആവശ്യം ഇല്ലാത്തതു ചെയ്യിക്കരുത്… “”

അതും പറഞ്ഞു അഖിൽ എന്റെ കയ്യിൽ കയറി പിടിച്ചു മുൻപോട്ടു വലിച്ചു, അവന്റെ കയ്യിൽ നിന്നും പിടി തട്ടി മാറ്റി ഞാൻ ഞങ്ങളുടെ വീടിന്റെ പറമ്പിലേക്ക് കയറി….

“” ഇനി നിനക്കു ചെയ്യാവുന്നതൊക്ക നീ ചെയ്തോ, ഇത്രയും മോശമായ ഒരുത്തനെ എന്തായാലും എനിക്കു വേണ്ട…. “”

അപ്പോളേക്കും ഞങ്ങളെ ഓട്ടോയുടെ അടുത്തേക്ക് കാണാത്തതുകൊണ്ട് അഖിലിന്റെ കൂട്ടുകാർ ഹോൺ അടിച്ചു ബഹളം വെച്ചു പോരാത്തതിന് അവസാനം ഞാനും അഖിലും സംസാരിച്ചതും ശബ്ദം കൂടി തന്നെ ആയിരുന്നു….എന്തൊ എന്റെ വീട്ടുകാർ ഉണർന്നു….ഭാഗ്യത്തിന് കല്യാണം ടൗണിൽ വെച്ചു ആയതുകൊണ്ട് ബന്ധുക്കൾക്ക് ടൗണിൽ മുറി എടുത്തു കൊടുക്കുക ആയിരുന്നു ഏറ്റവും വേണ്ടപ്പെട്ട കുറച്ചു ആൾക്കാർ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു…. ലൈറ്റ് വെളിയിലെ ഇട്ടു നോക്കിയപ്പോൾ ഞാൻ ബാഗും ആയി വെളിയിൽ നിൽക്കുന്നു കുറച്ചു അകലെ അഖിലും …..ആ നിലയിൽ എന്നെ കണ്ട അച്ഛൻ തകർന്നിരുന്നു പോയി…. ഞാൻ അച്ഛന്റെ കയ്യിൽ പിടിച്ചു പറഞ്ഞു ….

“”ഞാൻ പോകില്ല അച്ഛാ എന്റെ അച്ഛനെ എതിർത്തു…ഇവനെ ഇഷ്ടം ആയിരുന്നു അതുകൊണ്ട് ഇറങ്ങി പോകണം കരുതിയത് ആണ് പക്ഷെ അച്ഛനോട് ചോദിക്കാൻ പറഞ്ഞപ്പോൾ അച്ഛൻ അവനെ കള്ള കേസിൽ കുടുക്കുമെന്നു…. പിന്നെ ഞാൻ ഇറങ്ങി ചെല്ലത്തില്ല ഉറപ്പ് ആയപ്പോൾ അവന്റെ വക ഭീഷണി എന്റെയും അവന്റെയും കൂടിയുള്ള ഫോട്ടോ ശ്യാമിന് അയച്ചു കൊടുക്കുമെന്ന്…. ഇനി അച്ഛന്റെ സമ്മതം കിട്ടിയാലും എനിക്ക് ഇവനെ വേണ്ട…. “”

ഞാൻ പറഞ്ഞത് കേട്ടതും എന്റെ ഏട്ടൻ അഖിലിനു ഒരു സമ്മാനം മുഖത്തു തന്നെ കൊടുത്തു….ഏട്ടനെ പിടിച്ചു മാറ്റിയ ശേഷം അച്ഛൻ ചിരിച്ചുകൊണ്ടു തന്നെ എന്നോട് പറഞ്ഞു…..

“” നിനക്കു അറിയുമോ ഇവൻ എന്താണ് ഇവിടെ വന്നു ചോദിക്കാത്തതെന്നു, ഇവനെ ഒരു പ്രാവശ്യം പെണ്ണ് കേസിൽ പിടിച്ചതാണ്… അന്ന് സ്റ്റേഷനിൽ കിടന്നു കരഞ്ഞു കാലു പിടിച്ചു വെറുതെ വിട്ടു അതും എന്റെ മോളുടെ കൂടെ പഠിച്ചവൻ ആണെന്നുള്ള ഒറ്റ കാരണം കൊണ്ട്, അങ്ങനെ ഉള്ള അവനു എന്റെ മുൻപിൽ വന്നു എന്റെ മോളെ ചോദിക്കാൻ പറ്റുമോ…. “”

“”എന്നിട്ട് തിരിഞ്ഞു അഖിലിനോട് പറഞ്ഞു….നിന്റെ കൂട്ട് പ്രതികൾ ഒക്കെ എന്ത്യേ, എന്റെ മോളു പറഞ്ഞത് കേട്ടില്ലേ നിന്നെ അവൾക്കു വേണ്ടെന്നു അപ്പോൾ പെട്ടന്ന് സ്ഥലം വിട്ടോ…. “”

അവരൊക്കെ ഓട്ടോയുടെ അകത്തു ഉണ്ട് സാർ ഇനി ഒരു വിഷയത്തിനും വരില്ലെന്നും പറഞ്ഞു നാണംകെട്ടു അഖിൽ ഞങ്ങളുടെ വീടിന്റെ പടി ഇറങ്ങി നല്ല കനമുള്ള ഒരു അടി മുഖത്തു മേടിച്ചുകൊണ്ട്….. ഇനി അവിടെ നിന്നാൽ ഭ്രാന്തൻ ഏട്ടൻ എന്നെയും വല്ലതും ചെയ്താലോ പേടിച്ചു ഞാനും ഒറ്റ ഓട്ടം കൊടുത്തു അതും അകത്തോട്ടു കൂടെ പുറകെ വന്നു അടിക്കാതെയിരിക്കാൻ വിളിച്ചു പറഞ്ഞു…

“”നാളെ കല്യാണം ആണ് ഉറക്കം ശരിയായില്ലെങ്കിൽ ആഘോഷിക്കാൻ പറ്റില്ലെന്ന് “” എന്റെ അകത്തേക്കുള്ള ഓട്ടം കണ്ടപ്പോൾ എന്റെ വീട്ടുകാർ ചിരിച്ചു ദൈവത്തിന്റെ കയ്യൊപ്പു ചാർത്തിയ വിവേകപരമായ തീരുമാനം അവസാന നിമിഷം എങ്കിലും എനിക്കു നൽകി എന്റെ ജീവിതം നശിക്കാതെ കാത്തതിന്….

ശുഭം