എഴുത്ത്: ദേവാംശി ദേവ
“ശരത്തേട്ടൻ എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത്..”
“പിന്നെ ഞാൻ എങ്ങനെ പറയണം…നിന്റെ മൂത്ത അനിയത്തിക്ക് കൊടുത്തത് 50 പവനും 2ലക്ഷം രൂപയും…ഇപ്പൊ ദേ നിന്റെ രണ്ടാമത്തെ അനിയത്തിക്ക് 45 പവൻ…..നിനക്ക് എന്താടി നിന്റെ അച്ഛൻ തന്നത്..”
“25 പവൻ അച്ഛൻ തന്നത് അല്ലെ….അന്ന് അത് വേണ്ട എന്നെ മാത്രം മതിയെന്ന് ഏട്ടൻ തന്നെ അല്ലെ പറഞ്ഞത്…അനിയത്തിമാർക്കും അച്ഛൻ അത് മാത്രമേ കൊടുത്തിട്ടുള്ളൂ…ബാക്കി അവർ സ്വന്തമായി അദ്വാനിച്ച് ഉണ്ടാക്കിയത് ആണ്…”
“അന്ന് ഞാൻ അങ്ങനെ ഒക്കെ പറഞ്ഞു.ഇന്ന് എനിക്ക് പെൺകുട്ടികൾ രണ്ട് ആണ്. അവരുടെ ഭാവി കൂടി എനിക്ക് നോക്കണം ഉമ….ഇതിന് ഒരു തീരുമാനം ഉണ്ടാക്കിയിട്ട് തിരിച്ച് വന്നാൽ മതി നീയും മക്കളും…ചോദിച്ചത് തന്നില്ലെങ്കിൽ നിന്നെ ഞാൻ ഡിവോഴ്‌സ് ചെയ്യും എന്ന് പറഞ്ഞെന്ന് കൂടി പറഞ്ഞേക്ക്..ഒന്ന് പേടിക്കട്ടെ നിന്റെ തന്തയും തള്ളയും…അപ്പോഴേ പൂഴ്ത്തി വെച്ചേക്കുന്നതൊക്കെ പുറത്തേക്ക് വരു”
ഉമയുടെ വീടിന് മുന്നിൽ അവളെയും മക്കളെയും ഇറക്കി തിരിഞ്ഞു നോക്കാതെ ശരത് പോകുമ്പോൾ ആ പറക്കുമുറ്റാത്ത രണ്ടു കുഞ്ഞിങ്ങളെയും ചേർത്ത് പിടിച്ച് നിറ കണ്ണുകളോടെ നോക്കി നിൽക്കാനേ അവൾക്ക് കഴിഞ്ഞുള്ളു..
വളരെ കഷ്ടപ്പെട്ടാണെങ്കിലും സന്തോഷത്തോടെ കഴിഞ്ഞ കുടുംബം ആയിരുന്നു ഉമയുടേത്…
പെൺകുട്ടികൾക്ക് എല്ലാ സ്വാതന്ത്ര്യവും കൊടുത്താണ് അവളുടെ അച്ഛൻ വളർത്തിയത്…
കൂലിപണിക്കാരൻ ആയ ശരത്തുമായി ഇഷ്ടത്തിൽ ആണെന്ന് അറിഞ്ഞപ്പോൾ അച്ഛൻ ഒന്നേ പറഞ്ഞുള്ളു…
“ഇപ്പൊ പഠിക്കുക..അത് കഴിഞ്ഞ് നടത്തി തരാം..”
അത് അംഗീകരിക്കാൻ ശരത് തയ്യാറായില്ല…പതിനെട്ടാം വയസ്സിൽ ശരത്തിനോടൊപ്പം ഇറങ്ങി പോകുമ്പോൾ ലോകത്ത് തന്നെ ഏറ്റവും ഭാഗ്യം ചെയ്തത് താനാണെന്ന് തോന്നി ഉമക്ക്..
അതുവരെയുള്ള സമ്പാദ്യം എല്ലാം ചേർത്ത് വെച്ച് അച്ഛൻ കാണാൻ വന്നപ്പോൾ ഉമയെ ചേർത്ത് പിടിച്ച് ശരത് പറഞ്ഞത്
“എനിക്ക് ഇവളെ മാത്രം മതി…ഇവളെ ആണ് ഞാൻ സ്നേഹിച്ചത് എന്നാണ്…”
ശരത്തിനെകുറിച്ച് അഭിമാനം തോന്നിയ നിമിഷങ്ങൾ ആയിരുന്നു ഉമക്കത്…
അനിയത്തിമാർ രണ്ടുപേരും വിദ്യാഭ്യാസത്തിനാണ് മുൻഗണന കൊടുത്തത്…ഒരുപാട് കഷ്ടപ്പെട്ടിട്ട് ആണെങ്കിലും അച്ഛൻ അവരെ പഠിപ്പിച്ചു..
ഒരാൾ ഡോക്ടർ ആണ് മറ്റേ ആൾ എൻജിനീയറും..ജോലികിട്ടിയപ്പോൾ മുതൽ അവർ അവരുടെ ശമ്പളം അച്ഛനെ ഏൽപ്പിച്ചു..
അച്ഛൻ അവരുടെ വിവാഹത്തിന് അവർക്ക് തന്നെ കൊടുത്തു….അപ്പോൾ മുതൽ തുടങ്ങിയത് അതുപോലെ ശ്രീധനം വേണം എന്നുള്ള ശരത്തിന്റെ വാശി…
അതോടെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചു തുടങ്ങി..ഒന്നും ആരെയും അറിയിക്കാതെ പിടിച്ചു നിന്നു ഇത് വരെ…
ആറുമാസങ്ങൾ അതിവേഗം കടന്നുപോയി….
ഒരിക്കൽ പോലും ശരത്,ഉമയെയോ കുഞ്ഞുങ്ങളെയോ കാണാൻ എത്തിയില്ല…
— — — — — —
ഉമ്മയുടെ വീടിനു മുന്നിൽ ബൈക്ക് നിർത്തുമ്പോൾ ശരത്തിന്റെ മുഖത്ത് വിജയി ഭാവം ആയിരുന്നു…
അകത്തേക്ക് കയറിയ ശരത്തിനെ ഉമാ സ്വീകരിച്ചിരുത്തി..
അവന്റെ മുന്നിലേക്ക് ഒരു ബാഗ് കൊണ്ട് വെച്ചു…
“ഇത് എന്റെ അച്ഛൻ എനിക്ക് തന്നതാണ് ശരത്..65 പവൻ..പിന്നെ ഈ വീടും പത്ത് സെന്റ് സ്ഥലവും…”
ശരത്തേട്ടനിൽ നിന്ന് ശരത് എന്ന വിളിയിലേക്കുള്ള ഉമയുടെ മാറ്റം ശരത്തിനെ ഞെട്ടിചെങ്കിലും അത് മറച്ച് അവൻ ചോദിച്ചു.
“നമുക്ക് പോകാം.”
“എങ്ങോട്ട്….”
“നമ്മുടെ വീട്ടിലേക്ക്..”
“നമ്മുടെ വീടോ…നിങ്ങളുടെ വീട്…ഞാൻ അങ്ങോട്ടേക്ക് ഇല്ല…ഇതാണ് എന്റെ വീട്…
പിന്നെ ഈ സ്വർണം നിങ്ങൾക്ക് തരാൻ അല്ല ഞാൻ വിളിച്ചത്..ഇത് എന്റെ ജീവിതം നശിക്കാതിരിക്കാൻ വയസ്സാം കാലത്ത് കടം മേടിച്ചും കഷ്ടപ്പെട്ടും എന്റെ അച്ഛൻ എനിക്ക് തന്നത്…അത് എന്റെ മക്കൾക്ക് അവകാശപ്പെട്ടതാണ് …അവരെ വിവാഹം കഴിച്ച് അയക്കാൻ അല്ല….. പഠിപ്പിച്ച് സ്വന്തം കാലിൽ നിർത്താൻ…..”
“ഈ പ്രസംഗം കേൾക്കാൻ ആണോ ടി നീ എന്നെ വിളിച്ചത്…ഞാൻ നിന്റെ ഭർത്താവാണ്…”
ശരത് അവൾക്ക് നേരെ കൈ വീശി എങ്കിലും അവൾ ആ കൈ തടഞ്ഞു..
“എന്റെ തല്ലിയൽ ഞാനും തിരിച്ചു തല്ലും ശരത്…
പിന്നെ നിങ്ങൾ പറഞ്ഞില്ലേ ഭർത്താവ് ആണെന്ന്….ഭാര്യയെയും മക്കളെയും സംരക്ഷിക്കുന്നവൻ ആണ് ശരത് ഭർത്താവ്….
കഴിഞ്ഞ ആറ് മാസത്തിനിടക്ക് ഒരു തവണ എങ്കിലും ശരത് എന്നെയോ മക്കളെയോ വിളിച്ചിട്ടുണ്ടോ…
പിന്നെ നിങ്ങളെ ഇപ്പൊ ഇങ്ങോട്ട് വിളിച്ചത് രണ്ട് കാര്യം പറയാൻ ആണ്…
ഒന്ന് ..സ്വന്തം മക്കളുടെ ഭാവി സുരക്ഷിതം അക്കേണ്ടത് അവരുടെ മാതാപിതാക്കൾ ആണ്…എന്റെ അച്ഛൻ എന്റെ ഭാവിക്ക് വേണ്ടി തന്നതാണ് ഇത്….നിങ്ങളുടെ മക്കളുടെ ഭാവി നിങ്ങൾ ആണ് നോക്കേണ്ടത്… അതിന് കഴിയില്ലെങ്കിൽ മക്കൾക്ക് ജന്മം കൊടുക്കരുത്..
രണ്ട്..ഇതിൽ ഒപ്പിട്ട് തന്നിട്ട് നിങ്ങൾക്ക് പോകാം…”
അവൾ നീട്ടിയ ഡിവോഴ്‌സ് നോട്ടീസ് കണ്ട് അവൻ ഞെട്ടി…
“ഉമാ ഒന്നുകൂടി ആലോചിച്ചിട്ട്…നീ ഒരു പെണ്ണാണ്”
“അതെ ഞാൻ ഒരു പെണ്ണാണ്…നല്ല അന്തസ്സുള്ള പെണ്ണ്…
എനിക്കിനി ഒന്നും ആലോചിക്കൻ ഇല്ല ശരത്…”
അത് പറയുമ്പോൾ ഉമയുടെ ശബ്ദം ഉറച്ചത് ആയിരുന്നു…
ആ പടി ഇറങ്ങുമ്പോൾ കുറ്റബോധത്താൽ ശരത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…
എന്നാൽ ഉമ ആത്മവിശ്വാസത്തോടെ തന്റെ രണ്ട് മക്കളെയും ചേർത്ത് പിടിച്ചു…
അപ്പോഴും അവളുടെ മനസ്സ് പറയുന്നുണ്ടായിരുന്നു…
“ഞാൻ ഒരു പെണ്ണാണ്…പൊരുതി ജയിക്കാൻ തീരുമാനിച്ച പെണ്ണ്..അന്തസ്സുള്ള പെണ്ണ്”
ശുഭം