അയ്യോ കരയാതെ പെണ്ണേ..ഞാൻ വെറുതെ നിന്നെ ഒന്ന് പേടിപ്പിക്കാൻ..ശോ ഇതിപ്പോ ഇവൾ എന്നെ പേടിപ്പിക്കുവാണല്ലോ….

ഒരു കൊച്ചു പ്രണയം

Story written by NISHA L

ധിം… !!ചക്ക വീണത് പോലെയുള്ള സൗണ്ട് കേട്ട് അജു തിരിഞ്ഞു നോക്കി. ഒരു പെൺകുട്ടി. കൊച്ചു സുന്ദരി. കുട്ടിത്തം നിറഞ്ഞ മുഖം. പതിനെട്ടു, പത്തൊൻപത് വയസ് പ്രായം കാണും.

“എന്റെ മോളാ അജുമോനെ. അവൾക്കു സ്റ്റെപ് ഇറങ്ങാൻ മടി ആണെന്ന് പറഞ്ഞു ആ ചാഞ്ഞു കിടക്കുന്ന മരത്തിൽ കൂടിയാ സ്ഥിരം താഴേക്ക് വരുന്നത്…. !!”

രാമപുരത്ത് പുതുതായി താമസത്തിനു വന്നതാണ് അജുവും അമ്മ മായയും. അച്ഛൻ പട്ടാളത്തിൽ മേജർ ആയിരുന്നു. അഞ്ചു വർഷം മുൻപ് മരിച്ചു.

അടുത്തുള്ള വീടുകളിൽ പരിചപ്പെടലിന്റെ ഭാഗമായി വന്നതാണ് അവനും അമ്മയും.

റിട്ടയേർഡ് പോലീസ് ഓഫീസർ ആയിരുന്ന വിജയരാജിന്റെ വീട്ടിൽ എത്തിയതാണ് അവർ. മായ, വിജയന്റെ ഭാര്യ ശ്രീദേവിയുടെ ഒപ്പം അടുക്കളയിലേക്ക് പോയി .

അജു ആ പെൺകുട്ടിയെ കണ്ണെടുക്കാതെ നോക്കി. ഇത്രയും സുന്ദരൻ ആയ ഒരു ചെക്കനെ കണ്ടിട്ട് വെറുതെ പോലും ഒന്ന് നോക്കുന്നില്ലല്ലോ ഈ പെണ്ണ്. സാധാരണ പെൺകുട്ടികൾ തന്നെ കാണുമ്പോൾ ഒളിഞ്ഞും മറഞ്ഞും നോക്കുന്നത് കണ്ടു താൻ അഹങ്കരിച്ചിരുന്നു.!! ഇതിപ്പോ ഒരു പീക്കിരി പെണ്ണ് തന്നെ ഒന്ന് മൈൻഡ് പോലും ചെയ്യുന്നില്ല. ഇതെന്തു സാധനം!! എന്ന മട്ടിൽ അവൻ നോക്കിയിരുന്നു.

അവൻ നോക്കുന്നത് കണ്ടു വിജയരാജ് അവളെ വിളിച്ചു.

“മോളെ പൊന്നു ഇങ്ങു വന്നേ.. “

“എന്താ പപ്പാ..? “

“മോളെ ഇത് നമ്മുടെ പുതിയ അയൽക്കാർ ആണ്. അജു.. “

“മ്മ്.. മായാന്റിയുടെ മോൻ അല്ലെ..”

“അതെ.. !!മമ്മിയെ അറിയുമോ..? !!” അവൻ അത്ഭുതത്തോടെ ചോദിച്ചു..

“ഞാൻ പരിചയപ്പെട്ടിരുന്നു…”.

“മോനെ.. ഇത് എന്റെ മോൾ നേഹ. ഞങ്ങൾ പൊന്നു എന്ന് വിളിക്കും. കല്യാണം കഴിഞ്ഞു പതിനാറു വർഷം കാത്തിരുന്നു കിട്ടിയ പൊന്നുമോളാ ഇവൾ. താഴത്തും തലയിലും വയ്ക്കാതെ വളർത്തിയതാ അതിന്റെ ഇത്തിരി കുരുത്തക്കേട് ഒക്കെയുണ്ട്. പിന്നെ എന്റെ കുഞ്ഞിന് പഠനത്തിൽ അത്ര താല്പര്യമില്ല. ഡാൻസ് ആണ് അവളുടെ പാഷൻ…. “!! വിജയൻ ചിരിയോടെ പറഞ്ഞു.

“പപ്പാ… “അവൾ കേറുവോടെ വിജയനെ നോക്കി വിളിച്ചു.

അതു കണ്ട് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

അകത്തു നിന്ന് മായയും ദേവിയും വരുന്നത് കണ്ട് പൊന്നു അങ്ങോട്ട് ഓടി.

“മായാന്റി.. “

“അല്ല.. ഇത് എവിടാരുന്നു പൊന്നുവേ… “!!

“ഇവിടുണ്ടാരുന്നു ആന്റി.. “

“എന്റെ മോനെ പരിചയപ്പെട്ടോ..? “

“ഉവ്വ് ആന്റി..ഇതിന് ആന്റിയുടെ ഒരു ഛായയും ഇല്ലല്ലോ…. “അവൾ ഗൗരവത്തോടെ പറയുന്നത് കേട്ട് മായ ചിരിച്ചു കൊണ്ട് പറഞ്ഞു. “അവന് അവന്റെ അച്ഛന്റെ ഛായയാണ് മോളെ… “!!

അജു ഇതൊക്കെ കണ്ടു ഇഞ്ചി കടിച്ച പോലെ ഇരുന്നു.

ഇവൾക്ക് എന്നോട് സംസാരിക്കാൻ ഭയങ്കര ജാഡയാണല്ലോ…അപ്പൊ പെണ്ണിന് എന്നെ മാത്രേയുള്ളു കണ്ണിൽ പിടിക്കാതെ.. ഹ്മ്മ്… വരട്ടെ.. ശരിയാക്കാം!!.

??

“മായാന്റി… മായാന്റി… “

“അല്ല.. ആരിത് പൊന്നുവോ?.. “അജു ചോദിച്ചു.

“ആന്റി എവിടെ..? “

“ഇവിടുണ്ട്… കേറി വാ !!”

“വേണ്ട.. വിളിച്ചാൽ മതി. “

“മമ്മി അടുക്കളയിൽ ആണെടോ.. ഞാൻ വിളിക്കാം. താൻ കയറി ഇരിക്ക്.. “”

അവൾ മടിയോടെ അകത്തു കയറി.

പുറകിൽ ഡോർ അടയുന്ന സൗണ്ട് കേട്ട് അവൾ പേടിച്ചു തിരിഞ്ഞു നോക്കി.

“എന്തിനാ ഡോർ അടച്ചത്? “

“നിന്നെ പീ ഡിപ്പിക്കാൻ… “

“അയ്യോ… ആന്റി… ആന്റി… “

“വിളിച്ചു കൂവണ്ട.. മമ്മി ഇവിടെയില്ല.. “

“എനിക്ക് വീട്ടിൽ പോണം.. കതക് തുറക്ക്.. “പൊന്നു ഉച്ചത്തിൽ കരയാൻ തുടങ്ങി.

അവൻ ഒന്ന് പകച്ചു.

“അയ്യോ കരയാതെ പെണ്ണേ.. ഞാൻ വെറുതെ നിന്നെ ഒന്ന് പേടിപ്പിക്കാൻ..ശോ ഇതിപ്പോ ഇവൾ എന്നെ പേടിപ്പിക്കുവാണല്ലോ…. “

അജു പേടിച്ചു വേഗം ഡോർ തുറന്നു.. അവൾ കരഞ്ഞു കൊണ്ട് ഓടി പോയി.
ദൈവമേ പണി കിട്ടുമെന്നാ തോന്നുന്നത്.

??

കുറച്ചു ദിവസം കഴിഞ്ഞിട്ടും ആരും അതേകുറിച്ചു ചോദിച്ചില്ല. അജുവിന് സമാധാനമായി. അവൾ ആരോടും ഒന്നും പറഞ്ഞിട്ടില്ല എന്ന് തോന്നുന്നു..

അങ്ങനെഇരിക്കെ ഒരു ദിവസം..

“മമ്മി… എനിക്ക് കല്യാണപ്രായം ആയില്ലേന്നൊരു സംശയം…”

“അതെന്താ മോനെ ഇപ്പോൾ അങ്ങനെ ഒരു സംശയം.? മായ അവനെ ഒന്ന് ഉഴിഞ്ഞു നോക്കി… എന്താ ആരെയെങ്കിലും കണ്ടു വച്ചിട്ടുണ്ടോ…..? “

“അതു.. പിന്നെ…ഉണ്ട് മമ്മി… പൊന്നു…… “

“ങ്‌ഹേ… പൊന്നുവോ…? !!!

“അതെ.. മമ്മിക്ക് ഇഷ്ടമല്ലേ അവളെ… “

“എനിക്ക് ഒരുപാട് ഇഷ്ടമാ.. പക്ഷേ നീ അവളോട്‌ ചോദിച്ചോ.. “

“ഇല്ല.. നമുക്ക് ഒഫീഷ്യൽ ആയി പോയി ചോദിക്കാം മമ്മി.. അവളുടെ പപ്പായോട്…”

“പിന്നെ… ചെറിയ ഒരു പ്രശ്നം ഉണ്ട്… “

“എന്ത്..? “

അജു അന്ന് സംഭവിച്ച കാര്യങ്ങൾ പറഞ്ഞു.

“നിന്നെ ഞാൻ ഇങ്ങനെ ആണോ അജു വളർത്തിയത്. ആ കുട്ടിക്ക് എന്നോടുള്ള സ്നേഹം കൂടി പോയി കാണുമല്ലോ ഇപ്പോൾ. ഇത് നടക്കുമെന്ന് തോന്നുന്നില്ല. എനിക്ക് പറ്റില്ല പോയി ചോദിക്കാൻ…

“പ്ലീസ് മമ്മി.. ഒരു തെറ്റ് പറ്റിപ്പോയി. അവളോട്‌ തോന്നിയ സ്നേഹത്തിൽ ചെയ്തു പോയതാ..മമ്മിക്ക് തോന്നുന്നുണ്ടോ ഞാൻ തെറ്റായി എന്തെങ്കിലും ചെയ്യുമെന്ന്..പ്ലീസ് മമ്മി… പ്ലീസ്.. “

“എനിക്ക് ഒന്നുകൂടി ആലോചിക്കണം.. “മായ ഗൗരവത്തിൽ പറഞ്ഞു.

ഒരു പാട് നിർബന്ധിച് അവൻ ഒരു വിധം മായയെ കൊണ്ടു സമ്മതിപ്പിച്ചു.

??

“അല്ല ആരിത്… വാ… കയറി ഇരിക്ക്.. “

വിജയൻ മായയേയും അജുവിനെയും അകത്തേക്ക് ക്ഷണിച്ചു.

“വിജയേട്ടാ ഞങ്ങൾ ഇപ്പൊ വന്നത്… !!””

“ആ പറയു മായേ.. “

“അത് കൂടുതൽ വളച്ചു കെട്ടില്ലാതെ പറയാം.. അജുവിന്‌ പൊന്നുവിനെ വിവാഹം ചെയ്താൽ കൊള്ളാമെന്നുണ്ട്…. “

“അയ്യോ.. അതിനവൾ കൊച്ചു കുട്ടിയല്ലേ… !!”

“അല്ല.. കല്യാണം ആലോചിച്ചു തുടങ്ങുമ്പോൾ അജുവിന് പ്രിയോറിറ്റി കൊടുത്താൽ മതി.. “

“ആ.. ശരി.. ശരി മായേ.. നമുക്ക് ആലോചിക്കാം. “

അവർ പോയതിനു ശേഷം…

“ദേവി… മായ പറഞ്ഞ കാര്യത്തെ കുറിച്ച് എന്താണ് അഭിപ്രായം? “..

“അജു നല്ല കുട്ടിയാണ്. നല്ല ചുറ്റുപാടും ജോലിയും ഉണ്ട്. ആലോചിക്കുന്നതിൽ തെറ്റില്ല വിജയേട്ടാ… “

“മ്മ്മ് വരട്ടെ… നമുക്ക് ആദ്യം മോളുടെ നാള് വച്ച് ഗ്രഹനില എടുത്തു നോക്കാം… “

“അതു ശരിയാ വിജയേട്ടാ…. എന്നിട്ട് മതി ബാക്കിയൊക്കെ… “

ഗ്രഹനില നോക്കിയ ജ്യോത്സ്യൻ വിധിയെഴുതി.. പത്തൊൻപത് വയസിൽ കല്യാണം നടത്തണം. ഇല്ലെങ്കിൽ പിന്നെ മുപ്പതു വയസിനു ശേഷമേ മംഗല്യ യോഗമുള്ളു..

“എന്നാൽ പിന്നെ അജുവിന്റെ കാര്യം ആലോചിക്കാം അല്ലെ ദേവി.. നമുക്കും പ്രായം കൂടി വരികയല്ലേ..? “

“മോളോട് ചോദിച്ചില്ലല്ലോ..”

“പോന്നുസേ… ഇങ്ങു വന്നേ… മോളോട് സീരിയസ് ആയി പപ്പാ ഒരു കാര്യം പറയാൻ പോവാ… “

“എന്താ പപ്പാ…? “!!അവൾ ആശങ്കയോടെ ചോദിച്ചു.

“മോളുടെ ഗ്രഹനില നോക്കിയ ജ്യോത്സ്യൻ ഇപ്പോൾ കല്യാണം നടത്തണമെന്ന് പറഞ്ഞു.. അജുവിന് മോളെ വിവാഹം ചെയ്താൽ കൊള്ളാമെന്നുണ്ട്… ആ ആലോചന നോക്കട്ടെ മോളെ.. “

അവൾ ഒന്ന് ഞെട്ടി..

“അയ്യോ.. എനിക്ക് ഇപ്പൊ കല്യാണം വേണ്ട പപ്പാ… അവനെ തീരെ വേണ്ട.. “

“അതെന്താ മോളെ അവനു കുഴപ്പം… നല്ല പയ്യനല്ലേ…? !! ഇതാകുമ്പോൾ ഞങ്ങൾക്ക് എന്നും മോളെ കാണാമല്ലോ. പിന്നെന്താ മോളെ.. “!!

“ഹും നല്ല പയ്യൻ.. പപ്പാക്ക് അറിയാഞ്ഞിട്ടാ (ആത്മ.. )

പപ്പായും അമ്മയും നല്ല സന്തോഷത്തിൽ ആണ്. അവർ പറഞ്ഞത് പോലെ തനിക്കും എന്നും ഇവരെ കാണാം. മായന്റിയും നല്ല കൂട്ടാണ്. പക്ഷേ അവൻ… മ്മ്…നോക്കാം….അവന് ഒരു പണിയും കൊടുകാം..

അവൾ രണ്ടും കല്പിച്ചു പറഞ്ഞു.

“പപ്പായുടെ ഇഷ്ടം പോലെ ചെയ്തോ.. എനിക്ക് വിരോധമില്ല.. “

വിജയന് സന്തോഷം തോന്നി. തന്റെ മകൾ തന്റെ മനസ് അറിഞ്ഞു പ്രവർത്തിച്ചിരുന്നു.

“ദേവി.. മായയെ വിളിച്ചു പറയാം താല്പര്യമാണെന്ന്… !”

????

അങ്ങനെ വളരെ വലിയ ആഘോഷത്തോടെ വിവാഹം നടന്നു. വിവാഹത്തിനു മുൻപും ശേഷവും പൊന്നു അവനെ മൈൻഡ് ചെയ്തതേയില്ല.

അത് അവനിൽ ചെറിയ വിഷമം ഉണ്ടാക്കി. ഇവൾ എനിക്കിട്ടു എന്തോ പണി തരാനുള്ള വരവാണോ ദൈവമേ… !!

രാത്രി ബന്ധുക്കൾ ഒക്കെ മിക്കവാറും എല്ലാരും പിരിഞ്ഞു പോയി.

“മോള് വാ… മമ്മി സാരി ഉടുപ്പിക്കാം.. “

“എന്തിനു…? വേണ്ട ആന്റി.. “

“ആന്റി അല്ല മമ്മി ഇനി അങ്ങനെ വിളിക്കണം കേട്ടോ…. “

“മ്മ്.. “

“പിന്നെ ഫസ്റ്റ് നൈറ്റ്‌ സാരി ഉടുത്തു പോകുന്നത് ഒക്കെ ഒരു ചടങ്ങാ. അത് തെറ്റിക്കണ്ട… “

“ഞാൻ മമ്മിയുടെ കൂടെ കിടന്നോളാം… !!”

“ങ്‌ഹേ… ദൈവമേ… ഈ പെണ്ണ് ഇത് എന്തൊക്കെയാ പറയുന്നേ..

“ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ അല്ല.. നിന്റെയും അജുവിന്റെയുമാ… വാ പെണ്ണെ നിന്ന് കൊഞ്ചാതെ… മമ്മി മുറിയിൽ ആക്കി തരാം… “

മായ അവളെ വലിച്ചു മുകളിലെ റൂമിലേക്ക് കൊണ്ട് പോയി.

മുറിയിൽ അവളെ കാത്തു അജു ഉണ്ടായിരുന്നു..

“ആഹാ… വന്നോ എന്റെ പൊന്നൂസ്.. സാരി യൊക്കെ ഉടുത്തു വലിയ പെണ്ണായല്ലോ… !”

“നീ പോടാ… നീയെന്നോട് സംസാരിക്കാൻ വരരുത്. എന്റെ പപ്പായെ വിഷമിപ്പിക്കണ്ട എന്ന് കരുതിയാ ഞാൻ ഇത് സമ്മതിച്ചത്. അല്ലാതെ നിന്നെ ഇഷ്ടമായിട്ടല്ല… “അവൾ എടുത്തടിച്ചു പറഞ്ഞു.

അവൻ ഞെട്ടി, അന്തം വിട്ടു നിന്നു പോയി..

ങ്‌ഹേ… പ്രതീക്ഷിച്ചത് പോലെ പണിയാണല്ലോ ദൈവമേ… അജുവിന്റെ മുഖം വാടി.. ഇത് ഒരു നടയ്ക്ക് പോകുന്ന ലക്ഷണം ഇല്ല..

“ഈ മുറിയിൽ ഞാൻ കിടന്നോളാം. നീ അപ്പുറത്തെ മുറിയിൽ പോയി കിടന്നോ.. “
അവൾ ഒരു മയവുമില്ലാതെ പറഞ്ഞു.

“ആ ബെസ്റ്റ് എന്റെ വീട്ടിൽ വന്ന്, എന്റെ റൂമിൽ നിന്ന് എന്നെ പുറത്താക്കുന്നോ..കൊള്ളാല്ലോ കളി… “

അവൻ അവളുടെ നേരെ അടുത്തു.

അവൾ രൂക്ഷമായി അവനെ നോക്കി…

ആ നോട്ടത്തിൽ അവൻ സ്വിച്ച് ഇട്ട പോലെ നിന്നു പോയി.

സാരമില്ല.. പതുക്കെ ശരിയാക്കാം. ഇപ്പോൾ ഇത്തിരി പാവം പോലെ അഭിനയിച്ചു കാണിക്കാം.. ഇല്ലെങ്കിൽ ഇപ്പോൾ തന്നെ ചിലപ്പോൾ ഇവൾ വീട്ടിൽ പോയി കളയും. മമ്മി പോലും തനിക്കു സപ്പോർട്ട് തരില്ല.. അവളുടെ വീട്ടിലും അറിയും താൻ അന്ന് കാണിച്ച തെണ്ടിത്തരം..

“എനിക്ക് അറിയാം പൊന്നുന് എന്നോട് ദേഷ്യം ആയിരിക്കും എന്ന്… ഞാൻ അന്ന് ഒരു തമാശക്ക് ചെയ്തതാ.. സോറി…അവൻ ഏറുകണ്ണിട്ട് അവളെ നോക്കി പറഞ്ഞു.

“ഹും തമാശ… ഒരു പെണ്ണിനെ റൂമിൽ കയറ്റി ഡോർ അടച്ചു താൻ എന്ത് തമാശയാടോ ഉദ്ദേശിച്ചത്.. “പൊന്നു കോപം കൊണ്ട് അലറി..

ഈശ്വര കൈയ്യിന്ന് പോയല്ലോ… കാല് പിടിച്ചേക്കാം.. അല്ലാതെ രക്ഷയില്ല

“പൊന്നുന്റെ ഇഷ്ടം അങ്ങനെ ആണെങ്കിൽ ഞാൻ അപ്പുറത്തെ റൂമിൽ കിടന്നോളാം. അവൻ നിഷ്കളങ്കനായി പറഞ്ഞു. “

പിന്നേ… ഈ റൂമിൽ വച്ച് എന്നെ എന്ത് വേണേലും വിളിച്ചോ.. പക്ഷേ പുറത്തു വച്ച് “നീ “എന്നും “എടാ “എന്നും ഒന്നും വിളിക്കല്ലേ പൊന്നു.. പ്ലീസ്…

“ഒന്ന് പോടോ… “അവൾ അവനെ പുച്ഛിച്ചു നോക്കി…

അന്ന് മുതൽ അവൻ സ്വന്തം റൂമിൽ നിന്നും ബഹിഷ്കരിക്കപ്പെട്ടു..

??

വീട്ടിൽ ഇരുന്നിട്ട് പ്രത്യേകിച്ച് കാര്യം ഒന്നും ഇല്ലാത്തതിനാൽ പിറ്റേന്ന് മുതൽ അവൻ ഓഫീസിൽ പോയി തുടങ്ങി. സ്വന്തമായി ഒരു സ്റ്റാർട്ട്‌ അപ്പ്‌ കമ്പനി ആണ് അവന്. കമ്പനിയിലെ കാര്യം എങ്കിലും നടക്കട്ടെ എന്ന് കരുതി..

പെണ്ണ് മമ്മിയോട് നല്ല സ്നേഹത്തിൽ പെരുമാറുന്നുണ്ട്. എന്നെ ഒന്ന് നോക്കുന്നു പോലുമില്ല… ഞാൻ കഴിച്ചോ, കുടിച്ചോ ഒന്നും ശ്രദ്ധിക്കുന്നില്ല..

മായക്ക് ഇപ്പോൾ അവന്റെ അവസ്ഥയിൽ കുറച്ചു സഹതാപം ഒക്കെ വന്നു തുടങ്ങി.. അവൻ തന്നെ ഉണ്ടാക്കിയ കുഴപ്പം അല്ലേ… ഞാൻ എന്ത് ചെയ്യാനാ… !!

ആഴ്ച ഒന്ന് കഴിഞ്ഞിട്ടും പൊന്നുവിന്റെ സ്വഭാവത്തിൽ മാറ്റം ഒന്നും വന്നില്ല. അവനോടു മിണ്ടാൻ പോലും അവൾ കൂട്ടാക്കിയില്ല. ആദ്യം ഉണ്ടായിരുന്ന ആത്മവിശ്വാസം അവനിൽ നിന്ന് പൊയ്ക്കോണ്ടിരുന്നു..

മായ ഇതൊക്കെ കണ്ടു എന്ത് ചെയ്യണം എന്നറിയാതെ നിന്നു. തന്നോട് അവൾക്കു നല്ല സ്നേഹമാണ്. പക്ഷേ അജുവിനോട്..

ആരെയും അറിയിക്കാതെ ഈ വിഷയം എങ്ങനെ എങ്കിലും കൈ കാര്യം ചെയ്യണം. അവൾ ഓർത്തു.

???

രണ്ടു ദിവസം കൂടി കഴിഞ്ഞു ഒരു വൈകുന്നേരം അജു എന്നും ഓഫീസിൽ നിന്ന് വരുന്ന സമയം കഴിഞ്ഞിട്ടും അവൻ എത്തിയില്ല.

പൊന്നു ഇടയ്ക്കിടെ പോയി റോഡിലോട്ടു നോക്കി നിൽക്കുന്നത് മായ ശ്രദ്ധിച്ചു. പക്ഷേ അവൾ ഒന്നും ചോദിച്ചില്ല..

ഇരുട്ട് വീണു.. രാത്രിയായി.. അജു എത്തിയില്ല.. അവസാനം പൊന്നുവിന് പിടിച്ചു നിൽക്കാൻ പറ്റിയില്ല.

“മമ്മി.. അജുവേട്ടൻ എന്താ ഇത്രയായിട്ടും വരാതെ..? “

“ആ അറിയില്ല മോളെ… ഇത് വരെ ഇങ്ങനെ താമസിച്ചട്ടില്ല… “അവൾ കുറച്ചു ശോകം ഇട്ട് പറഞ്ഞു..

“വിളിച്ചു നോക്ക് മമ്മി… “

“ഞാൻ വിളിച്ചിരുന്നു….പക്ഷേ… വിളിച്ചിട്ട് കിട്ടുന്നില്ല.. ഫോൺ ഓഫ്‌ ആണ്…. “

ശരിക്കും അവൻ തന്നെ വിളിച്ചു ഓഫീസിൽ കുറച്ചു വർക്ക്‌ ഉണ്ട്, വരാൻ താമസിക്കും എന്ന് പറഞ്ഞിരുന്നു. പക്ഷേ മനഃപൂർവം പൊന്നുവിനോട് പറഞ്ഞില്ല.

പൊന്നു മോളെ എനിക്ക് അറിയാം എന്റെ മോനോട് നിനക്ക് സ്നേഹം ഉണ്ടെന്ന്.. അതൊന്നു വെളിയിൽ വരട്ടെ മായ മനസ്സിൽ പറഞ്ഞു.

അവസാനം പിടിച്ചു നിൽക്കാൻ പറ്റാതെ അവൾ മായയെ കെട്ടിപിടിച്ചു കരഞ്ഞു.

“മമ്മി എനിക്ക് അജുവേട്ടനെ കാണണം. എന്നെ ഒന്ന് ഓഫീസിൽ കൊണ്ടു പോ… “

മായ അവളെ ആശ്വസിപ്പിച്ചു..

“വിഷമിക്കാതെ അവൻ ഇങ്ങു വരും…കൊച്ചു കുട്ടിയൊന്നും അല്ലല്ലോ.. അല്ല എന്റെ കാന്താരിക്ക് അവനെ ഇഷ്ടമല്ലായിരുന്നല്ലോ.. ഇപ്പൊ എന്ത് പറ്റി.. മായ കളിയായി ചോദിച്ചു..

“പോ… മമ്മി… എനിക്ക് എന്റെ അജുവേട്ടനെ ഇപ്പൊ കാണണം. “

മായ എന്തൊക്കെ പറഞ്ഞിട്ടും അവൾ കരച്ചിൽ നിർത്തിയില്ല.

???

വെളിയിൽ കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ട് അവൾ മുറ്റത്തേക്കു ഓടി..
കാറിൽ നിന്ന് ഇറങ്ങി വന്ന അവനെ കെട്ടിപിടിച്ചു കരഞ്ഞു…

“ഇത്രേം നേരം എവിടായിരുന്നു….? ഞാൻ പേടിച്ചു പോയി… താമസിക്കുമ്പോൾ ഒന്ന് വിളിച്ചു പറഞ്ഞു കൂടേ അജുവേട്ടാ…. “അവൾ കരഞ്ഞു കൊണ്ട് ചോദിച്ചു..

എന്താ ഇപ്പൊ സംഭവിച്ചത് എന്നോർത്തു അവൻ പകച്ചു നിന്നു. ഇതുവരെ നീ എന്നും പോടാ എന്നും ഒക്കെ വിളിച്ചോണ്ടിരുന്ന പെണ്ണാ…ഇപ്പൊ അജുവേട്ടാന്ന്… ഹോ..കേട്ടിട്ട് രോമാഞ്ചം വരുന്നു!!!.

ഒന്ന് ഞെട്ടിയെങ്കിലും കിട്ടിയ അവസരം പാഴാക്കാതെ അവൻ അവളെ മുറുകെ പുണർന്നു..

“നിന്നെ കാണാതെ പേടിച്ചു ഇരിക്കുവായിരുന്നു പെണ്ണ്.. നീ വിളിച്ച കാര്യം ഞാൻ അവളോട്‌ പറഞ്ഞില്ല… “മായ പറഞ്ഞു

ഇത്തവണ പൊന്നു ഒന്ന് ഞെട്ടി..

“മനഃപൂർവം പറയാഞ്ഞതാ അല്ലെ.. പോ മമ്മിയോട് പിണക്കമാ. ഇനി എനിക്ക് എന്റെ അജുവേട്ടനെ മതി…ഹ്മ്മ്…. “!!അവൾ മുഖം വീർപ്പിച്ചു പറഞ്ഞു കൊണ്ട് അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു.

“എടി കള്ളിപ്പെണ്ണേ…. നിന്റെ മനസ്സിൽ എന്റെ മോനോടുള്ള ഈ സ്നേഹം പുറത്തു കൊണ്ടു വരാൻ ഞാൻ ഒന്ന് കളിച്ചതല്ലേ.. “!!മായ പറഞ്ഞു.

ഓഫീസിൽ കുറച്ചു വർക്ക്‌ കൂടുതൽ ഉള്ളത് കൊണ്ടു ഇങ്ങനെ ഒരു ഉപകാരം ഉണ്ടായി. ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ… ഈ പിണക്കം ഇത്രയും നീണ്ടു പോകാൻ ഞാൻ അനുവദിക്കില്ലായിരുന്നു. വെറുതെ എങ്കിലും ഓഫീസിൽ കിടന്നേനെ… അവൻ മനസ്സിൽ ഓർത്തു…

അജു അവളുടെ മുഖം ഉയർത്തി നെറ്റിയിൽ ചുംബിച്ചു.

“എടി ഭയങ്കരി ഇത്രയും സ്നേഹം മനസ്സിൽ ഒളിപ്പിച്ചിട്ടാണോ നീ എന്നെ ഇട്ട് വട്ട് പിടിപ്പിച്ചത്..ഇനി എന്റെ പൊന്നൂസിനെ ഞാൻ സ്നേഹിച്ചു കൊല്ലും… “

“അത് അജുവേട്ടൻ എന്നെ പേടിപ്പിച്ചിട്ടല്ലേ.. !” അവൾ കുറുമ്പോടെ പറഞ്ഞു.

“പോടീ കുരുത്തം കെട്ടവളേ…നിനക്ക് ഇതിന്റെ പലിശയും ചേർത്ത് ഞാൻ തരുന്നുണ്ട്… “

അവൻ സ്നേഹത്തോടെ അവളെ ചുറ്റി പിടിച്ചു.

“അതെ… സ്നേഹ പ്രകടനം ഒക്കെ അങ്ങ് റൂമിൽ മതി”. മായ ചിരിയോടെ പറഞ്ഞു.

“വാ പോന്നുസേ നമുക്ക് പോകാം.. മമ്മി ഞങ്ങൾക്ക് ഇന്ന് ഫുഡ്‌ വേണ്ട… ഞങ്ങളെ ഡിസ്റ്റർബ് ചെയ്യരുത്…. “അവൻ ഒരു കണ്ണിറുക്കി പറഞ്ഞു കൊണ്ട് അവളെ ചേർത്ത് പിടിച്ചു മുകളിലെ റൂമിലേക്ക് പോയി..അവന്റെ കൈയിൽ തൂങ്ങി പോകുന്ന പോക്കിൽ പൊന്നു മായയെ നോക്കി കുസൃതിയോടെ ചിരിച്ചു.

ഹാവൂ.. അങ്ങനെ വലിയ ഒരു പ്രശ്നം തീർന്നു കിട്ടിയിരിക്കുന്നു. ഒട്ടിപ്പിടിച്ചു നടന്നു പോകുന്ന അജുവിനെയും പൊന്നുവിനെയും നോക്കി മായ ആശ്വാസത്തോടെ നെടുവീർപ്പിട്ടു.. ?.