ഏതൊരു ഒരു നിമിഷത്തിൽ അവരുടെ ഉള്ളിലെ സൗഹൃദം പ്രണയമായ് വളർന്നു, ഒരിക്കൽ പോലും നേരിൽ കാണാത്ത ഒരു പ്രണയം…

Story written by ഭാഗ്യ ലക്ഷ്മി

“ഹലോ ഏട്ടാ…”

“എന്താ അമ്മൂ സൗണ്ട് വല്ലാതിരിക്കുന്നെ… നീ കരഞ്ഞോ….?”

കാൾ അറ്റൻഡ് ചെയ്തതും അമൃതയുടെ ശബ്ദം കേട്ട് അനന്തു ഒന്നുപതറി. അത്രയ്ക്കു തളർച്ച ബാധിച്ചിരുന്നു അവളുടെ സംസാരിത്തിൽ…

“ഏയ്‌ ഒന്നൂല്ല, ഏട്ടൻ എന്നാ നാട്ടിലേക്ക് വരാ….?”

“പെട്ടെന്ന് വരാം മോളെ, ഞാൻ ലീവിന് നോക്കുന്നുണ്ട്. കിട്ടണ്ടേ…..”

ദീർഘനേരത്തെ മൗനത്തിനു ശേഷം അമ്മു പറഞ്ഞുതുടങ്ങി.

“ഇന്ന് ചെക്ക്അപ്പ്‌ ആയിരുന്നു, ഡോക്ടർ അച്ഛനോട് പറയുന്നത് കേട്ടു വല്യ പ്രതീക്ഷയൊന്നും വേണ്ടാന്ന്… എനിക്കും ഇനി വല്യ ആഗ്രഹം ഒന്നൂല്ല്യ ഏട്ടാ, പക്ഷെ എനിക്ക് ഏട്ടനെ കാണണം, ഒരുവട്ടമെങ്കിൽ ഒരു വട്ടം….

എനിക്ക് പേടിയാകുവാ ഏട്ടാ…. ഏട്ടനെ കാണാണ്ട് പോവാൻ എനിക്ക് പേടിയാ, ഏട്ടൻ വരില്ലേ…. എനിക്ക് കാണണം ന്റെ ഏട്ടനെ…..”

കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു അവൾ, എന്നിട്ടും എന്തോ മനോധൈര്യത്താൽ കരഞ്ഞില്ല. ഫോണിന്റെ അങ്ങേതലക്കൽ ഒരു ഹൃദയം ഉരുകിതീരുന്നത് കാണാതെ തന്നെ അവൾ മനസിലാക്കി, അമ്മൂട്ടിടെ അനന്തേട്ടനെ അമ്മൂട്ടിക്കല്ലാതെ മാറ്റാർക്കാ മനസിലാവാ….അമൃതയുടെ കൺകോണുകളിൽ നീർതുള്ളികളുടെ സാനിധ്യം…..

“അമ്മൂ ഞാൻ വൈകുന്നേരം വിളിക്കാം ട്ടോ…”

ഷോപ്പിൽ കസ്റ്റമേഴ്സ് വന്നപ്പോൾ അനന്തു തിടുക്കത്തിൽ കാൾ കട്ട്‌ ചെയ്തു, ചെവിയോട് ചേർത്തു വയ്ച്ച ഫോൺ ബെഡിലേക്ക് തന്നെ മാറ്റിയിട്ട് അമൃത പയ്യെ എഴുന്നേറ്റു.

നിലകണ്ണാടിക്ക് മുന്നിൽ നിന്നുകൊണ്ട് അവൾ തന്റെ പ്രതിബിംബത്തിലേക്ക് നോക്കി. അവൾക്ക് കരച്ചിൽ വന്നു, കണ്ണുനീർ വറ്റിയെന്ന് തോന്നിയ മിഴികൾ വീണ്ടും വീണ്ടും നനഞ്ഞു കുതിർന്നു.

അമ്മു തലയിലൂടെ വിരലോടിച്ചു, തലമുടികളില്ലാതെ, തരിശുഭൂമി പോലെ കിടക്കുന്ന തന്റെ തലയിൽ വിരലുചേർക്കുമ്പോൾ അവൾക്ക് സങ്കടം വന്നു. കീമോ റേഡിയേഷനുകൾക്ക് മുടിയോടാണല്ലോ വിദ്വേഷം…, കുഴിഞ്ഞ കണ്ണുകളും മെലിഞ്ഞു ഒട്ടിയ എല്ലുന്തിയ ശരീരവുമായുള്ള തന്റെ മനുഷ്യകോലത്തെ എത്ര നേരം നോക്കിനിന്നുവെന്ന് അവൾക്ക് അറിയില്ല.

കടന്നുപോയ രണ്ടുവർഷകാലം തന്റെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ അവൾ വെറുതെ ഒന്നോർത്തു.

ഫേസ്ബുക്കും വായനയും ആയിരുന്നു അമൃത എന്ന അമ്മുവിന്റെ തട്ടകം, ഫേസ്ബുക്കിലെ എല്ലാ തൂലിക ഗ്രൂപ്പുകളിലും അവൾ അംഗമായിരുന്നു. എല്ലാ കഥകളും രചനകളും പോരാഞ്ഞു വീട്ടിൽ ബാലരമയും ബാലഭൂമിയും വരെ വരുത്തി വായിച്ചിരുന്നു അമ്മു. വായന അവൾക്ക് അത്രയും പ്രിയപ്പെട്ടതായിരുന്നു.

കോളേജ് വെക്കേഷൻ ആയപ്പോൾ അച്ഛൻ വാങ്ങികൊടുത്തതാണ് അമ്മുവിന് ആൻഡ്രോയ്ഡ് ഫോൺ, ഒത്തിരി നാളത്തെ ആഗ്രഹമായിരുന്നു അമ്മുവിന് സ്വന്തമായി ഒരു ഫോൺ എന്നുള്ളത്. കൂട്ടുകാർക്കൊക്കെ ഫേസ്ബുക് ഉണ്ട്, ഫേസ്ബുക്കിനെ കുറിച്ച് കൂട്ടുകാരികൾ ഓരോന്ന് പറയുന്നത് കേട്ടപ്പോൾ കരുതിയതാണ്, അമ്മൂനും ഒരു ഫേസ്ബുക് അകൗണ്ട് വേണം എന്ന്….

അങ്ങനെ ആശിച്ചു മോഹിച്ചു ഫോൺ കിട്ടിയപ്പോൾ അമ്മുവും തുടങ്ങി ഒരു ഫേസ്ബുക് അകൗണ്ട്, അമൃത അമ്മു, ഫോട്ടോ ഫേസ്ബുക്കിൽ ഇട്ടാൽ കുഴപ്പമാണെന്നുള്ള അറിവ് മുൻപേ അവൾക്ക് കിട്ടിയിരുന്നത് കൊണ്ട് നൃത്തം ചെയ്യുന്ന ഒരു പെൺകുട്ടിയുടെ ഫോട്ടോ തപ്പിപിടിച്ച് പ്രൊഫൈൽ ഫോട്ടോയും വച്ചു. കണ്ണിൽകണ്ട അറിയാവുന്ന എല്ലാവർക്കും റിക്വസ്റ്റ് കൊടുത്തു, കുറെ പേര് അക്‌സെപ്റ്റ് ചെയ്തു, കുറെ പേര് അക്‌സെപ്റ്റ് ചെയ്തില്ല. വന്ന മെസ്സേജുകൾക്ക് റിപ്ലൈ കൊടുത്തു അമ്മു മുഷിഞ്ഞു, രണ്ട് ദിവസം അവൾ ഫോൺ നിലത്ത് വച്ചതെയില്ല.

ഒരാഴ്ചക്ക് ശേഷം അവൾക്ക് ബോധ്യമായി, കൂട്ടുകാരികൾ പറഞ്ഞത്രയും സെറ്റപ്പ് ഒന്നും അല്ല ഫേസ്ബുക് എന്ന്, അതോടെ അവൾ പയ്യെ എഴുത്തുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഓരോ കഥകളും സസൂക്ഷ്മം വായിച്ചു, മനസ്സിൽ തോന്നിയ അഭിപ്രായങ്ങൾ താഴെ കമന്റ്‌ ആയ് കുറിച്ചിട്ടു.

അങ്ങനെ അവൾക്ക് എഴുത്തുകാരായ ഒരുപാട് കൂട്ടുകാരെ കിട്ടി, അവരോട് മിണ്ടുമ്പോൾ അവൾക്ക് വല്ലാത്ത സന്തോഷം ആയിരുന്നു. എഴുത്തുകൂട്ടുകാർ അവളോട് ചോദിക്കുമായിരുന്നു, “തനിക്ക് എന്തെങ്കിലും ഒക്കെ എഴുതിക്കൂടെ…..” പക്ഷെ തലകുത്തിനിന്നിട്ടും ഒരക്ഷരം പോലും തന്നെ കനിയുന്നില്ല എന്ന് അമ്മുവിന് മാത്രല്ലേ അറിയൂ.

എന്നിട്ടും കണ്ടും കേട്ടും വായിച്ചും അറിഞ്ഞതിന്റെയുമൊക്കെ വെളിച്ചത്തിൽ അമ്മുവും എഴുതി ഒരു കുന്നിക്കുരുകഥ, പക്ഷെ അമ്മു പ്രതീക്ഷിച്ച പോലെ അത് വലുതായി ശ്രദ്ധിക്കപ്പെടാതെ പോയി.

പക്ഷെ വന്ന ഒന്നുരണ്ട് സ്റ്റിക്കർ കമന്റിനിടയിൽ അനന്തു രവീന്ദ്രൻ എന്ന ആളിന്റെ ഒരു കമന്റ്‌ അമ്മു ശ്രദ്ധിച്ചു, അത് ഒരു വഴിതിരിവായിരുന്നു. കമന്റ്‌ സൗഹൃദം പതിയെ ഇൻബൊക്സ് സൗഹൃദമായിമാറി. ഏതോ ഒരു ആത്മബന്ധം അവർക്കിടയിലെ സൗഹൃദത്തെ ബലപ്പെടുത്തി, പരസ്പരം ഫോൺ നമ്പർ കൈമാറാനും വിളിക്കാനും ഒരുപാട് നാൾ വേണ്ടി വന്നില്ല അവർക്ക്.

ഏതൊരു ഒരു നിമിഷത്തിൽ അവരുടെ ഉള്ളിലെ സൗഹൃദം പ്രണയമായ് വളർന്നു, ഒരിക്കൽ പോലും നേരിൽ കാണാത്ത ഒരു പ്രണയം. അനന്തു ഗൾഫിൽ ഒരു ഷോപ്പിൽ ആണ് ജോലി ചെയ്യുന്നത്, അച്ഛനും അമ്മയും അനിയത്തിയും ചേർന്ന ഒരു ചെറിയ കുടുംബം, അനിയത്തി കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിലാണ്.

കുറച്ചു നാളുകൾ കൊണ്ട് തന്നെ അമ്മുവും അനന്തുവും പിരിയാനാകാത്ത വിധം അടുത്തുപോയിരുന്നു, കേവലം ഒരു ഫേസ്ബുക് പ്രണയം എന്ന നിലയിൽ തള്ളികളയാനാകാത്ത വിധം….

പെട്ടെന്നൊരു ദിവസം അമ്മുവിന് തലവേദന തുടങ്ങി, ആദ്യം ഒന്നും അത് കാര്യമാക്കിയില്ല. പിന്നെപിന്നെ മെസ്സേജ് ടൈപ് ചെയ്യുമ്പോൾ വേദന അധികമാകാൻ തുടങ്ങിയപ്പോൾ അവൾ വീട്ടിൽ അത് സൂചിപ്പിച്ചു. സദാനേരവും ഫോണിൽ കുത്തി ഇരുന്നിട്ടാണ് തലവേദന എന്നും പറഞ്ഞ് അമ്മ അവളെ ചീത്ത പറയുകയാണ് ചെയ്തത്, അതുകൊണ്ട് അവൾ സ്ഥിരം കഴിക്കുന്ന ഹോമിയോ മരുന്ന് കഴിക്കാൻ തുടങ്ങി. മരുന്ന് കഴിക്കുമ്പോൾ വേദന മാറിയത് കൊണ്ട് പിന്നെ അവൾ അത് കൂടുതൽ ശ്രദ്ധിക്കാൻ പോയതുമില്ല.

ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു പോയ്‌ക്കൊണ്ടിരുന്നു, ഒരുദിവസം അമ്മു ക്ലാസ്സിൽ തലചുറ്റി വീണു, ആ വീഴ്ചയിൽ തല എവിടെയോ തട്ടിയത് കൊണ്ടോ അറിയില്ല, മൂക്കിൽ നിന്ന് കുറച്ചു രക്തവും വന്നിരുന്നു. അങ്ങനെയാണ് അച്ഛൻ അമ്മുവിനെയും കൊണ്ട് ആശുപത്രിയിൽ പോകുന്നതും ചെക്കപ്പ്‌ നടത്തിയതും. റിസൾട്ട്‌ വന്നപ്പോൾ ഞെട്ടിപ്പോയ് അമ്മു, അവൾക്ക് ബ്ലഡ് ക്യാൻസർ ആയിരുന്നു.

“ഒന്ന് ജീവിക്കാൻ തുടങ്ങിയിട്ടെ ഉണ്ടായിരുന്നുള്ളൂ… അതിന് മുൻപ് നീ എന്നെ പരീക്ഷിക്കുവാണോ കൃഷ്ണാ….”

അമ്മു മനസ്സിൽ തേങ്ങി. അനന്തുവിനോട് എങ്ങനെ പറയണം എന്ന് അവൾക്ക് നിശ്ചയമുണ്ടായിരുന്നില്ല. എങ്ങനെയോ അവൾ അത് പറഞ്ഞൊപ്പിക്കുമ്പോൾ അനന്തുവിന്റെ മാനസികനില പ്രതീക്ഷിച്ചതിലും ഭയാനകമായിരുന്നു, ആകെ തളർന്നു പോയി അവൻ…. അമ്മു ഓർമയിൽ ചികഞ്ഞു.

ഇന്ന് അനന്തേട്ടനുമായി എന്റെ ജീവിതം തുടങ്ങിയിട്ട് രണ്ട് വർഷം, എന്റെ രോഗവുമായി പോരാടാൻ തുടങ്ങിയിട്ടും ഏതാണ്ട് അത്രയും കാലം….

മരിക്കാൻ എനിക്ക് ഭയമില്ല, പക്ഷെ എനിക്ക് അതിന് മുൻപ് ഒരുനോക്ക് എന്റെ ഏട്ടനെ ഒന്ന് കാണണം. അവൾ കണ്ണുനീരോടെ ഉറക്കത്തെ പുൽകി.

പിറ്റേന്ന് അമ്മു ഉണർന്നത് ഒത്തിരി ഉത്സാഹത്തോടെയാണ്, എണീറ്റപാടെ അവൾ ഫോൺ എടുത്തു അനന്തുവിന് മെസ്സേജ് അയച്ചു.

‘ഇന്നലെ വിളിക്കാം ന്ന് പറഞ്ഞു പറ്റിച്ചു ല്ലെ… സാരല്ല്യ. ഞാൻ ഇന്ന് ഒന്ന് അമ്പലത്തിൽ പോണുണ്ട്, ഏട്ടന് വേണ്ടി അർച്ചന കഴിപ്പിക്കാംട്ടോ….”

മുറിയിൽ നിന്ന് പുറത്തിറങ്ങി അവൾ ഹാളിലേക്ക് നടന്നു, നാളുകൾ ഏറെയായി മുറിയിൽ തന്നെ അടച്ചിരിപ്പായിരുന്നു. ഹാളിൽ തന്നെ അച്ഛൻ ഉണ്ടായിരുന്നു, അമ്മ അടുക്കളയിലും.

“അച്ഛാ എനിക്കൊന്ന് അമ്പലത്തിൽ പോണം…”

അമ്മുവിന്റെ വാക്കുകൾ അച്ഛനെയും അമ്മയെയും അമ്പരപ്പിച്ചു, ഒത്തിരി നാളുകളായി തങ്ങളുടെ മകൾ ചിരിച്ചു വർത്തമാനം പറഞ്ഞു കണ്ടിട്ട്, ആ സന്തോഷം അവരുടെ കണ്ണുകളിൽ പൂത്തിരി കത്തിക്കുന്നുണ്ടായിരുന്നു.

അച്ഛന്റെ സമ്മതവും വാങ്ങി അമ്മു തിരികെ മുറിയിൽ എത്തി, കുളിക്കാൻ വയ്യായ്ക ഉണ്ടായിട്ടും അവൾ അത് കാര്യമാക്കാതെ കുളിച്ചു. ഉള്ള മുടി ചീകി വച്ചു, ഒരു ഓറഞ്ച് കളർ പട്ട്പാവാടയണിഞ്ഞു നെറ്റിയിൽ ഒരു ചെറിയ വട്ടപൊട്ടും കുത്തി. അച്ഛന്റെയും അമ്മയുടെയും കൂടെ കാറിൽ അമ്പലത്തിലേക്ക് പോകുമ്പോൾ മനസ്സിൽ ഒരു സംതൃപ്തി തോന്നി അമ്മുവിന്.

നടക്കാൻ നന്നേ ബുദ്ധിമുട്ട് തോന്നിയെങ്കിലും അമ്മയുടെ കൈയിൽ പിടിച്ച് അവൾ അമ്പലപ്പടികൾ കയറി. ശ്രീകോവിലിന് മുന്നിൽ നിൽക്കുമ്പോഴും അവളുടെ മനസ്സിൽ അനന്തേട്ടനെ കാണണം എന്ന ആഗ്രഹം മാത്രം.

ദീപാരാധന സമയത്ത് ബോധം മറഞ്ഞു വീണ അവളെയും എടുത്തു കാറിന്റെ അരികിലേക്ക് ഓടുമ്പോൾ അച്ഛന്റെ കണ്ണുനിറഞ്ഞു കാഴ്ച മങ്ങിയിരുന്നു.

കണ്ണു തുറക്കുമ്പോൾ അവൾ അവളൊരു അടച്ചുപൂട്ടിയ മുറിയിലാണ്, ചുറ്റും വെള്ളപൂശിയ ചുവരുകൾ മാത്രം. പെട്ടെന്ന് അവളുടെ മേലെ മയിൽ‌പീലി കൊഴിഞ്ഞുവീഴാൻ തുടങ്ങി,

“ന്റെ കൃഷ്ണാ…. നീ എന്നെ പരീക്ഷിക്കാണോ…?”

അമ്മുവിന്റെ സ്വരം നേർത്തു…

“അമ്മൂട്ടി…….”

“അനന്തേട്ടൻ… ഏട്ടാ…. ഏട്ടൻ എവിടെയാ…..”

അവൾ ചുറ്റുപാടും കണ്ണോടിച്ചു.

“കണ്ണു തുറക്ക് അമ്മൂട്ടി എന്നാലല്ലേ കാണാൻ പറ്റൂ….”

അപ്പൊ ഞാൻ കണ്ണടച്ച് പിടിച്ചിരിക്കുവാണോ…

അമ്മു കണ്ണുകൾ കഷ്ടപ്പെട്ടു വലിച്ചു തുറന്നു. ആകെ ഒരു മങ്ങലാണ്, എങ്കിലും അവൾ കണ്ടു, തന്റെ അരികിൽ കണ്ണുനിറച്ചു നിൽക്കുന്ന അനന്തുവിനെ…

“എത്ര ദിവസായി നീ ഈ കിടപ്പാന്ന് അറിയോ പേടിപ്പിച്ചു കളഞ്ഞുല്ലോ മോളെ നീ ഞങ്ങളെ….”

ഞങ്ങളോ…..

അമ്മു തലയിൽ ഉയർത്തി നോക്കാൻ ശ്രമിച്ചു, അച്ഛനും അമ്മയും അനന്തേട്ടന്റെ അച്ഛനും അമ്മയും ഒക്കെ ഉണ്ടായിരുന്നു….

“ഞാൻ മരിച്ചു പോവോ അനന്തേട്ടാ…. “

അമ്മു വിക്കി വിക്കി ചോദിച്ചു,

“ഇല്ല മോളെ…. നിന്നെ ഞാൻ ഒന്നിനും വിട്ടുകൊടുക്കില്ലല്ലോ… പിന്നെങ്ങനെയാ നീ മരിക്കാ… നീ എന്റെ അമ്മൂട്ടി അല്ലെ…..”

അവളുടെ കൈത്തലം അവന്റെ കൈകൾക്കുള്ളിൽ ചേർത്തു വച്ചു അവൻ പറഞ്ഞു,

അമ്മുവിന്റെ ഊർജമായിരുന്നു അനന്തു, ജീവിതത്തിലേക്ക് വീണ്ടും വീണ്ടും പിച്ചവച്ചു നടന്നു കയറാൻ ഉള്ള ഊർജം ❤️❤️