ഒരുകണ്ണിറുക്കി കുസൃതിയോടെ രാധയെ നോക്കിയവനതു പറയവേ അവനു നേരെ ചോറുതവിയോങ്ങി രാധ….

അനിയത്തി

Story written by RAJITHA JAYAN

‘അമ്മേ അമ്മയ്ക്കിനി ഒന്നൂടി പ്രസവിച്ചാലെന്താ …?

പെട്ടെന്നുള്ള സുജിത്തിന്റ്റെ ചോദ്യം കേട്ട് അവനുചോറുവിളമ്പുകയായിരുന്ന രാധ ഒന്നമ്പരന്നവനെ നോക്കി. ..

‘നീ…നീ എന്താടാ ചോദിച്ചത്….? രാധ സുജിത്തിന്റ്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കികൊണ്ടത് ചോദിച്ചപ്പോൾ സുജിത്ത് ഒന്നും മിണ്ടാതെ ചോറ് കഴിക്കാൻ തുടങ്ങി. ….

‘ടാ ഞാൻ നിന്നോടാ ചോദിച്ചത്….?

രാധ വീണ്ടും സുജിത്തിനുനേരെ തിരിഞ്ഞു

‘എന്റെ അമ്മേ,അമ്മ ഒന്ന് ചുമ്മാ ഇരിക്കുന്നുണ്ടോ, മോഹൻലാലിന്റ്റെ പവിത്രമെന്ന സിനിമ ഏട്ടൻ ഇരുന്ന് കാണുന്നത് കണ്ടപ്പോഴേ ഇങ്ങനെ ഒരു ചോദ്യം ഞാനിന്നിവിടെ പ്രതീക്ഷിച്ചതാ. …..”

ഭക്ഷണം കഴിക്കാനങ്ങോട്ടു വന്ന അജിത്ത് അതുപറയവെ ഒരു ചെറുചിരിയോടെ അനിയനെ നോക്കി സുജിത്ത്. ..

‘എന്റെ ഏട്ടാ ,ഏട്ടൻ വേഗം ഒരു കല്യാണം കഴിക്കാൻ നോക്ക്….,അല്ലാതെ അമ്മയോട് ഓരോന്ന് ചോദിച്ച് അമ്മയുടെ വായിലിരിക്കുന്നത് കേൾക്കാതെ…..”’

‘ടാ അജീ ‘ഞാനൊരു കല്ല്യാണം കഴിച്ചാൽ എനിക്ക് ഉണ്ടാവുക മക്കൾ ആണ് ,അല്ലാതെ അനിയത്തി അല്ലല്ലോ…? അനിയത്തിയെ വേണമെങ്കിൽ അമ്മ തന്നെ വിചാരിക്കണം ല്ലേ അമ്മേ….?

ഒരുകണ്ണിറുക്കി കുസൃതിയോടെ രാധയെ നോക്കിയവനതു പറയവേ അവനു നേരെ ചോറുതവിയോങ്ങി രാധ ….

‘എന്നാലുമെന്റ്റേട്ടാ ഇത് ഇത്തിരി കടുപ്പം തന്നെയാണ് ട്ടോ ഈ അനിയത്തി ഭ്രാന്ത്…,ഏട്ടനീ അനിയനില്ലേഎപ്പോഴും …,ഏട്ടനെന്നെ സ്നേഹിച്ചോന്നെ ഇഷ്ടം പോലെ….”

‘പോടാ. …നിന്നെ സ്നേഹിക്കാനെനിക്ക് നിന്റ്റെ അനുവാദം വേണ്ടേ, ഇതങ്ങനെ ഒരു വെറും ഭ്രാന്തല്ലടാ പലപ്പോഴും ഒരു ചേച്ചിയോ അനിയത്തിയോ ഇല്ലാത്ത കുറവ് ഈ വീട്ടിൽ എനിക്ക് വല്ലാതെ അനുഭവപെടുന്നുണ്ടെടാ അജീ, ജോലിയുടെ തിരക്കിൽ ഞാനും പഠിത്തതിന്റ്റെ തിരക്കിൽ നീയും എപ്പോഴും വീടിനു പുറത്താവും…അച്ഛനാണെങ്കിൽ പൊതുപ്രവർത്തനത്തിന്റ്റെ പേരിലെപ്പോഴും പലയിടങ്ങളിലാണ്……അപ്പോൾ അമ്മയ്ക്കൊരു കൂട്ടായി ഒരു മോളുണ്ടായിരുന്നെങ്കിൽ…,,

”ഓ…അപ്പോൾ നീ നിനക്ക് വേണ്ടി അല്ല, എനിക്ക് തുണക്കു വേണ്ടിയാണല്ലേ പെങ്ങൻമാരെ തിരക്കീത് ….? എന്റെ മോന് എന്നോട് ഇത്രയും ഇഷ്ടം ഉണ്ടായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നെടാ. ..”’

‘എടാ മോനെ സുജിത്തേ ഞാനേ നിന്റ്റെ അമ്മ ആണ് ട്ടോ… നിന്റ്റെ മനസ്സു കാണാൻ എനിക്ക് പറ്റും. ..നിന്റ്റെ അനിയത്തി സ്നേഹം ഞാൻ എന്നേ മനസ്സിലാക്കീതാ…. പക്ഷേ ഇനിയിപ്പോൾ ഞാൻ വിചാരിച്ചാൽ രക്ഷയില്ല…അതുകൊണ്ട് എന്റെ മോൻ ഇപ്പോൾ വേഗം ഒരു കാര്യം ചെയ്യ് പെൺകുട്ടികൾ മാത്രമുള്ള ഒരു വീട്ടിലെ മൂത്ത പെണ്ണിനെ അങ്ങ് കെട്ട്, അപ്പോൾ ഇഷ്ടംപോലെ അനിയത്തിമാരെയും കിട്ടും നിന്റ്റെ വിഷമവും തീരും അല്ല പിന്നെ, അവൻ വന്നേക്കുന്നു ഈ പ്രായത്തിലൊരനിയത്തിയെ പെറ്റുകൊടുക്കാമോന്ന് ചോദിച്ചമ്മയുടെ അടുത്ത്…”

അനിയത്തി. …,,സുജിത്തിന്റ്റെ സ്വപ്നങ്ങളിലിപ്പോൾ എപ്പോഴും ആ ചിന്ത മാത്രമാണ്. …കൂട്ടുക്കാരുടെ വീട്ടിൽ ചെല്ലുമ്പോഴോ അല്ലെങ്കിൽ ആരെങ്കിലും പെങ്ങൻമാരെപറ്റി എന്തെങ്കിലും പറയുമ്പോഴോ സ്വന്തമായൊരനിയത്തി ഇല്ലാത്ത വിഷമം അവന്റെ മനസ്സിൽ ഒരു നോവായി പടരും. ..

അച്ഛനും അമ്മയും അനിയനും താനും ഉൾപ്പെടുന്ന കുടുംബത്തിൽ ഒരു കുഞ്ഞനിയത്തിയുടെ കുറവ് ഇപ്പോൾ വല്ലാതെ അനുഭവപ്പെടുന്നത് പോലെ..

തമാശകൾ പറയാൻ , കുസൃതികൾ കാണിക്കാൻ പിണക്കങ്ങളും പരാതികളും പറഞ്ഞു കൊണ്ടൊരനിയത്തി, ഈ ഇരുപത്താറാം വയസ്സിൽ സുജിത്തിന്റ്റെ ഏറ്റവും വലിയ ആഗ്രഹം അതാണ്

**** ***** ***** *****

ഒരുദിവസം ബാങ്കിലെ ജോലികഴിഞ്ഞ് വീട്ടിൽ എത്തിയ സുജിത്ത് അമ്പരന്നുപോയി…! വീട്ടിലൊരു പെൺകുട്ടി. ..നല്ല വെളുത്ത് നീണ്ട് ഐശ്വര്യമുള്ളൊരു പെൺകുട്ടി. ..

“അമ്മേ….. വീടിനകത്തേക്ക് നോക്കിയവൻ രാധയെ വിളിക്കവേ ആ പെൺകുട്ടി അവനരികിലെത്തി …

“എന്റെ സുജിയേട്ടാ ഇത്രയും വലിയ ചെക്കനായിട്ടും സ്വഭാവത്തിനൊരു മാറ്റവും ഇല്ലല്ലോ. ..കഷ്ടം. ..സ്കൂൾ വിട്ട് മക്കൾ വരുന്നത് പോലെ ഓഫീസ് വിട്ട് വന്നയുടനെ അമ്മയെ വിളിച്ച് നടക്കാൻ. …

“ആ…നീ വന്നോടാ….നീയെന്താടാ സുജീ ഇവളെ ഇങ്ങനെ സൂക്ഷിച്ച് നോക്കുന്നത്…?ഇതാരാണെന്ന് മനസ്സിലാവാത്ത പോലെ…?

രാധയത് ചോദിക്കുമ്പോഴും ഓർമ്മയിലാ പെൺകുട്ടിയെ തിരയുകയായിരുന്നു സുജിത്ത്. ..

“മനസ്സിലാവാത്ത പോലെ അല്ല അമ്മേ…, സുജിയേട്ടനിപ്പോഴുമെന്നെ മനസ്സിലായിട്ടില്ല..!!

“എന്റെ ഏട്ടാ ഞാനേ കാവ്യയാണ് ….ഏട്ടന്റ്റെ അച്ഛന്റെ കൂട്ടുക്കാരന്റ്റെ മകൾ…ഇവിടെ ഒരു കോഴ്സിന് ചേർന്നിട്ടുണ്ട് മൂന്നു മാസത്തെ…. ഹോസ്റ്റലിൽ നിൽക്കാമെന്നാണ് കരുതീത് പക്ഷേ ഏട്ടന്റ്റെ അമ്മ എന്നെ ഇവിടെ നിർത്തി…. മനസ്സിലായോ ഇപ്പോൾ കാര്യങ്ങൾ. ..

കാവ്യയുടെ സംസാരം ഒരു കൗതുകത്തോടെ നോക്കി നിന്ന സുജിത്തിന്റ്റെ മനസ്സിലപ്പോൾ ഒരു സ്വപ്നം പൂവണിയുകയായിരുന്നു അനിയത്തി എന്ന സ്വപ്നം…. ഒരമ്മയുടെ വയറ്റിൽ പിറന്നിലെങ്കിലും അവളവന് കൂടപ്പിറപ്പായ് മാറുകയായിരുന്നു അപ്പോൾ മുതൽ …

വൈകുന്നേരം ഓഫീസ് വിട്ട് വരുന്ന സുജിത്തിന്റ്റെ കയ്യിൽ മിഠായിപ്പൊതി കണ്ടില്ലെങ്കിൽ പിണങ്ങുന്ന, രാവിലെ അവന്റെ ഡ്രസ്സുകൾ ചുളിവില്ലാതെ ഇസ്തിരിയിട്ടുകൊടുത്ത് അതിന്റെ പൈസ കണക്കു പറഞ്ഞു വാങ്ങുന്ന അവന്റെ അനിയത്തിക്കുട്ടിയായ് കാവ്യ മാറിയത് വളരെ പെട്ടെന്ന് ആയിരുന്നു

കാവ്യയുടെ വരവോടെ വീട്ടിലുണ്ടായ മാറ്റങ്ങൾ നോക്കികാണുകയായിരുന്നു സുജിത്ത്. ..വീടെപ്പോഴും ശബ്ദമുഖരിതമാണിപ്പോൾ….അമ്മയുടെ പച്ചക്കറി തോട്ടത്തിലിപ്പോൾ ധാരാളം പച്ചക്കറികൾ സ്ഥാനം പിടിച്ചിരിക്കുന്നു… അതുപോലെ മുറ്റത്തിനരികിലെ ചെടിത്തോട്ടത്തിൽ നിറയെ പലതരം പൂക്കൾ വർണ്ണം വിതറുന്നു. ഉത്സവപറമ്പുകളിലും സിനിമാ ശാലകളിലും ചുറ്റിത്തിരിയുമ്പോൾ കാവ്യയുടെ ചുറ്റും ഒരു സുരക്ഷിതവലയം സൃഷ്ടിക്കാൻ സ്വയം തന്റ്റെ മനസ്സുപോലും ഇപ്പോൾ തയ്യാറായിരിക്കുന്നു… ..ഒരു പെൺകുട്ടിയ്ക്ക് ഒരു വീടിനെ ഇത്രയധികം മാറ്റാൻ സാധിക്കും ല്ലേ.. സുജിത്തിന്റ്റെ മനസ്സവനോട് മന്ത്രിച്ചൂ…..

പതിവുപോലൊരു ദിവസം രാവിലെ ഓഫീസിൽ പോവാൻ തയ്യാറാവുമ്പോഴാണ് കാവ്യ സുജിത്തിനരികിലെത്തിയത്…

“എടാ ഏട്ടാ, ഇന്ന് വൈകുന്നേരം ഞാനെന്റ്റെ വീട്ടിലേക്ക് പോവും ട്ടോ എന്റ്റെ കോഴ്സ് കഴിഞ്ഞു. ..വിവരം ഇന്നലെ നിന്നോടു പറയാത്തത് മനപ്പൂർവം ആണെടാ ചേട്ടാ…. നേരത്തെ പറഞ്ഞാൽ നീ ഭയങ്കര സീനാക്കും , ഇനിയിപ്പോൾ അതിനൊന്നും സമയമില്ല ഓഫീസിൽ പോവാനുള്ള നേരമായി… അപ്പോൾ ബൈ ട്ടോ…. കാണാം…….നിറഞ്ഞു വന്ന കണ്ണുകൾ തുടയ്ക്കാൻ ശ്രമിക്കാതെ അവന്റെ കയ്യിലൊരു കവർ കൊടുത്തിട്ടവൾ അകത്തേക്കോടിപോയി. …

“”ഈ ജന്മവും വരും ജന്മവും എനിക്ക് ഈ ഏട്ടന്റ്റെ അനിയത്തിയായി മാത്രം ഇരുന്നാൽ മതി എന്നെഴുതിയ ഒരു കടലാസും ഒപ്പം അവനേറെ ഇഷ്ടമുള്ള നീലകളറിലൊരു ഷർട്ടും ആയിരുന്നു ആ കവറിനുളളിൽ…!!

ദിവസങ്ങൾ എത്ര പെട്ടന്നാണ് കടന്നു പോയത്…കാവ്യ ഇല്ലാതെ വീടുറങ്ങിപോയത് സുജിത്ത് കാണുന്നുണ്ടായിരുന്നു, പലവട്ടം അവൻ അവളെ തിരികെ വിളിച്ചു കൊണ്ട് വരാൻ രാധയോട് പറഞ്ഞെങ്കിലും അവളൊരു പെൺകുട്ടി ആണ്,അന്യ വീട്ടിൽ പോവേണ്ടവളാണ് അവളുടെ ഭാവിയെ ദോഷകരമായ് ഭവിക്കുന്ന ഒന്നും ചെയ്യരുതെന്ന് പറഞ്ഞവനെ രാധ നിരുൽസാഹപ്പെടുത്തി….

അനിയത്തി എന്ന ചിന്ത മനസ്സിൽ വീണ്ടും ഒരു നഷ്ടമായ് വന്നു നിറയുന്നത് സുജിത്ത് തിരിച്ചറിഞ്ഞു. ..

*** **** **** *****

മോനെ സുജീ നമ്മുക്ക് ഒരിടംവരെ ഒന്ന് പോയാലോ…? പതിവില്ലാതെ അച്ഛൻ ചോദിച്ചപ്പോൾ മറുചോദ്യങ്ങളൊന്നുമില്ലാതെ അവൻ വേഗം റെഡിയായ്….

ആ….ഇവരൊക്കെ ഉണ്ടോ അച്ഛാ നമ്മുടെ കൂടെ. ..?

കാറിൽ കയറുന്ന അജിത്തിനെയും രാധയെയും നോക്കി സുജിയത് ചോദിച്ചപ്പോൾ അവരുടെ മുഖത്തൊരു കളളച്ചിരി തെളിഞ്ഞു. …

കാർ കാവ്യയുടെ വീടിന്റെ മുന്നിൽ ചെന്ന് നിന്നപ്പോൾ കാര്യം മനസ്സിലാവാതെ സുജിത്ത് വീണ്ടും അവരെ നോക്കി.

നീ ഇങ്ങനെ തുറിച്ച് നോക്കണ്ടടാ നമ്മൾ ഒരു പെണ്ണുകാണലിന് വന്നതാടാ….രാധ പറഞ്ഞു. ..

അയ്യോ അച്ഛാ കാവ്യ എന്റെ… ….

നീ ഒന്നും പറയണ്ട…മിണ്ടാതെ വാ …രാധയവന്റ്റെ കൈ പിടിച്ച് വീടിനകത്തേക്ക് നടന്നു

ഒരു പുതുപെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങി കയ്യിൽ ട്രേയുമായ് കാവ്യ മുന്നിൽ വന്നു നിന്നപ്പോൾ സുജിത്ത് പകച്ചവളെ നോക്കി. …

ഈശ്വരാ …തന്റെ അനിയത്തിക്കുട്ടിയായ് കണ്ടവളെ ഇനി ഭാര്യയായ് കാണാനോ. ..ഛെ

എടാ ഏട്ടാ നീ പേടിക്കണ്ട,ഞാൻ ഒരുങ്ങി വന്നത് കാണ്ടിട്ട്….?അവന്റെ വെപ്രാളം കണ്ട കാവ്യ പറഞ്ഞു

ഇതൊരു പെണ്ണ് കാണലാണ് സത്യം. ..പക്ഷേ ചെക്കൻ നീയ്യല്ല നീ എന്റെ ഏട്ടനല്ലേടാ ഏട്ടാ. …!

ടാ …സുജീ നീയിവളെ നിന്റ്റെ പെങ്ങളായി കണ്ടപ്പോൾ നിന്റ്റെ അനിയനിവളെ അവന്റെ പെണ്ണായിട്ടാണ് കണ്ടത്. ..എന്നാൽ പിന്നെ അതൊന്ന് നേരാവണ്ണം ഉറപ്പിക്കാമെന്ന് വെച്ചൂ ഞങ്ങൾ. .അത്രേയ ഉളളൂടാ. …

എന്നാലും എന്റെ അച്ഛാ…..!!

എടാ സ്വന്തമായി ഒരനിയത്തി എന്ന നിന്റ്റെ ആഗ്രഹം സാധിപ്പിച്ചുതരാൻ ഈ വയസ്സുകാലത്ത് ഈ ഒരു വഴി മാത്രമേ ഞാൻ കണ്ടുളളു. ..നീ തൽക്കാലം ഇതുകൊണ്ട് സന്തോഷപ്പെടണം…

അച്ഛന്റെ വാക്കുകൾ അവിടെ പൊട്ടിച്ചിരിയുണർത്തവേ സുജിത്തിന്റ്റെ കണ്ണിലൊരായിരംനക്ഷത്രങ്ങൾ വിരിഞ്ഞു ….അവന്റെ അനിയത്തിയെ എന്നും അവന്റെ കുഞ്ഞു പെങ്ങളായ് നൽകിയ അജിത്തിനെ അവൻ നെഞ്ചോടു ചേർത്തു….