കഞ്ഞി പുരക്ക് പുറകിലൊളിച്ചിരുന്ന ജംഷി വിവരമറിഞ്ഞതും പുലി മുരുകനിലെ മോഹൻലാലിനെ പോലെ പാഞ്ഞ് വന്ന് എൻ്റെ കൈ പിടിച്ച് സ്റ്റാഫ് റൂമിലേക്കോടി….

ജംഷീന

Story written by SHABNA SHAMSU

ജംഷീന.,,, എൻ്റെ കൂടെ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഒരേ സ്ക്കൂളില് ഒരേ ക്ലാസില് ഒരേ ബെഞ്ചിലിരുന്ന്‌ പഠിക്കാൻ ഭാഗ്യം കിട്ടിയ ഒരേയൊരു ഭാഗ്യവതി…

ജംഷിൻ്റെ വീടും എൻ്റെ വീടും അടുത്തടുത്താണ്.,പിന്നെ എൻ്റെ ഉപ്പാൻ്റെ വകേലെ ഒരു കുടുംബോം ആണ്.അതോണ്ട് സ്ക്കൂളിൽ പോയിട്ടും പോയി വന്നിട്ടും ഈ പത്ത് കൊല്ലവും ജംഷി എൻ്റെ കൂടെ തന്നെ ആയിരുന്നു….

രാവിലെ 6.30 ന് ഞങ്ങൾക്ക് മദ്റസ് തുടങ്ങും. ഓളൊരു 6 മണി ആവുമ്പോഴേക്കും എൻ്റെ വീട്ടിലെത്തും.

ഞാനപ്പോ എണീച്ച് പ്രഭാതകൃത്യങ്ങളെക്കുറിച്ചൊക്കെ ആലോചിക്കുന്നേ ഉണ്ടാവുള്ളൂ.

അതൊക്കെ കയിഞ്ഞ് പല്ല് തേച്ച് മുഖം കഴുകി ഒരു ഓട്ടട കട്ടൻ ചായേല് മുക്കിതിന്ന് ഒരു പാവാടേം കുപ്പായോം ഇട്ട് തട്ടം കൊണ്ട് മക്ക ന ചുറ്റോളം ഓള് മുസ്ഹഫും ബുക്കും നെഞ്ചില് ചേർത്ത് പിടിച്ച് വാതുക്കല് വെള്ളരി പ്രാവായി ക്ഷമയോട് കൂടി കാത്ത് നിക്കും.

അത് കഴിഞ്ഞ് ഞങ്ങള് മദ്റസില് പോവും. ഈ പോണ പോക്കില് ഒന്നും രണ്ടും പറഞ്ഞ് തെറ്റും….

ജനിച്ചപ്പം തൊട്ട് ഇതെഴുതുമ്പോ വരെ ജലദോഷം ഉള്ള എന്നെ ഓള് മൂക്കൊൽച്ചിയേന്ന് വിളിക്കും…

ഓളേക്കാളും വലുപ്പത്തില് ബഡായി പറയുന്ന ഓളെ ഞാൻ നൊണ പറയത്തിയേന്ന് വിളിക്കും…

എന്നിട്ട് പിന്നെ മുണ്ടൂല. മുഖം വീർപ്പിച്ച് നടക്കും. മദ്റസ് കഴിഞ്ഞ് സ്ക്കൂളിൽ എത്തുമ്പളേക്കും ഈ വീർപ്പിക്കൽ ലേശം അയഞ്ഞീണ്ടാവും….

ഒരുമിച്ച് കളിയും അടുത്തടുത്തുള്ള ഇരിപ്പും കഞ്ഞിയും ചെറുപയറും തിന്നലും ഒക്കെക്കൂടി കയിഞ്ഞ് സ്ക്കൂള് വിട്ട് വീട്ടിൽ പോവുമ്പളായിക്കും തെറ്റിയ കാര്യം ഓർമ വാ…..

“ജംഷ്യേ….യ്യി നോട് മുണ്ടോ…”

“മുണ്ടാ… പക്ഷേങ്കില് യ്യി ന്നെ ഇനി നൊണ പ റ യത്തിയേന്ന് വിളിക്കോ”

“ഇല്ല…. ഞാൻ ബിളിക്കൂല…യ്യി ന്നേം വിളിക്കര്ത്…സമ്മയ്ച്ചോ.. “

“ആ…സമ്മയ്ച്ച്…. ഞാൻ വിളിക്കൂല…”

“ന്നാ അസലാമു അലൈക്കും”

“വാ അലയ്ക്കു മുസ്സലാം “

ഈ ഒരു സംഭാഷണം പത്ത് കൊല്ലത്തിനിടക്ക് എത്ര പ്രാവശ്യമുണ്ടായെന്നതിന് കണക്കില്ല…..

പത്താം ക്ലാസിലെ പരീക്ഷ കഴിഞ്ഞയുടനെ ജംഷീൻ്റെ കല്യാണം കയിഞ്ഞു…കാണാൻ നല്ല ഭംഗിള്ളോണ്ട് പഠിപ്പിക്കാൻ ഓളെ മ്മക്കും ബാപ്പാക്കും ബേജാറ്….പെൺകുട്ട്യോള് ഒരു സമയം കഴിഞ്ഞാ കോലം കെട്ട് പോവോ ലെ…ഞാൻ പ്ലസ് ടുവിന് പഠിക്കുമ്പോ അപ്പിയിട്ട മോനെ കഴുകി കൊടുക്കുന്ന ജംഷിനെ കണ്ടപ്പളാണ് സൗന്ദര്യം പെൺകുട്ടികൾക്ക് ഒരു ശാപമാണെന്ന് ആദ്യായിറ്റ് എനിക്ക് തോന്നിയത്…

ഞങ്ങള് ഒരു നാലാം ക്ലാസി പഠിക്ക്ണ സമയം…

എൻ്റെ ഇക്കാക്ക ആ സമയത്ത് കരാട്ടെ പഠിക്കാൻ പോവുന്നുണ്ട്…കരാട്ടെലേ ഓരോ സ്റ്റെപ്പിലും എത്രത്തോളം വേദന ഉണ്ടാവും എന്നുള്ളത് ആ കാലത്ത് എന്നെക്കാൾ നന്നായി അറിയുന്നവർ ആരുണ്ടാവൂല….അത്രക്കും നല്ല സ്വഭാവായിരുന്നു എൻ്റെത്….ഒരിക്കൽ ഏതോ ഒരു സെറ്റപ്പ് പാളിപ്പോയി കൃത്യം എൻ്റെ മൂക്കിനിട്ട് കിട്ടി…..പൊന്നീച്ച പറക്കൽ കണ്ണ് ക്കൂടെ അല്ല മൂക്ക്ക്കൂടെ ആണെന്ന് അന്നാണറിഞ്ഞത്… കുറച്ച് കഴിഞ്ഞ് നോക്കുമ്പോ മൂക്ക്ന്ന് കുടുകുടാന്ന് ചോര വര്ന്നു…ഉമ്മ പാഞ്ഞ് വന്ന്…..

അടുപ്പിലൂതുന്ന ഓടക്കുഴലും കയിൽ കണയും വിറക് കൊള്ളിയും കൂട്ടാൻ പാത്രവും കൊണ്ടുള്ള ആക്രമണവും എൻ്റെ നേർക്ക് മാത്രം പ്രയോഗിക്കേണ്ടി വരുന്ന ഉമ്മ അന്ന് അത് മാറ്റി പിടിച്ചു…..

ചന്തി ചൂടാവോളം ഇക്കാക്കാക്ക് കിട്ടി….

ആഹാ …ഇത് നല്ല സുഖള്ള ഏർപ്പാടാ…..ലേശം ചോര പോയാലെന്താ…. ഇക്കാക്കാക്ക് കണക്കിന് കിട്ടിയല്ലോ….ആ സന്തോഷത്തിലാണ് ഞാൻ….ഉമ്മാക്ക് പക്ഷേ ബേജാറായിരുന്നു….

ആകാശദൂത് സിനിമയൊക്കെ ഹിറ്റായി നിക്കുന്ന സമയം ആയോണ്ട് ഉമ്മ എന്നേം കൊണ്ട് ഡോക്ടറെട്ത്ത് പോയി….

ടെസ് റ്റോക്കെ കയിഞ്ഞ് പേടിക്കാനൊന്നുല്ല…ജലദോഷം കൊണ്ടുള്ള പ്രശ്നം ആണെന്നും പറഞ്ഞ് രണ്ട് ഗുളികേം തന്ന് പറഞ്ഞയച്ചു…

പിന്നേം പലവട്ടം ചോര വന്നെങ്കിലും ആദ്യത്തെ തക്കാരൊന്നും പിന്നെ ണ്ടായില്ല…..ഒരു നെലേം വെലേം ഇല്ലാത്ത മൂക്കും അയ്ൻ്റെ ചോരേം…..

അങ്ങനെ ഒരീസം സ്ക്കൂളിന്ന് ഞാനും ജംഷീം ക്ലാസിലെ എല്ലാ കുട്ടികളും കൂടി ഉച്ചക്കഞ്ഞി കഴിഞ്ഞ് സാറ്റ് കളിക്കായിരുന്നു. ക്ലാസിലെ ഏറ്റവും പാവത്താൻ ബിനീഷ് ആണ് എണ്ണുന്നത്.

എല്ലാവരും ഓരോ മൂലക്ക് പോയി ഒളിച്ചു. ഞാൻ ബിനീഷ് എണ്ണുന്ന തൂണിൻ്റെ പുറക് വശത്ത് തന്നെ പതുങ്ങി ഇരുന്നു…

എണ്ണി കയിഞ്ഞതും ചാടി വന്ന് സാറ്റ് വിളിക്കാനോങ്ങിയതും പെട്ടെന്ന് എന്നെ കണ്ട് പേടിച്ച് ചാടിയ ബിനീഷിൻ്റെ തല നല്ല ഉസാറില് എൻ്റെ മൂക്കി നിട്ട് ഇടിച്ച് ഞങ്ങള് രണ്ടാളും മറിഞ്ഞ് വീണതും ഒരുമിച്ചായിരുന്നു….

അപ്പളേക്കും എല്ലാ കളിക്കാരും പാഞ്ഞെത്തി….ബിനീഷ് കള്ളക്കളി കളിച്ചൂന്നും പറഞ്ഞ് ഓനെ കുറ്റം പറയാൻ തുടങ്ങി….അപ്പളാണ് എൻ്റെ മൂക്കിലെ ചോര എല്ലാരും കണ്ടത്….കുട്ടികളൊക്കെ പേടിച്ച് കരച്ചില് തുടങ്ങി…ടീച്ചറേന്നും വിളിച്ചോടി….ചിലര് ബിനീഷിനെ കണ്ണ് പൊട്ടുന്ന ചീത്ത പറയുന്നുണ്ട്….ഓനാണെങ്കില് ഇപ്പൊ ബോധം കെടുംന്നുള്ള അവസ്ഥേല് ഇരിക്കാണ്….

കഞ്ഞി പുരക്ക് പുറകിലൊളിച്ചിരുന്ന ജംഷി വിവരമറിഞ്ഞതും പുലി മുരുകനിലെ മോഹൻലാലിനെ പോലെ പാഞ്ഞ് വന്ന് എൻ്റെ കൈ പിടിച്ച് സ്റ്റാഫ് റൂമിലേക്കോടി….

പോണ പോക്കില് ബിനീഷി നോട് അനക്ക് കുറ്റം കിട്ടുമെടാ….മൂക്കിന് സുഖല്ലാത്ത കുട്ടിയാ ഓള് ” എന്നും പറഞ്ഞ് എന്നേം കൊണ്ട് ടീച്ചറെ അടുത്തെത്തി….

ടീച്ചർമാരോട് ഞാൻ ഇത് ഇടക്ക് ഉണ്ടാവാറുള്ളതാണെന്നും പഞ്ഞി വെച്ചാ നിന്നോളും ന്നും പറഞ്ഞു….ടീച്ചറ് മൂക്കിൻ്റെ രണ്ട് ഓട്ടേലും പഞ്ഞി തിരുകി തന്നു….വായിൽ കൂടെ മാത്രം ശ്വാസം വിട്ട് ശീലള്ള എനിക്ക് അതൊരു ബുദ്ധിമുട്ടായേ തോന്നീല….

വീട്ടിന്ന് ആളേ വിളിക്കണോ ,… അല്ലേൽ ജംഷിൻ്റെ കൂടെ പോണോന്ന് ചോദിച്ചതും ഞാൻ കൊണ്ടോ യ്ക്കൊള ടീച്ചറേ….. ന്ന് പറഞ്ഞ ഓളെ മനസില് പൊട്ടിയ ലഡൂൻ്റെ ഒച്ച എനിക്ക് കേൾക്കാമായിരുന്നു….

ജംഷി ഓടിച്ചെന്ന് ബാഗെട്ത്ത് എന്നേം കൊണ്ട് വീട്ടിലേക്ക് നടന്ന് പോവുമ്പോ ഞാൻ മെല്ലെയൊന്ന് ഓളെ നോക്കി….ഒരു കയ്യില് ഞങ്ങള് രണ്ടാൾടെ ബാഗും മറ്റേ കയ്യില് മൂക്കില് പഞ്ഞി വെച്ച എൻ്റെ കയ്യും മുറുക്കി പിടിച്ച് നടക്കുന്ന ജംഷീൻ്റെ അത്രേം ഗമ റൂഹ് പിടിക്ക്ണ മലക്കിന് പോലും ഇല്ലല്ലോ പടച്ചോനേന്ന് ഓർത്ത് പോയി….

Shabna shamsu❤️