ചമ്മൽ കാരണം രണ്ടു കണ്ണുകളും അടച്ചു. പിന്നെ ഒറ്റ കണ്ണടച്ച് ചേട്ടായിയെ നോക്കി. ആള് വലത് ചൂണ്ടു വിരൽ ചുണ്ടിലമർത്തി…

Story written by NIDHANA S DILEEP

കണ്ണുകളിലെ കെട്ടഴിച്ചിട്ടും കണ്ണിലെ ഇരുട്ട് പോയില്ല.കണ്ണുകൾ ബലമായി ചിമ്മി തുറന്നു.കൈ അനക്കാൻ നോക്കിയിട്ട് പറ്റുന്നില്ല.കസേരയിൽ ഇരുത്തി കൈയും കാലും കെട്ടിയിട്ടിരിക്കുന്നു. ചുറ്റും നോക്കി പൊടിയും മാറാലയും ഒക്കെ പിടിച്ച മുറി.എന്തൊക്കെയോ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നു. അവിടെ ഇവിടെയായി….കറുത്ത് തടിച്ച് ഉരുണ്ട നാലു പേർ മുന്നിൽ നിൽക്കുന്നു.അതിലാരോ ആണ് കണ്ണിന്റെ കെട്ടഴിച്ചത്.

അയ്യോ….ആരെങ്കിലും ഓടി വരണേ……..രക്ഷിക്കണേ…..

കുറച്ചൂടി ഒച്ചത്തിൽ അലറി വിളിക്ക് കൊച്ചേ.. ചെലപ്പോ അപ്പുറത്തേ ജില്ലക്കാരും കൂടി ഓടി വന്നോലോ

കറുത്ത് ഉരുണ്ട നാലു തടിമാടൻമാരിൽ ഒരുത്തൻ പറഞ്ഞു.

എന്റെ കൊച്ചേ ഈ പരിസരത്തൊന്നും ഒറ്റ ജീവി പോലുമില്ല.വെറുതേ കാറി പൊളിച്ച് തൊണ്ടയിലെ വെള്ളം വറ്റിക്കണ്ട.

കൂട്ടത്തിൽ ഒരു താടിക്കാരൻ പറഞ്ഞു

എന്നെ എന്തിനാ തട്ടികൊണ്ട് വന്നേ…റേപ്പ് ചെയ്യാനാണോ

എന്റെ കൊച്ചേ ഞങ്ങക്ക് അത്രയ്ക്ക് ദാരിദ്രമൊന്നുമില്ല

പേടി കലർന്ന ചോദ്യത്തിനു കളിയാക്കി കൊണ്ട് മറുപടി തന്നു. കുടവയറൻ ഗുണ്ട അതും പറഞ്ഞ് ഒരു ടയറിന്റെ മുകളിൽ ഇരുന്നു.ബാക്കി ഉള്ളവരും വട്ടത്തിൽ ഇരുന്നു.

പിന്നെ എന്തിനാ കൊണ്ടു വന്നേ… എനിക്ക് എന്റെ പപ്പയുടെ അടുത്ത് പോവണം

മോങ്ങാതിരി കൊച്ചേ… കൊറച്ച് എടപാടുകൾ ഒണ്ട്. പപ്പയുടെ അടുത്ത് അത് കഴിഞ്ഞ് എത്തിക്കും.

കരഞ്ഞു കൊണ്ട് പറഞ്ഞപ്പോൾ കൂട്ടത്തിൽ ചെറുതായ കുള്ളൻ ഗുണ്ട പോക്കറ്റിൽ നിന്നും ചീട്ട് എടുത്ത് കശക്കി കൊണ്ട് നിസാര ഭാവത്തിൽ പറഞ്ഞു.ഇതുവരെയായി വൃത്തികെട്ട നോട്ടമോ വർത്തമാനമോ അവരടുത്ത് നിന്ന് ഉണ്ടാകാത്തത് നുരച്ചു പൊന്തിയ പേടിയ്ക്ക് ഇത്തിരി ശമനം കിട്ടി.

എന്റെ ബാഗ് എവിടെ

ദേ അവ്ടെ ഒണ്ട്

മൂലയിൽ കിടക്കുന്ന ബാഗ് ചൂണ്ടി പറഞ്ഞു.ഞാൻ അത്രയും ഇഷ്ടപെട്ട് വാങ്ങിയ ബാഗ് പൊടി പിടിച്ച് കിടക്കുന്ന കണ്ടപ്പോൾ സങ്കടം തോന്നി

ഇതേതാ സ്ഥലം

കൊച്ചിനു സ്ഥലപ്പേരു മാത്രം മതിയോ അതോ പിൻകോഡും വേണോ

ചീട്ടുകളിലേക്ക് ശ്രദ്ധിച്ചു കൊണ്ട് നാലാമൻ ചോദിച്ചു.എന്നിട്ട് കയ്യിൽ പിടിച്ച ചീട്ടുകളിലിടയിൽ നിന്നും ഒരെണ്ണം വലിച്ചെടുത്ത് നിലത്തിട്ടു.കുള്ളൻ ‘ഛേ’എന്നൊക്കെ പറഞ്ഞ് തല മാന്താനും നെറ്റി തടവാനും തുടങ്ങി. ഇടക്ക് ചീട്ട് ഇടെടാ എന്ന് താടിക്കാരൻ കുടവയറനോട് ദേഷ്യത്തിൽ പറഞ്ഞു.ഒന്നും മിണ്ടാതെ അവരെ തന്നെ നോക്കിയിരുന്നു.ഇടക്ക് എന്തൊക്കെയോ പറയുന്നു…ചീട്ടൂകൾ വലിച്ച് നിലത്തിടുന്നു….ഇടക്ക് മറ്റൊരാളുടെ കൈയിലേക്ക് എത്തി നോക്കുന്നു.അതിനു മറ്റവന്റെ വായിൽ നിന്നും തെറി കേൾക്കുന്നു.ഇടക്ക് എന്തോക്കയോ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നു..അങ്ങനെ കളിയിൽ രസിച്ചിരിക്കുന്നു.ഞാൻ ഒരാളിവിടെ ഉണ്ടെന്നുള്ള ഓർമ പോലും ഇല്ല.

രക്ഷപെട്ടാലോ…ചെ..പക്ഷെ കൈയൂം കാലും കെട്ടിയിട്ടിരിക്കുവാണല്ലോ

അതേ …ഈ കെട്ടൊന്ന് അഴിച്ച് തരാവോ

ഈ…കൊച്ച്…എന്നിട്ട് എന്തിനാ രക്ഷപെടാനോ

കളിയുടെ രസചരട് മുറിഞ്ഞതിനാൽ ദേഷ്യത്തിൽ പറഞ്ഞു.

അല്ല എന്ന് തലയാട്ടി

ഈ കയറ് കൊണ്ട് കൈയും കാലും വേദനിക്കുന്നു

അത് അവിടെ ഇരുന്ന് പെടച്ചിട്ടല്ലേ.അടങ്ങിയിരീ…അപ്പോ വേദനിക്കൂല

നാലമന്റെ വക സൊലൂഷനും പറഞ്ഞു.

പ്ലീസ്…

പറ്റില്ല കൊച്ചേ…കെട്ടഴിച്ച ഞങ്ങളുടെ ചീട്ട് കീറും…വേണേൽ വരുമ്പോ ചോദിച്ചോ.

ആര്…നിങ്ങളുടെ ബോസ് ആണോ

ആ….ബോസ്ന്നും പറയാം

കളിയിൽ വീണ്ടും ശ്രദ്ധിച്ചു കൊണ്ട് ഉത്തരം പറഞ്ഞു.

എന്നെയും കൂട്ടുവോ കളിക്കാൻ

കസേരയിൽ നിന്നും ഏന്തി വലിഞ്ഞു ചോദിച്ചു

എന്റെ കൊച്ചേ ഒരു അഞ്ച് മിനുട്ട് പോലും നിനിക്ക് മിണ്ടാതിരുന്നൂടെ

സഹിക്കെട്ട് പുറം തിരിഞ്ഞിരുന്ന താടി ഗുണ്ട തല തിരിച്ച് കൊണ്ട് ചോദിച്ചു.

മ്ച്ച്…ചുമൽ മുകളിലേക്ക് ഉയർത്തി കൊണ്ട് മറുപടി കൊടുത്തു.

ബോറടിച്ചിട്ടാ

അപ്പോ കൊച്ചെങ്ങനെയാ ക്ലാസിലിരിക്കുന്നേ

ഗുഡ് ക്വസ്റ്റൻ..നമ്മുടെ നാലമൻ ഗുണ്ടയാണ് ചോദ്യ കർത്താവ്

ടീച്ചർ വന്ന് അഞ്ച് മിനുട്ടാവുമ്പോഴേക്കും ഞാൻ അടുത്തിരിക്കുന്നയാളുമായ് സംസാരിക്കാൻ തുടങ്ങും.ഓൺ ദി സ്പോട്ടിൽ ഞങ്ങളെ രണ്ടാളെയും ടീച്ചർ പുറത്താക്കും.പിന്നെ കാന്റീനിൽ പോയിരിന്നു വർത്തമാനം പറയും.

എന്താ…അവളു വല്ല പ്രശ്നവും ഉണ്ടാക്കിയോ

ഇരുനിറമുള്ള ഒരാൾ…ഇരുപത്തിയേഴ്…ഇരുപത്തി ഒൻപത്.അതിൽ കൂടില്ല.നീല ഡെനീമിന്റെ കൈ അലസമായി കയറ്റി വച്ചിരിക്കുന്നു.അതിലും കൂടുതൽ അലസമായ ഭാവത്തോടെ ഉള്ള ചെമ്പൻ കണ്ണ്…മുഖത്താണേൽ ആവശ്യത്തിലധികം ഗൗരവം.

പെട്ടെന്ന് കണ്ണുകൾ എന്നിലേക്കായി.അയ്യോ…എന്റെ നോട്ടവും കണക്കെടുപ്പും ആള് കണ്ട ചമ്മലിൽ കണ്ണുകൾ ഇറുകി അടച്ചു.

ഈശോയേ…എന്ത് വിചാരിച്ചു കാണും.തട്ടി കൊണ്ട് വന്ന ആളെ തന്നെ ആരെങ്കിലും വായിനോക്കുവോ….

ഹേയ്…നല്ല കുട്ടിയായി ഇരുന്നു

നാല് തടിയൻമാരും ചെമ്പൻ കണ്ണനെ കണ്ടപ്പോൾ എഴുന്നേറ്റ് നിന്നു പറഞ്ഞു.ടീച്ചർ ഹോം വർക്ക് ചെയ്തോന്നു ചോദിച്ചാൽ ചെയ്തുന്നു പേടിയോടെ പറയില്ലേ അതു പോലെ.ശരിക്കും ആ അവസ്ഥയിലും അവരുടെ മുഖത്തെ ഭാവവും നിൽപ്പും കണ്ട് ചിരി വന്നു.ഞാൻ.ചിരിക്കുന്നത് കണ്ട് ചെമ്പൻ കണ്ണൻ നോക്കി പേടിപ്പിച്ചു.ഞാൻ മുഖം താഴ്ത്തി

നിങ്ങൾ പോയിക്കോ.ഞാനിവിടെ നിന്നോളാം

എന്നെ ഒന്നു തറപ്പിച്ച് നോക്കി ടയറിനു മുകളിൽ ഇരുന്നു കൊണ്ട് പറഞ്ഞു.നാലു പേരും എന്നെ നോക്കി ചിരിച്ചിട്ട് പുറത്തേക്ക് പോയി.

ഈ കെട്ടൊന്ന് അഴിക്കുവോ

കേട്ട ഭാവം നടിക്കാതെ ടയറിൽ കൈ രണ്ടും തലയ്ക് വെച്ച് കിടന്നു

അതേയ് നിങ്ങൾ എങ്ങനെയാ ഗുണ്ടയായേ..സാഹചര്യം കൊണ്ടാ ആൾക്കാർ ഗുണ്ട ആവുന്നേന്നു കേട്ടിരുന്നു നിങ്ങൾ അങ്ങനെ ആയതാണോ..

അല്ല ചെറുപ്പത്തിലെ എന്റെ പാഷനായിരുന്നു

അതും പറഞ്ഞ് ഒരു കൈ എടുത്ത് കണ്ണിനു മുകളിലായി വെച്ചു.

എനിക്ക് വിശക്കുന്നു

എനിക്ക് വിശക്കുന്നു….

ഇനി കേൾക്കാഞ്ഞിട്ടാണോ എന്ന് വെച്ച് ഇത്തിരി ശബ്ദം കൂട്ടി പറഞ്ഞു.

നാശം….കോളേജിൽ നിന്ന് കഴിച്ച രണ്ട് പപ്സും ലൈമും ഇത്ര വേഗം ദഹിച്ചോ.ഒരു മണിക്കൂറായില്ലലോ.

കണ്ണ് മറച്ച് കൈ മാറ്റി കൊണ്ട് ദേഷ്യപെട്ടു

ഞാൻ പപ്സ് കഴിച്ച കാര്യം എങ്ങനെ അറിയാം

അറിയാം..

അതെങ്ങനെയാന്നാ ചോദിച്ചേ

പറയ്…

എന്നിട്ടും പറയാത്തതുകൊണ്ട് ശല്യം ചെയ്യാൻ തുടങ്ങി

ഞങ്ങൾ നിന്നെ സ്കെച്ച് ചെയ്യാൻ തുടങ്ങിയിട്ട് ഒരു മാസമായി.വരാലിന്റെ സ്വഭാവമായോണ്ട് ഇന്നാ ഒത്തു കിട്ടിയേ.

ശല്യം സഹിക്കാതെ പറഞ്ഞു.

ഈ കെട്ടഴിച്ച് തരുവോ…പ്ലീസ്…വേദനിച്ചിട്ടാ…

പറ്റില്ല കൊച്ചേ…നിന്റെ സ്വഭാവം എനിക്ക് നന്നായിട്ടറിയാം.പറ്റില്ല ന്നു പറഞ്ഞ പറ്റില്ല.

ഒരു മാസം സ്കെച്ച് ചെയ്തിട്ടും എന്റെ പേരു പോലും ചേട്ടായിക്ക് അറിയില്ലേ.എന്തിനാ കൊച്ച്ന്നു വിളിക്കുന്നേ

അറിയാം…

എന്നാ പറയ്

വ്രത ഫിലിപ്പ്….നന്ദിനി വർമയ്ക്കും ബിസിനസ് മാൻ ഫിലിപ്പ് തോമസിനും ഉണ്ടായ തല തിരിഞ്ഞ സാധനം

ഒരു മാസം എന്റെ പിറകിൽ ഉണ്ടായിരുന്നു????

മ്ം

എന്നെ നോക്കാതെ മുകളിലേക്ക് നോക്കിയാണ് മറുപടിയെല്ലാം

എന്നാ പറയ് ഞാൻ കേൾക്കട്ടെ

പ്ലീസ്

ഇപ്രാവിശ്യം അധികം യാചിക്കാതെ പറഞ്ഞു തുടങ്ങി

വീട്ടിലെയും കോളേജിലെയും തലവേദന.കഴിഞ്ഞ മാസം നാല് സസ്പെൻഷൻ. രണ്ടെണ്ണം ഇങ്ങോട്ട് വന്ന് പ്രശ്നമാക്കിയത്.രണ്ടെണ്ണം അങ്ങോട്ട് കേറി പൊട്ടിച്ചതിന്. നാലും ഏതോ ബോയ്സ് ഗാങുമായാണ് അടി ഉണ്ടാക്കിയത്.

കോളേജിൽ പോവുന്നതിനെക്കാൾ കൂടതൽ മാളിലും ബീച്ചിലും സിനിമയ്ക്കുമാണ് പോവുക

വളരെ കറക്ട്

ഒരാണിനെ വിടാതെ ചോരയൂറ്റി കുടിക്കും…

അത് എന്തോ ഉദ്ദേശിച്ച് പറഞ്ഞ പോലെ

ഓ പിന്നെ ചോരയൂറ്റി കുടിക്കാൻ ഞാനെന്താ യക്ഷിയാന്നോ

നീ അതിലും മുറ്റിയതാ..യക്ഷിയൊക്കെ ഇതിലും ഭേദാ

ഓ…ആയിക്കോട്ടെ….പിന്നെ

പിന്നെ എപ്പോഴും ഷേർട്ടും നരച്ച ജീൻസും ഇട്ടാണ് നടത്തം.ആകെ അത് മൂന്നു പ്രാവിശ്യം മാത്രം മാറ്റിട്ടു കണ്ടത്

അത് പറഞ്ഞപ്പോൾ ആകെ ഒരു ചമ്മൽ.ഛേ ഇന്നെങ്കിലും ഈ കൂറ ജീനൊന്നു മാറ്റാമായിരുന്നു..ശ്ശോ

അതും വിചാരിച്ച് എന്റെ ജീനിലേക്കും ഷേർട്ടിലേക്കും നോക്കി.ചേ…..ചമ്മൽ കാരണം രണ്ടു കണ്ണുകളും അടച്ചു.പിന്നെ ഒറ്റ കണ്ണടച്ച് ചേട്ടായിയെ നോക്കി.ആള് വലത് ചൂണ്ടു വിരൽ ചുണ്ടിലമർത്തി ചിരി അടക്കി എന്നെ തന്നെ നോക്കുന്നു.ആദ്യമായ് ഒന്നു ചിരിക്കുന്ന കണ്ടു.

വൗ…ഇത്രയും ഭംഗിയുള്ള ചിരി എന്തിനാ ഇയാൾ ഒളിപ്പിച്ച് വെക്കുന്നത്.എന്റെ കണ്ണും മിഴിച്ച് വാ തുറന്ന് നോക്കുന്നത് കണ്ട് നോക്കി പേടിപ്പിച്ചു.ആ ചിരി എവിടെയോ ഒളിപ്പിച്ചു.ചമ്മിയ ചിരി അങ്ങ് ചിരിച്ചു.

പിന്നെ എന്തൊക്കെ അറിയാം

ചമ്മൽ മാറ്റാനായിട്ട് ചോദിച്ചു

പിന്നെ എല്ലാ ഞായറാഴ്ചയും വല്യമ്മച്ചീടെ കല്ലറയിൽ പോയിരുന്നു കരയും

ഇത്രയും നേരം ഉണ്ടായ എല്ലാ ഉത്സാഹവും മായ്ച്ചു കളഞ്ഞു.അറിയാതെ തല കുനിച്ചു.കൂട്ടുകാർക്ക് പോലും അറിയാത്ത കാര്യം.

പ്രണയ വിവാഹമായിരുന്നു അമ്മയുടേയും പപ്പയുടേയും.ഞാൻ ജനിച്ച് കുറച്ച് കഴിഞ്ഞപ്പോൾ അവർ വഴക്കിട്ട് പിരിഞ്ഞു.പടിയടച്ച് പിണ്ടം വെച്ചുന്നു പറഞ്ഞ വീട്ട്കാർ അമ്മയെ രണ്ട് കൈയും നീട്ടി സ്വീകരിച്ചു.അവർക്കിഷ്ടപ്പെട്ട ഒരാൾക്ക് കെട്ടിച്ചു കൊടുത്തു.സകുടുബം ജീവിതം ആഘോഷിക്കുന്നു.മാസാമാസം എക്കൗണ്ടിൽ പൈസ അയച്ച് ഞാനെന്ന അബന്ധത്തിനു പ്രായച്ഛിത്തം ചെയ്യുന്നു. തൊടാതെ ഞാൻ വച്ചിട്ടുണ്ട് ആ പൈസ ഒക്കെ.എന്നെങ്കിലും കാണുമ്പോൾ മുഖത്തെറിഞ്ഞ് കൊടുക്കാൻ ..എന്നിട്ട് പറയണം ഗെറ്റ് ലോസ്റ്റ് ..ഗോ റ്റു ബ്ലഡി ഹെൽന്നു.രണ്ട് വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു പോയവരോട് അതെങ്കിലും പറയണ്ടെ

അതും പറഞ്ഞ് ആളെ നോക്കിയപ്പോൾ എന്നെ നോക്കാതെ മുകളിൽ നോക്കി കിടക്കുന്നു

പപ്പയുടെ വീട്ടിലായിരുന്നു പിന്നെ.അമ്മയുടെ സ്വഭാവമായിരിക്കും എനിക്കും…പപ്പയുടെ ജീവിതം നശിപ്പിക്കാനുണ്ടായ സന്തതി അങ്ങനെ ഒരോന്നു പറഞ്ഞ് കുറ്റപെടുത്തലും ഉപദ്രവവും.വല്യമ്മച്ചിയായിരുന്നു കൂട്ട്…പപ്പ എപ്പോഴും ബിസിനസ് ലോകത്തായിരിക്കും…ബിസി…ഒരു തരം രക്ഷപെടൽ.വല്യമ്മച്ചി പോയപ്പോ തീർത്തും ഒറ്റപെട്ടു.അവിടെ ഒട്ടും പിടിച്ച് നിൽക്കാൻ പറ്റാതായപ്പോ….ഒരു പെണ്ണിനു പലതും മനസിലാക്കാനുള്ള പ്രായമായപ്പോ…. പപ്പയോട് കരഞ്ഞു പറഞ്ഞു അവിടുന്നു പോവാംന്നു.പിന്നെ പുതിയ വീട്ടിൽ ഞാനും പപ്പയും.പെൺകുട്ടിയാണ് ഒരു അമ്മയില്ലാതെ പറ്റില്ലന്നു പറഞ്ഞ്.എല്ലാവരും നിർബന്ധിച്ചപ്പോൾ പപ്പ എന്റെ പ്രായത്തിൽ മോളുള്ള ഗ്രേസിമ്മയെ കെട്ടി.എന്നെ നന്നായി നോക്കുമല്ലോന്നു വെച്ചാ പപ്പ അങ്ങനെ ചെയ്തെ.പക്ഷെ പിന്നെ രണ്ടാനമ്മ പീഡനമായിരുന്നു.അവസാനം അവർക്ക് എന്റെ കൂടെ നിൽക്കാൻ പറ്റില്ലാന്നു പറഞ്ഞപ്പോൾ പപ്പ വേറെ വീട് എടുത്ത് കൊടുത്തു.പിന്നെ പപ്പ ഇടക്ക് എന്റെട്ത്ത്…കുറച്ച് ദിവസം അവരുടെ അടുത്ത്.ആ വീട്ടിൽ ഒരു ആയയുടെ കൂടെ ഒറ്റക്ക്.തനിക്കറിയോ ഒരു അമ്മ പറഞ്ഞു തരണ്ടതൊക്കെ ഞാൻ ഒറ്റയ്ക്കാ പഠിച്ചത്…പിന്നെ ടീച്ചേഴ്സ്…രാത്രി ഇടിയും മഴയും ഉണ്ടാവുമ്പോ പുതപ്പിനുള്ളിൽ പേടിച്ച് രണ്ടു ചെവിയും പൊത്തിയിരുന്നിട്ടുണ്ട്….ഒരമ്മയോട് പറയേണ്ടതൊക്കെ ഞാൻ ആയമ്മയൊടാ പറഞ്ഞിട്ടുള്ളത്.ചിലപ്പോ ഗൂഗിൾ ചെയ്യും.അങ്ങനെയൊക്കെയാ ഞാൻ തല തിരിഞ്ഞവളായി.എനിക്ക് വേണ്ടി ഞാൻ തന്നെ ശബ്ദിക്കണം…ഞാൻ തന്നെ എല്ലാം ചെയ്യണം.

കൈകൾ കെട്ടിയത് കൊണ്ട് കണ്ണുനീർ തുടക്കാൻ പറ്റുന്നില്ലായിരുന്നു.അതുകൊണ്ട് അത് ഉണങ്ങുന്നത് വരെ കാത്ത് നിന്നു

ചേട്ടായി ഒറങ്ങി പോയോ

ഇല്ല

ഇയാൾക്കറിയോ ഞാൻ പപ്പയുടെ മുന്നിൽ പോലും കരയില്ല.ഒരാളും എന്റെ കണ്ണുനീർ കാണുന്നത് എനിക്കിഷ്ടമല്ല…ഒരു വാശി.ക്ലോസ് ഫ്രണ്സിനു പോലും അറിയില്ല.വല്യമ്മച്ചിക്കേ അറിയൂ.ഇപ്പോ ചേട്ടായിക്കും.ആരോടും പോയി പറയല്ലേ. എല്ലാരുടെ മുന്നിലും തന്റേടി…വഴക്കാളി…എല്ലാവരുടെയും തലവേദന.എന്റെ ശരീരത്തിൽ അനുവാദമില്ലാതെ തൊടാൻ വന്ന അച്ഛന്റെ ബ്രദറിന്റെ മർമ്മം അടിച്ചു കലക്കിയതിനാ എല്ലാവരും ഇങ്ങനെ വിളിക്കാൻ തുടങ്ങിയത്.കൂറ ജീനൊക്കെ ഇട്ട് നടക്കാൻ തുടങ്ങിയത് അങ്ങനെയാ.

ചേട്ടായി ബാക്കി പറ

ശബ്ദമൊക്കെ റെഡിയാക്കി പറഞ്ഞു

പിന്നെ കഴിഞ്ഞ പത്താം തീയതി തലതിരിഞ്ഞ ഫ്രണ്ട്സിന്റെ കൂടെ കായൽ കാണാൻ പോയി…അവിടുന്നു എന്ത് കന്നംതിരിവ് കാണിച്ചിട്ടാണെന്നറിയില്ല കായലിൽ വീണു.

ഇയാള്…ഇയാള് അവിടെ ഉണ്ടായിരുന്നോ

തേടിയതെന്തോ കണ്ടെത്തിയ സന്തോഷമായിരുന്നു

പറ …ഉണ്ടായിരുന്നോ

മ്ം..

ചേട്ടായി ആണോ രക്ഷിച്ചത് എന്നെ

അല്ല

സത്യയിട്ടും ചേട്ടായി അല്ലേ…..

ഇല്ല

ചേട്ടായി ആളെ കണ്ടോ..

എനിക്ക് അറിയില്ല

പ്ലീസ്…ഒന്നു പറയ്….ദൈവത്തെ ഓർത്ത്…ഇതെങ്കിലും എനിക്ക് വേണ്ടി ചെയ്തൂടെ.പിന്നെ ആളെ കാണിച്ച് തരാൻ പറയൂല

പറ്റാവുന്നത്രയും താഴ്ന്നു കൊണ്ട് ചോദിച്ചു

ഇത്തിരി ദയ കാണിച്ചു കൂടെ

ആളെ അന്ന് കണ്ടിരുന്നു.മുൻ പരിചയമൊന്നുമില്ല

കൂടെ ഉണ്ടായിരുന്നവരാരും ടെൻഷനിൽ ആളെ ശ്രദ്ധിച്ചില്ല.എന്റെ കെട്ടഴിച്ച് തരുവോ.ഓടി പോവില്ല..ഗോഡ് പ്രോമിസ്.

എന്തോ പാവം തോന്നിയിട്ടാ തോന്നുന്നു കെട്ടഴിച്ചു

ഇത് കണ്ടോ …ഈ മാല കണ്ടോ അയാളുടേതാ.അന്ന് രക്ഷിക്കുന്നതിനിടെയിൽ എന്റെ ഷർട്ടിന്റെ ബട്ടണിൽ കുടുങ്ങിയതാ.അതിനു ശേഷം ഇതായിരുന്നു എന്റെ ധൈര്യം.ഇതും കൈയിൽ വെച്ചാ ഞാൻ ഉറങ്ങാറു പോലും.അതൂകൊണ്ടാ വർഷങ്ങൾക്ക് ശേഷം മനസമാധാനത്തോടു കൂടി ഉറങ്ങിയത്.അയാളെ കാണാൻ വേണ്ടി ഒന്നു കൂടി കായലിൽ ചാടിയാലോന്നു വരെ ചിന്തിച്ചതാ

നിധി പോലെ ഓമ് എന്ന ലോക്കറ്റോട് കൂടിയ ആ പൊട്ടിയ മാല നെഞ്ചിൽ ചേർത്ത് പിടിച്ച് അത് പറയുമ്പോൾ ആള് എന്നെ തന്നെ നോക്കി നിൽക്കുവായിരുന്നു.

അയാൾ അന്ന് ചേർത്ത് പിടിച്ചപ്പോൾ ഞാൻ അനുഭവിച്ച സുരക്ഷിതത്വം അതെനിക്ക് വേണം. ഞാൻ ഇത്രയും കാലം തേടി നടന്ന സ്നേഹം…വാത്സല്യം എല്ലാം ആയാളിലുള്ള പോലെ.ശരിക്കും ജീവിതത്തിൽ ഒരു പ്രതീക്ഷ പോലെ.

അപ്പോഴേക്കും ചേട്ടായിയുടെ ഫോൺ ബെല്ലടിച്ചു

ഞങ്ങളെ ഈ ജോലി ഏൽപിച്ച ആൾക്ക് തന്റെ പപ്പയുടെ കൈയിൽ നിന്നും ഒപ്പോ മറ്റോ വേണമായിരുന്നു.അത് കിട്ടി.ജോലി കഴിഞ്ഞു.വാ…നിന്നെ വീട്ടിൽ കൊണ്ട് വിടാം

ഇത്ര വേഗമോ

അപ്പോ നിനിക്ക് വീട്ടിൽ പോവണ്ടേ

വേണം…ചേട്ടായിടെ പേരെന്താ

ആള് എന്നെ ഒന്നു നോക്കി

പറയ് ചേട്ടായി..ഞാൻ ആരോടും പറയില്ല

അലൻ…

**************************

ഹായ് ബ്രോ

വെള്ളം സൂക്ഷിക്കാനായി ഉണ്ടാക്കിയ ടാങ്കിൽ നിന്നും വെള്ളം കോരി കുളിച്ചു കൊണ്ടിരുന്ന കുള്ളൻ ഗുണ്ട എന്നെ കണ്ടതും ടാങ്കിന്റെ പിറകിൽ ഒളിച്ചു.

എന്തിനാ കൊച്ചേ ഇങ്ങോട്ട് വന്നേ

ടാങ്കിനു പിറകിൽ നിന്നും തല മാത്രം പുറത്തിട്ടു കൊണ്ട് ചോദിച്ചു.

നിങ്ങളുടെ ബോസിനെ കാണാൻ

ഡാ .. മാത്തായീ…ദീപാ ഓടി വടാ….

എന്റെ കൂളായിട്ടുള്ള മറുപടി കേട്ട് കുള്ളൻ അലറി വിളിച്ചു.അങ്ങേരുടെ അലർച്ച കേട്ട് എന്തോ പ്രശ്നമുണ്ടെന്നു വെച്ച് ഓടിയും ചാടിയുമൊക്കെ ഓടി വന്ന എല്ലാവരും എന്നെ കണ്ട് അന്തംവിട്ട് നിന്നു.

നീ എങ്ങനെ ഇവിടെ വന്നു

ആദ്യം നോർമൽ മോഡിലെത്തിയ ചേട്ടായി തന്നെ ചോദിച്ചു

നിങ്ങൾക്ക് മാത്രമേ സ്കെച്ച് ചെയ്യാനറിയൂന്ന വിചാരം.നിങ്ങൾക്ക് ഒരു മാസമെടുത്തെങ്കിൽ ഈ കോളനി കണ്ടുപിടിക്കാൻ എനിക്ക് രണ്ട് ആഴ്ചയേ എടുത്തുള്ളൂ.

ഷേർട്ടിന്റെ കോളർ പൊക്കി കാണിച്ചു കൊണ്ട് പറഞ്ഞു.

ഒരു ദിവസം ദേ ഇങ്ങേരു ടൗണിലെ ബീവറേജിൽ നിന്നും കുപ്പി വാങ്ങിപോവുന്ന കണ്ടു.ഇങ്ങേരെ ഫോളോ ചെയ്തു വന്നു.സോ സിംപിൾ.

കുടവയറനെ കാണിച്ച് പറഞ്ഞതും ചേട്ടായി കോടവയറനെ നോക്കി.അങ്ങേര് അപ്പോ താടിയുടെ പിറകിൽ ഒളിച്ചു

നീ പോവാൻ നോക്ക്…ഇത് നിന്നെ പോലുള്ളവർക്ക് വരാൻ പറ്റിയ സ്ഥലമല്ല ഇത് വേഗം പോവാൻ നോക്ക്.

ഞാൻ പോവാം പക്ഷെ എന്റെ രക്ഷകനെ കാണിച്ച് താ.എന്നിട്ട് പോകാം ഞാൻ

നീ വേറെ ഒന്നും ചോദിക്കില്ലാന്നൂ പറഞ്ഞിട്ടല്ലേ ഞാൻ അത് പറഞ്ഞത്.

അത് അപ്പോ…ഇത് ഇപ്പോ.പറയാതെ ഞാൻ പോവില്ല

അതും പറഞ്ഞ് ടാങ്കിന്റെ മുകളിൽ കയറി ഇരുന്നു.

ചേട്ടായി നടുവിനു കൈ കൊടുത്ത് നെറ്റി തടവുന്നത് ഞാൻ ഒളി കണ്ണിട്ട് നോക്കി.ബാക്കി ഉള്ളവർ പൊട്ടൻ ആട്ടം കാണുന്ന പോലെ ഒന്നും മനസിലാവാതെ നിൽക്കുകയാണ്.ചേട്ടായി നോക്കിയതും ഞാൻ നോട്ടം മാറ്റി

നീ ഇപ്പോ പോ.ഞാൻ അവനെ കണ്ട് പിടിച്ചു തരാം

ഓക്കെ …പക്ഷെ ഒരു കാര്യം ഈ തിങ്കളാഴ്ച എന്റെ പിറന്നാളാ.അന്ന് അയാൾ ടൗണിനടുത്തുള്ള മലയിലെ പത്ത് മണിക്ക് അയ്യപ്പൻ കോവിലിൽ വരണം. ചേട്ടായിക്ക് അറിയുന്ന കാര്യമാണ് എന്റെ ജീവിതത്തിലെ ആകെ ഉള്ള പ്രതീക്ഷയാ അയാൾ.
അതില്ലാതായാൽ പിന്നെ ഞാനില്ല.അയാൾ വന്നില്ലേൽ ഒറപ്പായും ഞാനാ മലയിൽ നിന്നും ചാടും

അപ്പോ പോട്ടെ…ബ്രോസ്…പോട്ടെ..

********************

ആദ്യമായ് ചൂരിദാർ ഇട്ടു.മുടി അഴിച്ചിട്ടു.പൊട്ടു കുത്തി…കണ്ണെഴുതി.

എവിടെ ആള്

ഇതാ…

എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു

ഒരാൾ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നു

ചേട്ടനാണോ എന്നെ അന്ന് രക്ഷിച്ചേ..

അതേ എന്ന് അയാൾ തലയാട്ടി

ചേട്ടാ…എന്നൂം വിളിച്ച് രണ്ടു കൈയും വിടർത്തി ഓടി.അപ്പോഴേക്കും ചേട്ടായി ചൂരിദാറിന്റെ പിറകിൽ പിടിച്ച് നിർത്തി

എവിടേക്കാടീ നീ ഓടുന്നത്

ചേട്ടന്റെ അടുത്തേക്ക്..

എന്റെ പൊന്നു കൊച്ചേ എനിക്ക് കുടുബോം കുട്ടികളൊക്കെ ഒള്ളതാ.എന്നെ വിട്ടേക്ക്

ഞാനത് കേൾക്കാതെ പിന്നെയും ഓടാൻ നോക്കിയതും ചേട്ടായി പിന്നെയും പിടിച്ചു വെച്ചു.

വിട്…എനിക്ക് ചേട്ടനെ കെട്ടിപ്പിടിച്ച് താങ്സ് പറയണം…എന്റെ ജീവൻ രക്ഷിച്ചയാളല്ലേ…

അത് ഇവിടെ നിന്ന് പറഞ്ഞാൽ മതി

അതിനു ചേട്ടായിക്കെന്താ ഞാൻ ഈ ചേട്ടനെ കെട്ടിപിടിച്ചാൽ….ഞാൻ കെട്ടിപിടിക്കും…

ഡീ…നീ എന്നെ ദേഷ്യം പിടിപ്പിക്കരുത്.പറഞ്ഞത് അനുസരിച്ചാൽ മതി.ഇങ്ങോട്ട് ഒന്നും പറയണ്ട.

ചേട്ടായി അതു ദേഷ്യത്തിൽ പറഞ്ഞതും കെട്ടി പിടിച്ച് ആ നെഞ്ചിൽ തല വെച്ചു കിടന്നു

ഇനിയും പറയരുത് കള്ളം .ഈ നെഞ്ചിലെ ചൂടും ഹൃദയമിടുപ്പും പാതി ബോധത്തിലാണേലും അറിഞ്ഞതാണ്.അത് ഞാൻ എപ്പോഴും തിരിച്ചറിയും.

പിടിച്ച് മാറ്റാൻ എത്ര ശ്രമിച്ചിട്ടും ചേട്ടായിയെ കെട്ടിപിടിച്ചൂ തന്നെ നിന്നു.കണ്ണുനീർ നെഞ്ചിലേക്ക് വീണപ്പോൾ എതിർപ്പുകളില്ലാതെ നിശ്ചലനായി നിന്നു

അന്നു കണ്ടപ്പോഴേ തോന്നിയിരുന്നു ഒരു അടുപ്പം.ഒരു ആണിനോട് തോന്നുന്ന ഇൻഫാക്ച്യുയേഷനായിരിക്കുംന്നു കരുതി.അന്ന് കായലിനടുത്ത് ചേട്ടനുണ്ടായിരുന്നെന്നും രക്ഷിച്ച ആളെ പറയാതെ നിന്നപ്പോഴും എനിക്ക് മനസിലായതാ.ഞാൻ തേടി നടക്കുന്നയാൾ ചേട്ടായി ആന്നു.ഈ ചെമ്പൻ കണ്ണുകൾ പിടി തരാതെ ഒഴിഞ്ഞു മാറി കളിച്ചപ്പോ ഞാൻ ഉറപ്പിച്ചതാ

ഞാൻ പറഞ്ഞത് ഉറപ്പിക്കും വിധം ആ നെഞ്ചുകൾ ഉയർന്നു താഴ്ന്നു

ഇനി എന്നെ ഇഷ്ടമല്ലാന്നു പറയരുത് അന്ന് മോളേന്നു വിളിച്ചതും കണ്ണുതുറക്കാൻ വേണ്ടി പറഞ്ഞു കരഞ്ഞതും ചേർത്ത് പിടിച്ചതുമെല്ലാം ഞാൻ പാതി ബോധത്തിൽ അറിഞ്ഞതാ.

എപ്പോഴോ ആ കൈകൾ എന്നെയും വരിഞ്ഞുമുറുക്കി.എത്ര നേരം നിന്നെന്ന് അറിയില്ല .കുറച്ച് കഴിഞ്ഞ് അടർത്തി മാറ്റി.കണ്ണുനീർ തുടച്ചു തന്നു.

ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം.എന്നെ ഏൽപിച്ച ജോലിയുടെ ഭാഗമായിട്ടാ നിന്നെ ശ്രദ്ധിക്കാൻ തുടങ്ങിയത്.നീ കണിച്ചു കൂട്ടുന്നത് കണ്ടും ശരിക്കും എന്താണെന്ന് നീ മനസിലാക്കിയപ്പോഴും എപ്പോഴോ ചങ്കിൽ കേറി പോയതാ.നിന്നെ പോലൊരു പെണ്ണിനെ സ്നേഹിക്കാൻ എനിക്ക് അർഹതയില്ല.ഞാൻ ചെയതില്ലേൽ ആ ജോലി വേറൊരാൾ ചെയ്യും. അവർ നിന്നോട് എങ്ങനെ പെരുമാറുംന്നു അറിയാത്തതു കൊണ്ടാ അല്ലെങ്കിൽ ഒരിക്കലും ഞാൻ നിന്റെ കൺമുന്നിൽ പോലും വരില്ലായിരുന്നു.നിന്റെ പപ്പ നിനിക്ക് പറ്റിയ ഒരാളെ കണ്ട് പിടിച്ച് തരും.എന്നെ മറക്കണം നീ.

ഇല്ല എന്ന് തലയാട്ടി.ആ കണ്ണുകളും നിറഞ്ഞിരുന്നു.

പറയുന്നത് മനസിലാക്ക്.ഇപ്പോ നിനിക്ക് എന്നോടുള്ള സ്നേഹം തെറ്റായി പോയിന്നു പിന്നീട് തോന്നും.ആരും സ്നേഹിക്കാൻ ഇല്ലാ എന്ന തോന്നലിൽ ഉണ്ടായ ഇഷ്ടമാ ഇത്.നിന്റെ പ്രായത്തിന്റെ കുഴപ്പം.എനിക്ക് പറയാൻ നല്ല ജോലിയോ..കുടുംബമോ ഇല്ല…ഒന്നു മനസിലാക്ക്.ഒരു ഒറപ്പും തരാൻ പറ്റാത്ത ജീവിതമാ

അപ്പോ എന്റെയോ.എന്ത് ഒറപ്പാ എന്റെ ജീവിതത്തിനുള്ളത്.കുടുംബത്തിൽ പോലും സേഫാണോ ഞാൻ.ചേട്ടായി പറയുന്നത് ഞാൻ കേൾക്കാം.പക്ഷേ ഒറപ്പ് തരാൻ പറ്റുമോ ഞാൻ സേഫായി മറ്റൊരാളുടെ കൂടെ ജീവിക്കുംന്നു.ഇന്ന് തട്ടികൊണ്ട് പോവാൻ പറഞ്ഞവർ നാളെ കൊല്ലാൻ നോക്കില്ലേ.എന്നെ മനസിലാക്കി എന്നല്ലേ പറഞ്ഞത് വെറുതേ ഒരാളോട് ഇഷ്ടം തോന്നി അയാളെ തെരഞ്ഞ് ഇറങ്ങുംന്നു തോന്നുന്നുണ്ടോ.എന്താ എന്റെ അവസ്ഥ മനസിലാക്കാത്തെ.

മനസിലാവാഞ്ഞിട്ടല്ല നിന്റെ പപ്പ സമ്മതിക്കുംന്നു തോന്നുന്നുണ്ടോ

പപ്പയെ ഞാൻ പറഞ്ഞു സമ്മതിപ്പിച്ചോളാം

എന്നാ പോയി സമ്മതിപ്പിച്ച് വാ ചേട്ടായിടെ കുട്ടി.

പപ്പയെ സമ്മതിപ്പിച്ച പിന്നെ വേറൊന്നും പറഞ്ഞ് ഒഴിയരുത്

ചിരി ആയിരുന്നു മറുപടി

അതിനു മുൻപ് ഈ മാല എനിക്ക് കെട്ടി തരണം.താലിയായിട്ടല്ല.സമാധാനത്തിൽ ഉറങ്ങാനുള്ള രക്ഷയായി.

ആ അയ്യപ്പൻ കാവിൽ വച്ച് ആ ഓം ലോക്കറ്റോടെ ഉള്ള മാല അവളുടെ കഴുത്തിൽ ഇട്ടു കൊടുത്തു.

ശരിക്കും അലൻ ന്നാണോ പേര്

കൈകൾ കോർത്ത് ആ മലയിറങ്ങുമ്പോൾ ചോദിച്ചു

അല്ല കാശിനാഥൻ

ആരെയും മോഹിപ്പിക്കുന്ന ചിരിയോടെ പറഞ്ഞപ്പോൾ ആ ചിരി എന്റെ മനസിലേക്കും ചുണ്ടിലേക്കും അവിടെ നിന്ന് കണ്ണിലേക്കും പടർന്നു