ജീവിതത്തെ മോഹിപ്പിക്കുന്ന യാത്രകൾ കൊണ്ട് നിറച്ച, ഞങ്ങളുടെ രാത്രി യാത്രകൾക്ക് പ്രണയം പകർന്ന താന്തോന്നി..

കൊമ്പൻ ❤❤❤❤

Story written by BINDHYA BALAN

“ആഹാ ഈ തെച്ചിക്കോട്ട് രാമചന്ദ്രന്റെ നീരാട്ട് കഴിഞ്ഞില്ലേ ഇത് വരെ……. “

മുറ്റത്തേക്കിറങ്ങി ഇച്ഛന് നേരെ കാപ്പി നീട്ടി ഞാൻ ചോദിച്ചു.

“ഇല്ലെടി.. വന്ന് വന്ന് ചെറുക്കന് തീരേ അനുസരണയില്ലാണ്ടായി… എന്റെ കയ്യിൽ വന്ന കാലത്ത് എന്നെ വലിയ പേടിയൊക്കെ ആയിരുന്നു… ഇപ്പൊ ഇവൻ എന്റെ അപ്പനാണ് എന്നാ ഇവന്റെ വിചാരം “

കാപ്പി വാങ്ങി ഒരു കവിൾ കുടിച്ച്, തിരിച്ച് എനിക്ക് തന്നെ തന്നിട്ട് ഒരു കപ്പ്‌ വെള്ളം കൂടി ചെറുക്കന്റെ തല വഴിയൊഴിച്ച് ഇച്ചായൻ അത്‌ പറയുമ്പോൾ, ആ മുഖത്ത് തന്റെ പ്രിയപ്പെട്ടവനോടുള്ള സ്നേഹവും വാത്സല്യവും നിറഞ്ഞ്‌ നിൽക്കുന്നത് എനിക്ക് കാണാമായിരുന്നു.

“ഹോ ഇപ്പൊ എന്നാ ഒരു അനുസരണയാന്ന് നോക്കിയെ.. ഇടയ്ക്ക് ഞാൻ കുളിപ്പിക്കുമുമ്പൊ എന്തൊരു കുറുമ്പ് ആണെന്നറിയോ ഇവന് “

ഇച്ഛന്റെയടുത്തു പൂച്ചക്കുഞ്ഞിനെപ്പോലെ നിൽക്കുന്ന അവനെ നോക്കി കണ്ണുരുട്ടി ഞാൻ പറഞ്ഞപ്പൊ അത്‌ കേട്ട് ചിരിച്ച് ഇച്ചായൻ ഒരൊറ്റ ഡയലോഗ്

“ഇവൻ എന്റെ ചെറുക്കനാടി… എന്നെപ്പോലെ പെട്ടന്നൊന്നും മെരുങ്ങാത്തവൻ.. ല്ലേടാ ഉവ്വേ?”

“അല്ല ഇച്ഛാ ഞാനൊരു സംശയം ചോദിച്ചോട്ടെ… ഇച്ഛനു എന്നോടാണോ അതോ ഈ ചെറുക്കനോടാണോ കൂടുതൽ ഇഷ്ടം.. “

ഞാൻ വെറുതെ ചോദിച്ചു.

എന്റെ ചോദ്യം കേട്ട് ഒരു കുഞ്ഞ് ചിരിയോടെ ഇച്ഛൻ പറഞ്ഞു

“ഒരുമാതിരി കോപ്പിലെ ചോദ്യം ചോദിക്കല്ലേ പൊന്നുവേ… എനിക്ക് ദേ ഇവനേം നിന്നേം കിട്ടിയത് ഒരെ ടൈമിൽ അല്ലേ.. നിങ്ങൾ രണ്ട് പേരും ലൈഫിൽ ഉണ്ടാക്കിയ മാറ്റങ്ങൾ… എനിക്ക് നീയും ദേ ഇവനും ഒരു പോലെയാ…പറഞ്ഞു നിർത്തി ഇച്ചായൻ ഞങ്ങളുടെ കൊമ്പനെ ഒന്ന് തലോടി.

“പണ്ട് റോഡിലൊക്കെ വച്ച് ഇവനെ കാണുമ്പോ കൊതിച്ച് ആരാധനയോടെ നോക്കി നിന്നിട്ടുണ്ട്… സ്വന്തമാക്കണമെന്നു ആഗ്രഹിച്ചിട്ടുണ്ട്. അന്ന് ഇവനെ വിലയ്ക്ക് വാങ്ങാൻ എവിടാ കാശ്.. പിന്നെ കയ്യിൽ കാശ് വന്ന നാളിൽ ഒന്നും നോക്കിയില്ല, പോയി ഇങ്ങെടുത്തോണ്ട് പോന്നു. ” ഇവനൊരു ജിന്നാടി…. ഏത് ആണൊരുത്തനെയും കാൽച്ചോട്ടിലാക്കുന്ന ജിന്ന്….. ഇവൻ ചുമ്മാ മുറ്റത്തിങ്ങനെ തല പൊക്കിപ്പിടിച്ചു നിന്നാ തന്നെ വീടിനെന്തൊരഴകാണ്……. അല്ലേടി പൊന്നുവേ? “

ഇടം കൈ കൊണ്ട് മീശ പിരിച്ച് ചെറുക്കനെ വീണ്ടുമൊന്നുരുമ്മി ഇച്ചായൻ വാചാലനായി.

“ഇപ്പൊ താന്തോന്നികള് രണ്ടും ഒറ്റക്കെട്ടായി.. ഞാൻ വെറും പുറമ്പോക്ക്.. ആയിക്കോട്ടെ… “

രണ്ട് താന്തോന്നികളെയും കൊഞ്ഞനം കുത്തി കാണിച്ചിട്ട് അകത്തേക്ക് പോകുമ്പോൾ ഞാൻ ഓർക്കുകയായിരുന്നു ഇച്ഛനു അവനോടുള്ള സ്നേഹം.. ഇഷ്ടം… അടുപ്പം ഇതൊക്കെ എത്ര ആഴത്തിൽ ആണെന്ന്. ഈ ചെറുക്കനെക്കുറിച്ച് പറയുമ്പോൾ ആയിരം നാവാണ് ഇച്ഛന്. പലപ്പോഴും എനിക്ക് തോന്നാറുണ്ട്, ഇച്ഛനു ദേ ഈ ചെറുക്കനല്ലാതെ മറ്റൊരാളും ചേരില്ലെന്ന്. മീശയൊക്കെ പിരിച്ച് വച്ച് നെഞ്ചും വിരിച്ച് അവനെയും കൂട്ടിയുള്ള ഇച്ചായന്റെ വരവ് , ആ ചന്തമൊന്നു വേറെയാണ്.

അവന് ഓരോ സമയത്തും ഓരോ ഭാവം ആണ്. അതായത് ഞാൻ കൂടെയുള്ളപ്പോ ഒരു റൊമാന്റിക് മൂഡ് (ഇടയ്ക്ക് ഞാൻ അവനെ വായ് നോക്കിയെന്നു വിളിക്കാറുണ്ട്) ഇച്ഛന്റെ കൂടേ കൂട്ടം കൂടി നടക്കുമ്പോ ഒരു തനി തെമ്മാടി, അമ്മ കൂടെയുണ്ടെങ്കിൽ പാവം പൂച്ചക്കുട്ടി…ആദിമോന്റെ കൂടേ കൂടുമ്പോൾ രണ്ടാൾക്കും ഒൻപതു മാസമേ ഉള്ളൂ പ്രായം…

രസം അതൊന്നുമല്ല, താന്തോന്നികള് രണ്ടും കൂടി എന്നെ കൂട്ടാണ്ട് എവിടെലുമൊക്കെ പോകും.. കൂടുതലും ഞായറാഴ്ചകളിൽ ചൂണ്ടയിടാൻ ആയിരിക്കും. ചൂണ്ടയിടലും കറക്കവുമൊക്കെ കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ, അവന്റെ ചെവിയിൽ ഇച്ചായന്റെ ഒരു പറച്ചിലുണ്ട് “അവളോട്‌ ഒന്നും പറഞ്ഞേക്കല്ലേടാ” എന്ന്. എനിക്കത് ശെരിക്കും അത്ഭുതം തന്നെയാണ്. ഇച്ചായൻ പറയുന്നതെല്ലാം അവനു മനസിലാകുന്നത് കാണുമ്പോൾ, ഇച്ചായൻ പറയുന്നത് മുഴുവൻ അനുസരിക്കുന്നത് കാണുമ്പോൾ… ശെരിയാ… ഇവൻ ശരിക്കും ഇച്ചായൻ പറയുന്നത് പോലെ ഒരു ജിന്ന് തന്നെയാണ്.. ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരെയും തന്റെ ആണത്തം കൊണ്ട് അവന്റെ കാൽച്ചോട്ടിലാക്കുന്ന ജിന്ന്…..

മൂന്ന്‌ വർഷം മുൻപ് ഇച്ഛന്റ കയ്യിലേക്കും ആ നെഞ്ചിലേക്കും വന്ന് ചേർന്നവൻ….ഇച്ഛന് ആകെയുള്ളൊരു ഭ്രാന്തിന്റെ പേര്… …ജീവിതത്തെ മോഹിപ്പിക്കുന്ന യാത്രകൾ കൊണ്ട് നിറച്ച, ഞങ്ങളുടെ രാത്രി യാത്രകൾക്ക് പ്രണയം പകർന്ന താന്തോന്നി…നീളുന്ന യാത്രകളിൽ പുതയുന്ന മഞ്ഞിന്റെ കുളിരിനെയും മഴയുടെ തണുപ്പിനെയും ഓരോ ഗ്ലാസ്‌ കട്ടൻചായയിൽ അലിയിച്ച് കളഞ്ഞ് ഞങ്ങലെത്തുന്നതും കാത്ത് ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന ഒറ്റയാൻ…..

Nb : ഈ നശിച്ച കൊറോണയൊന്നു ഒഴിഞ്ഞിട്ട് വേണം ചെറുക്കനേം കൊണ്ട് ലഡാക്ക് വരെയൊന്നു പോകാൻ……