Story written by Darsaraj Surya
കൃത്യം 20 വർഷം പുറകിലോട്ടൊരു യാത്ര
ഞാൻ ഒന്നാം ക്ലാസ്സ് മുതൽ പത്താം തരം വരെ പഠിച്ച ശാരദവിലാസം സ്കൂളിലെ ഒരു അസംബ്ലി ദിനം/ എന്റെ ആദ്യത്തെ ആ ർത്തവദിനം
**** **** **** **** ****
അടുത്തതായി കലോത്സവത്തിന് സമ്മാനം കിട്ടിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ആണ്….
രാവിലെ വീട്ടിൽ നിന്നും ഇറങ്ങാൻ നേരം ചെറിയ ക്ഷീണം ഉണ്ടായിരുന്നെങ്കിലും, സർട്ടിഫിക്കറ്റ് കിട്ടാൻ ഉള്ളത് കൊണ്ട് മാത്രമാണ് ഞാൻ അന്ന് സ്കൂളിൽ പോയത് …..മേനോൻ മാഷ് മൈക്കിലൂടെ അനൗൺസ് ചെയിതു….UP വിഭാഗം പെൺകുട്ടികളുടെ ലളിത ഗാന മത്സരത്തിൽ ഒന്നാം സമ്മാനം ആരതി മോഹൻ 7:B….വേദിയിലോട്ട് സ്വാഗതം……
തൂവെള്ള യൂണിഫോമും ഇട്ട് കൊണ്ട് ഞാൻ സർട്ടിഫിക്കറ്റ് വാങ്ങാൻ വേദിയിലോട്ട് നടന്ന് നീങ്ങി……… ചുറ്റും കയ്യടിയും ആർപ്പു വിളിയും…..
ആര തീ ? ആര തീ ?
ആൺകുട്ടികളുടെ വിഭാഗത്തിൽ ഫസ്റ്റ് പ്രൈസ് കിട്ടിയ എന്റെ തന്നെ ക്ലാസ്സിലെ പീയുഷ്. ആർ. ജി.യേയും വേദിയിലേക്ക് ക്ഷണിച്ചു…അസംബ്ലി ആയത് കൊണ്ട് പുറം തിരിഞ്ഞു നിന്നാണ് സർട്ടിഫിക്കറ്റ് വാങ്ങേണ്ടത്….കറക്റ്റ് പോസ് കിട്ടാൻ അന്ന് വന്ന ലോക്കൽ കേബിൾ ചാനലിലെ ക്യാമറമാന്റെ ഓരോരോ കീഴ്വഴക്കങ്ങൾ……
ആദ്യം എന്റെ പേര് ആണ് വിളിച്ചതെങ്കിലും പീയുഷിനാണ് ആദ്യം സർട്ടിഫിക്കറ്റ് കൈമാറിയത്…ഞാൻ സർട്ടിഫിക്കറ്റ് വാങ്ങാൻ ചെന്നതും പീയുഷ് എന്റെ തൊട്ടു പുറകിൽ വന്ന് നിന്നു… നേരെ മുമ്പിൽ നിന്നവർക്ക് ഞാൻ സർട്ടിഫിക്കറ്റ് വാങ്ങുന്നത് കാണാൻ പോലും പറ്റാത്ത തരത്തിൽ….പക്ഷെ ഞാൻ അതൊന്നും കാര്യമായിട്ട് ശ്രദ്ധിച്ചില്ല … ഞങ്ങൾ രണ്ടാളും സർട്ടിഫിക്കറ്റ് വാങ്ങി ഒരു സൈഡിലോട്ട് മാറി നിന്നു. എനിക്ക് സർട്ടിഫിക്കറ്റ് കിട്ടിയ സന്തോഷവും രാവിലത്തെ ക്ഷീണം ഇച്ചിരി കൂടിയ പോലൊരു തോന്നലും ഉണ്ട്… പെട്ടെന്ന് പീയുഷ് എന്നോട് പറഞ്ഞു, ആരതി നിന്റെ ഡ്രസ്സ് മുഴുവനും ചോര പടരുന്നുണ്ട്, നീ ദാ ഗീത ടീച്ചർ അപ്പുറത്തു നിൽക്കുന്നുണ്ട്..പോയി കാര്യം പറ…….
ഏഹ്ഹ്…!!!!!!! ഞാൻ ആദ്യം ഒന്ന് അമ്പരന്നു…… ശേഷം നൈസ് ആയിട്ട് ചുമരിന്റെ ബാക്കിലോട്ട് മാറിയിട്ട്,ഡ്രസ്സ് വലിച്ചുപിടിച്ചുനോക്കി…എന്റമ്മോ രക്തകളം!!!!!അതും വെള്ള കളർ യൂണിഫോം!!!
അമ്മ പറഞ്ഞു തന്ന അല്ലറ ചില്ലറ അറിവു മാത്രമേ ആദ്യ ആ ർത്തവത്തെ കുറിച്ച് അത് വരെ എനിക്ക് ഉണ്ടായിരുന്നോളൂ… പിന്നെ ക്ലാസ്സിലെ തന്നെ മിക്ക കൂട്ടുകാരികൾക്കും ആദ്യമായി ബ്ലീ ഡിങ് ഉണ്ടായതിനു സാക്ഷി ആയ നിമിഷങ്ങളും….പക്ഷെ സ്വന്തം കാര്യം വന്നപ്പോൾ ഞാൻ പേടിച്ചു വിറച്ചു …ഞാൻ ടീച്ചറിനോട് കാര്യം പറഞ്ഞു… ടെൻഷൻ ആവല്ലേ മോളെ എന്ന് പറഞ്ഞോണ്ട് ടീച്ചർ എന്നെ ടോയ്ലെറ്റിൽ കൊണ്ട് പോയി… ഞാൻ വയറും പൊത്തിപിടിച്ചോണ്ട് വേദന കടിച്ചമർത്തി ടീച്ചറിനോടൊപ്പം വെച്ചു പിടിച്ചു… ശേഷം രണ്ട് കൂട്ടുകാരികൾക്കൊപ്പം എന്നെ വീട്ടിൽ പറഞ്ഞു വിടാനായി ഗീത ടീച്ചർ ഓട്ടോ വിളിപ്പിച്ചു… പക്ഷെ അവിടെ ഉണ്ടായിരുന്ന സുമലത ടീച്ചർ ഞങ്ങൾ മൂന്ന് പെൺകുട്ടികളെ മാത്രം ഓട്ടോയിൽ കയറ്റിവിടാൻ സമ്മതിച്ചില്ല… ഞാൻ കൊണ്ടാക്കാമെന്നു പറഞ്ഞു കൂട്ടുകാരികളെ ക്ലാസ്സിൽ വിട്ടിട്ട് സുമ ടീച്ചർ എന്നോടൊപ്പം ഓട്ടോയിൽ കയറി….. ഈയിടെ, കോവിഡ് ബാധിതയായ രോഗിയെ പോലും ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച വാർത്ത കണ്ടപ്പോഴാണ് സുമ ടീച്ചറിന്റെ 20 വർഷം മുമ്പുള്ള കരുതലിനെ ഞാൻ ഏറെ റെസ്പെക്റ്റോടുകൂടി നമിക്കുന്നത്…?
അങ്ങനെ ഞാൻ ടീച്ചറോടൊപ്പം ഓട്ടോയിൽ കയറി….. അന്നത്തെ എന്റെ മാനസികാ അവസ്ഥ ഇന്നിപ്പോൾ ആലോചിക്കുമ്പോൾ, നിവിൻ പോളി തട്ടത്തിൻ മറയത്തിൽ അയിഷയോട് പറഞ്ഞ ഡയലോഗ് എനിക്ക് ആയി ഒന്ന് മാറ്റിപിടിച്ചെഴുതാൻ തോന്നുന്നു….
ആദ്യമായി ആ ർത്തവം എന്ന കാമുകൻ എന്നെ പ്രൊപ്പോസ് ചെയ്ത ദിനം
“പ്രിയപ്പെട്ട പിരിയഡ്സേ …….
നീ എന്നെ ഇങ്ങനെ വന്ന് പേടിപ്പിക്കും എന്ന് കരുതിയതല്ല…… എനിക്ക് ആണെങ്കിൽ വേദന കാരണം ഇരിക്കാനും നിൽക്കാനും പറ്റണില്ല. ഇരിക്കുമ്പോൾ ഛർദ്ദിക്കാൻ തോന്നും,നിൽക്കുമ്പോൾ കയ്യും കാലും വിറക്കും!!!!!!!! സത്യം പറയാലോ നിന്റെ അത്രയും വേദനാജനകമായ ഒരു സംഭവം ഞാൻ എന്റെ 12 വയസ്സ് വരെ ഉള്ള ജീവിതത്തിൽ ഇത് വരെ അനുഭവിച്ചിട്ടില്ല.. എന്റെ അമ്മയാണ സത്യം….ഹോ(ദീർഘനിശ്വാസം )…എന്റെ ബ്ലീ ഡിങ്ങേ എന്നിൽ ഇങ്ങനെ പടരരുതേ, ഞാൻ മരിച്ചു പോകും.!!!!!!
ഹോ (പിന്നെയും ദീർഘനിശ്വാസം )…
ഗീത ടീച്ചർ തന്ന പാഡ് വെച്ചപ്പോൾ ഭയങ്കര,,, ഭയങ്കര ആശ്വാസം തോന്നുന്നു… എന്താ പറയുക , ഈ പത്തു പതിനാല് ദിവസം ഭക്ഷണം കഴിക്കാത്ത ഒരാളുടെ മുമ്പിൽ ചിക്കൻ ബിരിയാണി വെച്ചാൽ എങ്ങനെ ഇരിക്കും?? അതാണ് ആ പാഡ് കിട്ടിയപ്പോൾ എന്റെ അവസ്ഥ….വെള്ളം ഇല്ലാതെ ഊണും ഉറക്കവും ഇല്ലാതെ ഒരു നൂറു വർഷം വെറുതെ ഞാൻ വീട്ടിൽ നോക്കി ഇരിക്കാം, ആാാാ അങ്ങനെ ഒന്നും പറ്റില്ലായിരിക്കാം, പക്ഷെ എനിക്കിപ്പോൾ അങ്ങനെയൊക്കെ തോന്നുന്നു. ഇനിയുള്ള മാസങ്ങളിലെ പിരിയഡ്സ് വരും മുമ്പേ ഞാൻ എന്റെ ബോഡിയോട് റിക്വസ്റ്റ് ചെയിതു….
ഹോ..(പിന്നെയും ദീർഘ നിശ്വാസം )( കിതപ്പ് )
I, I love non-periods days (കുറച്ച് നേരം സൈലന്റ് )
ആഹ്ഹ്, ഇപ്പോൾ ഇങ്ങോട്ട് ഒന്നും പറയണ്ട, നന്നായി അലോചിച്ചു ഒരുപാട് സമയം എടുത്ത് ഇനി എനിക്ക് ലൈഫിൽ പിരിയഡ്സ് ദിനങ്ങൾ തരത്തില്ല എന്ന് മാത്രം പറഞ്ഞാൽ മതി!!!!”
പക്ഷെ എന്റെ ബോഡി, എന്റെ കന്നി പ്രണയാഭ്യർത്ഥന കേട്ടില്ല എന്ന് മാത്രമല്ല ആദ്യ ആ ർത്തവത്തിന്റെ ഇരട്ടിയുടെ ഇരട്ടി വേദനയിൽ വരും മാസങ്ങളിലും എനിക്ക് മുറ പോലെ വേദനയും ബ്ലീ ഡിങ്ങും തന്നു കൊണ്ടേ ഇരുന്നു… എന്തിനേറെ പറയുന്നു ഈ വരികൾ ഓരോന്നും എഴുതുമ്പോൾ തന്നെ, ഞാൻ ഈ മാസത്തെ പി രിയഡ്സ് വേദന അനുഭവിച്ചു കൊണ്ടിരിക്കുക ആണ്, ചിലപ്പോൾ വായനക്കാരിലെ നിങ്ങളിൽ ചിലരും…..
ഒന്നുകൂടി ഓട്ടോയിലേക്ക് തിരിച്ച് പോകാം…..ഗീത ടീച്ചർ തന്ന പാഡിൽ ഒന്നും ബ്ലീഡിങ് നിൽക്കുമെന്ന് എനിക്ക് തോന്നിയില്ല .. ഞാൻ കരഞ്ഞോണ്ട് ടീച്ചറിനോട് ചോദിച്ചു… ഇത് എത്ര നേരം കാണും?? എനിക്ക് സഹിക്കാൻ പറ്റുന്നില്ല ടീച്ചർ….ഒപ്പം വല്ലാത്ത പേടിയും ടെൻഷനും… ഞാൻ ഓട്ടോയിൽ ഇരുന്നു വയറും തടവികൊണ്ട് ഞെരിപിരികൊണ്ടു….ഓട്ടോക്കാരൻ ചെക്കൻ ഇടക്ക് ഇടക്ക് കാര്യം അറിയാൻ പുറകിലോട്ട് നോക്കുന്നുണ്ടായിരുന്നു..പോരാഞ്ഞിട്ട് ഇടക്ക് ഇടക്ക് ഗ്ലാസിൽ കൂടി ഉള്ള അവന്റെ കള്ള നോട്ടവും ചേഷ്ടകളും…..ഇന്നോർക്കുമ്പോൾ അവന്റെ സ്വഭാവം എന്തെന്ന് അറിയാൻ,ഓട്ടോയിൽ ഞങ്ങൾ ഇരിക്കുന്നതിന്റെ ഇരു വശവും ഒട്ടിച്ചിരുന്ന പോസ്റ്റർ തന്നെ ധാരാളം!!!!
2000 ആണ്ടിൽ കേരളക്കരയെ ഇളക്കി മറിച്ച കിന്നാരത്തുമ്പിയിലെ ഷക്കീല… ഏതോ പുതിയ മലയാള സിനിമയുടെ പോസ്റ്റർ… അത്രമാത്രമേ അന്നെനിക്ക് അതിൽ നിന്നും മനസ്സിലായോളൂ…ആ സിനിമയുടെ പേര് ഇന്നും മറക്കാതിരിക്കാൻ ഉള്ള പ്രധാന കാരണം, കട്ട ലാലേട്ടൻ ഫാൻ ആയിരുന്ന ഞാൻ ഈയിറങ്ങിയ കിന്നാരതുമ്പികൾ തൂവാനത്തുമ്പികളുടെ സെക്കന്റ് പാർട്ട് ആണോ എന്ന് സംശയിച്ചു നടന്നിരുന്ന ഒരു നിഷ്ക്കൂ ബാല്യം ഉണ്ടായിരുന്നു… അല്ലാണ്ട് യാത്രക്കാർ കയറുന്ന ഓട്ടോയിൽ A പടം പോസ്റ്റർ ഒട്ടിചിരിക്കുക ആണ് എന്നൊക്കെ ആര് തിരിച്ചറിയാൻ!!!!! സംഗതി എന്തായാലും എനിക്കും ടീച്ചറിനും അവന്റെ നോട്ടം ഒട്ടും പിടിച്ചില്ല…ഒടുവിലത്തെ നോട്ടത്തിൽ ടീച്ചറിന്റെ വക തറപ്പിച്ചൊരു മറു നോട്ടം. പിന്നവൻ തിരിഞ്ഞു നോക്കിയില്ല…….
വേദന ആണോ തല കറക്കം ആണോ വോമിറ്റിംഗ് ടെൻഡൻസി ആണോ എന്ന് പോലും വേർതിരിച്ചറിയാൻ പറ്റാത്ത തരം ഫീലിംഗ്സിനിടയിൽ ആണ് ഒരു ഷക്കീല!!!!! ജീവിതത്തിൽ ആദ്യമായി, ഈശ്വര വല്ല ആൺകുട്ടി ആയിട്ടെങ്ങാനും ജനിപ്പിചൂടായിരുന്നോ എന്ന് ദൈവത്തെ ശപിച്ചു കൊണ്ട് പരാതി പറഞ്ഞ ആദ്യ നിമിഷം… പക്ഷെ പിൽക്കാലത്തു എന്റെ രണ്ട് മക്കൾക്ക് ജന്മം കൊടുക്കാൻ സാധിച്ചതിൽ ഞാൻ ദൈവത്തോട് കൈകൂപ്പി നന്ദി പറഞ്ഞു…..എന്നെ ഒരു സ്ത്രീ ആയി ഈ ഭൂമിയിൽ സൃഷ്ടിച്ചതിൽ…ഒരു “അമ്മ” ആക്കിയതിൽ……..
ഒടുവിൽ എന്റെ വീടെത്തി, ഓട്ടോക്കാരന് പൈസ കൊടുക്കാൻ നേരം സുമ ടീച്ചറിന്റെ വക തട്ടുപൊളിപ്പൻ ഡയലോഗ്….
തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപൂ, പക്ഷെ ഇനി നീ സ്റ്റാൻഡിൽ, ഇമ്മാതിരി പോസ്റ്ററും ഒട്ടിച്ചു ഓട്ടോ ഓടിച്ചാൽ നിന്റെ വണ്ടി ഞാൻ കത്തിക്കും… കേട്ടല്ലോ???? പിന്നെ നീ ഇടക്ക് ആ കൊച്ചിനെ നോക്കിയിട്ട് ഓ അശുദ്ധി എന്ന് പറഞ്ഞോണ്ട് പുച്ഛഭാവത്തിൽ കാർക്കിച്ചു റോഡിൽ തുപ്പിയത് ഞാൻ കണ്ടു… ഡാ മോനെ ആ ർത്തവം അശുദ്ധി അല്ല ശുദ്ധി ആണ്.. എന്നെയും നിന്നെയും ഒക്കെ ഈ ലോകം കാണിച്ച ശുദ്ധി….മോൻ ചെന്നാട്ടെ….
സുമ ടീച്ചറിന്റെ മാസ്സ് ഡയലോഗ് കേട്ട് അവൻ ചമ്മി നാറി… ഇന്നായിരുന്നു എങ്കിൽ നട്ടുച്ചക്ക് നടുറോഡിൽ നിന്ന് ഇജ്ജാതി കൗണ്ടർ പറഞ്ഞ ടീച്ചറിനെ എപ്പോൾ WCC യിൽ അംഗമാക്കി എന്ന് ചോദിച്ചാൽ മതി….
എന്നെ അമ്മയെ ഏൽപ്പിച്ച ശേഷം ടീച്ചർ മടങ്ങി….അമ്മയുടെ ആ സമയത്തെ പരിചരണം ഇന്നും സ്മരണയോടെ ഓർക്കാറുണ്ട്…. ഒപ്പം പ്രായപൂർത്തി ആയ ഒരു പെൺകുട്ടിയെ ഒരാളുടെ കയ്യിൽ പിടിച്ചു ഏല്പിക്കുന്നത് വരെ അമ്മയും അച്ഛനും അനുഭവിച്ച ടെൻഷൻ ഇന്ന് ഞാൻ തിരിച്ചറിയുന്നു….. എനിക്കും മൂത്തത് മോള് ആണ്……
പക്ഷെ,അന്ന് രാത്രി ഉറങ്ങാൻ നേരം പിന്നെയും ഒരു സംശയം പൊന്തി വന്നു!!എന്നാലും ടീച്ചർക്ക് എങ്ങനെ ആ ഓട്ടോക്കാരന്റെ പേര് ഗോപു ആണെന്ന് മനസ്സിലായി ?….. ആവോ!!!!
വേദനയൊക്കെ മാറി എങ്കിലും അന്നേ ദിവസം കിടന്നിട്ട് ഒരു വിധത്തിലും ഉറക്കം വന്നില്ല… ഓരോ തവണയും അലമാരിയുടെ കണ്ണാടിയിൽ ചരിഞ്ഞും നിവർന്നും നിന്ന് ഞാൻ എന്നെ തന്നെ സ്കാൻ ചെയ്തു….അത്രക്ക് വല്യ കുട്ടി ആയോ??? യേയി…….അപ്പോഴാണ് രാവിലെ കിട്ടിയ സർട്ടിഫിക്കറ്റ് അമ്മയെ കാണിക്കാൻ വിട്ടുപോയത് ഓർത്തത്…..സർട്ടിഫിക്കറ്റ് പോയി ബാഗിൽ നിന്ന് എടുത്തപ്പോൾ അതിലും രക്തം ….. പക്ഷെ ആ സർട്ടിഫിക്കറ്റും അതിൽ പുരണ്ട രക്തവും ഇന്നും ഞാൻ നിധി പോലെ സൂക്ഷിക്കുന്നുണ്ട്…. ആരതി എന്ന ഏഴാം ക്ലാസുകാരി ഋതുമതി ആയതിന്റെ ഓർമ്മപൂക്കൾ……
ശേഷം ഒരു ആഴ്ച്ചത്തെ ഗ്യാപ്പിന് ശേഷം ക്ലാസ്സിൽ വന്ന് കയറിയ എനിക്ക് ഗംഭീര വരവേൽപ്പായിരുന്നു. അത് ലളിത ഗാനത്തിന് സമ്മാനം വാങ്ങിയതിന്റെ ആശ്ലേഷമാണോ അതോ ഋതുമതി ആയതിന്റെ ആഹ്ലാദ പ്രകടനം ആയിരുന്നോ എന്ന് ഇന്നും എനിക്ക് അറിയില്ല…
അന്ന് ഏറ്റവും കൂടുതൽ എന്നെ ചിരിപ്പിച്ച സംഭവം ഇവിടെ എഴുതാതെ വിടാൻ തോന്നുന്നില്ല… സോഷ്യൽ സയൻസിന്റെ നോട്ട് ബുക്ക് ഞാൻ ലാസ്റ്റ് ബെഞ്ചിലെ സുമേഷിനു ഒരാഴ്ച മുമ്പേ എഴുതാൻ കൊടുത്തിരുന്നു….സാധാരണ നിഷ്ക്കൂ പഠിപ്പിസ്റ്റുകൾ ഫ്രണ്ട് ബെഞ്ചിൽ ആണ് വരാറ്…….പക്ഷെ അവൻ നിഷ്ക്കൂ ആണെന്ന് ഞാൻ കൊടുത്ത നോട്ടിന്റെ ലാസ്റ്റ് പേജ് കണ്ടപ്പോൾ എനിക്ക് മനസ്സിലായി…………..
അതിലെ കുമ്പസാരം ഇങ്ങനെ ആയിരുന്നു
ആരതി,നീ അസംബ്ലിളിക്കു ശേഷം സ്റ്റാഫ് റൂമിൽ പോയതും നിന്റെ ഉടുപ്പിൽ ബ്ലഡ് ആയതും നീ വയറും പൊത്തി അവിടെ നിന്ന് കരയുന്നതുമൊക്കെ ഞാൻ കണ്ടു…ഡി,നീ ഗ ർഭിണി ആയോ?? മലയാളം സാറിന്റെ ക്ലാസ്സിൽ വട്ടത്തിൽ തറയിൽ ഗ്രൂപ്പ് ആക്കി ഇരുത്തിയപ്പോൾ ഞാൻ അറിയാണ്ട് നിന്റെ കയ്യിലൊക്കെ തൊട്ടിട്ടുണ്ട്.. സത്യമായും അറിയാതെ ആണ്…..പിന്നെ ഒരു ദിവസം ആ പന്നി മാത്തുകുട്ടി സാറ്റ് കളിക്കുന്നതിന്റെ ഇടയിൽ എന്നെ നിന്റെ മേൽ തള്ളിയിട്ടു.. അന്ന് നമ്മൾ ഉരുണ്ടു വീണപ്പോൾ ഞാൻ നിന്റെ വയറ്റിൽ അറിയാണ്ട് (നീയാണ സത്യം, അറിയാതെ ആണ് ) ഉമ്മ വെച്ചോന്നൊരു ഡൌട്ട്… എടി എനിക്കാകെ പേടി ആകുന്നു…..വയറ്റിൽ അല്ലേ കുഞ്ഞാവ ഉണ്ടാകുന്നത്????അപ്പുറത്തെ വീട്ടിലെ രമണി ചേച്ചി കുഞ്ഞിനെ വേണ്ടന്നു വെക്കുന്ന എന്തോ ലോഷൻ ചെയ്തു എന്ന് കേട്ടു… ഞാൻ വേണമെങ്കിൽ എന്റെ കുടുക്ക പൊട്ടിച്ചു കുറച്ചു ചില്ലറ തരാം…. നീ ഒരു കാരണവശാലും എന്റെ പേര് പറയരുത്, കുഞ്ഞിന്റെ അച്ഛൻ ആരെന്നു ചോദിച്ചാൽ… കഴിഞ്ഞ ഒരാഴ്ച്ച ഞാൻ ഉറങ്ങിയിട്ടില്ലടി ഇതോർത്ത്….ഒടുവിൽ ടെൻഷൻ സഹിക്കാൻ വയ്യാതെ ഞാൻ നമ്മുടെ ഇരുതല മൂട്ടി കൃഷ്ണവേണിയോട് കാര്യം ചോദിച്ചു …. അപ്പോൾ അവളും പറഞ്ഞു, സുമേഷേ നീ സൂക്ഷിച്ചോ നിങ്ങൾ അന്ന് സാറ്റ് കളിക്കിടയിൽ വീണപ്പോൾ രണ്ട് തവണ ആണ് ഉരുണ്ടു പോയി മലക്കം മറിഞ്ഞത് … കുഞ്ഞാവ ഇരട്ട ആണോന്നു ആണ് എന്റെ ഡൌട്ട്…. എന്തായാലും ഗർഭം ഉറപ്പ്………!!!!!!! Congrats my baby❣️❣️
ആരതി,എന്റെ ഈ വർഷത്തെ ലേബർ ഇന്ത്യ മുഴുവനും നിനക്ക് തരാം… Please save me…..എന്റെ ഗർഭം ഇങ്ങനെ അല്ലടി ????
എന്ന് സുമേഷ് ?
ഞാനും കൃഷ്ണയും കൂട്ടുകാരികളും കൂടി സുമേഷിന്റെ കത്ത് വായിച്ച് പൊട്ടിച്ചിരിച്ചത് ഇന്നലെ കഴിഞ്ഞ പോലെ…….
നോർമലി ഞങ്ങൾക്ക് പിരിയഡ്സ് വരുന്നതിന്റെ ഒരു ആഴ്ച്ച മുമ്പ് തന്നെ വേദന തുടങ്ങും.. അത് വെറും വയർ വേദന മാത്രമല്ല… ഒരു മനുഷ്യ ശരീരത്തിൽ എവിടെയൊക്കെ വേദന വരാമോ അവിടെയെല്ലാം ആ വേദനദാഹികൾ കൂട്ടത്തോടെ കൂടുകെട്ടും… അതിൽ ഒട്ടും സഹിക്കാൻ വയ്യാത്തത് നടുവേദനയും ഗ്യാസും ആണ്….എന്ത് കഴിച്ചാലും പുളിപ്പോട് കൂടിയുള്ള തികട്ടൽ,സ്വാദിഷ്ടമായ ഭക്ഷണത്തെ പോലും ചിലപ്പോഴൊക്കെ ഞങ്ങളിൽ നിന്നും അകറ്റിനിർത്തും…..ചുരുക്കി പറഞ്ഞാൽ ഒരു പുരുഷന് ഒരു സ്ത്രീയിൽ അട്ട്രാക്ഷൻ തോന്നിക്കുന്ന ശരീര ഭാഗങ്ങൾ ,സ്വയം പോലും ഒന്ന് തൊടാൻ വയ്യാത്ത വിധം വേദന കൊണ്ട് നിറയും….ഒടുവിൽ ഒരു ആഴ്ച്ചത്തെ ഹോർമോൺ മാറ്റങ്ങൾക്ക് ശേഷം ഫ്രഷ് ആയി നടന്ന് ദിവസങ്ങൾ പിന്നിടുമ്പോഴേക്കും അടുത്ത മാസത്തെ പിരിയഡ്സ് ഞങ്ങളെ വരവേൽക്കാൻ ഒരുങ്ങും…
ജീവിതത്തിൽ ആരെയെങ്കിലും നേരിട്ട് കണ്ടാൽ ഒന്ന് കരണത്തടിക്കണം എന്ന് തോന്നിയിട്ടുള്ളത് ആരെ ആണ് ? ഒരിക്കൽ എന്റെ ഒരു ഫ്രണ്ട് എന്നോട് ചോദിച്ചതാണ്…. രണ്ടാമത് ഒന്ന് ആലോചിക്കാതെ ഒറ്റ ഉത്തരം…
പാഡിന്റെ പരസ്യം എഴുതി തയ്യാറാക്കുന്ന സേട്ടനെ ??? കത്തിക്കൊരു പരിധി ഇല്ലേടോ??? ഇവിടെ മനുഷ്യൻ ഒന്ന് അനങ്ങാൻ പോലും പറ്റാതെ കിടക്കുമ്പോൾ ആണ് പത്തു രൂപയുടെ പാഡും വെച്ച് ചേച്ചിമാർ പൊങ്ങി ചാടി ഒളിമ്പിക്സ് മെഡൽ വരെ കൈക്കുമ്പിളിൽ ആക്കുന്നത്…. എഴുതിയ സേട്ടന്മാർ മാസ്സ് ആണെങ്കിൽ ഒരു സ്ത്രീ ആയിട്ട് കൂടി ഇത്തരം കപട മാർക്കറ്റിംഗിന് നിന്ന് കൊടുക്കുന്ന ചേച്ചിമാർ മരണമാസ് ആണ്!!!! ഫീലിംഗ് പരമ പുച്ഛം…
എന്നാൽ റിയൽ ലൈഫിൽ ഹെവി ബ്ലീഡിങ്ങും വെച്ചോണ്ട് സ്റ്റേജിൽ കയറി ഫോൾക് ഡാൻസ് ചെയ്ത എന്റെ ചങ്കത്തി ദേവൂന്റെ കലയോടുള്ള ഡെഡിക്കേഷൻ കണ്ടില്ലെന്നു വെക്കാൻ ആകില്ല….Huge Respect
“ആ ദിവസങ്ങളിൽ” ഞങ്ങൾ തീർത്തും ദുർബലരാണ്…….?
(എന്റെ ഈ ദുർബല ഡയലോഗ് കേട്ടാൽ ,ആ ർത്തവ രാത്രികളിൽ പങ്കാളിയെ പ്രണയപരിവേശനായ് ചുരണ്ടാൻ പോയ ഒരു കെട്ടിയോനും സമ്മതിച്ചു തരില്ല…ദുർബലയോ ആ സമയത്തോ പഷ്ട് ???? ഇജ്ജാതി തെറി , ഇടി!!!! )
ഇന്നും മെഡിക്കൽ സ്റ്റോറിൽ പോയി പാഡ് ചോദിക്കാൻ മടി ഉള്ള ഒത്തിരി കുട്ടികളെ എനിക്ക് അറിയാം..തീർച്ചയായും ആ പ്രവണത മാറണം, മാറ്റണം…. എവിടെ എങ്കിലും യാത്ര പോകുമ്പോൾ ലിപ് സ്റ്റിക്കും ഹെഡ് സെറ്റും ഹാൻഡ് ബാഗിൽ കുത്തിനിറക്കുന്ന ടൈമിൽ പാഡ് നിറക്കാൻ നിങ്ങൾ ഒരിക്കലും മറക്കരുത്….
ഇപ്പോൾ ഞാനും ഒരു യാത്ര പോവാൻ ഉള്ള പുറപ്പാടിലാണ്…. അതേ, ഞങ്ങളുടെ ശാരദ വിലാസം പത്താം ക്ലാസ്സ് ബാച്ചിന്റെ മീറ്റപ്പ്…
******************************
ദേ, പീയുഷേ ഒന്ന് വാ ഇങ്ങോട്ട്…. ഞാനും മക്കളും ദാ റെഡി… സംശയിക്കണ്ട, വെറും 12 ആം വയസ്സിൽ എന്റെ മാനത്തെ Care എന്ന കവചം കൊണ്ട് മറച്ച അതേ പീയുഷ്. ആർ. ജി. ഇന്നെന്റെ കെട്ടിയോനും എന്റെ രണ്ട് മക്കളുടെ അച്ഛനും ആണ്…
അപ്പോൾ ശരി ഞങ്ങൾ പോയി വരാം…ഇന്നത്തെ മീറ്റപ്പിലെ പ്രധാന വി. ഐ. പിയെ ഒരുപക്ഷെ നിങ്ങൾക്ക് അറിയാമായിരിക്കാം…. അവന് വേണ്ടിട്ടാ നമ്മൾ ഇന്ന് ഒത്തുകൂടുന്നതും….അതേ, ആദ്യ ആ ർത്തവം കഴിഞ്ഞു സ്കൂളിൽ ചെന്ന എന്നെ ഉമ്മ വെച്ച് ഗ ർഭിണി ആക്കിയ സുമേഷ് ദാമോദർ ??
ചെക്കൻ ഇന്ന് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അറിയപ്പെടുന്ന “Obstetrician-Gynecologist”ൽ ഒരാൾ ആണ്…. ഭാര്യ-കൃഷ്ണവേണി അഥവാ ഇരുതല മൂട്ടി വേണി ….രണ്ട് ഇരട്ട കുട്ടികൾ…വേണി അന്ന് സുമേഷിനോട് പറഞ്ഞ പോലെ രണ്ട് മലക്കം മറിഞ്ഞിട്ടാണോ ഈ നേട്ടം എന്ന് അറിയില്ല…. പക്ഷെ സുമേഷിനെ സംബന്ധിച്ചിടത്തോളം ഇത് മധുരപ്രതികാരം ആണ്……
അതേ, പക അത് വിട്ടാൻ ഉള്ളതാണ് ??
പക്ഷെ ഇന്ന് സുമേഷ് ഈ പദവിയിൽ എത്താൻ വേണി ചെയ്ത സപ്പോർട്ട് തികച്ചും കയ്യടി അർഹിക്കുന്ന ഒന്നാണ്……
അയ്യോ, ഇവരുടെ ലവ് സ്റ്റോറി എഴുതി എഴുതി ഞാൻ പാഡ് ബാഗിൽ വെക്കാൻ മറന്നു……….അല്ലേലും എവിടെ നല്ലൊരു പ്രോഗ്രാം വന്നാലും അപ്പോഴെല്ലാം എനിക്ക് പിരിയഡ്സ് ആയിരിക്കും.. പണ്ടാരം (ആത്മഗതം) …….അപ്പോൾ ശരി,മീറ്റപ്പ് ഫോട്ടോസുമായി ശേഷം ഓൺലൈനിൽ…….
Red is not only a color, its an emotion
????
✍️ആരതി പീയുഷ്
(NB:ഒരു ആൺകുട്ടി ആയ ഞാൻ കുറച്ച് നേരത്തേക്ക് ഒരു പെൺകുട്ടിയുടെ മനസ്സിലൂടെ സഞ്ചരിച്ചെഴുതിയ ഈ ചെറിയ കഥ ക്ഷമയോടെ വായിച്ച ഓരോരുത്തർക്കും നന്ദി ?…. കഥയും കഥാപാത്രങ്ങളും സന്ദർഭങ്ങളും തികച്ചും സാങ്കൽപ്പികം മാത്രം )