ഭാര്യക്ക് നാട്ടിലേക്ക് പോകുന്നതിനോട് ഒട്ടും താല്പര്യമില്ല. കാരണം നാട്ടിൽ അവൾക്ക് അത്ര അടുത്ത് ബന്ധുക്കൾ ഒന്നും തന്നെയില്ല…

ഓണക്കോടി

എഴുത്ത്: അനീഷ് പെരിങ്ങാല

അയാൾ ഫോണിൽ ഏതോ വീഡിയോ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലെപ്പോഴോ മയക്കത്തിലേക്ക് വീണുപോയി. ഫോൺ ബെൽ അടിക്കുന്നത് കേട്ട് ആണ് ഞെട്ടിയുണർന്നത്.

വീഡിയോ കോളിൽ അച്ഛനാണ്. അച്ഛൻ കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ കണ്ടതിനേക്കാൾ ക്ഷീണിച്ച തായി അയാൾക്ക് തോന്നി. നരച്ച താടി രോമങ്ങൾ അച്ഛനെ ശരിക്കും ഒരു വയസ്സൻ ആക്കി കളഞ്ഞു. സ്ഥിരം അന്വേഷണങ്ങൾക്ക് ഇടയിൽ അച്ഛൻ പറഞ്ഞു. ഇന്നലെ ഞാനും അമ്മയും കൂടി ടിവി കണ്ടുകൊണ്ടിരിക്കുന്ന തിനിടയ്ക്ക് ഓണത്തെക്കുറിച്ചുള്ള ചില വിഷ്വൽ സുകൾ കണ്ടപ്പോൾ അതായത് ഒരു കുടുംബം ഒന്നിച്ചിരുന്ന് ഓണസദ്യ ഉണ്ണുന്ന രംഗം കണ്ടപ്പോൾ അമ്മ ടിവിയിലേക്ക് കൈചൂണ്ടി സന്തോഷിക്കുന്നത് കണ്ടു.

അഞ്ചു വർഷങ്ങൾക്കു ശേഷം ആദ്യമായിട്ടാണ് അവളിൽ ഇങ്ങനെ ഒരു മാറ്റം ഉണ്ടാകുന്നത്. ഞാൻ ഡോക്ടർ ജെയിംസിനെ വിളിച്ചിരുന്നു. അതൊരു പോസിറ്റീവായി കാണണമെന്നാണ് ഡോക്ടർ പറഞ്ഞത്. നിങ്ങളുടെ സാന്നിധ്യം കൂടി ഉണ്ടായിരുന്നെങ്കിൽ അത് കൂടുതൽ മാറ്റങ്ങൾക്ക് വഴിവെക്കു മായിരുന്നു എന്നാണ് ഡോക്ടറുടെ അഭിപ്രായം.

‘ശരിക്കും പറഞ്ഞാൽ എനിക്ക് വയ്യടാ….. കിടന്നാൽ ഉറക്കം വരില്ല. പെട്ടെന്ന് എനിക്കെന്തെങ്കിലും സംഭവി ച്ചുപോകുമോ എന്നുള്ള അനാവശ്യ ചിന്തകള
മനസ്സുനിറയെ. അങ്ങനെ ഉണ്ടായാൽ അമ്മയുടെ കാര്യം എന്താവും?”

അച്ഛന്റെ ശബ്ദം ഇടറുന്ന തായി അയാൾക്ക് തോന്നി. അയാൾ മൊബൈൽ നിറഞ്ഞുനിൽക്കുന്ന അച്ഛന്റെ മുഖത്തുനിന്നും പെട്ടെന്ന് കണ്ണുകൾ എടുത്തു.

“ഇപ്പോഴത്തെ സാഹചര്യത്തിൽ വരാൻ പറ്റില്ലെന്ന് അറിയാം. അവളെയും കുട്ടികളെയും കൊണ്ടു വരാൻ പറ്റില്ലെങ്കിലും നീയെങ്കിലും ഈ ഓണത്തിന് വന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി. “

അച്ഛന്റെ വാക്കുകൾ അയാളെ വല്ലാതെ വേദനിപ്പിച്ചു. സിംഗപ്പൂർ നഗരത്തിലെ വലിയ ഫ്ലാറ്റി ന്റെ ബാൽക്കണിയിൽ നിന്നു കൊണ്ട് അയാൾ വിയർത്തു. ഈ നഗരത്തിൽ താൻ കഷ്ടപ്പെട്ട് നേടിയ എല്ലാ സൗഭാഗ്യങ്ങളും ഉപേക്ഷിച്ചിട്ട് അച്ഛനോടും അമ്മയോടും ഒപ്പം പോയാലോ എന്ന് ഒരു നിമിഷം അയാൾആലോചിച്ചു. ജീവിതത്തിലെ ബുദ്ധിമുട്ടുകൾ ക്കിടയിൽ താൻ കഷ്ടപ്പെട്ട് നേടിയ നേട്ടങ്ങൾക്ക് എല്ലാം പിന്നിൽ തന്റെ അച്ഛനുമമ്മയും ആയിരുന്നു. അവരായിരുന്നു തന്റെ ശക്തി. പക്ഷേ ജീവിതത്തിന്റെ പടവുകൾ പലതും താൻ വെട്ടി പിടിക്കുമ്പോൾ അവരുടെ ശക്തി കുറഞ്ഞു വരുന്നത് താൻ ശ്രദ്ധിച്ചില്ല. പക്ഷേ അവർ ഒരിക്കലും തന്നോട് പരാതിപ്പെട്ടില്ല. ഓരോ ദിവസവും രാവിലെയും വൈകിട്ടും വീഡിയോ കോളിലൂടെ അച്ഛനെയും അമ്മയെയും കണ്ട് അയാൾ തൃപ്തിയടഞ്ഞു. എല്ലാ വർഷവും ഓണത്തിനും നാട്ടിലേക്ക് പോകണമെന്ന് അയാൾ ആഗ്രഹിക്കുന്നതാണ്. താൻ കുടുംബസമേതം എത്തുമെന്ന് അച്ഛനെ അമ്മയും വിളിച്ച് അറിയിക്കും എങ്കിലും അവസാന നിമിഷം എന്തെങ്കിലും തിരക്ക് കാരണം യാത്ര മാറ്റി വെക്കുകയാണ് പതിവ്….

ഭാര്യക്ക് നാട്ടിലേക്ക് പോകുന്നതിനോട് ഒട്ടും താല്പര്യമില്ല. കാരണം നാട്ടിൽ അവൾക്ക് അത്ര അടുത്ത് ബന്ധുക്കൾ ഒന്നും തന്നെയില്ല. ചെറുപ്പത്തിലെ അവളുടെ മാതാപിതാക്കൾ സ്വന്തം ഇഷ്ടങ്ങൾക്ക് വേണ്ടി പിരിഞ്ഞു പോയതിനാൽ ബന്ധങ്ങളുടെ വില അവർക്കറിയില്ല. അവളെ എന്നും സന്തോഷിപ്പിക്കുന്നത് നാട്ടിലേക്കാൾ തിരക്കുള്ള സിംഗപ്പൂർ ജീവിതമാണ്. കുട്ടികളെയും അവൾ ആ രീതിയിലാണ് വളർത്തുന്നത്.

ഓർമ്മകളുടെ തേരോട്ടത്തിൽ അയാൾ പഴയ നാട്ടിൻപുറത്തുകാരനായി. കൂലിപ്പണിക്കാരായ അച്ഛന്റെയും അമ്മയുടെയും രണ്ട് മക്കളിൽ ഒരാൾ. തന്റെ യും പെങ്ങളുടെയും എന്തു സന്തോഷങ്ങൾക്കും കൂടെ നിൽക്കുന്ന മാതാപിതാക്കൾ. അമ്മയ്ക്ക് ആഘോഷങ്ങൾ ഇന്നും ലഹരിയായിരുന്നു. അത്തം പിറക്കുമ്പോൾ അമ്മ ഓണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും. കൊച്ചുകുട്ടികൾ ആണെങ്കിലും ഞങ്ങളും അമ്മയോടൊപ്പം കൂടും. വീട് വൃത്തിയാക്കുന്നതിനും മുറ്റത്തെ പുല്ല് പറിയിക്കുന്നതിനും, അത്തപ്പൂ ഇടുന്നതിനു ഒക്കെ……

എത്ര ബുദ്ധിമുട്ടാണെങ്കിലും ഓണത്തിന് ഒരാഴ്ചയ്ക്ക് മുമ്പേ തന്നെ അമ്മയും അച്ഛനും താങ്കൾക്ക് വേണ്ടിയുള്ള ഓണക്കോടികൾ വാങ്ങി വയ്ക്കുമായിരുന്നു. തിരുവോണത്തിന് തൂശനില നിറച്ച് ചോറും കറികളും പായസവുംവിളമ്പി തങ്ങൾക്ക് തരുമ്പോൾ അമ്മയുടെ മുഖത്ത് വിരിയുന്ന സന്തോഷം വിവേചിച്ചറിയാൻ ആവാത്തത് ആയിരുന്നു.

കല്യാണം കഴിഞ്ഞു മൂത്തമകൻ ഉണ്ടായ വർഷത്തെ ഓണത്തിനാണ് തങ്ങൾ കുടുംബസമേതം നാട്ടിൽ എത്തുമെന്ന് അറിയിച്ചത്. അച്ഛനും അമ്മയും പെങ്ങളും കുഞ്ഞിനെ കണ്ടിരുന്നില്ല. അവൾക്ക് യാത്ര ചെയ്യാൻ പറ്റാത്ത കാരണം പ്രസവവും മറ്റുകാര്യങ്ങളും സിംഗപ്പൂരിൽ വച്ചായിരുന്നു. തങ്ങൾ വരുന്നതറിഞ്ഞ് ഓണത്തിന്റെ തലേന്ന് കൊച്ചുമക്കൾക്ക് ഓണക്കോടി വാങ്ങാനായി കടയിലേക്ക് പോയ പെങ്ങളും അമ്മയും സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഒരു വണ്ടിയുമായി കൂട്ടിയിടിച്ചു.

തിരുവോണത്തിന് നാട്ടിലെത്തിയ ഞങ്ങൾ പെങ്ങളുടെ ശവസംസ്കാരത്തിന് ആണ് പങ്കെടുത്തത്. അന്ന് നിശബ്ദ ആയതാണ് അമ്മ. സംസാരിക്കില്ല, ഒന്നിനോടും പ്രതികരിക്കില്ല, ഒരു സ്ഥലത്തേക്ക് നോക്കി ഒറ്റ ഇരിപ്പാണ്. പെങ്ങളുടെ മരണത്തിനുശേഷം ഓണവും വിഷു ഒന്നും ഞങ്ങളുടെ വീടിന്റെ പടികയറി വന്നിട്ടില്ല.

പെങ്ങളുടെ മരണത്തിന് ശേഷം രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഞങ്ങൾ സിംഗപ്പൂരിലേക്ക് തിരിച്ചു പോയി. ആകെ ആശ്വാസം അമ്മയുടെ കാര്യങ്ങൾ നോക്കാൻ ബന്ധത്തിലുള്ള ഒരു ചേച്ചി ഉണ്ടെന്നുള്ളതാണ്…

പെട്ടെന്ന് അയാളുടെ ഓർമ്മകളെ മുറിച്ചുകൊണ്ട് മൊബൈൽ ശബ്ദിച്ചു. ഡോക്ടർ ജെയിംസ് ആണ്….

“ഹലോ സന്തോഷ്…. കാര്യങ്ങൾ അച്ഛൻ പറഞ്ഞു കാണുമല്ലോ. പ്രത്യാശയ്ക്ക് വകയുണ്ട്. നിങ്ങൾ ഓണത്തിന്…..”

ഡോക്ടറെ ബാക്കി പറയാൻ അനുവദിക്കാതെ അയാൾ പറഞ്ഞു.

“ഉറപ്പായും ഡോക്ടർ.. ഞാൻ വരും. ഞാൻ നേടിയെടുത്തത് ഒന്നും എന്റെ അച്ഛനും അമ്മയ്ക്കും ഒപ്പം ആകില്ല. ഈ വർഷത്തെഓണം ഞാൻ അവരോടൊപ്പം ആഘോഷിക്കും.”

ഫോൺ കട്ട് ചെയ്യുമ്പോൾ അയാളുടെ മനസ്സ് ശാന്തമായിരുന്നു. ദൂരെ എവിടെയോ ഒരു ആർപ്പുവിളി ഉയരുന്നതായി അയാൾക്ക് തോന്നി.