എഴുത്ത്: സി.കെ
നമുക്കൊരു ബിരിയാണി കഴിച്ചാലോ…! കോടതിവരാന്തയിൽ വെച്ച് എന്റെ ചോദ്യത്തിന് ഇന്നാദ്യമായി അവളൊന്നു തലയാട്ടി…
മാഡം…ഇവിടെ നല്ല ബിരിയാണി കിട്ടുന്ന സ്ഥലം വല്ലതുമുണ്ടോ..?
ഡിവോഴ്സിന് അപ്ലെ ചെയ്ത ദമ്പതിമാർക്കിടയിൽനിന്ന് ആദ്യമായാണ് ഇങ്ങനെ ഒരു ചോദ്യമുയരുന്നതെന്ന് കണ്ടിട്ടാവണം ഒരത്ഭുതത്തോടുകൂടി എന്നെ നോക്കിക്കൊണ്ട് അവർ പറഞ്ഞു, ദാ ഇവിടന്നു മിനിമം ഓട്ടോക്ക് പോവാൻ ഒരു പത്തു മിനിറ്റേ ഉള്ളു..
ഹോട്ടൽ “തസ്കർ” എന്നാണ് പേര്…
ഏതായാലും ഉച്ചഭക്ഷണത്തിന്റെ സമയവുമല്ലേ…പോയി കഴിച്ചിട്ട് വരൂ….
ആ മറുപടിയും കേട്ടുകൊണ്ട് ഞങ്ങളവിടെനിന്നും തിരിച്ചു റോഡിലേക്ക് നടക്കുമ്പോൾ രശ്മിയുടെവീട്ടുകാരിൽ ചിലരുടെ തുറിച്ച നോട്ടം എന്നെ ചുറ്റി വരുന്നുണ്ടായിരുന്നു…
രശ്മി… ദേ അവരൊക്കെ നമ്മളെത്തന്നെ നോക്കി നിൽക്കുന്നുണ്ട്..ഇനി അച്ഛനെങ്ങാനും ദേഷ്യപ്പെടോ നിന്നോട്…?
ഇല്ല…!
ഏതായാലുംഇത്തവണ നല്ലൊരു ബിരിയാണി കഴിച്ചുപിരിയാനായിരിക്കും നമ്മുടെ വിധി…
കോടതി വളപ്പിനപ്പുറത്തെ ഓട്ടോ സ്റ്റാൻഡിൽ നിന്നും ഓട്ടോയിൽ കയറി “തസ്കർ” ലക്ഷ്യമാക്കി പോകുമ്പോൾ ഉള്ളിലൊരു പ്രതീക്ഷയൊക്കെ തോന്നിതുടങ്ങിയിരുന്നു…ഇതുപോലൊരു പ്രതീക്ഷയിൽ തന്നെയാ മുൻപ് ഈ വിവാഹജീവിതം തുടങ്ങിയതും…
ഏറെക്കാലം പെണ്ണ് തിരഞ്ഞു നടന്നത് വെറുതെയായെന്ന തോന്നലുണ്ടായപ്പോഴാണ് ഒടുവിൽ ജാതകത്തിന്റെ കെട്ടെടുത്ത് രാവിലെ ചായക്ക് വെക്കുന്ന ചെമ്പിനടിയിലെ വിറകിനിടയിലേക്ക് തിരുകിക്കയറ്റി നാടുവിട്ടാലോ എന്ന ചിന്ത എന്നിലുണർന്നു വന്നത്..
അതിനിടയിലാണമ്മാവന്റെ നിർബന്ധത്തിനു വഴങ്ങി ഒരു അവസാന പരിശ്രമം എന്നോണം വീണ്ടും രശ്മിയെ പെണ്ണുകാണാനിറങ്ങുന്നത്…
കോലോത്തു തറവാട്ടിലെ പുല്ലു ചെത്തി വിറ്റാൽ എനിക്കുമെന്റെ കുട്ടികൾക്കും ജീവിക്കാനുള്ള വകയുണ്ടെന്ന് തള്ളിനീക്കിയിരിക്കുന്ന കാരണവന്മാരുടെ ഇടയിലേക്കാണ് അമ്മാവനെന്റെ കൈപിടിച്ചിട്ടു കൊടുത്തത്…
ഒരുപാട് വീടുകളിൽ പെണ്ണ് കാണാൻപോയി ചായ കുടിച്ചിറയിറങ്ങി നിരാശരായ ചെറുപ്പക്കാരിൽ ഒരാളായതുകൊണ്ടാവാം അവരുടെ വിടുവായിത്തത്തിനു ഞാൻ ചെവികൊടുക്കാതിരുന്നത്…
എന്നാ ഇനി കുട്ടിയെ വിളിച്ചോട്ടെ…കഥകൾക്കിടയിലൂടെ അമ്മാവൻ കാര്യമവതരിപ്പിച്ചു…
വിവാഹജീവിതത്തിൽ ഏറ്റവുമധികം സങ്കല്പങ്ങൾക്ക് ചിറക് മുളക്കുന്നത് പൊതുവെ പെണ്കുട്ടികളുടെ മനസ്സിൽ മാത്രമായതുകൊണ്ട് മറ്റൊന്നും ചിന്തിക്കാതെ ജാതകം വാങ്ങി ഞങ്ങളവിടെനിന്നും തിരിച്ചുപോന്നത്.
പിന്നീടങ്ങോട്ട് ആരോ വരച്ചിട്ട രേഖചിത്രം പോലെ വ്യക്തമാകുന്നതായിരുന്നു എല്ലാ കാര്യങ്ങളും….!
വിവാഹ നിശ്ചയം കഴിഞ്ഞു മൂന്നു മാസംകൊണ്ട് വിവാഹം വരെ വന്നെത്തി ….
ഇതിനിടയിൽ പരസ്പരം ഒന്നു പരിചയപ്പെടാനോ, കാണാനോ സമയമോ സന്ദർഭമോ കിട്ടിയിരുന്നില്ല എന്നായിരുന്നു വാസ്തവം…
വിവാഹം കഴിഞ്ഞു ആദ്യരാത്രിയിൽ കെട്ടുകഥകളിലേ ശരാശരി പുതുമണവാളന്റെ ആഗ്രഹമനുസരിച്ചു പാലും പഴവുമൊക്കെ പുതിയൊരു ഫൈബർ പ്ളേറ്റിലാക്കി കൊണ്ടുവെച്ചെങ്കിലും തമ്മിലൊരുകാര്യത്തിന് ഞങ്ങളിലാരും മുൻകയ്യെടുക്കാതെ മനോഹരമെന്നു മനുഷ്യർ വാഴ്ത്തിപ്പാടിയ ആ രാത്രി അലസമായിതന്നെ കടന്നുപോയി…
പിറ്റേന്ന്മുതൽ പുറത്തെ കാഴ്ചകൾക്കിടയിൽ പുതിയ വധൂവരന്മാരെകുറിച്ചു
സൊറ പറഞ്ഞും കളിയാക്കിയും നേരംകഴിഞ്ഞുപോയപ്പോൾ രാത്രിയിൽ ആ മുറിക്കകത്ത് അപരിചിതത്വം വിട്ടൊഴിഞ്ഞതെയില്ല…
പതുക്കെ പതുക്കെ പരസ്പരം ഒന്നു ചേർന്നിരുന്നു സംസാരിച്ചാൽ തീരുന്ന പ്രശ്നങ്ങളെല്ലാം ചെറിയ തോതിൽ വഴക്കിന്റെ വഴിയിലേക്ക് നീണ്ടുതുടങ്ങി…
ഒടുവിൽ പരസ്പരം മനസിലാക്കാത്തത്തിന്റെ ചെറിയ കാര്യങ്ങളെല്ലാം സ്ഥിതി വഷളാക്കുമെന്നായപ്പോൾ അമ്മയാണ് രശ്മിയോട് പറഞ്ഞത്..മോള് കുറേയായില്ലേ വീട്ടിലൊക്കെ പോയിട്ട്… നാളെ നമുക്ക് രണ്ട് പേർക്കും വീടുവരെയൊന്നു പോയി വരാംന്ന്….
വൈകീട്ട് ജോലീം കഴിഞ്ഞു വന്നപ്പോൾ ഉമ്മറത്തിരിക്കുന്ന അമ്മയോട് കാര്യങ്ങൾ അന്വേഷിച്ചു…
അപ്പോഴാണ് ആ യാത്ര പിന്നീടിങ്ങോട്ടൊരു തിരിച്ചുവരവുണ്ടാവില്ലെന്ന് മനസിലായിതുടങ്ങിയത്..
അതുകഴിഞ്ഞു രശ്മിയെ ഫോണിൽ വിളിക്കാൻ ശ്രമിച്ചു..ഫലമുണ്ടായില്ല…
ഒന്നു രണ്ടുതവണ തിരികെ വിളിക്കാനായി പലരുമായി ചെന്നതാണ്…
അന്നെല്ലാം ഞാൻപോലുമറിയാത്ത കാരണം നികത്തി കൂട്ടത്തോടെപെൺവീട്ടുകാരെല്ലാംഎന്റെ വായടപ്പിച്ചു…
ഒരുമിച്ച് കഴിഞ്ഞിരുന്ന ഞങ്ങളെക്കാൾ കാര്യങ്ങൾ അവിടെ നിന്നവരെണ്ണം പറഞ്ഞു നിരത്തി…
അതിനു ശേഷം വളരെ വൈകിയാണ് അവളുടെ വീട്ടുകാർ ഡിവോഴ്സിന് ശ്രമിക്കു കയാണെന്ന് അവരുടെ ഒരു ബന്ധു വഴി എനിക്ക് വിവരം ലഭിച്ചത്…
അങ്ങിനെ മനസ്സില്ലാ മനസ്സോടെ അവളോടൊപ്പം കോടതിയിൽ ഞാനും ഒരു ഹർജി സമർപ്പിച്ചു…
ആറു മാസത്തെ വെയിറ്റിങ് പിരിയഡും ഞങ്ങൾക്ക് നൽകി…
ആറുമാസം കഴിഞ്ഞു ഇതിനിടയിൽ പരസ്പരം യാതൊരുവിധ ബന്ധങ്ങളോ മറ്റൊന്നും തന്നെ ഉണ്ടായില്ല…
അങ്ങിനെ ആദ്യത്തെ ഹിയറിങ് നടന്നു… എന്നിലേക്ക് പലതും പറഞ്ഞു പഴിചാരി, എന്റെമുഖത്തേക്കൊന്നു നോക്കാൻ പോലും കൂട്ടാക്കിയില്ല…എങ്കിലും രശ്മി എന്നിൽനിന്നെന്തായിരുന്നു ആഗ്രഹിച്ചതെന്ന് അന്നത്തോട് കൂടിബോധ്യമായി തുടങ്ങി..
ഇതുകൂടി കേട്ടപ്പോൾ ഹിയറിങ് കഴിഞ്ഞിറങ്ങി കോടതിവരാന്തയിലൂടെ നടന്നുപോകുന്ന അവളെപിടിച്ചുനിർത്തിക്കൊണ്ട് എന്നാലാകുംവിധം ഞാൻ സംസാരിക്കാൻ ശ്രമിച്ചു..ഒന്നിനും വഴങ്ങാതെ ഒരന്യനെന്ന രീതിയിൽ എന്നോട് പെരുമാറിതുടങ്ങി…
അതിനു ശേഷം ഇന്ന് രണ്ടാമത്തേ ഹിയറിങ്ങാണ്.. ഇന്നാണവളെ ഒരുപാട് നാളുകൾക്ക് ശേഷം കാണുന്നതും ,
ഇതെന്റെ അവസാന ശ്രമവുമാണ്…ഇതിൽ വിജയിച്ചാൽ ഇനിയങ്ങോട്ട് നല്ലൊരു ജീവിതം ഇരുവർക്കിടയിലുമുണ്ടാവും,ഇനി പരാജയപ്പെട്ടാൽ പക്വത ഇല്ലാത്ത തീരുമാനങ്ങളുടെ ചവട്ടുകൊട്ടയിൽ നിസ്സഹായതയോടെ ഈ ജീവിതം വലിച്ചെറിയുകയും ചെയ്യാം…
ഓർമകളെ താല്ലിക്കെടുത്തി പെട്ടന്നാണ് കുറുകെ ചാടിയ ഒരു തെരുവുനായക്ക് വേണ്ടി അതിസാഹസികമായി ഓട്ടോക്കാരൻ ബ്രേക്കിട്ടത്…
തല നേരെ കമ്പിയിലടിച്ച ദേഷ്യത്തിൽ ഞാനൊന്നയാളെ നോക്കിക്കൊണ്ട് പറഞ്ഞു..
പൊന്നു ചേട്ടാ നമ്മളാണുങ്ങള് ഒറ്റക്കാർന്നേൽ ഇനി ഓട്ടോ തലകുത്തിമറിഞ്ഞാലുംഒരു കുഴപ്പവുമില്ല..ഇതിപ്പോ നമ്മളെ വിശ്വസിച്ചുപോന്ന പെണ്ണുണ്ടാവുമ്പോ ഇങ്ങനെയൊക്കെ കാണുമ്പോൾ ഉള്ളിലൊരു പേടിയാ…
ദയവായി ശ്രദ്ധിച്ചു വണ്ടിയോടിക്കൂ ട്ടോ..
രശ്മി എന്തെങ്കിലും പറ്റിയോ…
ഏയ് ഒന്നും സംഭവിച്ചിട്ടില്ല…
എന്നിലെ ഭാവവ്യത്യാസം കണ്ടപ്പോൾ മുന്നിലെ കണ്ണാടിയിൽ നോക്കി പുഞ്ചിരിച്ചുകൊണ്ട് അയാൾ കുറച്ചു ദൂരം മുന്നോട്ടുപോയി ഹോട്ടലിനുമുൻപിലായി ഓട്ടോ നിർത്തി…
ഇതാണ് നിങ്ങൾ പറഞ്ഞ ഹോട്ടൽ…
അയ്യേ എന്തൊരു ഹോട്ടലാ ഇത്…ഇതിന്റെ കോലം കണ്ടാൽ ഉള്ളിൽ കയറി ഭക്ഷണം കഴിക്കാൻ തോന്നില്ല…..
രശ്മി ഇവിടെ വേണ്ടാ …..
നമുക്ക് ഇതിനേക്കാൾ നല്ലൊരു സ്ഥലം നോക്കാം…
ചേട്ടാ നേരെ സ്‌ട്രൈറ്റ് വിട്ടോ ഒരു രണ്ടുമൂന്നു കിലോമീറ്റർ കൂടി പോയാൽ മറ്റൊരു ഹോട്ടലൂടെ ണ്ട്…
ഇതിപ്പോ ഇത്രേം കാലം ടൗണിൽ ഓടീട്ടു ഞാനറിയാത്ത ഹോട്ടലേതെന്നു ചിന്തിച്ചു കൊണ്ട് എന്നെയൊരു നോട്ടം നോക്കി വീണ്ടും മീറ്റർ തിരിച്ചുവെച്ചു ഞങ്ങൾ യാത്ര തുടർന്നു…
ഓരോ വളവും തിരിവും പറഞ്ഞുകൊടുത്തു ഒടുവിൽ പറഞ്ഞ ഭാഗത്തേക്ക് ചെന്നെത്തി…
ന്റെ മോനെ ആ ടൗണിന്നൊക്കെ ഇത്രേം ഓടിപ്പോന്നത് ഈ വീട്ടിലെ ഭക്ഷണം കഴിക്കാനാണോ…
ഓട്ടോചേട്ടന്റെ സംസാരം കേട്ടപ്പോഴാണ് രശ്മി വീണ്ടും മുഖമൊന്നുയർത്തി ചുറ്റുപാടുംനോക്കിയത്…
എന്തായിത്… ഹോട്ടലിലേക്കെന്നു പറഞ്ഞിട്ടു ഇങ്ങോട്ടാണോ പോന്നത്…
പൊന്നു ചേട്ടാ ഞങ്ങടെ വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് രണ്ടു വർഷം തികയാണ്…
ആദ്യത്തേത് ഏതായാലും ആഘോഷമൊന്നുമില്ലാതെ കടന്നുപോയി…ഇനിയുള്ളത് ഏതായാലും അങ്ങിനെ വെറുതെ വിടുന്നുമില്ല…ഈ ഒരു സന്തോഷത്തിൽ നമ്മള് വീട്ടുകാരൊരുമിച്ചിരുന്നു കളിപറഞ്ഞു കഴിക്കുന്ന ഭക്ഷണത്തിന്റെ രുചിയൊന്നും മറ്റെവിടെനിന്നെങ്കിലും കിട്ടോ..?
ആഹാ ഇന്ന് നിങ്ങടെ വിവാഹ വാർഷികമായിരുന്നോ…! എങ്കിൽ എല്ലാവിധ നന്മകളും..
ഈ ദിവസം ആദ്യത്തെ ആശംസ ചേട്ടന്റെയാ, അതിൽ ഒത്തിരി സന്തോഷം…
എത്രയാ ചാർജ്…
എഴുപത്തിയഞ്ചു രൂപ…
എങ്കിൽ വീട്ടിലേക്ക് വന്നാൽ വീട്ടിന്ന് ഒരു അടിപൊളി ബിരിയാണി കഴിച്ചിട്ട് പോവാം…
അയ്യോ …വേണ്ട മോനെ ,ഓട്ടം മുട്ടിയാൽ വീട്ടിലെ കഞ്ഞികുടി മുട്ടും…
ഓട്ടോയും തിരിച്ചു അയാള് പോയിക്കഴിഞ്ഞതും ഞാനവളുടെ മുഖത്തേക്കൊന്നു നോക്കി പുഞ്ചിരിച്ചു….ഇന്നേക്ക് നമ്മടെ വിവാഹം കഴിഞ്ഞിട്ട് രണ്ടുവർഷം തികയാണ്….
നിനക്കിതു ഓർമയുണ്ടാവില്ലെന്നറിയാം..ഇനി അഥവാ അവിടന്ന് നിന്നോടിത് പറഞ്ഞാൽ മറ്റൊന്നിനും സമ്മതിക്കുകയുമില്ല…അതുകൊണ്ടാ മനപ്പൂർവ്വം പറയാതിരുന്നെ…
എന്നോട് എന്തു ദേഷ്യമുണ്ടേലും അതൊക്കെ മാറ്റിവെച്ചു വീടിന്റെ ഉമ്മറത്തേക്ക് ഒന്നു നോക്കിക്കേ…
അവിടെ അമ്മേം ചേച്ചിയൊക്കെ നിന്നെ കാത്തിരിക്കാ..
പറഞ്ഞുതീർന്നതും എന്റെ മുഖത്തേക്ക് അവളൊന്നു നോക്കി…
അയ്യേ … അമ്മേ ദേ മരുമോളുടെ കണ്ണൊക്കെ നിറയുന്നുണ്ടല്ലോ…
ഉമ്മറത്ത് ഞങ്ങളേം കാത്തിരിക്കുന്ന അമ്മയും,ചേച്ചിയുംകൂടി ഇതുകണ്ടൊന്നു പൊട്ടിച്ചിരിച്ചു…
എന്താത് രശ്മി ചെറിയ കുട്ടികളെപ്പോലെ…. മോള് വാ അവനങ്ങനെതന്നാ ആർക്കും അത്രപെട്ടന്നു പിടികൊടുക്കാത്ത ജനുസ്സാ…
അമ്മ രശ്മിയുടെ കൈപിടിച്ചു വീടിനകത്തേക്ക് കയറി..ഞാൻ നേരെ അടുക്കളയിലേക്കും പോയി…
മോള് നന്നായി മെലിഞ്ഞിട്ടുണ്ടല്ലോ… അമ്മ രശ്മിയെ തലോടിക്കൊണ്ടു പറഞ്ഞു…
അതിനി ഒന്നുരണ്ടു തവണ ഞാനുണ്ടാക്കിയ ബിരിയാണി കഴിച്ചാൽ തീരാവുന്നതെയുള്ളൂ…
പോരുന്ന വഴിക്ക് ഒന്നും കഴിച്ചിട്ടില്ല എനിക്ക് നന്നായി വിശക്കുന്നുമുണ്ട്…..
അമ്മേ പുന്നാരം പറയാനൊക്കെ ഇനീം സമയണ്ട് …ആദ്യം അവളെ വിളിച്ചിരുത്തിക്കെ എല്ലാവർക്കും ഭക്ഷണം ഞാൻ വിളമ്പിതരാം…
എല്ലാവരും മേശക്കരികിലിരുന്നു എന്നായപ്പോൾ ഞാനെന്റെ കസേരയിൽ നിന്നെഴുന്നേറ്റു…
നിരത്തിവെച്ച പ്ളേറ്റിലേക്ക് ഇത്തിരി ബിരിയാണിയൊക്കെ തട്ടിക്കൊടുത്തു ഞാനും അവളോടൊപ്പമിരുന്നു ബിരിയാണി കഴിക്കാൻ തുടങ്ങി…
കേട്ടോ ലക്ഷ്മി പണ്ടച്ഛൻ ഇങ്ങനെയായിരുന്നു…
ഞാനെന്തിനെങ്കിലും വാശികാണിച്ചു പിണങ്ങിക്കഴിഞ്ഞാൽ വൈകുന്നേരം ജോലീം കഴിഞ്ഞു വന്ന് നമ്മുടെ കരുണേട്ടന്റെ ചായക്കടയിലേക്ക് എന്നേം കൂട്ടിക്കൊണ്ട് ഒരു പോക്കങ്ങു പോകും….
എന്നിട്ട് മുഴുത്ത പഴമ്പൊരിയും വെള്ളച്ചായയും വാങ്ങിത്തരും…എന്നിട്ട് കഴിച്ചുതീരുവോളം എനിക്കൊപ്പം ചേർന്നിരുന്നു തലയിലങ്ങനെ തടവിത്തരും.
പഴമ്പൊരിയും ചായേം വയറു നിറയെ കഴിച്ചു ചായക്കടയിലെ ബെഞ്ചിന്നിറങ്ങി നടക്കുമ്പോഴേക്കും എങ്ങനെയാന്നറിയില്ല എന്റെ പിണക്കോം വാശീം തീർന്നിട്ടുണ്ടാവും…
അതിന്റെ കാരണമെന്തെന്ന് അന്നൊക്കെ പലപ്പോഴും ആലോചിച്ചു നോക്കീട്ടുണ്ട്….
പക്ഷേ ആലോചിച്ചാലോചിച്ച് ഞാൻ ചിന്തിച്ചെടുത്തതൊന്നുമല്ലായിരുന്നു ശരിയായ ഉത്തരം…
അച്ഛൻ പറഞ്ഞത് മറ്റൊന്നാ…
ചില ദിവസങ്ങളിൽ അത്രയേറെ കഷ്ടപ്പെട്ടുകൊണ്ടാണത്രേ ഒരു നേരത്തെ ഭക്ഷണം കഴിക്കാനുള്ള വക നമ്മൾ കണ്ടെത്തുക.
പക്ഷെ അത്രത്തോളം കഷ്ടപ്പെടലുകളൊ യാതനകളോ ഒന്നും തന്നെ നമുക്കിടയിലെ ഈ ചെറിയ പിണക്കത്തിനുണ്ടാവുകയുമില്ല…അതുകൊണ്ട് എത്ര വലിയ പിണക്കമായാലും ഒന്നിച്ചിരുന്ന് അന്നം കഴിച്ചാൽ തീരും എന്ന് അച്ഛൻ പറഞ്ഞ ആ വാക്കുകളിലുണ്ടായിരുന്നു….
അന്നും ഇന്നും ആ വാക്ക് പിന്തുടർന്നുപോരുമ്പോൾ അച്ഛൻ കൂടെയുണ്ടെന്നൊരു ധൈര്യാ…
ജീവിതം ന്ന് പറയുന്നതും അങ്ങനെയാ…. അല്ലേ അമ്മേ…
നമ്മളെത്ര ചിന്തിച്ചാലും ചില കാര്യങ്ങൾക്ക് ഉത്തരം കിട്ടില്ല…ഇനി അഥവാ തേടിപ്പിടിച്ച് കണ്ടെത്തിയാലും അതൊന്നും ശരിയായ കാര്യങ്ങളുമാവില്ല..
നിങ്ങൾ കഴിക്ക്.. പറഞ്ഞുപറഞ്ഞു ഉള്ള വിശപ്പ് പോയി.. ഇത്തിരി കഴിച്ചപ്പോഴേക്കും എന്റെ വയറും നിറഞ്ഞു..ഞാനെഴുന്നേൽക്കാണെന്നു പറഞ്ഞു പതിയെ അവളുടെ കയ്യിൽ പിടിച്ചു കസേരയിൽ നിന്നെണീറ്റ് പുറത്തേക്ക് നടന്നു..
അവിടെ വരാന്തയിൽ വെച്ചിരുന്ന ബക്കറ്റിൽ നിന്നും ഉമ്മറത്ത് നട്ടുനനച്ച റോസ്ചെടിയുടെ അടിയിലേക്ക് കൈകഴുകി ഞനെന്റെ ബെഡ്റൂമിലേക്ക് നടന്നു….
റൂമിലെത്തിയതും കട്ടിലിലേക്ക് കമിഴ്ന്നുകിടന്നു..
വയറു നിറഞ്ഞതിനെക്കാൾ വേഗത്തിൽ കണ്ണു നിറഞ്ഞതുകൊണ്ടാവും കണ്ണീര് തുടക്കാൻ നന്നേ പാടുപെട്ടിരുന്നു ഞാൻ…
സുരേട്ടാ…..ആദ്യമായാണ് ഇത്രേം അടുത്തുനിന്ന് ഇങ്ങനെയൊരു വിളി ഉയരുന്നത്…
ഇരുകൈകൾക്കൊണ്ടും കണ്ണുകൾ തുടച്ചുകൊണ്ട് തല ഉയർത്തി ആ വിളിക്ക് ഞാനൊരു പുഞ്ചിരി സമ്മാനിച്ചു…
ചിരി അവസാനിക്കും മുൻപ് അവളെന്നെ കെട്ടിപ്പിടിച്ചു…
അവളിലെ ഉയരക്കുറവുകാരണം എന്റെ ഉള്ളിലെ വിങ്ങൽ ഇരുകാതിലൂടറിയുന്നുണ്ടാവാം വല്ലാതെ തേങ്ങുന്നുണ്ട്….
പൊറുക്കണം എന്നോട്…ചേർത്തുനിർത്താനോ, തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാനോ ആരുംതന്നെയുണ്ടായില്ല…പക്വതയില്ലാതെ രണ്ടുവർഷം ഞാനായിട്ട് കളഞ്ഞുകുളിച്ചു…
ഏയ്..അതൊന്നും സാരമില്ല…ആരെങ്കിലും കണ്ടാൽ അതുമതി…വേഗം മുഖൊക്കെ തുടക്ക്… നമുക്ക്തിരിച്ചു കോടതിയിലേക്ക് തന്നെ പോവാനുള്ളതാ…ഇനി ഈ കോലത്തിൽ അങ്ങോട്ട് പോയിട്ടുവേണം…ഉള്ള പരാതി ഒന്നൂടെ സ്‌ട്രോങ് ആക്കാൻ…
ഞാൻ തിരിച്ചുപോകുന്നില്ല…
എന്നെ കാണാതാവുമ്പോൾ അവര് എന്റെ ഫോണിക്ക് വിളിച്ചോളും….അപ്പൊ ഞാൻ പറഞ്ഞോണ്ട് ഇനി സുരേട്ടന്റെ കൂടെ ജീവിക്കുന്നുള്ളൂ ന്ന്….അതുകേട്ടതും എനിക്കുമെന്നെ നിയന്ത്രിക്കാനായില്ല…വിവാഹം കഴിഞ്ഞു ഇന്നാദ്യമായി അവളുടെ നെറുകയിൽ ഞാനൊന്നു അമർത്തിചുംബിച്ചു…
മോനെ..ഉള്ളിലെ തീയുടെ കെട്ടണഞ് തീരാറായപ്പോഴേക്കും സ്വർഗത്തിലെ കട്ടുറുമ്പെന്നപോലെയാണ്അമ്മ റൂമിലേക്ക് കയറി വന്നത്…
ടാ രശ്‌മീടെ അമ്മ വിളിച്ചിരുന്നു..വൈകീട്ട് അവരെല്ലാംകൂടെ ഇങ്ങോട്ട് വരുന്നുണ്ടെന്ന്..
മോള് ഇപ്പോൾതന്നെ വീട്ടിലേക്ക് വിളിച്ചു ഡ്രെസ് ഏതെന്നുവെച്ചാൽ കൊണ്ടുവരാൻ പറയ്….അമ്മയുടെ മറുപടി കേട്ട രശ്മി ഒന്നും മനസിലാകാത്തമട്ടിൽ ഞങ്ങളിരുവരെയും മാറിമാറി നോക്കി
എന്താ ഇനീം ആലോചിച്ചുനിക്കുന്നെ….?
അല്ലമ്മേ അച്ഛൻ….?
അപ്പോൾ ഇവനൊന്നും നിന്നോട് പറഞ്ഞില്ലേ…
ഇല്ല… ഒന്നും പറഞ്ഞില്ല…
ഇവന്റെ സങ്കടം കാണാൻ വയ്യാത്തോണ്ട് ഇന്നലെ വക്കീലിനെ കാണാൻ ഞാനും കൂടെ പോയിരുന്നു…
ഒരമ്മയെന്ന നിലയിൽ എല്ലാ കാര്യങ്ങളും ഞാനവിടെ പറഞ്ഞു…നിങ്ങൾ തമ്മിലുള്ള യഥാർത്ഥ പ്രശ്നമെന്താണെന്നു നിങ്ങൾക്ക് തന്നെ അറിയില്ലെന്ന് ഇവനും പറഞ്ഞു…
എല്ലാം കേട്ടശേഷം ആ വക്കീൽ പറഞ്ഞു ,ഇനി ആകെ ഒരു വഴിയുള്ളത് നിങ്ങൾ ആരുടെയും പ്രേരണയിലല്ലാതെ മനസ്സുതുറന്നൊന്നു സംസാരിക്കുക…അതിനൊരു വഴിയൊരുക്കുക… അത്രേ ഇവിടെ ഉണ്ടായുള്ളൂ…
ഇപ്പൊ വീട്ടുകാരോട് കാര്യങ്ങളൊക്കെ അദ്ദേഹം പറഞ്ഞു മനസിലാക്കീട്ടുണ്ടാവും.
പിന്നെ എന്റെ മോളോടെന്ന രീതിയിൽ അമ്മ പറയാണ്, നമ്മള് പെണ്ണുങ്ങൾക്ക് വിവാഹമെന്നത് സങ്കല്പങ്ങളുടെ ചീട്ടുകൊട്ടാരം പോലെയാണ്, അതിൽ ചെറിയൊരു കാര്യത്തിന് വീഴ്ച പറ്റിയാൽപോലും നമുക്കതൊരു വലിയ വിഷയമായി തോന്നും..ദാ ഇതുപോലെ ഓരോരോ പ്രശ്നങ്ങളിൽ ചെന്നു ചാടുകയും ചെയ്യും…
പുരുഷന്മാർ നേരെ തിരിച്ചും…യാതൊന്നും പ്രതീക്ഷിക്കാതെ ജീവിതത്തിലേക്ക് നമ്മളെ വിളിച്ചുകയറ്റും…അതിൽ സന്തോഷം കണ്ടെത്തി ജീവിക്കുകയും ചെയ്യും..
ദാമ്പത്യത്തിൽ എല്ലാപ്രശ്‌നങ്ങൾക്കും പരിഹാരമുണ്ട്… പക്ഷേ അത് നമ്മൾ സ്വയം ചിന്തിച്ചെടുക്കണമെന്ന് മാത്രം..
ദാ കണ്ടോ കണ്ടോ… ഇത്രയൊക്കെ പറയുമ്പോഇവനിരുന്ന് ഇളിക്കുന്നത് കണ്ടോ…
ഞാൻ നേരത്തെ പറഞ്ഞില്ലേ, അവനിങ്ങനെ ഒരാൾക്കും പിടികൊടുക്കാത്ത ഒരു ജനുസ്സാന്ന് …
ടാ മതി മതി…ഇനി നിന്നു ചിണുങ്ങാതെ വീട്ടുകാരെല്ലാം ഇങ്ങോട്ടു വരുമ്പോഴേക്കും പുറത്തുപോയി എന്തേലും വാങ്ങിക്കൊണ്ടുവന്നേ,
അപ്പഴേക്കും ഞങ്ങൾ അമ്മക്കും മരുമോൾക്കും അടുക്കളയിൽ ഇത്തിരി പണിയുണ്ട്,ഇനി അതൊന്നു തീർക്കട്ടെട്ടോ….
?സി.കെ?