അച്ഛൻ എന്റെ വിവാഹം ഉറപ്പിച്ചു അഭിയേട്ടാ…ഇന്നു എന്നെ കാണാൻ വന്നിരുന്നു അവർ. ഈ ആലോചനയുമായി മുൻപോട്ട് പോകാൻ ആണ് ഇവരുടെ തീരുമാനം…

പ്രിയപ്പെട്ടവൾ

Story written by GAYATHRI GOVIND

“ഏട്ടാ.. ഭാമേച്ചി മരിച്ചു.. ആത്മഹത്യ ആണെന്നും അല്ലെന്നും ഓക്കെ പറയുന്നുണ്ട്..”

രാവിലെ തന്റെ അനിയത്തി അനുപമ പറഞ്ഞ വാക്കുകൾ അഭിജിത്തിന്റെ ചെവിയിൽ മുഴുങ്ങി കൊണ്ടേയിരുന്നു.. തന്റെ ബിസിനെസ്സ് ആവശ്യങ്ങൾക്കായി കരാമയിൽ നിന്നും അബുദാബിയിലേക്കുള്ള യാത്രയിൽ ആണ് അഭിജിത്ത്..

?????

“എല്ലാവരുടെയും ഭാമ.. എന്റെ മാളു.. സ്കൂളിൽ എന്റെ ജൂനിയർ ആയിരുന്നു മാളു..ഒരു കിലുക്കാംപെട്ടി.. ടീച്ചേഴ്സിന്റെയും കൂട്ടുകാരുടെയും സീനിയർസിന്റെയും എല്ലാം പ്രിയപ്പെട്ടവൾ.. സ്കൂളിലെ ആസ്ഥാന പാട്ടുകാരി.. വലിയ ആരാധന ആയിരുന്നു അവളുടെ ശബ്ദത്തോടെ എനിക്ക്.. ആരാധന വലുതായി പ്രണയത്തിലേക്ക് കടക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.. പിന്നീട് എവിടെ നോക്കിയാലും അവളിൽ കണ്ണുകൾ ചെന്നെത്തും.. നാട്ടിലെ ലൈബ്രറി, സ്കൂൾ സ്റ്റാഫ്‌ റൂം, ക്ഷേത്രത്തിൽ എവിടെ നോക്കിയാലും അവൾ മാത്രം.. മനസ്സിൽ കൊണ്ടുനടന്ന പ്രണയം എന്നെ വീർപ്പുമുട്ടിക്കാൻ തുടങ്ങിയപ്പോൾ ഞാൻ അത് അവളോട് തുറന്നു പറഞ്ഞു.. അന്ന് ഞാൻ പത്താം ക്ലാസ്സിൽ.. എന്നെ ഏറെ അത്ഭുതപ്പെടുത്തി അവൾ എന്നോടു തിരികെ എന്നെ പ്രണയിക്കുന്നുണ്ട് എന്നു പറഞ്ഞു…പിന്നെ ഞങ്ങളുടെ പ്രണയത്തിന്റെ ദിനങ്ങൾ ആയിരുന്നു.. ഓരോ ദിനങ്ങൾ കഴിയുമ്പോഴും മധുരം ഏറി വന്ന ഞങ്ങളുടെ പ്രണയ ദിനങ്ങൾ..”

“ഞാൻ എഞ്ചിനീയറിങ് പഠിക്കുന്ന സമയം ആയിരുന്നു ചേച്ചി ആരതിയുടെ വിവാഹം.. ഒരു സാധാരണ പലചരക്കു കച്ചവടക്കാരനായ അച്ഛൻ ലോൺ എടുത്താണ് ചേച്ചിയുടെ കല്യാണം നടത്തിയത്.. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പാട്പെടുന്ന അച്ഛനു ലോൺ വലിയൊരു ഭാരം ആയി മാറി.. എന്റെ പഠനം കഴിഞ്ഞപ്പോഴേക്ക് ലോൺ ഒരുപാട് മുടക്കു വന്നു.. അവസാനം വീടും സ്ഥലവും ജപ്തിയാകുമെന്ന അവസ്ഥ വരെ ആയി.. എനിക്ക് ആണെങ്കിൽ ജോലിയും ഒന്നും ആയില്ല.. ജപ്തി നോട്ടീസ് വീട്ടിൽ ഒട്ടിച്ചതിന്റെ അടുത്ത ദിവസം അച്ഛൻ ആത്മഹത്യ ചെയ്തു.. എല്ലാ ഭാരവും എന്റെ തലയിൽ വച്ചു തന്ന് അച്ഛൻ രക്ഷപ്പെട്ടു.. അച്ഛൻ ആത്മഹത്യ ചെയ്തത് കൊണ്ടു തന്നെ ബാങ്ക് ജപ്തി നടപടികൾ നീട്ടി വച്ചു.. ഒരു ജീവന്റെ വില…

ഞാൻ പതിയെ ചെറിയൊരു ജോലിക്ക് കയറി.. ബാങ്ക് ലോൺ വീണ്ടും അടച്ചു തുടങ്ങി.. എല്ലാം തിരിച്ചു പിടിക്കാനുള്ള ഓട്ടത്തിൽ ഭക്ഷണം പോലും കഴിക്കാറില്ലായിരുന്നു പല സമയങ്ങളിലും.. തിരക്ക് കൊണ്ടല്ല കാശ് ഇല്ലാത്തത് കൊണ്ട്.. അനിയത്തിയുടെ പഠനം.. അമ്മയുടെ മരുന്നുകൾ.. ലോൺ.. എല്ലാം കൂടി എനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.. മാളു അവൾ തന്ന സപ്പോർട്ട് എനിക്ക് വലിയ ധൈര്യം തന്നെയായിരുന്നു..”

ഒരു ദിവസം വൈകുന്നേരം മാളു കരഞ്ഞുകൊണ്ട് എന്നെ വിളിച്ചു…

“അഭിയേട്ടാ…”

“എന്താ മാളു?? എന്തുപറ്റി??”

“അച്ഛൻ എന്റെ വിവാഹം ഉറപ്പിച്ചു അഭിയേട്ടാ.. ഇന്നു എന്നെ കാണാൻ വന്നിരുന്നു അവർ.. ഈ ആലോചനയുമായി മുൻപോട്ട് പോകാൻ ആണ് ഇവരുടെ തീരുമാനം..”

“മോളെ ഞാൻ ഇപ്പോൾ എന്താ ചെയ്യുക..”

“അഭിയേട്ടൻ നാളെ അച്ഛനോട് വന്നു സംസാരിക്കണം നമ്മുടെ കാര്യം..,”

“ആഹ് ശരി.. വരാം ഞാൻ.. നീ കരയാതെയിരിക്ക്..”

“ഹ്മ്മ്..”

പിറ്റേന്ന് ഞാൻ ആ വലിയ വീടിന്റെ ഗേറ്റ് കടന്നു അകത്തേക്ക് ചെന്നു..

“ആരാ??”

“അങ്കിൾ എന്റെ പേര് അഭിജിത്ത്.. ഞാൻ മേലെടത്തെയാ..”

“ആഹ്.. വാ കയറി ഇരിക്ക്..”

“എന്താ മോനെ വിശേഷിച്ചു..”

“അങ്കിൾ ഞാൻ ഒരു കാര്യം പറയാനാണ് വന്നത്..” അപ്പോഴേക്ക് മാളു അവിടേക്ക് വന്നു

“ആഹ്.. പറയു..”

“എനിക്ക്.. എനിക്ക് ഭാമയെ ഇഷ്ടം ആണ് അങ്കിൾ.. കുറച്ചു സമയം എനിക്ക് തരണം.. ഞാൻ വിവാഹം ചെയ്തോളാം ഭാമയെ..”

അയാൾ ഒന്നു ചിരിച്ചു..

“നീ ആ ആത്മഹത്യ ചെയ്ത രാഘവന്റെ മകൻ അല്ലേ.. നിന്റെ കുടുംബത്തിലേക്ക് എന്റെ കുട്ടിയെ വിവാഹം ചെയ്തു തരില്ല ഞാൻ..”

“അങ്കിൾ..”

“വേറെ ഒന്നും പറയാനില്ലെങ്കിൽ ഇറങ്ങിക്കോളൂ..”

ഞാൻ അവിടെ നിന്നും ഇറങ്ങി.. നിറകണ്ണുകളോടെ മാളു വന്നെന്റെ കയ്യിൽ പിടിച്ചു..

“ഞാനും വരാം അഭിയേട്ട.. “

“വേണ്ട മോളെ.. പട്ടിണി കിടക്കാൻ ഞാൻ നിന്നെ കൂട്ടില്ല എന്റെ കൂടെ.. മാത്രം അല്ല നിന്റെ അച്ഛൻ നമ്മളെ ഇവിടെ ജീവിക്കാൻ സമ്മതിക്കും എന്നു തോന്നുന്നില്ല… ആരും ഇല്ലാത്ത എന്റെ അമ്മയെയും അനിയത്തിയെയും ഉപേക്ഷിച്ചു നീയുമായി രക്ഷപെടാൻ ആവില്ല എനിക്ക്..” അവളുടെ കൈ വിടുവിച്ചു ഞാൻ നടന്നു..

പിന്നീട് അവൾ എന്നെ വിളിച്ചിട്ടില്ല.. ഞാനും.. അവളുടെ കല്യാണം കഴിഞ്ഞത് ഞാൻ അറിഞ്ഞു.. അന്ന് മുറിയിൽ ഇരുന്നു ഒരുപാട് കരഞ്ഞു… ഒന്ന് കാണാൻ പോലും കഴിഞ്ഞിട്ടില്ല പിന്നീട് അവളെ.. ആർക്കൊക്കെയോ വേണ്ടി ജീവിച്ചു.. കൺമുൻപിൽ എന്നും അവളുണ്ട്.. മരീചിക പോലെ.. അടുത്ത് ചെല്ലുമ്പോൾ കാണില്ല..

ഒരു വർഷത്തിന് ശേഷം കൂടെ പഠിച്ച ഒരു കൂട്ടുകാരൻ ദുബായിൽ ജോലി ശരിയാക്കി.. പിന്നീട് മൂന്നാല് വർഷങ്ങൾ കൊണ്ടു നേടിയെടുത്തു എല്ലാം.. സ്വന്തമായി ഒരു ലോജിസ്റ്റിക്സ് കമ്പനി തന്നെ സ്റ്റാർട്ട്‌ ചെയ്തു.. നാട്ടിലേക്ക് പോയില്ല അഞ്ച് വർഷം ആയിട്ട് ഇതുവരെ.. പോകാൻ തോന്നിയിട്ടില്ല.. കാരണം അവിടെ ചെല്ലുമ്പോൾ തോന്നും എന്നെ ഇത്രയും നാളും മുൻപോട്ട് നയിച്ച എന്റെ മാളു എന്റേത് അല്ല എന്ന്.. ഇവിടെ ഒരു മരീചിക ആയിട്ടെങ്കിലും അവൾ എന്റെ കൂടെ എപ്പോഴും ഉണ്ടല്ലോ എന്നോർത്ത്..

?????

“ഏട്ടാ.. ഭാമേച്ചി മരിച്ചു.. ആത്മഹത്യ ആണെന്നും അല്ലെന്നും ഓക്കെ പറയുന്നുണ്ട്..ഡിപ്രെഷൻ ആയിരുന്നു എന്നാ കേൾക്കുന്നത്..”

വീണ്ടും കാതുകളിൽ മുഴങ്ങി കൊണ്ടേയിരുന്നു…

“മാളു…അവൾ അല്ലേ ആ നിൽക്കുന്നത്..”

?????

പിറ്റേന്ന് പത്രത്തിൽ

“യുവ പ്രവാസി ബിസിനസ്മാൻ അഭിജിത്ത് രാഘവൻ ദുബായിൽ വാഹന അപകടത്തിൽ മരണമടഞ്ഞു..”

“പ്രിയപ്പെട്ടവളുടെ അടുത്തേക്ക് അവനും പോയി..”

അവസാനിച്ചു