കാർത്തിക ~ ഭാഗം 02 , എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

കാറിന്റെ കീയും കറക്കി ആളൊരു മൂളിപാട്ടും പാടി വരുന്നുണ്ടായിരുന്നു… ഉമ്മറത്തു നിൽക്കുന്ന അവളെ കണ്ടതും കണ്ടില്ലെന്ന പോലെ അകത്തേക്ക് കയറി പോയി…

“””ഓഹ്… ഇതിപ്പോ വണ്ടിയുണ്ടെന്ന് നാട്ടുകാരെ കാണിക്കുവാനാണോ രാവിലെ തന്നെ ഇറങ്ങി പോയത്… ഹ്മ്മ്… ജാട തെണ്ടി “” മുകളിലേക്ക് കയറി പോകുന്ന അവനെ നോക്കി ഉള്ളിൽ മന്ത്രിച്ചു കൊണ്ട് കാർത്തു തിരികെ അടുക്കളയിലേക്ക് നീങ്ങി.

മൂളി പാട്ടും പാടി സിദ്ധു മുറിയിൽ എത്തിയപ്പോഴേക്കും പാടിയ പാട്ടൊക്കെ എങ്ങോട്ടോ പോയിരുന്നു…. പോവുമ്പോൾ ഉണ്ടായത് പോലെ തന്നെ വാരി വലിച്ചിട്ട ബെഡ് ഷീറ്റും, നിലത്തു വീണു കിടക്കുന്ന ഫയലുകളും, കടലാസുകളും, തുറന്നു വച്ചിരിക്കുന്ന മേശ വലിപ്പും എല്ലാം അവിടെ തന്നെ കിടപ്പുണ്ട് .. അതൊക്കെ കണ്ടതും ദേഷ്യത്താൽ അവൻ അലറി.

“””കീർത്തി…… “””””

സിദ്ധുന്റെ വിളി കേട്ടപ്പോൾ തന്നെ കാർത്തുന് കാര്യം എന്താണെന്ന് പിടി കിട്ടിയിരുന്നു… അത് കൊണ്ട് തന്നെ ഓടി ചെല്ലാനൊന്നും നിക്കാതെമെല്ലെ, ധൃതി കൂട്ടാതെ, മന്ദമായി തന്നെ മുകളിലേക്ക് കയറി പോയി. വാതിൽ തുറന്നു ഒളിക്കണ്ണാലൊന്നു നോക്കി … രോക്ഷാകുലനായി സിദ്ധു അവളെയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു….

“‘”ഇതൊക്കെ ആരു വന്നു വൃത്തിയാക്കും എന്ന് വച്ചിട്ട…. മര്യാദയ്ക്ക് എടുത്ത് വെക്ക്.. അലങ്കോലമായി കിടക്കുന്ന കാണുമ്പോ തന്നെ ഭ്രാന്ത് തനിയെ വരുന്നുണ്ട്…… “””

മുറിയിൽ കയറാനുള്ള താമസം പോലും കാത്ത് നിൽക്കാതെ അവൻ കലപില തുടങ്ങിയിരുന്നു. കാർത്തുവും ചുറ്റുമൊന്നു കണ്ണോടിച്ചു…

“”അയ്യോ….ശ്ശോ… ഇങ്ങനെ വാരി വലിച്ചിട്ടായിരുന്നോ… ഞാൻ കണ്ടതേയില്ല “”

കളിയാക്കൽ പതിഞ്ഞ സ്വരമാണ് അതെന്നു അവനു മനസിലായെങ്കിലും കണ്ണുകൾ മുറുകെ അടച്ചു ദേഷ്യം കളഞ്ഞു കൊണ്ട് അവളെ നോക്കി…

“”ഇഡിയറ്റ്… ഇത് മുഴുവൻ ക്ലീൻ ആക്കി ഇട്ടേക്കണം… “‘

“‘ ആഹാ… അതേയ്… വലിച്ചു വാരി ഇടുമ്പോൾ ഓർക്കണമായിരുന്നു.. തന്നെ താനേ ചെയ്തു വച്ചതല്ലേ.. വേണേൽ എടുത്ത് വെക്ക്…. ഒരു വാച്ച് കാണാഞ്ഞിട്ട് ആക്കി വച്ച കോലാഹലങ്ങളല്ലേ ഇത്… “”

കയ്യും കെട്ടി നിന്നു അവനെ ഗൗനിക്കാതെയുള്ള വർത്താനമായിരുന്നു അത്..അവൻ പല്ല് ഞെരുമ്മി..

”അധികം ഞെരക്കം വേണ്ട… അതങ്ങ് പൊട്ടി പോവും… “”

സിദ്ധു കേൾക്കാതിരിക്കാൻ പാകത്തിന് പറഞ്ഞതാണെങ്കിലും അവൻ കേട്ടിരുന്നു. ഉടനെ തന്നെ അവളുടെ കഴുത്തു പിടിച്ചു ചുമരോട് അടുപ്പിച്ചു… അവളും പൊരുതി നിക്കുന്നൊരു പെണ്ണ് തന്നെയായിരുന്നു… സിദ്ധാർഥന്റെ കൈ തൊണ്ടയിൽ നിന്നും വിടുവിച്ചു കൊണ്ട് ഒന്ന് ചുമച്ചങ്കിലും .. ചുവപ്പാർന്ന കണ്ണുകളാൽ അവനെ തന്നെ നോക്കി ദഹിപ്പിക്കുന്നുണ്ടായിരുന്നു..

“””നിന്റെ ഈ ഉശിരു കൊള്ളാം… മര്യാദക്ക് എല്ലാം എടുത്ത് വച്ചോണം.. നിന്നെ വില കൊടുത്തു വാങ്ങിയത് ഇവിടെ എന്റെ ഭാര്യോദ്യോഘം തന്നു വാഴിക്കാനല്ല… ഇപ്പൊ നിന്നോട് അയവു കാണിക്കുന്നുണ്ടെന്ന് കരുതി അത് മുതലെടുക്കുവാനും നിക്കണ്ട… മനസിലായൊടി… “””

“”നിങ്ങളും കരുതണ്ട… എല്ലാം സഹിച്ചു വാഴുന്നവാളാണ് ഈ കാർത്തു എന്ന്… എന്റെ കൈക്കും ബലമുണ്ട് …. നിങ്ങൾ പറയുംപോലെ തുള്ളാൻ ഞാൻ വേലക്കാരിയൊന്നുമല്ല….ഓർത്താൽ നന്ന് .. എന്നെ എടുത്ത് തലേൽ വെക്കാൻ ഞാൻ പറഞ്ഞിട്ടൊന്നുമില്ലല്ലോ… സ്വയം ചെയ്തു വച്ചതല്ലേ…. അനുഭവിക്ക്… പിന്നെ… സിദ്ധാർഥ് ശ്രീധരൻ നായർ അധികമങ്ങു എന്നെ കേറി ഭരിക്കാൻ നിക്കണ്ട… നിങ്ങളെക്കാൾ വിലയുണ്ട് ഇപ്പോ ഈ വീട്ടിൽ എനിക്ക്…അതും ഇടയ്ക്കൊന്നോർക്കണം “”

“””ഡിഡി… ഡി…. “”

“”ഹ്ഹ… അടങ്ങു… “”

കാർത്തുവിനു നേരെ ചൂണ്ടിയ അവന്റെ വിരൽ അവളുടെ കൈകളാൽ തന്നെ താഴ്ത്തി… ഒരു ദഹിപ്പിക്കുന്ന നോട്ടവും നൽകിക്കൊണ്ട് നടന്നു പോയി….

“”ശ്ശേ… “”

അവളുടെ മുന്നിൽ ചെറുതായി പോയതിന്റെ അമർഷത്താൽ കട്ടിലിൽ ഇരിക്കുമ്പോൾ നൂറായിരം ഓർമ്മകൾ മിന്നി മായുന്നുണ്ടായിരുന്നു… പിന്നെ എന്ത് ചെയ്യാനാ.. ദേഷ്യം കെട്ടടങ്ങിയപാടെ അവൻ തന്നെ എല്ലാം എടുത്ത് അടുക്കി പെറുക്കി വച്ചു കുളിക്കാൻ കയറി…

കുളിച്ചു വന്നു അടുക്കളയിലെ ഫ്രിഡ്ജ് തുറന്നു ജ്യൂസ് എടുത്ത് കുടിച്ചു…കാർത്തുവും അവിടെ ഉണ്ടായിരുന്നു.

“””കുഞ്ഞിനു കഴിക്കാൻ എടുക്കട്ടെ.. “”

ചിത്ര ചേച്ചി ആയിരുന്നു ചോദിച്ചത്..

“”ആഹ്… എടുത്തോ “”

അടുക്കളയിൽ നിന്നതും പറഞ്ഞു ഇറങ്ങി പോകുമ്പോൾ ഇടയ്ക്കായി അവനൊന്നും തിരിഞ്ഞു നോക്കി…

“”പിന്നെ .. ചിത്രേച്ചി കൊണ്ട് തന്നാൽ മതി… ഇവൾ വേണ്ട.. “”

കറിക്കരിയുന്ന കാർത്തുവിനെ നോക്കി പറഞ്ഞപ്പോൾ അവന്റെ മറ്റൊരു മുഖം അവളുടെ മനസ്സിൽ തെളിഞ്ഞിരുന്നു….

ജ്യൂസും എടുത്തോണ്ട് പോകുന്ന സിദ്ധുവിനെ ഇമ ചിമ്മാതെ ഒന്ന് നോക്കി നിന്നെങ്കിലും ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് ഓരോരോ കാര്യങ്ങളിൽ അവളും മുഴുകി..

കല്യാണം കഴിഞ്ഞിട്ട് ഇത്ര നാളായിട്ടും അവളുടെ വീട്ടിലേക്കു പോകാൻ സിദ്ധു കൂട്ടാക്കിയിരുന്നില്ല…ആദ്യമായി പോകുമ്പോൾ അവൻ കൂടെ ഇല്ലാതെ എങ്ങനെ പോകുമെന്നോർത്ത് അവളും മടിച്ചു നിന്നു…നേരം സന്ധ്യ മയങ്ങി മുകളിലെ നിലയിലെ ബാൽക്കണിയിൽ ഇളം കാറ്റേറ്റ് ഇരിക്കുമ്പോഴും ആ വിഷമത അവളെ അലട്ടുന്നുണ്ടായിരുന്നു… ആ കുഞ്ഞു വീടും പരിസരവും മനസ്സിലേക്ക് കടന്നു വരുന്തോറും ഉള്ളിൽ എന്തോ ഒന്ന് നഷ്ടപ്പെട്ടപോലൊരു വികാരമായിരുന്നു….ഫോൺ മുഴക്കം കേട്ടാണ് ചിന്തകളിൽ നിന്നുമുണർന്നത്…. അതിൽ തെളിഞ്ഞ മുഖം കണ്ടതും താനേ കർത്തുവിന് പുഞ്ചിരി വിടർന്നു…

“”മാളൂട്ടി… “”

“”എന്റെ പൊന്നോ… നിനക്ക് ഞങ്ങളെയൊക്കെ ഓർമ്മ ഉണ്ടോടി കറുത്തമ്മേ… “”

“”പിന്നില്ലാതെ…. എനിക്കങ്ങട് വരാൻ തോന്നുവാ… “”

“അത് പറയുവാനാ മോളെ ചേച്ചി പെണ്ണേ നിന്നെ വിളിച്ചത്… നാളെ ഇങ്ങോട്ടേക്കു ബാ… നിന്റെ സിദ്ധുവേട്ടനെയും കൂട്ടീട്ട് “”

കേട്ടപ്പോൾ നിറഞ്ഞു തൂവിയിരുന്ന സന്തോഷം മാഞ്ഞങ്കിലും പ്രകടിപ്പിച്ചില്ല..

“‘നിന്റെ കറുത്തമ്മേടെ കൊച്ചു മുതലാളി വിടാതെ എങ്ങനെ വരുവാന “”

“”കാർത്തുവാണോ… നോക്കട്ടെ ഞാൻ കൂടി പറയട്ടെ…. “

അമ്മായി ഫോൺ പിടിച്ചു വാങ്ങുന്ന ഒച്ചയും ബഹളവും കേട്ട് കാർത്തു മെല്ലെ ഒന്ന് ചിരിച്ചു .

“‘ ശ്ശോ ഈ അമ്മ… ദേ കാർത്തു ഞാൻ അമ്മക്ക് കൊടുക്കാവെ.. “

“””കാർത്തികയ്ക്ക് അച്ഛനും അമ്മയും നഷ്ടപെട്ടതിൽ പിന്നെ അവളെ നോക്കി വളർത്തിയത് അമ്മായി ആയ്രുന്നു…ആ അമ്മായിടെ മകളാണ് മാളു…

“ഹലോ…. ഹാ മോളെ… ഇങ്ങു വന്നൂടെ… നിന്നെ കാണാഞ്ഞിട്ട് പൈക്കൾക്കൊന്നും ഒരു ഉശാറില്ല… രണ്ടീസം വന്നിട്ട് പോ മോളെ…. ഞങ്ങൾക്ക് കാണാൻ കൊതി ആയിട്ടല്ല… അത്രേം വലിയ വീട്ടിലേക്കൊക്കെ വരാൻ ഞങ്ങൾക്കൊരു മടി..അതാണ്.. സിദ്ധാർഥ്നു ഫോൺ കൊടുക്ക്.. ഞാൻ പറയാം….. “”

എല്ലാം കേൾക്കുമ്പോൾ കാർത്തുവിന്റെ മുഖം വാടുന്നുണ്ടായിരുന്നു….അവൾ ഫോൺ കൊണ്ടോയി സിദ്ധാർഥ്നു കൊടുത്തു… ഒച്ച വെക്കല്ലേയെന്ന് ആംഗ്യവും കാണിച്ചു….

“”ഹലോ മോനെ… അവളെ രണ്ടീസം ഒന്നിവിടെ നിക്കാൻ വിട്ടൂടെ കാണാൻ തോന്നീട്ടാ… “

സിദ്ധാർഥ് ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല….

“”ഹലോ.. കേൾക്കുന്നില്ലേ… “”

ദേഷ്യപ്പെടല്ലേയെന്ന് കാർത്തു കെഞ്ചി… അവളെ ഒന്ന് നോക്കിയ ശേഷം സിദ്ധാർഥ് കാൾ കട്ട്‌ ചെയ്തു.

പുച്ഛം നിറഞ്ഞ ചിരി അപ്പോൾ അവന്റെ മുഖത്തു കലർന്നിരുന്നു…

“”ശ്ശേ.. ഇയാൾ ഒന്നും പറയാതെ കാൾ കട്ട്‌ ചെയ്തപ്പോ എന്ത് വിചാരിച്ചു കാണും. അമ്മായി ആദ്യായിട്ടൊന്ന് സംസാരിച്ചതല്ലേ “”

“”എന്ത് വേണേലും വിചാരിച്ചോട്ടെ.. രാവിലെ നിന്റെ ഇളക്കം ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ… ഈ സിദ്ധാർത്ഥിനെ കൊണ്ട് ഇവിടം മുഴുവൻ വൃത്തിയാക്കിപ്പിച്ചതല്ലേ.. ചെറിയൊരു പണി തിരിച്ചും ഞാൻ തരണ്ടേ… പോടീ.. പോയി നിന്റെ പണി നോക്ക്…”

ശര വേഗത്തിലുള്ള മറുപടി കേട്ടതും അവനെ നോക്കികൊണ്ട് ഇറങ്ങി പോയി.. ഒരഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും പോയതിനേക്കാൾ വേഗത്തിൽ അവൾ തിരിച്ചെത്തി.

സിദ്ധുവേട്ടാ…… ദേ അച്ഛൻ വിളിക്കുന്നു…. “”

ബെഡിൽ ഇരുന്നു കൊണ്ട് ലാപ്ടോപ്പിൽ കുത്തുകയായിരുന്ന അവൻ അവളുടെ വിളിയിൽ ഒന്ന് തിരിഞ്ഞു നോക്കി..

“”സിദ്ധുവേട്ടൻ നിന്റെ തന്ത… “”

അവൻ പിറുപിറുത്തു പറയുമ്പോൾ അച്ഛാ ഞാൻ കൊടുക്കാവെ എന്നു പറഞ്ഞുകൊണ്ടവൾ ഫോൺ നീട്ടി….

“”ഹേയ് ഡാഡ്… എന്തേലും ആവശ്യമുണ്ടേൽ എന്റെ ഫോണിൽ വിളിച്ചാൽ പോരെ…. “”

അവളെ ഒന്ന് നോക്കി കൊണ്ട് ലാപ്ടോപ്പും എടുത്തു മാറ്റി ബാൽക്കണിയിലേക്ക് നടന്നു… അച്ഛൻ ഓരോ കാര്യങ്ങൾ പറയുമ്പോഴും അതിന്റെ അനിഷ്ടക്കെടെന്നോണം സിദ്ധു ഇടയ്ക്കിടെ കാർത്തുവിനെ നോക്കുന്നുണ്ടായിരുന്നു.. ഒടുക്കം ഫോൺ തിരിച്ചേൽപ്പിക്കുമ്പോൾ മുഖത്തു കടന്നൽ കുത്തിയ പോലെ വീർപ്പിച്ചൊരു നോട്ടവും നൽകി..

“”അച്ഛനെ വിളിച്ചു സോപ്പ് ഇട്ടു കാണും അല്ലേ…..പോകുവാണേൽ ഒറ്റക്കങ് പോയാൽ പോരെ.. വെറുതെ മനുഷ്യനെ മെനക്കെടുത്താനായിട്ട് “”

“”അഹ്‌ണെന്ന് കൂട്ടിക്കോ…ഈ ഒരു വട്ടം മാത്രം മതി…അപ്പോൾ നാളെ പോകാൻ റെഡി അല്ലേ മിസ്റ്റർ സിദ്ധാർഥ് ശ്രീധരൻ… “” ഒരു വിജയ ഭാവം ആ മുഖത്തു മിന്നിച്ചു കൊണ്ടവൾ സന്തോഷ പൂർവ്വം ഉറങ്ങാൻ കിടന്നു. ?

തുടരും…