എഴുത്ത്: ഭാഗ്യ ലക്ഷ്മി
“നാളെ ലെച്ചൂട്ടിയെ പെണ്ണ് കാണാൻ ഒരു കൂട്ടര് വരുന്നുണ്ട്…ചെക്കൻ ഡോക്ടറാ…… “
അച്ഛൻ അങ്ങനെ പറഞ്ഞു കേട്ടത് മുതൽ തുടങ്ങിയ ഓട്ടവും തിരക്കും ആണ് അമ്മക്ക്. വീട് വൃത്തിയാക്കലും ചായക്ക് പലഹാരം ഉണ്ടാക്കലുമൊക്കെയായ് അമ്മ ആകെ ബിസിയും.
അടുക്കളയിൽ അമ്മ പിടിപ്പത് പണിയെടുക്കുന്നതും കണ്ടാണ് ലെച്ചു കുളി കഴിഞ്ഞു മുറിയിലേക്ക് പോയത്. റൂമിൽ ബെഡിന് മേലെ ഇളം മഞ്ഞ നിറത്തിലുള്ള ഒരു ചുരിദാർ മടക്കി വച്ചിട്ടുണ്ട്, മേലെ അമ്മേടെ ജിമിക്കിയും പാലാക്കാമാലയും. അമ്മ എപ്പോഴും പറയുമായിരുന്നു, മഞ്ഞ നിറം നിനക്ക് നന്നായി ഇണങ്ങുമെന്ന്… ലെച്ചു വെറുതെ പുഞ്ചിരിച്ചു.
ചുരിദാർ അണിഞ്ഞു അമ്മ തന്ന മാലയും കമ്മലും കൈയിൽ രണ്ടു കുപ്പിവളയും ഇട്ട് കണ്ണാടിക്ക് മുന്നിൽ നിന്നു. അമ്മ പറഞ്ഞത് ശരിയാണ്, മഞ്ഞ എനിക്ക് നന്നായി ഇണങ്ങുന്നുണ്ട്, ലെച്ചു ഓർത്തു. കണ്ണുമെഴുതി ഒരു ചെറിയ പൊട്ടും വച്ച് കണ്ണാടിക്ക് മുന്നിൽ അങ്ങനെ നിൽക്കുമ്പോഴാണ് അമ്മ ശർദ്ധിക്കുന്ന ഒച്ച അവൾ കേട്ടത്. കബോർഡിൽ നിന്ന് ഏതോ ഒരു ഷാളും വലിച്ചെടുത്തു തോളിലിട്ട് അവൾ സ്റ്റെയർ ഓടിയിറങ്ങി അടുക്കളയിലേക്ക് പാഞ്ഞു.
“അമ്മ ശർദിച്ചോ….?”
ഉണ്ണിയപ്പം പാത്രത്തിൽ അടുക്കിവയ്ക്കുന്ന അമ്മയോട് ലെച്ചു ചോദിച്ചു.
“ഏയ് ഇല്ല… നീ ഇതുവരെ ഒരുങ്ങിയില്ലേ പെണ്ണെ….? “
“ഇത്രേം ഒരുങ്ങിയതൊക്കെ മതി, അതൊക്കെ വിട്… ഞാൻ രണ്ടു ദിവസമായി ശ്രദ്ധിക്കുന്നതാ അമ്മക്ക് ഒരു ക്ഷീണം പോലെ… എന്തേലും വയ്യായ്ക ഉണ്ടോ, എങ്കിൽ അച്ഛനോട് പറഞ്ഞു ഹോസ്പിറ്റലിൽ പോകാം നമുക്ക്…. “
“ഈ രണ്ടു ദിവസമായി എനിക്കും ഇവിടെ പിടിപ്പതു തിരക്കായിരുന്നല്ലോ അതിന്റെയാവും, നീ പോയി ഒരുങ്ങാൻ നോക്ക്… “
ലെച്ചുവിന്റെ കവിളിൽ തലോടിക്കൊണ്ട് അമ്മ അങ്ങനെ പറഞ്ഞതും മുറ്റത്തൊരു കാറ് വന്നു നിന്നതും ഒരുമിച്ചായിരുന്നു.
“രുഗ്മിണീ അവര് വന്നൂട്ടോ… “
ഉമ്മറത്തു നിന്ന് അച്ഛൻ അവരുടെ വരവ് വിളിച്ചു പറയുന്നുണ്ടായിരുന്നു. ധൃതിപ്പെട്ട് ചായയൊഴിക്കുന്ന അമ്മയെ നോക്കി ഉണ്ണിയപ്പത്തിൽ നിന്ന് ഒന്നെടുത്തു കടിച്ചു കൊണ്ട് ലെച്ചു അമ്മയോട് ചോദിച്ചു.
“ന്താ പ്പോ എന്നെ കെട്ടിക്കാൻ ഇത്ര ധൃതി, ഞാൻ പഠിക്കുന്നല്ലേ ഉള്ളൂ…?”
“ഞങ്ങൾക്ക് ആണായിട്ടും പെണ്ണായിട്ടും നീയൊന്നല്ലേ ഉള്ളൂ… പിന്നെ ഇപ്പൊ കെട്ടിച്ചു വിടുന്നില്ലല്ലോ… നല്ല പയ്യനാണെന്ന് അച്ഛ പറഞ്ഞപ്പോ കണ്ട്പോന്നോട്ടെന്നല്ലേ പറഞ്ഞുള്ളൂ, ഏതായാലും നിനക്കിഷ്ടപ്പെട്ടാലല്ലേ കാര്യമുള്ളൂ….”
“ഒന്നേ ഉള്ളൂന്ന് ഇനി പറഞ്ഞിട്ട് കാര്യം ണ്ടോ ന്റെ അമ്മേ……”
തമാശക്കാണ് അത് പറഞ്ഞതെങ്കിലും അമ്മയുടെ മുഖം മാറുന്നത് കണ്ടപ്പോൾ അത് വേണ്ടായിരുന്നു എന്നവൾക്ക് തോന്നി.
“നിന്നെ പ്രസവിച്ച ശേഷം അമ്മയൊന്നു വീണിരുന്നു, അതിന് ശേഷം ഇനിയൊരു കുട്ടിയുണ്ടാവാൻ സാധ്യത ഇല്ലാന്ന് ഡോക്ടർ പറഞ്ഞിട്ടുള്ളത് നിന്നോട് അമ്മ പറഞ്ഞിട്ടുള്ളതല്ലേ മോളെ….. “
“യ്യോ ന്റെ അമ്മക്കുട്ടീ ഞാൻ വെറുതെ പറഞ്ഞതല്ലേ….. അതിനിങ്ങനെ സെന്റിമെന്റൽ ആയാലോ…,”
“രുഗ്മിണീ… നീ മോളുമായിട്ട് അങ്ങോട്ടേക്ക് പോര് ട്ടോ…. “
അച്ഛൻ അടുക്കളയിൽ വന്നു പറഞ്ഞിട്ട് ഹാളിലേക്ക് തന്നെ തിരിച്ചു പോയി, പിന്നാലെ അമ്മ പലഹാരമായിട്ടും അമ്മക്ക് പിന്നാലെ ഞാൻ ചായയുമെടുത്തും….
ആദ്യമായുള്ള പെണ്ണുകാണലിന്റെ എല്ലാടെൻഷനും എന്റെ മുഖത്തുണ്ടായിരുന്നു. ഞാൻ കരുതിയ പോലെ തന്നെ അച്ഛൻ പറഞ്ഞു,
“പെണ്ണിനും ചെക്കനും എന്തേലും സംസാരിക്കാനുണ്ടേൽ ആകട്ടെ….”
ഗാർഡൻ ഏരിയയിൽ മാറിനിന്നു സംസാരിക്കുമ്പോൾ ഭാവികാര്യങ്ങളിൽ വിവാഹവും കുടുംബവുമൊഴിവാക്കി പുനർപഠനവും കരിയറും കൊണ്ടുവന്നു അയാൾ, അല്ല അശ്വിൻ.
പെട്ടെന്നാണ് അമ്മ തലചുറ്റി വീണത്, ഞാൻ ക്ഷണനേരം കൊണ്ട് അങ്ങോട്ടേക്കോടി, പിന്നാലെ അശ്വിനും. ഞങ്ങൾ ഹാളിലെത്തിയപ്പോൾ അച്ഛൻ അമ്മയെ താങ്ങി സോഫയിലിരുത്തിയിരുന്നു, അച്ഛന്റെ തോളിൽ ചാഞ്ഞു കിടക്കുകയാണ് അമ്മ, നല്ല ക്ഷീണവും ഉണ്ട് മുഖത്ത്.
ഞാൻ നോക്കി നിൽക്കെ അശ്വിൻ അമ്മയുടെ അടുത്തേക്ക് നീങ്ങി, പൾസും കൈയിലെ വാച്ചിലും മാറി മാറി നോക്കി. അച്ഛന്റെയും എന്റെയും മാനസികാവസ്ഥ ഏതാണ്ട് ഒരുപോലെയായിരുന്നു. ഞാൻ ആകെ കരയുന്ന നിലയിലെത്തിയിരുന്നു.
കൺപോളകൾ വിടർത്തി കണ്ണിലേക്കു നോക്കിയ അശ്വിൻ ഒന്ന് രണ്ടു സെക്കന്റ് നിശബ്ദനായി, ശേഷം എല്ലാരോടുമായ് പറഞ്ഞു.
“അമ്മ പ്രെഗ്നന്റ് ആണ്….”
ഞെട്ടലായിരുന്നു എല്ലാവരുടെയും മുഖത്ത്, അമ്മയും അച്ഛനും എന്താ ചെയ്യേണ്ടേ എന്ന അവസ്ഥയിൽ ഇരിക്കുന്നുണ്ടായിരുന്നു. കൂടി നിന്നവരൊക്കെ മുറുമുറുക്കാൻ തുടങ്ങിയപ്പോൾ അമ്മയുടെ തല കുനിഞ്ഞു, കണ്ണുകൾ നിറഞ്ഞൊഴുകി.
എങ്ങും നിശബ്ദത മാത്രം, ആരും ഒന്നും മിണ്ടിയില്ല.
“എനിക്ക് ലക്ഷ്മിയെ ഇഷ്ടമായി, ലക്ഷ്മിക്കും നിങ്ങൾക്കും സമ്മതമാണെങ്കിൽ നമുക്ക് ഇതങ്ങുറപ്പിച്ചൂടെ…..”
നിശബ്ദതയെ ഭേദിച്ചുകൊണ്ട് അശ്വിൻ ലെച്ചുവിന്റെ അച്ഛനോട് ചോദിച്ചു, അശ്വിന്റെ ഒരു അമ്മാവനൊഴിച്ച് ബാക്കി എല്ലാവരും അശ്വിനെ പിന്താങ്ങി.
ലെച്ചു അമ്മയുടെ അടുത്തു പോയിരുന്നു, അമ്മയുടെ കണ്ണുനീര് തുടച്ചു കെട്ടിപിടിച്ചു അവൾ. അവളെ നോക്കി പിന്നെയും കണ്ണു നിറച്ച അമ്മയെ നോക്കി അവൾ പറഞ്ഞു.
“എത്ര നാളു പറഞ്ഞു ഞാൻ എനിക്കൊരു കൂട്ടുവേണം ന്ന്, അന്നൊന്നും നിങ്ങളത് തന്നില്ല. ഇപ്പൊ എനിക്കൊരു കുഞ്ഞാവ വരുമ്പോ ഇങ്ങനെ കരയാ ചെയ്യാ…. അച്ഛാ അമ്മയോട് കരയല്ലേ ന്ന് പറ….
എനിക്കും ഈ ചേട്ടായെ ഇഷ്ടപ്പെട്ടു അച്ഛാ…. അച്ഛനും എന്തിനാ കരഞ്ഞിരിക്കണേ….”
“മോള് പറഞ്ഞതാ ശരി, കുഞ്ഞുങ്ങളെയൊക്കെ ദൈവം തരുന്നതാ. അതിന് നാണക്കേട് ഒന്നും കരുതണ്ട, കുട്ട്യോൾക്കും കാണില്ലേ അവർക്ക് താഴെ ഒരാള് വേണം ന്നൊരു ആഗ്രഹം…..”
അശ്വിന്റെ അച്ഛനും ലെച്ചുവിനെ പിന്താങ്ങിയതോടെ രംഗം ശാന്തമായി, ലെച്ചുവിനെ അശ്വിന്റെ കൈയിലേൽപ്പിക്കാം എന്ന തീരുമാനവും.
നാളുകൾക്കിപ്പുറം ലെച്ചുവിന്റെ കഴുത്തിൽ അശ്വിൻ താലിചാർത്തുന്ന നിമിഷം അമ്മയുടെ കൈയിലിരുന്ന് കൈകാലിട്ടിളക്കി ചിരിക്കുന്നുണ്ടായിരുന്നു കുഞ്ഞു മീനൂട്ടി…. ❤️?❤️