Story written by NIVYA VARGHESE
” മോനേ എബി.…,….നീയെങ്കിലും അവളോട് ഒന്ന് പറയടാ അനൂപിൻ്റെ മിന്നുകെട്ടിന് പോവണ്ടാന്ന് “
” ഞാനത് എങ്ങനെയാ അമ്മച്ചി അവളോട് പറയാ….അനൂപിൻ്റെ മിന്നുകെട്ട് ഈ ലോകത്ത് എവിടെ വെച്ചായാലും ഞാൻ ചത്തില്ലെങ്കിൽ അവളെ കൊണ്ടു പോവാന്ന് ഞാൻ വാക്കു കൊടുത്തതാ അവൾക്ക്…എന്നിട്ട് ഇപ്പോ…….!…… “
എബി ബാക്കി പറയുമ്പോഴേക്കും പച്ച കളർ കാഞ്ചീപുരം സാരിയുടുത്ത് മാലയൊക്കെ ശരിയാക്കി കൊണ്ട് നിമ റൂമിൽ നിന്നും ഇറങ്ങി വന്നു.
” എബിച്ചൻ ഇതു വരെ റെഡി ആയില്ലേ….?….ഇട ദിവസായോണ്ട് പത്തരയ്ക്ക ആവും കെട്ട്. നേരം വൈകിയാ ശരിയാവില്ല. “
” പത്തു മിനിറ്റ് നിമേ ഞാനിപ്പോ വരാം. “
” എന്താ നിമേ നിൻ്റെ ഉദ്ദേശം….?…, “
” എനിക്ക് എന്ത് ഉദ്ദേശം അമ്മച്ചി….,…ഞാനും എബിച്ചനും കൂടി അനൂപിൻ്റെ കെട്ടിനു പോവുന്നു. ഗിഫ്റ്റ് കൊടുക്കുന്നു തിരിച്ചു പോരുന്നു. അത്ര തന്നെ.”
” അങ്ങനെയാണെങ്കിൽ കുഴപ്പല്ല. അത് നല്ല ഇനി അവിടെ ചെന്ന് കെട്ട് മുടക്കാൻ നിനക്ക് വല്ല ഉദ്ദേശവുണ്ടോ നിമേ…… “
” അമ്മച്ചി ഇത് എന്ത് വർത്താനാ പറയുന്നേ അവൻ്റെ കെട്ട് മുടക്കീട്ട് എനിക്കെന്ത് കിട്ടാനാ…..പഴയതൊന്നും എൻ്റെ മനസിലേ ഇല്ല അമ്മച്ചി…”
” ഉണ്ടാവരുത്. അതാ എൻ്റെ മോൾക്ക് നല്ലത്. “
” പോവാം നിമേ…. “
” അപ്പോ ശരി അമ്മച്ചി ഞങ്ങള് പോയിട്ടു വരാം. “
” സൂക്ഷിച്ച് പോണം ട്ടാ പിന്നെ നിമേ ഞാൻ പറഞ്ഞത് അറിയാല്ലോ “
” ആ അമ്മച്ചി. ഞാനൊരു കുഴപ്പം ഉണ്ടാക്കില്ല. “
നിമയുടെ ആ വാക്കുകൾ വിശ്വസിച്ചു കൊണ്ട് അമ്മച്ചി അവരെ യാത്രയാക്കി.
” സത്യം പറ നിമേ നീ കെട്ടു കൂടാൻ പോവുന്നതാണോ…?…. “
” പിന്നല്ലാതെ….എബിച്ചന് എന്നെ അറിഞ്ഞൂടേ….. “
” നിന്നെ നന്നായി അറിയാവുന്നതു കൊണ്ടാ ഞാൻ ഒന്നു കൂടേ ചോദിച്ചേ…. “
” ഉവ്വ്….. “
എന്നു പറഞ്ഞു കൊണ്ട് നിമ സീറ്റിലേക്ക് തല ചായ്ച്ചു.
*** *** *** *** *** *** ***
” ലൈഫില് നമ്മള് കുറച്ചു കൂടി പ്രാക്ടീക്കലാവണം നിമേ….അല്ലാതെ ഇങ്ങനെ വാശി പിടിക്കരുത്. “
” അനൂപേ നീ ഇത് എന്ത് വർത്താനാ പറയുന്നേ…?… “
” പിന്നല്ലാതെ…രണ്ട് രണ്ടര വർഷായില്ലേ നമ്മുടെ റിലേഷൻ തുടങ്ങീട്ട് എനിക്ക് നിന്നെ മടുത്തു തുടങ്ങി.മടുപ്പ് വെറുപ്പാവും മുന്നേ നിർത്തണം. ഇല്ലെങ്കിൽ പിന്നെ നിന്നെ കാണുമ്പോ ചിരിക്കാൻ പോലും ബുദ്ധിമുട്ടാവും. “
” അപ്പോ നീ എന്നെ കെട്ടാന്ന് പറഞ്ഞതോ അനൂപ്…?… “
” ഞാനെപ്പോഴാ നിന്നെ വിവാഹം കഴിക്കാന്ന് പറഞ്ഞത്. ഈ രണ്ടു വർഷത്തിനിടയ്ക്ക നീ ഇത് ചോദിക്കുമ്പോഴൊക്കെ ഞാൻ തല അനക്കാറല്ലേ ഉള്ളൂ. അതിൻ്റെ അർത്ഥം ഒരു ടീച്ചറായ നിനക്ക് അറിഞ്ഞൂടേ….?….അതോ അതും ഞാൻ പറഞ്ഞു തരണോ “
” അപ്പോ നീയെന്നെ ചതിക്കാർന്നല്ലേ…. “
” നോ നിമ. ഐം ജസ്റ്റ് പ്രാക്ടീക്കൽ ഇൻ ലൈഫ്. ഈ വാശിയൊക്കെ കളഞ്ഞ് സമാധാനായി ആലോചിച്ചാ നിനക്കത് മനസിലാവും.
പിന്നെ എന്നെ കല്യാണം വിളിക്കാൻ മറക്കണ്ട. എത്ര തിരക്കായാലും ഞാൻ വരും .
അപ്പോ ശരി നിമേ…സീ യു സൂൺ. “
” നിമേ……..
നിമേ…….. പള്ളി എത്തി. വാ ഇറങ്ങ്. “
” നമ്മള് നേരം വൈകീന്ന് തോന്നുന്നു നിമേ… ആരെയും കാണാനില്ല. “
കാറിൽ നിന്നിറങ്ങി ചുറ്റും നോക്കി കൊണ്ടാണ് എബി അത് പറഞ്ഞത്.
” ഇല്ല എബിച്ചാ കറക്റ്റ് ടൈമാ…. “
എന്നു പറഞ്ഞു കൊണ്ട് നിമയും എബിയും കൂടി മുന്നോട്ട് നടന്നു. പള്ളി മുറ്റത്തെ നിര നിരയായി കിടക്കുന്ന കാറുകളുടെ എണ്ണം കണ്ടാ തന്നെ അറിയാം ഇടവകയിലെ ഏറ്റവും വലിയ മിന്നുകെട്ടുകളിൽ ഒന്നാണ് അകത്തു നടക്കുന്നതെന്ന്. അതൊന്നും പക്ഷേ നിമയെ ബാധിക്കുന്നതായിരുന്നില്ല.
വിവാഹ സമ്മതം ചോദിക്കുന്നതിനുള്ള പ്രാർത്ഥനകൾ മുഴങ്ങി കേട്ടു. അനൂപിനോട് സമ്മതം ചോദിക്കുന്ന അച്ചൻ്റെ ശബ്ദം മൈക്കിൽ കൂടി കേട്ടതും അനൂപ് സമ്മതം പറയും മുന്നെയുള്ള ഒരു നിമിഷദൈർഘ്യമുള്ള നിശബ്ദതയിൽ മറ്റൊരു ശബ്ദം അവിടെ കേട്ടു .
“സമ്മതമല്ല. “
സെൻ്റ.മേരീസ് പള്ളിയിൽ കൂടിയിരുന്ന എല്ലാവരും ആ ഉറച്ച പെൺ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കി. പള്ളിയുടെ ആന വാതിലിനടുത്തായി ഇരുപത്തഞ്ച് വയസ്സ് തോന്നിക്കുന്ന സുന്ദരിയായൊരു പെൺകുട്ടി.
ചെറുക്കൻ്റെയും അവൻ്റെ വീട്ടുകാരുടേയും മുഖത്ത് പേടിയും ഏതാനും ചില നാട്ടുകാരുടെ മുഖത്തെ അമ്പരപ്പും ഒഴിച്ചാൽ ബാക്കി ഉള്ളവരെല്ലാം ഇതെന്താ സംഗതി എന്നുള്ള ഭാവത്തിൽ നിൽക്കുകയായിരുന്നു.
ആരെയും ശ്രദ്ധിക്കാതെ നിമ നടന്നു വന്ന് വിവാഹം നടത്തുന്ന അച്ചന് അഭിമുഖമായി നിന്നു.
“എന്താ…. സമ്മതമല്ലെന്നോ? തനിക്കെന്താ ഈ കല്യാണക്കാര്യത്തിൽ സമ്മതക്കുറവ്..?..’‘
“അതോ….…. “
എന്നു ചോദിച്ചു കൊണ്ട് നിമ സംസാരിച്ച് തുടങ്ങി.
“ എൻ്റെ പേര് നിമ. പുതുതായി വന്ന അച്ചനായതു കൊണ്ട് അച്ചന് എന്നെ അറിയാൻ വഴിയില്ല.‘’
അപ്പോഴാണ് പലരും നിമയെ ശ്രദ്ധിക്കുന്നത്.
കഴുത്തിൽ താലിമാലയുണ്ട്. കൈയിൽ വിവാഹ മോതിരവും.
പിന്നെന്തിന് ഇവളിവിടെ വന്നു എന്നുള്ള ചോദ്യം എല്ലാവരുടെ മനസ്സിലും ഉണ്ടായിരുന്നു.
“ഈ വിവാഹം ഒരിക്കലും നടക്കരുത്. ഇനിയൊരു പെൺകുട്ടിയും ഇവൻ്റെ ചതിയിൽ വീഴരുത്.
കല്യാണ ചെറുക്കനായ അനൂപിന് മറ്റെന്തെങ്കിലും പറയാൻ കഴിയുന്നതിനു മുൻപായി നിമ പള്ളിയിലെ അച്ഛനോട് പറഞ്ഞിരുന്നു.
”എനിക്ക് ഒരു കാര്യം പറയാനുണ്ട്.
കല്യാണം കഴിഞ്ഞ ഞാൻ എന്തിനാണ് ഇവിടെ വന്ന് ഈ ചെറുക്കൻ്റെ വിവാഹം മുടക്കുന്നതെന്ന് ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാവാം. കഴിഞ്ഞ ഒരാഴ്ച്ചയായി ഞാൻ അനൂപ് വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയോടും പെൺകുട്ടിയുടെ വീട്ടുകാരോടും സംസാരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. പക്ഷേ ആ പെൺകുട്ടി ആരാണെന്ന് എവിടെ ഉള്ളവരാണെന്ന് എനിക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് ഈ ഒരു ദിവസം വരെ വെയിറ്റ് ചെയ്തത് പക്ഷേ അത് നന്നായി എന്നാണ് എനിക്ക് തോന്നുന്നത് കാരണം…,
ഇങ്ങനെ ഒരു വേദിയിലല്ലാതെയാണ് ഞാനി പെൺകുട്ടിയെ കാണുന്നതെങ്കിൽ ഇനി ഞാൻ പറയാൻ പോകുന്ന കാര്യങ്ങളൊന്നും ഈ പെൺകുട്ടി വിശ്വസിക്കില്ല..,ആത്മാർത്ഥമായി സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന പുരുഷനെ പറ്റി ആരെന്തു പറഞ്ഞാലും ഈ ലോകത്ത് ഒരു പെണ്ണും വിശ്വസിക്കില്ല.
മാത്രമല്ല.…, ഞാൻ പറയുന്ന കാര്യങ്ങളെല്ലാം അറിഞ്ഞാലും..,..നിമയെന്ന് പറയുന്ന ഒരു പെണ്ണ് വന്ന് എന്തൊക്കെയോ പറഞ്ഞ് നമ്മളെ അകറ്റാൻ നോക്കിയതാണെന്നന്ന് പറഞ്ഞ് അനൂപ് തന്നെ ഈ കുട്ടിയെ കൺവീൻസ് ചെയ്യും.
ഇങ്ങനെയൊരു വേദിയിൽ പറയുമ്പോൾ വാക്കുകൾക്ക് കുറച്ചു കൂടി മൂല്യം വരുംന്ന് എനിക്കു തോന്നി. അതു കൊണ്ടാ ഞാനിപ്പോ ഇതൊക്കെ വന്നു പറയുന്നത്. ഞാനിനി പറയാൻ പോകുന്ന കാര്യങ്ങൾ ഇവിടെ കൂടിയിട്ടള്ള ഒരു വിധം എല്ലാവർക്കും അറിയാവുന്നതാണ്.
എൻ്റെ പേര് നിമ ജേക്കബ്. ടൗണിലുള്ള ഒരു പ്രൈവറ്റ് സ്കൂളില് ടീച്ചറാണ്. മൂന്നു വർഷങ്ങൾക്കു മുൻപ് ഞാനും ഈ നിൽക്കുന്ന അനൂപും തമ്മിൽ ഇഷ്ടത്തിലായിരുന്നു.
ഒരാണും പെണ്ണും ഇഷ്ടത്തിലാവുന്നതും പിന്നീട് കുറച്ചു നാള് കഴിഞ്ഞ് ആ ഇഷ്ടവും ബന്ധവുമൊക്കെ വേണ്ടാന്ന് വെക്കുന്നതും നമ്മുടെ നാട്ടിലെന്നല്ല ലോകത്തിൽ തന്നെ പുതുമയൊന്നും ഇല്ലാത്ത കാര്യല്ല.പക്ഷേ ഒരു പ്രണയം കാരണം ഇന്നും ഈ നാട്ടിൽ തലയുയർത്തി നടക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഞാനും എൻ്റെ കുടുംബവും.
അനൂപും ഞാനും തമ്മിൽ ഇഷ്ടത്തിലായിരുന്നു. ഒന്നര വർഷത്തോളം നീണ്ടു നിന്ന ആ ബന്ധത്തിൽ അവനോടുള്ള എൻ്റെ വിശ്വാസം വളരെ വലുതായിരുന്നു.
എന്നും രാവിലെ എന്നെ സ്കൂളിൽ കൊണ്ടാക്കിയിരുന്നതും തിരിച്ചു കൊണ്ടു വന്നിരുന്നതുമെല്ലാം അനൂപായിരുന്നു. പലരും ഈ ബന്ധം നല്ലതല്ല ഇവനാള് ശരിയല്ലന്ന് ഒക്കെ ഒളിഞ്ഞും മറിഞ്ഞുമെല്ലാം പറഞ്ഞെങ്കിലും അന്ന് അതൊന്നും വിശ്വസിക്കാൻ ഞാൻ കൂട്ടാക്കിയില്ല.
എന്നായാലും അവൻ്റെ കൈ കൊണ്ടൊരു മിന്നും മന്ത്രകോടിയും എനിക്കു തരുമെന്ന അവൻ്റെ വാക്കു വിശ്വസിച്ചാണ് ഞാനവനു കിടന്നു കൊടുത്തത്. അതെല്ലാം ഇതിനു മുൻപും പലരോടും അവൻ പറഞ്ഞ പൊള്ളയായ വാക്കുകളാണെന്ന് തിരിച്ചറിയാൻ ഞാൻ വൈകി പോയി.
ആ തിരിച്ചറിവു വന്ന് അനൂപിനോട് അതെല്ലാം ചോദിക്കാനായി വന്ന എന്നോട് ഒരു ഗുഡ് ബായ് മാത്രം പറഞ്ഞ് അവൻ തിരിഞ്ഞു നടന്നു.
ഇതേ സമയം നാട്ടിലും വീട്ടിലുമെല്ലാം പുതിയ പല പേരുകളും ഇവനെനിക്കു ചാർത്തി തന്നിരുന്നു. പക്ഷേ അതൊന്നും ഞാനറിഞ്ഞില്ലാന്ന് മാത്രം. ഒരു പ്രേമത്തിൻ്റെ പേരിൽ ഞാൻ മാത്രം മാനംകെട്ടവളും പി ഴയുമായി. എന്നെ കൂടെ കൊണ്ടു നടന്ന് കാര്യം കഴിഞ്ഞപ്പോ വലിച്ചെറിഞ്ഞ ഇവൻ മാത്രം മാലാഖയായി. ”
“ഇതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ നിമേ പിന്നെ നീയെന്തിനാ ഇവൻ്റെ ജീവിതത്തിൽ വന്നു പ്രശ്നമുണ്ടാക്കുന്നത്.…?…. “
ആ ചോദ്യം ചോദിച്ചത് അനൂപിൻ്റെ പേപ്പനായിരുന്നു.
” ഈ ചോദ്യം ഞാൻ ഇവനോട് ചോദിക്കേണ്ടതാ. എൻ്റെ എല്ലാ കാര്യങ്ങളും ഞാനായിട്ട് പറഞ്ഞ് അറിഞ്ഞിട്ടു തന്നെയാണ് എബിച്ചൻ എന്നെ മിന്നുകെട്ടിയത്.
ഒരുത്തനുമായി എല്ലാം കഴിഞ്ഞ പെണ്ണാണെന്ന് അറിഞ്ഞിട്ടും എന്നെ വിവാഹം കഴിച്ച ആ മനുഷ്യനോട് ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഞാൻ സന്തോഷത്തോടെ ജീവിച്ചു തുടങ്ങിയ അന്നു മുതൽ ഇവനെന്തൊക്കെയാ വിളിച്ചു അയച്ചും പറഞ്ഞതെന്ന് അറിയോ….?
വിവാഹമോചനത്തിൻ്റെ അവിടെ വരെ എൻ്റെ ജീവിതം എത്തിക്കാൻ ഇവൻ ശ്രമിച്ചെങ്കിലും എബിച്ചന് എന്നോടുള്ള വിശ്വാസം സ്നേഹം കാരണം ഇപ്പോഴും ഞാൻ അദ്ദേഹത്തിൻ്റെ ഭാര്യയാണ്.
ഇവനെന്നോട് ചെയ്തത് ഒക്കെ പറയാനോ ചോദിക്കാനോ ഞാൻ നല്ലവളാണെന്ന് പറയാനും വേണ്ടിയല്ല ഞാൻ വന്നത്. “
” പിന്നെ നീയെന്തിനാ നിമേ വന്നത്….?…. “
ഇത്ര നേരം നിശബ്ദനായി നിന്ന അനൂപിൻ്റെ ആയിരുന്നു ആ ചോദ്യം.
”ഞാനെന്തിനാ വന്നെതെന്നോ….?….അത് അല്ലേ നിനക്കറിയേണ്ടേ…ദാ നോക്ക്…..ആ പെൺകുട്ടിയെ കണ്ടോ നീ……അവളെ അറിയോ അനൂപേ നീ… “
അതും പറഞ്ഞ് നിമ പള്ളിയുടെ വാതിലിലേക്ക് വിരൽ ചൂണ്ടി.
എന്നോ ചിരി മാഞ്ഞു പോയ പ്രസാദം വറ്റിയ കണ്ണുകളുള്ള ഒരു പെൺകുട്ടിയെ എബിച്ചനും മറ്റൊരു പെൺകുട്ടിയും ചേർന്നു കൂട്ടി കൊണ്ടു വരുന്നതാണ് എല്ലാവരും കണ്ടത്.
“ഇവിടെ കൂടെയിരിക്കുന്ന നിങ്ങളിൽ പലരും ഇവളെ അറിയും. നമ്മുടെ ഈ പള്ളിയിലെ തന്നെ പഴയ ഗായികയായിരുന്ന ആതിര. നഴ്സിങ്ങ് പഠിക്കാൻ ചെന്നൈയിലേക്ക് പോയ ഇവൾ ആത്മഹത്യയ്ക്ക ശ്രമിച്ചതു നമ്മുടെ നാട്ടിൽ പാട്ടാണ്. പ്രേമനൈരാശ്യം കാരണമാണ് ഇവള് മരിക്കാൻ ശ്രമിച്ചതെന്ന് ഇവിടെ എല്ലാവർക്കും അറിയാം. പക്ഷേ ഇവളെ ആത്മഹത്യയിലേക്ക് നയിച്ച ആ കാമുകൻ ഈ നിൽക്കുന്ന അനൂപാണെന്ന് ഇവിടെ പലർക്കും അറിയില്ല.
എന്നോട് ബായ് പറഞ്ഞ് പോയ ഇവൻ ഞാൻ തേച്ചിട്ടു പോയിന്ന് പറഞ്ഞുള്ള സങ്കടവും വിഷമവും പറഞ്ഞാണ് ഇവളെ പ്രേമിച്ചതെന്നും എന്നെ വേണ്ടാന്ന് വെച്ചതു പോലെ ഇവളെയും വേണ്ടാന്നു വെച്ചതുമെല്ലാം ഇവളുടെ ഈ നിൽക്കുന്ന അനിയത്തി പറഞ്ഞാണ് ഞാനറിഞ്ഞത്.
ഇവൻ കാരണമാണ് എൻ്റെയും ഇവളുടെയും ജീവിതം നശിച്ചത്. എനിക്കുണ്ടായ അത്ര മനക്കരുത്ത് ഇല്ലാത്തതു കൊണ്ടാണ് ഇവളിന്നു ഈ കാണുന്ന നിലയിലായത്. ഓർമ്മയില്ലാതെ തനിക്കു ചുറ്റും നടക്കുന്നത് എന്താണെന്നോ താൻ ആരാണെന്നോ അറിയാതെ ജീവിക്കുന്ന ഇവളുടെ ഈ അവസ്ഥയ്ക്ക കാരണം നീയാണ്.
അനൂപേ…….,നീ ആരെ വേണമെങ്കിലും വിവാഹം കഴിച്ചോ അതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല. പക്ഷേ ………ഇനിയൊരും പെണ്ണിൻ്റെ ജീവിതം കൂടി അറിഞ്ഞു കൊണ്ട് നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല. അതു കൊണ്ടാണ് നിൻ്റെ സമ്മതത്തിൻ്റെ അന്നു തന്നെ ഞാൻ വന്നു ഇതൊക്കെ പറഞ്ഞത്. “
അത്ര മാത്രം പറഞ്ഞ് നിമ എബിച്ചൻ്റെ അടുത്തേക്ക് നടന്നു. പെട്ടെന്നു പിന്നിൽ നിന്നു ആരോ ‘ചേച്ചി’ യെന്ന് വിളിക്കുന്ന ശബ്ദം കേട്ടാണ് നിമ തിരിഞ്ഞു നോക്കിയത്.
അനൂപിൻ്റെ ഭാര്യയാവാൻ എല്ലാവരും കേൾക്കെ സമ്മതം പറഞ്ഞ മരിയയായിരുന്നു നിമയെ വിളിച്ചത്.
നിമയുടെ അടുത്ത് വന്ന് കൈകൾ രണ്ടും കവർന്നു കൊണ്ട് മരിയ പറഞ്ഞു.
” മാതാവായിട്ടാ ചേച്ചി ഇപ്പോ വന്നു ഇതെല്ലാം പറഞ്ഞത്. ചേച്ചി വരാൻ കുറച്ചു താമസിച്ചിരുന്നെങ്കിൽ നിങ്ങളുടെ കണ്ണുനീരിൻ്റെ ശാപം വീണൊരുത്തൻ്റെ ഭാര്യയായി ഈ ജന്മം മുഴുവൻ ഞാൻ ജീവിക്കേണ്ടി വന്നേനേ. നന്ദിയുണ്ട് ഒരുപാട്.വലിയൊരു ആപത്തിൽ നിന്നെനെ രക്ഷിച്ചതിന്.”
നിമയോടു അത്രയും പറഞ്ഞ് മരിയ അനൂപിനോട് പറഞ്ഞു..,
” ഈ വിവാഹം നടക്കില്ല. നിന്നെ എൻ്റെ ഭർത്താവായി സ്വീകരിക്കാൻ എനിക്ക് സമ്മതമല്ല. “
” മോളേ…..,നീയെന്താ ഈ പറയുന്നേ……?…….”
മരിയുടെ പപ്പയാണ് അത് ചോദിച്ചത്.
“ഇവനെ പോലെ നേരും നെറിയും ഇല്ലാത്ത ഒരുവൻ്റെ മിന്നു സ്വീകരിക്കേണ്ട ആവശ്യം എനിക്കില്ല പപ്പ. നാളെ ഇവൻ എന്നെയും ചതിച്ചാല്ലോ….…പപ്പയ്ക്ക ഉറപ്പു പറയാൻ പറ്റോ ഇവരുടെയൊക്കെ കണ്ണുനീരിൻ്റെ ശാപം അനൂപിനുണ്ടാവില്ലെന്ന്…..അതു കൊണ്ട് നമ്മുക്ക് ഇത് വേണ്ട പപ്പ. മനസമ്മതം വരെ അല്ലെ എത്തിയുള്ളു മിന്നുകെട്ടു കഴിഞ്ഞലല്ലോ അതിനു മുൻപേ ഇതെല്ലാം അറിഞ്ഞിത്..,..നന്നായില്ലേ….അതു കൊണ്ട് ഇത് നമ്മുക്ക് വേണ്ട പപ്പേ”
സ്വന്തം മകളുടെ സുരക്ഷിതമായ ഭാവിയേക്കാൾ വലുതല്ല മറ്റൊന്നും എന്നറിയാവുന്ന ആ പപ്പ അനൂപിൻ്റെ കൈകളിലേക്ക് നിശ്ചയത്തിന് അവര് മരിയ മോളുടെ കൈകളിൽ അണിയിച്ച വള തിരികേയെൽപ്പിച്ചു മരിയ മോളെയും ചേർത്തു പിടിച്ച് പുറത്തേക്ക് നടന്നു.
അതിനു പിന്നാലെ ബന്ധുക്കളും വിവാഹം മുടങ്ങിയ വാർത്ത എല്ലാവരെയും അറിയിക്കാനായി നാട്ടുക്കാരും അങ്ങനെ എല്ലാവരും അവസാനം അനൂപിൻ്റെ അപ്പനും അമ്മയും പോലും പുറത്തേക്ക് ഇറങ്ങി.
ഇനിയെന്തു ചെയ്യണമെന്നറിയാതെ അനൂപ് മാത്രമായി അകത്ത്.
ഏറെ നേരത്തിനു ശേഷം പള്ളിയക്ക് അകത്തെങ്ങും നിറഞ്ഞ കനത്ത നിശബ്ദതയെ ഭേദിച്ചു കൊണ്ട് നിമ അനൂപിൻ്റെ അടുത്തേക്ക് വന്നു.
“ അനൂപേ….എന്നെ വേണ്ടാന്ന് വെച്ചതിനുള്ള പ്രതികാരമായിട്ടൊന്നും നീ ഇതിനെ കാണരുത്. ഒരാണും പെണ്ണും പ്രേമിക്കുന്നതും വേണ്ടാന്ന് കുറച്ചു നാളു കഴിയുമ്പോ അത് വേണ്ടാന്ന് വെയ്ക്കുന്നതുമൊക്കെ ഇന്ന് നമ്മുടെ നാട്ടില് സർവസാധാരണമാണ്. മറ്റൊരാളുമായി വിവാഹം കഴിഞ്ഞ എൻ്റെ ജീവിതം തകർക്കാൻ നീ നോക്കിയത് എന്തിനായിരുന്നു.….?….. “
” അത് നിമേ……….. “
” വേണ്ട അനൂപ്. ഇതിനു ഉത്തരമായി പുതിയ കള്ളങ്ങൾ കണ്ടു പിടിക്കണ്ട.
നീ എന്നോട് ചെയ്തത് എന്തിനാണെന്ന് എനിക്കറിയാം. എൻ്റെ എബിച്ചന് എന്നെ പൂർണ വിശ്വാസമായതുകൊണ്ട് എൻ്റെ ജീവിതത്തിന് ഒന്നും സംഭവിച്ചില്ല.
പിന്നെ ഞാൻ ഇതൊക്കെ വന്നു പറഞ്ഞത് സ്നേഹിക്കുന്നവർ വേണ്ടാന്ന് പറയുമ്പോഴുള്ള അവര് നമ്മളെ തള്ളിക്കളഞ്ഞ് പോകുമ്പോഴുള്ള വേദന നീ അറിയാൻ വേണ്ടി മാത്രമാണ്. ഇപ്പോ നിന്നേ എല്ലാവർക്കും വെറുപ്പാണ്.
നിൻ്റെ ജീവിതവും പേരും കുടുംബത്തിൻ്റെ അഭിമാനവും അന്തസുമൊക്കെ ഞാൻ തകർത്തുവെന്ന് ഒന്നും നിനക്ക് തോന്നണ്ട. നീ ചെയ്തതിനുള്ള പ്രതിഫലം നിനക്കു തന്നെ കിട്ടിയെന്നു കരുതിയാ മതി. “
എന്നു പറഞ്ഞു അനൂപിൻ്റെ മറുപടിക്കു പോലും കേൾക്കാതെ നിമ എബിച്ചൻ്റെ അടുത്തേക്ക് നടന്നു.
തനിക്കു ചുറ്റും ആരുമില്ലാതെ താൻ ചെയ്ത് കൂട്ടിയ നെറികേടുകളുടെ പ്രതിഫലം മാത്രം കൈയിലേന്തി ജീവിതത്തിൻ്റെ പുത്തൻ കാഴ്ചകളിലേക്ക് ആതിരയും നിമയും നടന്നകലുന്നതും നോക്കി നിൽക്കാൻ മാത്രമേ അനൂപിന് കഴിഞ്ഞുള്ളൂ.
(യഥാർത്ഥ ജീവിതങ്ങൾക്ക് അവസാനമില്ല… ഇവിടെ തൽക്കാലത്തേക്ക് അവസാനിക്കുന്നു.)