നാണമുണ്ടോ മനുഷ്യാ നിങ്ങക്ക് ന്ന്…ഞാനെന്തിന് നാണിക്കണം. ഇതെന്റെ അവകാശമല്ലേ…മറ്റൊരുതരത്തിൽ ഇതൊരു പകവീട്ടലുകൂടിയാണ്…

ഒരു പ്രതികാരത്തിന്റെ കഥ.??

എഴുത്ത്: സി.കെ

ഭാര്യ കാർത്തികയുടെ കയ്യുംപിടിച്ചു ലേബർ റൂമിന്റെ മുൻവശം വന്നു നിക്കുമ്പോഴും അവളുടെ ടെൻഷനേക്കാളുപരി എനിക്ക് ഉള്ളിലെന്തെന്നില്ലാത്ത ഒരാഹ്ലാദം അലയടിക്കുന്നുണ്ടായിരുന്നു…

മൂത്ത കുട്ടിക്ക് രണ്ടവയസ്സാവുന്നതിനു മുന്നേ അവള് വീണ്ടാമതും ഗർഭിണിയായെന്ന വാർത്ത ഉച്ചമയക്കത്തിനിടെ എന്റെ കാതിൽ വന്നു പറയുമ്പോ കൂട്ടത്തിൽ അവള് പറഞ്ഞൊരു വാക്കുണ്ട്….

നാണമുണ്ടോ മനുഷ്യാ നിങ്ങക്ക് ന്ന്…

ഞാനെന്തിന് നാണിക്കണം… ഇതെന്റെ അവകാശമല്ലേ… മറ്റൊരുതരത്തിൽ ഇതൊരു പകവീട്ടലുകൂടിയാണ്…

ഒന്നും ല്ല്യങ്കിലും ആളുകള് പറയില്ലേ മൂത്ത കൊച്ചിന് രണ്ടുവയസ്സാകുമ്പോഴേക്കും മറ്റൊന്നു വയറ്റിലായിന്ന്….

പറയുന്നോര് പറയട്ടടി…നമുക്കിവിടൊരു അങ്കനവാടി പണിയണം…..

പറഞ്ഞത് അവൾക്കത്ര പിടിച്ചില്ലന്ന മട്ടിൽ കവിളത്തൊരു നുള്ളും വെച്ചുതന്നു അവളുടെ ഉള്ള മൂടും കുലുക്കി പുറത്തേക്കൊരു പോക്കങ്ങുപോയി….

ഒരുപാടൊന്നും പെണ്ണ് കണ്ടില്ലെങ്കിലും കണ്ടതിൽ വെച്ച് മനസ്സിൽ ഇടം നേടിയ പെണ്ണും കുടുംബവും അതിവളുടേതാണ്….

ഇന്നത്തെ കാലത്ത് കൂലിപ്പണിക്കാർ പെണ്ണ് ചോദിച്ചു വീട്ടിലേക്ക് ചെല്ലുന്നത് പെൺവീട്ടുകാർക്കു ഒരു പാർട്ടി സമരത്തിലേക്ക് എതിർപാർട്ടിക്കാർ ചെന്നറിയാതെ കയറിക്കൊടുക്കുന്ന പോലെയാണ്….

തലങ്ങും വിലങ്ങും ചോദ്യോം പറച്ചിലും പിന്നേ അതു ശരിയാവില്ലെന്ന അവസാന വാക്കും….

പക്ഷേ ഇത്തവണ പെൺവീട്ടുകാരോട് ചെക്കന്റെ ജോലിയെക്കുറിച്ചും ജീവിത സാഹചര്യങ്ങളേക്കുറിച്ചും നന്നായി സംസാരിച്ചുറപ്പു വരുത്തിയതിന് ശേഷമാണ് ഞാനങ്ങോട്ടുകയറച്ചെന്നതും പെണ്ണ് കണ്ടു അവളുടെ ജാതകം വാങ്ങിച്ചതും…

പോരും നേരം ജാതകം നോക്കി ഇന്നുതന്നെ വിളിക്കണേ എന്ന അവരുടെ മറുപടിയിൽ അവർക്കെന്നെ ബോധിച്ചെന്നു ഞാൻ മനസ്സിലാക്കി…

ജാതകത്തിന്റെ കാര്യം പറഞ്ഞാൽ ഗുളികൻ ചേരുന്നോടത്തു ചൊവ്വാവരില്ല…വ്യാഴത്തിനോട് ചന്ദ്രനടക്കില്ല…

ഇവര് തമ്മില് വല്ല മുൻവൈരാഗ്യം ഉള്ളപോലെയ…

പക്ഷേ നമ്മടെ ജീവിതം കൊണ്ടാ ഗുളികനും ചൊവ്വേം പഗ്ബി കളിക്കുന്നതെന്നു അവര് ചിന്തിച്ചാൽ മതി… ചിന്തിക്കില്ല അത്രതന്നാ….

കവടി നിരത്തി നോക്കി കിട്ടിയ കുറിപ്പും വിളിച്ചുപറഞ്ഞപ്പോൾ ഒരു വിധം കഴിയുമെങ്കിൽ നമുക്കിതങ്ങു നടത്താമെന്ന് അവരും വാക്കുപറഞ്ഞു..

എങ്കിലും ആ ഭാഗത്തു താംബൂല പ്രശ്നം വെക്കുന്ന കുട്ടൻപണിക്കരെ കാണിച്ചു ഗണിച്ചു അവസാന വാക്ക് തരാമെന്ന തീരുമാനത്തിലെത്തിച്ചേർന്നു..

അന്നുതന്നെയവര് കുറിപ്പുമായി കുട്ടൻപണിക്കരെ ചെന്നു കണ്ടു കാര്യം പറഞ്ഞു… മൂപ്പര് വായിലുള്ള വെറ്റില ഒന്നൂടി അമർത്തി ചവച്ചു കവടി നിർത്തി ലസാഗു നോക്കി….

ഇല്ല്യാ ഇതു ചേരാൻ പാടില്ല… ജന്മനാ ഉള്ള ദോഷം ണ്ടു രണ്ടുപേരുടെ ജാതകത്തിലും….

പണിക്കരെ….. ചെക്കനെക്കുറിച്ചു അന്വേഷിച്ചു.. തരക്കേടില്ല…ഇക്കാലത്തു കള്ളും വെള്ളോം കുടിക്കാത്ത കുട്ടികളെ കാണുന്നതുതന്നെ ചുരുക്കാണ്…

പിന്നെ കുട്ടിക്ക് വന്ന ആലോചനകളിൽ ഏറ്റവും പ്രായം കുറവും ഈ ചെക്കാനാണ്… എങ്ങനെയെങ്കിലും ഇതു നടത്തിക്കൂടെ…

പാടില്ല സന്താനലഭ്തി ണ്ടാവില്ല…

മനസ്സിലായില്ല….

കുട്ടികളുണ്ടാവില്ലെന്ന്….ഇനിയൊക്കെ നിങ്ങടെ ഇഷ്ടം…..

എങ്കിൽ ശരി…. നമുക്കിതങ്ങു ഒഴിവാക്കാം ല്ലേ…

കയ്യിൽ കരുതിയ ഇരുന്നൂറു രൂപേം കൊടുത്തു അവരിങ് ഇറങ്ങിപ്പോന്നു നേരെ എനിക്ക് വിളിച്ചു കാര്യങ്ങൾ പറഞ്ഞു…

തലയിലിടുത്തീ വീണപോലെയായി കാര്യങ്ങളൊക്കെ…പൂർണ്ണമായും നടക്കാവുന്ന ഒരു കല്ല്യാണത്തിന് കുട്ടൻപണിക്കരുടെ വക ഒരു റെഡ് കാർഡും തന്നു….

വീട്ടുകാര് തമ്മിൽ സംസാരിച്ചു….കാര്യമുണ്ടായില്ല….

അവര് പെണ്കുട്ടിയെ കൊടുക്കുന്നില്ലെന്ന നിലപാടിൽ ഉറച്ചു നിന്നു…

മനസ്സിൽ ആരാധിച്ചു കൊണ്ടുപോന്നിരുന്ന ദൈവങ്ങൾക്കെല്ലാം വഴിപാട് നേർന്നു…ഫലമുണ്ടായില്ല….

ഉള്ളിൽ കുറച്ചധികം നേരം നിറഞ്ഞുനിന്ന സ്വപ്നങ്ങൾക്കും സന്തോഷങ്ങൾക്കും അന്നവധി പ്രഖ്യാപിച്ചു…

വീണ്ടും മറ്റൊരു വീട്ടിൽ പോയി ചായാകുടിക്കണമെന്നോർത്തപ്പോൾ എനിക്കെന്നോടുതന്നെ ദേഷ്യവും അമർഷവും തോന്നി…

ജനിച്ച നാഴികയും നക്ഷത്രവും നോക്കി പണിക്കന്മാർ എഴുത്താണികൊണ്ടു ഓലയിൽ എഴുതുന്നതിനിടക്ക് അക്ഷരമൊന്നു പിഴച്ചാൽ ആ മനുഷ്യന്റെ ജാതകദോഷം തുടങ്ങി എന്നായി….

തിരിഞ്ഞാലും മറിഞ്ഞാലും ഗുളികൻ,ചൊവ്വാ, ഏഴരശ്ശനി,കണ്ടകശനി തുടങ്ങി അങ്ങനെ നീളുന്നു ഓരോരോ കാര്യങ്ങൾ…

പഴയപോലെ വീണ്ടും ഞാനങ്ങനെ അവയെല്ലാം മറക്കാൻ ശ്രമിച്ചും മറ്റൊരു കല്ല്യാണത്തെക്കുറിച്ചും ചിന്തിച്ചുകൂട്ടുന്നതിനിടക്കാണ് വീണ്ടും കുട്ടൻപണിക്കരുടെ ചീട്ടുകീറിക്കൊണ്ടു അവരുടെ വിളി എന്റെ ഫോണിലേക്ക് വന്നത്….

ഞങ്ങള് നാളെ അങ്ങോട്ടൊന്നു വരുന്നുണ്ട്ട്ടോ….

മൂത്ത മോളെ എല്ലാ പൊരുത്തവും നോക്കി കെട്ടിച്ചയച്ചതാ… രണ്ടുവർഷായി ഇതുവരെ കുട്ടികളുണ്ടായിട്ടില്ല..ഇനിയിപ്പോ നിങ്ങള് ചേരാനാ വിധിയെങ്കിൽ അങ്ങനെയാവട്ടെ…

സന്തോഷം അടക്കിവെക്കാനാകതെ ഞാനാവരോട് ശരിയെന്നു മറുപടി പറഞ്ഞു…

പരസ്പരം വീട്ടുകാർ വന്നു സംസാരിച്ചു…ഇഷ്ടപ്പെട്ടു…അതോടൊപ്പം തന്നെ അങ്ങോട്ടു വിവാഹ നിശ്ചയവും വേഗം നടത്താൻ തീരുമാനിച്ചു….

കല്യാണം കഴിഞ്ഞ് ആദ്യരാത്രിയിൽ കുട്ടൻപണിക്കരുടെ കഥയും പറഞ്ഞു ഞങ്ങളൊരുപാട് ചിരിച്ചു….

പക്ഷെ ഉള്ളില് തീർത്ത തീരാത്ത പകയുമായി ഞാനങ്ങനെ ജീവിച്ചു…

ആദ്യമാസത്തിൽ തന്നെ ആ പകയുടെ റിസൾട്ട് അവള് ചർദ്ധിച്ചു കാണിച്ചുതന്നു…പത്തുമാസം കഴിഞ്ഞു അതിനുള്ള തെളിവും കുട്ടൻപണിക്കരുടെ മുന്നിലേക്ക് ജാതകാമെഴുതാനെന്ന മട്ടില് നിരത്തിവെച്ചു…

അന്നവിടെവെച്ചു ഞാനയാളോട് ഒരു പുഞ്ചിരിയോടെ പറഞ്ഞു….

ബ്രോ ..ബ്രോക്കു പഠിക്കാൻ മിടുക്കാരായിട്ടും സാഹചര്യത്താൽ കൂലിപ്പണിക്ക് പോകുന്ന കേരളത്തിലെ ആണ്കുട്ടികളെക്കുറിച്ചു ശരിക്കങ്ങട് അറിയില്ല…ഞങ്ങളൊക്കെ ഭയങ്കര പ്രതികാര ദാഹികളാണ്.

ദാ ഈ കൊച്ചിന്റെ പിറന്നാളൊന്നു കഴിയട്ടെ ഞാനടുത്തിനും ട്രൈ ചെയ്യുന്നുണ്ട്…. ഇനി മേലാല് ഗുളികനും ചൊവ്വേം പറഞ്ഞു ആരുടേം ജീവിതം കുട്ടിച്ചോറാക്കാൻ പാടില്ല…അതിനുള്ള എന്റെ ആദ്യത്തെ മറുപടിയാണ് ഇതൊക്കെ…

അന്ന് കാർത്തികേടെ അച്ഛൻ ന്റെ മുഖത്തേക്ക് ഒരു ജാള്യതയോടെ നോക്കി നിന്നപ്പോഴും ഞാനങ്ങനെ തലയുയർത്തിനിന്നു….

ദാ അന്നത്തെ യാത്രാ ഇന്നീ ലേബർ റൂം വരെ എത്തി നിൽക്കുന്നു…..

കർത്തികേടെ കൂടെ വന്നവരാരാ….

പെട്ടന്നൊരു മാലാഖ റൂമിന്റെ വാതിലുകൾ പതുക്കെ തുറന്നു തുറന്നില്ല എന്ന രീതിയിലാക്കി അവരുടെ തല പുറത്തേക്കിട്ടുകൊണ്ടു ചോദിച്ചു….

ദാ… പെണ്കുട്ടിയാട്ടോ…….

സിസ്റ്ററെ ….അവൾ

കുഴപ്പമൊന്നുമില്ല… കുറച്ചുകഴിഞ്ഞു റൂമിലേക്ക് മാറ്റും ട്ടോ…

അതുംപറഞ്ഞു അവരാ വാതിലങ്ങടച്ചു… വീണ്ടും ഞാനെന്റെ സീറ്റിലേക്കിരുന്നു….

കുറച്ചു സമയങ്ങൾക്കു ശേഷം അവളെ റൂമിലേക്ക് മാറ്റി….ഞാനവളുടെ അടുത്തിരുന്നു…മെല്ലെ അച്ഛനേം അമ്മയേം ഒന്നു നോക്കി ..ന്നിട്ടു പതിയെ ആ നെറ്റിയിലൊന്നു ചുംബിച്ചു….ആളുകൾക്കിടയിൽ നിന്നും ചുംബിച്ചതുകൊണ്ടാകാം അവൾക്കൊരു മുറുമുറുപ്പ് ഉണ്ടായിരുന്നു…എങ്കിലും ഞാനതു കാര്യമാക്കിയില്ല…ജന്മം നൽകുന്ന മാതാവ് ദൈവതുല്യമാണല്ലോ…

അതേ…സുരേട്ടാ നിങ്ങള് ഇരുന്ന ഭാഗത്തു തലക്കു മുകളിലായി ഒരു ബോർഡ് ശ്രദ്ധിച്ചിരുന്നോ…

ഹഹഹ…ഇടക്കിടക്ക് ടെൻഷൻ കാരണം തല മുകളിലേക്ക് പൊന്തിക്കുമ്പോൾ ഞാനും കാണാറുണ്ട് പെണ്ണേ അതൊക്കെ ..

“നാമൊന്ന് നമുക്കൊന്ന്”എന്നൊക്കെ കരുതിയതാണ്….പക്ഷെ എന്തോ കുട്ടൻപണിക്കരുടെ ചിന്ത വന്നാൽ അപ്പൊ പ്രതികാരം ചെയ്യാൻ തോന്നും….അപ്പൊ പിന്നെ ഞാനങ്ങു ചീത്തയാവും…

ന്തായാലും നീ റീസ്റ്റെടുത്തോ ഞാനൊന്നു പുറത്തുപോയേച്ചും വരാം ട്ടോ….

?സി.കെ?